Translate

Thursday, May 27, 2021

 ~അമേരിക്കൻ വീടുകൾ 04~


ഇത് വാങ്ങിയ വീടുകൾ വിൽക്കാൻ എങ്ങനെ എന്ന് വിവരിയ്കുന്ന ഭാഗമാണ്‌.

നേരത്തെ എഴുതിയ മൂന്നു ഭാഗങ്ങളും ടൈംലൈനിലുണ്ട്(താഴെയുള്ള കമന്റുകൾ കാണുക)

ഇതുവരെ പറഞ്ഞതിൽ നിന്നും കുറേ കാര്യങ്ങൾ വിൽപ്പന നടത്തുമ്പോൾ വ്യത്യാസമുണ്ട്. 

പ്രധാന വ്യത്യാസങ്ങൾ

1. ക്ളോസിങ്ങ് കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു ചെക്ക് മിക്കവാറും കിട്ടും.

2. "ഒരു തലവേദന ഒഴിഞ്ഞു" എന്ന് നിങ്ങൾ പറയും.

3. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഉയരും(വേറെ വീട് വാങ്ങിയില്ലെങ്കിൽ)

4. ആദ്യമായി നിങ്ങൾ "ഈ മുടിഞ്ഞ കമ്മീഷനാണോ ഈ റിയൽറ്റർ എടുക്കുന്നത്?" എന്ന് പറയും.


പല പുതിയ വീടുകളും സ്ഥിതിചെയ്യുന്നത് കൊച്ചു സബ് ഡിവിഷനുകളിലാണ്.

ഹോം ഓണേഴ്‌സ് അസോസിയേഷൻ എന്നൊരു സംഘടന അവിടെക്കാണും.  വീടുകളിലെ ഗാർബേജ് കളക്ട് ചെയ്യുന്ന കമ്പനി കളുമായി കരാർ ഉണ്ടാക്കുക, പൊതുവായി ഉപയോഗിക്കാവുന്ന സ്വിമ്മിങ് പൂൾ, പാർട്ടികൾ നടത്താൻ പറ്റുന്ന ക്ളബ് ഹൗസ്, വഴിയോരങ്ങളിൽ പൂച്ചെടികൾ എന്നീ കാര്യങ്ങൾ ക്ക് വേണ്ടി എല്ലാ വീട്ടുകാരും കൊല്ലംതോറും(വലിയ സംഖ്യ ആണെങ്കിൽ മാസംതോറും) വരിസംഖ്യ അടക്കണം.

വീടിന്റെ മുന്നിൽ രാത്രിയിൽ കാർ, RV, ബോട്ട് എന്നിവ പാർക്ക് ചെയ്യരുത്, കോഴി, താറാവ്, പന്നി, ലാമ എന്നിവയെ വളർത്താൻ പാടില്ല, പുല്ല് പത്തിഞ്ചിൽ കൂടുതൽ വളരാൻ പാടില്ല, വീടിന്റെ മുന്നിൽ ഇരുട്ടിയാൽ ലൈറ്റ് കത്തിക്കണം, കടലാസും ചവറും കത്തിക്കരുത് എന്നീ നിബന്ധനകൾ എല്ലായിടത്തും കാണും.


ചില കോണ്ടോമിനിയം അല്ലെങ്കിൽ കോണ്ടോ എന്ന് വിളിക്കുന്ന ചെറിയ ഫ്ളാറ്റുകളുടെ സമുച്ചയത്തിൽ വെള്ളം, ഗാസ് എന്നിവ ഉൾപ്പടേയാണ് വരിസംഖ്യ. അവരുടെ തുകയും കൂടുതലാണ്, നിയമങ്ങളും കർശനമാണ്.

നമ്മൾ വാങ്ങിയ വീട് വാടകയ്ക്ക് വേറൊരാൾക്ക് കൊടുക്കാൻ കഴിയില്ല.

ചിലപ്പോൾ വിൽക്കാൻ ഇടുന്ന വിലയിലും നിയന്ത്രണം ഉണ്ടാകും.


എങ്ങനെ വീട് വിൽക്കും?


പാഠം ഒന്ന്. 

സ്വന്തമായി വീട് വിൽക്കാൻ പറ്റുമെങ്കിലും അത് വളരെയധികം വിഷമം പിടിച്ച വഴിയാണ്.

ആദ്യമായി  വിൽക്കാൻ അറിയാവുന്ന ഒരു ഏജന്റിനെ കണ്ടുപിടിക്കുക.


6%-7% കമ്മീഷൻ ആണ് ഏജന്റുമാർക്ക് കിട്ടുന്നത്.

അതിൽ വാങ്ങുന്ന ആളിന്റെ ഏജന്റിന് പകുതി പോകും. വാങ്ങുന്ന ആളിന്റെ ഏജന്റും നമ്മുടെ ഏജന്റും ഒരാളാണെങ്കിൽ ഡ്യൂവൽ ഏജന്റ് എന്നു പറയും അപ്പോൾ ചില നല്ല മനസ്സുള്ളവർ 5% കമ്മീഷനേ വാങ്ങൂ.


അയാൾ മാർക്കറ്റിൽ എന്ത് വിലയ്ക്ക് ലിസ്റ്റ് ചെയ്യാമെന്ന് പറയും. എന്നാൽ നിങ്ങളാണ് തീരുമാനിക്കേണ്ടത്. യാഥാർത്ഥ്യ ബോധം വേണം. വാങ്ങിയതിലും വില കൂടുതൽ കിട്ടാനുള്ള അത്യാഗ്രഹം മനുഷ്യ സഹജമാണ്. വീട് വിൽക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം.


ഒരുക്കങ്ങൾ


ക്ളീനിങ്ങ്, ക്ളീനിങ്ങ്, ത്രോ എവേ.

അതാണ് ഏറ്റവും വലിയ കാര്യം.

വീടിന്റെ അകത്തും പുറത്തും അനാവശ്യമായി കൂട്ടിയിട്ടിരിയ്ക്കുന്ന ജങ്ക് എടുത്തു കളയുക. വേണ്ട വിധത്തിൽ പെയിന്റിങ്ങ് ചെയ്യുക. 

ബെഡ് റൂമിലും ലിവിങ് റൂമിലുമുള്ള സൈക്കഡലിക് കളറുകൾ മാറ്റി മൃദുവായ ന്യൂട്രൽ കളറുകൾ അടിക്കുക. ഭിത്തിയിൽ നിറയുന്ന കുടുംബത്തിന്റേയും കരക്കാരുടേയും ഫോട്ടോകൾ എടുത്തു മാറ്റി ആണിയടിച്ച ദ്വാരങ്ങൾ പുട്ടി വച്ച് അടയ്ക്കുക.  

വാർഡ്രോബുകളിലെ തുണികൾ വൃത്തിയായി ഒതുക്കി വയ്ക്കുക.

നിങ്ങളുടെ കളക്ഷൻ ആർക്കും കാണേണ്ട. അവരുടെ വസ്ത്രങ്ങൾ ഇടാൻ എത്ര സ്ഥലമുണ്ട് എന്ന് മനസ്സിലാക്കാൻ തക്ക നിലയിൽ ക്ളട്ടർ ഒതുക്കാൻ പഠിക്കുക.

മുറികളിൽ അത്യാവശ്യമായ ഫർണിച്ചർ മാത്രം  ഇട്ട് മുറിയുടെ വലിപ്പം ഫീൽ ചെയ്യിപ്പിക്കുക.

ക്രിസ്മസ് കാലമല്ലെങ്കിൽ അതിന്റെ ഭാഗമായ യാതൊരു ഡെക്കറേഷനും വേണ്ട.


ട്രെഡ് മില്ലിൽ തൂങ്ങുന്ന മുഷിഞ്ഞ തുണികളും ട്രെഡ് മില്ലും  കളരിയും പരിചകളും  മടക്കി വയ്ക്കുക. 

മുറി നിറഞ്ഞ ഡൈനിങ് ടേബിൾ മാറ്റി ചെറിയ ടേബിൾ വയ്ക്കുക/ വാങ്ങുക.

പഴയ ലൈറ്റ് ഫിക്ചറുകൾ മാറ്റി ഫ്യൂസായ ബൾബുകൾ എടുത്തുകളയുക. മുറിയ്ക്ക് ചേരാത്ത LED ലൈറ്റുകൾ മാറ്റുക.

ഷെൽഫിൽ പുസ്തകങ്ങൾ അടക്കി വയ്ക്കുക.

ഫ്രിഢ്ജിന്റെ പുറത്ത് ഒട്ടിച്ച മോൺസ്റ്റേഴ്സിന്റെ ക്രയോൺ, ഗ്ളിറ്റർ കലാവിരുതുകൾ മാറ്റി ഫ്രിഡ്ജ് വാങ്ങിയ ദിവസത്തെ പ്പോലെ ആക്കുക.

കേടായ, ഗാർബേജിൽ കളയേണ്ട ലൊട്ടു ലൊടുക്കു സാധനങ്ങളും ഷോ കേസിലെ നിങ്ങളുടെ വാട്ടർഫോർഡ് ക്രിസ്റ്റൽ ആയാലും, ചെവായൂർ ഒളിമ്പിക് മെഡലുകളും, സർട്ടിഫിക്കറ്റും, മാൻ ഓഫ് ദ മാച്ചും, ഗണപതിയും, നടരാജ നൃത്തവും, മമ്മൂട്ടിയുമായുള്ള ഫോട്ടോയും, വിശുദ്ധ പുസ്ത വചനങ്ങളും, അയ്യപ്പനും, വാവരും, ഉണ്ണിയേശുവും, കർത്താവിനേയും എടുത്ത് പാക്ക് ചെയ്യുക.

കാരണം, വാങ്ങാൻ വരുന്നവർക്ക് അത് അവർ ജീവിക്കുമ്പോൾ എങ്ങനെ ആകും എന്ന ധാരണ കൊടുക്കണം. മുറിയിൽ മുഴുവൻ നിങ്ങളുടെ ജീവിതത്തിലെ ഭാഗങ്ങൾ കാണുമ്പോൾ അവർക്ക് വാങ്ങാൻ താൽപര്യം ഉണ്ടാവില്ല.


പട്ടി, പൂച്ച, ക്ടാങ്ങൾ എന്നിവയെ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.

അര മണിക്കൂർ മുന്നറിയിപ്പിൽ വീട്ടിൽ നിന്നും ഇറങ്ങി പ്പോകാൻ തയ്യാറായി നിൽക്കുക.

മേശമേലുള്ള കടലാസുകൾ പുസ്തകങ്ങൾ കത്തുകൾ എന്നിവ കാണാത്ത സ്ഥലത്ത് ഒളിപ്പിച്ചു വയ്ക്കുക.

പുറത്ത് പുല്ല് വെട്ടുക, പുല്ല് പോയ ഭാഗത്ത് റിപ്പയർ ചെയ്യുക. 

പുതിയ പൂച്ചെടികൾ വാങ്ങുക.

ഗാരേജിൽ എല്ലാം ഒതുക്കി തറയിൽ ഓയിൽ ലീക്ക് ഉണ്ടായതും ചളിയും പാടേ നീക്കുക.

 വേണമെങ്കിൽ വീട് ചെറിയ തോതിൽ ഇൻസ്പെക്ഷൻ നടത്തി വേണ്ട റിപ്പയറുകൾ നടത്തുക. 

പുതിയ വിൻഡൊ ട്രീറ്റ്‌മെന്റ് ചെയ്യുക. ഡെക്ക് വീണ്ടും പുതിയ ചായമടിക്കുക.


സ്റ്റേജിങ്ങ്

വീടിന്റെ അകത്ത് പുതിയ ഫർണിച്ചർ, പെയിന്റിങ്ങ്/ആർട്ട് ഡെക്കറേഷൻ എന്നിവ ചെയ്യുന്ന സൂത്രപ്പണിയാണിത്. എല്ലാമുറികളിലും കട്ടിലും ബെഡും പില്ലോ അടക്കം ഗംഭീരമായി ചെയ്യുന്ന കമ്പനികൾ ഉണ്ട്. അത് ചെയ്താൽ "നമ്മുടെ വീടു തന്ന്യാണോ ഇത്?" എന്ന് പറയിക്കാൻ തക്ക ഡീസന്റാക്കിത്തരും.


നമ്മുടെ Ikea യും  ചെവ്വൂര് ഫർണീച്ചറും വച്ചാലും നടക്കാത്ത കാര്യമാണ് അവർ ചെയ്യുന്നത്.

വീട് വിൽപ്പന നടക്കാൻ സ്റ്റേജിങ്ങ് സഹായിക്കും.

10k മുതൽ മേലോട്ട് പോകും അവരുടെ  കത്തിചാർജ്ജ്.

ഒഴിഞ്ഞ മുറികളുള്ള വീടും വിൽക്കാം; എന്നാലും വീടിന്റെ പടങ്ങൾ ലിസ്റ്റിൽ ചേർക്കുമ്പോൾ ഫർണിച്ചർ ഉള്ള ജീവിക്കുന്ന വീടാണ് പലരുടെയും ഇഷ്ടം. 

ഇനി വീട് വിൽക്കാനിടുന്നതിന് മുൻപ് നിങ്ങൾ ഒഴിയേണ്ട സാഹചര്യം (ജോലിമാറ്റം, അസുഖം, മരണം, ഡിവോഴ്സ്) ഉണ്ടാവുന്ന സ്ഥിതിയിൽ സ്റ്റേജിങ്ങ് നല്ലതാണ്.


ഓപ്പൺ ഹൗസ്

വിൽക്കാൻ ഇട്ട വീട്ടിൽ ഒരുദിവസം ആളുകൾക്ക് അപ്പോയിന്റ്മെന്റില്ലാതെ കയറിക്കാണാവുന്ന ഒരു ദിവസമാണിത്.

മിക്കവാറും രണ്ടോ മൂന്നോ മണിക്കൂർ വീക്കെന്റിൽ ആയിരിയ്ക്കും അത്. 

നിങ്ങളുടെ റിയൽറ്റർ ആണ് ഇത് നടത്തുക. നിങ്ങളും കുടുംബവും അവിടെ പാടില്ല എന്നതാണ് അതിന്റെ ഒരു ശരി.

അകത്തേക്ക് കയറുന്ന ക്ളെപ്റ്റോമാനിയാക്കമ്മാർക്ക് സൗകര്യത്തിന് ഒന്നും വയ്ക്കരുത്. വിലപിടിപ്പുള്ളതെല്ലാം പൂട്ടി വയ്ക്കുക.


ഹൗസ് ഷോയിങ്ങ്

നേരത്തെ അപ്പോയിന്റ് മെന്റ് എടുത്ത് റിയൽറ്റർമാരും വാങ്ങാൻ ആഗ്രഹിക്കുന്നവരും ഒരു മണിക്കൂർ സമയമെടുത്ത് വരും. അത് ചിലപ്പോൾ അങ്ങോട്ടുമിങ്ങോട്ടും മാറിയെന്നിരിയ്ക്കും. 

ആ സമയമാകുമ്പോൾ വീട് വൃത്തിയാക്കി എല്ലാ മുറിയിലും ലൈറ്റുമിട്ട് കഴിക്കാൻ എന്തെങ്കിലും കയ്യിലെടുത്തു വേഗം സ്ഥലം വിട്ടോളണം.

ഫ്രിഡ്ജിൽ കുക്ക് ചെയ്തതും മണം വരുന്നതുമായ ഭക്ഷണം പാത്രത്തിൽ വയ്ക്കരുത്. വളരെ ആവറേജ് ആയി നിറയ്ക്കുക. പന്നിയുടെ തലയും മുട്ടൻ പോത്തും കാലും മീൻതലയും പാടില്ല.

അടുക്കളയിൽ ഗാർബേജിൽ ഒന്നും വയ്ക്കരുത്. നാറുന്ന പാത്രം കഴുകുന്ന സ്പോഞ്ച് അടക്കം. 

അടുക്കള സ്പോട്ട് ഫ്രീ ക്ളീനാവണം. അവിടേയാണ് വീട് വാങ്ങാൻ വരുന്നവർ കൂടുതൽ സമയം ചിലവഴിക്കുന്നത്. ലിവിങ് റൂമിലെ സോഫയില്ല.

 വരുന്നവർ ആരാണ് എന്താണ് എന്നത് ഒളിഞ്ഞു നോക്കാൻ ശ്രമിക്കരുത്.


പിന്നെ ഒരു കാര്യം.

ഇന്ന സമുദായക്കാർ വേണം, വേണ്ട, ഇന്ന രാജ്യക്കാർ പാടില്ല, എന്നോക്കെ ചെയ്യുന്നത് ഡിസ്ക്രിമിനേഷൻ ആണ്. 

അതുകൊണ്ട് തന്നെ വീട് കണ്ടാൽ അതിൽ താമസിക്കുന്നത് ആരാണ് എന്ന യാതൊരു ഊഹവും കൊടുക്കരുത്.

ഉണക്കമീനും, ചക്കയും അച്ചാറും രസവും മൊളകൂഷ്യവും കിംച്ചിയും, സ്റ്റേക്കും അടുക്കളയിൽ ഉണ്ടാക്കുന്നത്  വീട് വിൽക്കാൻ ഇട്ടാൽ ഒഴിവാക്കുക. അതു പോലെ നിങ്ങളുടെ ഫേവറൈറ്റ് പെർഫ്യൂം , കോളോൺ എന്നിവ ബാത്ത്റൂമിൽ അടിക്കാതെ സൂക്ഷിക്കുക.


വീടിന് ഓഫർ കിട്ടിയാൽ ചെയ്യുന്ന കാര്യങ്ങൾ ഏറെക്കുറെ നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ.


(പോസ്റ്റ് എഡിറ്റ്)


വീട് ഇൻസ്പെക്ഷൻ കഴിഞ്ഞാൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം റിപ്പയർ ചെയ്യണം(അതിന്റെ രേഖകൾ കാണിക്കണം)

ട്യൂബ് വെല്ലിൽ അനുവദനീയമല്ലാത്ത ഇംപ്യൂരിറ്റികൾ പാടില്ല.

റാഡോൺ അളവ് കുറവായിരിയ്ക്കണം.

ഞാൻ കഴിഞ്ഞ തവണ വീടിന്റെ റൂഫിലെ ചില ടൈൽസ് കുഴപ്പം കണ്ടപ്പോൾ വാങ്ങിക്കുന്നവർക്ക് പുതിയ റൂഫ് ചെയ്തു കൊടുക്കേണ്ടിവന്നു. $18K കയ്യിൽ നിന്നും പോയി.

വീടിന്റെ അകത്തും.പുറത്തും നമ്മളുടേതായ എല്ലാ സാധനങ്ങളും മാറ്റണം.

സിമന്റും പെയിന്റും മരപ്പലകകളും എല്ലാം.


വീട് ക്ളോസിങ്ങ് നടക്കുന്നതിനു മുൻപ് പ്രൊഫഷണൽ ക്ളീനിങ്ങും അവർ ആവശ്യപ്പെട്ടു.

വിറ്റ സമയത്തെ ഏജന്റായിരുന്നു ഞങ്ങളുടെ ആദ്യത്തെ ഏജന്റ്. അയാൾ 6% വാങ്ങി കമ്മീഷൻ വിറ്റ സമയത്ത്.

വീട് മൂന്നാഴ്ചകൊണ്ട് ഓഫർ കിട്ടി. വാങ്ങിയ വില.


അതിന്റെ മുൻപ് ഒരു വീട് വിറ്റത് 3 വർഷം വാടകയ്ക്ക് കൊടുത്തും പിന്നീട് പലപ്പോഴായി 4 വർഷം മാർക്കറ്റിൽ വിൽക്കാതെ കിടന്നും ആയിരുന്നു. 

അവസാനം വാങ്ങിയതിനേക്കാൾ $40 k വില കുറച്ച് ആണ് പോയത്. മാർക്കറ്റിൽ ഇട്ട സമയത്ത് $15K പോലും കുറക്കാൻ താൽപര്യമുണ്ടായില്ല.

അതുകൊണ്ട് പഠിച്ച പാഠം: ചെറിയ മാർക്കറ്റിൽ വീട് വാങ്ങിക്കുമ്പോൾ മിക്കവാറും നഷ്ടമേ പറ്റൂ.

ലാഭം കിട്ടുന്നത് ഒരു ഭാഗ്യം മാത്രം.


/അവസാനിച്ചു/

 തിരകൾ


ഞാൻ തിരയെണ്ണുകയാണ്.

ഇനിയും ഒരു തിര കൂടി.

അവയ്ക്കിടയിലെ പൊങ്ങിത്താഴുന്ന ഭൗർഭാഗ്യത്തിന്റെ ജഡങ്ങൾ...

കത്തിത്തീരാത്ത തുണികൾ പോലെയുള്ള കടങ്ങൾ പൊതിഞ്ഞവ.

അർത്ഥമില്ലാത്ത വാഗ്ദാനങ്ങളുടെ കരിഞ്ഞ പൂക്കളും അവയ്ക്കിടയിൽ ഒഴുകി അടിയുന്നു.

നോവിന്റേയും ഭയപ്പാടിന്റേയും പൂക്കൾ

അവസാനത്തെ അന്നമിടാൻ അവകാശികളില്ലാതെ വിജനമായ തീരം.

ദൂരെ എവിടേയോ പ്രാണവായു നിലയ്ക്കുന്നു

രോദനങ്ങളും വിതുമ്പലുകളും നിലയ്ക്കുന്നില്ല.

ഏതോ കൊട്ടാര വാതിലിലൂടെ 

ഒരു ഷെഹ്നായ് സംഗീതം

പുറത്ത് ചിതകളിലെ പുകയായ്

ഈ തീരത്ത് മൂടൽമഞ്ഞായി ലയിക്കുന്നു.

ശവങ്ങൾ പേറിക്കിതക്കുന്ന തിരകളും ചക്രവാളവും ഭൂമിയുമൊന്നായി

ശ്വാസം മുട്ടുന്ന നീതിനിഷേധമായി.

Friday, May 21, 2021

അമേരിക്കൻ വീടുകൾ 3

 ~അമേരിക്കൻ വീടുകൾ 03~

ഇതിന്റെ മുൻപ് എഴുതിയ ഭാഗങ്ങളുടെ തുടർച്ച


ലോൺ ക്ളോസിങ്ങ്

ഇത് മോർട്ട്ഗേജിന്റെ  എല്ലാ നടപടിക്രമങ്ങളും പൂർത്തിയായി വീടിന്റെ താക്കോൽ കിട്ടുന്ന ദിവസമാണ്.

ഒരു പക്ഷേ നമ്മുടെ ഓഫർ സ്വീകരിക്കുന്ന ദിവസം മുതൽ 30- 45 ദിവസം കഴിഞ്ഞായിരിയ്ക്കും ഇത് സംഭവിക്കുന്നത്. പല വിധ രേഖകൾ അന്വേഷിക്കുകയും അവസാന നിമിഷം നമ്മുടെ ക്രെഡിറ്റ് സ്കോർ വീണ്ടും പരിശോധിക്കുകയും ചെയ്യേണ്ടതുണ്ട്.

വീട് വാങ്ങുന്ന ആൾ വീടിന്റെ ഇൻഷൂറൻസ് എടുക്കണം.

ക്ളോസിങ്ങ് നടത്തുന്നത് ക്ളോസിങ്ങ് അറ്റോർണീസ് എന്ന വക്കീലന്മാരോ അവർ ഏർപ്പെടുത്തുന്ന ഏജന്റോ ആയിരിയ്ക്കും. മിക്കവാറും അത് നടക്കുന്നത് ഏതെങ്കിലും ക്ളോസിങ്ങ് ഏജന്റിന്റെ ഓഫീസിൽ വച്ചായിരിയ്ക്കും. 

അവിടെ പറഞ്ഞു വച്ച സമയത്ത് ക്ളോസിങ്ങ് കോസ്റ്റ് എത്രയാണെന്ന് വച്ചാൽ അതിന്റെ ചെക്കും ഡ്രൈവിങ് ലൈസൻസ്, മുതലായ തിരിച്ചറിയൽ രേഖകളുമായി പോകണം.

താമസിക്കാനുള്ള വീടാണ് ഒരു വിവാഹം ചെയ്ത ദമ്പതികൾ വാങ്ങുന്നുവെങ്കിൽ ഭാര്യയും ഭർത്താവും പോകണം. ഒരാളുടെ പേരിൽ മാത്രം വീട് വാങ്ങാൻ കഴിയില്ല, പൈസ ഇടുന്നത് ഒരാളാണെങ്കിലും. 


$300k.  യുടെ വീടിന് 60$k. ആണ് നിങ്ങൾ ലോണിന്റെ ഡെപ്പോസിറ്റ് വയ്കാൻ തീരുമാനിച്ചതെങ്കിലും ക്ളോസിങ്ങ് കോസ്റ്റടക്കം ചിലപ്പോൾ $70 ആയേക്കാം. ഇത് അറിയാതെ കുഴപ്പത്തിൽ ചാടരുത്. 

അതിന്റെ ചെക്കില്ലാതെ ചെന്നാൽ ഓഫർ ഡെപ്പോസിറ്റ് പോകും.

പല വിധ നികുതികളും ഫീസും ലോൺ ക്ളോസിങ്ങിന് ആവശ്യം വരും.

 പലതും ബാങ്ക് നിങ്ങളോട് നേരത്തെ പറഞ്ഞുകാണും.

എങ്കിലും എസ്ക്രോ (escrow)എന്ന കരുതൽ ധനം എന്ന പരിപാടിയുണ്ട്. 

മൂന്നു മുതൽ ആറുമാസത്തെ തദ്ദേശ നികുതികൾ, ഇൻഷുറൻസ്, പതിനഞ്ച് ദിവത്തെ പലിശ മുതലായവ അവർ നേരത്തെ ഈടാക്കും. അതായത് നിങ്ങൾ ലോൺ അടക്കാൻ വൈകിയാലും നികുതികൾ ബാങ്ക് അടക്കണമല്ലോ.

പല സിറ്റികളിലും വലിയ പ്രോപ്പർട്ടി  ടാക്‌സ് ആണ്. ചില സ്ഥലങ്ങളിൽ സ്കൂൾ ടാക്‌സ് വീടിന്റെ നികുതിയുടെ മൂന്നിരട്ടിയാണ്. 

ഇതിൽ വളരെയധികം വ്യത്യാസങ്ങളുണ്ടെന്ന് ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്.


ഉദാഹരമായി, കഴിഞ്ഞ തവണ പ്രോപ്പർട്ടി ടാക്‌സ് ആയി 3.5k കൊടുത്ത സ്ഥലത്ത് നിന്നും ഇവിടെ വന്നപ്പോൾ അതിനേക്കാൾ $100k വില കുറഞ്ഞ വീടിന് $20k ആണ് ടാക്‌സ് കൊടുക്കേണ്ടി വന്നത്. 

സ്കൂളിൽ കുട്ടികൾ പഠിക്കുന്നുണ്ടോ എന്നൊന്നും വിഷയമല്ല.


ഇതുകൂടാതെ ബാങ്ക് പല വിധ ചാർജ്ജുകളും  ഈടാക്കും. ക്ളോസിങ്ങ് നടക്കുന്നതിന്റെ ഇരുപത്തിനാലു മണിക്കൂർ മുൻപെങ്കിലും മൂന്ന് നാലു നെടുനീളൻ "truth in lending statement" എന്ന പേജുകൾ നിങ്ങളുടെ അറിവിലേക്കായി ഈമെയിൽ ആയി ക്ളോസിങ്ങ് ഏജന്റ് അയച്ചുതരും.

ക്ളോസിങ്ങ് അറ്റോർണി യുടെ ചുമതലയിൽ പലകാര്യങ്ങളും ഉണ്ട്. 

വാങ്ങിക്കുന്ന പ്രോപ്പർട്ടി യുടെ മേൽ ഏതെങ്കിലും ലീൻ ഉണ്ടോ എന്ന് നോക്കണം. ആർക്കെങ്കിലും പണം കിട്ടാനോ, കേസോ മറ്റ് അവകാശം വാദങ്ങൾ ഉണ്ടോ എന്നുള്ളത് അവർ പരിശോധിക്കണം. ഇനി അവർ പരിശോധിച്ചതിൽ കണ്ടില്ല എന്നത് ഒരു ഒഴിവായി എടുക്കാൻ പറ്റില്ല. അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ തരണം ചെയ്യാനുള്ള ഇൻഷൂറൻസും എടുക്കേണ്ടിവരും.


ക്ളോസിങ്ങ് നടക്കുന്നതിന് മുൻപ് 

Walk in inspection വാങ്ങിക്കുന്നവർക്ക് നടത്താം. അത് നേരത്തെ തീർച്ചപ്പെടുത്തിയ സമയത്തായിരിയ്ക്കും. ആ സമയത്ത് വീടിന്റെ സ്ഥിതിയിൽ പരാതിയുണ്ടെങ്കിൽ നിങ്ങൾ ള ഏജന്റിനോട് പറയും. അത് ശരിയാക്കാതെ ക്ളോസിങ്ങ് നടക്കുകയില്ല.


വാങ്ങുന്ന ആളും വിൽക്കുന്ന ആളും ഒരേ പേപ്പറിൽ ഒപ്പിടേണ്ടതാണെങ്കിലും കഴിഞ്ഞ ഇരുപത് വർഷത്തെ ആറ് വീടുകൾ വാങ്ങിയതിലും വിറ്റതിലും ഒരു തവണ മാത്രമാണ് ഞാൻ എതിർ പാർട്ടിയെ നേരിട്ട് കണ്ടത്. വാങ്ങുന്നവരുടേയും വിൽക്കുന്നവരുടേയും പ്രൈവസി ഏജന്റുമാർ കാത്തുസൂക്ഷിക്കും.

നിങ്ങൾ ക്ളോസിങ്ങ് ദിവസം പോകാൻ കഴിയാത്ത സാഹചര്യത്തിൽ പവർ ഓഫ് അറ്റോർണി ഏജന്റ് ഉൾപ്പെടെ മറ്റൊരാൾക്ക് കൊടുക്കാം.


പലവിധ പേപ്പറുകളിലും ഫോമുകളിലും ഏതാണ്ട് ഇരുപതോളം ഒപ്പുകൾ വയ്ക്കുന്നതോടെ നിങ്ങളുടെ സ്വന്തം വീട് എന്ന സ്വപ്നം നിങ്ങളുടെ കൈയിൽ ഒരു താക്കോലായി എത്തുന്നു.


അതിന്റെ ഒരാഴ്ച മുമ്പെങ്കിലും നിങ്ങൾ വാട്ടർ അതോറിറ്റി, ഗാസ് കമ്പനി, ഇലക്ട്രിക് കമ്പനി, ഫോൺ, ഇന്റർനെറ്റ് പ്രൊവൈഡർ, കേബിൾ കമ്പനി എന്നിവയെ വിളിച്ചു നിങ്ങളുടെ പേരിൽ ഇന്ന ദിവസം മുതൽ സർവീസ് തുടങ്ങാനുള്ള കാര്യങ്ങൾ ചെയ്തിരിക്കണം.


മുപ്പത് മുതൽ നാൽപത്തിഅഞ്ച് ദിവസം കഴിഞ്ഞാൽ നിങ്ങളുടെ ലോണിന്റെ ആദ്യ ഖഡു അടക്കണം.


ഇനി കയറിത്താമസിക്കാം.

നിങ്ങളുടെ വീടിന്റെ കരാർ ആധാരം (deed) ഒരു മാസത്തിനകം കിട്ടും.


വീട് വിൽക്കുന്ന കാര്യങ്ങൾ പിന്നീട് എഴുതാം.

 ~അമേരിക്കൻ വീടുകൾ 02~


ഇതിന്റെ ഒന്നാം ഭാഗം വായിച്ചവർക്കായി ഈ പോസ്റ്റിൽ വീടുമായി ബന്ധപ്പെട്ട സാമ്പത്തിക വശങ്ങൾ ആണ് എഴുതുന്നത്.


ഒരു വീട് സ്വന്തമാക്കുക എന്നത് വളരെയധികം നാളുകളുടെ സ്വപ്നങ്ങളുടേയും പ്രയത്നത്തിന്റേയും ഫലമാണ് അമേരിക്കയിലെ ഭൂരിഭാഗം ജനങ്ങൾക്കും.

ജീവിതത്തിലെ എറ്റവും വലിയ സാമ്പത്തിക വിനിമയവും അതാണ്. ചിലർക്ക് പൂർവ്വീക സ്വത്തിന്റെ ഭാഗമായി വീട് കിട്ടുമെങ്കിലും അമേരിക്കൻ സമ്പദ്ഘടന യിലെ പ്രധാനമായ ഒന്നാണ് വീട്ടുടമാവസ്ഥയും അതിനോട് ബന്ധപ്പെട്ട വ്യാവസായികസാമ്പത്തിക വശങ്ങളും.

കയറിക്കിടക്കാൻ വീടില്ലാത്ത വളരെയധികം ആളുകൾ അമേരിക്കയിലുണ്ട്. ഇതിൽ ഭൂരിഭാഗം തൊഴിലില്ലാത്തവർ ആണ്. 

വാഹനങ്ങളിലും, ബോട്ടുകളിലും, തെരുവോരത്തും ജീവിക്കുന്നവരുണ്ട്. 

ഗവണ്മെന്റ് നൽകിയ ഫ്ളാറ്റുകളിൽ("പ്രോജക്ട്") താമസിക്കാൻ കഴിയുന്നത് വലിയ പട്ടണങ്ങളുടെ പ്രാന്തപ്രദേശത്ത് ഉള്ളവർക്കാണ്. 


ഹൗസിങ് ലോൺ(മോർട്ട്ഗേജ്) വളരെ കുറഞ്ഞ പലിശയിലാണ് കൊടുക്കുന്നത്. ഇത് ഈ പോസ്റ്റ് എഴുതുന്ന ദിവസം 30 വർഷത്തെ പലിശ നിരക്ക് 3.3%, 15വർഷത്തെ 2.4% എന്നാണ്. 

ഇത് എപ്പോഴും മാറുന്ന സ്ഥിതിയാണ്(കൂടുതൽ പിന്നീട്)

എന്നിട്ടും വളരെയധികം ആളുകൾ വീട് വാടകയ്ക്ക് ആണ് എടുക്കുന്നത്. വലിയ സിറ്റികളിൽ താമസിക്കുന്നവർക്ക് അതായിരിയ്ക്കും എളുപ്പം.


വീട് അന്വേഷണം/റിയൽറ്റർ

അമേരിക്കൻ ഹൗസിങ് മേഖലയിൽ റിയൽറ്റർ എന്നാണ് റിയൽ എസ്റ്റേറ്റ് ബ്രോക്കർ അല്ലെങ്കിൽ വീടിന്റെ ഏജന്റിനെ പറയുന്നത്. അതിൽ വൻ പണക്കാരനായ വാറൻ ബഫെറ്റ് നടത്തുന്ന ബെർക്ക് ഷെയർ ഹാത്തവേ കമ്പനി മുതൽ ഒറ്റയ്ക്ക് പണിയെടുക്കുന്ന മലയാളികൾ വരേയുണ്ട്.

വാങ്ങാൻ വീട് കണ്ടുപിടിക്കാൻ ഇന്നത്തെ ക്കാലത്ത് ഒരു ബുദ്ധിമുട്ടും ഇല്ല. പല വീടുകളും അതത് സ്ഥലത്ത് ഓഫീസുകളുള്ള റിയൽറ്റർ ആയിരിയ്ക്കും ലിസ്റ്റ് ചെയ്യുന്നത്.

വീട് വാങ്ങാൻ നമുക്ക് ഏജന്റിന് ഒരു കമ്മീഷനും കൊടുക്കേണ്ടതില്ല. ഒന്ന് ഫോൺ ചെയ്താലോ ഈ മെയിൽ അയച്ചാലോ മിക്കവാറും അവർ വന്നു വീട് തുറന്ന് കാണിക്കും. 

വീട്ടിൽ ആളുകൾ താമസിക്കുന്നുണ്ടെങ്കിൽ അവർക്ക് സൗകര്യമുള്ള സമയത്ത് മാത്രമേ കാണാൻ പറ്റൂ.

വൻ ബജറ്റ്(5M+) വീടാണെങ്കിൽ ചില ഏജന്റുമാർ നമ്മളെ രാജകീയമായി ഫ്രീ ടിക്കറ്റ് , താമസം എന്നിവ പോലും സൗകര്യപ്പെടുത്തും. 

വാങ്ങുന്ന ആളിന്റെ പോക്കറ്റിൽ എത്രമാത്രം ബെഞ്ചമിൻ ഉണ്ടെന്ന് അവർ ആദ്യമേ മനസ്സിലാക്കും. $100k യിൽ താഴെ വിലയുള്ള വീടുകൾ വിൽക്കാൻ നടക്കുന്ന ഏജന്റിൽ നിന്നും രാജകീയ സേവനം പ്രതീക്ഷിക്കരുത്.


റിയൽറ്റർ കമ്പനികളിൽ പ്രമുഖർ റീമാക്സ്, കോൾഡ്വെൽ ബാങ്കർ എന്നിവരാണ്. ഈ കമ്പനികളുടെ ഫ്രാഞ്ചൈസി മിക്കവാറും നഗരങ്ങളിൽ കാണും. ചില ചെറിയ പട്ടണങ്ങളിൽ അവിടുത്തെ പ്രമുഖ റിയൽറ്റർ വൻ കമ്പനികൾ ആയിരിക്കണമെന്നില്ല.

വിൽക്കാൻ ഇട്ടിരിയ്ക്കുന്ന വീടുകൾ മൾട്ടിപ്പിൾ ലിസ്റ്റിങ്ങ്(MLS) സർവീസ് എന്ന ഒരു ഡാറ്റാ ബേസിൽ കയറും. അതുകൊണ്ട് തന്നെ വിൽക്കുന്ന ഏജന്റ് അല്ലാതെ പല കമ്പനികളും(ഓൺലൈൻ അടക്കമുള്ള) അതിന്റെ വിവരങ്ങൾ നൽകും. ഓൺലൈൻ മാത്രമായി നടക്കുന്ന ഒന്നാണ് Zillow എന്ന കമ്പനി. അവരുടെ സെർച്ച് എൻജിൻ ഈ ലോക്കൽ റിയൽറ്റർമാർക്ക് ഒരു കോംപെറ്റീഷൻ ആണെങ്കിലും, വീട് കാണാൻ അത് ലിസ്റ്റ് ചെയ്ത ഏജന്റുമായി ബന്ധപ്പെടേണ്ടതുണ്ട്.

വീട് വിറ്റാൽ മാത്രമേ റിയൽറ്റർക്ക് വരുമാനമുള്ളൂ. അതുകൊണ്ട് തന്നെ വാങ്ങാൻ താൽപര്യം കാണിക്കുന്ന ആളുകളെ അവർ കാത്തിരിയ്ക്കുന്നു.

ഡാളസ്സിലെ HomesUSA എന്ന കമ്പനിയുടെ ഉടമ ബെൻ കാബെല്ലെറോ ആണ് ഏറ്റവും അധികം  വീടുകൾ വിറ്റ ഏജന്റായി ഗിന്നസ് റെക്കോർഡ് തകർക്കുന്നത്. ഒരുദിവസം പതിനഞ്ചിൽ കൂടുതൽ പുതിയ വീടുകളാണ് ഈ പുള്ളി   ടെക്സാസിൽ  വിൽക്കുന്നത്. അതിന്റെ മൊത്തം വില  65 രാജ്യങ്ങളുടെ GDPയേക്കാൾ കൂടുതലാണ്.


എന്നാൽ ഒരു വർഷം ഒരു വീട് മാത്രം വിൽക്കാൻ കഴിഞ്ഞ പാവങ്ങളുമുണ്ട്.


"ലോക്കേഷൻ~ലോക്കേഷൻ അദ്ദാണ്"

ഒരു വീടിന്റെ വിലയും മാർക്കറ്റും തീരുമാനിക്കുന്നതിൽ അതിന്റെ ലോക്കേഷന് വളരെയധികം പ്രാധാന്യമുണ്ട്.

വളരെയധികം വികസനമുള്ള ഒരു കമ്മൂണിറ്റിയിൽ ഉണ്ടാകുന്ന  സാധ്യതകളിൽ    വിദ്യാഭ്യാസ നിരക്ക്, നല്ല പേരെടുത്ത സ്കൂളുകൾ, ആരോഗ്യ സംവിധാനം, കായികവും ഒഴിവുകാല വിനോദങ്ങളുടേയും ലഭ്യത എന്നിവ വീടിന്റെ വിലയും മാർക്കറ്റും തീരുമാനിക്കുന്നു.


വീടിന്റെ വില കുറയ്ക്കുന്ന  പുറമേയുള്ള ചില ഘടകങ്ങൾ കുറ്റ കൃത്യങ്ങളുടെ നിരക്ക്,  മോശം സ്കൂളുകൾ, അൺ എംപ്ളോയ്മെന്റ്, ലോൺ അടക്കാതെ അടച്ചിട്ട പരിസരത്തുള്ള വീടുകൾ, വൃത്തിഹീനമായ പരിസരവും , പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, തിരക്ക് പിടിച്ച  ട്രാഫിക്കും, പവർലൈൻ, അടച്ച് പൂട്ടിയതും അല്ലാതേയുമുള്ള ഫാക്ടറികൾ, ജങ്ക് യാർഡ്, റെയിൽവേ ലൈനുകൾ എന്നിവയാണ്.

ചിലപ്പോൾ ആളുകൾ ഇതെല്ലാം കണക്കാക്കാതെ ഫ്ളിപ്പിങ്ങ്/മറിച്ചു വിൽക്കാൻ വേണ്ടി വീടുകൾ ചിലപ്പോൾ വാങ്ങും.

അത് ഒരുവിധത്തിൽ ഗാംബ്ളിങ്ങ് ആണ്.

ആർക്കും വേണ്ടാതെ പൊളിഞ്ഞു കിടക്കുന്ന ചില വീടുകൾ സ്വന്തമായി റിപ്പയർ ചെയ്ത് മോടിയാക്കി വളരെയധികം വിലയ്ക്ക് മാർക്കറ്റിൽ ഇടുന്ന ആളുകൾ HGTV എന്ന ചാനലിലും മറ്റും കണ്ട് പല ചെറുപ്പക്കാരും ഇത് ഒരു സൈഡ് ബിസിനസ് ആക്കിയിട്ടുണ്ട്.

അതിൽ പൈസ പോയി വഴിയാധാരമായ ആളുകളും ഉണ്ട്. 

വീട് വാങ്ങിയത് വാടകയ്ക്ക് കൊടുക്കുന്നത് മുടക്കുമുതലിനേക്കാൾ കുറച്ചു ആദായം ഉണ്ടാക്കാം. എന്നാൽ അത് നഷ്ടത്തിൽ കലാശിച്ച അനുഭവം ഈ പോസ്റ്റ് എഴുതുന്ന ആൾക്കുണ്ട്.


എന്തൊക്കെയാണ് വീടിന്റെ വില കൂട്ടുന്നത്?

നല്ല സ്കൂളുകൾ, വീടുകളുടെ ലഭ്യതയേക്കാൾ കൂടുതലായി മാർക്കറ്റിൽ ധാരാളം ആവശ്യക്കാർ, നല്ല കുറഞ്ഞ പലിശ നിരക്ക്, വീട്ടുപണി സാമഗ്രികളുടെ വില വർദ്ധന, ധാരാളം ജോലി സാധ്യത, പബ്ലിക് ട്രാൻസ്‌പോർട്ട് അടുത്ത് കിട്ടുക,  ലേക്കിനും തീരങ്ങൾക്കും അടുത്ത(വാട്ടർ ഫ്രന്റ് പ്രോപ്പർട്ടി), മനോഹരമായ ഭൂപ്രകൃതി,നല്ല കാലാവസ്ഥ എന്നിവ യാണ് പൊതുവെ.


ഒരു വീടിന്റെ വില, സ്ഥലത്തിന്റെ കിടപ്പ്, വിസ്തീർണ്ണം, പുതിയ കൺസ്ട്രക്ഷൻ, പുതിയ രീതിയിലുള്ള സൗകര്യം ഉള്ള മനോഹരമായ അടുക്കള, ബാത്ത്റൂം എണ്ണവും അതിലെ ജാക്കൂസി, സ്റ്റാന്റ് അപ് ഷവർ മുതലായ സംവിധാനങ്ങൾ, വലിയ സ്വീകരണമുറി, ബെഡ്റൂമുകളുടെ എണ്ണവും അതിന്റെ മനോഹരമായ ട്രേ സീലിങ്ങ്, ഫ്ളോറിങ്ങ് മുതലായവ.

നാട്ടിലെത്തെപ്പോലെ അതി മിനുസമായ ഗ്രാനൈറ്റ്, വിട്രിയസ് ഫ്ളോറിങ്ങ് ഇവിടെ അത്ര ചെയ്യില്ല(സേഫ്റ്റി ആണ് പ്രധാനം)

സ്വിമ്മിങ് പൂൾ, പൂൾ ഹൗസ്, ഗാസീബോ, ചുറ്റുമുള്ള ലാന്റ് സ്കേപ്പിങ്ങ് ചെയ്ത മനോഹരമായ മുൻവശവും പിൻവശവും വീടിന്റെ വില കൂട്ടും. 

ഫയർ പ്ളേസിന്റെ എണ്ണവും, പുറത്തുള്ള ഡെക്കും  പ്രാധാന്യമുള്ള കാര്യങ്ങളാണ്.

അതുപോലെ വാക്കൗട്ട് ഫിനിഷ്ഡ് ബേസ്മെന്റും നന്നായി ചെയ്തിട്ടുണ്ടെങ്കിൽ(ബാർ/"man cave", റിക്രിയേഷൻ റൂം, തീയ്യേറ്റർ etc) വീടിന്റെ വില കൂട്ടും. ഇതിൽ ഏറ്റവും മുടക്കുമുതൽ തിരിച്ചു കിട്ടുന്നത് കിച്ചൻ ആണ്. ഏറ്റവും കുറവ് സ്വിമ്മിങ് പൂളിനും.

വീടിന്റെ കൺസ്ട്രക്ഷൻ ബ്രിക്‌സ്, റോക്ക് എന്നിവ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ കൂടുതലായിരിയ്ക്കും.


ഞാൻ നേരത്തെ പറഞ്ഞതുപോലെ സാധാരണ ഗതിയിൽ $35/sf ന് ബേസ്മെന്റ് ശരിയാക്കാൻ പറ്റും. എന്നാൽ ബേസ്മെന്റിലേയ്ക്കായി ഹീറ്റിങ്ങ്, AC, ലൈറ്റിങ്, കിച്ചൻ, റിക്രിയേഷൻ റൂം എന്നീ വിവിധ മോടിപിടിപ്പിക്കൽ നടത്തുമ്പോൾ അത് $180 വരെ ഈസിയായി പോകും.


വീടിനൊക്കെ എന്താണ് അവിടെ വില?

എന്ന് പലരും ചോദിച്ചു.

നാട്ടിലേപ്പോലെ തന്നെ.

എന്നാലും $45000 മുതൽ $200000 വരെ ധാരാളം വീടുകൾ കിട്ടും പല സംസ്ഥാനങ്ങളിലും.

ന്യൂയോർക്ക് സിറ്റിയുടെ പ്രാന്തപ്രദേശത്ത് $800,000 കൊടുത്താൽ കിട്ടുന്ന വീടിന് കെന്റക്കിയിൽ $250,000 മതിയാകും.

പക്ഷെ ന്യൂയോർക്കിൽ സ്ഥലംമാറ്റം കിട്ടാത്ത ജോലിയുള്ളവരും കുട്ടികൾ അവിടുത്തെ നല്ല സ്കൂളിൽ പോകുന്നവരും ആണെങ്കിൽ അവർക്ക് ആ വീട് വിൽക്കുക എന്നത് വിദൂരസ്വപ്നമായിരിയ്ക്കും.


അതുപോലെ പ്രകൃതി രമണീയമായ ഹവായിയിൽ  ഒരു മിഡിൽ റേഞ്ച് ($100k salary)ജോലികിട്ടിയ ഒരാളെ സംബന്ധിച്ചിടത്തോളം മനോഹരമായ വീട് എന്നത് അപ്രാപ്യമായ കാര്യമാണ്.


വൻ സിറ്റികളെ ഒഴിവാക്കിയാൽ  മിഡ് അമേരിക്കൻ നഗരങ്ങളിൽ ഒരു ഏക്കറിൽ മൂന്ന് ബെഡ്റൂം, മൂന്ന് ബാത്ത്റൂം, രണ്ട് കാർ ഇടാവുന്ന ഗാരേജ്, രണ്ട് നിലയും ബേസ്മെന്റും, 2800 sf വീട് നല്ലൊരു കമ്മ്യൂണിറ്റി യിൽ പുതിയ കൺസ്ട്രക്ഷൻ ഏതാണ്ട് $400000 എങ്കിലും ആകും.

ഈ സൈസ് പഴയ വീട് $300,000നും കിട്ടും.


ലോൺ/മോർട്ട്‌ഗേജ്

മൊത്തം വില കൊടുക്കാൻ  സാമ്പത്തിക ആദ്യമായി വേണ്ടത് സ്ഥിര വരുമാനമാണ്.

അതിനായി നിങ്ങൾക്ക് അമേരിക്കൻ ക്രഡിറ്റ് സ്കോർ വേണം. 

പുതുതായി വന്ന അമേരിക്കൻ ഇമിഗ്രന്റിന് ഇത് കിട്ടാൻ പ്രയാസമാണ്. സ്വന്തമായി ഉള്ള അക്കൗണ്ടുകൾ, കെഡിറ്റ് കാർഡുകൾ, മുടങ്ങാതെ ഇവിടുത്തെ ലോൺ തിരിച്ചടച്ച ചരിത്രം, മുടക്കമില്ലാതെ ബില്ലുകൾ അടച്ചത്, സ്ഥിരമായി ബാങ്കിൽ വരുന്ന സമ്പാദ്യം എന്നിവയാണ് സ്കോർ തീരുമാനിക്കുക.


അത് സോഷ്യൽ സെക്യൂരിറ്റി നമ്പർ, അഡ്രസ്സ്, പേരുകൾ എന്നിവ കൊടുത്താൽ മിനിറ്റിനകം കണ്ടുപിടിക്കാൻ കഴിയും.

പലവിധ ബാങ്കുകളും ലോൺ കൊടുക്കും. അതിനു മൂന്നു(ചിപ്പോൾ 6)മാസത്തെ സാലറി സ്ലിപ്പുകൾ, കഴിഞ്ഞ വർഷത്തെ ടാക്‌സ്/വരുമാനവിവരം, എംപ്ളോയ്മെന്റ് സർട്ടിഫിക്കറ്റ് എന്നിവ കൊടുത്താൽ ലോൺ ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും ബാങ്ക്  ലോൺ ഓഫീസർ ഒരു "പ്രീ ക്വാളിഫിക്കേഷൻ ലെറ്റർ" തരും.


ഉദാഹരണത്തിന് $300K യുടെ വീടിനു നിങ്ങൾ $60k ഡെപ്പോസിറ്റ് വച്ചാൽ മുപ്പത് വർഷത്തെ  ലോണിന് മാസം $1400 എങ്കിലും വേണ്ടിവരും.

നിങ്ങളുടെ മാസത്തെ കയ്യിൽ കിട്ടുന്ന വരുമാനം $1800 ആണെങ്കിൽ നിങ്ങളുടെ ലോൺ പാസ്സാവില്ല. നിങ്ങൾ ലോൺ അടക്കാൻ പറ്റുന്ന ആളാണെന്ന് അവർ നോക്കും.


ഇഷ്ടപ്പെട്ട വീട് കണ്ടെത്തി. ഇനി?


വീട് കാണാൻ പോകുന്നത് നിങ്ങളുടെ ഏജന്റ് വഴിയാണ് അഭികാമ്യം. വീട് വിൽക്കുന്നവരുടെ ഏജന്റിന് ഈ കച്ചവടം എങ്ങനെയെങ്കിലും നടന്നു മാക്സിമം വില കിട്ടണമെന്നേ ആഗ്രഹം കാണൂ. 

അതുകൊണ്ട് "അയ്യോ, എന്തു നല്ല വീട്, നമുക്ക് ഇത് വാങ്ങാം ചേട്ടാ, അമ്മേ" എന്നൊന്നും അയാളുടെ ചെവി/ഹിഡൺ മൈക്ക് എന്നിവയുടെ അടുത്ത് വച്ച്പറയരുത്.

വീടിന്റെ ഇതുവരെ ചെയ്ത റിപ്പയർ, പ്രശ്നങ്ങൾ എന്നിവ എഴുതിയ ചില ഫോമുകൾ വീട്ടിൽ ഉണ്ടായിരിയ്ക്കും. നിങ്ങൾ അത് വായിച്ചു നോക്കണം.

നിങ്ങളുടെ ഏജന്റ് ഈ വീടിന്റെ കുറ്റവും കുറവും (ഈ വീട് വിറ്റാൽ വാങ്ങിയ വില പോലും കിട്ടുമോ എന്നത് പ്രധാനം), ആ പരിസരത്ത് കഴിഞ്ഞ വർഷത്തെ സമാനമായ വീടുകളുടെ വിൽപനയുടെ കണക്കുകൾ, ഈ വീടിന് ഏതാണ്ട് പറയാവുന്ന വില എന്നിവ നിങ്ങളോട്  ചർച്ച ചെയ്യും. 

മിക്കവാറും വളരെയധികം വീടുകൾ മാർക്കറ്റിൽ ഉണ്ടെങ്കിൽ നിങ്ങൾ 15% കുറച്ചായിരിയ്ക്കും നിങ്ങളുടെ ഓഫർ എഴുതുന്നത്. അതിനുള്ള മറുപടി ഉടമ ഒരു ദിവസംകൊണ്ട് പറയണം.

ഇത് മൂന്ന് തരത്തിലാകാം.

1. നിരസിക്കാം.2 കൗണ്ടർ ഓഫർ വേറെ വിലയോടുകൂടി 3. സ്വീകാര്യം.

ഇതിൽ രണ്ടാമത്തെ ഓഫർ ആണെങ്കിലും അങ്ങോട്ടുമിങ്ങോട്ടും ഓഫർ-കൗണ്ടർ എന്നിവ നടക്കും. 

മാർക്കറ്റിൽ ധാരാളം ആവശ്യക്കാർ ഉണ്ടെങ്കിൽ വില കുറയാൻ പ്രയാസമാണ്. എങ്കിലും മിക്കവാറും അവർ ചോദിച്ചതിന്റേയും നിങ്ങൾ പറഞ്ഞതിന്റേയും മധ്യത്തിൽ വില ഉറപ്പിക്കും.


ഡെപ്പോസിറ്റ് വയ്കണം. സാധാരണ അയിരമോ രണ്ടായിരമോ മതി. നിങ്ങളുടെ ഏജന്റിന് അത് കൊടുക്കണം. വീടിന്റെ കരാറിൽ നിന്നും നിങ്ങൾ പിൻമാറിയാൽ പൈസ പോകും.


കൺഗ്രാജുലേഷൻസ്. ഇനി?


ഇനിയാണ് പല വിധ പൊല്ലാപ്പുകൾ.

വീട് ഇൻസ്പെക്ഷൻ ചെയ്യാനുള്ള ഏജൻസിയെ കണ്ടുപിടിക്കണം. നിങ്ങളുടെ ഏജന്റ് ചെയ്യും, നിങ്ങൾ അതിന് $500 വരെ കൊടുക്കണം.

റാഡോൺ ടെസ്റ്റിങ് പുറമെ.

 ചിലപ്പോൾ പെസ്റ്റ് കൺട്രോൾ, വേണ്ടിവരും.

അതു കഴിഞ്ഞ് ഇൻസ്പെക്ഷൻ റിപ്പോർട്ട് കിട്ടുമ്പോളാണ് വീട്ടിൽ പലകാര്യങ്ങളും പ്രശ്നമാണെന്ന് അറിയുന്നത്(ഉദാഹരണത്തിന് ബേസ്മെന്റ് ലീക്ക്, ജനലിലെ ഗ്ളാസ് വാക്വം സീൽ പോയി, കിച്ചണിലെ ഗാർബേജ് ഡിസ്പോസർ വർക്ക് ചെയ്യുന്നില്ല, ഫർണസിനടുത്ത ട്രേയിൽ പൊട്ടലുണ്ട്, ആറ്റിക്കിലെ കഴുക്കോലിൽ നനവുകൊണ്ട് പൂപ്പൽ കാണുന്നു, പടിയുടെ ഉയരം കൂടുതലാണ്, പ്രായമുള്ളവർക്ക് പിടിക്കാൻ കൈവരിയില്ല, റൂഫിന്റെ ചില ടൈൽസ് പറന്നുപോയിരിയ്ക്കുന്നു, പുറത്ത് കോൺക്രീറ്റ് പടിയിൽ വിള്ളൽ etc.)


ഈ ലിസ്റ്റ് കാണുമ്പോൾ ആദ്യം തല പൊട്ടിത്തെറിക്കും. പക്ഷേ നിങ്ങളുടെ ഏജന്റ് പറയും, ഇതിൽ പറയുന്ന കാര്യങ്ങൾ മൂന്നാഴ്ചയ്ക്കയം ചെയ്തിരിക്കണം എന്ന കണ്ടിൻജൻസി വയ്കാം. അവർ ചെയ്തില്ലെങ്കിൽ ഈ കരാർ അസാധു.

ബാങ്ക് ലോൺ.

അത്  പലവിധമുണ്ട്

15 year fixed rate, 30 year fixed rate, 5year ARM etc.

കയ്യിൽ കാര്യമായ വരുമാനം ഇല്ലാത്തവർക്ക് 30. ആണ് നല്ലത്, പക്ഷെ അവസാനം പലിശ കൂടുതൽ കൊടുക്കണം. അഞ്ച് വർഷത്തിനകം വിൽക്കാനോ വീണ്ടും റീഫൈനാൻസ് നടത്താനോ ആഗ്രഹം ഉണ്ടെങ്കിൽ ARM എടുക്കാം അഞ്ച് വർഷം കഴിഞ്ഞാൽ പലിശ നിരക്ക് ലീബോർ റേറ്റ് അനുസൃതമായി മാറും. 

ഇരുപത് ശതമാനമെങ്കിലും  ലോണിന്റെ ഡെപ്പോസിറ്റ് വയ്കാൻ പറ്റാത്തവർക്ക് PMI എന്ന മോർട്ട്‌ഗേജ് ഇൻഷൂറൻസിനും പൈസ കൊടുക്കണം. എന്തെങ്കിലും കാരണവശാൽ ലോൺ മുടക്കം വന്നാൽ ബാങ്കിന്റെ ചിലവായ തുക തിരിച്ചു കിട്ടാനാണ് അത്.


വീട് ബാങ്കിന്റെ ഇൻസ്പെക്ഷൻ നടത്തും. അത് ഈ വീടിനു വിറ്റാൽ എത്ര കിട്ടും എന്നറിയാനുള്ള ഇൻസ്പെക്ഷൻ ആണ്. വീടിന്റെ അകത്തുള്ള കാര്യങ്ങൾ നോക്കുമെങ്കിലും ഇത് നേരത്തെ പറഞ്ഞ ഹോം ഇൻസ്പെക്ഷൻ ആയി വ്യത്യാസമുണ്ട്. എന്റെ അനുഭവത്തിൽ വീടിന്റെ ഓഫർ പ്രൈസായിരിക്കും അവർ കാണിക്കുന്നത്. ബാങ്ക് പൊളിയരുത് എന്ന ഉദ്ദേശ്യം മാത്രം.

(തുടരും)

 അമേരിക്കൻ വീടുകൾ 01~


ഇത് മിക്കവാറും രണ്ട് ഭാഗമായി എഴുതിയാലേ തീരൂ.

ഇവിടെ വീട്ടിൽ വരുന്ന പലരോടും പലപ്പോഴും വിശദീകരിച്ചുകൊടുത്തപ്പോൾ അവരുടെ  പതിവു ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ എഴുതുന്നതാണ് ഇത്.


വാടകയ്ക്ക് വീട് /അപ്പാർട്ട്മെന്റ്(ഫ്ളാറ്റ്)എടുക്കുന്ന കാര്യമല്ല ഇതിലുള്ളത്.


ഈ പോസ്റ്റിന്റെ രണ്ടാം ഭാഗം വീടിന്റെ ലോൺ എടുക്കുന്നത് , വാങ്ങുന്നത്, വില്പന മുതലായ സാമ്പത്തിക കാര്യങ്ങൾ ചർച്ച ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് അതെല്ലാം പോസ്റ്റ് ചെയ്യുന്നതുവരെ ദയവായി കാത്തിരിയ്ക്കുക.


USA എന്നത് അമേരിക്ക എന്നായിരിയ്ക്കും ഇവിടെ പലപ്പോഴും അതേ അർത്ഥത്തിൽ എഴുതുക. 


വീടുനിർമ്മാണം

ഇവിടെ മരത്തിന്റെ വീടുകളാണ് മിക്കവാറും.

അതുകൊണ്ട് ടൊർണാഡോ എന്ന അമേരിക്കൻ ചുഴലിക്കാറ്റ് നിലത്ത് വന്നാൽ തറമാത്രം അവശേഷിക്കുന്ന വീടുകളിലാണ് തങ്ങൾ താമസിക്കുന്നത് എന്ന ധാരണയില്ലാത്ത ഭൂരിഭാഗം ആളുകളാണ് ഇവിടെയുള്ളത്. എന്നാലും നാട്ടിലത്തെപ്പോലെ മുഴുവൻ കല്ലോ ഇഷ്ടികയോ കോൺക്രീറ്റോ ഉപയോഗിക്കുന്നത് കാണുകയില്ല. വലിയ ഉയരമുള്ള കെട്ടിടങ്ങളിൽ മരത്തിന്റെ പകരമായി സ്റ്റീൽ ഗർഡറുകൾ ആയിരിയ്ക്കും. പക്ഷെ ഒരാൾ തന്റെ കുടുംബത്തിന്റെ താമസത്തിനായി വീടുവെയ്ക്കുന്നത് മരംകൊണ്ടായിരിയ്ക്കും.

  ചുമരിന് പുറമേ  ആദ്യം പ്ളൈവുഡ്, പിന്നെ ഇഷ്ടിക(brick), സ്റ്റോൺ, സിമന്റ് പരുക്കൻ(stucco) എന്നിവ കാണും. 

അമേരിക്കൻ കാലാവസ്ഥ മധ്യഭാഗം തൊട്ടു വടക്കോട്ട് സമ്മർ മുതൽ അതി ശൈത്യം വരെ ഉണ്ടാവുന്ന തരത്തിലാണ്. 

തെക്കൻ സംസ്ഥാനങ്ങളിൽ ചൂട്, മഴക്കാലം എന്നിവയാണ് മുഖ്യം. വടക്കൻ സംസ്ഥാനങ്ങളിൽ വീടിന്റെ അകത്തുള്ള താപം നഷ്ടപ്പെടാതിരിയ്ക്കാൻ ഭിത്തിക്കിടയിലും തട്ടിന്റെ പുറത്തും വളരെ കട്ടിയിൽ ഇൻസുലേഷൻ ചെയ്തിരിയ്ക്കും.

വീടിന്റെ പുറത്ത് സ്റ്റക്കോ കാണുന്നത് മിക്കവാറും ചൂട് കൂടുതലുള്ള അമേരിക്കൻ സംസ്ഥാനങ്ങളിൽ ആണ്. മറ്റുള്ള സ്ഥലങ്ങളിൽ മരത്തിന്റേയോ, സിന്തറ്റിക് മെറ്റീരിയൽ കൊണ്ടുള്ള പലകകൾ(ഷിങ്കിൾസ്) ആണ് ഉപയോഗിക്കുന്നത്.

ജനലുകൾ മൂന്ന് പാളിയുള്ള ഡബിൾ ഗ്ളേസ് ചില്ലുകൾ ഉള്ളവയാണ്. ഇത് തണുപ്പ് അകത്തേക്ക് കയറാതെ സൂക്ഷിക്കുന്നു.


വീട് പണിയുന്നതിന്റെ ആദ്യമായി ചെയ്യേണ്ട പരിപാടി സിറ്റിയിൽ നിന്നും അതിനുള്ള അനുവാദം വാങ്ങുക എന്നതാണ്.

എല്ലാ സ്ഥലത്തും ഭൂമി വാങ്ങാൻ കിട്ടുമെങ്കിലും വീടുകൾ വയ്ക്കാനും കമേഴ്‌സ്യൽ, കൃഷി ആവശ്യങ്ങൾക്കും പ്രത്യേകമായി ഭൂമി തരംതിരിച്ചിട്ടുണ്ടാകും.

പല തരത്തിലുള്ള പ്ളോട്ടുകൾ കാണാം. 

ചിലത് വിശാലമായി ഒഴിഞ്ഞു കിടക്കുന്ന ഏക്കർ കണക്കിന് ഭൂമിയായിരിയ്ക്കും. അതിൽ വേണമെങ്കിൽ നിങ്ങൾക്ക് ഫാമോ ഗാരേജോ ഉണ്ടാക്കാം. 

പക്ഷെ പ്രശ്നമെന്തെന്ന് വച്ചാൽ

ചിലപ്പോൾ അങ്ങോട്ട് വൈദ്യുതി കിട്ടാൻ പ്രത്യേക അപേക്ഷ കൊടുക്കണം.

ഗാസ് കണക്ഷൻ കാണുകയില്ല. വലിയ പ്രോപ്പേൻ ടാങ്ക് വാങ്ങാനും ലീസിനും കിട്ടും. തീരുന്നതിനു മുൻപേ ഗാസ് കമ്പനി വന്ന് നിറയ്ക്കും.

പുതുതായി റോഡിനകലെ പണിയുന്ന വീടാണെങ്കിൽ ഒരു കുഴൽ കിണർ വേണ്ടിവരും.

വേസ്റ്റ് വാട്ടറും കക്കൂസ് മാലിന്യവും കളയാൻ സെപ്റ്റിക് ടാങ്ക് ഉണ്ടാക്കണം. അത് രണ്ടോ മൂന്നോ കൊല്ലം കൂടുമ്പോൾ കരാർ കൊടുത്താൽ പമ്പ് ചെയ്തു കൊണ്ട് പോകും.


ഇനി വലിയ വീട് വേണ്ട, വീട് പണിയുന്നതുവരെ മാസങ്ങൾ കാത്തിരിയ്ക്കാൻ പറ്റില്ല എങ്കിൽ ഒരു ചിലവ് കുറഞ്ഞ പരിപാടിയുണ്ട്.

പണ്ട് ട്രെയിലർ എന്ന് വിളിച്ചിരുന്ന മാനുഫാക്ചേഡ് ഹോം. ഇത് മുപ്പതിനായിരം മുതൽ ഒരു ലക്ഷം വരെ ഡോളറിന് കിട്ടും.

താരതമ്യേന പത്തു മുതൽ മുപ്പതു ശതമാനത്തോളം സ്ക്വയർ ഫീറ്റിന് ചിലവ് കുറവായിരിയ്ക്കും.


ഈ തലവേദന ഇല്ലാതെ ഡെവലപ്പ് ചെയ്ത ഹൗസ് പ്ളോട്ടുകൾ കിട്ടും. അത് മിക്കവാറും ചില ബിൽഡേഴ്സ് അനുമതി എല്ലാം എടുത്തു തയ്യാറാക്കിയ സ്ഥലങ്ങളാണ്. അതിൽ മിക്കവാറും അരയേക്കർ മുതൽ ഒന്നേമുക്കാൽ ഏക്കർ വരെ സ്ഥലമുണ്ടായിരിയ്ക്കും. 

സിറ്റിയിൽ നിന്നും വളരെ അകലെ അല്ലെങ്കിൽ സിറ്റിയുടെ വെള്ളം, സീവർ, ഇലക്ട്രിക്, ഗാസ്, ഫോൺ, കേബിൾ, ഇന്റർനെറ്റ് എന്നിവയുടെ കണക്ഷൻ കിട്ടും.

അതിൽ വീട് വയ്കുന്നതിൽ ചില നിബന്ധനകൾ ഉണ്ട്. ചുറ്റുമുള്ള വീടുകളോട് ഒത്തുപോകുന്ന ഡിസൈൻ ആയിരിയ്ക്കണം. നമ്മുടെ വീടാണ് എങ്കിലും, അതിൽ പർണ്ണശാലയോ ഉഗ്രൻ കേരള സ്റ്റൈൽ നാലുകെട്ടോ ഉണ്ടാക്കാൻ പാടില്ല.

നമ്മുടെ വീട് പണിമൂലം അയൽവാസിയുടെ വീടിന്റെ വിലകുറയുകയോ അവർക്ക് മാനസിക വൈഷമ്യമോ ഉണ്ടാകരുത് എന്നതുകൊണ്ട് എല്ലാവരും മിക്കവാറും ഒരു കോന്ത്രമ്പല്ല് ആകാതെ സൂക്ഷിക്കും.

വീട് നിർമ്മിക്കാൻ ആ പ്ളോട്ട് ഡെവലപ്പ് ചെയ്ത ബിൽഡറെ വിളിക്കേണ്ടിവരും. അവരുടെ ഡിസൈൻ അല്ലെങ്കിൽ നമുക്ക് അനുയോജ്യമായ ഢിസൈൻ ഉണ്ടാക്കാം. നമ്മുടെ ഡിസൈൻ അവർ ഉണ്ടാക്കാൻ നിന്നാൽ മിക്കവാറും നമ്മുടെ ചിലവ് കൂടുതലായിരിയ്ക്കും.

വീട് പണിയുടെ പല ഘട്ടങ്ങളിലും ഇൻസ്പെക്ഷൻ നടത്തും. അതിൽ സേഫ്റ്റി ആണ് പ്രധാനമായും നോക്കുന്നത്.

വീടിന്റെ മുഴുവനും പണികഴിഞ്ഞ് സിറ്റി യുടെ ഡ്വെല്ലിങ്ങ് പെർമിറ്റ്‌ കിട്ടിയശേഷമേ കയറിത്താമസിക്കാൻ പറ്റൂ.


ബേസ്മെന്റ്

മിക്കവാറും വെള്ളക്കെട്ട് ഉള്ള(ഫ്ളോറിഡ പോലെ)സ്ഥലങ്ങളിൽ ഒഴിച്ചു മിക്കവാറും സ്ഥലങ്ങളിൽ മണ്ണിന്റെ നിരപ്പിനടിയിൽ ബേസ്മെന്റ് എന്ന സംവിധാനം ഉണ്ടായിരിക്കും. അതിന്റെ വിസ്തീർണം വീടിന്റെ അത്രയോ, അതിൽ കുറവോ ആയിരിയ്ക്കും.

ബേസ്മെന്റ് താമസിക്കാൻ പറ്റുന്ന തരത്തിലുള്ള ബെഡ് റൂം, കിച്ചൻ, ലിവിങ് റൂം ബാത്ത്റൂം, എന്നിവ ആക്കി മാറ്റാം. 

ഏതാണ്ട് സ്ക്വയർ ഫീറ്റിന് മുപ്പത് മുതൽ അമ്പത് ഡോളർ വരെ ഇതിന് ചിലവുവരും. വീടിന്റെ വില മീഡിയൻ റേഞ്ചിൽ 95 മുതൽ 140 ഡോളർ വരെയാണ് സ്ക്വയർ ഫീറ്റിന് ഞങ്ങൾ കൊടുത്തിട്ടുള്ളത്. ഇത് വൻ നഗരങ്ങളിലെ വിലയല്ല.

പലരും വലുതായി ഫിനിഷ് ചെയ്യാതെ സാധനങ്ങൾ സ്റ്റോർ ചെയ്യാൻ മാത്രം ബേസ്മെന്റ്  ഉപയോഗിക്കും.

ഭൂമിയുടെ ചരിവ് ബേസ്മെന്റിന് സഹായകമാണ്. വീട് വയ്ക്കുന്ന ഭൂമി പിന്നിൽ ചരിഞ്ഞു കിടക്കുകയാണെങ്കിൽ ബേസ്മെന്റിൽ നിന്നും സൗകര്യമായി ഡോർ വച്ച് പുറത്തുകടക്കാൻ എളുപ്പമാണ്. അതില്ലാത്ത ബേസ്മെന്റിൽ താമസം(ബെഡ് റൂം) അനുവദിക്കില്ല. അതിനെ മറികടക്കാൻ ഒരു റെഗുലേഷൻ (എമർജൻസി) ഡോർ ചില വീടുകളിൽ കാണാറുണ്ട്.

ഭൂമി നിരപ്പായി കിടക്കുന്നതായാലും അതെല്ലാം കുഴിച്ച് ബേസ്മെന്റ് ഉണ്ടാക്കി ചരിവും കൊടുത്തു വീടുകൾ കോൺട്രാക്ടർമാർ പണിയും. ആദ്യമായി ഉണ്ടാക്കുന്നത് ബേസ്മെന്റ് ആണ്. സിമന്റ് ബ്രിക്‌സ് വച്ച് കോൺക്രീറ്റ് ഇട്ട് അതുണ്ടാക്കും. ഭൂമിക്കടിയിൽ ആയതുകൊണ്ട് വാട്ടർ ലീക്ക് ഉണ്ടാവുന്ന പ്രശ്നമുണ്ട്. അതിനായി തറയുടെ വശങ്ങളിൽ ചെറിയ ചാലുകൾ കാണും.

 അത് സംഗമിക്കുന്ന ഒരു കൊച്ചു കിണർ പോലെ ഒരു ബക്കറ്റ് വ്യാസത്തിൽ ഉണ്ടാക്കിയ കുഴിയിൽ ഒരു ചെറിയ പമ്പ്(sump pump)വച്ചിരിയ്ക്കും. വെള്ളം അതിൽ വരുന്നതിനനുസരിച്ച് നമ്മൾ പോലുമറിയാതെ അത് പുറത്തേക്ക് അടിച്ചുകളയും. 

ഏതെങ്കിലും കാരണവശാൽ വെള്ളം നിറയുകയും പമ്പ് പ്രവർത്തനം ഉണ്ടാകാതിരുന്നാൽ മുന്നറിയിപ്പ് നൽകുന്ന അലാം അടിക്കും. ഇത് അറിയാത്ത ആളുകളുമുണ്ട്.


മുകളിലുള്ള നിലകൾ

വീടിന്റെ ഫ്രേയിം അടിച്ച് റൂഫ് ഉണ്ടാക്കുന്ന പണി ആഴ്ചകൾ കൊണ്ട് കഴിയും. അതെല്ലാം നേരത്തെ തന്നെ മുറിച്ച് പരുവമാക്കി ട്രക്കുകൾ സ്ഥലത്ത് എത്തിയ്ക്കും.

റൂഫ് ഉണ്ടാക്കുന്നത് ആദ്യം റൂഫിൽ പ്ളൈവുഡ് അടിച്ച് അതിന്റെ മേലെ പ്ളാസ്റ്റിക് ഷീറ്റ് വിരിച്ച് അതിന്റേയും മേലെ റൂഫ് ടൈൽസ് എന്ന ടാറും കൽപ്പൊടിയുംകൊണ്ട് ഉണ്ടാക്കിയ വളക്കാവുന്ന ഷീറ്റുകൾ ആണികൊണ്ട് ഒന്നിനുമേലേ ഒന്നായി അടിച്ചാണ്.

റൂഫിനും സീലിങ്ങിനും ഇടയിലുള്ള സ്ഥലമാണ് അറ്റിക്ക് സ്പേസ് എന്നു പറയുന്നത്. അതിനകം ഇൻസുലേറ്റ് ചെയ്തിരിയ്ക്കും.

 കൂടാതെ അതിനകത്തെ വായു പുറംതള്ളാൻ ഒരു ഫാനും ഉണ്ടായിരിയ്ക്കും.

ചുമരുകൾ

ചുമരുകൾ ഉണ്ടാക്കുന്നത് ഡ്രൈ വാൾ എന്ന സിമന്റ്‌ കൊണ്ടുണ്ടാക്കിയ ഷീറ്റുകൾ കൊണ്ടാണ്. മുറികൾ തമ്മിലുള്ള ഇടഭിത്തികളിൽ മരത്തിന്റെ പോസ്റ്റുകളിൽ ജിപ്സം, കടലാസിൽ പൊതിഞ്ഞ ബോർഡുകളാണ്  അടിച്ച് ഭിത്തി ഉണ്ടാക്കുന്നത്.

അതിൽ ആണിയടിക്കാൻ എളുപ്പമാണ്. എന്നാൽ ആ ആണി വലിച്ചെടുക്കാനും അതിലേറെ എളുപ്പമാണ്. ചോക്ക് പൊടി പോലെ ഇളകിപ്പോരും.

അതിൽ പെയിന്റ് ചെയ്തോ വാൾപേപ്പർ ഒട്ടിച്ചോ കഴിഞ്ഞാൽ ജോയിന്റ് ഒന്നും കാണില്ല.

എന്നാൽ വീട്ടിൽ വെള്ളം കയറിയാൽ പുറമേയുള്ള കടലാസ് അടർന്നു തുടങ്ങും.


ഹീറ്റിങ്ങ്, കൂളിങ്

 ഭിത്തിക്കത്തുകൂടേയാണ് ഇലക്ട്രിക് വയറുകൾ, പൈപ്പുകൾ എന്നിവ വിതരണം ചെയ്യുന്നത്. അതിനു ശേഷമേ ഡ്രൈ വാൾ തൂക്കുകയുള്ളൂ.

ഇവിടെ 110വോൾട്ട് ആണ്. എങ്കിലും ചില മൈക്രോവേവ്, ക്ളോത്ത് ഡ്രൈയർ എന്നിവയുടെ ഉപയോഗത്തിന് 220വോൾട്ടിന്റെ ലൈനും കാണാം. അതിന്റെ സോക്കറ്റുകൾ വളരെ വലുതും സാധാരണ പ്ളഗ്ഗ് കയറാത്തതുമായിരിയ്ക്കും.

 ഭിത്തിയുടെ അകത്തേക്ക് ഫോം ഇൻസുലേഷൻ പമ്പ് ചെയ്യും, അല്ലെങ്കിൽ ഫൈബർ ഗ്ളാസ്സ് വൂൾ ആയിരിയ്ക്കും ഇൻസുലേഷൻ.

സെന്ട്രൽ AC, ഹീറ്റിങ്ങ് എന്നിവ മിക്കവാറും ബേസ്മെന്റിൽ ആയിരിയ്ക്കും. ഇത് ഗാസിലോ ഇലക്ട്രികിലോ ആണ്. അതിൽ നിന്നും വരുന്ന പൈപ്പുകൾ വലിയ അലൂമിനിയം ഡക്ടുകൾ വഴി സീലിങ്ങിലോ തറയിലോ എത്തും.

ഓയിൽ ഹീറ്റിങ്ങ്, വാട്ടർ ഹീറ്റിങ്ങ് എന്നിവ പഴയ ബിൽഡിങ്ങുകളിലും വീടുകളിലും കാണും. എന്നാൽ ഇപ്പോൾ മിക്കവാറും ഫോഴ്സ്ഡ് എയർ എന്ന പരിപാടിയാണ്.

യൂട്ടിലിറ്റി റൂം എന്ന പേരിട്ടു വേറിട്ട മുറിയിലും ഇവയുടെ എക്വിപ്മെന്റ് കാണാം. അതുകൂടാതെ വലിയ വാട്ടർ ഹീറ്റർ ടാങ്ക്, വെള്ളം മൃദുവാക്കാനുള്ള ഉപ്പിടുന്ന വാട്ടർ സോഫ്റ്റ്നർ എന്നിവയും അവിടെ കാണും.

ചിലവീടുകളിൽ ബേസ്മെന്റിൽ നാലുഭാഗവും കോൺക്രീറ്റ് കൊണ്ട് തിരിച്ച ഒരു മുറി കാണും.

ടൊർണാഡോ ഷെൽറ്റർ ആണത്. ടോർണാഡോ വരുന്നതിന്റെ മുന്നറിയിപ്പ് അഞ്ചോ പത്തോ മിനിറ്റിൽ താഴേയേ ലഭിക്കൂ. വാണിങ്ങ് കിട്ടിയാൽ ഉടനെ അതിനകത്ത് പോയി ഇരുന്നാൽ വീട് പോയാലും ജീവൻ രക്ഷിക്കാം.

ഫ്ളോർ

തറ മരംകൊണ്ടുള്ള ബോർഡുകളാണ്.

മരംകൊണ്ടുള്ള  ആ ഫ്ളോറിൽ സിമന്റ് തേച്ച് ടൈൽസ് വിരിയ്ക്കും.

ഇനി കാർപറ്റ് ആണെങ്കിൽ അതും, വൂഡൻ ഫ്ളോർ ആണെങ്കിൽ അതും ഒരു ദിവസംകൊണ്ട് രണ്ട് മുറിയോളം  പണിക്കാർ ഫിനിഷ് ചെയ്യും.

നാട്ടിലെപ്പോലെ വിട്രിയസ് ടൈൽസ് ഇവിടെ ഫാഷനല്ല.

ബാത്ത് റൂമുകളിൽ ടൈൽസ് ആണ് തറയിൽ. നാട്ടിലെപ്പോലെ വെള്ളം കെട്ടി നിൽക്കുന്ന സമ്പ്രദായം ഇല്ല. വെള്ളം തറയിൽ വീണാൽ ഉടനെ അത് തുടച്ചു നീക്കുന്നത് ഇവിടുത്തെ രീതിയാണ്. ആളുകൾ വഴുതി വീഴാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കും. അതുപോലെ തറയ്ക്കടിയിൽ മരമാണെന്നും ഓർക്കണം.


റാഡോൺ മിറ്റിഗേഷൻ

പല സംസ്ഥാനങ്ങളിലും ഭൂമിയിൽ നിന്നും, പാറയിൽ നിന്നും പുറത്തേക്ക് വരുന്ന റേഡിയോ ആക്ടീവതയുള്ള കുലീന വാതകമായ റാഡോൺ വളരെയധികം നിർമാർജനം ചെയ്യുന്നതിന് നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. വീടിന്റെ വാതിലും ജനലുകളും അടച്ച് ബേസ്മെന്റിൽ റാഡോൺ ഒരു ദിവസം മുഴുവനും അളക്കുന്ന ഉപകരണം വയ്ക്കും. EPA നിർദ്ദേശിച്ച അളവിലും കൂടരുത്. ശ്വാസകോശത്തെ ബാധിക്കുന്ന കാൻസർ ഉണ്ടാക്കുന്നതിൽ ഒരു പ്രധാന കാരണം അന്തരീക്ഷത്തിലെ റാഡോൺ ആണ്.

വീടിന്റെ ബേസ്മെന്റിൽ ഇത് പുറത്തേയ്ക്ക് പമ്പ് ചെയ്യുന്ന സംവിധാനം ഉണ്ടായിരിയ്ക്കും.


(അടുത്ത ഭാഗത്തിൽ വീട് വാങ്ങുന്നതും വിൽക്കുന്നതും മറ്റും)

തുടരും