Translate

Saturday, November 24, 2018

മൃഗ കാണ്ധം


പതിനാറ്‌ വർഷം മുൻപ് നടന്ന കഥയാണ്. (ഇന്ന് ഒരു സുഹൃത്തിൻ്റെ പോസ്റ്റ് കണ്ടപ്പോൾ ഓർമ്മ വന്നത്).
വൈകീട്ട് വീട്ടിൽ വന്നപ്പോൾ ഭാര്യ പറഞ്ഞു, "Do you know that the only Veterinary hospital is 6 miles from here?"
"എന്താ നിനക്ക് ചികിത്സക്കായി ഇനീപ്പം അവിടെയാണോ പോവുക?"  എന്ന് ചോദിക്കാൻ സ്ത്രീ വിരുദ്ധത വന്ന നാക്കു വളച്ച് "ഊം.." എന്ന മൂളലും ചോദ്യചിഹ്നമായി ഒരുനോട്ടവും കൊടുത്തു.
അപ്പോളാണ് ഈയുള്ളവൻ സ്വന്തമായ ആറാം ഇന്ദ്രിയത്തിലൂടെ കാഴ്ച കണ്ട് ക്രൈം സീൻ തിരക്കഥ മെനയുന്നത്.
Qn.1
ആടുമാടുകൾ, പട്ടി, പൂച്ച,ഗിനിപ്പന്നി, ചിഞ്ചില മുതലായ കെട്ടുപാടുകൾ ഒന്നുമില്ലാത്ത നീയെന്തിനാണ് മൃഗാശുപത്രിയിൽ പോകുന്നത്‌?
Ans.
മൃഗങ്ങളെ മനുഷ്യരേക്കാൾ സ്നേഹിക്കുന്നവൾ ആയതുകൊണ്ട്.
Qn.2
അതിനു മൃഗമെവിടെ?
Ans.
അലഞ്ഞ് തിരിഞ്ഞു വന്ന പൂച്ചയെ വളർത്താൻ എടുത്തുവോ?, ആയിരിക്കില്ല. പൂച്ചയുടെ കരച്ചിൽ കേൾക്കുന്നില്ല. പൂച്ചയെ തൊട്ടാൽ ഉടൻ ആസ്മ വരുന്ന ആളാണ് കക്ഷി.
മുയലായിരിക്കും. പക്ഷേ അതാണെങ്കിൽ മകൾക്ക് മുഖത്ത് പോക്കർ ഫേസ് ആയിരിക്കില്ല.
Qn.3
ഇനി റോഡിന്നരികിൽ കിടന്ന മുള്ളൻ പന്നിയാകുമോ?
Ans.
അല്ല, അണ്ണാൻ ആയിരിക്കും.
പെട്ടെന്ന് flashback.
കാലത്ത് ജോലിക്ക് പോകുന്ന സമയത്ത് ഒരുഅണ്ണാൻ വട്ടം ചാടിയിരുന്നു.  അനക്കമില്ലാതെ നടുറോട്ടിൽ ഹിറ്റ് ആൻ റൺ ആക്കിയാണ് പോയത്.
അതേ...
എല്ലാം ക്ളിയർ. ക്രിസ്റ്റൽ ക്ളിയർ.
നമ്മുടെ വാഹനം മുന്നോട്ടു പോകുന്നു. മിനിറ്റുകൾക്ക് ശേഷം ഭാര്യയുടെ വാഹനം വരുന്നു.
അണ്ണാൻ സ്പൈനൽ ഷോക്കിൽ നിന്നും വിമുക്തമായി പതുക്കെ റോഡ് സൈഡിൽ പാരാപ്ളീജിയയുമായി വാഹനത്തിലെ യുവതിയെ നോക്കുന്നു.
ചേച്ചി കാർ നിർത്തി പരിക്കേറ്റ ജീവിയേയുമായി ഏറ്റവും അടുത്ത ഹോസ്പിറ്റലിലേക്ക് പായുന്നു.
അവിടെ നടന്നത് മുഴുവനും കാണാൻ വിൻഡോസ് മീഡിയ ഗ്ളിച്ചുകൊണ്ട് കഴിഞ്ഞില്ല,
അമേരിക്കൻ ആക്സൻ്റും ബ്രിട്ടീഷ് ആക്സൻ്റും ഒരു ഇലഞ്ഞിത്തറമേളം പകരമിടുന്നു.
Bottom line, "നിങ്ങളേത് കോത്താഴത്തുകാരിയാ, ഇതിനെ എവിടേയെങ്കിലും കളഞ്ഞേര്" എന്ന മറുപടി ലഭിച്ചുകാണും.
Qn.4
എങ്കിൽ മൃതശരീരം എവിടെ?
Ans.
അകക്കണ്ണുകൊണ്ട് ഗാരേജിനുപുറത്ത് പ്രത്യേകിച്ച് എന്തെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കുക.
 അതാണ്‌. അതേ, ഒരുചെറിയ ഷൂബോക്സ്. അത് ഗാർബേജ് കൺടൈനറിന് താഴെ വച്ചിരിക്കുന്നു.
കാർ റിവേഴ്‌സ് എടുത്തപ്പോൾ കണ്ടു.
ആ ബോക്സിലാണ് മൃതദേഹം.
"Watson, this is a curious case of a shoe box outside garbage"
Case solved.

മലയാളീ ഡാ..
ഭാര്യയും മകളും  തറയിൽ വീണ മാൻഡിബിളുകൾ പെറുക്കി
എടുക്കുന്ന സീനിൽ credits ഉയരുന്നു.