Translate

Saturday, March 29, 2014

ഒരു ലക്ഷ്യം തെറ്റിയ യാത്ര: 2



ഒരു മാസം മുൻപ് .

മറൈൻ ഡ്രൈവിലെ ബോട്ട് ജെട്ടി ക്കടുത്ത കൊച്ചു ടെന്റുകൾ .
"മാമൻ എത്തിയിട്ടില്ല ; ഇവിടെ ഒന്ന് ഇരിന്നോളൂ "
ഒരു സ്റ്റീൽ ചെയർ ചൂണ്ടി അമ്മായിയുടെ മകൾ  പറഞ്ഞു .

"എന്നെ കണ്ടുപിടിക്കാൻ വഴി അറിയാമല്ലോ  അല്ലേ ?" അകലെ കാണുന്ന സ്റ്റേറ്റ് ബാങ്ക് ശാഖ യെ ചൂണ്ടി കാട്ടി .."ചേച്ചി പൊക്കോളൂ ; ഇപ്പൊ തന്നെ സമയം വൈകി "

ഞാൻ ബോട്ട് ഇറങ്ങി നഗരത്തിലേക്ക് സമയം തെറ്റാതിരിക്കാൻ ഓടിചെല്ലുന്ന  വല്ലാർ പാടത്തു കാരെയും വയ്പിൻ ദ്വീപ് താമസക്കാരേയും നോക്കി ക്കൊണ്ടിരുന്നു .
ദൂരെ സിമൻറ് നിറത്തിൽ പൂപ്പൽ പിടിച്ച പണിതീരാത്ത  GCDA കെട്ടിടം , ചുംബിക്കുന്ന രണ്ടു മനുഷ്യരെ പ്പോലെ തോന്നിച്ചു  .

പിന്നെ ഒരു ഇളം നീല ലംബ്രേട്ട സ്കൂട്ടർ നിർത്തുന്ന ശ ബ്ദം കേട്ട് തിരിഞ്ഞു നോക്കി .
കുറേശ്ശെ കഷണ്ടി കയറിയ മുഖം ; അച്ഛന്റെ ഇളയച്ഛന്റെ മകൻ .
സ്കൂട്ടർ സ്റ്റാൻഡിൽ വലിച്ചു കയറ്റുന്നതിനിടയിൽ എന്നെ നോക്കി പുഞ്ചിരിച്ചു .
പിന്നെ രണ്ടു കയ്യിലും പ്ലാസ്റ്റിക് സഞ്ചികൾ തൂക്കി അകത്തേക്ക് പോയി.
പുറത്തു ഒരു വലിയ ബോർഡിൽ മെനു എഴുതി വച്ചിരിക്കുന്നത് ശ്രദ്ധിച്ചു .
എല്ലാം കേരളീയവും വിദേശീയ വുമായ ഭക്ഷണങ്ങൾ .

കുറേ മിനിട്ടുകൾ കഴിഞ്ഞു .
ഞാൻ ആരാണെന്നു അറിഞ്ഞു കാണില്ല .
കേറി പരിചയ പ്പെടുത്തിയാലോ എന്ന് തോന്നി . പിന്നെ ക്കരുതി , വേണ്ട .
ജോലി യുടെ തിരക്കായിരിക്കും .
വീണ്ടും ഒരു മണിക്കൂർ കഴിഞ്ഞു . കസ്റ്റമെർസ് ആരും ഇല്ലാതെ വീണ്ടും അര മണിക്കൂർ കൂടി .
പിന്നെ കണ്ടു കടയിൽ നിന്നും പുറത്തിറങ്ങി സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുന്നത് .
ഇത് ശരിയല്ല എന്ന് മനസ്സിലായി .
കുറ്റം എന്റേതാണ് .എന്നെ തിരിച്ചറിഞ്ഞില്ല .
പുറത്തിറങ്ങി സ്കൂട്ടറിന്റെ അരികിലെത്തി .
"എന്നെ മനസ്സിലായോ ? ഞാൻ ..."
"മോന്റെ കൂട്ടുകാരനല്ലേ ... അവൻ സാധനങ്ങൾ വാങ്ങാൻ പോയിരിക്ക്യാ .. ഇപ്പൊ വരാൻ നേരമായി "
എനിക്ക് പെട്ടെന്ന് വാക്കുകൾ കിട്ടിയില്ല .
 വെറുതേ കളഞ്ഞ രണ്ടു മണിക്കൂർ . നേരത്തേ പറയാമായിരുന്നു .
"ഞാൻ തൃശ്ശൂര് നിന്ന് ; അച്ഛൻ പറഞ്ഞു ; കുഞ്ച്ചൻ പണ്ട് നാഗ്പൂരിൽ ഉണ്ടായിരുന്നെന്ന് ... എനിക്ക് അടുത്ത മാസം ഒരു മെഡിക്കൽ എന്ട്രൻസ് എക്സാം ഉണ്ട് , അവിടെ ആരേയും പരിചയമില്ല ."
"അയ്യോ ഇതാരാ ...എന്തേ ഇതുവരേയും മിണ്ടാതെ ഇവിടെ ഇരുന്നത് ; എന്തെങ്കിലും കഴിക്കണ്ടേ ?"
"ഏയ് ; അതൊന്നും സാരമില്ല ..തിരക്കല്ലേ എന്ന് വിചാരിച്ചു . ഞാൻ ആലുവയിലെ അമ്മായിയുടെ വീട്ടിൽ നിന്നും വരികയാണ് ."
"അമ്മായിയുടെ മോളെ കണ്ടില്ലേ ; ബാങ്കിലുണ്ട് ."
"അവരാ എന്നെ ഇവിടെ കൊണ്ടുവന്നത് ." ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു .
സ്കൂട്ടർ ഓഫാക്കി സ്റ്റാൻഡിൽ വീണ്ടും ഇട്ട് എന്നെ നോക്കി "മക്കളെല്ലാം വലുതായി . പണ്ട് ഒന്നിലോ രണ്ടിലോ പഠിക്കുമ്പോൾ കണ്ടതാ .."
പിന്നെ സ്കൂട്ടറിന്റെ പിന്നിൽ ഇരുന്ന് നഗരത്തിന്റെ തിരക്കേറിയ വീഥികളിലൂടെ യാത്ര .
വഴികൾ ചെറുതായി തലക്കും വിലങ്ങും നിർത്തിയിട്ട ഓട്ടോ റിക്ഷകളുടെ ഇടയിലൂടെ അവസാനം വീട്ടിലെത്തി .
പിന്നെ വിഭവ സമൃദ്ധ മായ ഉച്ചയൂണ് . ഉറക്കം കണ്ണിലെക്കിറങ്ങുന്നു .
പിന്നെ പോകാൻ സമയ മായെന്നു പറയാമെന്നു കരുതി .

"ഇനി ഇവിടെ നിന്ന് രണ്ടു ദിവസം കഴിഞ്ഞു പോയാൽ മതി ." എല്ലാവരും ഒരേ സ്വരത്തിൽ.

"അയ്യോ അതൊന്നും ശ രിയാവില്ല ; എനിക്ക് എക്സാമിന്റെ തിരക്കാണ് ; പിന്നെ എപ്പോഴെങ്കിലും വരാം ."
"ഓ , ഇനി നീ വലിയ മെഡിക്കൽ കോളേജിലൊക്കെ പോയി വലിയ തിരക്കാകും ."
"ഇതാ ഈ കത്ത് കയ്യിൽ വച്ചോളൂ . എന്റെ കൂടെ ജോലിചെയ്തിരുന്ന ആളാ ; കണ്ണൂര് കാരനാണ് . എന്ത് സ്ഥിതി ആണെന്നറിയില്ല . ഞാൻ സംസാരിച്ചിട്ടു പത്തു വർഷമെങ്കിലും ആയി ക്കാണും ." ഒരു കവറിൽ വിലാസം എഴുതി എനിക്ക് നീട്ടി ക്കൊണ്ട് പറഞ്ഞു .
"അപ്പോ ശ രി ; ഞാൻ ഇനി വീട്ടിലേക്ക് പോകട്ടേ ; സമയം ഒരു പാടായി ."
"ഞാൻ ബസ് സ്റ്റാൻഡിൽ കൊണ്ട് പോയി വിടാം "
.........

പുറത്തെ നിര്ജീവമായ റെയിൽ പാളങ്ങളിൽ നിന്ന് കണ്ണ് തിരിച്ചു ബാഗിലെ സിപ് തുറന്നു .
നീല മഷിയിൽ അഡ്രെസ്സ് എഴുതിയ ഇളം മഞ്ഞ കവർ പൊട്ടിക്കാതെ ...
ഒരിക്കലും മേൽ വിലാസക്കാരന് എത്താതെ .
തിരിച്ചു വീണ്ടും എന്നോടോപ്പം ലക്ഷ്യം തെറ്റിയ ഈ യാത്രയിൽ ...
എൻറെ സഹ യാത്രികൻ മാത്രം  ...


(...തുടരും )

ഒരു ലക്ഷ്യം തെറ്റിയ യാത്ര: 1

ഒരു ലക്ഷ്യം തെറ്റിയ യാത്ര: 1

മുപ്പത്തി മൂന്നു വർഷങ്ങൾ ക്ക് മുൻപ് . ജൂണ്‍ മാസത്തിലെ ഉച്ച നേരം .
"ടാക് ഖർ കിതെർ ഹേ ?"
വഴിയിൽ കണ്ട ഒരു വയസ്സനോട്‌ ചോദിച്ചു .
അയാൾ പ്ലാറ്റ് ഫോമിലെ മൂലയിലെ ഒരു തുരുമ്പിച്ച ബോർഡിലേക്ക് ചൂണ്ടി ഡബ്ബ തുറന്നു അതിലെ വെറ്റിലഎടുത്ത് ചുണ്ണാമ്പു തേയ്ക്കുന്ന ജോലി തുടർന്നു .
തോളിലിട്ട റെക്സിൻ ബാഗുമായി പതുക്കെ പൊടി നിറഞ്ഞ ചുട്ടുപഴുത്ത കോണ്ക്രീറ്റ് പാകിയവഴിയിലൂടെ നടന്നു .
അനവസരത്തിൽ അവിചാരിത മായെത്തിയ ട്രെയിനുകളുടെ കൂട്ടം  ഉറങ്ങിക്കിടന്ന ജെങ്ങ്ഷനെ  ഒരുകച്ചവട കേന്ദ്ര മായി മാറ്റി ക്കഴിഞ്ഞു .
ഉറങ്ങുന്ന മനുഷ്യരേയും കെട്ട് ഭാണ്ടങ്ങളെയും ചാടിക്കടന്നു പോസ്റ്റ്‌ ഓഫീസിൽ എത്തി . കമ്പി കളിലെ പച്ചപെയിൻറ് നൂറ്റാണ്ടുകളുടെ തുരുമ്പു കൾക് മേലെ ഉറങ്ങിക്കിടന്നു . ഇരുട്ടിലെ തിളങ്ങുന്ന രണ്ട് കണ്ണാടിചില്ലുകളും അതിനടിയിലെ നരച്ചു നീണ്ട താടിരോമങ്ങളെ യും കണ്ടെത്താൻ വെയിലിൽ വികസിച്ചകൃഷ്ണ മണിക്ക് അല്പം താമസം നേരിട്ടു .
"ടെലിഗ്രാം ഭേജ്ന ചാഹ്താ ഹും " അറിയാവുന്ന മുറിഞ്ഞ ഹിന്ദിയിൽ പരഞ്ഞൊപ്പിക്കാൻ ശ്രമിച്ചു .
കിളി വാതിലിലൂടെ ഒരു കടലാസ്സ്‌ ചുരുട്ടി ക്ലാർക്ക് വീണ്ടും അയാളുടെ ജോലിയിൽ മുഴുകി .
എന്താണ് എഴുതിയറിയിക്കേണ്ടത് എന്ന് തീരുമാനിച്ചില്ല ഇനിയും .
പരീക്ഷ ക്ക് വയ്കി എന്നെഴുതിയാൽ ചെല്ലുമ്പോഴേക്കും ചെവി നിറയെ കേൾകാനുള്ള ചീത്ത വിളിഅച്ഛന്റെ വക . പിന്നെ എല്ലാവർക്കും കളിയാക്കാൻ ഒരു ഒരു കാരണവും .
അവസാനം ഉറപ്പിച്ചു . ഇങ്ങനെയാകാം ." Reached safely coming back " നാലു വാക്കുകൾക്‌ മിനിമംചാർജായിരിക്കും എന്ന് അറിയാമായിരുന്നു .
ഇന്നത്തെ കാലമാണെങ്കിൽ ദിവസങ്ങൾ ക്കുമുൻപു മൊബയിൽ വിളികളിൽ നിന്നോ facebook വഴിയോഎപ്പോഴേ ഇത് എല്ലാവരും അറിഞ്ഞു കാണും .
പൈസകൊടുത്ത് രസീട്ട് വാങ്ങി വീണ്ടും തിരിച്ച് പ്ലാറ്റ് ഫോമിലെത്തി .
"ബുസാവൽ  ജങ്ക്ഷൻ " മഞ്ഞയിൽ കറുത്ത അക്ഷരങ്ങൾ ഹിന്ദിയിലും ഇന്ഗ്ലീഷിലും എഴുതിയ കൂറ്റൻബോർഡിൽ നിരന്നിരിക്കുന്ന ബലിക്കാക്കകൾ .
ഏതോ പൂർവികർ എന്നെ നോക്കി കരയുന്നു .
" വഴി അനാഥമാണ് ഉണ്ണീ ... നിനക്ക് വിധിക്കാത്ത യോഗം നീ വ്യർത്ഥ മായി തിരയുന്നു "
വിശപ്പും തലവേദന യും കടിച്ചു പിടിച്ചു റിസർവേഷൻ കൌണ്ടറിനു നേരെ നടന്നു . ചുമലിൽ പുസ്തകകെട്ടുകളുടെ ഓർമ്മപ്പെടുത്തൽ ഒരു അലോസരം മാത്രം.


(...തുടരും )

ഒരു ലക്ഷ്യം തെറ്റിയ യാത്ര: 3 വഴിയിൽ തങ്ങാത്ത മഴ


"നീയിപ്പോ കാശിക്ക് പൂവാ , നിനക്കിതു എന്തിന്റെ കേടാ ?"
"പോകുന്നത് കാശി ക്കല്ല ; ടെസ്റ്റ്പാസ്സായിട്ടു വേണം "
അച്ഛന്റെ കൈയ്യിലിരുന്ന ഹാൾ ടിക്കറ്റ്അടക്കം ചെയ്ത ബ്രൌണ്കവർ തിടുക്കത്തിൽ വാങ്ങുന്ന തിനിടയിൽ മുഖം നോക്കാതെ പറഞ്ഞു .ബനാറസ് ഹിന്ദു യൂനിവേര്സിടി  മെഡിക്കൽ കോളേജ് .മറ്റു സംസ്ഥാന ക്കാർക് സീറ്റ്ഉള്ളത് കൊണ്ട് ഒന്ന് എഴുതി നോക്കാമെന്ന് കരുതി . പ്രയത്നം ചെയ്യുന്നവർക്ക് ഫലം ഇഛിക്കാം .ഭാഗ്യം ഒരുപക്ഷേ ഉത്തര പ്രദേശ ത്തിലാ ണ് എങ്കിൽ . അത് വിട്ടു കളയേണ്ട .
ടെസ്റ്റ്എഴുതാൻ നാഗ്പൂർ വരെ പോണം . ആദ്യമായാണ് ഇത്രയും ദൂരേക്ക് യാത്ര .
ഇനി യാത്രയുടെ ഒരുക്കങ്ങൾ .
മദ്രാസ്വരെ പോകാം . അവിടെ സോമമാമൻ ഉണ്ട് . പിന്നെ അവിടെ നിന്ന് നാഗ്പൂർ വരെ വേറെ വണ്ടി കയറണം .
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ പോയി രണ്ടു മണിക്കൂർ വരിയിൽ നിന്നു . അമ്മയുടെ കൈയ്യിൽ നിന്നും പൈസ സംഖടിപ്പിച്ചത് അഛൻ അറിയാതെ ആയിരുന്നു . ടിക്കറ്റ്ബുക്ക്ചെയ്തു . കാലത്ത് മദ്രാസിലെത്തുന്ന കൊച്ചി മെയിൽ . പിന്നെ വൈകീട്ട് ഗ്രാൻറ് ട്രങ്ക് എക്സ്പ്രസ്സ്‌ ; നാഗ്പൂർ വരെ .
വിവരത്തിനു സോമമാമനെ ഒരു ഇൻലന്റ് എഴുതി അറിയിച്ചു .

പിന്നെ രണ്ടു ദിവസം കഴിഞ്ഞു പ്രോഫെസ്സരെ പോയി കണ്ടു . മൂന്ന് ദിവസമെങ്കിലും ക്ലാസ്സ്കളയണം .
കുഴപ്പമില്ല , അനുവാദം കിട്ടി .
അഛൻ എന്ത് പറയും എന്ന് അറിയാമായിരുന്നു .
ആദ്യം കയർത്താലും പിന്നെ ശാന്തനായി സമ്മതിക്കും എന്ന് അറിയാമായിരുന്നു .
ഒറ്റയ്ക്ക് പോയി വഴി തെറ്റുമോ എന്ന ഭയം മാത്രമായിരിക്കും .
എതിർത്താൽ പ്രയോഗിക്കാൻ കയ്യിൽ ബ്രഹ്മ്മാസ്ത്രവും കരുതി .
അഛന്റെ കോളേജു ജീവിതത്തിലെ ആരും അറിയാത്ത ഒരു കഥ . അമ്മായിമാർ പറഞ്ഞറിഞ്ഞ കഥ .
അച്ഛനും കൂട്ടുകാരൻ സിദ്ധനും (Medimix) കോളേജിൽ നിന്ന് നാടുവിട്ട് മദ്രാസിൽ പോയ കഥ .
ഇതായിരുന്നു മനസ്സിൽ കരുതിയ വാചകം "ഞാൻ പോകുന്നത് പരീക്ഷ എഴുതാനാ ; അല്ലാതെ അഛനും കൂട്ടുകാരനും പരീക്ഷയിൽ തോറ്റ പേടിയിൽ പാലക്കാടു നിന്ന് നാട് വിട്ട പോലെയല്ല "

മുറിപ്പെടുത്തുന്ന വാചകത്തിന്റെ ആവശ്യം വന്നില്ല .
യാത്ര ക്കാര്യം പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു ; "നമ്മുടെ ചന്ദ്രൻ പണ്ട് നാഗ്പൂർ ആയിരുന്നു ; മോഡേണ്ബേക്കറിയിൽ . അവന്റെ അടുത്ത് പോയി വിവരം പറഞ്ഞാൽ മതി . നാളെ തന്നെ ഇടപ്പള്ളിയിൽ പൊക്കൊ ."

പിന്നെ ഊഷര മണലിൽ കുതിർത്തു കാലവർഷം കടന്നു വന്നു.
കോളേജിൽ നിന്നും പാതിവഴിയിൽ മഴ തുടങ്ങി .
ഒരു കയ്യിൽ കുടയും മറ്റേ കയ്യിൽ ഹാൻഡിൽ ബാറും പിടിച്ചു ചതിക്കുഴികളിൽ വീഴാതെ സൈക്കിൾ ചവിട്ടി .
പിന്നെ മാലാഖ വളവിലെ ത്തിയപ്പോൾ എതിരേ വന്ന കൊച്ചിക്കാരന്റെ സീഫുഡ് ലോറി കുടയെ കാറ്റിൽ പറത്തി .
ആകെ നനഞ്ഞു . ഇനി കുട പിടിച്ചു ഒരു കിലോമീറ്റർ ചവിട്ടിയാലും പ്രയോജനമില്ല .
പോസ്റ്റ്മാൻ ദേവസ്സി മഴക്കോട്ടു ധരിച്ചു ചായക്കടയിൽ . എന്നെ കണ്ടപ്പോൾ തന്നെ ചോദിക്കാതെ പറഞ്ഞു .
"കത്തുണ്ടായിരുന്നു ; ഒഫീഷ്യൽ അല്ല ..."
കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യയിലെ അമ്പത് മെഡിക്കൽ കോളേജുകൾ ലക്ഷ്യമാക്കി കത്തുകൾ വിട്ടത്
ദേവസ്സിക്ക് ജോലിയുണ്ടാക്കി . അതിൽ അയാൾക് അതിശയം ആയിരുന്നു ആദ്യം  .എല്ലാ ദിവസവും കൊച്ചു ഗ്രാമത്തിലേക്ക് മെഡിക്കൽ കോളേജുകളുടെ വിലാസവും പേറി വിവിധ സംസ്ഥാന ങ്ങളിൽ നിന്നും വന്ന കത്തുകൾ എന്നെ തേടി മാത്രമായിരുന്നു . ഒരിക്കൽ മേൽവിലാസം രിയാകാതെ എൻറെ ഇനിഷ്യൽ മാത്രമായി എത്തിയ അപേക്ഷാ ഫോറവും ദേവസ്സിയുടെ കുശാഗ്ര ബുദ്ധി മൂലം എനിക്ക് തന്നെ കിട്ടി .
ഒരു വിധം വീട്ടിലെത്തി .
 സൈക്കിൾ ഉയർത്തി മഴ നനയാതെ ഇടുങ്ങിയ വരാന്തയിൽ കയറ്റി വച്ച് പ്ലാസ്റ്റിക്കവറിൽ ഭദ്രമായി റബ്ബർ ബാണ്ട്  കെട്ടിയ പുസ്തകക്കെട്ടു കാരിയറിൽ നിന്നെടുത്തു ചവിട്ടു പടികൾ കയറി .
പാ ന്റിന്റെ കാലുകളിലെ നനവ്രണ്ടു കയ്യിലും പിഴിയുന്നതിനിടയിൽ അമ്മ യുടെ ബ്ദം ചെവിയിലെത്തി ; "സോമന്റെ കത്തുണ്ട് ; അവൻ പറയുന്നത് പോക്ക് മാറ്റുന്നതാ നല്ലതെന്ന് ; നിനക്ക് ദെഷ്യാവും എന്ന് ഞങ്ങൾക്കറിയാം ; ചുഴലിക്കാറ്റിലും മഴയിലും ആന്ധ്രയിൽ തീവണ്ടി പ്പാളങ്ങൾ ഒലിച്ചു പോയിരിക്ക്യാ "
"ഞാൻ വായിക്കട്ടെ കത്ത് . ഞാൻ ആന്ധ്രക്കല്ല പോകുന്നത് " ;ദൃതിയിൽ മുടിയിലെ മഴ തുള്ളികൾ മുഖത്ത് നിന്നും വടിച്ച്മാറ്റി . "നിനക്ക് ഒന്ന് തല തൊർതീട്ടു പോരെ കത്ത് വായന ?"

"ഞാൻ പോകാൻ തന്നെ തീരുമാനിച്ച് തന്നെയാ ;അടുത്തയാഴ്ച ആവുമ്പോഴേക്കും

എല്ലാം രിയാകും ; ആന്ത്രയിൽ ഇത് എല്ലാ കൊല്ലവും ഉള്ള കാര്യമാ "
" മൂത്തവരുടെ ഉപദേശം നിനക്ക് നല്ലതിനല്ലേ ? നിനക്ക് പിന്നെ മനസ്സിലാകും ."

ഞാൻ തീരുമാനിച്ചു .
ഇത് ഒരു വടം വലി മാത്രം . ഒരറ്റത്ത് ഞാൻ ; എന്റെ ഭാവി വിധിക്ക് സ്വയം വിട്ടുകൊടുത്തു എങ്ങോ ചെന്നെത്താതെ ഇരിക്കാൻ മാത്രം പിടിമുറുക്കുന്നു ; എതിർ പക്ഷത്ത് എന്റെ ബന്ധുക്കൾ ,കാലവർഷം ,കർശ നമായ പ്രവേശ നപ്പരീക്ഷകളും നിയമത്തിന്റെ തട്ടു മുട്ട് മുള്ള് വേലികളും .

ദിവസങ്ങൾക്കു ശേഷം ഉറക്കച്ചടവുമായി ഒന്നാം നമ്പർ പ്ലാട്ഫോമിൽ ഇറങ്ങി .തീവണ്ടിയുടെ വശം ചേർന്ന് കൂട്ടിയിട്ട തയിര് നിറഞ്ഞ തകരപ്പാട്ട കൾക്കും പഴക്കുലകൾ ക്കുമിടയിൽ വഴിയൊരുക്കി നടന്നു .
"മദ്രാസ്ജങ്ങ്ഷൻ " മൂന്നു ഭാഷകളിലും .
പിന്നെ കണ്ടു . ആളൊഴിഞ്ഞ ഒരു ബഞ്ചിൽ തന്നേയും കാത്ത് .
സോമമാമൻ .
'പത്രത്തിലൊന്നും കണ്ടില്ലേ . വണ്ടികൾ ഒന്നും ഓടുന്നില്ല ."
"അപ്പോ എന്റെ ട്രെയിൻ ?"
"ഭാഗ്യത്തിന് GT പോകുന്നുണ്ട് ; വഴിമാറിട്ട് ; ...പോകാൻ തന്നെ യാണ് തീരുമാനം അല്ലേ ?"
ഒരു ചെറു ചിരിയോടെ സോമമാമൻ ചോദിച്ചു .
"അല്ലാതെ , പിന്നെ ?"


(തുടരും )

ഇത് നേരത്തെ എഴുതിത്തുടങ്ങിയ    "ഒരു ലക്ഷ്യം തെറ്റിയ യാത്ര"  യുടെ    ഒരു അദ്ധ്യായം മാത്രമാണ് 

Tuesday, March 25, 2014

പാര പ്രോഫഷനൽസ്

പാര പ്രോഫഷനൽസ്

ആംഗലേയത്തിൽ എഴുതിയാൽ ശരിയാവില്ല .
ഇംഗ്ലീഷുകാരന്റെ പാരയും മലയാളിയുടെ പാരയും വേറെ .
"സ്വന്തം കാര്യം സിന്താബാദ്‌" എന്ന് വിചാരിക്കുന്നതും പാരയും  മോരും മൂത്രവും പോലെ രണ്ടുതരം .
പാരകൾ പലതരത്തിലും പല രൂപത്തിലും കടന്നുവരും .
കഴിഞ്ഞ അമ്പത്വര്ഷങ്ങളും മൂന്ന് വൻകരകളും അഞ്ചു രാജ്യങ്ങളും എനിക്ക് തന്ന അനുഭവങ്ങൾ മാത്രമാണ് ഈവെളിപാടിനു അടിസ്ഥാനം .

അതുകൊണ്ട് തന്നെ മുൻകൂർ ജാമ്യത്തിന്റെ ആവശ്യം ഈയുള്ളവനില്ല .

1.കമ്പിപ്പാര
ഈപാരകൾ വളരെ എളിമയും താഴ്മയും കാണിക്കും . ഇവരായിരിക്കും നിങ്ങൾക്ക് പുതിയ ജോലിസ്ഥലത്തെ ആദ്യത്തെ വഴികാട്ടി . നിങ്ങളെ ജോലിയിൽ എടുക്കുന്നതിന് തൊട്ടു മുൻപായിരിക്കും ഇയാളുടെ രംഗ പ്രവേശം .
മിക്കവാറും നിങ്ങളേക്കാൾ കുറച്ചു വിദ്യാഭ്യാസത്തി ലോ ജോലി പരിചയത്തിലോ താഴ്ന്ന കിടപ്പായിരിക്കും ഇയാൾക്ക് . അത് കൊണ്ട് തന്നെ കുറച്ചു അപകർഷതാ മനോഭാവം ഉള്ളിൽ കാണും . അത് ഒരിക്കലും കാണിക്കാതെ ആദ്യം തന്നെ നിങ്ങളുടെ കൂടെ ഒത്തു കൂടും . പുതിയ സ്ഥലത്തെ നിങ്ങളുടെ ആദ്യത്തെ സുഹൃത്തായി നിങ്ങളുടെ എല്ലാ ശക്തിയും ആശങ്കകളും വേഗത്തിൽ തന്നെ അറിഞ്ഞു വയ്ക്കും . പിന്നെ എവിടെ വച്ച് കണ്ടാലും താഴ്മ നടിക്കുകയും നിങ്ങളുടെ അഭ്യുദയ കാംഷിയെന്ന വ്യാജേന ഭാവി തീരുമാനങ്ങളിൽ വലിഞ്ഞു കയറി അഭിപ്രായം പറയുകയും ജോലിയിൽ ഉയര്നുപോകാനുള്ള ശ്രമത്തെ നിരുൽസാഹ പ്പെടുത്തുകയും ചെയ്യും .
നിങ്ങളറിയാതെ ഡിപ്പാർട്ട് മെൻറ് മേധാവിയോടു നിങ്ങളെ ക്കുറിച്ച് തരം കിട്ടുമ്പോൾ താഴ്ത്തി കെട്ടി മേലോട്ട് പോവുക എന്നതായിരിക്കും ഇവരുടെ പ്രധാന പരിപാടി .

2.മുളം കോൽ പാര .

പാരകൾ നിങ്ങളോട് വലിയ താൽപര്യം കാണിക്കാതെ ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന നിലയിൽ സ്വന്തം കാര്യം നോക്കി നാഴിക എണ്ണുന്ന പോലെ കൂനിക്കൂടി യിരിക്കും . അതാണ് ഇവരുടെ സൂത്രം . പുറത്തേക്ക് ഓഫീസിലെഏഷണി കളിലും പരദൂഷണ ത്തിലും യാതൊരു താല്പര്യവും ഇല്ലാത്തതുപോലെ ഇവർ അഭിനയിക്കും . എന്നാൽ നിങ്ങളിൽ നിന്ന് ഇത് അറിയാൻ തീർച്ചയായും ഒരു ശ്രമമെങ്കിലും നടത്താതെ ഇവർ പോകില്ല .
തീരേ പൊട്ടൻ മാരായി അഭിനയിക്കുക യാണ് ഇവരുടെ സർഗപ്രതിഭ . അതുമൂലം നിങ്ങളുടെ കയ്യിലുള്ള സൂത്ര പ്പണി കളോ പുതിയ അറിവുകളോ ഇവർ പെട്ടെന്ന് സ്വായത്തമാക്കും . അത് ബുദ്ധിമുട്ടാണെന്ന് നേരത്തെ മനസ്സിലായാൽ നിങ്ങളെക്കൊണ്ടുതന്നെ അവരുടെ ജോലിയും ചെയ്യിപ്പിക്കും .
ഇവരുടെ പരിപാടി തക്ക സമയത്ത് ചാടി വീണ് മേധാവിയുടെ ദൌർബല്യം മുതലെടുക്കുക എന്നത് മാത്രമാണ്‌ . അവസരത്തിന് ഒരുങ്ങി പത്തിയും താഴ്ത്തി ഇവർ പതുങ്ങി നടക്കും .

3. കഠാര പ്പാര

ഇവരാണ് തമ്മിൽ ഭയങ്കരന്മാർ . "വെടക്കാക്കി തനിക്കാക്കുക " എന്നതാണ്ഇവരുടെ ശൈലി .
ഇവർ പരദൂഷണത്തിൽ കേമൻ മാരാണ് . കൂടെ നില്കുന്ന വരെ പ്പറ്റി ഉള്ളതും ഇല്ലാത്തതും ആയ കുറ്റങ്ങളും കുറവുകളും പറഞ്ഞു നിങ്ങളെക്കൊണ്ടും സംഖത്തിൽ പങ്കാളിയാക്കും . പിന്നെ ഡിപ്പാർട്ട് മെന്റിന്റെ തലപ്പത്ത് ഇരിക്കുന്നവരെ ക്കൂടി ദുഷിച്ച് സംസാരിക്കും . അതിനു ശേഷം ഈജോലി വിട്ട് വേറെ കാര്യം നോക്കാൻ ശ്രമിക്കുന്നതാണ് നല്ലത് എന്ന തീരുമാനത്തിൽ നിങ്ങളെ എത്തിക്കാൻ ഇവർ കഴിവതും ശ്രമിക്കും . നിങ്ങൾ പോയാൽ ഒരു മത്സരം ഒഴിവാകുമല്ലോ എന്നാണ് ഇവരുടെ വിചാരം .

4. അള്ള്പാര  
അള്ള്എന്നാൽ എങ്ങിനെ തിരിഞ്ഞു വീണാലും മൂർച്ചയുള്ള ഭാഗം മേലോട്ട് പോകുന്ന ഒരു പാരയാണ് .വേഗത്തിൽ പോകുന്ന വണ്ടിയുടെ ടയർ പഞ്ചർ ആക്കുക എന്ന ലക്ഷ്യം മാത്രമേ ഇവർക്ക് മനസ്സിലുള്ളൂ .
നിങ്ങളോട് മേധാവി കൂടുതൽ അടുക്കുന്നത് തടയാൻ നിങ്ങളെ കൂടുതൽ വിഷമമുള്ള ജോലിയോ ദൂരെയുള്ള പോസ്ടോ എടുപ്പിക്കാൻ ഇവർ വ്യഗ്രത കാണിക്കും . നിങ്ങൾ തുടക്കക്കാരനാകുമ്പോൾ ജോലിയിലെ ഉള്ളുകള്ളികൾ അത്ര പെട്ടെന്ന് നിങ്ങൾക്ക് അറിയാൻ  കഴിയില്ല . നിങ്ങളുടെ കഴിവ് തെളിയിക്കാൻ ഒരു അവസരം എന്ന് കരുതി ചാടിപ്പിടിച്ചു നിങ്ങൾ അബദ്ധത്തിൽ ചെന്ന് തല കൊടുക്കും.പിന്നെ ഊരാൻ പറ്റാത്ത കുടുക്കായിരിക്കും എന്ന് മാത്രം . ഉദാഹരണത്തിന് നിങ്ങൾ ആദ്യമായി ഒരു ആര്ക്കും വേണ്ടാതെ കിടന്ന പ്രൊജക്റ്റ്എടുത്തു നടത്തിയാൽ നിങ്ങളെക്കൊണ്ട് സ്ഥാപനതിനുണ്ടായ ഉണർവും മറ്റും പറഞ്ഞു നിങ്ങളെ പൊക്കി കൊണ്ട് സംസാരിക്കും . അടുത്ത ജോലിയും നിങ്ങളെ ഏൽപിക്കും . തരം  കിട്ടുമ്പോൾ നിങ്ങളറിയാതെ നിങ്ങളെപ്പറ്റി ഏഷണി പറഞ്ഞ് മേധാവിയോടു കൂട്ടുകൂടും .

പാരകളെ തിരിച്ചറിയാൻ പ്രയാസമാണ് .
ഉദാഹരണത്തിന് അന്യ നാട്ടിൽ ഒരു ഓഫിസിലെ രണ്ടു മലയാളികൾ നിങ്ങളാണെങ്കിൽ ഒരു പക്ഷേ മറ്റേ മലയാളിയായിരിക്കും നിങ്ങളെ പാര വയ്കുന്നത്‌ . ഇനി നിങ്ങളാണ് ഒരേയൊരു അന്യ നാട്ടുകാരൻ എങ്കിൽ പാര വരുന്നത് മേധാവിയുടെ തൊട്ടു താഴെ നിങ്ങളുടെ സമ സ്ഥാനീയ നിൽ നിന്നാകും .

ഇതു എപ്പോഴും രിയാകണം എന്നില്ല .

ആരെങ്കിലും നിങ്ങളോട് അളവില്ലാതെ അടുപ്പമോ നിങ്ങളെ പുകഴ്ത്തി സംസാരിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ സൂക്ഷിക്കുക . നിങ്ങളുടെ മേധാവിയായാലും ,

മോനേ .... പാര വരുന്നെടാ
ഓടിക്കോ .



[വേണമെങ്കിൽ തുടരാം]