Translate

Saturday, November 28, 2015

ഓർമയുടെ ഒരു പീരിയോഡിക് ടേബിൾ


കഴിഞ്ഞ അവധി ക്കാലത്ത് വീട്ടിലെത്തി പൂപ്പലും പൊടിയും നിറഞ്ഞ അലമാരയിലെ മേലെത്തെ തട്ടിൽ യാത്ര യുടെ അവശിഷ്ടങ്ങൾ എടുത്തു വയ്കുന്നതിനിടെ കയ്യിലെന്തോ തട്ടി .
വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ അത് പാമ്പ് ചടഞ്ഞിരിക്കുന്നതാണെന്ന് കരുതിയേനെ.
എന്റെ ആദ്യത്തെ സ്റ്റെതോസ്കോപ്പ്.
മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് ശേഷവും അത് കേടില്ലാതെ ഇരിക്കുന്നു .
Littmann, അതിനു ശേഷം പലതും മാറി മാറി ഉപയോഗിച്ചു .
പല പരീക്ഷകളും ,ജോലികളും രാജ്യങ്ങളും കണ്ട എൻറെ സഹയാത്രികൻ .
 "Any Doctors Onboard ?" എന്ന കിളി നാദം തലയ്ക്കു മീതെ ഉയരുമ്പോൾ എന്റെ കാബിൻ ലഗ്ഗേജിൽ എൻറെ സ്പർശ നത്തിനായി അവൻ ചുരുണ്ടു കിടന്നു .
പിന്നെ എന്നോ ഞാൻ അതിനെ ഉപേക്ഷിച്ചു. ഒരു നല്ല സമരിയക്കാരനാവാതെ, അവനില്ലാത്ത യാത്രകൾ . അവനുപകരം വന്നവർ ജോലി സ്ഥലത്തെ കറുത്ത ബാഗിൽ വിശ്രമിച്ചു .
പക്ഷെ , ഇന്നും പൊടിയും പൂപ്പലും നിറഞ്ഞ അലമാരയിൽ അവൻ വിശ്രമിച്ചു .മെഡിക്കൽ കോളേജിൽ പ്രവേശി ക്കുന്നതിന് മുൻപ് അത് എനിക്ക് സായത്തമായി .
കുവൈറ്റിൽ നിന്നും അച്ഛന്റെ സുഹൃത്ത് കുഞ്ഞി മുഹമ്മദ്മാഷ്മകന്റെ കൈയ്യിൽ എനിക്കായി കൊടുത്തു വിട്ടത് .
എഴുപതിനാലിൽ ഒരു രസതന്ത്ര ക്ലാസ് .
ക്ലാസ്സ് തുടങ്ങിയത് അല്പം വൈകിയായിരുന്നു . പിൻ ബഞ്ചിലെ മുതിർന്ന ക്ലാസ്മെറ്റ്സ്സ് ഫ്ലാസ്കുകളും ഭരണി പോലുള്ള കുപ്പികളും മുന്നിലെ മേശയിൽ സൂക്ഷിച്ചു വച്ച് പതുക്കെ അവരവരുടെ സ്ഥലങ്ങളിൽ നിശ്ശബ്ദരായി.
പിന്നെ വെളുത്ത ഷർട്ടും മുണ്ടുമിട്ട ആജാനു ബാഹു കൂടുതൽ രാസവസ്തുക്കളും പേറി നാല്പതു പേരോളമുള്ള ക്ലാസ്സ് മുറിയിലെ കുതൂഹലത്തിലേക്ക് കടന്നു വന്നു .
പിന്നെ ഓരോന്നായി പരീക്ഷണങ്ങൾ .
"ഹരിദാസാ ,ഇവിടെ വാടാ "
ആദ്യത്തെ ബെഞ്ചിലെ മൂലയിൽ എന്നെയും കെട്ടിപ്പിടിച്ചു ചടഞ്ഞിരുന്ന ഹരിദാസൻ മജീഷ്യന്റെ സഹായി  യായി മാറി .
ഒരു കുപ്പിയിൽ നിന്ന് വെള്ളത്തിൽ മുങ്ങിയ ഗ്ലാസ്സ് റോഡ്മറ്റൊരു കുപ്പിയുടെ അടപ്പു തുറന്നു ചേർത്തു വച്ചു . പെട്ടെന്ന് മാഷിന്റെ തലമാത്രം ഉയർന്ന പുകയിൽ കണ്ടു .
"മനസ്സിലായോടാ ?"
"ഇല്ല " സ്തബ്ദ രായ  ക്ലാസ്സ് ഒരേ ശബ്ദത്തിൽ .
"ഇതാണ് ഹൈഡ്രോ ക്ലോറിക് ആസിഡ് ; ഹൈഡ്രജൻ ക്ലോരിട് വെള്ളവും ചേർന്ന് ഉണ്ടാകുന്നത്‌ ...എന്താടാ ?"
"അപ്പോ ഇത് പോള്ളുലെ മാഷേ ?" ബുദ്ധി ജീവി .
"പൊള്ളും"
"പക്ഷെ ...അതിനാണ് സൂത്രം ." മാഷ്കണ്ണിറുക്കി .
പിന്നെ ഒരു ഫ്ലാസ്കിലേക്ക് ഏതാനും തുള്ളികൾ ഒഴിച്ച് വെള്ളം ചേർത്ത് നേർപ്പിച്ചു .
"ഇത് കുടിച്ചു നോക്ക് " ഫ്ലാസ്കിൽ നിന്ന് തുള്ളികൾ എനിക്ക് നേരെ നീട്ടി .
"അയ്യോ ഇനിക്ക് വേണ്ട ." വായ മുറുക്കി പ്പിടിച്ചു .
"പേടിക്കണ്ട്രാ ,ഒന്നും പറ്റില്ല . ഇത് അച്ചാറിന്റെ പുളിയേ കാണുള്ളൂ ."
പിന്നെ സ്വയം മാഷ്തന്നെ വായിലേക്ക് ഒഴിച്ചു .
"നിങ്ങടെയൊക്കെ വയറ്റിലും ഇതുണ്ട് ...ഭക്ഷണം ദഹിക്കാൻ ."
അപകടം പറ്റില്ല എന്ന് ബോദ്ധ്യമായി എല്ലാവരും രുചിച്ചു .
 "നല്ല പുളി ന്ന്യ " തലകുലുക്കി .
പിന്നെ ഓരോന്നായി അവസാനമില്ലാത്ത രസതന്ത്ര ത്തിന്റെ മാജിക്കുകൾ വിടർന്ന കണ്ണുകളിൽ പഠനത്തിന്റെ കുതൂഹല പ്പൂക്കൾ വിരിയിച്ചു .
സൽഫൂരിക് ആസിഡ് ചേർത്ത് നേര്പിച്ച വെള്ളത്തിൽ ഗ്ലാസ്റോഡു മുക്കിയെഴുതിയ അക്ഷരങ്ങൾ കരിയുന്നതും ,പിന്നെ KMNO4 ഗ്ലിസ്സറിൻ ചേർത്ത് അഗ്നി പർവതം പൊട്ടുന്നതും സോഡിയം നയ്റ്റ്രിറ്റിൽ മുക്കിയ അക്ഷരങ്ങൾക് തീജ്വാല പകരുന്നതും ഏകാഗ്രതയോടെ ഇളം മനസ്സുകൾക്ക് നല്കി ചെറു പുഞ്ചിരിയോടെ .
"നിന്നെ ഞാൻ ശരിയാക്കുന്നുണ്ട്"
രണ്ടാം വരിയിലെ സുഹൃത്തിന്റെ മുണ്ടിലേക്ക് എന്തോ വെള്ളം കുടഞ്ഞു
ഒന്നുമറിയാതെ മിഴിച്ചിരുന്ന അയാൾ വെളുത്ത മുണ്ടിൽ പടരുന്ന നീല മഷി തിരിച്ചറിഞ്ഞു കരച്ചിൽ വക്കോളമെത്തി .
"പേടിക്കണ്ട്രാ ,അത് നിന്റെ മുണ്ടിലെ കഞ്ഞിപ്പശ  അയഡിനും ചേർന്ന് ഉണ്ടായ നീല നിറമാണ് .പൊക്കോളും ട്ടാ "
പിന്നെ ദിവസങ്ങൾ മാസങ്ങളായി .
ചാവക്കാട് ഹൈ സ്കൂളിൽ സയൻസ്മേള വന്നപ്പോൾ  രാവും പകലും ഞങ്ങൾ കൂട്ടുകാർ പലതും പരീക്ഷിച്ചു .
മൃത്യുഞ്ജയൻ കയ്യിൽ ബ്രൌണ്നിറത്തിൽ വിരലുകളുമായി വന്നപ്പോൾ ഞങ്ങൾ അത് പെയിന്റ് ആണെന്നാണ്കരുതിയത്‌ . പിന്നെ ദിവസങ്ങൾക്കു ശേഷം സിൽവർ നയ്ട്രെറ്റിൽ നിന്നും ഗ്ലാസ്സ് വെള്ളി പൂശുന്ന വിദ്യ കാട്ടി അയാൾ . "കുഞ്ഞി മുഹമ്മദു മാഷടെ സൂത്രാ ദൊക്കെ "
വർഷങ്ങൾ കഴിഞ്ഞ് നീല എയർ മെയിലിൽ നിന്ന് ഷൈക്കിന്റെ സ്റ്റാമ്പ്ശ്രദ്ധ യോടെ ഉരിചെടുത്തു .
അച്ഛന് വന്ന കത്താണെങ്കിലും എനിക്ക് പൊട്ടിച്ചു വായിക്കാനുള്ള സ്വാതന്ത്ര്യം സ്വയം അനുവദിച്ചു നൽകിയ കാല മായിരുന്നു . ഒരു പ്രവാസിയുടെ വേദനയും പ്രാരാബ്ദങ്ങളും തേങ്ങിയ അതിലെ വാചകം ഓർമയിലുണ്ട് .
"ഞാൻ പഠിച്ച കെമിസ്ട്രി യും പഠിപ്പിച്ച കെമിസ്ട്രിയും വൃഥാവിൽ ആയില്ല ; ഇവിടെ അറബിയുടെ സ്റ്റുഡിയോ എന്റെ കെമിസ്ട്രി ലാബാണ്‌ .ഞാൻ പാഴായി പ്പോകുന്ന സിൽവർ തിരിച്ചെടുക്കാനുള്ള സൂത്രം കണ്ടുപിടിച്ചത് ഇവര്ക്കിഷ്ടായെന്നു തോന്നുന്നു ".
സുഹൃത്തിന്റെ ബ്രൌണ്വിരലുകളും വായിലുറ്റിയ ഹൈഡ്രോ ക്ലോറിക് ആസിഡിന്റെ പുളിയും മനസ്സിലെത്തി.
ബ്രൂ കോഫീ ഊതിക്കുടിച്ച് കാലത്തെ ദിന പത്രവും വായിച്ച് വരാന്തയിൽ ഇരിക്കുമ്പോൾ അമ്മ വന്നു .
"പിന്നേ ,നമ്മുടെ കുഞ്ഞി മുഹമ്മദ് മാഷ് മരിച്ചു ...ഞാൻ പോയിട്ടുണ്ടായിരുന്നു . നിൻറെ കാര്യങ്ങൾ എപ്പോഴും ചോദിക്കാറുണ്ട് ...കഷ്ടായി "
...
വർഷങ്ങൾക്ക് മുൻപ് ഐസ് പ്ലാന്റിന്റെ തൊട്ടുള്ള വീട്ടിൽ പോയിരുന്നു .
അന്ന് കുറേ സമയം സംസാരിച്ചിരുന്നു .പിന്നെ പവർ കട്ട് തുടങ്ങുമ്പോൾ വീട്ടിൽ തിരിച്ചെത്താൻ ധൃതി പിടിച്ചു .
ശബ്ദതിന്റെ ഗാംഭീരതക്കു കുറവുണ്ടായില്ല ,അന്നും .
 ഓർമയുടെ ഒരു പീരിയോഡിക് ടേബിൾ .
അതിലെ ഒരു മൂലകമായി ,താങ്കൾ.

നന്ദിയോടെ ...

Friday, November 27, 2015

മനസ്സിലെ മണങ്ങൾ

ഗ്രാമത്തിന്റെ ഓർമ്മകൾ ...മനസ്സിലെ മണങ്ങൾ ...

ഒരു കാലവർഷ ക്കാലത്ത് പടിഞ്ഞാറേ വാളേൻ മാവിൻറെ ചുവട്ടിൽ വീണ മാങ്ങകൾ കൊണ്ടുവന്ന മണവും തകര പാത്തിയിലൂടെ പ്രവഹിച്ച ഇളം മഞ്ഞ നിറത്തിലെ മഴവെള്ളത്തിന്റെ മണവും സ്റ്റോർ മുറിയിലെ തവിടിന്റെ മണവും. വൈക്കോലിൽ പഴുത്ത മയിൽ പീലിയൻ മാങ്ങകളുടെ മണവും തളത്തിൽ മൂലയിൽ പാതിമുറിച്ച ചക്കയുടെ മണവും അതിൽ കയറിപ്പറ്റാൻ നടക്കുന്ന ഈച്ചകളുടെ മണവും. പടവലങ്ങയുടെ മണവും അരികെ പൊരുന്നയിരിക്കുന്ന തള്ളക്കോഴിയുടെ മണവും  .
ഉണക്ക മുള്ളൻ വറുത്തതിന്റെയും മുളകിട്ട് വച്ച കിഴങ്ങ് കറിയുടെയും പച്ചമുളകും ഉള്ളിയും വെളിച്ചെണ്ണയിൽ അരച്ച ചമ്മന്തി ക്കൂട്ടിന്റെയും മണങ്ങൾ .
ചാറൽ മഴയിൽ നനഞ്ഞ വാതിൽ പടിയുടെ മണവും,അതിൽ പഴയ ബ്ലേഡ് കൊണ്ട് ചീകി യെടുത്ത അഴുക്കു നിറഞ്ഞ മരപ്പൊടിയുടെ മണവും,വിരൽ മുറിവിലെ പഞ്ഞിയിൽ ഉണങ്ങുന്ന ടിങ്ക്ജർ ബെൻസൊയിന്റെ മണവും .... പടിഞ്ഞാറേ വാതിലിലൂടെ ചാറ്റൽ മഴ . പാത്തിയുടെ ദ്വാരത്തിലൂടെ മുറിക്കകത്തേക്ക് ഒറ്റു വീഴുന്ന മഴ വെള്ളം പിടിക്കുന്ന ഉരുളിയുടെ ക്ലാവിന്റെ മണവും. വെളുത്ത മുണ്ടുകൾ കാരത്തിൽ പുഴുങ്ങുന്ന മണവും.
വാളേൻ മാവിലെ പുളിയുറുമ്പുകളുടെ  മണം  .
ചേറുകലക്കിയ ആണിചാലിലെ വെള്ളത്തിന്റെയും കിർലോസ്കർ എഞ്ചിൻ പുകയുടെയും വരാലിന്റെയും കരിപ്പിടിയുടെയും മണങ്ങൾ .
മര കമ്പിനിയിൽ ഈര്ച്ചയിട്ട മരങ്ങളുടെ മണവും ,കുമ്മായ ച്ചൂളയുടെ മണവും അതിനടുത്ത കൊപ്രയാട്ട് മില്ലിലെ പുതു വെളിച്ചെണ്ണ യുടെ മണവും .
അംബാസിഡർ കാറിന്റെ മണവും കത്തിച്ച ചന്ദനത്തിരി യുടെയും ഡ്രൈവർ ഗ്ലാസ് തുടക്കുന്ന മഞ്ഞ ഫ്ലാനലിന്റെ മണവും .
മഞ്ഞൾ പൊടിയുടെയും ഭസ്മത്തിന്റെയും ഉരുകുന്ന നെയ്യിന്റെയും മണ്ഡല ക്കാലത്തിന്റെ മണങ്ങളും .

ബസ്സുകാത്തു ക്ഷീണിക്കുമ്പോൾ വിശ്രമിക്കുന്ന ഫാർമസി യുടെ ബഞ്ചിൽ എത്തുന്ന ആയുർവേദ ചേരുവകളുടെ മണം . ട്രാൻസ്പോർട്ട് ബസ്സിലെ കണ്ടക്ടറുടെ കാക്കിയുടെ മണം , പച്ചനിറത്തിൽ ചകിരിനിറച്ച സീറ്റിന്റെ മണം . പിന്നെ ഓരോന്നായി ഡ്രൈവർക്കരികെ കുന്നുകൂടുന്ന മെയിൽ സഞ്ചി കളുടെ മണം .
ബസ്സിറങ്ങി  വരുമ്പോൾ ചായക്കടയിലെ എക്സ്പ്രസ്സ്പത്രത്തിൻറെ മണവും ബോണ്ടയുടെ മണവും കെറ്റിലിൽ വിശ്രമിക്കുന്ന ചായരിപ്പയുടെ മണവും ,ചർമിനാരിന്റെ മണവും , അച്ഛന്റെ സുഹൃത്തുക്കളുടെ കടയിലെ പുതിയ തുണികളുടെ മണവും .
ചകിരി ചീയുന്ന കനാലിന്റെ കൈത്തോടുകളുടെ മണം ,കൂട്ടിയിട്ട കക്കകളുടെയും കടും നീല നിറത്തിലെ നനുത്ത ചേറിന്റെയും മണം . പിന്നെ കശുവണ്ടിപ്പശയും ടാറും പൂശിയ കടത്തു വഞ്ചിയുടെ മണം . കടത്തുകാരന്റെ കത്തുന്ന ദിനേശ് ബീഡിയുടെ പുകയും വെള്ളത്തിൽ നിന്ന് ഉയരുന്ന മുളം കൊലിന്റെ പായൽ ചേര്ന്ന മണവും .
മഞ്ഞിലും ഇളം ചൂടു മായി ആവിയുയർത്തുന്ന നെൽക്കറ്റ കളുടെ മണം ,
പുളികളുടെ മണങ്ങൾ ...ഉണക്കാനിട്ട കോൽ പുളിയുടെ മണവും ,വാടിയ കൊടപ്പുളിയുടെ മണവും മുറിച്ച ഉപ്പുതേച്ച ഇരിമ്പൻ പുളിയുടെ മണവും വേനലിന്റെ മണങ്ങളാണ്. പിന്നെ കശുവണ്ടി വറുക്കുന്ന ചുമ വരുത്തുന്ന മണവും.
രാത്രിയുടെ മണങ്ങൾ വേറെയാണ് .
ഈയാം പാറ്റകൾ പെയ്ത രാത്രികൾ, വിഷു വിന്റെ പടക്കങ്ങൾ കത്തിയ രാത്രികൾ  വെയിലിൽ വികസിച്ച മെത്ത പ്പായയുടെ മണം...
പാമ്പ് വായപിളർത്തുന്ന മണമാണെന്നു വിശ്വസിക്കരുതെന്ന് കരുതിയിട്ടും മനസ്സിലെ ഇടവഴികളിൽ ഇന്നും മൂക്കിലെത്തുന്ന ചുട്ട പപ്പടത്തിന്റെ മണം  പിന്നെ ഏഴിലം പാലയുടെ പൂക്കളുടെ മണവും .
പന്ത്രണ്ടു മണിയുടെ ഉപ്പുമാവു വേകുന്ന മണം ...
സുഹൃത്തിന്റെ ഉണങ്ങാൻ കഴിയാഞ്ഞ നിറം മങ്ങിയ ഷർട്ടിന്റെ നനവിന്റെയും കടലിന്റെയും മണം.
മുറുക്കാന്റെ മണവും റേഷൻ കാർഡിന്റെ തുണിപതിച്ച കവറിന്റെയും മണ്ണെണ്ണ വിളക്കിന്റെയും മണം .
പുതിയ പുസ്തകത്തിന്റെ മണം . പാറ്റ ഗുളികകളുടെ മണമുള്ള അലമാരിയിലെ എഴുത്താണി വരച്ച ജാതക കെട്ടുകളുടെ ,ആധാരങ്ങളുടെ മണം .
മനസ്സില്ലാമനസ്സോടെ വായിൽ ഒഴിക്കുന്നതായി നടിച്ച് തലയിൽ കുടയുന്ന പുണ്യാഹത്തിന്റെ മണം .
തുമ്പയുടെയും ചാണകത്തിന്റെയും ഉപ്പേരിയുടെയും മണങ്ങൾ .
കാർമിനെറ്റീവ് മിക്സ്ച്ചരിന്റെയും ക്ഷീരബലത്തിന്റെയും  കള്ളപ്പത്തിന്റെയും മണങ്ങൾ .
സ്പിരിറ്റിന്റെയും ഫിനൊയിലിന്റെയും,പൊട്ടിയ  വ്രണങ്ങളുടെയും  മണങ്ങൾ .
തിളയ്ക്കുന്ന മീൻ കറിയിൽ വീണ് ആശ്ചര്യപ്പെടുന്ന സ്വർണനിറം കലർന്ന ഉള്ളിയുടെയും കരിവേപ്പിലയുടെയും മണം .
അപരിചിതരോടൊപ്പം നിക്കാഹു സദ്യയിൽ ഒതുങ്ങിയിരിക്കുമ്പോൾ സ്നേഹത്തിന്റെ ബിരിയാണിയുടെ മണം .

കിണറ്റിനരികിലെ ഗന്ധരാജൻ പൂവിന്റെ മണവും,ലാങ്കി ലാങ്കി യുടെ മണവും  വഴിയരികിലെ എലിഞ്ഞിപ്പൂവിന്റെ മണവും  കല്യാണ വീട്ടിലെ മുല്ലപ്പൂക്കളുടെ മണവും .