Translate

Saturday, December 19, 2015

ഒരു ലക്ഷ്യം തെറ്റിയ യാത്ര: 4



(ഒന്നും രണ്ടും ഭാഗങ്ങൾ നേരത്തെ എഴുതിയത് വായിച്ചിരിക്കുമല്ലോ )


          - 4 -

വീണ്ടും മനസ്സ് എഴുപതുകളിലെ GT എക്സ്പ്രസ്സ്കമ്പാർട്ട് മെന്റിൽ എത്തി .
പാതിയുറക്കത്തിൽ എതിരെയുള്ള വരിയിലെ രണ്ടുപേരെ ശ്രദ്ധിച്ചു . മുഖം മെഡിക്കൽ  എൻട്രൻസ് ഗെയ്ടിൽ തളച്ചു .
ഒരാൾ ബീഹാറിലെ കൽക്കരി ഖനിയിലെ എഞ്ചിനീയർ , മറ്റേയാൾ ഖന എഞ്ചിനീയറിംഗ് വില്പനയുടെ മാനേജർ . ഹിന്ദിയും ഇന്ഗ്ലീഷും കലർന്ന് ഇടവിടാത്ത സംസാരം . ആന്ധ്രയിലെ ഒരു സ്റ്റെഷനിൽ വണ്ടിയെത്തി .
ഉപ്പുമാവും വടയും ഒരാളും മറ്റെയാൾ ഇഡലിയും സാമ്പാറും . നിർത്താതെ സംസാരവും . പലതും ജോലിക്കാര്യങ്ങളും പഴയ സാഹസങ്ങളും . ഒരാൾ ഇന്ത്യൻ റെയിൽവേ തീവണ്ടികളുടെ സമയങ്ങൾ മനസ്സിൽ എന്സയ്ക്ലോപീഡിയയാക്കി യിരിക്കുന്നു . തിരികെയുള്ള പാളത്തിൽ നോക്കി അയാൾ പറഞ്ഞു ..."തിരുപ്പതി പാസ്സെഞ്ചർ അതാ ".
"വാട്ട്ഈസ്യുവർ നെയിം ?"
പേരും പോകുന്നയിടവും പറഞ്ഞു .
പിന്നെ കൂടുതലൊന്നും പറയാനുള്ള ഇങ്ങ്ലീഷു വശ മില്ലാത്തതുകൊണ്ട് മുഖം കൊണ്ടും ആംഗ്യം കൊണ്ടും പറഞ്ഞു നോക്കി . പരാജയപ്പെട്ടു .
സ്ടാളിൽ നിന്ന് വാങ്ങിയ പത്രത്തിൽ നോക്കി കൽകരിക്കാരൻ പറഞ്ഞു ," All  lines are flooded ; trains are  cancelled ;I am going to miss my connection!"
പുസ്തകം തുറന്നു തലയ്ക്കു മീതേ മൂടി ഉറക്കം നടിച്ചു കിടന്ന എനിക്ക് തിരിച്ചു ചോദിക്കാനുള്ള ഭാഷ അറിയില്ലാത്തതുകൊണ്ട് സമയമെടുത്തു .
പിന്നെ ഒരു കണക്കിൽ , ഒറ്റ ശ്വാസത്തിൽ , "വാട്ട്ടൈം ട്രെയിൻ വിൽ റീച് നാഗ്പൂർ ?"
"Are you going to Nagpur ?"
"Yes ...am "
"യു ഗെറ്റ് ദേർ ഇൻ ടു ഡെയ്സ് "
"ടു ഡെയ്സ് ടൂ മച് ...മൈ ടെസ്റ്റ്ടുമാറോ മോർണിംഗ് "
കൽകരി ആക്രി കച്ചവടക്കാരനെ നോക്കി ഹിന്ദിയിൽ പറഞ്ഞു .
പറഞ്ഞതിന്റെ അർത്ഥം ഇതായിരുന്നു ," മലയാളിക്ക് ഇന്ഗ്ലീഷിലും ഹിന്ദിയിലും ഒന്നും പറയാൻ അറിയില്ല ;പാവത്താൻ ...നാളെ കക്ഷിക്ക് എന്ട്രൻസ് പരീക്ഷ യാണ്നാഗ്പൂരിൽ വച്ച് .പക്ഷെ അത് കഴിഞ്ഞു പിറ്റേന്ന് മാത്രമേ ഈവണ്ടി നാഗ്പൂരിൽ എത്തൂ.
പ്രഭാതവും ഉച്ചയും കഴിഞ്ഞു രാത്രിയും എത്തി .
മനസ്സിൽ ഒരു തിര വന്നു .
തിരിച്ചു പോയാലോ ?
നാഗ്പൂരിൽ പരീക്ഷക്ക്എത്താതെ പിറ്റേ ദിവസമെത്തി , വഴി കണ്ടുപിടിച്ചു പേരില്ലാത്ത ആളുകളെ തപ്പി യിട്ട് എന്ത് കാര്യം ?
തിരിച്ചു പോകാൻ ടിക്കെറ്റ് വാങ്ങിയാൽ തന്നെ എവിടെ താമസിക്കും ?
ഒരു എത്തും പിടിയും കിട്ടിയില്ല .
കാലത്ത് TTR വന്നു .
കാത്തിരുന്ന ദുഖ വർത്തമാനവുമായി .
ട്രെയിൻ ഇനി മുതൽ ലോക്കൽ ആയി ഓടുന്നു .അടുത്ത ജങ്ക്ഷൻ ബുഷാവൽ . ഇറങ്ങുന്നവർക്ക് ടിക്കറ്റിൽ എന്ഡോര്സു ചെയ്തു കൊടുക്കും തിരിച്ചു വേറെ വണ്ടികളിൽ കയറാനുള്ള കാര്യം . റിസർവേഷൻ ഒന്നുമില്ല .

ഉച്ചക്ക് മുൻപേ ബുഷാവലിൽ എത്തി .
ഒരു തിരിച്ചു പോക്കിന് .

അന്ന് വണ്ടി സമയത്തിന് നാഗ്പൂർ എത്തിയിരുന്നെങ്കിൽ ...
എന്റെ ജീവിതം മാറുമായിരുന്നു .
ഇവിടെ വർഷങ്ങൾക്കു ശേഷം മഞ്ഞു പൊഴിയുന്ന ക്രിസ്മസ് രാത്രിയിൽ ഇവിടെ ഒറ്റക്ക്
ലക്ഷ്യം തെറ്റിയ യാത്രയുടെ ഓർമ്മകൾ ഗൂഗിൾ കീ ബോർഡിൽ അച്ചു നിരത്തില്ലായിരുന്നു .
എൻറെ മക്കൾ മറ്റു പലരുമാവുമായിരുന്നു .
എന്റെ സുഹൃത്തുക്കളും ബന്ധുക്കളും മറ്റു പലരും ആവുമായിരുന്നു .
ഒരു പക്ഷേ ...അത് ഒരു അറു ബോറൻ ജീവിതവും ആയിരുന്നേനെ ...

(തീർന്നു )

-----
ചന്ദ്രേട്ടൻ എഴുതിയ കത്ത് എവിടെയോ കളഞ്ഞു .
വായിച്ചില്ല , വിലാസക്കാരനും ഞാനും .
വർഷങ്ങളായി .
ചന്ദ്രേട്ടൻ മരിച്ചു ; കാൻസർ ആയിരുന്നു.
അമ്മ  കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ചു പറഞ്ഞു .
രണ്ടു വർഷം മുൻപ് അമ്പലത്തിൽ വച്ച് കണ്ടിരുന്നു . ആളെ മനസ്സിലായില്ല .

......

Tuesday, December 15, 2015

Lost & Found






Lost

A mind full of worn out days, made of leather
Set of dreams, never touched, purple
A hug, half way unzipped
A voice dropped in the crowd

****

Found

Love, in a dark alley of despair with lipstick on
A bucket list, crinkled and wet
A face unrecognized

A breath of a forgotten baby




Sunday, December 13, 2015

ഉങ്ക്ലീ


ഉങ്ക്ലീയെ ഞാൻ ആദ്യമായി കാണുന്നത് ഒരു പര പരാ വെളുക്കുന്ന മാർച്ച് മാസ രാവിലെ യാണ് .
നിൽകാത്ത ജർമൻ ഷെപ്പേഡിന്റെ കുരയിൽ തമിഴ്കൂടിക്കലർന്നു.
തുരുമ്പിൽ കോറി ഇരുമ്പ് ഗൈറ്റ് തുറന്നു തന്ന ഇരുണ്ട നിറത്തിലെ രൂപം .
"സാർ ....ഉള്ളേ വാങ്ഗോ ...സണ്ണിക്ക് ഉങ്ങളെ പുടിയാത് ."
സണ്ണി ഉങ്ക്ലിയെ നോക്കി വാലാട്ടി  നിന്നു . പിന്നെ എൻറെ മണം പിടിച്ചു , വീട്ടിനു ലക്ഷ്യമിട്ട് ഓടി.

എൻറെ യാത്ര തലേ ദിവസം തുടങ്ങിയിരുന്നു .
കാസിനോ ഹോട്ടൽ ഞങ്ങളുടെ അവസാനത്തെ പാർട്ടിയുടെ താവളമായിരുന്നു . അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥികളും വിരലിൽ എണ്ണാവുന്ന അദ്ധ്യാപകരും. പരീക്ഷകളുടെ നീണ്ട ദിനങ്ങൾ കഴിഞ്ഞിരുന്നു . ഓരോരുത്തരും അദ്ധ്യാപകരുടെ അടുത്ത് സ്നേഹാദരവുകൾ നൽകി യാത്രാ മൊഴികളും ആകാംഷകളും പുറത്തെടുത്തു .
സർജറി പ്രാക്ടിക്കൽ വിഷമമായിരുന്നു. ആളൊഴിഞ്ഞ തക്കത്തിൽ ഉറ്റ സുഹൃത്തുമായി സർജറി പ്രോഫെസ്സർ നല്ല ഫോമിലാണെന്ന് കണ്ട് അടുത്ത് ചെന്നു .
"സാറേ , ഞങ്ങള് പരീക്ഷയിൽ പൊട്ടിയോ എന്ന് അറിയാൻ പറ്റോ ? മനസ്സിലെ വെഷമം ഇന്ന് ആഘോഷിച്ചു തീർക്കാൻ വേണ്ട്യാ ..." വാക്കുകൾ ഇഴഞ്ഞു പാമ്പായി .
"ഡാ , നീയെന്തൂട്ടിനാ ബേജാരാവുന്നെ ...നീയൊക്കെ പാസ്സായില്ലെങ്കിൽ പിന്നെ ആരാ ഇവിടെ പാസ്സാവാ ?"
"സാറേ , ശരിക്കും ? ദാ ..ഇവൻറെ കല്യാണം ഉറപ്പിച്ചിരിക്കാ , ഇവന്ആശ കൊടുക്കല്ലേ ..."
"ഡാ , നീയ് ധൈര്യമായി പോയി കെട്ട് ...ഉം .cheers "
പിന്നെ ആഘോഷ തിമിർപ്പായിരുന്നു. നടക്കാൻ പറ്റുമെന്ന് മനസ്സിലായപ്പോൾ പുറത്തിറങ്ങി .
റോഡിൽ കുടുങ്ങിയ വാഹനങ്ങളുടെ ഹോണ്ശബ്ദങ്ങളിൽ യാത്ര പറച്ചിലുകൾ ഒലിച്ചു പോയി .
തൊട്ടടുത്ത്‌ KSRTC യുടെ പുത്തൻ സൂപ്പർ ഫാസ്റ്റ് മിനി ബസ്‌ :തിരുവനന്തപുരം .
"അളിയാ , അളിയന്റെ ഭാര്യാ വീട്ടിന്റെ മുന്നിലൂടെ പോകുന്ന വണ്ടി !, അളിയാ , പോയി ഭാര്യയെ കണ്ടു വാ , നല്ല വിവരം ചൂടോടെ  പൊടിക്ക് മാഷേ "
"ഏയ്‌ , ഞാൻ പൈസയൊന്നും എടുത്തില്ല .ഇതുപ്പോ രാത്രിയും ആയി ."
"അത് സാരല്ല്യ .വണ്ടിക്കൂലി മതീല്ലോ , പിന്നെ ബസ്സില് ഉറങ്ങി നേരം വെളുക്കുമ്പോ അവിടെ എത്താലോ "
"പോയി കലക്കളിയാ ..." സുഹൃത്തുക്കളുടെ ആവേശം ഉത്സാഹ തിമിർപ്പായി .
"നിർത്ത്  വണ്ടി ,ഒരു അത്യാവശ്യക്കാരനാ , തിരുന്തൊരം തിരുന്തോരം " ശബ്ദ കോലാഹലങ്ങൾ കേട്ട് ഡ്രൈവർ ലിമിറ്റഡ് സ്റ്റോപ്പ്ബസ്സു നിർത്തി
കണ്ടെക്ടർ ഡോർ തുറന്നു.
"കേറി പോട്ടെ ...വണ്ടി വിട് ".
ഏറണാകുളം മുതൽ ഉറക്കമായിരുന്നു . കൊല്ലത്ത് ബസ്സു നിർത്തി യപ്പോൾ ഓടിയിറങ്ങി . ലോക്കൽ ബസ്സുകൾ ഓടിതുടങ്ങിയിട്ടില്ല .
പിന്നെ ചിന്നക്കടയിൽ വല്ല ജീപ്പും കിട്ടുമോ എന്ന് നോക്കാൻ നടന്നു .
ഇന്നലെ കുടിച്ച മദ്യത്തിൻറെ കെട്ടുകൾ പോയി ഒരു തലവേദന മാത്രം അവശേഷി ച്ചു.
കടകളെല്ലാം അടഞ്ഞു കിടന്നു . സൂര്യൻ ഉദിച്ചിട്ടില്ല . മലിന കൂമ്പാരങ്ങളിൽ പ്ലാസ്റ്റിക്കരിയുന്ന മണം . പുകയും മൂടൽ മഞ്ഞും  നാഷണൽ ഹൈ വേയിൽ യാത്രികരായി.
പത്തു മിനിട്ടു കഴിഞ്ഞപ്പോൾ "ആറ്റിങ്ങൽ " ബോർഡുമായി ആളില്ലാത്ത ട്രാൻസ്പോർട്ട് ബസ്സ് ഇരച്ചു വന്നു . കൈ കാണിച്ചിട്ടും കാണാത്ത ഭാവത്തിൽ റ്റെക്സ്റ്റയിൽ കമ്പനി യുടെ അടുത്ത് വരെ ഓടി പെട്ടെന്ന് ബ്രേക്ക്ചവിട്ടി നിർത്തി തന്നു .
ഒരു സെക്കണ്ട് പാഴാക്കാതെ ഓടി വാതിലിൽ കയറിപ്പിടിച്ചു.
"സാർ ഉള്ളേ വാങ്ഗോ ...സണ്ണി.. നീ ...പോങ്ങടാ."

ഉങ്ക്ലിയുടെ പേര് മാർകഴിയെന്നോ ചെല്ലമ്മാൾ എന്നോ ആയിരുന്നു . ഓർമയിൽ വരുന്നില്ല .
ബഹുമാനത്തോടെ എല്ലാവരെയും "ഉങ്കൾ" എന്ന് സംബോധന ചെയ്തത് തമിഴും മലയാളവും അറിയാത്ത കുട്ടികൾ  അവരുടെ വിളിപ്പേരായി മാറ്റി.
തൃശ്ശിനപ്പിള്ളിയിൽ നിന്ന്വർഷങ്ങൾക്ക് മുൻപ് ഉങ്ക്ലിയും ഭർത്താവ് ചെട്ട്യാരും കേരളത്തിലെത്തി .
ഒരു മുറിയിൽ ചെട്ടിയാർ ബാർബർ ഷാപ്പ് തുടങ്ങിയതിനു ശേഷം ഉങ്ക്ലി തിരിച്ച് നാട്ടിലേക്ക് പോയില്ല .
ഭർത്താവിന്റെ കടയുടെ വാടകക്ക് പകരമായി അവർ എന്റെ ഭാര്യയുടെ വീട്ടിലെ പണിക്കാരിയായി . കടയിൽ പോകാനും  ഗേറ്റ് തുറക്കാനും , പോസ്റ്റ്ഓഫീസിൽ പോകാനും ,നാട്ടിലെ കുശു കുശുപ്പുകളുടെ സന്ദേശ വാഹകയായും അവർ മാറി .

ഉങ്ക്ലിയെ മീൻ വാങ്ങാൻ പറഞ്ഞു വിട്ടാൽ കിളിമീനും നത്തൊലിയും മാത്രം വീട്ടിലെത്തും .
അതിന്റെ വിശദീകരണം കേട്ട് ഞാൻ അടുക്കളയുടെ ഭാഗത്തേക്ക് പോയി നോക്കി .
മലയാളവും തമിഴും ഇടകലർന്നു പട്ടിയുടെ കുരയും .
അടുക്കളയുടെ പുറത്തു രണ്ടുമുറിയിൽ കെട്ടിയ വീടിന്റെ അനെക്സിൽ ഞാൻ കയറിയിട്ടില്ലായിരുന്നു .
"അവിടെയെല്ലാം വൃത്തികേടായിരിക്കും ; മോൻ പോണ്ട ", ഭാര്യയുടെ മാതാ പിതാക്കൾ പറഞ്ഞു.
ഉങ്ക്ലി പഴയ കാഞ്ചീപുരം സാരിയിൽ കൈതുടച്ച് ഭവ്യത കാണിച്ച് മാറി നിന്നു .
സണ്ണി വാലാട്ടി എന്നെ തള്ളിക്കൊണ്ട് അകത്തേക്ക് പോയി .
അപ്പോഴാണ്ബഞ്ചിൽ ഇരിക്കുന്ന വൃദ്ധയെ ശ്രദ്ധിച്ചത് .
"മോൻ ആരാ ? മനസ്സിലായില്ല "
"ഇത് സാറ് , പുതിയ മാപ്പിള "
"അച്ചാമ്മക്ക് ആരെയെങ്കിലും പുതുതായി കണ്ടാൽ തൊട്ടും കിന്നാരവും ഒക്കെയാ ...ഓർമയോക്കെ പോയി ."
"കണ്ണ്തെറ്റിയാൽ റോഡിലെത്തും ...അതുകൊണ്ട് ഇവിടെത്തന്നെ ഇരുത്തിയിരിക്കയാ . ഭക്ഷണം കഴിച്ച കാര്യം ഓർമയില്ല ,ഉടൻ ഹോട്ടലുകാർ എന്നെ പട്ടിണിയിടുകാ എന്ന് പറഞ്ഞു ബഹളം വയ്ക്കും ."

അച്ചാമ്മ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു . "ഇവിടെ വാ ...എന്റെ അരികത്തു ഇരിയെന്നു " എന്നെ നോക്കി പ്പറഞ്ഞു .
പിന്നെ മാസങ്ങൾ വലിയ വീട്ടില്, ഞാനും ഭാര്യയും, അമ്മയും സണ്ണിയും പിന്നെ അച്ചാമ്മയും ചിലപ്പോൾ ഉങ്ക്ലിയും . താമസിച്ചു .

ഒരു ദിവസം ഉങ്ക്ലി പ്രായം കുറഞ്ഞ യുവതിയുമായി ഗേറ്റ് തുറന്ന് വന്നു . മുന്നിൽ സണ്ണി കുരച്ചുകൊണ്ടു മാർഗതടസ്സം സൃഷ്ടിച്ചു . പിന്നെ ഭാര്യ പോയി അവനെ അനുനയിപ്പിച്ചു .
"ഇത് പുതിയ പെണ്ടാട്ടി "
ആരുടെ യെന്നു പറഞ്ഞപ്പോൾ ഒന്ന് ഞെട്ടി .
മുടി നരച്ചു വൃദ്ധനായ ചെട്ടിയാർ വീണ്ടും വിവാഹം കഴിച്ചിരിക്കുന്നു .
ഒരു മുറി ക്കൂരയിൽ ഒരു അന്തേവാസി കൂടി .
ഉങ്ക്ലിയുടെ കണ്ണിൽ നിരാശയുടെ നനവുണ്ടോയെന്നു നോക്കി .
ഇല്ല .
തനിക്കു വയസ്സായി എന്നറിയാവുന്ന അവർ ഭർത്താവിനു സ്നേഹം പങ്കിടാൻ പുതിയ അവസരം കൊടുത്തിരിക്കുന്നു .
പിന്നെ ഉങ്ക്ലിയും "അനിയത്തിയും " സോപ്പും പൈസയും വാങ്ങി തിരിച്ചു പോയി .
അച്ചാമ്മ ഇടയ്ക്കിടെ രാത്രിയിൽ ബഹളം വച്ചിരുന്നു . പിന്നെയൊരിക്കൽ അനക്കമില്ലാതെ കിടന്നു .
ഭാര്യ വന്ന് വിവരം പറഞ്ഞപ്പോൾ ഓടിപ്പോയി പരിശോധിച്ചു.
സ്റെതെസ്കോപ്പിൽ ഹൃദയ മിടിപ്പ് കേട്ടപ്പോൾ സമാധാനമായി .
ജീവനുണ്ട് . പേടിക്കേണ്ട ,
"ഹാവൂ ആശ്വാസമായി ." ഭാര്യാ മാതാവ് നെടുവീർപ്പിട്ടു .
പിന്നെ മാസങ്ങൾ കഴിഞ്ഞു .
അച്ചാമ്മ യും ഉങ്ക്ലിയും
ജീവിതത്തിന്റെ ഭാഗമല്ലാത്ത കൂട്ടിയിരുപ്പ് കാരായി .
ഒരു ദിവസം കുടിച്ച പാൽ കവിളിലൂടെ ഒലിച്ചു അച്ചാമ്മ നിശ്ചലയായി .
കൈപിടിച്ചപ്പോൾ സത്യം മനസ്സിൽ ഓടിക്കയറി .
മരണം .
ജീവിതത്തിൽ ആദ്യമായി സ്വന്തം വീട്ടിലെ ഒരാളുടെ മരണം സ്ഥിരീകരിക്കേണ്ടി വരിക .
പിന്നെ എന്താണ് ചെയ്യേണ്ടത് എന്നറിഞ്ഞില്ല .
ഉങ്ക്ലി പറഞ്ഞു . "നാൻ വീട്ടുകാരോട് പോയി പറയാൻ പോകലാം".
അറിയിക്കേണ്ട പ്രധാന വ്യക്തികൾ മകനും പെണ്മക്കളും ആണ് . പലരും അങ്ങോട്ടും ഇങ്ങോട്ടും പടല പിണക്കത്തിൽ കഴിഞ്ഞു കൂടുന്നത് കൊണ്ട് നേരിട്ട് പരിചയമില്ല .
പെട്ടെന്ന് ഭാര്യയുടെ താമസിക്കുന്ന ബന്ധുക്കൾ എത്തിത്തുടങ്ങി .
ഭാര്യ സണ്ണിയെ വലിച്ചിഴച്ചു കൂട്ടിലടച്ചു .
അഴിയിലൂടെ അവൻ എന്നെ നോക്കി ദയനീയ മായി കുരച്ചു .
പിന്നെ ഞാനും ഭാര്യയും കാറിൽ ചിന്നക്കടയിൽ പോയി STD വിളിച്ചു .
വിവരം അറിഞ്ഞ് ആർക്കും ഞെട്ടലില്ല .
പക്ഷേ പ്രതീക്ഷിക്കാത്ത ഒന്ന് എനിക്ക് ഭാര്യവീട്ടിൽ കാത്തിരിക്കുന്നുണ്ടായിരുന്നു .
അന്ത്യകർമങ്ങളുടെ കടമ .
അത് എനിക്ക് വെച്ചു നീട്ടി എല്ലാവരും മാറി നിന്നു. മതിലിനകത്തെ പ്ലാവിന്നരികിലായി ചിതയൊരുക്കി .
തറവാട്ട് വീട് രാഷ്ട്രീയ പാർടി വാടകക്ക് എടുത്തിരിക്കുന്നു . അവിടെ ആരും താമസമില്ല . അത് ബുദ്ധിമുട്ടാവും . ഉപദേ ശകർ വീട്ടിൽ നിറഞ്ഞു .
പിന്നെ പലർക്കും പൈസ കൊടുത്തു . എന്തിനെന്നു പറഞ്ഞത് കേൾകാൻ സമയമില്ലായിരുന്നു .
നാട്ടിൽ നിന്ന്എൻറെ വീട്ടുകാരും എത്തി .
പിന്നെ അസ്ഥി സഞ്ചയനം .അസ്ഥികൾ കുടത്തിലാക്കി പ്ലാവിൽ കെട്ടിയിട്ടു . അത് ഒരിക്കലും കണ്ടിട്ടില്ലാത്ത ആചാരമായി .
ഭാര്യ ഉറക്കത്തിൽ ദുസ്വപ്നങ്ങൾ കണ്ട് പലപ്പോഴും ഉണർന്നു .
പിന്നെ നിലാവിൽ പ്ലാവിന്റെ കൊമ്പിൽ കെട്ടിയ ചുവന്ന തുണിയിലെ കുടുക്ക ഒരു കടമയുടെ ചോദ്യമായി അവശേഷിച്ചു .
ഞായറാഴ്ച്ച ഒഴിവായിരുന്നു .
ഉങ്ക്ലിയും ഞാനും ചേർന്ന് പ്ലാവിൽ നിന്നും തുണിക്കെട്ട് അഴിച്ചു കുടുക്ക പൊട്ടാതെ താഴെയെത്തിച്ചു.
എങ്കിൽ പോകാം .
"ഞാനില്ല ; എനിക്ക് പേടിയാ " ഭാര്യ .
പിന്നെ അമ്മായി അമ്മയെയും  ഉങ്ക്ലിയെയും കൂട്ടി  കാറിൽ കടൽ തീരത്ത് എത്തി .
അറബിക്കടൽ ശാ ന്തമായിരുന്നില്ല . എൻറെ മനസ്സും .
അച്ചാമ്മയുടെ അസ്ഥികളുമായി തിര കൾ ആർത്തലച്ചു പോകുമ്പോൾ ഞാൻ നടന്നു ,മണലിൽ തറഞ്ഞ കാലുകൾ ഉയർത്തി .

"കടവുളേ ..."ഉങ്ക്ലി കണ്ണു നീർ തുടച്ചു ഞങ്ങൾകൊപ്പം നടന്നു .

Saturday, December 5, 2015

ഒരു പഴയ ബസ്സ് പുരാണം



മുനിസിപ്പൽ സ്ടാണ്ടിലെ ബാറ്റ ഷൂ കമ്പനിയുടെ അടുത്ത് പാർക്ക് ചെയ്ത ബസ്സിൽ കയറി .
അമ്മ സ്ത്രീകൾകുള്ള സീറ്റിലും .
അച്ഛൻ പുറത്തു സിഗരെറ്റിന്റെ അവസാനത്തെ പുകയും വലിച്ചു ശക്തൻ തമ്പുരാന്റെ പ്രതിമക്കരികിലൂടെ അന്തിക്കാട് ബസ്സു നിർത്തിയിട്ട സഹകരണ ബാങ്കിന്റെ നേര്ക് വച്ചു പിടിക്കുന്നു . ബസ്സ് പോകുന്നതിനു മുൻപ് എത്തുമെന്ന് കരുതി .
ഒറ്റക്കാലിൽ വടിയും കുത്തി എല്ലാ സീറ്റിലും സംഭാവനക്ക് മലയാളത്തിൽ അച്ചടിച്ച നിറം മങ്ങിയ കട്ടി കടലാസുമായി യാചകൻ . ഒന്ന് നോക്കിയിട്ട്  അടുത്ത ഒഴിഞ്ഞ സീറ്റിൽ വച്ച് പുറത്തേക്കു നോക്കിയിരുന്നു  .
മിനിറ്റുകൾ കൊണ്ട് ബസ്സിൽ തിരക്ക് . ട്രാഫിക് പോലീസ് വിസിൽ വിളിച്ചു ഡ്രൈവറുടെ വാതിലിൽ തട്ടി .
പിന്നെ വണ്ടി നീങ്ങി .
അച്ഛൻ പതുക്കെ പിന്നിലെ സീറ്റിൽ നിന്നും അഞ്ചിന്റെ നോട്ടെടുത്ത് നീട്ടി .
"നീ ടിക്കറ്റ്വാങ്ങിക്കോ " ഒന്നും മനസ്സിലായില്ല .
"മൂന്ന് തൃപ്രയാര്, ഒരു സ്ത്രീയുണ്ട്  " തിരക്കിലൂടെ ഊര്ന്നു വന്ന കണ്ടക്ടറുടെ കയ്യിൽ പൈസ കൊടുത്തു പറഞ്ഞു .
ടിക്കെറ്റും ബാക്കിയും നൽകി അയാള് പിന്നിലെത്തി .
പിന്നെ കണിമംഗലം, ചേർപ്പ്‌ . ആളുകൾ ഒഴിഞ്ഞു .
കണ്ടക്ടർ അടുത്തു വന്നു .
"മാഷടെ മോനാ , പൈസ തിരിച്ചു തരാം . നിങ്ങളോട് ടിക്കെട്ടിനു പൈസാ വാങ്ങിയാൽ ജേക്കബ്ചേട്ടന്റെ ചീത്ത കേൾക്കണം ."
"അയ്യോ അത് ശരിയാവൂല്യ...അപ്പൊ ഞങ്ങള് വേറെ വണ്ടീല് കേറും ."


1976 ആയിരുന്നു ഒരു പതിനൊന്നു മണിയോടെ അച്ഛനോടൊപ്പം ജേക്കബ്ചേട്ടൻ വന്നത്.
പിന്നെ വളരെ നേരം അവർ സംസാരിച്ചു
തിങ്കളാഴ്ച അയ്യന്തോളിൽ കാണാമെന്നു പറഞ്ഞു യാത്രാ മൊഴി.
എനിക്കന്ന് അറിയില്ലായിരുന്നു എന്തായിരുന്നു അവർ പറഞ്ഞതെന്ന്.
അന്നൊക്കെ കൂരിത്തറ   എന്നുവിളിക്കുന്ന ചുറ്റും പാടങ്ങൾ നിറഞ്ഞ നീളൻ വഴിയിൽ വല്യ വണ്ടികളൊക്കെ ഓടിയെത്തുമ്പോൾ അകലെയുള്ള എൻറെ വീട്ടിലേക്കും അതിന്റെ ശബ്ദം എത്തുമായിരുന്നു .
വൈകിട്ട് നാലുമണി കഴിഞ്ഞു ഒരു ബസ്സ് തെക്കേ റോഡിലൂടെ ഹോണടിച്ച് ഓടിപ്പോയി.
ചാരു കസേരയിൽ നിന്ന് എഴുന്നേറ്റ് മുണ്ട് വീണ്ടും മുറുക്കി യുടുത്തു അച്ഛൻ പുറത്തിറങ്ങി ; പതിവില്ലാതെ .
"അത് നമ്മുടെ വിടെക്കുള്ള ബസ്സാ ..." പുഞ്ചിരിച്ച് എന്നെ നോക്കി .
ഞാൻ എസ്സെൻ കോളേജിലെ പ്രീ ഡിഗ്രി യുടെ ഫോം പൂരിപ്പിക്കുന്ന തിരക്കിലായിരുന്നു .
"അത് വല്ല കല്യാണ ബസ്സാവും "
"ഏയ്‌ ; ഇപ്പോ നീ നോക്കിക്കോ ; ജേക്കബ്വരുമ്പോൾ അറിയാം " വഴിയിൽ കണ്ണു നട്ട് അച്ഛൻ പറഞ്ഞു .
മിനുട്ടുകൾ കഴിഞ്ഞ് പറഞ്ഞതുപോലെ പടിക്കൽ ബസ്സ് നിന്നു .
ചുരുളൻ മുടിക്കാരൻ ,വെളുത്തു തടിച്ച ശരീരം... പൂക്കളുടെ ഷർട്ട് ,
"മാഷില്ലേ ?"
"ഉണ്ട് , കേറിവായോ " അച്ഛൻ പുറത്തു വന്നു .
"എങ്ങിനെയുണ്ട് റോഡൊക്കെ ? "
"റോഡൊക്കെ കൊഴപ്പില്ല മാഷേ , നമുക്ക്റൂട്ട് തരാൻ RTA സമ്മതിക്കുന്നില്ല "
" നാട്ടിൽ വേറെ ബസ്സില്ല എന്ന് നമ്മള് എഴുതി കൊടുത്തിട്ടും ...?"
"മാഷ്ഒരു ഉപകാരം ചെയ്യോ ? നമുക്ക് പത്തിരുന്നൂറ് ആളോളെ ഒപ്പ് ശേഖരിച്ചു കലെക്ടര്കും RTA ക്കും കൊടുത്ത് നോക്കാം ; നാട്ടുകാർകും കുട്ട്യോൾകും റൂട്ട് വന്നാ നല്ല കാര്യാവും ന്ന് പറഞ്ഞ് ...എഴുത്തൊക്കെ മാഷന്നെ ചെയ്താൽ മതി ."
"അത് സംഖടിപിക്കാം ...ഇനീ രാഷ്ട്രീയക്കാരാണോ ഇതിന് മോടക്ക് ?"
"ഏയ്‌ , ചന്ദ്രസേനനും GBT യൊക്കയാ RTA ഭരണം . മേനോൻ നമ്മടെ ബസ്സിൻറെ സമയം മാറ്റിക്കിട്ടാൻ കടി പിടി യാ "
"എന്നാ ജേക്കബ്കുടിക്കാൻ ചായ എടുക്കട്ടേ ?"
"ഒന്നും വേണ്ട മാഷേ , നമുക്ക് ബീച്ചിലേക്ക് റൂട്ട് എടുത്തിട്ട് ആവാം എല്ലാം ."
പിന്നെ രണ്ടാഴ്ച കഴിഞ്ഞു . RTA മീറ്റിങ്ങിൽ റൌട്ട് കിട്ടി .
കന്നി യോട്ടം ഹൈ വേ മുതൽ ബീച്ച് വരെ എയർ ഹോണും മുഴക്കി "നെല്ലിശ്ശേരി " ഞങ്ങളുടെ ഗ്രാമത്തിന്റെ ഭാഗമായി .
"ഒമ്പത് മണി കഴിഞ്ഞോ" എന്ന ചോദ്യം "നെല്ലിശ്ശേരി പോയോ ?" എന്നായി മാറി .
പിന്നെ ക്രിസ്മസ് ദിനത്തിൽ ഫ്രൂട്ട് കേക്കുമായി ക്ലീനർ ഞങ്ങളുടെ വീട്ടിലെത്തും.

വർഷങ്ങൾക്ക് ശേഷം ഫീഫ യും മായംപിള്ളിയും വന്നു .
ക്ലോക്കിലെ സമയങ്ങൾക്കു പകരമായി
ഒരു മൂന്ന് മണിക്കുള്ള ഫീഫാ ബസ്സിൽ ഞാൻ പെട്ടിയും കിടക്കയുമായി മണ്ണുത്തി വെറ്റിനറി കോളേജിനടുത്ത സ്റ്റോപ്പിൽ ഇറങ്ങി .

അന്നു എന്റെ കൂടെ സഞ്ജു ഹോസ്ടലിലേക്ക്  കരിങ്കൽ ചീളുകൾ നിരന്ന വഴിയിൽ  നടക്കാൻ ആർതാറ്റ് പള്ളിയുടെ അടുത്തു നിന്ന് വന്ന ഒരു ഉയരം കുറഞ്ഞ മറ്റൊരു പയ്യനുമുണ്ടായിരുന്നു .


പിന്നെ നടന്നത് ചരിത്രം .