Translate

Saturday, December 5, 2015

ഒരു പഴയ ബസ്സ് പുരാണം



മുനിസിപ്പൽ സ്ടാണ്ടിലെ ബാറ്റ ഷൂ കമ്പനിയുടെ അടുത്ത് പാർക്ക് ചെയ്ത ബസ്സിൽ കയറി .
അമ്മ സ്ത്രീകൾകുള്ള സീറ്റിലും .
അച്ഛൻ പുറത്തു സിഗരെറ്റിന്റെ അവസാനത്തെ പുകയും വലിച്ചു ശക്തൻ തമ്പുരാന്റെ പ്രതിമക്കരികിലൂടെ അന്തിക്കാട് ബസ്സു നിർത്തിയിട്ട സഹകരണ ബാങ്കിന്റെ നേര്ക് വച്ചു പിടിക്കുന്നു . ബസ്സ് പോകുന്നതിനു മുൻപ് എത്തുമെന്ന് കരുതി .
ഒറ്റക്കാലിൽ വടിയും കുത്തി എല്ലാ സീറ്റിലും സംഭാവനക്ക് മലയാളത്തിൽ അച്ചടിച്ച നിറം മങ്ങിയ കട്ടി കടലാസുമായി യാചകൻ . ഒന്ന് നോക്കിയിട്ട്  അടുത്ത ഒഴിഞ്ഞ സീറ്റിൽ വച്ച് പുറത്തേക്കു നോക്കിയിരുന്നു  .
മിനിറ്റുകൾ കൊണ്ട് ബസ്സിൽ തിരക്ക് . ട്രാഫിക് പോലീസ് വിസിൽ വിളിച്ചു ഡ്രൈവറുടെ വാതിലിൽ തട്ടി .
പിന്നെ വണ്ടി നീങ്ങി .
അച്ഛൻ പതുക്കെ പിന്നിലെ സീറ്റിൽ നിന്നും അഞ്ചിന്റെ നോട്ടെടുത്ത് നീട്ടി .
"നീ ടിക്കറ്റ്വാങ്ങിക്കോ " ഒന്നും മനസ്സിലായില്ല .
"മൂന്ന് തൃപ്രയാര്, ഒരു സ്ത്രീയുണ്ട്  " തിരക്കിലൂടെ ഊര്ന്നു വന്ന കണ്ടക്ടറുടെ കയ്യിൽ പൈസ കൊടുത്തു പറഞ്ഞു .
ടിക്കെറ്റും ബാക്കിയും നൽകി അയാള് പിന്നിലെത്തി .
പിന്നെ കണിമംഗലം, ചേർപ്പ്‌ . ആളുകൾ ഒഴിഞ്ഞു .
കണ്ടക്ടർ അടുത്തു വന്നു .
"മാഷടെ മോനാ , പൈസ തിരിച്ചു തരാം . നിങ്ങളോട് ടിക്കെട്ടിനു പൈസാ വാങ്ങിയാൽ ജേക്കബ്ചേട്ടന്റെ ചീത്ത കേൾക്കണം ."
"അയ്യോ അത് ശരിയാവൂല്യ...അപ്പൊ ഞങ്ങള് വേറെ വണ്ടീല് കേറും ."


1976 ആയിരുന്നു ഒരു പതിനൊന്നു മണിയോടെ അച്ഛനോടൊപ്പം ജേക്കബ്ചേട്ടൻ വന്നത്.
പിന്നെ വളരെ നേരം അവർ സംസാരിച്ചു
തിങ്കളാഴ്ച അയ്യന്തോളിൽ കാണാമെന്നു പറഞ്ഞു യാത്രാ മൊഴി.
എനിക്കന്ന് അറിയില്ലായിരുന്നു എന്തായിരുന്നു അവർ പറഞ്ഞതെന്ന്.
അന്നൊക്കെ കൂരിത്തറ   എന്നുവിളിക്കുന്ന ചുറ്റും പാടങ്ങൾ നിറഞ്ഞ നീളൻ വഴിയിൽ വല്യ വണ്ടികളൊക്കെ ഓടിയെത്തുമ്പോൾ അകലെയുള്ള എൻറെ വീട്ടിലേക്കും അതിന്റെ ശബ്ദം എത്തുമായിരുന്നു .
വൈകിട്ട് നാലുമണി കഴിഞ്ഞു ഒരു ബസ്സ് തെക്കേ റോഡിലൂടെ ഹോണടിച്ച് ഓടിപ്പോയി.
ചാരു കസേരയിൽ നിന്ന് എഴുന്നേറ്റ് മുണ്ട് വീണ്ടും മുറുക്കി യുടുത്തു അച്ഛൻ പുറത്തിറങ്ങി ; പതിവില്ലാതെ .
"അത് നമ്മുടെ വിടെക്കുള്ള ബസ്സാ ..." പുഞ്ചിരിച്ച് എന്നെ നോക്കി .
ഞാൻ എസ്സെൻ കോളേജിലെ പ്രീ ഡിഗ്രി യുടെ ഫോം പൂരിപ്പിക്കുന്ന തിരക്കിലായിരുന്നു .
"അത് വല്ല കല്യാണ ബസ്സാവും "
"ഏയ്‌ ; ഇപ്പോ നീ നോക്കിക്കോ ; ജേക്കബ്വരുമ്പോൾ അറിയാം " വഴിയിൽ കണ്ണു നട്ട് അച്ഛൻ പറഞ്ഞു .
മിനുട്ടുകൾ കഴിഞ്ഞ് പറഞ്ഞതുപോലെ പടിക്കൽ ബസ്സ് നിന്നു .
ചുരുളൻ മുടിക്കാരൻ ,വെളുത്തു തടിച്ച ശരീരം... പൂക്കളുടെ ഷർട്ട് ,
"മാഷില്ലേ ?"
"ഉണ്ട് , കേറിവായോ " അച്ഛൻ പുറത്തു വന്നു .
"എങ്ങിനെയുണ്ട് റോഡൊക്കെ ? "
"റോഡൊക്കെ കൊഴപ്പില്ല മാഷേ , നമുക്ക്റൂട്ട് തരാൻ RTA സമ്മതിക്കുന്നില്ല "
" നാട്ടിൽ വേറെ ബസ്സില്ല എന്ന് നമ്മള് എഴുതി കൊടുത്തിട്ടും ...?"
"മാഷ്ഒരു ഉപകാരം ചെയ്യോ ? നമുക്ക് പത്തിരുന്നൂറ് ആളോളെ ഒപ്പ് ശേഖരിച്ചു കലെക്ടര്കും RTA ക്കും കൊടുത്ത് നോക്കാം ; നാട്ടുകാർകും കുട്ട്യോൾകും റൂട്ട് വന്നാ നല്ല കാര്യാവും ന്ന് പറഞ്ഞ് ...എഴുത്തൊക്കെ മാഷന്നെ ചെയ്താൽ മതി ."
"അത് സംഖടിപിക്കാം ...ഇനീ രാഷ്ട്രീയക്കാരാണോ ഇതിന് മോടക്ക് ?"
"ഏയ്‌ , ചന്ദ്രസേനനും GBT യൊക്കയാ RTA ഭരണം . മേനോൻ നമ്മടെ ബസ്സിൻറെ സമയം മാറ്റിക്കിട്ടാൻ കടി പിടി യാ "
"എന്നാ ജേക്കബ്കുടിക്കാൻ ചായ എടുക്കട്ടേ ?"
"ഒന്നും വേണ്ട മാഷേ , നമുക്ക് ബീച്ചിലേക്ക് റൂട്ട് എടുത്തിട്ട് ആവാം എല്ലാം ."
പിന്നെ രണ്ടാഴ്ച കഴിഞ്ഞു . RTA മീറ്റിങ്ങിൽ റൌട്ട് കിട്ടി .
കന്നി യോട്ടം ഹൈ വേ മുതൽ ബീച്ച് വരെ എയർ ഹോണും മുഴക്കി "നെല്ലിശ്ശേരി " ഞങ്ങളുടെ ഗ്രാമത്തിന്റെ ഭാഗമായി .
"ഒമ്പത് മണി കഴിഞ്ഞോ" എന്ന ചോദ്യം "നെല്ലിശ്ശേരി പോയോ ?" എന്നായി മാറി .
പിന്നെ ക്രിസ്മസ് ദിനത്തിൽ ഫ്രൂട്ട് കേക്കുമായി ക്ലീനർ ഞങ്ങളുടെ വീട്ടിലെത്തും.

വർഷങ്ങൾക്ക് ശേഷം ഫീഫ യും മായംപിള്ളിയും വന്നു .
ക്ലോക്കിലെ സമയങ്ങൾക്കു പകരമായി
ഒരു മൂന്ന് മണിക്കുള്ള ഫീഫാ ബസ്സിൽ ഞാൻ പെട്ടിയും കിടക്കയുമായി മണ്ണുത്തി വെറ്റിനറി കോളേജിനടുത്ത സ്റ്റോപ്പിൽ ഇറങ്ങി .

അന്നു എന്റെ കൂടെ സഞ്ജു ഹോസ്ടലിലേക്ക്  കരിങ്കൽ ചീളുകൾ നിരന്ന വഴിയിൽ  നടക്കാൻ ആർതാറ്റ് പള്ളിയുടെ അടുത്തു നിന്ന് വന്ന ഒരു ഉയരം കുറഞ്ഞ മറ്റൊരു പയ്യനുമുണ്ടായിരുന്നു .


പിന്നെ നടന്നത് ചരിത്രം .

No comments:

Post a Comment