Translate

Sunday, November 24, 2013

പിരിയുന്ന വിവരം



ഒരു എണ്‍പതുകളിലെ ഉച്ച .
സെൻറ് അന്തോനീസ് ബസ്സിൽ ഉറക്കം തൂങ്ങി പൊടിക്കാറ്റ് ശ്വസി ച്ചുള്ള യാത്രാ മദ്ധ്യേ പെട്ടെന്ന് നിന്നതിന്റെ ഞെട്ടൽ കൌതുകത്തിന് വഴിമാറി .
വഴി തടഞ്ഞ യുവാക്കൾ . ആരെയും ഞാൻ ഒരിക്കലും കണ്ടിട്ടില്ല .
"കണ്ടക്ടരെവിടെ ?"
കാക്കി ധാരി തിരക്കിനിടയിലൂടെ ഉന്തി തള്ളി ടിക്കറ്റ്‌ റാക്കും ലതർ ബാഗുമായി മുൻ വാതിലിൽ നിന്നും ചാടി .
എന്റെ മുഖത്തേക്ക് വിയര്പു ഗന്ധം ആലേപനം ചെയ്തു കൊണ്ട് ആകാംഷ ഭരിതനായ സഹയാത്രികന്റെ മേൽ ശരീരം ജനൽ കമ്പികൾ ക്ക് വെളിയിലേക്ക് .
"പിരിവുകാരാന്നു  തോന്നുണ്"
"എന്തെകിലും കൊടുത്തു വിട്ടുകള മക്കളേ "
യാത്ര വൈകുന്നതിൽ മനസ്സുമടുത്ത ഒരു വൃദ്ധൻ .
"അങ്ങനെ പറഞ്ഞാൽ ഞങ്ങളെവിടെ നിന്ന് എടുക്കാൻ ... ഇന്നലെ മറ്റേ പാർടിക്ക് പെരിങ്ങോട്ടുകര മൂന്നും കൂടിയോടത്ത് കൊടുത്തതാ ..."
കിളിയുടെ പരിവേദനം .
"ഇപ്പോ ഏതു കൊളെജെലെക്ഷനാ?"
"ഇതോ എലെക്ഷനോന്നും അല്ലാ ...വേറെ എന്തോ കുന്ത്രാണ്ടാതിനാ ..."
"കൊടുത്തു വിടാ ചേട്ടാ "
"ഏയ്‌ ...ഇത് ഇന്നലെ ഞങ്ങളെ പിരിച്ചതാ ..."
"എന്നാൽ രസീറ്റ്‌ കാണിക്ക് ..."
"ദേ ....രസീറ്റ്‌ ഇവിടെ തന്നെയുണ്ട്"
ബാഗിലെ മൂലയിൽ നിന്നും തപ്പി ക്കിട്ടിയ മഞ്ഞ കടലാസ്സു കഷണം യുവ നേതാവിന് നേരെ കണ്ടക്ട്ടെർ നീട്ടി .
"ആ ...അത് മറ്റേ ഗ്രൂപ്പാ ."
"കൊടുത്തു വിട് ജോര്ജെ ...കേകേ മേനോൻ വര് ണ് "
പിന്നിലേക്ക്‌ തലയിട്ട് നോക്കി ഡ്രൈവർ അക്ഷമനായി .
ബാഗിൽനിന്നും പത്തിന്റെ നോട്ടെടുത്ത് കൊടുത്തു കിളിയോട് രസീറ്റ് വാങ്ങി വരാൻ പറഞ്ഞു ജോർജുകുട്ടി മുൻ വാതിലിൽ കൂടി മുറുമുറുത്തു കയറി .
വണ്ടി വിടാനുള്ള ചരടിൽ പിടിച്ചു വലിക്കുന്നതിനിടയിൽ സ്ഥിര യാത്രക്കാരനായ എന്നോട് "ഏതോ കഴുവേ റിക്ക് റാങ്ക് കിട്ടിയെന്നോ മറ്റോ പറഞ്ഞു മെഡൽ പിരിവിനായി ഇറങ്ങിക്കോളും ഓരോരുത്തനും ...അല്ലാ ..പിന്നേ .."

.............
അയാളുടെ ഭവ്യമായ പുഞ്ചിരിയിൽ എൻറെ യുനിവേര്സിടി റാങ്കും അതിന്റെ പിന്നോടിയായ ആത്മാഭിമാനവും ഡീസലിന്റെ പുകയോട്‌ ചേർന്ന് നഷ്ടമാകുന്നത് ഞാനറിഞ്ഞു .

No comments:

Post a Comment