Translate

Friday, November 29, 2013

Malpractice

മാൽ പ്രാക്ടീസ്‌

എഴുമണി...
 കാക്കകൾ ആശുപത്രി വശത്തെ കാനകളിൽ പിക്കാസോ ചിത്രങ്ങൾ വരയ്ക്കുമ്പോൾ  ആ മരം കോച്ചുന്ന തണുപ്പിൽ തുരുമ്പെടുത്ത ട്രോളിയിൽ അയാൾ കിടന്നു... ഊഴവും കാത്ത്.

പുറത്തു ഒപെരേഷൻ തിയ്യേറ്ററിൽ കയറ്റിയ രോഗികളുടെ ബന്ധുക്കൾ ആശങ്കാകുലരായി  വരിക്ക ചക്കമേൽ ഈച്ചകളെ പ്പോലെ പറ്റിനിന്നു .
പച്ചവസ്ത്രക്കാരി ജാനകി വാതിൽ തള്ളി തല പുറത്തേക്കിട്ട് വിളിച്ചു .
"മുഹമ്മദു കുഞ്ഞിന്റെ ആള്കാരുണ്ടോ ?"
"ഇജ്ജൊന്നു മാറ്യെ വെക്കം ഉമ്മളെ വിളിക്യാന്നു "
ഹാജ്യാര് ഉന്തി തള്ളി മുന്നിലെത്തി
ജാനകി യുടെ തല മേത്തൻ മണിയുടെ കണക്കിന് അപ്രത്യക്ഷമായത് ആ നിമിഷം തന്നെ .
"ഒന്നു് ദൂരത്തോട്ടു മാറി നിക്കണം ..." ജാനകി യുടെ തല ആജ്ഞാസ്വരത്തിൽ വീണ്ടും .
"മുഹമ്മദു കുഞ്ഞിന്റെ ആളാ ...നേരത്തേ വിളിച്ച തല്ലേ ?"
"ആ ...ഈ എഴുതിയ മരുന്നും ഗ്ലുകോസ് കുപ്പീം വാങ്ങി വേഗം വരണം . കേസ് ഇപ്പോ എടുക്കാൻ പോകുവാ "
ഹാജ്യാര് കുറിപ്പടി പോക്കറ്റിലിട്ടു കോണിപ്പടി ലക്ഷ്യമായി കുതിച്ചു .
"ആരാ മണികണ്ഠൻ ?"
"മണികണ്ഠൻ ...മണികണ്ഠൻ ..." പുരുഷാരം കൂടി വിളിച്ചു .
പുറകിൽ സ്വസ്ഥമായി പത്രം വായിച്ചിരുന്ന മണികണ്ഠൻ സട കുടഞ്ഞെനീട്ടു.
"ഒപെരെഷൻ കഴിഞ്ഞോ ദൈവമേ ..."
"അമ്മയുടെ ജീവന് ആപത്തൊന്നും വരുത്തല്ലേ എന്റെ ഗുരുവായൂരപ്പാ !"
"നിങ്ങളാണോ മണികണ്ഠൻ ?"
"അതേ ...ഞാൻ ഇവിടെത്തന്നെ യുണ്ടായിരുന്നു ."
"എവിടെയായിരുന്നു ഇത്രയും നേരം കേസ് ടേബിളിൽ കയറ്റാൻ നേരം ഇയാൾ എവിടെ പോയി കിടക്കുവാ ?"
"വല്ല കുഴപ്പവും ?"
"ഏയ്‌...നിങ്ങളെ വിളിക്കാൻ പറഞ്ഞു സാരമ്മാര് "
ചെരുപ്പ് പുറത്തിട്ടോളൂ
"ഇതിലേക്ക് കേറിക്കോ " ട്രോളി ചൂണ്ടി തോമസ്‌ പറഞ്ഞു .
മണികണ്ഠൻ മുകളിലേക്ക് നോട്ടമിട്ടു മനസ്സിലെ അങ്കലാപ്പ് നാമം ചൊല്ലി അടക്കി നിർത്തി.
അമ്മക്ക് രക്തദാനം വേണമായിരിക്കും അതാണ്‌ ഇനി .
ഭഗവാനേ എങ്ങിനെയെങ്കിലും അമ്മയുടെ ജീവൻ നിലനിർത്തിയാൽ ഞാനൊരു ശയന പ്രദക്ഷിണം നടത്തിക്കോളാമേ ...ഗുരുവായൂരപ്പാ കാക്കണേ ...
ട്രോളിയുടെ യാത്ര നിലച്ചു .
"ജൊസെഫ് സാറേ ഈ പെഷിയെന്റ്റ് ഏതു മുറിയിലാ പോകുന്നത് ?"
"അയാള്ടെ പേരെന്താ ?"
"നിങ്ങടെ പേരെന്താ ?"
"മണികണ്ഠൻ "
"ആ... മണികണ്ഠൻ യുറോളജി കേസാ ... നാലിലാ"

മുഖം മൂടി കെട്ടിയ പച്ച വസ്ത്ര ധാരികളുടെ ചോദ്യങ്ങൾക്ക് അയാൾക്ക് ഉത്തരമില്ലായിരുന്നു .
"ലെഫ്റ്റ് ഒര്കിടെക്ടമി " അത് മാത്രം അയാൾ കേട്ടു . പിന്നെ ഒരു പ്ലാസ്ടിക് മാസ്കും മുഖത്തേക്ക് അമർന്നു .
പിന്നെ നടന്നതെല്ലാം ഒരു സ്വപ്നമായിരുന്നു .
ജാനകി അനസ്തേഷ്യ ഓഫീസിന്റെ പുറകുവശത്തെ ട്രോളിയിൽ ഉറക്കമായ വൃദ്ധനെ കുലുക്കിയുണർത്തി.
"നിങ്ങളെ ആരും വിളിച്ചില്ലേ ഇതുവരെ ?"
"ആ ....ഇല്ലാ."
"എന്താ പേര് ?"
"മണികണ്ഠൻ "
"ജൊസെഫ് സാറേ , ഇതാ വേറെ മണികണ്ഠൻ"
"ഇതാരപ്പോ വേറെ കേസ്"
"നാലില് ഇപ്പൊ കേസ് കഴിഞ്ഞ് ആ മണികണ്ഠൻ പോയെല്ലോ "
"ഇനി കേസൊന്നും ഇല്ല ഇവിടെ "
"അപ്പൊ എൻറെ ഒപെരാശൻ ?"
"ആ ...ഞങ്ങൾക്കറിയില്ല "
അവർ കൈമലർത്തി

ദൂരെ നാലാം വാർഡിൽ മയക്കം ഉണരുമ്പോൾ അസ്ഥാനത്തുള്ള വേദന മറ്റേ മണികണ്ഠൻ അറിഞ്ഞു.
"ഇങ്ങനെയാണോ ഇവിടെ ബ്ലഡ്‌ എടുക്കുന്നത്‌ ?" അയാൾക്ക് അന്ന്  ഉത്തരം കിട്ടാത്ത  ഒരേ ചോദ്യം അതായിരിക്കാം .

ആഴ്ചകൾ കഴിഞ്ഞു പത്രത്തിൽ വാർത്ത വന്നപ്പോൾ ഷേവു ചെയ്യുന്നിടെ ബാർബർ ഷാപ്പിലെ കൊച്ചുകുട്ടൻ അയാളോടു പറഞ്ഞു "ഇനീപ്പ പറഞ്ഞിട്ടെന്തു കാര്യം ...നീ പേരങ്ങിട് മാറ്റിക്കോ ... കണ്ടൻ ന്നു "

[ഈ കഥയിൽ പേരുകൾ മാറിയെങ്കിലും പലരും ജീവിച്ചിരിക്കുന്നുണ്ടായിരിക്കും . ക്ഷമിക്കുമല്ലോ. അവലംബം ഒരു പഴയ പത്ര വാർത്തമാത്രം ]

No comments:

Post a Comment