Translate

Saturday, April 5, 2014

തിരിച്ചറിയൽ പരേഡ്




ഉച്ചകഴിഞ്ഞ് കടയിൽ ആളില്ലാത്ത സമയം . ഞായറാഴ്ച ആയതുകൊണ്ട് പള്ളിയിലെ കുർബാന കഴിഞ്ഞു പതിവുജനം പോയിക്കഴിഞ്ഞു .
ഭാര്യാസഹോദരി പോസ്റ്റ്ഓഫീസിലെ കണക്കുകൾ എഴുതി തിട്ടപ്പെടുത്തുന്ന തിരക്കിൽ .
കാഷ് കൌണ്ടർ അടച്ചു ഇന്നത്തെ പത്രത്തിലെ ബാക്കി വിവരങ്ങൾ വായിച്ചു . പിന്നെ വരിയായി വച്ച ചോക്ലേറ്റ് കൂട്ടങ്ങളിൽ ചിതറി നിന്നവരെ അടുക്കി ; തീർന്നു പോയ കള്ളികളിൽ വീണ്ടും നിറച്ചു . ഇനി കഴിഞ്ഞ ആഴ്ചയിലെ ചിലവാകാത്ത പത്രക്കെട്ടുകളും മാസികകളും എണ്ണി കണക്കെഴുതാൻ തുടങ്ങണം .
പിന്നെ യാവാം . മടുപ്പിന്റെ കോട്ടുവായ് എടുന്നതിനു മദ്ധ്യേ വാതിൽ തള്ളിത്തുറന്ന നാലു തടിമാടൻ യുവാക്കൾ .
"ഹായ് ബോസ് മാൻ ?"
"വേർ ഈസ്അവർ ബോസ് മാൻ ?"
അമ്മായി അപ്പനെ യാണ് വിളിക്കുന്നതെന്നറിയാം .
"ഹി ഈസ്നോട്ട് ഹിയർ "
പിന്നെ ശ്രദ്ധിച്ചു ; കൂടുതൽ നാട്ടിലെ കാര്യങ്ങൾ അറിയാവുന്ന അനിയത്തി കടയുടെ വാതിലിനടുത്ത് നിന്ന് മലയാളത്തിൽ പറഞ്ഞു
"ചേട്ടാ ഇവര് കുഴപ്പക്കാരാ ;കള്ള് വാങ്ങാൻ വന്നിരിക്യാ , കൊടുക്കല്ലേ "
കൂട്ടത്തിൽ ഒരാൾ പത്ര മാസികകൾ എടുത്ത് മറിച്ചു നോക്കി എന്തോപറഞ്ഞു അട്ടഹസിച്ചു .
വേറെ രണ്ടു പേർ ബിയർ കാനുകൾ പൊക്കിയെടുത്തു കൌണ്ടറിൽ വച്ചു .
"കാൻ ഹാവ് ട്വെന്റി ബെൻസൻസ് " സിഗരെട്ടു അലമാരയെ ചൂണ്ടി ഒരാള് .
ഞാൻ സിഗരെറ്റ്എടുക്കുന്നതിനിടയിൽ മറ്റൊരാൾ പെന്റ് ഹൌസ് മാസിക മറിച്ചു നോക്കി
"ചാർളീ ലുക്ക്അറ്റ്ദിസ്‌ ..."
ഞായറാഴ്ച കള്ള് കച്ചവടം ഇല്ല . അതുകൊണ്ട് തന്നെ അവർക്ക് വിൽകുന്ന പ്രശ്നം തന്നെ ഉദിക്കുന്നില്ല .
"സോറി ; കാന്റ് സർവ് യു ", ബിയർ കാൻ മാറ്റി വച്ച് ഞാൻ പറഞ്ഞു .
"വൈ കാന്റ് യു പാക്കീ ?"
കൂട്ടത്തില തല മുടി വടിച്ചു കണ്ണടയുടെ കാലുപോലെ ചെവിക്കു മുകളിൽ അടയാളം വരുത്തിയ ഒരുവൻ . കണ്ടാൽ തന്നെ ഒരു തല്ലിപ്പൊളി യാണെന്ന് മനസ്സിലാവും .
"യു ഷുഡ്ലീവ് ; വീ ആർ ക്ലോസ്ഡ് " ഞാൻ ഉറച്ച ശബ് ത്തിൽ പറഞ്ഞു .
ഒരു കയ്യിൽ ബിയർ കാനുകൾ എടുത്തുകൊണ്ട് ഒരാൾ മുന്നോട്ടു വന്നു .
പിന്നെ ഒന്ന് മാത്രം കണ്ടു എന്റെ കണ്ണിനു നേരെ കുതിച്ചു വന്ന ഒരു വെളുത്ത മുഷ്ടി .
അത് എന്റെ നെറ്റിയിൽ തന്നെ കൊണ്ടു . പിന്നെ വന്നത് മുഖത്തുതന്നെ കൊണ്ടിരിക്കും . സമയത്തെ സ്പർശ ശക്തി എന്തോ കാരണത്താൽ എന്നെ കൈ വിട്ടു .
പിന്നെ ഒരു ഇരുട്ടിന്റെ പാളിയും ...
ഓർമ വരുന്നത് തലയിലേക്ക് തെറിച്ചു വന്ന മിട്ടായി കളും മാസികകളും , പിന്നെ ശക്തിയായ തല വേദനയും .പല്ലിനിടയിൽ ചോരയുടെ രുചി . നാവുകൊണ്ട് അത് തുടച്ചപ്പോൾ പൊട്ടിയ പല്ലിന്റെ അറ്റം പോറിയിരിക്കുന്നു .
പിന്നെ ശബ്ദങ്ങൾ ഒന്നൊന്നായി കേട്ടു . താഴെ വീണു പോയ സ്ടാന്ടുകളും ചില്ല് കൂടുകളും വലിച്ചു എറിഞ്ഞു ഭീകരത വരുത്തി വാതിൽ ചവിട്ടുന്ന സ്വരങ്ങൾ .
പിന്നെ മുകളിലെ കോണിപ്പടികൾ ചാടിയിറങ്ങി വരുന്ന കുടുംബാന്ഗങ്ങളുടെ പാദ പതനങ്ങൾ .
ഒരു കണക്കിന് വഴിയിൽ കിടന്ന സാധനങ്ങളെ ചാടി മാറ്റി വാതിൽ തുറന്നു പുറത്തേക്കിറങ്ങി .
ഒന്നും ചിന്തിക്കാനുള്ള ബുദ്ധി യില്ലായിരുന്നു . തിരിച്ചു തല്ലിയാൽ ആർ ജയിക്കും എന്ന് ചിന്തിച്ചില്ല . കയ്യിൽ കരുതാൻ ഒരു കുറു വടി പോലുമില്ല പിന്നെ നോക്കിയപ്പോൾ കണ്ടത് വാൾസ് ഐസ് ക്രീം കാരുടെ താഴെ വച്ച ഒരു ബോർഡ്‌ . അതും പൊക്കി താഴോട്ടുള്ള വഴിയിലൂടെ ഓടി.
പിന്നെ കണ്ടു അളിയനും ഭാര്യയും  എല്ലാം അക്രമികളെ ഓടിക്കുന്നു .
പിന്നെ വഴികൾ ആരുമില്ലാതെ ഉച്ചമയക്കത്തിൽ ഒതുങ്ങി .

മിനിറ്റുകൾ ശേഷം പോലീസ് എത്തി
"എന്തെങ്കിലും പറ്റിയോ ?"
"ഏയ്‌ ...സാരമില്ല ; ഇടിച്ചത് പെട്ടെന്നായി" ; ഒരു ഇളിഭ്യതയോടെ പല്ലിന്റെ മേലെ ടിഷ്യു പേപ്പർ അമർത്തി കൊണ്ട് ഞാൻ പറഞ്ഞു .
"എന്തായാലും ഹോസ്പിറ്റലിൽ പോകൂ , അവർ നോക്കും "
"ആരാ ഇടിച്ചതെന്ന് ഓർമ്മയുണ്ടോ ?"
"ഓര്മ ശരിക്കും വരുന്നില്ല "
ചെവിക്കു മുകളിലെ കണ്ണടയുടെ രീതിയിലുള്ള അടയാളം മാത്രം ഓർമയുണ്ട് . അത് ആരെ പറഞ്ഞു മനസ്സിലാക്കാൻ ?

മനസ്സിൽ അമർഷം മാത്രമായിരുന്നു .
വർഷങ്ങൾ ചിലവഴിച്ചു രാത്രി പകലാക്കി ബുദ്ധി മുട്ടി അച്ചടി മഷിയിൽ പുരണ്ട വൈദ്യ ശാസ്ത്ര വിവേകങ്ങൾ ഇതാണോ എനിക്ക് പകരം നൽകിയത് ?
ഒരു തെരുവ് ഗുണ്ടയുടെ അടിയും കൊണ്ട് തറയിൽ വീഴാനാണോ ഭൂഖണ്ഡങ്ങൾ താണ്ടി എന്നെ ഇവിടെ എത്തിച്ച എന്റെ ജന്മ സുകൃതം ?
"പ്ലീസ്കം ദിസ് വേ ..." കയ്യിൽ പേപ്പർ പിടിച്ച് സുസ്മേര വദനയായ നേഴ്സ് .
കൂടെ നടന്നു . ഓരോ കാൽ ചുവടും മസ്തിഷ്കത്തിന്റെ ഓരോ കവിളിലും ചുറ്റികയായി ആഞ്ഞലച്ചു .
പിന്നെ xray .
"നോ ഫ്രാക്ചെർ ... യു കാൻ ടേക്ക് സം പെയിൻ മെഡിസിൻ ഇഫ്യു നീഡ്‌ "
" ...നോ സർ , അയാം ഓക്കേ ..."
മുന്നിൽ കണ്ടവരെയെല്ലാം അടിച്ചു കൊല്ലാനുള്ള പക യുണ്ടായിരുന്നു .
പിന്നെ വീട്ടിലെത്തി .
"കടയടച്ച് എല്ലാവരും സ്വീകരണ മുറിയിൽ
" ചേട്ടനെ അടിച്ചവൻ പോലീസിന്റെ കയ്യിൽ കിട്ടി .ഇനി നാളെ പോയി കാണിച്ചു തിരിച്ചറിഞ്ഞാൽ മതി ."
സഹോദരിയുടെ സാന്ത്വനം .
പിന്നെ പോലീസ് കൊൻസ്റ്റ്ബിൽ എത്തി . വീണ്ടും വിവരങ്ങൾ  എഴുതിയെടുത്തു . രേഖകളിൽ ഒപ്പ് വച്ചു .
ഒരു വിധം രാത്രി കഴിച്ചു കൂട്ടി , ഭാര്യയുടെ നേരെ കയർത്തു .
എല്ലാവരും എന്നെ തുറിച്ചു നോക്കുന്നു . ഞാൻ ആണോ ഇതിനു കാരണം .
ഇന്ന് രാജ്യത്തു കാലെടുത്തു വച്ചിട്ട് മുപ്പതാം ദിനം മാത്രം .
തിരിച്ചു പോയാൽ ...
തിരിച്ചു പോവുക തന്നെ . ഇതു വിധി യാണ് .
നിന്റെ ചോറ് നിന്നെ കാത്തിരിക്കുന്നു എവിടെയോ ...
ഒന്നറിയാം ; ഇവിടെയല്ല .
മനസ്സു പഴിച്ചു . ഭാര്യ യെ കണ്ട ദിനത്തെ . വിവാഹ ദിനത്തെ നാടുവിട്ടു ഇവിടെയെത്താൻ തീരുമാനിച്ച ദിനത്തെ . വിധിയെ ...
പിറ്റേ ദിവസം എങ്ങിനെയോ പോയി . വൈകിട്ട് സഹോദരിയും തന്നേയും കൂട്ടി സ്റ്റെഷനിലെ ത്താൻ വേണ്ടി സുന്ദരിയായ പോലീസു കാരിയെത്തി . ഭാര്യയും സഹോദരിയും മലയാളത്തിൽ തന്നെ കളിയാക്കി .
"ഇനി പോലീസ് സ്റ്റെഷനിൽ തന്നെ കൂടല്ലേ "
തമാശ യിൽ പങ്കു ചേരാൻ കഴിഞ്ഞില്ല .
മനസ്സ് നിറയെ പക യായിരുന്നു . ഒരുപക്ഷെ എന്നോടുതന്നെ .
മുഖത്ത് മുഷ്ടി ചുരുട്ടി യടിച്ചത് വിധി യായിരുന്നു .
എനിക്ക് ഒരിക്കലും ചൂണ്ടി ക്കാട്ടാനാവാതെ എനിക്ക് പിന്നിൽ നിന്നും തള്ളിയ അദൃശ്യ ഹസ്തം .
യാത്രയിൽ അവനും എന്റെ സഹയാത്രികൻ . പോലീസ് വാഹനത്തിൽ എന്നെ കൊഞ്ഞനം കുത്തി ക്കൊണ്ട് അവനും .
ചുവന്ന ഇഷ്ടികകൾ വിരിച്ച ചവിട്ടു പടികളിൽ കയറി .
"നമുക്ക് പിൻ വശത്ത് കൂടി കയറാം . നിങ്ങളെ ഞാൻ അവിടെയിരുത്തി സമയ മാകുമ്പോൾ വിളിക്കാം "പോലീസ് കാരി പറഞ്ഞു .
പിന്നെ അരമണികൂർ കഴിഞ്ഞു . ദിറ്റെക്റ്റീവ് വന്നു ."ഞങ്ങള്കറിയാം അവരെ ; വേറെ കേസിലും അവരെ അന്വേഷിച്ചു നടക്കുക യായിരുന്നു ; ഒന്നും പേടിക്കാനില്ല ; ഇനി നിങ്ങളെ ശല്യം ചെയ്യാൻ അവർ വരാതെ ഞങ്ങൾ നോക്കാം ." തല കുലുക്കി "Thank You Sir ."

പിന്നെ ഇരുട്ടു  നിറഞ്ഞ മുറിയിലെത്തി
ഒരു വശ ത്തു ചില്ലിനു പുറത്തു ആറുപേർ . മുഷിഞ്ഞ ജീൻസ് ടി ഷർട്ട്‌ ; ചിലർക് തലമുടിയും ചിലർക്ക് ക്ലീൻ മൊട്ട തലയും . ചിലർ ഉയരത്തിലും ചിലർ ഉയരം കുറഞ്ഞും . ആരെയും മനസ്സിലായില്ല . പിന്നെ മനസ്സ് തോന്നിയ പോലെ പറഞ്ഞു , "No 5 "
"ഒന്ന് കൂടെ നോക്കണോ ?"  പോലീസ് കാരൻ .
"വേണ്ട ; മതി "
പിന്നെ നാടകം കഴിഞ്ഞതിൽ സന്തോഷിച്ചു .
വിധിയുടെ നാടകങ്ങൾ ഇനിയും എനിക്കായി അരങ്ങിലെത്തും .
"ചേട്ടാ കണ്ടില്ലേ അവനേ ? അവന്റെ മുഖം കാണണം .ചമ്മി ഇരിക്ക്യാ " സഹോദരി .
"എനിക്ക് മനസ്സിലായില്ല ."
" അവനല്ലേ No 2 "
'അതേയോ ? എനിക്ക് അറിയില്ലായിരുന്നു " പുറത്തേക്കു നോക്കി ഞാൻ പറഞ്ഞു .

....

No comments:

Post a Comment