Translate

Thursday, August 2, 2018

ഒരു സമരിയക്കാരനും ജമ്പ് സ്റ്റാർട്ടിങ്ങും



പാഠം ഒന്ന്:

പലപ്പോഴും അറിയാതെ ലൈറ്റ് കെടുത്താതെ പാർക്ക് ചെയ്താണ് കാറിന്റെ ബാറ്ററി ചാർജ്ജ് പോകുന്നത്‌. ഒരിക്കൽ ഞാൻ മാളിൽ നിന്നും രാത്രി എന്തോ വാങ്ങി തിരിച്ചു പോകുന്നതിനിടയിൽ വയസ്സായ രണ്ട് ചേച്ചിമാർ കാറിന്റെ ഹെഡ്ലൈറ്റ് അണയ്ക്കാതെ  ഡോർപൂട്ടി മാളിലേക്ക് പോകുന്നതു കണ്ടു.
തിരിച്ചു ഷോപ്പിങ് കഴിഞ്ഞു വരുമ്പോൾ ബാറ്ററി ജീവനില്ലാതെ പാവത്തുങ്ങൾ പെരുവഴിയിൽ കിടക്കേണ്ട എന്ന് കരുതി ഈയുള്ളവൻ വണ്ടി തിരിച്ചു പാർക്ക് ചെയ്ത് നല്ല സമരിയക്കാരനും ത്രിശ്ശിവപേരൂർ ഗഡിയുമായി.
ചേച്ചി മാരുടെ പിന്നാലെ വേണാട് എക്പ്രസ്സിന് സീറ്റുപിടിക്കാൻ പൂങ്കുന്നം മുതൽ ഓടുന്നതു പോലെയുള്ള ഓട്ടത്തിൽ ഒരു തൃണമൂലവും മുള പിടിച്ചില്ല.
അവസാനം ചേച്ചിമാരെ തിരക്കി വനിതാ വിഭാഗത്തിൽ ചുറ്റിപ്പറ്റി നിൽക്കുമ്പോൾ പെട്ടെന്ന് റാക്കുകളിലെ തൂക്കിയിട്ട വസ്ത്രങ്ങൾക്കിടയിൽ കിർലോസ്കർ ഫുട്ട് വാൾവിൻ്റെയിടയിൽ പതുങ്ങി നിന്ന കരീമീൻ പോലെ അതാ...രണ്ട് ഓറഞ്ച് തലകൾ.
"ക്ഷമിക്കണം, ചേച്ചിയുടെ കാറിന്റെ ഹെഡ്ലൈറ്റ് ഓഫാക്കാൻ മറന്നു, തിരിച്ചു പോകുമ്പോൾ ബാറ്ററി ചാർജ് കാണില്ല, അതാ ഞാൻ ഓടിവന്നത്. പോയി ഓഫാക്കിക്കോളൂ"
എന്ന് ഒറ്റ ശ്വാസത്തിൽ പറഞ്ഞ് തല കുനിച്ച് പൊന്നാടയോ, പട്ടും വളയോ, പരമവീര്യ ചക്രമോ എന്തേച്ചാൽ മ്മടെ മേത്തിക്ക് ട്ടോളൂ, സാരല്ല എന്ന് മനസ്സിൽ ഇന്നസെൻ്റായി  ധ്യാനിച്ച് നിൽക്കേ അശരീരി കേട്ടു.
മലയാളത്തിൽ പറഞ്ഞാൽ "താനേത് കോത്താഴം പി ഓ നിവാസിയാണെടോ വ്വേ" എന്ന് വ്യംഗത്തിലും, പ്രാസമൊപ്പിച്ച്, "അതോണ്ട് നിങ്ങൾ ബേജാറാവേണ്ടിഷ്ടാ അത് തന്നെ അണഞ്ഞോളും"  എന്ന്  ആംഗലേയത്തിലും  വനിതാമണി ശീഘ്രം ഉവാച.
പ്ളിങ്ങിതർ പ്ളിങ്ങായ ഗച്ഛാമീ എന്ന് ഉച്ചഭാഷിണി പറയുമ്മുമ്പേ   ഗച്ഛാമീ എന്നും പറഞ്ഞു അവിടെ തുക്കിയിട്ട വില കൂടിയ പാൻ്റ് വാങ്ങാനാണ് ഞാൻ തിരക്കിട്ട് വന്നത് എന്ന ഭാവത്തിൽ തട്ടി മുട്ടി നീന്ന് ആളൊഴിഞ്ഞ തക്കത്തിന് മ്മള് സ്കൂട്ടായിഷ്ടാ.

പാഠം രണ്ട്.

ബ്രൂക്കിലിൻ, ന്യൂയോർക്ക്
സമയം അസമയം.
ലോക്കേഷൻ: ഹോസ്പിറ്റൽ പാർക്കിങ്ങ് ലോട്ട്.
ലഹരി മരുന്ന് അഡിക്റ്റുകളും ചുമ്മാ രസത്തിന് പള്ളയിൽ കത്തി കുത്തുന്ന പ്രാന്തന്മാരും പൃഷ്ടത്തിലെ അവിശ്വസീന മായ അസ്ഥികളിൽ ട്രപ്പീസുകളിക്കുന്ന ജീൻസും,  പിടിച്ച്പറിയിൽ ഡിപ്ലോമ യുമായി വീലസുന്ന ഹുഡ് വാസികളും നിറഞ്ഞ ചുറ്റുപാട്.

സാമ്പശിവൻ്റെ കഥാപ്രസംഗം കടമെടുത്ത് പറയട്ടേ...
അതാ..
ആക്കാണുന്ന കുലീന വാതക വൈദ്യുതദ്വീപ വെളിച്ചത്തിൽ അതാ..
ഭയ വിഹ്വലയും അതീവ സുന്ദരിയും സ്വർണ്ണത്തലമുടിയുമുള്ള  ഒരു തരുണീ...(അടിക്കടാ സിമ്പല്)
ആതേ ആ തരുണി ആരാണ്???

കഥാനായകൻ(വിഭാര്യനും, ഒരു മിനി വാനിൻ്റെ ഉടമയും, അതിലുമുപരി ചീഫ് ഫെല്ലോയുമായ ഫെല്ലോ ആണെന്ന് തരുണി ഇത്തരുണത്തിൽ അറിയുന്നില്ല സൂർത്തുക്കളേ...അത് ക്ളൈമാക്സിൽ പറയാൻ കഥാനായകൻ ഒരുക്കി വച്ചു. കാണാൻ സുന്ദരനനൊന്നുമല്ലെങ്കിലും ഭയങ്കര ബുദ്ധ്യാ മ്മളെ ഗഡി), അതേ ...നമ്മുടെ കഥാനായകൻ ഒറ്റ നിമിഷം കൊണ്ട്, ഉൾക്കണ്ണുകൊണ്ട്സൂ,പ്പർമാനായി ജുവതിയുടെ പ്രശ്നവും പരിഹാരവും ഉടൻ മനസ്സിലാക്കി്‌
...
എന്നാൽ ഞാൻ അകലെ പാർക്ക് ചെയ്ത ഒഢീസിയുടെ ലക്ഷ്യം വച്ച് വീട്ടിലെത്താൻ തിരക്കിട്ട് പോകുന്ന  വെറും ഒരു പീറ ഭിഷഗ്വരങ്ങൻ മാത്രം എന്ന ഭാവത്തിൽ "ചേട്ടന്റെ കാറിൽ ജമ്പർ കേബിൾ ഉണ്ടെങ്കിൽ ഒന്ന് എൻ്റെ ചത്തുകിടക്കുന്ന പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ ശകടത്തെ ഒന്ന് സ്റ്റാർട്ട് ചെയ്തു തരോ?" എന്ന പുറത്തു വരാത്ത ചോദ്യത്തെ മുൻകൂർ മനസ്സിൽ ചവിട്ടി മെതിച്ച് നമ്മുടെ കഥാനായകൻ..ആ കശ്മലൻ കടന്ന് പോയീ...
..ഇല്ല... നമ്മുടെ കഥാനായകൻ അത്തരക്കാരനല്ല...
അയാളുടെ കണ്ണുകൾ നീണ്ട നാസികയുടെ ഇരുവശത്തും തിളങ്ങുന്ന ഹേസൽ കണ്ണുകൾ കൊളുത്തി വലിച്ചു.
..'ന്ത്യേ കുട്ടീ, എന്നാൽ കഴിയുന്ന സഹായം ന്താച്ചാ ചോയ്ചോൾ്ട്ടാ..ഢീസൻ്റ് മനുഷ്യനാ..'എന്ന് ബ്രൂക്കിലിൻ ത്രുശ്ശൂർകാർ പറയുന്ന ഭാഷയിൽ കഥാനായകൻ അതീവ വിനയാന്വിതനായി ഒരുങ്ങി.

ഇരുട്ടിൽ സമയം നീട്ടാതെ പറയാം.
കഥാനായകൻ കാറിന്റെ ഹുഡ് തുറക്കുന്നു ; ചുമ്മാ ബാറ്ററി കണക്ഷൻ ചെക്ക് ചെയ്യുന്നു.
"ഒന്ന് സ്റ്റാർട്ടാക്ക്യേ" എന്ന് മൊഴിയുന്നു .
ഫലം നാസ്തീ..വൈദ്യൻ ഇച്ഛിച്ചതും അതാണല്ലോ.
"നീപ്പൊ ആരേ വിളിക്കാ? കുട്ടി എങ്ങനാ ഇനീപ്പോ വീട്ടീൽക്ക് പോകാ? അസമയാണല്ലോ?"  എന്നൊക്കെ ഒരു നമ്പറിട്ട് മ്മൾടെ ഗഡി, "എൻ്റെ വണ്ടിയിൽ ജംപറ് കാണും വണ്ടിയിൽ തന്നെ ഇരുന്നോളൂ..ഞാനിപ്പൊ വരാം"
എന്നും പറഞ്ഞ് കഥാനായകൻ ഇരുളിൽ പാർക്ക് ചെയ്ത വാനിൽ കയറുന്നൂ, ജംപറ് എടുക്കുന്നൂ...കണക്ഷൻ, റെഡി, സ്റ്റാർട്ട്.
കഥാനായകനും ജുവതിയും അങ്ങിനെ ജീവിതത്തിൽ കണക്ഷൻ സ്ഥാപിക്കുന്നു.
അതാണ് കഥയുടെ അവസാനം.
...
പക്ഷേ ഇത് റഷസ് ഇട്ടപ്പോൾ "ഇതൊരുമാതിരി മുട്ടത്തുവർക്കി പൈങ്കിളി യായല്ലോ "എന്ന അഭിപ്രായം വന്നതോടെ കഥാനായകൻ വീണ്ടും സമയമാം രഥത്തിൽ റിവേഴ്‌സ് പോയി.

വണ്ടി സ്റ്റാർട്ടാക്കി.
ജുവതി മൂന്നു നിമിഷങ്ങൾ കൊണ്ട് ബൈ പറയുന്നു, കഥാനായകൻ ലോംഗ് ഐലൻ്റ് എക്സ്പ്രസ് വേയിലൂടെ പായുന്നു...
 സ്വർണ്ണത്തലമുടിയുള്ള ജൂത തരുണീ രത്നത്തെയും കൈപിടിച്ച് സെൻട്രൽ പാർക്കിലും ബ്രൂക്കിലിൻ ബോട്ടാണിക്കൽ ഗാർഡനിലും നടന്നു പോകുന്ന സീനുകൾ ഷൂട്ടിങ് നടത്തി ഉറങ്ങാൻ കിടക്കുന്നു.
 അന്ന് റിലീസായ തപാലിൽ വന്ന നെറ്റ്ഫ്ളിക്സിൻ സീഡിയൊക്കെ വലിച്ചെറിഞ്ഞു.
നിദ്ര.
പിന്നെ പിറ്റേ ദിവസം

ലോക്കേഷൻ: ഹോസ്പിറ്റൽ

~മിഷൻ സ്വർണ്ണത്തലമുടി~
റഷ്യൻ കെജിബി സുഹൃത്ത് വിവരം തന്നു.
"സഖാവേ, യവളും പുലിയാണ് കേട്ടാ ഫെല്ലോ ഇൻ ഗൈനക്കോളജിക് ഓങ്കാളജി."
"ന്നാ...ചായക്കാശ്."

വഴിതെറ്റി വന്നതുപോലെ സ്വർണ്ണത്തലമുടിയും മിനിയൺസും റൗൺട് എടുക്കുന്ന വഴിയിൽ വട്ടം ചാടി.

'യ്യോ.. ആരാന്ന് മനസ്സിലേയില്ലട്ടോ. ഇന്നലത്തെ ഉപകാരം മറക്കില്ല, ഞാൻ ശരിക്കും പേടിച്ചു, ഈശ്വരൻ ആണ് ചേട്ടനെ അവടെ എത്തിച്ചത്. ഓഫാണെങ്കിൽ നമുക്ക് ഒരു കാപ്പിക്ക് പോയാലോ?"

..ഛെ കുട്ടീ.. അതൊന്നും വേണ്ട, നമ്മൾ ഒരുകണക്ഷൻ ആയില്ലേ?

ഈ ഡയലോഗ് പറയേണ്ടിവന്നില്ല.
അശരീരി വന്നു.

"ഒന്ന് വഴിമാറൂ, ഞങ്ങൾ പോകുന്ന വഴിയിലാണ് നിങ്ങൾ"

പ്ളിംങ്ങം ശരണം ഗഛ്ഛാമീ...

/Fin/

No comments:

Post a Comment