Translate

Tuesday, December 31, 2013

In The Game of Kings: രാജാക്കന്മാരുടെ കളിയിൽ




ഒന്നാം ഭാഗം :

ഇതു ഒരിക്കലും എഴുതാത്ത കഥ യാണ്
പലരോടും പറഞ്ഞുകാണും പക്ഷെ വിശ്വസിച്ചു കാണില്ല .
ഇത് രാജാക്കന്മാരുടെ കളിയിൽ ചേർന്ന് കളി പഠിച്ച കഥകൾ  മാത്രമല്ല ഇനി കളിക്കളങ്ങളിൽ കാല് ചെളിപുരണ്ടു പുറത്തു പോകാൻ ഒരിക്കലും കഴിഞ്ഞിട്ടില്ലാത്ത വായനക്കാർക്ക് വേണ്ടി ഒരു വഴി കാട്ടി യന്ത്രം കൂടി  .

കുതിരകളെ കണ്ടുകാണും .
 കെട്ടുകുതിരയൊ മഴകഴിഞ്ഞു പാടത്തു നിന്നും പറന്നെത്തുന്ന പച്ച ക്കുതിരയോ അല്ല ഞാൻ ഉദ്ദേശിച്ചത് .
വർഷങ്ങൾക്കു മുൻപ് മാറുന്ന ഹിന്ദി സിനിമകളിലെ കുതിരകളെയും തോക്ക് ധരിച്ച ചമ്പൽ കാട്ടിലെ കൊള്ളക്കാരെയും  മനസ്സിൽ പ്രതിഷ്ഠിച്ച ഒരു ബാല്യ കാലം എനിക്കുണ്ടായിരുന്നു .
ഞാൻ ജനിച്ച ആ മലബാറിലെ തീര ഭൂമിയിൽ ഒരു വീട്ടിലും കുതിരയുണ്ടായിരുന്നില്ല; അത് കൊണ്ടു തന്നെ ഞാനും കുതിരകളും ഒരു സങ്കൽപ ലോകത്തെ സുഹൃത്തുക്കൾ മാത്രമായി ജീവിച്ചു .
ഒരു കുതിരസവാരി ബക്കറ്റ്‌ ലിസ്റ്റിൽ കൊണ്ട് നടന്നു രണ്ടായിരമാണ്ട് വരെ .

ഒരു ദിവസം ടെന്നെസ്സി യിലെ സ്മോക്കി  മൌണ്ടൻ നാഷണൽ പാർക്കിലെ ഒരു ഒഴിഞ്ഞ കോണിലെ കൊച്ചു ബോർഡ് കണ്ടു അകത്തു ചെന്നു .
പിന്നെ രണ്ടും കൽപിച്ചു അര മണിക്കൂർ നേരത്തെ സവാരിക്ക് ഒരു ധൈര്യത്തിൽ പൈസ കൊടുത്തു കുതിരമേൽ കയറി .
കാട്ടിനിടയിലൂടെ മലകളുടെ ഇടിഞ്ഞു വീണ ഒറ്റയടിപ്പാതകളിൽ കുതിരകൾ ഒന്നിനുപിറകെ ഒന്നായി കയറി . ഇടക്ക് വഴിയിലെ പച്ചിലകൾ കണ്ടു വഴി മുടക്കിയ ആ കുതിരകൾക് ഇത് നിത്യേനെ യുള്ള യാന്ത്രിക ജീവിതം മാത്രമായിരുന്നു .നന്നായി ആസ്വദിച്ചു ആ സവാരി .
അവസാനം താഴെയിറങ്ങി , ഒരു തീരുമാനമെടുത്തു . ഒരു കുതിരയെ വാങ്ങണം .
ഭാര്യയോട് ഒന്ന് സൂചിപ്പിച്ചു ; ഒരു തമാശയായി മാത്രം .
"അതിന്റെ ചാണകം കോരാനും കുളിപ്പിക്കാനും പറ്റുമോ ?"
അത് വളരെ ശരിയായി തോന്നി .
 അല്ലെങ്കിലും സ്ത്രീകൾക് നമ്മളെക്കാൾ പ്രായോഗിക മായി ചിന്തിക്കാൻ ഉള്ള കഴിവ് ഒന്ന് വേറെയാണ് .
പിന്നെ നാല് വർഷം സ്വപ്നത്തെ കുഴി കുത്തി മറവു ചെയ്തു .

ഒരു ജോലി കഴിഞ്ഞ വൈകുന്നേരം .
ഒരു മരുന്നു കമ്പനി സ്പോൻസർ ചെയ്ത ലെക്ചർ മനസ്സില്ലാ മനസ്സോടെ പോയി .
ഒരു ഭക്ഷണ മേശക്കു ചുറ്റും ഇരുന്നു പരിചയപ്പെടുത്തൽ . രെപ് അധ്യക്ഷനെ തൊട്ട് പറഞ്ഞു "ഇദ്ദേഹത്തിന്റെ ഫുൾ ടൈം പരിപാടി ഇതല്ല ; പറയൂ എങ്ങിനെ യുണ്ട് നിങ്ങളുടെ കുതിരകൾ ?"
അത്ഭുതത്തോടെ ശ്രദ്ധിച്ചു കേട്ടു .
ത്വക്ക് രോഗ വിദഗ്ദൻ ഒരു ചെറു ചിരിയോടെ പറഞ്ഞു ,"ഏയ്‌ ,ഇത്തവണ ഞങ്ങളുടെ കുതിര ഓടുന്നില്ല ഒരു പക്ഷെ കീൻലാൻഡിൽ...പറയാനൊക്കില്ല "
keenland എന്നാൽ കെന്റക്കിയിലെ രണ്ടാമത്തെ അന്താരാഷ്ട്ര പ്രശസ്തി നേടിയ കുതിര പന്തയ കേന്ദ്ര മാണെന്ന് എനിക്കന്നു അറിയാമായിരുന്നില്ല .
പിന്നെ ഒരു അവസരം കിട്ടിയപ്പോൾ ചോദിച്ചു "എങ്ങിനെയാണ് കുതിരയെ നോക്കാൻ അറിയാത്ത ഒരാൾക്ക് കുതിരയെ വാങ്ങാൻ കഴിയുക ?"
ചോദിച്ച ശേഷം ചോദ്യം വൈക്ലബ്യ ത്തോടെ തിരിച്ചു എടുക്കാമെന്ന് കരുതി .പിന്നെ തമാശയായി ചോദിച്ചതാണെന്ന് പറഞ്ഞു തടിയൂരാൻ ശ്രമിച്ചു .
 പക്ഷെ മറുപടി പെട്ടെന്നായിരുന്നു "എന്താ താല്പര്യമുണ്ടോ ഷെയർ എടുത്തോളൂ രണ്ടു കുതിരകൾ ഞങ്ങൾ ഈ ആഴ്ച വാങ്ങുന്നു "
"അതിനു മാത്രം എന്റെ കയ്യിൽ ധാരാളം പണമൊന്നുമില്ല ..."; ഞാൻ ഒഴിവാകാൻ ശ്രമിച്ചു .
"അടുത്ത വീകെണ്ടിൽ ഫാമിലേക്ക് വരൂ ; ഞാൻ എല്ലാ കാര്യങ്ങളും കൊണ്ടുപോയി കാണിച്ചു തരാം ; പിന്നെ Keenland ൽ Race തുടങ്ങുന്ന ദിവസവും ആണ് " വിസിറ്റിംഗ് കാർഡ്‌ നീട്ടി Dermatologist തോളിൽ മൃദുവായി തലോടിക്കൊണ്ട് പറഞ്ഞു.
ആറു മാസത്തിനകം രണ്ടു പന്തയക്കുതിരകളുടെ പങ്കുടമയായി Keenland ൽ അഭിമാനത്തോടെ കയറിച്ചെന്ന (ടൈ ഇല്ലാത്തതു കൊണ്ട് ഓണർ'സ് ബോക്സിൽ കയറാൻ കഴിയാത്ത-) ആദിവസം വരുമെന്ന് അന്ന് സ്വപ്നത്തിൽ പോലും കണ്ടില്ല .


















ഭാഗം രണ്ട് : വെർസൈൽസ്

ഞാൻ ഒരു പുത്തൻ സ്വപ്നത്തിന്റെ പ്രഥമ രാത്രികൾ നുണഞ്ഞുകൊണ്ട് കുതിരയെ വാങ്ങുന്ന പരിപാടികൾ തുടങ്ങി ; അതോടൊപ്പം ബാർന്സ് ആൻഡ്‌ നോബ്ല്സ് പുസ്തക കടയിലെ ശേഖരത്തിലേക്ക് ഒന്ന് ഊളിയിട്ടു .
പുസ്തകം വായിച്ചു കുതിര സവാരി നടത്താമെന്ന വ്യാമോഹമൊന്നും എനിക്ക്‌ ഉണ്ടായിരുന്നില്ല .
പിന്നെ പത്ര പരസ്യം കണ്ടു ഇരുപതു മൈൽ അകലെ ഒരിടത്ത് പോയി . ഒരു മണിക്കൂർ തണുപ്പത്ത് മഴയിൽ വിറുങ്ങലിച്ചു നിന്നു . ഒരു മദ്ധ്യ വയസ്കയായ സ്ത്രീ . എന്റെ കയ്യിൽ നിന്നും രണ്ടു മണിക്കൂർ പഠനത്തിനുള്ള പൈസ വാങ്ങിയതിനുശേഷം പറഞ്ഞു "ഈ കാലാവസ്ഥയിൽ ഞാൻ കുതിരയെ പുറത്തിറക്കില്ല ; ഇതിനകത്തെ ടെന്റിൽ നോക്കാം " എന്നെ ഈ പ്രായത്തിൽ പഠിപ്പിക്കാനുള്ള താൽപര്യം കുറവാണെന്നു മനസ്സിലാക്കാൻ അധികം നേരമെടുത്തില്ല .
പിന്നെ എനിക്ക് ഒഴിവുള്ള ശനിയും ഞായറും അവർക്ക് പറ്റില്ലത്രേ ,വീട്ടിൽ ഒരു കൂട്ടം പണിയുണ്ട് .
ഡോക്ടറുടെ ഫാമിലേക്ക് അടുത്ത ആഴ്ച പോയി.

വെർസൈൽസ് എന്ന ആ വലിയ ഗ്രാമത്തിനു പ്രകൃതി മനോഹാരിതയിൽ ഒരു കുറവുമില്ല .
വൃത്തിയായി വെളുത്ത ചായം തേച്ച വേലിക്കെട്ടുകൾ അതിർ തിരിച്ച പച്ച നിറഞ്ഞ താഴ്വാരങ്ങളിൽ മേയുന്ന അറബി ക്കുതിരകൾ. പിന്നെ അതിദൂരെ ചക്രവാളത്തിൽ കുത്തി നിൽക്കുന്ന ഗോപുരങ്ങളിൽ കാറ്റാടി സൂചികകൾ . വെളുത്ത ഉരുണ്ട കല്ലുകൾ ചിതരിയിട്ട വളഞ്ഞു പോകുന്ന വഴിത്താരകളിൽ ദഫൊദിൽസ് ,ടുളിപ്സ് പൂക്കൾ കാറ്റിലാടി നിന്നു .

പിന്നെ കാർ ഒരു ഫാം ഹൗസിന്റെ അരികത്തു ഒതുക്കി പാർക്ക് ചെയ്തു .
വരിയായി പണിത ഔട്ട്‌ ഹൌസിൽ മിക്കതും മെക്സിക്കൻ തൊഴിലാളികൾ . അവരുടെ ഭാര്യമാർ കഴുകിയ തുണികൾ വീടുകളുടെ പുറകിലെ ക്ലോത്ത്‌ ലൈനിൽ തൂക്കിയിടുന്നു . മുൻ വരാന്തയിൽ ഉറങ്ങുന്ന ഒരു ഗോൾഡൻ റിട്രീവർ പട്ടി . ഒന്ന് തല പൊക്കി ,വീണ്ടും ഉറക്കത്തിലേക്കു മാറി .
അകലെ ഒരു സോക്കർ ബോൾ തട്ടിക്കളിക്കുന്ന അഞ്ചു വയസ്സ് തോന്നിക്കുന്ന രണ്ടു കുട്ടികളുടെ ശബ്ദമൊഴികെ വേറൊന്നും കേട്ടില്ല .

ഓഫീസ് എന്നെഴുതിവച്ച ഒരു വീടുപോലെയുള്ള കെട്ടിടത്തിന്റെ മുൻ വാതിൽ തുറന്നു അകത്തു കയറി .
അകത്തു പലവിധ ട്രോഫികളും ഗ്രൂപ്പ്‌ ഫോട്ടോകളും പിന്നെ കുതിര പന്തയത്തിന്റെ എണ്ണച്ചായ ചിത്രങ്ങളും കുതിരകളുടെ പിച്ചള യിലും തുകലിലും നിർമിച്ച ആടയാഭരണങ്ങളും നിറഞ്ഞു .

സ്വർണ തലമുടിക്കാരി സ്നേഹാദരവോടെ എഴുന്നേറ്റു അഭിവാദ്യം ചെയ്തു .
"ഞാൻ .."
"അറിയാം ; ഡോക്ടർ പറഞ്ഞു ; അവർ കാത്തിരിക്കുകയായിരുന്നു . ഇപ്പോ ഗെസ്റ്റ് ഹൌസിൽ കാണും ; കുടിക്കാനെന്തെങ്കിലും ?"
"ഏയ്‌ ; ഒന്നും വേണ്ടാ , ഞാൻ അവിടെ പോകാം "
പിന്നെ സെക്രട്ടറി ചൂണ്ടി ക്കാണിച്ച മനോഹരമായ ആ ലോഗ് ഹൌസിലേക്ക് നടന്നു .


(തുടരും )

No comments:

Post a Comment