Translate

Saturday, March 26, 2016

വൈരുദ്ധ്യാത്മക വൈദ്യർ



ഇത് എഴുതണോ വേണ്ടയോ എന്ന് പലതവണ ആലോചിച്ചു , പിന്നെ തോന്നി തട്ടിക്കളയാം , മനസ്സിലെ പിരാന്ത് വെച്ച് നീട്ടണ്ട .
സ്ഥലം : ഒരു മദ്ധ്യ അമേരിക്കൻ ആശുപത്രി കോൺഫറൻസ് ഹാൾ
പ്രാസന്ഗിക : ഒരു ശിശുരോഗ വിദഗ്ദ
വിഷയം :പ്രവാസികളുടെ ആരോഗ്യരംഗം

ഞാനും പ്രാസന്ഗികയും ഒരേ ഡിപാർട്ട്‌ മെന്റിലും ,പ്രവാസികളും ആയതുകൊണ്ടും ,അറ്റെണ്ടാൻസ് കയ്യോപ്പുകള്ക് വിലയുള്ളതുകൊണ്ടും ഈ സ്തൂല ശരീരത്തെ ഒരു കണക്കിൽ മൂലയിലെ ഒരു കസേരയിൽ പ്രതിഷ്ടിച്ചു .
പിന്നെ ശ്രദ്ധിച്ചു .
അമേരിക്കൻ അക്കാദമി നൽകിയ പണത്തിൽ പ്രവാസികളെ ഇന്റർവ്യൂ ചെയ്തു നടത്തിയ പഠനം .
കൊള്ളാം . പലവിധ കൾച്ചര് അമേരിക്കൻ കള്ച്ചരുമായുള്ള വ്യത്യാസങ്ങൾ ,അത് ഉണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഖാതങ്ങൾ.
പ്രവാസിയായതുകൊണ്ടു പലതും നേരിട്ടറിയാവുന്ന കാര്യങ്ങളാണ് .
പിന്നെ ഹിജാബു ധരിക്കുന്നതിൽ നിന്നുളവാകുന്ന സാമൂഹ്യ സങ്കുചിത തെറ്റിധാരണകൾ ഹിജാബു ധാരിണിയായ പ്രാസന്ഗിക തന്നെ പഠനങ്ങൾ ഉദ്ധരിച്ചു വെളിപ്പെടുത്തി .
സ്ത്രീകളെ "വിഡ്ഢികൾ " ആയും ,പുരുഷന്റെ അടിമകൾ ആയും ,സ്വന്തം ശരീരത്തിന്റെ അപമാന ബോധവും  എന്നിങ്ങനെ പോയി [ഇതെല്ലാം verbatim] പ്രവാസികളല്ലാത്ത ആളുകളുടെ സമീപനം.

കേട്ടിരിക്കുന്നവരിൽ 95% ഹിജാബു ധരിക്കാത്തവരായിരുന്നത് കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടിയിരിക്കണം.
ഹൊസ്പിറ്റലായതിനാലും,ഉയർന്നവിദ്യാസമ്പന്നർ  നിറഞ്ഞ ആ ഹാളിൽ സൂചി വീണാൽ പോലും കേൾകുന്ന നിശ്ശബ്ദത.
പിന്നെ പ്രാസന്ഗിക സ്വന്തം അനുഭവങ്ങൾ പങ്കുവച്ചു.
മകൻ ആസ്തമ കൊണ്ട് വലിക്കുമ്പോൾ ഹൈപോതലാമിക് സപ്രെഷൻ വേണ്ട എന്നുകരുതി [പ്രാസന്ഗിക Board Certified Pediatric Endocrinologist ആണ്] ഇൻഹേൽഡ് സ്റ്റീരൊയ്ദ് പോലും ഒഴിവാക്കി പരാജയപ്പെട്ട കഥ.
പകരം കൊടുത്ത മരുന്നിന്റെ കഥ.
"ഹോളി വാട്ടർ"
അതുകേട്ട ഞാൻ ഒരു കുഴിയാനയായി, ഈ ഉയരുന്ന മതഭ്രാന്തു നൽകുന്ന മണൽക്കൂനകൾക്ക് അടിയിലേക്ക് കുഴിച്ചു.

Saturday, March 19, 2016

(അ)പരിചിതരുടെ കണക്കു പുസ്തകം : 2



3. സാമുവേൽ

തിരുവനന്തപുരം ഫാസ്റ്റിൽ നിന്നും ഊരിയിറങ്ങി ആൾത്തിരക്ക് ഒഴിഞ്ഞ പാളയത്തെ സ്റ്റോപ്പിൽ ഒരു ഉച്ചയുറക്കത്തിന്റെ ആലസ്യത്തിൽ ഒരുനിമിഷം നിന്നു. പിന്നെ വാകപൂക്കൾ വീണു കരിഞ്ഞ ടാർ വിരിച്ച വഴിയിലൂടെ നടന്നു .
"ലാൽ ബഹാദൂർ ശാസ്ത്രി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ്ടെക്നോളജി " തിളങ്ങുന്ന ബോർഡുമായി ഉയരങ്ങളിൽ പടികൾ ചവിട്ടി ക്കയറി. ഇനി ഇവിടെ ആഴ്ചകൾ തോറും വിദ്യാർത്ഥിയായി പുതിയ ജീവിതം.
മുപ്പതു പേരിൽ ആതുര സേവനരംഗത്തുനിന്നും ഞാൻ മാത്ര മാണെന്ന് തിരിച്ചറിഞ്ഞു .
അധ്യാപകനായ ഡോക്ടർ റാവു എല്ലാവരെയും പരിചയപ്പെട്ടു , പിന്നെ കോഴ്സ് തിരഞ്ഞെടുക്കാനുള്ള കാരണവും തിരക്കി.
പലരും എഞ്ചിനീയറിംഗ് കഴിഞ്ഞവർ .
പിന്നെ വിവാഹത്തിനുമുൻപു സമയം കളയാനെത്തിയ കുറച്ച് പെൺകുട്ടികൾ.
ഗൾഫ്ജോലിയും തക്കമിട്ടു ചില ബിരുദധാരികൾ.
ചിട്ടി കമ്പനിയിലെ കണക്കെഴുത്ത് പിള്ള .
കോട്ടയത്തെ പുസ്തക ശാലയിലെ നിഖണ്ടു പ്രവർത്തകൻ .
പിന്നെ ഞാൻ ; തൃശ്ശൂരിൽ നിന്നുമെത്തിയ ഒരു RMO .

എല്ലാവരും മുഖത്തോടു മുഖം നോക്കി ;
 പൂച്ചക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം ? എന്നചോദ്യം ഇടുങ്ങിയ മുറിയിലെ അദൃശ്യഗജവീരനായി.
പിന്നെ ജോലിയില്ലാത്ത ഒരു ചാർട്ടേഡ്‌  അക്കൗഡാന്ട്‌.
സാമുവേൽ കോശി.

സാമിൽ ഞാൻ ശ്രദ്ധ ചെലുത്തിയില്ല .
പക്ഷേ അയാൾ എന്നെ ശ്രദ്ധിച്ചിരിക്കും .
ഞാൻ ഡാറ്റാബേസ് കോഴ്സ് കഴിയുന്നതിനിടയിൽ 'C'  പ്രോഗ്രാമിങ്ങിൽ  ചേർന്ന് തിരക്കിലായി .
ലാബിൽ സമയമാകുന്നതിനിടയിൽ വിശ്രമവേള .
നമുക്കു പുറത്തിറങ്ങി നടക്കാം .
വിശ്രമിക്കാനോ ഇരിക്കാനൊ സ്ഥലമില്ലാത്ത ഒരിടമില്ലാത്ത കെട്ടിടമായിരുന്നു LBS.

പിന്നെ ഇടവഴികളിൽ നടന്നു തിരിച്ചുവന്നു .
അതിനിടയിൽ എതിർവശത്തെ കൊച്ചു തട്ടുകടയിൽ നിന്നും ചായ കുടിക്കാൻ എന്നെ സാം നിർബന്ധിച്ചു .
പതിവില്ലാത്ത ഒരു ശീലം .
പിന്നെ ചായ കുടിച്ചു കൊണ്ടിരിക്കെ ഞാൻ UK യിലേക്ക് പോകാൻ തീരുമാനിച്ച വിവരം അയാളോട് പറഞ്ഞു.അപ്പോൾ US ലേക്ക് പോകാൻ അയാളുടെ ഭാര്യ വിളിക്കുന്ന വിവരം അയാളും .
പിന്നെ പ്രണയാതുരത്തിന്റെ മൊഴികൾ കഴിഞ്ഞു വീട്ടുകാര്യങ്ങളും .

സാമിന്റെ അമ്മച്ചിക്ക്കാൻസർ ആയിരുന്നു ;
ദിവസം തോറും വിവരങ്ങൾ പറഞ്ഞു .
അവസാനം ഒരു ദിവസം അവിടെയെത്തി .
കണ്ടു ; അത്യാസന്ന നിലയിൽ വീട്ടിൽ .
മരണവും കാത്ത് .
ബോംബെയിൽ നിന്നുമെത്തി വീട്ടിൽ തനിച്ചു നില്കുന്നതിന്റെ കാര്യം അപ്പോഴാണ്മനസ്സിലായത്‌ .
പരിശോധിച്ചു .
വീർത്ത വയറും കാൻസർ പടർന്ന ദേഹവും കണ്ടു .
എന്താണ് പറയേണ്ടത് എന്നറിഞ്ഞില്ല .
പിന്നെ അറിയുന്ന മരുന്നുകളെപ്പറ്റി പറഞ്ഞു .
ഒരു ദിവസം ചാത്തന്നൂരിനടുത്തു വലിയ പുരയിടത്തിൽ തെങ്ങു കയറ്റം നോക്കി സാം നില്കുന്നത് കണ്ടു.
പിന്നെ ദിവസങ്ങൾ കഴിഞ്ഞു .
ലാബിലും ക്ലാസിലുമായി ഞാൻ ഒറ്റക്കായി.
സാം കൂട്ടിനു നടക്കാനില്ലായിരുന്നു.
ചായ കുടിക്കാൻ വേറെ ആരെയോ കൂട്ടി .
ചർച്ചകൾ കമ്പ്യൂട്ടർ വിഷയങ്ങൾ മാത്രമായി.
"സാമിന്റെ അമ്മച്ചി മരിച്ചു", ആരോ പറഞ്ഞു .
പോകണോ എന്ന് തീരുമാനിച്ചില്ല അന്ന്.
പിന്നെ പോയോ എന്ന് ഓർമയില്ല.
ഞാൻ പലതും മറന്നിരിക്കുന്നു .
ബെഡ് റൂമിൽ കനോപി യിട്ട കാര്യം പറഞ്ഞു അമേരിക്കയിൽ നിന്ന് ഭാര്യ വിളിച്ച കാര്യം സാം പറഞ്ഞത് ഓർക്കുന്നു .
സാമിനെ കണ്ടാൽ അറിയുമോ എന്ന് ഉറപ്പില്ല .
ഞാൻ തന്നെ എത്രയോ മാറിക്കഴിഞ്ഞിരിക്കുന്നു.
ഇന്ന് നിങ്ങൾ മനസ്സിലെത്തി.

താങ്കൾ ഒരുപക്ഷേ ഇവിടെയുണ്ടാകും; പരസ്പരം വഴികൾ കൂട്ടിപ്പിരിഞ്ഞു പോകുന്ന തന്മാത്രകളായി  ഓർമ്മകൾ  അവശേഷിച്ച മസ്തിഷ്ക ചില്ലകളിൽ, വെറുതെ.

Sunday, March 13, 2016

ഭസ്മാസുരൻ

ഭസ്മാസുരൻ


പഴുത്ത നാരങ്ങയുടെ നിറത്തിൽ തലമുടിയുമായി
ഭസ്മാസുരൻ വന്നു.
ദൈവം പുരികമുയർത്തി നോക്കി.
"അനുഗ്രഹിക്കണം ; എനിക്ക് സമ്പത്തും സൽപേരും സംഘവും ഉണ്ട്,
സാമ്രാജ്യം മാത്രമില്ല .
തൊടുന്നതെല്ലാം ഭസ്മമാക്കുന്ന വരം വേണം, പിന്നെ  സാമ്രാജ്യവും"
ദൈവം മുഖമുയർത്താതെ പറഞ്ഞു ,
"ചോദിച്ചോളൂ ,പക്ഷേ ഒന്നുമാത്രം ഉറപ്പു നൽകണം.
ഈ സാമ്രാജ്യത്തിന് പല അവകാശികൾ ഉണ്ട് നിനക്ക് മുൻപേ വന്നവർ ;
ഞാൻ തിരഞ്ഞെടുക്കുന്നത് നീയല്ലെങ്കിൽ നീ അവരെ ധിക്കരിക്കരുത്".
"ആവാമല്ലോ. ആദ്യം വരം തന്നാലും ..."

ദൈവം ഒരു മോഹിനിയെ കാത്തിരിക്കുന്നു ...

Sunday, March 6, 2016

(അ)പരിചിതരുടെ കണക്കുപുസ്തകം.





ആമുഖം

 ഇന്ന് ഞാൻ എഴുതി തുടങ്ങുകയാണ്
()പരിചിതരുടെ കണക്കുപുസ്തകം.
ഇതിൽ പറയുന്നവർ ജീവിച്ചിരിക്കുന്നവരും ഒരുപക്ഷെ മരിച്ചു പോയവരുമായിരിക്കും .
എന്നെ നേരിൽ കണ്ട് തിരിച്ചറിയുന്നവരും പേരും വീട്ടുപേരും കേൾക്കുമ്പോൾ ഓർക്കുന്നവരും ഇതിലുണ്ട് .
ക്ഷമിക്കുക, ഇതിൽ ആൾ അറിയാതെ നിങ്ങൾ പെട്ടുപോയെങ്കിൽ ...




1 . ശാസ്ത്രി

അത് അയാൾ അറിയാതെ കിട്ടിയ ഇല്ലപ്പേരാണ്.
അതെനിക്കറിയില്ലായിരുന്നു
ആദ്യം ഞാൻ കണ്ടത് മെലിഞ്ഞ ശരീരവും വട്ടമുഖവും താടിയും സൗമ്യഭാവവും വിനയവും.
ഞാൻ ആറാം ക്ലാസ്സുകാരനും എന്റെ അഛൻ അതേ സ്കൂളിലെ ഹൈ സ്കൂൾ അദ്ധ്യാപകനും.ബഹുമാനവും ഭയവും പകുതി-പകുതിയായി എന്റെ അഛനു മുതിർന്ന ക്ലാസ്സുകളിലെ വിദ്യാർഥികൾ നല്കിയിരുന്നത് ഞാൻ മനസ്സിലാക്കി .
കാലത്ത് കളിക്കാൻ വിടുന്ന സമയത്ത് സ്കൂളിനു മുന്നിലെ ഒരേ ഒരു കടയിലേക്ക് അദ്ധ്യാപകർ സിഗരെറ്റും വലിച്ചു ചായ കുടിക്കാൻ പോകും .
ചായക്കടക്കു സമീപം ബീഡി കമ്പനിയിൽ കത്രികകളുടെ ചിലമ്പലും ,പൊട്ടിപ്പൊളിഞ്ഞ വരാന്തയിലെ തയ്യൽ മെഷീന്റെ ശബ്ദവും.
ആരോ ഒരാൾ നിവർത്തിയ ദേശാഭിമാനി പത്രം ഉച്ചത്തിൽ വായിക്കുന്നു.
ചായക്കടയിൽ അച്ഛനും സുഹൃത്തുക്കളും ഉണ്ടെന്ന് കരിപിടിച്ച മരപ്പലകകൾക്ക് ഇടയിലൂടെ നോക്കി മനസ്സിലാക്കി .
കൂട്ടിയിട്ട തുണിക്കഷണങ്ങൾകും ബീഡിയിലകൾക്കും അടുത്തായി ഒരു ബോർഡ്കണ്ടു .
വെളുത്ത കടലാസ്സിൽ ചുവന്ന പെയിന്റിൽ അരിവാളും ചുറ്റികയും പിന്നെ  ഇന്ഗ്ലീഷിൽ " Vote For KSF "
സുഹൃത്തിനോട് ചോദിച്ചു ... "ഇതെന്താ ?"
" ...ഞങ്ങളൊക്കെ KSF നാ "
വരാനിരിക്കുന്ന ഇലക്ഷൻ ദിനങ്ങളുടെ നാന്ദി യായിരുന്നു എന്നറിഞ്ഞില്ല അന്ന്.

പിന്നെ പിറ്റേ ദിവസം രണ്ടാമത്തെ ബോർഡ് പ്രത്യക്ഷപ്പെട്ടു
എന്നും സയ്കളിൽ സ്കൂളിലേക്ക് വന്ന പോസ്റ്റ്മാസ്ടരുടെ മകൻ അതിൽ പശ വച്ച് ഒട്ടിച്ചു
ആദ്യം മനസ്സിലാക്കാൻ പാടു പെട്ടു .
  അക്ഷരങ്ങളുടെ നിഴലുകൾ മാത്രം നീല നിറത്തിൽ .
  പിന്നെ വലിയച്ഛന്റെ മകൾ പറഞ്ഞു, "ഞങ്ങളെല്ലാം KSU വിനാ വോട്ട് ചെയ്യാ"
പിന്നെ രാധാകൃഷ്ണനും , പ്രസാദും വന്നു . പത്തു പൈസക്ക് കൊടി വാങ്ങി .

പറങ്കി മാവിൽ കയറി കളിക്കുമ്പോൾ അയൽ പക്കത്തെ കുട്ടികൾ ഉച്ചത്തിൽ വിളിച്ചു "KSF സിന്ദാബാദ് ", 
ഞങ്ങൾ ഇങ്ങേ കൊമ്പിൽ കയറി വിളിച്ചു ,"KSU സിന്ദാബാദ് "
മാസങ്ങൾ കഴിഞ്ഞു .
പിന്നെ അതിർത്തിയിൽ ഇന്ത്യ- പാകിസ്താൻ യുദ്ധം തുടങ്ങി .
ബംഗ്ലാദേശിൽ നിന്ന് അഭയാർഥികൾ നാട്ടിലേക്ക് എത്തി .
സ്കൂളിൽ രാജ്യത്തിൻറെ അഖണ്ടതയുടെ ജാഥാ ദിനങ്ങളെത്തി
ഒരേ ക്ലാസ്സിലെ സുഹൃത്തുക്കൾ പാകിസ്ഥാൻ കാരും ഇന്ത്യക്കാരുമായി വേഷം കെട്ടി ലോറികളിലെ ഫ്ളോട്ട്കളായി . അതിന് പുറകെ ഞങ്ങൾ NCC ക്കാരും സ്കൌട്ട് കാരും അടിവച്ച് നീങ്ങി.
മാസങ്ങൾ കഴിഞ്ഞു . വർഷങ്ങളും .
തിരുവഞ്ചൂരും സുധീരനും വന്നു പ്രസംഗിച്ചു .
പിന്നെ ശാസ്ത്രിയും .
സ്ക്കൂൾ മണിയടിക്കാൻ സമയത്തേക്ക് വാക മരത്തിൽ കെട്ടിയ ഉച്ച ഭാഷിണിയിലൂടെ രാഷ്ട്രീയ പ്രസംഗങ്ങൾ എത്തി .
ഒഴിവുള്ള ദിവസത്തിൽ ബീച്ചിലേക്ക് പോയി . പല സുഹൃത്തുക്കളുടെ വീടുകൾ കണ്ടു .
പലരും പട്ടിണിക്കാരും ചെറ്റപ്പുരയിൽ ജീവിക്കുന്നവരുമാണെന്ന് മനസ്സിലാക്കി.
നിങ്ങളേപ്പോലുള്ളനേതാക്കളും .
വർഷങ്ങൾ കടന്നു പോയി . നേതാക്കൾ പലരും സ്കൂൾ വിട്ടുപോയി .
സമരങ്ങളും പരീക്ഷകളും മഴക്കാലവും വേനൽ ചൂടും യുവജനോത്സവങ്ങളും ശാസ്ത്ര മേളകളും വന്നു .
ഒരു ദിവസം ...
മുദ്രാവാക്യങ്ങളും ആർപ്പുവിളികളും കേട്ട് ക്ലാസ്സുമുറിയുടെ ജനലിലൂടെ നോക്കി .
പുറത്തു KSF ഉം KSU വും തമ്മിൽ അടിപിടി .
ഓടുന്നതിനിടയിൽ അരയിൽ നിന്ന് സൈക്കിൾ ചെയിനും വലിച്ചെടുത്തു സഹപാഠിയുടെ തലയിൽ അടിക്കുന്നു മറ്റൊരാൾ. പിന്നെ ഖദർ ഷർട്ട്നനഞ്ഞു രക്തത്തിന്റെ പ്രവാഹം . മോഹാലസ്യപ്പെടുന്ന ചില പെൺകുട്ടികൾ .
ഓടുന്നവരെ തള്ളിമാറ്റുന്ന ചില അദ്ധ്യാപകർ .
അന്ന് ഞാൻ കണ്ടു ഖദറിൽ രക്തമിറ്റ് അവശനായി നിങ്ങളെയും ...
ശാസ്ത്രി ...
പിന്നെ നിങ്ങളുടെ തീപ്പൊരി പ്രസംഗങ്ങള്ക് കയ്യടിച്ച് ഞാനുമുണ്ടായിരുന്നു .
പിന്നെ അടിയന്തിരാവസ്ഥ വന്നു.
പലരും പോലീസ് പിടിയിലായി.
കൊണ്ഗ്രെസ്സ് പാർട്ടി പിരിഞ്ഞു .
കമ്യൂണിസ്റ്റ് പാർടി പിളർന്നു.
പിന്നെ ജനതാ പാർട്ടിയും RSS ഉം വന്നു.
MSF ഉം ABVP യും വന്നു .
നിങ്ങളുടെ സുഹൃത്തുക്കൾ തന്നെ നിങ്ങളുടെ ശത്രുപക്ഷക്കാരായി.
പിന്നെ പലപ്പോഴും ഞാൻ നിങ്ങളെ കണ്ടു ; കോളേജിൽ ഒരു പഴയ സൈക്കിൾ തള്ളി നിങ്ങൾ വരുമായിരുന്നു .
ചിലപ്പോൾ പത്തോളം പേരുടെ പ്രതിഷേധ ജാഥയുമായി ,അല്ലെങ്കിൽ കുത്തിയിരിപ്പ് സത്യാഗ്രഹത്തെ അഭി സംബോധനചെയ്തു അരണ്ട വെളിച്ചത്തിൽ കവലകളിൽ .
പിന്നെ ആരോ പറഞ്ഞു ...മദ്യത്തിൽ നിങ്ങളുടെ ജീവിതം ഹോമിക്കപ്പെടുന്നു എന്ന് . ഒരുപക്ഷെ നിങ്ങൾക്ക് എവിടെയോ പിഴച്ചിരിക്കാം .
ഇന്നലെ ജവഹർ ലാൽ യൂനിവെർസിറ്റിയിലെ തീപ്പൊരി പ്രസംഗം നടത്തുന്ന ഒരു യുവാവിനെ കണ്ടപ്പോൾ നിങ്ങളെ ഞാൻ ഓർത്തു .
പിന്നെ തലയിൽ നിന്നും ഒലിക്കുന്ന ചോര ഖദറിൽ ഇറ്റു വീഴുന്ന കാഴ്ചയും നിങ്ങളുടെ മുഖത്തിന്നേരെ വരുന്ന സൈക്കിൾ ചെയിനും.

നിങ്ങൾക്ക് അറിയാമായിരിക്കും  ഇന്ന് , നിങ്ങളുടെ മാതാപിതാക്കൾ നൽകാത്ത പേര് ...

"ശാസ്ത്രി"



2. റാങ്ക്


മരണങ്ങൾ വരുന്നു.
പിരിവുകാരെയും ഭിക്ഷാടനക്കാരേയും പോലെ മനസ്സിൻ്റെ പടിവാതിലടച്ചും ദൃഡഗാത്ര ശ്വാന രൂപിയായും തടുക്കാൻ കഴിയാത്ത അലോസരങ്ങൾ.
ഓർമ്മകൾ വേനൽ മഴകളായി പെയ്തൊഴിയുന്നു. ചിലപ്പോൾ കുളിർകാറ്റും തെളിമയും, ചിലപ്പോൾ മിനിറ്റുകൾ നില നിൽക്കുന്ന ഊഷരമണ്ണിൻ ഈർപ്പങ്ങൾ.
എഴുപതുകളിലെ മാർച്ച് മാസം
ആണിച്ചാലിലെ വെള്ളം തെങ്ങിൻ്റെ തടത്തിലേക്കായി കൈക്കോട്ടുകൊണ്ട് കിളച്ചിട്ടു.
ചപ്പുചവറുകൾ അകലെ പൊല്ലമാന്തി(rake) കൊണ്ട് വലിയ കൂമ്പാരം കൂട്ടി അച്ഛനും നില്പുണ്ട്.
അപ്പോഴാണ് നിങ്ങൾ വന്നത്.
ചെറു പുഞ്ചിരിയോടെ മുന്നിലെ നീളൻ പല്ലുകൾ എനിക്ക് ഓർമയുണ്ട്. അത് അമ്മ വീട്ടുകാരുടെ മുഖച്ഛായ ആയിരുന്നു.
ഞാൻ നിങ്ങളെ ചേട്ടനെന്നു വിളിച്ചു.
SSLC പരീക്ഷ നിങ്ങളും ഞാനും ഒരേ സമയത്താണ് എഴുതിയത് എന്നറിഞ്ഞ് ഞാൻ അത്ഭുതപ്പെട്ടു.
ഞാനും ദയാലും അലിഷ്കറുമെല്ലാം എഴുതിയ അതേ പരീക്ഷ.
"നീ എപ്പൊ വന്നൂ?"
"ഇന്നലെ"
"പഠിപ്പൊക്കെ എവിടെയായീ?"
"SSLC എഴുതിയിരിക്കയാണ്"
"എങ്ങിനെയുണ്ടായിരുന്നൂ?"
"റാങ്ക് കിട്ടുമെന്നാണ് പ്രതീക്ഷ" മുഖത്ത് നോക്കാതെ എൻ്റെ കൈയിൽ നിന്നും കൈക്കോട്ട് വാങ്ങി തെങ്ങിൻ്റെ തടത്തിൽ അവശേഷിച്ച ചാരക്കൂനയിലേക്ക് വെള്ളം തിരിച്ചു വിടുന്നതിനിടയിൽ നിസ്സംശയം നിങ്ങൾ പറഞ്ഞു.
"കണ്ടോടാ, ഇങ്ങനെ വേണം പഠിക്കാൻ. അവന് റാങ്ക് കിട്ടും. അവനോട് ചോദിച്ചു പഠിച്ചോ"
ആ പറച്ചിലിൽ അച്ഛനും ഒരു നിരാശയുടെ നിഴലുണ്ടായിരുന്നു.
"ആ ബയോളജിയിൽ ക്രൈസാന്തിമവും ചെമ്പരത്തിയുമായി വ്യത്യാസങ്ങൾ വിവരീക്കാൻ ഒരു ചോദ്യമുണ്ടായില്ലേ..അത് എൻ്റെ ഉത്തരം ശരിയായില്ല എന്നാണ് അച്ഛൻ പറയുന്നത്. അതിൻ്റെ ഉത്തരം എന്താണ്?"
"ആ, എന്ത് ബയോളജി..എന്ത് ക്രൈസാന്തിമം..എല്ലാം ഒരു പൊഹ!"
"അപ്പോ ശരീ, മാമന്മാരുടെ വീട്ടിലൊക്കെപ്പോണം."
കൈക്കോട്ട് തിരിച്ചുതന്ന് നിങ്ങൾ പോയി.
എൻ്റെ സ്തബ്ധതയിൽ ജയവിജയങ്ങൾ തമാശയാക്കി.

വർഷങ്ങൾ കഴിഞ്ഞ് നിങ്ങൾ റെയിൽവേ ജോലിക്കാരനായി.
സിഗ്നലില്ലാതെ കടന്നുപോയ ഒരു വണ്ടി ശരീരത്തിൽ നിന്നും കാലുകൾ മുറിച്ചുമാറ്റി.
വർഷങ്ങൾക്കുശേഷം പൂരത്തിന് വീൽചെയർ തള്ളി വന്ന നിങ്ങളുടെ ചിത്രങ്ങൾ കണ്ടതല്ലാതെ നമ്മൾ ലോഹ്യം പറഞ്ഞില്ല.
അസമയത്ത് സ്ക്രീനിൽ അവശേഷിച്ച മിസ്സ് കോൾ...
അത് നിങ്ങളുടെ അന്ത്യ വാർത്തയായിരുന്നുവെന്ന് ഇന്നറിയുന്നു.
വിട

Saturday, February 20, 2016

നിരോധനാജ്ഞ്കളുടെ ഗ്രാമം

നിരോധനാജ്ഞ്കളുടെ ഗ്രാമം

നേവി ബ്ലൂ നിറത്തിലെ ചില്ല് ജനാലകളിൽ നെറ്റ് പിടിപ്പിച്ചു മറച്ച വലിയ പോലീസു വണ്ടി കൾ വീടിന്നടുത്ത്‌ നിർത്തിയിട്ടപ്പോൾ മനസ്സിലായി .
ഇന്നലെ രാത്രി പന്തം കൊളുത്തി പ്രകടനം ഉണ്ടായിരുന്നു . അതിനു ശേഷം വലിയ ആർപ്പുവിളികളും ,ആക്രോശ വും കേട്ടിരുന്നു .
പിന്നെ പത്രത്തിൽ വായിച്ചു .  ത്രിത്തല്ലൂരും ,തളിക്കുളത്തും പിന്നെ ഇവിടെയും , പലരെയും വെട്ടി പരിക്കേൽപ്പിച്ചി രിക്കുന്നു. രണ്ട് വീടിനു തീയിട്ടിരിക്കുന്നു.
"കണ്ണൂരിൽ നിന്നും വന്നവരാ ണെന്ന് കേട്ടു "
പിന്നെ പത്രത്തിൽ വന്നു ...പിടികിട്ടാ പുള്ളികളുടെ പേരുകൾ .
പലരും പരിചിത മായ വീട്ടു പേരുകളുമായിരുന്നു. പലരും സ്‌കൂളിലെ കൂടെ കളിച്ചവർ, കടത്തിണ്ണകളിൽ ചീട്ടുകളിച്ചും ,ബീഡി വലിച്ചും രാപകൽ റോഡിൽ തെണ്ടിയവർ.
ജില്ലകൾ മാറി എതിരാളികളെ യും കുടുംബങ്ങളെയും വകവരുത്തുന്ന രാഷ്ട്രീയ പകപോക്കലുകൾ ഓരോന്നായി ആഴ്ചകളോളം.
ബന്ധുക്കളായ അയൽ വാസികൾ രണ്ടു രാഷ്ട്രീയം കളിച്ചു.
 അനന്തരവന്മാർ പിതൃസ്ഥാനീയരെ നെഞ്ചിനും നാഭിക്കും തൊഴിച്ചു ,പിന്നെ ഇളമുറ ചേറ്റു കത്തിയും വടിവാളും പ്രയോഗിച്ച് വീടിന് ചുറ്റും ഓടി ,പിന്നെ നീന്തൽ കുളത്തിലിട്ടു കളരി കലാശം കളിച്ചു .
അമ്പല പ്പറമ്പിൽ മണലിൽ ചൂലടിച്ചു വൃത്തിയാക്കിയ ശാഖ പരിസരം ഇലകൾ മൂടി .
കൂട്ടം ചേർന്ന് പോകാതെ പോലീസുകാരുടെ അരികിലൂടെ ശബ്ദമില്ലാതെ നടന്നു.
ജങ്ക്ഷനിലെ ചുമട്ടു തൊഴിലാളി കളുടെ വെച്ചുകെട്ടിയ കൂടാരങ്ങളിൽ നിന്ന് ബീഡിപ്പുകയും സിനിമാ ഗാനങ്ങളും ഉയരുന്നില്ല.
വിളക്കണഞ്ഞു ആരും പുറത്തിറങ്ങിയില്ല .
സിനിമാ തിയ്യേറ്റർ ആളില്ലാതെ അടച്ചു.
ചായക്കടയിൽ ബഞ്ചുകളിൽ പോലീസുകാർ പത്രം വായിച്ചും ചായ കുടിച്ചും ദിവസങ്ങൾ കഴിച്ചു .
പോലീസ് വണ്ടി വൈകീട്ട് തിരിച്ചു പോകുന്ന പിന്നാലെ വന്ദേ മാതരവും പിന്നെ ഇങ്കിലാബ് സിന്ദാബാദ് വിളികളും  കടന്നു പോയി .
പിന്നെ വീണ്ടും പോലീസ് വണ്ടികളുടെ ശബ്ദങ്ങൾ.
കാലത്ത് വീണ്ടും പത്രമെത്തി .
"മൂന്ന് പഞ്ചായത്തുകളിൽ 144" .
കത്തി നശിച്ച വീടുകളും നിസ്സഹായകരായ സ്ത്രീകളുടെ ചിത്രങ്ങളും .

വഴിക്കപ്പുറത്തു മൂന്നു പോലീസ് വണ്ടികൾ .
വേലിക്കകത്ത് പുറം തിരിഞ്ഞു മൂത്ര മൊഴിക്കുന്ന പോലീസുകാർ.

ഇത് നാൽപതു വർഷം മുൻപായിരുന്നു .
ഇങ്കിലാബു വിളിച്ചവർ പിന്നെ വന്ദേ മാതരവും വിളിച്ചു പിന്നെ കവലയിൽ ചീട്ടു കളിക്കാരുമായി .
വന്ദേ മാതരം വിളിച്ചവർ മാറ്റി ഇങ്കിലാബു വിളിച്ചു, പഞ്ചായത്ത് മെമ്പർ മാരായി, തിരിച്ചു വെട്ടിയ ശ ത്രുക്കളുടെ അളിയന്മാരായി .
ചിലർ ജീവിതപരിചയം അബ്കാരികള്ക് കൊലവിളിക്കാൻ കൊട്ടേഷൻ ടീമുകളായി .
പിന്നെ ഇങ്കുലാബ് വിളി നിർത്തി ചിലർ ഗൾഫിൽ പോയി.
ചിലർ ഗൾഫിൽ നിന്നും തിരിച്ച് വന്ന് ചീട്ടുകളി സംഘം ഉണ്ടാക്കി . മടുത്തപ്പോൾ വീണ്ടും ഇങ്കിലാബും വന്ദേ മാതരവും വിളിച്ചു . പിന്നെ ആൾ ദൈവങ്ങൾക് ആളെക്കൂട്ടി.
മൂന്നാം തലമുറക്കാർ വന്ദേമാതരവും ഇങ്കിലാബും വിളിച്ചു ഇതേവഴിയിലൂടെ   ഓടുന്നു;
അവരുടെ പൂർവികരുടെ  ചെയ്തികൾ ഒരിക്കലും അറിയാതെ.

ഇപ്പോൾ ഈ ഗ്രാമം ഉറങ്ങുകയാണ് . ഒരു 144 സ്വപ്നം കണ്ടു കൊണ്ട്.

Saturday, February 13, 2016

ദക്ഷിണ

എൻറെ മുന്നിൽ കാലിൽ കാല് കയറ്റിവച്ച് നവദ്വാരങ്ങളിലൂടെ അഹന്ത പ്രവഹിക്കുന്ന വിദ്യാർത്ഥിയോട് ഞാൻ ഒരു ചോദ്യം ചോദിച്ചു .

"നിന്റെ കളസത്തിന്റെ കീശയിൽ നിന്നും നൂറു ഡോളർ നോട്ട് തറയിൽ വീണാൽ നീ കുനിഞ്ഞ് അത് വീണ്ടെടുക്കുമോ ?"

മറുപടി : "തീർച്ചയായും ...അതെടുക്കാതെ പോയാൽ ഞാൻ ഒരു വിഡ്ഢി യാകും ; അത് ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ ".

അപ്പോൾ ഞാൻ പറഞ്ഞു ," എനിക്ക് ഈ കസേരയിൽ ഒരു മണിക്കൂർ വെറുതെയിരുന്നാലും ,നൂറ്  ഡോളർ കിട്ടും . പക്ഷേ ,വിഡ്ഢിയായ ഞാൻ തലകുനിച്ച് ,ഒരു മണിക്കൂർ എന്റെ അറിവ് നിനക്ക് നൽകുമ്പോൾ ,ഇവിടെ നിന്ന് പുറത്തേക്ക് എങ്ങിനെ രക്ഷപ്പെടാം എന്ന് മനസ്സിൽ നീ കണക്കു കൂട്ടുമ്പോൾ, ഞാൻ തറയിൽ വീഴുന്ന നിൻറെ ഡോളർ നോട്ടുകൾ നിനക്ക് വേണ്ടി പെറുക്കി യെടുക്കുകയാണ് "

Saturday, January 30, 2016

സമയമാവുന്നു

സമയം ചോർന്നൊലിച്ച ചെറ്റക്കുടിലിൽ
മനസ്സ് കുളിർ വാതം വിറക്കുന്നു
ഒരു പിഞ്ചു കരച്ചിലിന്ന്  പിശകുന്ന  അക്ഷരങ്ങളാകുന്നു
വാർദ്ധക്യം ഒടിയുന്ന കോവണിപ്പടിയുടെ അറ്റത്ത്‌
നീണ്ടു പോവുന്ന കാൽവെപ്പാവുന്നു
കൈവിട്ടു പറക്കുന്ന ചിതറിയ കടലാസ്സു കെട്ടുകളും
ഇന്നലെയുടെ മുഷിഞ്ഞ ഭാണ്ഡവും
ഭാരഹീനമായി മുഖത്തോട് ചുംബിച്ചകലുമ്പോൾ
അറിയുന്നു ...
ഈ കാലവർഷം തോർന്ന നിശ്ശബ്ദത.

Saturday, December 19, 2015

ഒരു ലക്ഷ്യം തെറ്റിയ യാത്ര: 4



(ഒന്നും രണ്ടും ഭാഗങ്ങൾ നേരത്തെ എഴുതിയത് വായിച്ചിരിക്കുമല്ലോ )


          - 4 -

വീണ്ടും മനസ്സ് എഴുപതുകളിലെ GT എക്സ്പ്രസ്സ്കമ്പാർട്ട് മെന്റിൽ എത്തി .
പാതിയുറക്കത്തിൽ എതിരെയുള്ള വരിയിലെ രണ്ടുപേരെ ശ്രദ്ധിച്ചു . മുഖം മെഡിക്കൽ  എൻട്രൻസ് ഗെയ്ടിൽ തളച്ചു .
ഒരാൾ ബീഹാറിലെ കൽക്കരി ഖനിയിലെ എഞ്ചിനീയർ , മറ്റേയാൾ ഖന എഞ്ചിനീയറിംഗ് വില്പനയുടെ മാനേജർ . ഹിന്ദിയും ഇന്ഗ്ലീഷും കലർന്ന് ഇടവിടാത്ത സംസാരം . ആന്ധ്രയിലെ ഒരു സ്റ്റെഷനിൽ വണ്ടിയെത്തി .
ഉപ്പുമാവും വടയും ഒരാളും മറ്റെയാൾ ഇഡലിയും സാമ്പാറും . നിർത്താതെ സംസാരവും . പലതും ജോലിക്കാര്യങ്ങളും പഴയ സാഹസങ്ങളും . ഒരാൾ ഇന്ത്യൻ റെയിൽവേ തീവണ്ടികളുടെ സമയങ്ങൾ മനസ്സിൽ എന്സയ്ക്ലോപീഡിയയാക്കി യിരിക്കുന്നു . തിരികെയുള്ള പാളത്തിൽ നോക്കി അയാൾ പറഞ്ഞു ..."തിരുപ്പതി പാസ്സെഞ്ചർ അതാ ".
"വാട്ട്ഈസ്യുവർ നെയിം ?"
പേരും പോകുന്നയിടവും പറഞ്ഞു .
പിന്നെ കൂടുതലൊന്നും പറയാനുള്ള ഇങ്ങ്ലീഷു വശ മില്ലാത്തതുകൊണ്ട് മുഖം കൊണ്ടും ആംഗ്യം കൊണ്ടും പറഞ്ഞു നോക്കി . പരാജയപ്പെട്ടു .
സ്ടാളിൽ നിന്ന് വാങ്ങിയ പത്രത്തിൽ നോക്കി കൽകരിക്കാരൻ പറഞ്ഞു ," All  lines are flooded ; trains are  cancelled ;I am going to miss my connection!"
പുസ്തകം തുറന്നു തലയ്ക്കു മീതേ മൂടി ഉറക്കം നടിച്ചു കിടന്ന എനിക്ക് തിരിച്ചു ചോദിക്കാനുള്ള ഭാഷ അറിയില്ലാത്തതുകൊണ്ട് സമയമെടുത്തു .
പിന്നെ ഒരു കണക്കിൽ , ഒറ്റ ശ്വാസത്തിൽ , "വാട്ട്ടൈം ട്രെയിൻ വിൽ റീച് നാഗ്പൂർ ?"
"Are you going to Nagpur ?"
"Yes ...am "
"യു ഗെറ്റ് ദേർ ഇൻ ടു ഡെയ്സ് "
"ടു ഡെയ്സ് ടൂ മച് ...മൈ ടെസ്റ്റ്ടുമാറോ മോർണിംഗ് "
കൽകരി ആക്രി കച്ചവടക്കാരനെ നോക്കി ഹിന്ദിയിൽ പറഞ്ഞു .
പറഞ്ഞതിന്റെ അർത്ഥം ഇതായിരുന്നു ," മലയാളിക്ക് ഇന്ഗ്ലീഷിലും ഹിന്ദിയിലും ഒന്നും പറയാൻ അറിയില്ല ;പാവത്താൻ ...നാളെ കക്ഷിക്ക് എന്ട്രൻസ് പരീക്ഷ യാണ്നാഗ്പൂരിൽ വച്ച് .പക്ഷെ അത് കഴിഞ്ഞു പിറ്റേന്ന് മാത്രമേ ഈവണ്ടി നാഗ്പൂരിൽ എത്തൂ.
പ്രഭാതവും ഉച്ചയും കഴിഞ്ഞു രാത്രിയും എത്തി .
മനസ്സിൽ ഒരു തിര വന്നു .
തിരിച്ചു പോയാലോ ?
നാഗ്പൂരിൽ പരീക്ഷക്ക്എത്താതെ പിറ്റേ ദിവസമെത്തി , വഴി കണ്ടുപിടിച്ചു പേരില്ലാത്ത ആളുകളെ തപ്പി യിട്ട് എന്ത് കാര്യം ?
തിരിച്ചു പോകാൻ ടിക്കെറ്റ് വാങ്ങിയാൽ തന്നെ എവിടെ താമസിക്കും ?
ഒരു എത്തും പിടിയും കിട്ടിയില്ല .
കാലത്ത് TTR വന്നു .
കാത്തിരുന്ന ദുഖ വർത്തമാനവുമായി .
ട്രെയിൻ ഇനി മുതൽ ലോക്കൽ ആയി ഓടുന്നു .അടുത്ത ജങ്ക്ഷൻ ബുഷാവൽ . ഇറങ്ങുന്നവർക്ക് ടിക്കറ്റിൽ എന്ഡോര്സു ചെയ്തു കൊടുക്കും തിരിച്ചു വേറെ വണ്ടികളിൽ കയറാനുള്ള കാര്യം . റിസർവേഷൻ ഒന്നുമില്ല .

ഉച്ചക്ക് മുൻപേ ബുഷാവലിൽ എത്തി .
ഒരു തിരിച്ചു പോക്കിന് .

അന്ന് വണ്ടി സമയത്തിന് നാഗ്പൂർ എത്തിയിരുന്നെങ്കിൽ ...
എന്റെ ജീവിതം മാറുമായിരുന്നു .
ഇവിടെ വർഷങ്ങൾക്കു ശേഷം മഞ്ഞു പൊഴിയുന്ന ക്രിസ്മസ് രാത്രിയിൽ ഇവിടെ ഒറ്റക്ക്
ലക്ഷ്യം തെറ്റിയ യാത്രയുടെ ഓർമ്മകൾ ഗൂഗിൾ കീ ബോർഡിൽ അച്ചു നിരത്തില്ലായിരുന്നു .
എൻറെ മക്കൾ മറ്റു പലരുമാവുമായിരുന്നു .
എന്റെ സുഹൃത്തുക്കളും ബന്ധുക്കളും മറ്റു പലരും ആവുമായിരുന്നു .
ഒരു പക്ഷേ ...അത് ഒരു അറു ബോറൻ ജീവിതവും ആയിരുന്നേനെ ...

(തീർന്നു )

-----
ചന്ദ്രേട്ടൻ എഴുതിയ കത്ത് എവിടെയോ കളഞ്ഞു .
വായിച്ചില്ല , വിലാസക്കാരനും ഞാനും .
വർഷങ്ങളായി .
ചന്ദ്രേട്ടൻ മരിച്ചു ; കാൻസർ ആയിരുന്നു.
അമ്മ  കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ചു പറഞ്ഞു .
രണ്ടു വർഷം മുൻപ് അമ്പലത്തിൽ വച്ച് കണ്ടിരുന്നു . ആളെ മനസ്സിലായില്ല .

......

Tuesday, December 15, 2015

Lost & Found






Lost

A mind full of worn out days, made of leather
Set of dreams, never touched, purple
A hug, half way unzipped
A voice dropped in the crowd

****

Found

Love, in a dark alley of despair with lipstick on
A bucket list, crinkled and wet
A face unrecognized

A breath of a forgotten baby




Sunday, December 13, 2015

ഉങ്ക്ലീ


ഉങ്ക്ലീയെ ഞാൻ ആദ്യമായി കാണുന്നത് ഒരു പര പരാ വെളുക്കുന്ന മാർച്ച് മാസ രാവിലെ യാണ് .
നിൽകാത്ത ജർമൻ ഷെപ്പേഡിന്റെ കുരയിൽ തമിഴ്കൂടിക്കലർന്നു.
തുരുമ്പിൽ കോറി ഇരുമ്പ് ഗൈറ്റ് തുറന്നു തന്ന ഇരുണ്ട നിറത്തിലെ രൂപം .
"സാർ ....ഉള്ളേ വാങ്ഗോ ...സണ്ണിക്ക് ഉങ്ങളെ പുടിയാത് ."
സണ്ണി ഉങ്ക്ലിയെ നോക്കി വാലാട്ടി  നിന്നു . പിന്നെ എൻറെ മണം പിടിച്ചു , വീട്ടിനു ലക്ഷ്യമിട്ട് ഓടി.

എൻറെ യാത്ര തലേ ദിവസം തുടങ്ങിയിരുന്നു .
കാസിനോ ഹോട്ടൽ ഞങ്ങളുടെ അവസാനത്തെ പാർട്ടിയുടെ താവളമായിരുന്നു . അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥികളും വിരലിൽ എണ്ണാവുന്ന അദ്ധ്യാപകരും. പരീക്ഷകളുടെ നീണ്ട ദിനങ്ങൾ കഴിഞ്ഞിരുന്നു . ഓരോരുത്തരും അദ്ധ്യാപകരുടെ അടുത്ത് സ്നേഹാദരവുകൾ നൽകി യാത്രാ മൊഴികളും ആകാംഷകളും പുറത്തെടുത്തു .
സർജറി പ്രാക്ടിക്കൽ വിഷമമായിരുന്നു. ആളൊഴിഞ്ഞ തക്കത്തിൽ ഉറ്റ സുഹൃത്തുമായി സർജറി പ്രോഫെസ്സർ നല്ല ഫോമിലാണെന്ന് കണ്ട് അടുത്ത് ചെന്നു .
"സാറേ , ഞങ്ങള് പരീക്ഷയിൽ പൊട്ടിയോ എന്ന് അറിയാൻ പറ്റോ ? മനസ്സിലെ വെഷമം ഇന്ന് ആഘോഷിച്ചു തീർക്കാൻ വേണ്ട്യാ ..." വാക്കുകൾ ഇഴഞ്ഞു പാമ്പായി .
"ഡാ , നീയെന്തൂട്ടിനാ ബേജാരാവുന്നെ ...നീയൊക്കെ പാസ്സായില്ലെങ്കിൽ പിന്നെ ആരാ ഇവിടെ പാസ്സാവാ ?"
"സാറേ , ശരിക്കും ? ദാ ..ഇവൻറെ കല്യാണം ഉറപ്പിച്ചിരിക്കാ , ഇവന്ആശ കൊടുക്കല്ലേ ..."
"ഡാ , നീയ് ധൈര്യമായി പോയി കെട്ട് ...ഉം .cheers "
പിന്നെ ആഘോഷ തിമിർപ്പായിരുന്നു. നടക്കാൻ പറ്റുമെന്ന് മനസ്സിലായപ്പോൾ പുറത്തിറങ്ങി .
റോഡിൽ കുടുങ്ങിയ വാഹനങ്ങളുടെ ഹോണ്ശബ്ദങ്ങളിൽ യാത്ര പറച്ചിലുകൾ ഒലിച്ചു പോയി .
തൊട്ടടുത്ത്‌ KSRTC യുടെ പുത്തൻ സൂപ്പർ ഫാസ്റ്റ് മിനി ബസ്‌ :തിരുവനന്തപുരം .
"അളിയാ , അളിയന്റെ ഭാര്യാ വീട്ടിന്റെ മുന്നിലൂടെ പോകുന്ന വണ്ടി !, അളിയാ , പോയി ഭാര്യയെ കണ്ടു വാ , നല്ല വിവരം ചൂടോടെ  പൊടിക്ക് മാഷേ "
"ഏയ്‌ , ഞാൻ പൈസയൊന്നും എടുത്തില്ല .ഇതുപ്പോ രാത്രിയും ആയി ."
"അത് സാരല്ല്യ .വണ്ടിക്കൂലി മതീല്ലോ , പിന്നെ ബസ്സില് ഉറങ്ങി നേരം വെളുക്കുമ്പോ അവിടെ എത്താലോ "
"പോയി കലക്കളിയാ ..." സുഹൃത്തുക്കളുടെ ആവേശം ഉത്സാഹ തിമിർപ്പായി .
"നിർത്ത്  വണ്ടി ,ഒരു അത്യാവശ്യക്കാരനാ , തിരുന്തൊരം തിരുന്തോരം " ശബ്ദ കോലാഹലങ്ങൾ കേട്ട് ഡ്രൈവർ ലിമിറ്റഡ് സ്റ്റോപ്പ്ബസ്സു നിർത്തി
കണ്ടെക്ടർ ഡോർ തുറന്നു.
"കേറി പോട്ടെ ...വണ്ടി വിട് ".
ഏറണാകുളം മുതൽ ഉറക്കമായിരുന്നു . കൊല്ലത്ത് ബസ്സു നിർത്തി യപ്പോൾ ഓടിയിറങ്ങി . ലോക്കൽ ബസ്സുകൾ ഓടിതുടങ്ങിയിട്ടില്ല .
പിന്നെ ചിന്നക്കടയിൽ വല്ല ജീപ്പും കിട്ടുമോ എന്ന് നോക്കാൻ നടന്നു .
ഇന്നലെ കുടിച്ച മദ്യത്തിൻറെ കെട്ടുകൾ പോയി ഒരു തലവേദന മാത്രം അവശേഷി ച്ചു.
കടകളെല്ലാം അടഞ്ഞു കിടന്നു . സൂര്യൻ ഉദിച്ചിട്ടില്ല . മലിന കൂമ്പാരങ്ങളിൽ പ്ലാസ്റ്റിക്കരിയുന്ന മണം . പുകയും മൂടൽ മഞ്ഞും  നാഷണൽ ഹൈ വേയിൽ യാത്രികരായി.
പത്തു മിനിട്ടു കഴിഞ്ഞപ്പോൾ "ആറ്റിങ്ങൽ " ബോർഡുമായി ആളില്ലാത്ത ട്രാൻസ്പോർട്ട് ബസ്സ് ഇരച്ചു വന്നു . കൈ കാണിച്ചിട്ടും കാണാത്ത ഭാവത്തിൽ റ്റെക്സ്റ്റയിൽ കമ്പനി യുടെ അടുത്ത് വരെ ഓടി പെട്ടെന്ന് ബ്രേക്ക്ചവിട്ടി നിർത്തി തന്നു .
ഒരു സെക്കണ്ട് പാഴാക്കാതെ ഓടി വാതിലിൽ കയറിപ്പിടിച്ചു.
"സാർ ഉള്ളേ വാങ്ഗോ ...സണ്ണി.. നീ ...പോങ്ങടാ."

ഉങ്ക്ലിയുടെ പേര് മാർകഴിയെന്നോ ചെല്ലമ്മാൾ എന്നോ ആയിരുന്നു . ഓർമയിൽ വരുന്നില്ല .
ബഹുമാനത്തോടെ എല്ലാവരെയും "ഉങ്കൾ" എന്ന് സംബോധന ചെയ്തത് തമിഴും മലയാളവും അറിയാത്ത കുട്ടികൾ  അവരുടെ വിളിപ്പേരായി മാറ്റി.
തൃശ്ശിനപ്പിള്ളിയിൽ നിന്ന്വർഷങ്ങൾക്ക് മുൻപ് ഉങ്ക്ലിയും ഭർത്താവ് ചെട്ട്യാരും കേരളത്തിലെത്തി .
ഒരു മുറിയിൽ ചെട്ടിയാർ ബാർബർ ഷാപ്പ് തുടങ്ങിയതിനു ശേഷം ഉങ്ക്ലി തിരിച്ച് നാട്ടിലേക്ക് പോയില്ല .
ഭർത്താവിന്റെ കടയുടെ വാടകക്ക് പകരമായി അവർ എന്റെ ഭാര്യയുടെ വീട്ടിലെ പണിക്കാരിയായി . കടയിൽ പോകാനും  ഗേറ്റ് തുറക്കാനും , പോസ്റ്റ്ഓഫീസിൽ പോകാനും ,നാട്ടിലെ കുശു കുശുപ്പുകളുടെ സന്ദേശ വാഹകയായും അവർ മാറി .

ഉങ്ക്ലിയെ മീൻ വാങ്ങാൻ പറഞ്ഞു വിട്ടാൽ കിളിമീനും നത്തൊലിയും മാത്രം വീട്ടിലെത്തും .
അതിന്റെ വിശദീകരണം കേട്ട് ഞാൻ അടുക്കളയുടെ ഭാഗത്തേക്ക് പോയി നോക്കി .
മലയാളവും തമിഴും ഇടകലർന്നു പട്ടിയുടെ കുരയും .
അടുക്കളയുടെ പുറത്തു രണ്ടുമുറിയിൽ കെട്ടിയ വീടിന്റെ അനെക്സിൽ ഞാൻ കയറിയിട്ടില്ലായിരുന്നു .
"അവിടെയെല്ലാം വൃത്തികേടായിരിക്കും ; മോൻ പോണ്ട ", ഭാര്യയുടെ മാതാ പിതാക്കൾ പറഞ്ഞു.
ഉങ്ക്ലി പഴയ കാഞ്ചീപുരം സാരിയിൽ കൈതുടച്ച് ഭവ്യത കാണിച്ച് മാറി നിന്നു .
സണ്ണി വാലാട്ടി എന്നെ തള്ളിക്കൊണ്ട് അകത്തേക്ക് പോയി .
അപ്പോഴാണ്ബഞ്ചിൽ ഇരിക്കുന്ന വൃദ്ധയെ ശ്രദ്ധിച്ചത് .
"മോൻ ആരാ ? മനസ്സിലായില്ല "
"ഇത് സാറ് , പുതിയ മാപ്പിള "
"അച്ചാമ്മക്ക് ആരെയെങ്കിലും പുതുതായി കണ്ടാൽ തൊട്ടും കിന്നാരവും ഒക്കെയാ ...ഓർമയോക്കെ പോയി ."
"കണ്ണ്തെറ്റിയാൽ റോഡിലെത്തും ...അതുകൊണ്ട് ഇവിടെത്തന്നെ ഇരുത്തിയിരിക്കയാ . ഭക്ഷണം കഴിച്ച കാര്യം ഓർമയില്ല ,ഉടൻ ഹോട്ടലുകാർ എന്നെ പട്ടിണിയിടുകാ എന്ന് പറഞ്ഞു ബഹളം വയ്ക്കും ."

അച്ചാമ്മ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു . "ഇവിടെ വാ ...എന്റെ അരികത്തു ഇരിയെന്നു " എന്നെ നോക്കി പ്പറഞ്ഞു .
പിന്നെ മാസങ്ങൾ വലിയ വീട്ടില്, ഞാനും ഭാര്യയും, അമ്മയും സണ്ണിയും പിന്നെ അച്ചാമ്മയും ചിലപ്പോൾ ഉങ്ക്ലിയും . താമസിച്ചു .

ഒരു ദിവസം ഉങ്ക്ലി പ്രായം കുറഞ്ഞ യുവതിയുമായി ഗേറ്റ് തുറന്ന് വന്നു . മുന്നിൽ സണ്ണി കുരച്ചുകൊണ്ടു മാർഗതടസ്സം സൃഷ്ടിച്ചു . പിന്നെ ഭാര്യ പോയി അവനെ അനുനയിപ്പിച്ചു .
"ഇത് പുതിയ പെണ്ടാട്ടി "
ആരുടെ യെന്നു പറഞ്ഞപ്പോൾ ഒന്ന് ഞെട്ടി .
മുടി നരച്ചു വൃദ്ധനായ ചെട്ടിയാർ വീണ്ടും വിവാഹം കഴിച്ചിരിക്കുന്നു .
ഒരു മുറി ക്കൂരയിൽ ഒരു അന്തേവാസി കൂടി .
ഉങ്ക്ലിയുടെ കണ്ണിൽ നിരാശയുടെ നനവുണ്ടോയെന്നു നോക്കി .
ഇല്ല .
തനിക്കു വയസ്സായി എന്നറിയാവുന്ന അവർ ഭർത്താവിനു സ്നേഹം പങ്കിടാൻ പുതിയ അവസരം കൊടുത്തിരിക്കുന്നു .
പിന്നെ ഉങ്ക്ലിയും "അനിയത്തിയും " സോപ്പും പൈസയും വാങ്ങി തിരിച്ചു പോയി .
അച്ചാമ്മ ഇടയ്ക്കിടെ രാത്രിയിൽ ബഹളം വച്ചിരുന്നു . പിന്നെയൊരിക്കൽ അനക്കമില്ലാതെ കിടന്നു .
ഭാര്യ വന്ന് വിവരം പറഞ്ഞപ്പോൾ ഓടിപ്പോയി പരിശോധിച്ചു.
സ്റെതെസ്കോപ്പിൽ ഹൃദയ മിടിപ്പ് കേട്ടപ്പോൾ സമാധാനമായി .
ജീവനുണ്ട് . പേടിക്കേണ്ട ,
"ഹാവൂ ആശ്വാസമായി ." ഭാര്യാ മാതാവ് നെടുവീർപ്പിട്ടു .
പിന്നെ മാസങ്ങൾ കഴിഞ്ഞു .
അച്ചാമ്മ യും ഉങ്ക്ലിയും
ജീവിതത്തിന്റെ ഭാഗമല്ലാത്ത കൂട്ടിയിരുപ്പ് കാരായി .
ഒരു ദിവസം കുടിച്ച പാൽ കവിളിലൂടെ ഒലിച്ചു അച്ചാമ്മ നിശ്ചലയായി .
കൈപിടിച്ചപ്പോൾ സത്യം മനസ്സിൽ ഓടിക്കയറി .
മരണം .
ജീവിതത്തിൽ ആദ്യമായി സ്വന്തം വീട്ടിലെ ഒരാളുടെ മരണം സ്ഥിരീകരിക്കേണ്ടി വരിക .
പിന്നെ എന്താണ് ചെയ്യേണ്ടത് എന്നറിഞ്ഞില്ല .
ഉങ്ക്ലി പറഞ്ഞു . "നാൻ വീട്ടുകാരോട് പോയി പറയാൻ പോകലാം".
അറിയിക്കേണ്ട പ്രധാന വ്യക്തികൾ മകനും പെണ്മക്കളും ആണ് . പലരും അങ്ങോട്ടും ഇങ്ങോട്ടും പടല പിണക്കത്തിൽ കഴിഞ്ഞു കൂടുന്നത് കൊണ്ട് നേരിട്ട് പരിചയമില്ല .
പെട്ടെന്ന് ഭാര്യയുടെ താമസിക്കുന്ന ബന്ധുക്കൾ എത്തിത്തുടങ്ങി .
ഭാര്യ സണ്ണിയെ വലിച്ചിഴച്ചു കൂട്ടിലടച്ചു .
അഴിയിലൂടെ അവൻ എന്നെ നോക്കി ദയനീയ മായി കുരച്ചു .
പിന്നെ ഞാനും ഭാര്യയും കാറിൽ ചിന്നക്കടയിൽ പോയി STD വിളിച്ചു .
വിവരം അറിഞ്ഞ് ആർക്കും ഞെട്ടലില്ല .
പക്ഷേ പ്രതീക്ഷിക്കാത്ത ഒന്ന് എനിക്ക് ഭാര്യവീട്ടിൽ കാത്തിരിക്കുന്നുണ്ടായിരുന്നു .
അന്ത്യകർമങ്ങളുടെ കടമ .
അത് എനിക്ക് വെച്ചു നീട്ടി എല്ലാവരും മാറി നിന്നു. മതിലിനകത്തെ പ്ലാവിന്നരികിലായി ചിതയൊരുക്കി .
തറവാട്ട് വീട് രാഷ്ട്രീയ പാർടി വാടകക്ക് എടുത്തിരിക്കുന്നു . അവിടെ ആരും താമസമില്ല . അത് ബുദ്ധിമുട്ടാവും . ഉപദേ ശകർ വീട്ടിൽ നിറഞ്ഞു .
പിന്നെ പലർക്കും പൈസ കൊടുത്തു . എന്തിനെന്നു പറഞ്ഞത് കേൾകാൻ സമയമില്ലായിരുന്നു .
നാട്ടിൽ നിന്ന്എൻറെ വീട്ടുകാരും എത്തി .
പിന്നെ അസ്ഥി സഞ്ചയനം .അസ്ഥികൾ കുടത്തിലാക്കി പ്ലാവിൽ കെട്ടിയിട്ടു . അത് ഒരിക്കലും കണ്ടിട്ടില്ലാത്ത ആചാരമായി .
ഭാര്യ ഉറക്കത്തിൽ ദുസ്വപ്നങ്ങൾ കണ്ട് പലപ്പോഴും ഉണർന്നു .
പിന്നെ നിലാവിൽ പ്ലാവിന്റെ കൊമ്പിൽ കെട്ടിയ ചുവന്ന തുണിയിലെ കുടുക്ക ഒരു കടമയുടെ ചോദ്യമായി അവശേഷിച്ചു .
ഞായറാഴ്ച്ച ഒഴിവായിരുന്നു .
ഉങ്ക്ലിയും ഞാനും ചേർന്ന് പ്ലാവിൽ നിന്നും തുണിക്കെട്ട് അഴിച്ചു കുടുക്ക പൊട്ടാതെ താഴെയെത്തിച്ചു.
എങ്കിൽ പോകാം .
"ഞാനില്ല ; എനിക്ക് പേടിയാ " ഭാര്യ .
പിന്നെ അമ്മായി അമ്മയെയും  ഉങ്ക്ലിയെയും കൂട്ടി  കാറിൽ കടൽ തീരത്ത് എത്തി .
അറബിക്കടൽ ശാ ന്തമായിരുന്നില്ല . എൻറെ മനസ്സും .
അച്ചാമ്മയുടെ അസ്ഥികളുമായി തിര കൾ ആർത്തലച്ചു പോകുമ്പോൾ ഞാൻ നടന്നു ,മണലിൽ തറഞ്ഞ കാലുകൾ ഉയർത്തി .

"കടവുളേ ..."ഉങ്ക്ലി കണ്ണു നീർ തുടച്ചു ഞങ്ങൾകൊപ്പം നടന്നു .