Translate

Saturday, June 5, 2021

ഞെട്ടൽ

 ഞെട്ടിക്കുന്നതിൽ നിന്നും ഉണ്ടാവുന്നത്


"ഞെട്ടൽ"(startling) എന്ന പ്രക്രിയ മിക്കവാറും മസ്തിഷ്കത്തിന്റെ വികാസമുള്ള ജീവികൾക്കെല്ലാം ഉള്ള ഒരു പ്രതിഭാസമാണ്.

സസ്യങ്ങളിൽ ഇത് ഉണ്ടോ എന്ന കാര്യം ഇപ്പോഴും തീർച്ചപ്പെടുത്തിയിട്ടില്ല(അത് ഈ പോസ്റ്റിന്റെ പ്രമേയം അല്ല).


പെട്ടെന്നുള്ള, അല്ലെങ്കിൽ ആകസ്മികമായി കിട്ടുന്ന ഒരു സംവേദനം, അത് ശബ്ദമായാലും വെളിച്ചമായാലും, സ്പർശനമായാലും, അത് എന്താണെന്ന് മസ്തിഷ്കത്തിന്റെ വിവിധഭാഗങ്ങളിൽ സ്ഥിതിചെയ്യുന്ന കേന്ദ്രങ്ങൾ വിവേചിച്ച് തീരുമാനമെടുക്കുന്ന മില്ലി സെക്കന്റുകൾക്കു മുൻപുതന്നെ "ഞെട്ടൽ" എന്ന പ്രക്രിയ സംഭവിക്കുന്നു.

പരിണാമത്തിന്റെ വിവിധ വഴികളിൽ ജീവിയുടെ ശരീരത്തിന്റെ മുറിവുകളോ മരണകാരണമാകാവുന്ന ആപത്തുകളോ സ്വാഭാവികമായും നേരിടാനായിരിക്കണം ഞെട്ടൽ എന്ന  സ്വഭാവം ഉടലെടുത്തത് എന്ന് കരുതാവുന്നതാണ്.

ഒരു മനുഷ്യൻ പ്രായം ചെല്ലും തോറും ഞെട്ടലിന്റെ നാടകീയതയിൽനിന്നും ക്രമേണ പുറത്ത് വരുന്നതായി കാണാം.

ഇത് സംഭവിക്കുന്നത് acclimatization എന്ന പരിചയ സമ്പാദനം നേടുന്നതുകൊണ്ടാണ്. 


നവജാത ശിശുക്കൾ ജനിച്ചു വീഴുന്ന സമയത്ത് പരിണാമപ്രക്രിയയുടെ ഭാഗമായി പലതരത്തിലുള്ള "primitive reflexes" കാണിക്കുമെന്നത് ഒരുപക്ഷേ നിങ്ങൾ ശ്രദ്ധിച്ചുകാണും.

 ഉദാഹരണമായി Moro reflex എന്നത് സമാന്തര മായ കിടപ്പിൽ പെട്ടെന്ന് കുട്ടിയുടെ തല നിങ്ങൾ കൈയ്യിൽ വച്ച് ഉയർത്തി പെട്ടന്ന് ആ സപ്പോർട്ട് താഴ്ത്തുകയാണെങ്കിൽ ഇത് കാണാവുന്നതാണ്.

ഉടനെ സംഭവിക്കുന്നത് ഇതാണ്: 

ആ സംഭവത്തിന്റെ ഞെട്ടൽ കൊണ്ട് രണ്ട് കൈകളും അകലുകയും വിരലുകൾ വിടരുകയും പിന്നെ കൈകൾ ആശ്ളേഷംപോലെ അടുത്ത് വരികയും ചെയ്യും.

സുഷുമ്നാ നാഡിയുടെ(spinal cord) വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന കേന്ദ്രങ്ങളിൽ ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്. മസ്തിഷ്കത്തിന്റെ വളർച്ച പൂർത്തിയാവുന്നതിന്റെ ആദ്യ ഘട്ടങ്ങളിൽ തന്നെ ഇതിനെയെല്ലാം മേലേയുള്ള കേന്ദ്രങ്ങളിൽ നിന്നും നിയന്ത്രിക്കാൻ തുടങ്ങുമ്പോൾ ഇത് അപ്രത്യക്ഷമാകും. 

(എന്നാൽ സെറിബ്രൽ പാൽസി ബാധിച്ച കുട്ടികളിൽ ഇത് നീണ്ട കാലത്തേയ്ക് കാണാം.)


കാഴ്ചയില്ലാത്ത കുട്ടികൾക്ക് അവരുടെ മറ്റ് ഇന്ദ്രിയങ്ങൾ കാഴ്ച യുള്ളവരേക്കാൾ കൂടുതൽ സംവേദന ശക്തി ഉള്ളതായിക്കാണാം. ഉദാഹരണത്തിന് കേൾക്കാനുള്ള ശേഷി.

 അവർ ആദ്യമേ തന്നെ ശബ്ദം മൂലം ഞെട്ടാൻ ഉള്ള സാധ്യത കൂടുതലാണ്.

നേരത്തെ പറഞ്ഞ Moro reflex പെട്ടെന്ന് ഉണ്ടാക്കുന്ന ശബ്ദം കൊണ്ടും പ്രകടമാക്കാവുന്നതാണ്.

പ്രായം ചെന്ന നമ്മളും, പെട്ടെന്ന് വലിയ ശബ്ദം പ്രതീക്ഷിക്കാതെ കേട്ടാൽ ഞെട്ടും. 

എങ്കിലും, മിക്കവാറും ആളുകളും കൈയിൽ ട്രേയും മറ്റും പിടിച്ചിട്ടുണ്ടെങ്കിൽ അത് തറയിൽ വീഴാതെ ബാലൻസ് ചെയ്യും. 

എല്ലാവർക്കും അത് കഴിഞ്ഞെന്ന് വരില്ല.


ഇത്രയും പരത്തി എഴുതിയത് ഈ പോസ്റ്റിന്റെ മുഖ്യ പ്രമേയമായി പിന്നീട് എഴുതുന്ന മനുഷ്യരിലെ കൗതുകകരമായ ചില അപൂർവ്വം സ്വഭാവ വിശേഷങ്ങൾ പങ്കിടാനാണ്.


Hyperekplexia(ഹൈപ്പർ എക്ളെപ്സിയ)


ഈ ജനിതകരോഗം ബാധിച്ച കുട്ടികൾ ചെറിയ ഒരു സ്റ്റിമുലേഷൻ കിട്ടുമ്പോളേയ്ക്കും ശരീരത്തിലെ പേശികൾ പെട്ടെന്ന് തുടിക്കുന്ന ഒരു പ്രതിഭാസത്തിലേയ്ക്ക് എത്തും. അവരുടെ ശരീര പേശികൾ ലേശം വലിഞ്ഞു മുറുകിയ അവസ്ഥയിൽ ആയിരിയ്ക്കും.

 (സ്പൈനൽ കോർഡിലെ ഗ്ളൈസിൻ റിസപ്റ്ററിൽ ഉള്ള മാറ്റം മൂലമാണ് ഇത് സംഭവിക്കുന്നത്).


ഇനി കൗതുകകരമായ ചില Startling സവിശേഷത ഉള്ള മനുഷ്യരെപ്പറ്റി


**Jumping French Men of Maine**


ഫ്രഞ്ച്‌ കാനേഡിയൻ വംശീയരായ ചില മരംവെട്ടുകാരിലാണ് ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് ജനിതകമായ ഒരു മാറ്റം ഇവരുടെ മുൻതലമുറയിൽ സംഭവിച്ചതുകൊണ്ടാണെന്ന് കരുതപ്പെടുന്നു.


 ഞെട്ടലുണ്ടായാൽ അവരുടെ ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും , വീഴുകയും കൈകാൽ പലരീതിയിൽ ചലിക്കുകയും ചെയ്യും. കുറച്ച് സെക്കന്റുകൾ നീണ്ട പ്രക്രിയയാണ് ഇത്.


*Lataah*


ഇത് ഇന്തോനേഷ്യ, ഫിലിപ്പീൻസ്, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ അവസ്ഥയുള്ള ആളുകൾ ഞെട്ടൽ ഉണ്ടായാൽ ഉടൻ നിർത്താതെ ചിരിക്കുകയോ വളരെ വേഗതയിൽ അസംബന്ധമായ സംസാരം നടത്തുകയോ ചെയ്യും. 


(Fainting goats എന്ന പ്രശ്നം ഇതു മൂലമല്ല. അത് ചില പ്രത്യേക ജനുസിൽപ്പെട്ട ആടുകൾ ഞെട്ടൽ മൂലം അവയുടെ ശരീര പേശികൾ സങ്കോചിച്ച് അനങ്ങാൻ പറ്റാത്ത അവസ്ഥയിൽ ആകുന്നതാണ്. അതിന്റെ കാരണം myotonia ആണ്. യൂ ട്യൂബിൽ അതിന്റെ വീഡിയോകൾ കാണാം)


ഞെട്ടൽ എല്ലാവരും നേരിടുന്ന കാര്യമാണ്.

നാടകീയത ചിലരുടെ സവിശേഷത മാത്രം.

No comments:

Post a Comment