Translate

Thursday, December 12, 2013

ഒരു പെണ്ണു കാണൽ



 ഒരു മഴ തോർന്ന സായാഹ്നം .
ആദ്യമായാണ് വീട്ടുകാരോടൊപ്പം അവിടെയെത്തിയത്‌
നഗരിയുടെ ഒച്ചയനക്കങ്ങളിൽ നിന്നും ഒഴിഞ്ഞു മാറിയ വലിയ നാട്യമില്ലാത്ത ചുറ്റുപാടും
പൂച്ചട്ടികൾ അലങ്കരിച്ച ഒരു വീടും .
ഇളയച്ഛന്റെ സുഹൃത്തായ ഗൃഹനാഥൻ ഒരു ഛായ ചിത്ര ത്തിൽ .
"നല്ല ആളായിരുന്നു ... ഇപ്പോ അമ്മയും മകളും മാത്രം ." ഇളയമ്മ എന്നെ നോക്കി അവതാരിക നൽകി .
എനിക്ക് ധാരാളം മുന്നറിയിപ്പുകൾ കിട്ടിയിരുന്നത് എല്ലാം നല്ലതായിരുന്നു.
"ഇനി വേറൊന്നും നോക്കേണ്ട ; നിനക്ക് ഇഷ്ടായീ ന്ന് പറഞ്ഞാൽ പിന്നെ നമുക്ക് ഒറപ്പ്  മകരത്തിൽ തന്നേ കല്യാണം " ബന്ധുക്കൾക് തിടുക്കം
"എല്ലാ പൊരുത്തവും ഒത്ത ഈ ജാതകങ്ങൾ ഇതുവരേ കണ്ടിട്ടില്ല എന്നാ സോമുപ്പണിക്കര് ചേട്ടനോട്‌ പറഞ്ഞത് "

മനസ്സിൽ അന്ന് എന്തായിരുന്നു എന്ന് ശരിക്കും ഓർമയില്ല .
തലയും താഴ്ത്തി പതുക്കെ കാപ്പി കപ്പ്‌ ചുണ്ടോടടുപ്പിക്കുമ്പോൾ ഒരു നോക്ക് കണ്ടു .
"ഇനിയിപ്പോ ഇവർക് എന്തെങ്കിലും ഒറ്റയ്ക്ക് സംസാരിക്കാൻ കാണും ."
ബന്ധുക്കൾ പതുക്കെ പൂമുഖത്തേക്ക്‌ ഒതുങ്ങി .
പിന്നെ ഔപചാരികതയുടെ കുറച്ചു വാചകങ്ങൾ
മനസ്സിൽ പറഞ്ഞു "എനിക്ക്‌ ഇഷ്ടമായി ."
പിന്നെ മനസ്സ്‌ നിറഞ്ഞത്‌ മറ്റൊന്നായിരുന്നു
ആ കോർണിയ യുടെ മേലെ സ്ക്ലീറയുടെ വെളുപ്പ്‌ .
exophthalmos ? ഏയ്‌ ഒരു പക്ഷേ ആകാംഷ യായിരിക്കാം
എന്റെ മെഡിക്കൽ ചിന്തകൾ പരസ്പരം അന്ന്യോന്ന്യം നടത്തി .
പിന്നെ കേട്ടതൊന്നും മനസ്സിൽ തങ്ങിയില്ല .
പുഞ്ചിരിച്ചു
"എന്നാൽ നമുക്കിറങ്ങാം ; മഴ കൂടുമ്പോ പ്രയാസമാവും വഴിയിൽ "
"ഇനിയിപ്പോ എപ്പോ വേണമെങ്കിലും വരാമല്ലോ " കൂട്ടച്ചിരി യും  ബന്ധുക്കളുടെ അർത്ഥ ഗർഭ മായ കണ്ണിറുക്കലും .
"എന്താ ഒരു വിഷാദം ? ഇനിയിപ്പോ വേറെ ഒന്നും നോക്കണ്ട ; ആ കൂർക്കൻചേരിയിലെ ആലോചന വിട്ടോ, ഇതാ നമ്മുടെ യോഗം ." ഇളയമ്മയുടെ ഉപദേശം .
ചില്ലിനു മീതെ മഴത്തുള്ളികൾ നഗരത്തെ ഒരു അമൂർത്ത ചിത്ര മാക്കുമ്പോൾ മനസ്സിലൊരു ചിന്ത മാത്രം " exophthalmos "

ദിവസങ്ങൾ നീങ്ങി
ആഴ്ചകളും ...
മനസ്സ് വേവലാതി പൂണ്ടു .
"ഒരു പക്ഷേ അവർക്ക് ഇഷ്ടമായിക്കാണില്ല " അമ്മയോട് പറഞ്ഞു .
പിന്നെ രണ്ടും കൽപിച്ചു ഒരു കത്തെഴുതി വീട്ടുകാരറിയാതെ .

മനസ്സ് തുറന്നു സാഹിത്യവും സൗഹൃദവും ചേർത്ത് .
"എനിക്ക് ഇഷ്ടമാണ് . "
പോസ്റ്റു ചെയ്തതിനു ശേഷം കത്ത് തിരിച്ച് എടുത്താലോ എന്ന് മനസ്സിൽ തോന്നി .
പോയ ബുദ്ധി തിരിച്ച് കിട്ടിയില്ല .

വർഷങ്ങൾക്കു ശേഷം ഒരു ഉച്ച സമയം .
തിരുമല ദേവസ്വം മെഡിക്കൽ കോളേജിലെ physiology department
പണ്ട്‌ മെഡിക്കൽ കോളേജിലെ റ്റ്യുട്ടർ ആയിരുന്ന ദേഹം അ വിചാരിതമായി കയറി വന്നു .
"തൃശ്ശൂരിൽ ..."
" ഇപ്പൊ ഇവിടെയാ . ഭാര്യ വീട്ടിലാ . മോൾക്ക് ഒരു മാസം ."
"പിന്നെ എവിടെക്കാ ഇപ്പൊ ?"
"ഞാൻ തൃശൂർ നിന്ന് വരികയാണ് ഫാമിലി കാറിലുണ്ട് "
"ഏയ്‌ വിളിക്കെടോ ഞങ്ങളൊക്കെ കാണട്ടേ " എല്ലാവരും ഒരേ ശബ്ദത്തിൽ
പിന്നെ സുഹൃത്തിനോടൊപ്പം പുറത്തു വരാന്തയിൽ പോയി
പുറത്തു ചേർത്ത് നിർത്തിയ മാരുതി
മുൻ വശത്തെ വാതിലിനരികിൽ മുഖം തിരിഞ്ഞു നിന്ന നവവധു
"ഹലോ "

വർഷങ്ങൾക്ക് മുൻപ് പെയ്തൊഴിഞ്ഞ  ഒരു കാലവർഷക്കാലം ഒരു നൊമ്പരത്തിന്റെ തികട്ടലായി ...

"ഹലോ "

ഇവിടെ നിർത്താം . ഈ വശ ക്കേടിന്റെ നിമിഷങ്ങൾ
നമുക്ക് മാത്രമായി മാറ്റി വക്കാം .

No comments:

Post a Comment