Translate

Sunday, April 15, 2018

(അ)പരിചിതരുടെ കണക്കു പുസ്തകം: 5




ഇന്ന് വിഷു.

മറവിയുടെ ഇരുട്ടിൽ ഒരു ഓർമ്മയുടെ പൂത്തിരിയായി നിങ്ങൾ വന്നു.
ഫ്യൂജയിര പോർട്ട് ക്ലിനിക്കിലെ ആളൊഴിഞ്ഞ ഉച്ചയിൽ പതുക്കെ മയക്കം പിടിച്ച സമയത്താണ് ഫോൺ വിളി വന്നത്.
 "ഡോക്ടറെ അത്യാവശ്യമായി ഒന്ന് കാണാൻ പറ്റുമോ എന്നറിയാൻ...നമ്മൾ തമ്മിൽ അറിയില്ല; ഒരു മെഡിക്കൽ കാര്യം പറയാനാണ് ..."
"വേണുവേട്ടാ ...പിള്ളാര് കളി വിട്, ആളെ മനസ്സിലായി...പോന്നോളൂ"
"ഡോക്ടർ തെറ്റിദ്ധരിച്ചു; എനിക്ക് നേരത്തേ പരിചയമില്ല..."
"പരിചയം വേണ്ട മാഷേ, പോരൂ
വേണുവേട്ടൻ അങ്ങിനെയായിരുന്നു...
വർഷങ്ങൾക്കുമുമ്പേ എങ്ങണ്ടിയൂരിലെ വലിയ മാമന്റെ ഭാര്യാ വീട്ടിൽ മറ്റു കസിൻസിൻറെ ഒപ്പം പോയപ്പോഴാണ് പുള്ളിക്കാരനെ ആദ്യമായി കാണുന്നത് .
സ്വന്തമായി ഇലക്ട്രോണിക്സ് കാര്യങ്ങളും മറ്റുമായി പുറത്തു കളിയും കൂട്ടുകെട്ടും ഇല്ലായിരുന്നു പുള്ളിക്ക്.
എങ്കിലും ഞാനുമായി വളരെ അടുപ്പമായിരുന്നു.
പിന്നേയും ആറ് -എട്ടു വർഷങ്ങൾ കഴിഞ്ഞാണ് വീണ്ടും കാണുന്നത് .
അന്നൊക്കെ കോളേജിലേക്ക് കാലത്തു വരുന്നവർ പല ഗ്രൂപ്പുകളായാണ് .
ആലപ്പാട് ,ചാഴൂർ എന്നിവർ ഒരു ബസ്സിലും , പഴുവിൽ , ചിറക്കൽ , പെരിങ്ങോട്ടുകര  ഒരുബസ്സിലും , തൃശൂർ നിന്നുള്ള അധ്യാപകരും, കാഞ്ഞാണി ,കണ്ടശ്ശാങ്കടവ്  സ്ഥലങ്ങളിൽ നിന്നുള്ളവർ ഒരുമിച്ചും ,ചേറ്റുവ, ഏങ്ങണ്ടിയൂർ ,തൃത്തല്ലൂറ്‍ , വാടാനപ്പള്ളി , തളിക്കുളം എന്നീ സ്ഥലങ്ങളിൽ നിന്നു വരുന്നവർ ഒരുമിച്ചും, തെക്കു നിന്ന് കാട്ടൂർ ,എടത്തിരുത്തി ,എടമുട്ടം വേറെയും , ചെന്ത്രാപ്പിന്നി , കഴിമ്പ്രം , കയ്പമംഗലം, പെരിഞ്ഞനം എന്നിവിടങ്ങളിൽ നിന്നുള്ളവർ ഒരുമിച്ചും കോളേജ് സ്റ്റോപ്പിൽ എത്തും . പിന്നെ കാൽനടയായും സൈക്കിളിലും എത്തുന്നവർ നാട്ടികയിലും പ്രാന്ത പ്രദേശങ്ങളിലും ഉള്ളവർ .
പത്തു നാൽപതു വർഷങ്ങൾ കഴിഞ്ഞിട്ടും ഫേസ്ബുക് നോക്കുമ്പോളും വിദേശത്തും സുഹൃത്ബന്ധങ്ങളിൽ ഈ തിരിവ് എനിക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട് . കക്ഷി രാഷ്ട്രീയങ്ങൾക്കും മത -ജാതി ഉൾപ്പോരുകൾക്കും തിരിക്കാൻ മുഴുവനും കഴിഞ്ഞിട്ടില്ല.
അത് എഴുപതുകളിലായിരുന്നു പട്ടി നാക്കുപോലെയുള്ള വലിയ കോളറും നീണ്ട ഫ്ലവർ ഷർട്ടുകളും ,തറയിലലയുന്ന ബെൽ ബോട്ടം പാന്റുകളും ഉയരത്തിലുള്ള പ്ലാറ്റ് ഫോം ചെരിപ്പുകളും , നീട്ടി വളർത്തിയ മുടിയുമുള്ള ഒരു കാലമായിരുന്നു. ബസ്സിലും സൈക്കിളിലും വന്നു നാട്ടികയിൽ ബസ് സ്റ്റോപ്പിലെ ഒരേയൊരു ബാർബർഷോപ്പിൽ നാല് കണ്ണാടികൾ ഉള്ളതിൽ മൂന്നിലും പ്രീഡിഗ്രി മുതൽ ഡിഗ്രീ പഠിക്കുന്നവർ ഇടിച്ചു കയറി പോക്കറ്റിലെ നാലിഞ്ചു നീളമുള്ള ചീപ്പെടുത്തു മുടിചീകും. പിന്നെ ഒരോട്ടമാണ്.
അന്നാണ് വീണ്ടും കാണുന്നത്.
പ്രഭു ട്രാൻസ്പോർട്ടിൽ നിന്നിറങ്ങി വന്നു നമ്മളൊന്നായി കോളേജിലേക്ക്.
ഒരിക്കൽ കാലത്തു കോളേജിന് കിഴക്കേതിലുള്ള മാവിൻ ചുവട്ടിൽ നിങ്ങളുണ്ടായിരുന്നു.
ആസ്ഥലം അന്ന് കോളേജ് രാഷ്ട്രീയക്കാർക്കും, ടെസ്റ്റ് ക്രിക്കറ്റ് പ്രേമികൾക്കും , ക്ലാസ്സ് കട്ട് ചെയ്തു സിഗരറ്റും വലിച്ചു ലോക കാര്യങ്ങൾ ചർച്ച ചെയ്യാനുമുള്ള സ്ഥലമായിരുന്നു . മൂത്രമൊഴിക്കാൻ ആൺ കുട്ടികൾക്കും.
അന്ന് ഒരു യാഷിക്ക കാമറയും കഴുത്തിൽ തൂക്കി നിങ്ങൾ വന്നു.
"ഇനി വലിയ ആളാവുമ്പോൾ എൻറെ കൈയിലുള്ള ഫോട്ടോ കാണിക്കാമല്ലോ എന്നാണ് നിങ്ങൾ പറഞ്ഞത് എന്ന് ഞാൻ ഓർക്കുന്നു.
നിങ്ങളിലൂടെ ബികോം വിദ്യാർത്ഥികളെയും ഞാൻ അറിഞ്ഞു .
പിന്നെ തൊണ്ണൂറുകളിൽ അറിഞ്ഞു , നിങ്ങൾ ഗൾഫിലെത്തിയെന്നു.
അതേ  പറഞ്ഞുവരുന്നത് , നിങ്ങൾക്ക് ഒരു മാറ്റവുമില്ലായിരുന്നു .
ഭക്ഷണത്തിൽ പഥ്യങ്ങളും തീരുമാനങ്ങളിൽ പിടിവാശികളും നിലനിർത്തിക്കൊണ്ടു സൗമ്യനായി ചിരിയോടെ ഒതുങ്ങി ഭാര്യയും മകനുമായി ഒരു കൊച്ചു വില്ലയിൽ നിങ്ങൾ ജീവിച്ചു.
ഒഴിവു കിട്ടുന്ന സമയത്തു എന്നെ സൂപ്പർ മാർക്കറ്റിൽ കൊണ്ടുപോവാനും , പിന്നെ ഭാര്യയും മോളും വന്നപ്പോൾ ദുബായ് വരെ വണ്ടിയോടിച്ചു അവരെ ഫ്യൂജായിരയിൽ  എത്തിക്കാനും നിങ്ങളുണ്ടായിരുന്നു.
16 ബിൽഡിംഗ് എന്ന ഞങ്ങളുടെ അപാർട്മെന്റ് സമുച്ചയങ്ങളുടെ മുന്നിൽ നിങ്ങൾ വന്നു.
ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ എന്നെക്കാളേറെ ദുഃഖം നിങ്ങൾക്കായിരുന്നു . എൻറെ മകളുടെ കൊച്ചു സൈക്കിൾ മുതൽ വീട്ടിലെ ലൊട്ടുലൊടുക്ക് സാമാനങ്ങൾ എങ്ങണ്ടിയൂരിലെ സൂപ്പർ മാർക്കറ്റ് മാനേജറായ സതീശൻറെ വീട്ടിൽ വയ്ക്കാൻ സഹായിച്ചതും നിങ്ങളായിരുന്നു.
ഞാൻ വിസ ക്യാൻസൽ ചെയ്തു പോയതിൻറെ പേപ്പർ കൊടുക്കാൻ താമസിച്ചതിൻറെ പേരിൽ ഇന്ത്യക്കാരായ പഴയ മുതലാളിമാർ നിങ്ങളുടെ ജോലിസ്ഥലത്തും വന്നു വിരട്ടിയതായി നിങ്ങൾ എനിക്കെഴുതി .
വർഷങ്ങൾ കഴിഞ്ഞു , നിങ്ങൾ റാസ് അൽ ഖൈമ യിൽ പോയെന്നു തോന്നുന്നു . ഓർമ്മ ശരിയാണെന്നു അറിയില്ല .
ഈയെഴുത്തുകൊണ്ടു അങ്ങിനെ ഒരുപകാരമുണ്ട് ; മറവിയുണ്ടെന്നു മനസ്സിലാക്കാം.
ഞാൻ അബുദാബിയിലും പിന്നെ തിരിച്ചു മതിയാക്കി ഇംഗ്ളണ്ടിലേക്കും .
നിങ്ങളെന്നെ വീണ്ടും വിളിച്ചു , "നമുക്കിവിടെ നല്ല സ്‌പോൺസറെ കിട്ടും ...ഇവിടെ കൂടാന്നേ "
"വേണ്ട ...മതിയായി, ഇനിയില്ല" ഞാൻ തീർത്തു പറഞ്ഞു .
വർഷങ്ങൾക്ക് മുൻപ് പപ്പൻ ഒരസമയത്ത്‌ വിളിച്ചു ...
വേണുവേട്ടൻ മരിച്ചു”.

No comments:

Post a Comment