Translate

Wednesday, April 18, 2018

Jack Of All Trades


1.
ജാക്കിന് ഞാൻ സാവധാനം നടക്കുന്നത് പിടിക്കുന്നില്ല എന്നെനിക്കറിയാം. ഞാനതിന് കുതിരയല്ലല്ലോ . ഇന്ന് മാർക്കറ്റിൽ മറ്റുള്ളവരോടുകൂടി നിന്നപ്പോൾ കരുതിയില്ല ഈ ഉണക്ക കിളവനും തടിമാടനായ സന്താനവുമായിരിക്കും എന്നെ പിടിച്ചുകെട്ടിപ്പോകുന്നതെന്നു .
ആദ്യം ചെറുക്കൻ കയറി. എന്തായാലും ഇഷ്ടികകൾ രണ്ടുവശത്തും ചുമക്കുന്ന ഭാരമൊന്നുമുണ്ടായില്ല . എങ്കിലും അവനത്ര സുഖിക്കേണ്ട എന്ന് കരുതിയാണ് കലുങ്കിൽ ചീട്ടുകളിക്കാരുടെ അടുത്തുകൂടി പോയപ്പോൾ  അവൻറെ മുട്ട് കരിങ്കല്ലിൽ ചേർത്ത് ഉരച്ചു കൊടുത്തത്.  പിന്നെ എന്താണെന്നറിഞ്ഞില്ല , ആളുകൾ എന്തൊക്കെയോ പറഞ്ഞു . ഞാൻ മൂത്രമൊഴിക്കാൻ നിന്നപ്പോൾ കിളവൻ പുറത്തു കയറിയിരിക്കുന്നു .


2.
ജാക്ക് കാൽമുട്ട് വേദനിച്ചു പതുക്കേ നടക്കുകയാണ് . ആളുകൾ അവൻ കഴുതയുടെ മേലെ കയറി വിലസുന്നു എന്ന് പറഞ്ഞപ്പോൾ അവൻ തന്നെ നിർബന്ധിക്കുകയായിരുന്നു . പാവം . എനിക്കീവഴി നല്ല പരിചയമാണ് എല്ലാ വ്യാഴാഴ്‌ച ചന്തയ്ക്കും മലക്കറി കൂടയുമായി അതിരാവിലെ നടന്നു ശീലിച്ച വഴി . ഇന്നാണ് അവനേ കൂട്ടിയത് . ഒരു കഴുതയുണ്ടായെങ്കിൽ എന്ന് കരുതിയിട്ടു കാലം കുറച്ചായി . പിന്നെ പണം സ്വരൂപിച്ചു ഇന്നാണ് കാര്യം നടന്നത് . മൂന്നു നാല് വയസ്സ് കാണും . കുറച്ചു പ്രസരിപ്പൊക്കെയുണ്ട് എന്നാലും വഴി തെളിച്ചു പരിചയിപ്പിക്കണം ഇപ്പോൾതന്നെ കലുങ്കിനോട് ചേർന്ന് പോയപ്പോൾ മുച്ചീട്ടു കളിക്കാരന് അത് പിടിച്ചില്ല ; മാത്രവുമല്ല ജാക്കിൻറെ കാൽമുട്ട് ഉരയുകയുംചെയ്തു .


3.
ഇതെൻറെ അച്ഛനാണ് , പേര് ജാക്ക് .
ഇല്ല , എനിക്ക് വേദനയൊന്നുമില്ല , ചോദിച്ചതിന് നന്ദി .
വേണ്ടെന്നേ , അച്ഛനിരുന്നോട്ടെ , എനിക്ക് പ്രയാസമൊന്നുമില്ല .
കഴുത പാവമാണ് . ഇന്ന് വാങ്ങിയിട്ട് മാർക്കറ്റിൽ നിന്നും വരികയാണ് .
എങ്കിൽ ശരി , ഞാനും കൂടെ കയറാം .



4.
ഒന്ന് നിന്നേ ,
എന്താണെന്നോ ? പറയാം .
ഞാനാണീ പഞ്ചായത്തിലെ മൃഗസംരക്ഷണ സമിതി നേതാവ് ; പേര് ജാക്ക് .
രണ്ടു പേരും ഇറങ്ങിയാട്ടെ , എന്നിട്ടു മോൻ തോളിൽ ഈ പാവത്തിന്റെ മുൻകാലുകളും , പിന്നെ താൻ പിൻകാലുകളും ഇങ്ങനെ പിടിച്ചു പതുക്കെ , പതുക്കേ നടന്നോളൂ ...
അങ്ങിനെ ...

No comments:

Post a Comment