കൊക്കാലയിൽ പെട്രോൾ
പമ്പിനടുത്തു കൊടുങ്ങല്ലൂർ ഭാഗത്തേക്ക് ചീറിപ്പാഞ്ഞ ബസ്സിന് കാറൊതുക്കി
പമ്പിനോടുചേർത്തു ഒതുക്കി നിർത്തി. അപ്പോഴാണ് പിന്നിൽ നിന്നും വന്ന ഓട്ടോറിക്ഷ
മുന്നിൽ വട്ടം ചാടി പമ്പിനടുത്തെത്താൻ കഴിയാത്ത വിധം കയറിയത്.
എന്നെയൊന്നു നോക്കി
മേൽച്ചുണ്ടിൽ നിന്നും വായിലേക്കിറങ്ങുന്ന മീശയുടെ അറ്റം പല്ലിനിടയിൽ കടിച്ചു
പറഞ്ഞു , "അവനൊരു
പണികൊടുക്കാം...ജസ്റ്റ് വെയിറ്റ് !"
കറുത്ത അംബാസിഡർ കാർ
ഓട്ടോറിക്ഷയിൽ മുട്ടിച്ചു നിർത്തി. ഓട്ടോക്കാരൻ
ചാടി പുറത്തു കടന്നു.
ചെറിയ മന്ദഹാസവുമായി
നിങ്ങൾ കണ്ണിറുക്കി.
"അയ്യോ, അത് വേണ്ടായിരുന്നു; ഇനീപ്പോ കാക്കക്കൂട്ടത്തിൽ കല്ലെടുത്തെറിഞ്ഞപോലെ അവര്
ഇറങ്ങും; വിട്ടുകൊട് " ഞാൻ
അപേക്ഷയോടെ നോക്കി.
ഓട്ടോറിക്ഷ അവിടെത്തന്നെ
കിടന്നു. ഉച്ചയുടെ വെയിലിൽ ഡ്രൈവറുടെ കോപം തിളച്ചു മറിഞ്ഞു.
പമ്പിലെ ജോലിക്കാരൻ ഓടി
വന്നു, "എന്താ സംഭവം ?"
"ഒരു ഫുള്ള് അടിച്ചേക്ക്"
ചെറുചിരിയിൽ പേഴ്‌സ് തുറന്നു പൈസ കൊടുത്തു നിങ്ങൾ പറഞ്ഞു.
"ഇതൊക്കെ നമ്മുടെ
നാടല്ലേ, ഇവനൊന്നും
തെമ്മാടിത്തത്തിനു കൂട്ട് നിന്നാൽ ജീവിച്ചു പോകാൻ പ്രയാസമാണ്"
പമ്പിലെ ജീവനക്കാരൻ ഓട്ടോ
ഡ്രൈവറെ നോക്കി പറഞ്ഞു ,"എടുത്തു
മാറ്റിക്കോടാ , ആളും തരവും
നോക്കി പെരുമാറിക്കോ, അല്ലെങ്കിൽ വണ്ടി
പഴയ ഇരുമ്പു വിലക്ക് കൊടുക്കേണ്ടി വരും !"
പതുക്കെ ഓട്ടോ റിക്ഷയും
തള്ളി അയാൾ ഞങ്ങൾക്ക് വഴിമാറ്റിയിട്ടു.
"ശരി , ഇപ്പൊ റെഡി ...ഇനി എന്തെല്ലാം കാണാനിരിക്കുന്നു
?"
പുള്ളിക്കാരൻ ഒരു
സംഭവമായിരുന്നു ...
പുസ്തകങ്ങളിൽ നിന്നും
പഠിക്കാൻ കഴിയാത്ത പ്രാക്ടിക്കൽ ജീവിതത്തിൻറെ വഴികാട്ടി.
ഒരു മണിക്കൂർ മുൻപ്
മാപ്രാണത്തെ വീട്ടിലെ പ്രാക്ടീസ് കഴിഞ്ഞു ഞങ്ങളൊരുമിച്ചു ഊണു കഴിച്ചു .
കിഴക്കേ വളപ്പിൽ
പണിനടക്കുന്ന ചെറിയ നഴ്സിംഗ് ഹോമിന്റെ പുരോഗതി നോക്കി .
ഇനി തൃശ്സൂരും മദ്രാസിലും
പ്രാക്ടീസ് തുടരുമോ ?
അതെല്ലാം ഉണ്ടാവും.
കാലത്തുമുതൽ നോക്കിയ രോഗികളുടെ ഫീസ് നിറഞ്ഞ മേശവലിപ്പിൽ നിന്നും കൂമ്പാരമായ
നോട്ടുകൾ വാരിയെടുത്തു എൻറെ പോക്കറ്റിലേക്ക് കുത്തിനിറച്ചു പറഞ്ഞു ,
"എപ്പോൾ
വേണമെങ്കിലും ഇവിടേ വരാൻ മടിക്കരുത്,ഇതിലൊന്നും തികയില്ല എന്നറിയാം"
"ഏയ്, അയ്യോ ഇതൊന്നും വേണ്ടാ, എനിക്ക് ശമ്പളം ഉണ്ടല്ലോ !" കൈ തട്ടിമാറ്റി ഞാൻ പറഞ്ഞു
.
"അത് വേറെ
...ഇതെന്നെ സഹായിച്ചതിന്"
അതായിരുന്നു പതിവ് .
കുടുംബം നാട്ടിലും
മദ്രാസിലുമായി നിന്നു .
പിന്നെ ആ കൊച്ചു
കുട്ടികളുടെ ആശുപത്രിയിൽ കൺസൽട്ടൻറ് ആയി .
ഞാൻ RMO ജോലി തുടങ്ങിയ കാലത്തു അവർ രണ്ടുപേരായിരുന്നു .
ഒരാൾ ചെറുപ്പം . എടതിരിഞ്ഞിക്കാരൻ . രണ്ടുപേരും രോഗികളെ നോക്കാൻ
മടിയില്ലാത്തവർ .
മിക്കവാറും ഒരേ ശൈലികൾ .
മെഡിക്കൽ കോളേജിൽ
ഇല്ലാത്ത കുടുംബ സൗഹൃദങ്ങൾ.
മാസങ്ങൾക്കു ശേഷം .
ഒരാൾ മരിച്ചു .
സേലത്തിനടുത്തു കുടുംബസമേതം യേർക്കാട് പോയി തിരിച്ചു വരുമ്പോൾ മാരുതിയുടെ ചളുങ്ങിയ
ബോഡിയിൽ ജഡമായി.
പള്ളിയിലേക്ക് പോയില്ല ,
വീട്ടിലെ ആൾക്കൂട്ടങ്ങളിലെ പരിചിതരായി ഞങ്ങൾ
മാത്രം തമ്മിൽ മിണ്ടാതെ കാറിലേക്ക് നടന്നു .
പിന്നെ മാസങ്ങൾ കഴിഞ്ഞു .
ഞാനും OP നടത്തി.
കച്ചവടമാകുന്ന
വൈദ്യവൃത്തിയും കുതികാൽ വെട്ടും അറിഞ്ഞു .
നിങ്ങൾ മാത്രം നടത്തുന്ന
ചികിത്സാവിധികൾ അത്ഭുതത്തിൽ നിന്നും ദിനരേഖകളായി.
നിങ്ങളുടെ സ്വന്തം
പഥ്യങ്ങളും...
"ഇവന് പഴവർഗ്ഗങ്ങൾ
കൊടുക്കാമോ?"
"ആപ്പിൾ
കൊടുത്തോളു, പക്ഷേ ചെറുതായി വേവിച്ചു ,
കുറുക്കു പരുവമാക്കി മാത്രം"
"ശരി”.
ഇന്ന് 22 വർഷം തികയുന്നു . റെസിഡൻസി അപ്ലിക്കേഷൻ അയക്കാൻ
നിങ്ങൾ ഒപ്പിട്ട റെഫെറെൻസിൻറെ
ഫോട്ടോകോപ്പി ഒരു പ്ലാസ്റ്റിക് ഫോൾഡറിൽ ഞാൻ കണ്ടു.
കളയുന്നില്ല.
നന്ദി മാത്രം.
നിങ്ങൾ എവിടെയാണ്?
No comments:
Post a Comment