Translate

Wednesday, May 2, 2018

ബയോ ഹാക്കിങ്: അതിർവരമ്പുകളില്ലാത്ത വിജ്ഞാനം അതിരുകടക്കുമ്പോൾ

ഒന്ന്.

ബയോഹാക്കിങ് ഉയർത്തുന്ന നൈതിക കുരുക്കുകൾ 




ഇത് ഒരിക്കലും എഴുതണമെന്നു കരുതിയതല്ല.
രണ്ടു ദിവസങ്ങൾക്കു മുൻപ് വാഷിംഗ്‌ടൺ ഡിസി യിലെ ഒരു ഹെൽത്ത് സ്പായിലെ ഫ്ളോട്ടേഷൻ ടാങ്കിൽ ഇരുപത്തെട്ടുകാരനെ മരിച്ച നിലയിൽ കണ്ടെത്തി.
ഈ മരണം ഇതെഴുതാൻ ഒരു നിമിത്തമായെന്നു മാത്രം.

ആരോൺ ട്രേയ്‌വിക്ക് എന്ന ഈ ചെറുപ്പക്കാരൻ തൻ്റെ ചടുലമായ പ്രവർത്തികളിലൂടെ അടുത്തകാലത്ത് ശാസ്ത്ര -വൈദ്യ വിദഗ്‌ദരുടെ കണ്ണിലെ കരടായിരുന്നു. അവിടെയാണ് ബയോ ഹാക്കിങ് എന്ന ഒരു കൂട്ടം സാഹസിക പ്രവർത്തികളുടെ അറിയപ്പെടാത്ത അധോലോകത്തിലേക്കു നമുക്ക് കടന്നു ചെല്ലേണ്ടത്. 
സ്വന്തമായി രൂപപ്പെടുത്തിയ ബയോടെക് കമ്പനിയുടെ സി.ഇ.ഒ ആയിരുന്നു അയാൾ.
ഉപ്പും എപ്സം സാൽറ്റും അലിയിച്ച വഴുവഴുപ്പാർന്ന  വെള്ളം നിറച്ച ടാങ്കുകൾ ... പോഡുകൾ എന്നാണ് ഇവയെ വിളിക്കുന്നത് . ചാവുകടലിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് നഗരത്തിലെ ലക്ഷുറി സ്പായിൽ നിങ്ങൾക്കും കൈയ്യെത്താവുന്ന അടുത്താണ്. ശരീരത്തിന്റെ ഭാരവും സംവേദനക്ഷമതയും അലിഞ്ഞില്ലാതാവുന്ന മിനിട്ടുകൾ. പണ്ടെങ്ങോ ഒരു ന്യൂറോ സയന്റിസ്റ്റു കണ്ടുപിടിച്ച സൂത്രപ്പണി. അതിപ്പോൾ യാഥാർഥ്യമില്ലെങ്കിലും ആയുസ്സ് നീട്ടാൻ അല്ലെങ്കിൽ ശരീരത്തിൻറെ തളരുന്ന പേശികളിൽ യുവത്വം നിലനിർത്താൻ പലരും ഉപയോഗിക്കുന്നു.
അതിലൊന്നിലാണ് അയാളും അവസാനം എത്തിപ്പെട്ടത്.
(മരണത്തിൻറെ കാരണം ഇത്‌ എഴുതുന്ന സമയത്ത് അറിയാൻ കഴിഞ്ഞിട്ടില്ല).

“ഹാക്കിങ്” എന്ന പദം ഇന്ന് എല്ലാവർക്കും അറിയാം. കമ്പ്യൂട്ടർ ഹാക്കിങ് എന്നാൽ സോഫ്റ്റ് വെയറിൽ പഴുതുകൾ കണ്ടുപിടിച്ചു സൂത്രത്തിൽ മെഷീൻ പ്രവർത്തനങ്ങളിൽ ഇടപെട്ടു ഗുണപരമായും അല്ലാതെയും നിയന്ത്രങ്ങൾ കൈവശമാക്കുന്ന ബുദ്ധിരാക്ഷസന്മാരെയാണ് നമ്മൾ മനസ്സിൽ കാണുന്നത്. ഇന്ന് സ്മാർട്ട് ഫോൺ ലോകത്തിലെ ഏതുമുക്കിലും കാണാവുന്നത് കൊണ്ട് യു- ട്യൂബിലും മറ്റും പലവിധ ഹാക്കുകളും നമുക്ക് കാണാം. പണ്ട് അധോലോകത്തു മാത്രം ഒതുങ്ങിക്കഴിഞ്ഞ ഈയുവാക്കൾ (ഭൂരിപക്ഷവും) സർവകലാശാലകളിലും മറ്റും പഠിക്കാതെ തന്നെ സ്വന്തം ബുദ്ധിയും സാമർത്യവും കൊണ്ട് ഈ രംഗത്ത് വൻ കമ്പനികളുടെ ഉറക്കം കെടുത്തി.
ഇതുപോലെയുള്ള ഒരു സമാന്തര ആശയം ഉൾക്കൊണ്ടുകൊണ്ട് ഉടലെടുത്ത പ്രസ്ഥാനമാണ് ബയോഹാക്കിങ്‌.
ഇത് കംപ്യൂട്ടറിനു പകരം മനുഷ്യ ശരീരത്തിലാണെന്നു മാത്രം.




രോഗങ്ങളെയും വൈറസ് മുതലായ രോഗാണുക്കളെയും പ്രതിരോധിക്കുവാനും നശിപ്പിക്കാനുമുള്ള വാക്‌സിനുകൾ കോടിക്കണക്കിനു ആസ്തിയുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽനിന്നും , യൂണിവേഴ്സിറ്റി മുതലായ വിപുലമായ ഗവേഷണ സമുച്ചയങ്ങളിൽ നിന്നുമകലെ  ഒരു വീട്ടിലെ കൊച്ചു മുറിയിലോ മറ്റോ ഇരുന്നു പാകപ്പെടുത്തി ചുരുങ്ങിയ ചിലവിൽ എല്ലാവർക്കും എത്തിക്കുക എന്ന അതി സാഹസികവും അതേ സമയം അതീവഗുരുതരവുമായ പ്രയത്‌നത്തിലായിരുന്നു അയാളും വിരലിലെണ്ണാവുന്ന ഏതാനും കൂട്ടുകാരും.
ആ ശ്രമം വിജയിച്ചോ ? 
അതോ വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമായിരുന്നോ എന്ന് അറിയാൻ നിർവാഹമില്ല. 
പക്ഷേ ഒന്നറിയാം. ബയോ ഹാക്കർമാരുടെ കോൺഫെറെൻസിൽ പൊതു വേദിയിൽ സൂട്ടും ധരിച്ചെത്തിയ അയാൾ പാൻറ് അഴിച്ചു ഇടതു തുടയിൽ സ്വന്തമായി ഉണ്ടാക്കിയെന്ന് അവകാശപ്പെടുന്ന ഹെർപീസ് വൈറസ് വാക്‌സിൻ കുത്തിവച്ചു.
വാക്‌സിൻ വിരുദ്ധ ചേരികൾ അമേരിക്കയിലും സജീവമാണ്.  ഇത്തരുണത്തിലാണ് വീട്ടിലുണ്ടാക്കിയ, മരുന്ന് കമ്പനികൾക്ക് പ്രചരിപ്പിക്കാൻ കഴിയാത്ത, നൂറു ഡോളറിനു രോഗ വിമോചനം നൽകുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഈ ചെറുപ്പക്കാരൻ അയാൾ വികസിപ്പിച്ചെടുത്ത ഹെർപിസ് വാക്‌സിൻ കുത്തിവയ്ക്കുന്നത് . ഇത് നിലവിലുള്ള ഗവേഷണ, വൈദ്യചികിത്സാ നിയമങ്ങൾക്കു എതിരെ ഒരു വെല്ലുവിളിയായിട്ടാണ് കരുതപ്പെടുന്നത്.
പണ്ട്, ഈ നിയമങ്ങളൊന്നുമില്ലാത്ത 1774  കാലത്ത് പലരും സ്വന്തമായി Cowpox മുതലായ രോഗങ്ങൾക്ക് മനസ്സിൽ തോന്നിയതുപോലെ കുത്തിവയ്‌പ്പുകൾ എടുത്തിരുന്നു . അത് കണ്ടതിന് ശേഷമാണ് എഡ്‌വേഡ് ജെന്നർ വസൂരി യുടെ കുത്തിവയ്പ്പ് തുടങ്ങിയത്. പിന്നീട് പോളിയോ മുതലായ പല വൈറസ് രോഗങ്ങൾക്കും ഫലപ്രദമായ കുത്തിവയ്‌പ്പുകൾ വന്നു ചേർന്നു.
എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരം ഗവേഷണങ്ങൾ സ്വന്തമായി നടത്തുവാൻ നിയമം ആരേയും അനുവദിക്കുന്നില്ല.
മനുഷ്യരിൽ രോഗപരീക്ഷണങ്ങൾ നടത്തുന്നതിന് മുൻകൂട്ടി പലവിധത്തിലുള്ള ഗവേഷണ നിയന്ത്രണ കമ്മറ്റികളുടെയും അതിൽ ഭാഗഭാക്കാവുന്ന ആളുകളുടെയും സമ്മതവും, ഈരണ്ടു കൂട്ടരുടേയും പുറത്തുള്ള പലവിഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുത്ത, സ്ഥാപന ഗവേഷണ സൂഷ്മപരിശോധന ബോർഡിൻറെ (Institutional Review Board) കൂലംകഷമായ വിവേചനത്തിനും അനുമതിക്കും ശേഷമേ ഒരുങ്ങാൻ പറ്റൂ.
രോഗ ഗവേഷണത്തിന് രോഗികളേയും ഒന്നുമറിയാത്ത പാവങ്ങളേയും , യുദ്ധ തടവുകാരെയും  സൈനികരേയും ഉപയോഗിച്ച വിഹ്വലവും ഖേദപൂർണ്ണവുമായ കഥകൾ നമ്മൾ വായിച്ചിരിക്കാം.
തസ്കജിയിൽ കറുത്ത വർഗക്കാരിൽ സിഫിലിസ് അണുക്കൾ അവരുടെ അറിവില്ലാതെ കുത്തിവച്ചത് 1932- 1972 കാലത്തു അമേരിക്കയിലെ പൊതു മേഖലാ ആരോഗ്യവകുപ്പു് പ്രവർത്തകർ തന്നെയാണ്.
എന്നാൽ ഈ തിന്മകളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് ലോകാരോഗ്യ സംഘടനയുടെ ഹെൽസിങ്കി പ്രഖ്യാപനം, മുതലായ അന്താരാഷ്ട്ര നിയമങ്ങൾ  രോഗ,വൈദ്യ ഗവേഷണങ്ങളിൽ പങ്കെടുക്കുന്ന മനുഷ്യരുടെ  അവകാശങ്ങൾക്കും, ജീവനും ആരോഗ്യത്തിനും ഉറപ്പുവരുത്തുന്ന നിയമങ്ങൾ കൊണ്ടുവന്നു. 
ഇതിൽ അമേരിക്കയിലെ 1979 ലെ ബെൽമോണ്ട് റിപ്പോർട്ട് വളരേ പ്രാധാന്യമർഹിക്കുന്നു. ഇന്ന് സർവകലാശാലകളിലും മറ്റു ഗവേഷണ സ്ഥാപനങ്ങളിലും മനുഷ്യരിൽ ഗവേഷണം നടത്തുന്നതിന് മുൻപായി ഗവേഷണ നിയമങ്ങളിലും നിയന്ത്രണങ്ങളിലും നിർബന്ധമായും അറിവ് സമ്പാദിക്കുന്ന കോഴ്‌സുകൾ എടുക്കേണ്ടതുണ്ട്‌ . ഗവേഷങ്ങളിൽ പങ്കെടുക്കുന്നവരെ അതുമൂലമുണ്ടാകുന്ന ആപത്തുകളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും സംരക്ഷിക്കുക എന്ന പ്രധാന ലക്ഷ്യമാണ്  ഇതുമൂലം വിഭാവനം ചെയ്യുന്നത്(കോമൺ റൂൾ എന്ന Federal Policy for the Protection of Human Subjects).
ഈ നിയമക്കുരുക്കുകൾ ആർക്കും ആരേയും ഗവേഷണത്തിന് ഗ്വിനി പന്നികളാക്കാൻ അനുവദിക്കുന്നില്ല.
അതുകൊണ്ട് തന്നെ ഇന്നത്തെ കാലത്തു പണവും വിദഗ്ദരും ഒട്ടും കുറവില്ലാത്ത മരുന്ന് കമ്പനികൾക്കും , സർവ്വകലാശാലകൾക്കും പുതുതായി മരുന്നുകളും വാക്‌സിനുകളും നിർമിച്ചു വിപണിയിൽ എത്തിക്കാൻ എളുപ്പമല്ല.
ഈ സന്ദർഭത്തിലാണ് അസെൻഡൻസ് ബയോമെഡിക്കൽ  എന്ന കമ്പനി  കാൻസർ , HIV ,ഹെർപിസ്  എന്തിന് പ്രായാധിക്യത്തിന് വരെ ചികിത്സാ കണ്ടുപിടുത്തങ്ങൾ നടത്തിക്കഴിഞ്ഞു എന്ന അവകാശ വാദങ്ങളുമായി കടന്നു വന്നത്.

അത് വാചകക്കസർത്തും , ചുമ്മാ തള്ളലുമല്ല എന്ന് അറിയണമെങ്കിൽ ഇന്നത്തെ മോളിക്യൂലർ ബയോളജിയിൽ ശാസ്‌ത്രം  കഴിഞ്ഞ ഇരുപത് വർഷങ്ങളിൽ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചു അറിഞ്ഞിരിക്കണം.
അതിന് ശേഷം ഒരു ഫെബ്രുവരി ഞായറാഴ്ച റ്റെക്സാസിലെ ഓസ്റ്റിനിൽ ഒരു കൊച്ചു വേദിയിൽ ആരോൺ ട്രേയ്‌വിക്ക് കാണിച്ച സാഹസത്തിലേക്ക് വരുന്നതിനു മുൻപ്  നിങ്ങൾ പലതും അറിയേണ്ടതുണ്ട് .
ഏത് ഹൈസ്കൂൾ വിദ്യാർത്ഥിക്കും അറിയാവുന്ന വിവരങ്ങളാണ് വാട്സണും ക്രിക്കും ഖൊറാണയും ജനിതക മൗലിക തന്മാത്രാ ശൃംഖലയായ ഡി എൻ എ യുടെ ഘടന.

പിന്നെ കമ്പ്യൂട്ടർ മേഖലയിൽ ഉണ്ടായ കുതിച്ചു ചാട്ടം  ഹ്യൂമൻ ജീനോം എന്ന മനുഷ്യരിലെ ആകെയുള്ള ജനിതക രൂപരേഖ  നമുക്ക് മനസ്സിലാക്കിത്തന്നു. 
എന്നാൽ അതിനുമപ്പുറം നമ്മൾ എത്തിക്കഴിഞ്ഞിരുന്നു.


ജനിതക കോഡ് ഒരു കമ്പ്യൂട്ടർ ടൈപ്പ് ചെയ്‌ത ഒരു വേർഡ് ഫയൽ ആണെങ്കിൽ അതിലെ അക്ഷരത്തെറ്റുകളും ആവർത്തനങ്ങളും മറ്റു വ്യതിയാനങ്ങളും ജീവൻറെയും രോഗങ്ങളുടെയും ആധാരമാണെങ്കിൽ എന്തുകൊണ്ട് അതിലെ വ്യതിയാനങ്ങളും മറ്റും ഒരു സ്പെല്ലിംഗ് ചെക്കർ ഉപയോഗിച്ച് കണ്ടുപിടിച്ചു തിരുത്തലുകൾ വരുത്തിക്കൂടാ ?
ഈ ചോദ്യത്തിന് ഉത്തരം വർഷങ്ങളായി നിലനിന്നുവന്നിരുന്നു. ഇതുവരെ എളുപ്പത്തിലൊന്നും ഇതിൽ കൈവക്കാൻ കഴിഞ്ഞിരുന്നില്ല.
എന്നാൽ കുറച്ചു വർഷങ്ങൾക്കു മുൻപ് , ക്രിസ്‌പർ (CRISPR) എന്ന ജീൻ എഡിറ്റിംഗ്‌ വിദ്യ ഇതിൽ ഒരു പുതിയ വിസ്പോടനകരമായ നാന്ദി കുറിച്ചു.

നിങ്ങൾക്ക് വേണമെങ്കിൽ ബാക്റ്റീരിയയുടെയോ വൈറസിന്റെയോ മണ്ണിരയിടേയോ, എലിയുടെയോ, വേണ്ട ചക്കയുടെയോ , അല്ലെങ്കിൽ ഹ്യൂമൻ ജീനോം തന്നെയോ എഡിറ്റ് ചെയ്യാമെന്ന നില വന്നിരിക്കുന്നു .
എന്നാൽ ഇതിലും ഞെട്ടിപ്പിക്കുന്ന അതിശയം മറ്റൊന്നാണ് .
സർവകലാശാലകളിൽ വർഷങ്ങൾ കൊണ്ട് ബിരുദാനന്തര ബിരുദവും PhD യും ഇല്ലാതെ തന്നെ നിങ്ങൾക്ക് വീട്ടിലെ ഗാരേജിലോ, അടുക്കളയിലോ  വിറകുപുരയിലോ വച്ച് ചുരുങ്ങിയ ചിലവിൽ ചെയ്യാമെങ്കിൽ ?
അത് മലർപൊടിക്കാരൻറെ സ്വപ്നമാണോ ?

അല്ല.
അതാണ് ആരോൺ ട്രെയ്‌വിക്ക് തുടങ്ങിവച്ചതും പറഞ്ഞതും.
പൂർണമായും ചികിത്സിച്ചു പെട്ടെന്ന് ഭേദമാക്കാൻ കഴിയാത്ത ഹെർപീസ്‌ വൈറസ് (രണ്ടു തരമുണ്ട് - ഒന്നു ചുണ്ടിനടുത്തു കൊച്ചു കുമിളകളുടെ കൂട്ടമായി വരുന്നതും, രണ്ടാമത് ലൈംഗിക ബന്ധത്തിലൂടെ ജനനേന്ദ്രിയങ്ങളിൽ വരുന്നതും)


അതിൻറെ വൈറസ് ജനിതക ഘടനയിൽ  മാറ്റങ്ങൾ വരുത്തി അതിനെതിരെ പ്രയോഗിക്കാൻ വാക്‌സിൻ വികസിപ്പിച്ചെടുത്തു എന്നാണ് അയാൾ അവകാശപ്പെട്ടത് .
അതാണ് പൊതുവേദിയിൽ സ്വയം കുത്തിവച്ചത്.
ഇതിൽ ശാസ്ത്രീയതയുണ്ടോ ? ഉണ്ട് ?
നിയമ ലംഘനമാണോ ? അതേ - പലരാജ്യത്തും.
ഇതിൻറെ വരും വരായ്കകളും ദൂഷ്യഫലങ്ങളും അറിഞ്ഞുകൊണ്ട് ഇതിൽ സമ്മതിക്കുന്നവർ നിയമം ലംഖിക്കുന്നുണ്ടോ ? ഉണ്ട്.
എങ്കിൽ മനുഷ്യ രാശിക്ക് ജെന്നെരും പാസ്ചറും നൽകിയ ഗവേഷണ ഫലങ്ങളോ ?

അതാണ് ബയോഹാക്കർ കൂട്ടായ്മയും ചോദിക്കുന്നത് .

(തുടരും)


References:






No comments:

Post a Comment