ഗ്രാമത്തിന്റെ
ഓർമ്മകൾ ...മനസ്സിലെ മണങ്ങൾ ...
ഒരു കാലവർഷ ക്കാലത്ത് പടിഞ്ഞാറേ
വാളേൻ മാവിൻറെ ചുവട്ടിൽ
വീണ മാങ്ങകൾ കൊണ്ടുവന്ന
മണവും തകര പാത്തിയിലൂടെ
പ്രവഹിച്ച ഇളം മഞ്ഞ
നിറത്തിലെ മഴവെള്ളത്തിന്റെ മണവും സ്റ്റോർ
മുറിയിലെ തവിടിന്റെ മണവും. വൈക്കോലിൽ
പഴുത്ത മയിൽ പീലിയൻ
മാങ്ങകളുടെ മണവും തളത്തിൽ
മൂലയിൽ പാതിമുറിച്ച ചക്കയുടെ
മണവും അതിൽ കയറിപ്പറ്റാൻ
നടക്കുന്ന ഈച്ചകളുടെ മണവും. പടവലങ്ങയുടെ
മണവും അരികെ പൊരുന്നയിരിക്കുന്ന
തള്ളക്കോഴിയുടെ മണവും .
ഉണക്ക മുള്ളൻ വറുത്തതിന്റെയും മുളകിട്ട്
വച്ച കിഴങ്ങ് കറിയുടെയും
പച്ചമുളകും ഉള്ളിയും വെളിച്ചെണ്ണയിൽ അരച്ച
ചമ്മന്തി ക്കൂട്ടിന്റെയും മണങ്ങൾ .
ചാറൽ മഴയിൽ നനഞ്ഞ
വാതിൽ പടിയുടെ മണവും,അതിൽ പഴയ ബ്ലേഡ് കൊണ്ട്
ചീകി യെടുത്ത അഴുക്കു നിറഞ്ഞ മരപ്പൊടിയുടെ മണവും,വിരൽ മുറിവിലെ പഞ്ഞിയിൽ ഉണങ്ങുന്ന
ടിങ്ക്ജർ ബെൻസൊയിന്റെ മണവും .... പടിഞ്ഞാറേ
വാതിലിലൂടെ ചാറ്റൽ മഴ . പാത്തിയുടെ
ദ്വാരത്തിലൂടെ മുറിക്കകത്തേക്ക് ഒറ്റു വീഴുന്ന
മഴ വെള്ളം പിടിക്കുന്ന
ഉരുളിയുടെ ക്ലാവിന്റെ മണവും. വെളുത്ത
മുണ്ടുകൾ കാരത്തിൽ പുഴുങ്ങുന്ന മണവും.
വാളേൻ മാവിലെ പുളിയുറുമ്പുകളുടെ
മണം .
ചേറുകലക്കിയ
ആണിചാലിലെ വെള്ളത്തിന്റെയും കിർലോസ്കർ എഞ്ചിൻ പുകയുടെയും
വരാലിന്റെയും കരിപ്പിടിയുടെയും മണങ്ങൾ .
മര കമ്പിനിയിൽ ഈര്ച്ചയിട്ട മരങ്ങളുടെ
മണവും ,കുമ്മായ ച്ചൂളയുടെ
മണവും അതിനടുത്ത കൊപ്രയാട്ട്
മില്ലിലെ പുതു വെളിച്ചെണ്ണ
യുടെ മണവും .
അംബാസിഡർ കാറിന്റെ മണവും കത്തിച്ച
ചന്ദനത്തിരി യുടെയും ഡ്രൈവർ ഗ്ലാസ്
തുടക്കുന്ന മഞ്ഞ ഫ്ലാനലിന്റെ
മണവും .
മഞ്ഞൾ പൊടിയുടെയും ഭസ്മത്തിന്റെയും ഉരുകുന്ന
നെയ്യിന്റെയും മണ്ഡല ക്കാലത്തിന്റെ
മണങ്ങളും .
ബസ്സുകാത്തു
ക്ഷീണിക്കുമ്പോൾ വിശ്രമിക്കുന്ന ഫാർമസി യുടെ ബഞ്ചിൽ
എത്തുന്ന ആയുർവേദ ചേരുവകളുടെ മണം
. ട്രാൻസ്പോർട്ട് ബസ്സിലെ കണ്ടക്ടറുടെ കാക്കിയുടെ
മണം , പച്ചനിറത്തിൽ ചകിരിനിറച്ച
സീറ്റിന്റെ മണം . പിന്നെ
ഓരോന്നായി ഡ്രൈവർക്കരികെ കുന്നുകൂടുന്ന മെയിൽ സഞ്ചി
കളുടെ മണം .
ബസ്സിറങ്ങി വരുമ്പോൾ
ചായക്കടയിലെ എക്സ്പ്രസ്സ് പത്രത്തിൻറെ മണവും ബോണ്ടയുടെ
മണവും കെറ്റിലിൽ വിശ്രമിക്കുന്ന
ചായരിപ്പയുടെ മണവും ,ചർമിനാരിന്റെ മണവും
, അച്ഛന്റെ സുഹൃത്തുക്കളുടെ കടയിലെ പുതിയ തുണികളുടെ
മണവും .
ചകിരി ചീയുന്ന കനാലിന്റെ കൈത്തോടുകളുടെ
മണം ,കൂട്ടിയിട്ട കക്കകളുടെയും
കടും നീല നിറത്തിലെ
നനുത്ത ചേറിന്റെയും മണം
. പിന്നെ കശുവണ്ടിപ്പശയും ടാറും പൂശിയ
കടത്തു വഞ്ചിയുടെ മണം
. കടത്തുകാരന്റെ കത്തുന്ന ദിനേശ് ബീഡിയുടെ
പുകയും വെള്ളത്തിൽ നിന്ന്
ഉയരുന്ന മുളം കൊലിന്റെ
പായൽ ചേര്ന്ന മണവും
.
മഞ്ഞിലും ഇളം ചൂടു
മായി ആവിയുയർത്തുന്ന നെൽക്കറ്റ
കളുടെ മണം ,
പുളികളുടെ മണങ്ങൾ ...ഉണക്കാനിട്ട കോൽ
പുളിയുടെ മണവും ,വാടിയ കൊടപ്പുളിയുടെ
മണവും മുറിച്ച ഉപ്പുതേച്ച
ഇരിമ്പൻ പുളിയുടെ മണവും വേനലിന്റെ
മണങ്ങളാണ്. പിന്നെ കശുവണ്ടി വറുക്കുന്ന
ചുമ വരുത്തുന്ന മണവും.
രാത്രിയുടെ മണങ്ങൾ വേറെയാണ് .
ഈയാം പാറ്റകൾ പെയ്ത രാത്രികൾ,
വിഷു വിന്റെ പടക്കങ്ങൾ
കത്തിയ രാത്രികൾ വെയിലിൽ വികസിച്ച മെത്ത
പ്പായയുടെ മണം...
പാമ്പ് വായപിളർത്തുന്ന മണമാണെന്നു വിശ്വസിക്കരുതെന്ന് കരുതിയിട്ടും
മനസ്സിലെ ഇടവഴികളിൽ ഇന്നും മൂക്കിലെത്തുന്ന
ചുട്ട പപ്പടത്തിന്റെ മണം പിന്നെ
ഏഴിലം പാലയുടെ പൂക്കളുടെ
മണവും .
പന്ത്രണ്ടു മണിയുടെ ഉപ്പുമാവു വേകുന്ന
മണം ...
സുഹൃത്തിന്റെ
ഉണങ്ങാൻ കഴിയാഞ്ഞ നിറം മങ്ങിയ
ഷർട്ടിന്റെ നനവിന്റെയും കടലിന്റെയും മണം.
മുറുക്കാന്റെ
മണവും റേഷൻ കാർഡിന്റെ
തുണിപതിച്ച കവറിന്റെയും മണ്ണെണ്ണ വിളക്കിന്റെയും
മണം .
പുതിയ പുസ്തകത്തിന്റെ മണം . പാറ്റ
ഗുളികകളുടെ മണമുള്ള അലമാരിയിലെ എഴുത്താണി
വരച്ച ജാതക കെട്ടുകളുടെ
,ആധാരങ്ങളുടെ മണം .
മനസ്സില്ലാമനസ്സോടെ
വായിൽ ഒഴിക്കുന്നതായി നടിച്ച്
തലയിൽ കുടയുന്ന പുണ്യാഹത്തിന്റെ
മണം .
തുമ്പയുടെയും
ചാണകത്തിന്റെയും ഉപ്പേരിയുടെയും മണങ്ങൾ .
കാർമിനെറ്റീവ്
മിക്സ്ച്ചരിന്റെയും ക്ഷീരബലത്തിന്റെയും കള്ളപ്പത്തിന്റെയും
മണങ്ങൾ .
സ്പിരിറ്റിന്റെയും
ഫിനൊയിലിന്റെയും,പൊട്ടിയ വ്രണങ്ങളുടെയും മണങ്ങൾ
.
തിളയ്ക്കുന്ന
മീൻ കറിയിൽ വീണ്
ആശ്ചര്യപ്പെടുന്ന സ്വർണനിറം കലർന്ന ഉള്ളിയുടെയും
കരിവേപ്പിലയുടെയും മണം .
അപരിചിതരോടൊപ്പം
നിക്കാഹു സദ്യയിൽ ഒതുങ്ങിയിരിക്കുമ്പോൾ സ്നേഹത്തിന്റെ
ബിരിയാണിയുടെ മണം .
കിണറ്റിനരികിലെ
ഗന്ധരാജൻ പൂവിന്റെ മണവും,ലാങ്കി
ലാങ്കി യുടെ മണവും വഴിയരികിലെ
എലിഞ്ഞിപ്പൂവിന്റെ മണവും കല്യാണ
വീട്ടിലെ മുല്ലപ്പൂക്കളുടെ മണവും .
സൂപ്പർ. ബ്ലോഗറും ആർന്നു ല്ലേ <3
ReplyDeleteഒറ്റയാൻ ആയിരുന്നു്...
Delete