Translate

Saturday, November 28, 2015

ഓർമയുടെ ഒരു പീരിയോഡിക് ടേബിൾ


കഴിഞ്ഞ അവധി ക്കാലത്ത് വീട്ടിലെത്തി പൂപ്പലും പൊടിയും നിറഞ്ഞ അലമാരയിലെ മേലെത്തെ തട്ടിൽ യാത്ര യുടെ അവശിഷ്ടങ്ങൾ എടുത്തു വയ്കുന്നതിനിടെ കയ്യിലെന്തോ തട്ടി .
വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ അത് പാമ്പ് ചടഞ്ഞിരിക്കുന്നതാണെന്ന് കരുതിയേനെ.
എന്റെ ആദ്യത്തെ സ്റ്റെതോസ്കോപ്പ്.
മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് ശേഷവും അത് കേടില്ലാതെ ഇരിക്കുന്നു .
Littmann, അതിനു ശേഷം പലതും മാറി മാറി ഉപയോഗിച്ചു .
പല പരീക്ഷകളും ,ജോലികളും രാജ്യങ്ങളും കണ്ട എൻറെ സഹയാത്രികൻ .
 "Any Doctors Onboard ?" എന്ന കിളി നാദം തലയ്ക്കു മീതെ ഉയരുമ്പോൾ എന്റെ കാബിൻ ലഗ്ഗേജിൽ എൻറെ സ്പർശ നത്തിനായി അവൻ ചുരുണ്ടു കിടന്നു .
പിന്നെ എന്നോ ഞാൻ അതിനെ ഉപേക്ഷിച്ചു. ഒരു നല്ല സമരിയക്കാരനാവാതെ, അവനില്ലാത്ത യാത്രകൾ . അവനുപകരം വന്നവർ ജോലി സ്ഥലത്തെ കറുത്ത ബാഗിൽ വിശ്രമിച്ചു .
പക്ഷെ , ഇന്നും പൊടിയും പൂപ്പലും നിറഞ്ഞ അലമാരയിൽ അവൻ വിശ്രമിച്ചു .മെഡിക്കൽ കോളേജിൽ പ്രവേശി ക്കുന്നതിന് മുൻപ് അത് എനിക്ക് സായത്തമായി .
കുവൈറ്റിൽ നിന്നും അച്ഛന്റെ സുഹൃത്ത് കുഞ്ഞി മുഹമ്മദ്മാഷ്മകന്റെ കൈയ്യിൽ എനിക്കായി കൊടുത്തു വിട്ടത് .
എഴുപതിനാലിൽ ഒരു രസതന്ത്ര ക്ലാസ് .
ക്ലാസ്സ് തുടങ്ങിയത് അല്പം വൈകിയായിരുന്നു . പിൻ ബഞ്ചിലെ മുതിർന്ന ക്ലാസ്മെറ്റ്സ്സ് ഫ്ലാസ്കുകളും ഭരണി പോലുള്ള കുപ്പികളും മുന്നിലെ മേശയിൽ സൂക്ഷിച്ചു വച്ച് പതുക്കെ അവരവരുടെ സ്ഥലങ്ങളിൽ നിശ്ശബ്ദരായി.
പിന്നെ വെളുത്ത ഷർട്ടും മുണ്ടുമിട്ട ആജാനു ബാഹു കൂടുതൽ രാസവസ്തുക്കളും പേറി നാല്പതു പേരോളമുള്ള ക്ലാസ്സ് മുറിയിലെ കുതൂഹലത്തിലേക്ക് കടന്നു വന്നു .
പിന്നെ ഓരോന്നായി പരീക്ഷണങ്ങൾ .
"ഹരിദാസാ ,ഇവിടെ വാടാ "
ആദ്യത്തെ ബെഞ്ചിലെ മൂലയിൽ എന്നെയും കെട്ടിപ്പിടിച്ചു ചടഞ്ഞിരുന്ന ഹരിദാസൻ മജീഷ്യന്റെ സഹായി  യായി മാറി .
ഒരു കുപ്പിയിൽ നിന്ന് വെള്ളത്തിൽ മുങ്ങിയ ഗ്ലാസ്സ് റോഡ്മറ്റൊരു കുപ്പിയുടെ അടപ്പു തുറന്നു ചേർത്തു വച്ചു . പെട്ടെന്ന് മാഷിന്റെ തലമാത്രം ഉയർന്ന പുകയിൽ കണ്ടു .
"മനസ്സിലായോടാ ?"
"ഇല്ല " സ്തബ്ദ രായ  ക്ലാസ്സ് ഒരേ ശബ്ദത്തിൽ .
"ഇതാണ് ഹൈഡ്രോ ക്ലോറിക് ആസിഡ് ; ഹൈഡ്രജൻ ക്ലോരിട് വെള്ളവും ചേർന്ന് ഉണ്ടാകുന്നത്‌ ...എന്താടാ ?"
"അപ്പോ ഇത് പോള്ളുലെ മാഷേ ?" ബുദ്ധി ജീവി .
"പൊള്ളും"
"പക്ഷെ ...അതിനാണ് സൂത്രം ." മാഷ്കണ്ണിറുക്കി .
പിന്നെ ഒരു ഫ്ലാസ്കിലേക്ക് ഏതാനും തുള്ളികൾ ഒഴിച്ച് വെള്ളം ചേർത്ത് നേർപ്പിച്ചു .
"ഇത് കുടിച്ചു നോക്ക് " ഫ്ലാസ്കിൽ നിന്ന് തുള്ളികൾ എനിക്ക് നേരെ നീട്ടി .
"അയ്യോ ഇനിക്ക് വേണ്ട ." വായ മുറുക്കി പ്പിടിച്ചു .
"പേടിക്കണ്ട്രാ ,ഒന്നും പറ്റില്ല . ഇത് അച്ചാറിന്റെ പുളിയേ കാണുള്ളൂ ."
പിന്നെ സ്വയം മാഷ്തന്നെ വായിലേക്ക് ഒഴിച്ചു .
"നിങ്ങടെയൊക്കെ വയറ്റിലും ഇതുണ്ട് ...ഭക്ഷണം ദഹിക്കാൻ ."
അപകടം പറ്റില്ല എന്ന് ബോദ്ധ്യമായി എല്ലാവരും രുചിച്ചു .
 "നല്ല പുളി ന്ന്യ " തലകുലുക്കി .
പിന്നെ ഓരോന്നായി അവസാനമില്ലാത്ത രസതന്ത്ര ത്തിന്റെ മാജിക്കുകൾ വിടർന്ന കണ്ണുകളിൽ പഠനത്തിന്റെ കുതൂഹല പ്പൂക്കൾ വിരിയിച്ചു .
സൽഫൂരിക് ആസിഡ് ചേർത്ത് നേര്പിച്ച വെള്ളത്തിൽ ഗ്ലാസ്റോഡു മുക്കിയെഴുതിയ അക്ഷരങ്ങൾ കരിയുന്നതും ,പിന്നെ KMNO4 ഗ്ലിസ്സറിൻ ചേർത്ത് അഗ്നി പർവതം പൊട്ടുന്നതും സോഡിയം നയ്റ്റ്രിറ്റിൽ മുക്കിയ അക്ഷരങ്ങൾക് തീജ്വാല പകരുന്നതും ഏകാഗ്രതയോടെ ഇളം മനസ്സുകൾക്ക് നല്കി ചെറു പുഞ്ചിരിയോടെ .
"നിന്നെ ഞാൻ ശരിയാക്കുന്നുണ്ട്"
രണ്ടാം വരിയിലെ സുഹൃത്തിന്റെ മുണ്ടിലേക്ക് എന്തോ വെള്ളം കുടഞ്ഞു
ഒന്നുമറിയാതെ മിഴിച്ചിരുന്ന അയാൾ വെളുത്ത മുണ്ടിൽ പടരുന്ന നീല മഷി തിരിച്ചറിഞ്ഞു കരച്ചിൽ വക്കോളമെത്തി .
"പേടിക്കണ്ട്രാ ,അത് നിന്റെ മുണ്ടിലെ കഞ്ഞിപ്പശ  അയഡിനും ചേർന്ന് ഉണ്ടായ നീല നിറമാണ് .പൊക്കോളും ട്ടാ "
പിന്നെ ദിവസങ്ങൾ മാസങ്ങളായി .
ചാവക്കാട് ഹൈ സ്കൂളിൽ സയൻസ്മേള വന്നപ്പോൾ  രാവും പകലും ഞങ്ങൾ കൂട്ടുകാർ പലതും പരീക്ഷിച്ചു .
മൃത്യുഞ്ജയൻ കയ്യിൽ ബ്രൌണ്നിറത്തിൽ വിരലുകളുമായി വന്നപ്പോൾ ഞങ്ങൾ അത് പെയിന്റ് ആണെന്നാണ്കരുതിയത്‌ . പിന്നെ ദിവസങ്ങൾക്കു ശേഷം സിൽവർ നയ്ട്രെറ്റിൽ നിന്നും ഗ്ലാസ്സ് വെള്ളി പൂശുന്ന വിദ്യ കാട്ടി അയാൾ . "കുഞ്ഞി മുഹമ്മദു മാഷടെ സൂത്രാ ദൊക്കെ "
വർഷങ്ങൾ കഴിഞ്ഞ് നീല എയർ മെയിലിൽ നിന്ന് ഷൈക്കിന്റെ സ്റ്റാമ്പ്ശ്രദ്ധ യോടെ ഉരിചെടുത്തു .
അച്ഛന് വന്ന കത്താണെങ്കിലും എനിക്ക് പൊട്ടിച്ചു വായിക്കാനുള്ള സ്വാതന്ത്ര്യം സ്വയം അനുവദിച്ചു നൽകിയ കാല മായിരുന്നു . ഒരു പ്രവാസിയുടെ വേദനയും പ്രാരാബ്ദങ്ങളും തേങ്ങിയ അതിലെ വാചകം ഓർമയിലുണ്ട് .
"ഞാൻ പഠിച്ച കെമിസ്ട്രി യും പഠിപ്പിച്ച കെമിസ്ട്രിയും വൃഥാവിൽ ആയില്ല ; ഇവിടെ അറബിയുടെ സ്റ്റുഡിയോ എന്റെ കെമിസ്ട്രി ലാബാണ്‌ .ഞാൻ പാഴായി പ്പോകുന്ന സിൽവർ തിരിച്ചെടുക്കാനുള്ള സൂത്രം കണ്ടുപിടിച്ചത് ഇവര്ക്കിഷ്ടായെന്നു തോന്നുന്നു ".
സുഹൃത്തിന്റെ ബ്രൌണ്വിരലുകളും വായിലുറ്റിയ ഹൈഡ്രോ ക്ലോറിക് ആസിഡിന്റെ പുളിയും മനസ്സിലെത്തി.
ബ്രൂ കോഫീ ഊതിക്കുടിച്ച് കാലത്തെ ദിന പത്രവും വായിച്ച് വരാന്തയിൽ ഇരിക്കുമ്പോൾ അമ്മ വന്നു .
"പിന്നേ ,നമ്മുടെ കുഞ്ഞി മുഹമ്മദ് മാഷ് മരിച്ചു ...ഞാൻ പോയിട്ടുണ്ടായിരുന്നു . നിൻറെ കാര്യങ്ങൾ എപ്പോഴും ചോദിക്കാറുണ്ട് ...കഷ്ടായി "
...
വർഷങ്ങൾക്ക് മുൻപ് ഐസ് പ്ലാന്റിന്റെ തൊട്ടുള്ള വീട്ടിൽ പോയിരുന്നു .
അന്ന് കുറേ സമയം സംസാരിച്ചിരുന്നു .പിന്നെ പവർ കട്ട് തുടങ്ങുമ്പോൾ വീട്ടിൽ തിരിച്ചെത്താൻ ധൃതി പിടിച്ചു .
ശബ്ദതിന്റെ ഗാംഭീരതക്കു കുറവുണ്ടായില്ല ,അന്നും .
 ഓർമയുടെ ഒരു പീരിയോഡിക് ടേബിൾ .
അതിലെ ഒരു മൂലകമായി ,താങ്കൾ.

നന്ദിയോടെ ...

No comments:

Post a Comment