Translate

Sunday, June 14, 2015

പാഠം അലിഫ് : ഭൂമി ഉരുണ്ടതാണ്



ജീവിച്ചിരിക്കുന്നവരെ പ്പറ്റി എഴുതുമ്പോൾ അവരുടെ സമ്മതം വാങ്ങേണ്ട ചുമതലയുണ്ട് എന്നറിയാം . അത് കിട്ടാത്തതുകൊണ്ട് പേര് വയ്കാതെ പറയട്ടെ .
നാല്പത്തിയഞ്ചു കൊല്ലം മുൻപായിരുന്നു . ഒരു കെട്ട് പുസ്തകങ്ങളും കയ്യിൽ പിടിച്ച് മഴയത്ത് ഒരു ഒറ്റ മുണ്ടുടുത്ത പയ്യൻ വീട്ടിന്നരികിലൂടെ തോട് കടന്നു വടക്കോട്ട്പോയി .
പിന്നെ എന്നും സ്കൂളിലേക്ക് ഞാനും കാലത്തും വൈകീട്ടും .
പിന്നെ പെരുന്നാളിന്റെ ദിനങ്ങളിൽ സഞ്ചി യിൽ ദിനപ്പത്രത്തിൽ പൊതിഞ്ഞ കാജയും മുഴുത്ത നേന്ത്രപ്പഴവും അവന്റെ ഉപ്പ ഞങ്ങൾക്കായി എത്തിച്ചു . വിഷുവിനും ഓണത്തിനും തിരിച്ച് അവര്ക്കും കൊടുത്തയക്കാൻ അച്ഛനും അമ്മയും എന്നെ നിർബന്ധിച്ചു .ദിവസത്തിൽ രണ്ടു തവണ പാടങ്ങൾ കടന്നു ഞാൻ അവനെ കാണാൻ പോകുമായിരുന്നെങ്കിലും ഭക്ഷണപ്പൊതികൾ എടുക്കാൻ എനിക്ക് മടിയായിരുന്നു ,എന്തുകൊണ്ടോ .
പിന്നെ അവരുടെ വീട്ടിലെ ആകെയുള്ള മരക്കസേര എനിക്ക് വേണ്ടി ഭവ്യതയോടെ പുറത്തേക്കിട്ടു ഇരിക്കാൻ അവന്റെ ഉമ്മയും നിര്ബന്ധിക്കും . തറയിൽ കൂട്ടിയിട്ട ബീഡി ഇലകൾ ഓരോന്നെടുത്ത് ചതുരാകൃതിയിൽ നാടൻ കത്രിക്ക് വെട്ടി  മടിയിലെ മുറത്തിൽ വച്ച സുക്കയുടെ  കൂമ്പാരത്തിൽ നിന്ന് രണ്ടു നുള്ള് . പിന്നെ കൃത്രിമ നഖം പിടിപ്പിച്ച ഒരു വിരൽ തുമ്പിലെ ആർജവം നോക്കിനില്കുമ്പോൾ അവന്റെ ഉപ്പ ചോദിക്കും ; "മാഷുക്കും അമ്മയ്ക്കും സുഖം തന്നെയല്ലേ ?"
" ...അവൻ എവിടെ പ്പോയീ ?"
"മോനിരിക്ക് ; അവൻ റേഷൻ മണ്ണെണ്ണ വാങ്ങാൻ പോയിരിക്കാ ..."
പിന്നെ ഒരു തട്ടമിട്ട മുഖം വാതിൽ മറവിൽ എത്തി നോക്കി ചിരിച്ചു ." ഇത്തയാ , ഇവള് മൂത്തത് , പിന്നെ അവനുംതാഴെ രണ്ടു പെണ്കുട്ട്യോളും ..."
പിന്നെ വാതിലിനു പിന്നിൽ ചിരിയും വളകിലുക്കങ്ങളും .
പിന്നെ അവൻ മണ്ണെണ്ണ ടിന്നുമായി വീട്ടിലെത്തി .
എന്നെ കണ്ടു ചിരിച്ച് ഉമ്മയെ ചില്ലറയും റേഷൻ കാർഡും കൊടുത്തു കണ്ണിറുക്കി .
 വീടിനരികിൽ ചാരി വച്ച പഴയ സൈക്കിൾ ടയറും ഉരുട്ടി വരുമ്പോൾ പറഞ്ഞു "പോവാം ..."
തെങ്ങിന്റെ തടത്തിലെ ഓലമടൽ വെട്ടി മാറ്റുന്നതിനിടയിൽ അവന്റെ ഉമ്മ പറഞ്ഞു '"മോനെ പറ്റി അവൻ എപ്പോഴും പറയും , അവനു എന്തെങ്കിലും പഠിക്കാനുള്ളത് പറഞ്ഞു കൊടുക്കണേ , ഇവിടെ ഞങ്ങളൊക്കെ അത്ര പഠിപ്പുള്ള ആളോൾ ഒന്നല്ല ."
അന്നെനിക്ക് അറിയില്ലായിരുന്നു , സ്വന്തമായി ബീഡി കമ്പനിയും നടത്തി കടം വന്ന് അടുത്ത ഗ്രാമത്തിലേക്ക് ചേക്കേറിയ അവർക്ക് ജീവിതം എത്ര പ്രയാസ മുള്ള തായിരുന്നു വെന്ന് .
പിന്നേ ഓരോ ദിവസവും സ്കൂളിലേക്ക് ഒരുമിച്ചു പോയപ്പോൾ കഥകൾ നുറുങ്ങുകളായി പുറത്തു വന്നു .
അതുകൊണ്ടു തന്നെ സ്കൂളിൽ അവനോടു എൻറെ അച്ഛനും വാത്സല്യം കാണിച്ചു .
വർഷങ്ങൾ കഴിഞ്ഞു . പാട ങ്ങൾ മണ്ണിട്ടു നികത്തി , കൂരകൾ നിറഞ്ഞു .
പിന്നെ ഇത്തയുടെ നിക്കാഹും , വേനലും മഴകളും

SSLC പരീക്ഷയിൽ അടുത്ത നമ്പറ്കാർ ആയതു കൊണ്ട് എഴുതാനുള്ള മഷി കടം കൊടുക്കുനതിനിടയിൽ ഉത്തരമെഴുതിയ പേജ് അവനു കാണാനായി നീക്കി വച്ചു കൊടുത്തു .
പിന്നെ പുതിയ സുഹൃത്തുക്കൾ ,
കോളെജു ജീവിതങ്ങൾ ...
അവനെന്നോ ഒരു മറന്ന സുഹൃത് ബന്ധമായി .
പിന്നെ പലപ്പോഴും വഴിയിൽ കാണാറുള്ള അവന്റെ ഉപ്പയേയും കണ്ടില്ല .
ആരോ പറഞ്ഞറിഞ്ഞു .
വീടും പുരയിടവും വിറ്റു എവിടെക്കോ പോയിരിക്കുന്നു അവന്റെ കുടുംബം .
പിന്നെയൊരിക്കൽ വീട്ടിലേക്ക് കടന്നുവന്ന സുമുഖനായ യുവാവ് അവനാണെന്ന് മനസ്സിലായില്ല .
"ഞാനിപ്പോ ഷാർജയിലാണ് , വിസ മാറ്റി യെടുക്കണം , പിന്നെ എടമുട്ടത്തു വീട്പണിയണം; തിരക്കിലാണ് ,പോട്ടെ ".
"എന്നാൽ ശരി "
"അടുത്ത വരവിനു കാണാം."
പടിയിറങ്ങി പോകുന്ന അവനെ പിന്നെ കണ്ടിട്ടില്ല .

ഒരുപക്ഷേ വർഷങ്ങൾക്ക് ശേഷം അറബി നാട്ടിലെ ഊഷര ദിനങ്ങളിൽ എനിക്കരികിലുണ്ടായിരുന്ന ആൾക്കൂട്ടത്തിൽ അവനും തമ്മിൽ തിരിച്ചറിയാതെ ഒരു നിമിഷത്തിന്റെ കണ്ണിന്റെ കൂട്ടിമുട്ടലുകളിൽ ഒതുങ്ങിയ നിമിത്തമായി ഒതുങ്ങിയിരിക്കണം .
അറബിയിൽ അവന്റെ പേര് ശരിയായി പറയാൻ എനിക്ക് മാത്രം അറിയാം .

അതാണ്അവൻ നാൽപത് വർഷം മുൻപ് ആദ്യമായി പരിചയപ്പെട്ട ദിവസം പറഞ്ഞു തന്നതു ,അലിഫിനോടൊപ്പം ...

No comments:

Post a Comment