Translate

Sunday, October 4, 2015

അവാർഡ്‌















ഒരു കോളേജ് ദിനം . യുവ നേതാവ്  വന്ന് കൂട്ടികൊണ്ടുപോയി .

“നമുക്ക് ഇന്ന് യുണിറ്റ് മീറ്റിംഗ്” .
 മാവിൻ തോപ്പിൽ പല വശത്തായി ആർട്സും കോമെർസും സുവോളജിയും ബോട്ടണിയും ഫിസിക്സും ക്ളാസ് കട്ടുചെയ്ത യുവജനങ്ങൾ .
“നമുക്ക് യുണിറ്റ് സെക്രട്ടറി ........ , പിന്നേ കലാ വിഭാഗം , ...”
കൈ എന്നെ ചൂണ്ടി .
“ഞാനോ?..”
കയ്യടി ഉയർന്നു എന്റെ ഒരാളുടെ എതിർപ്പിനെ ചവിട്ടി കൂട്ടി .
പിന്നെ പിറ്റേ ദിവസത്തെ എക്സ്പ്രസ്സ്‌ പത്രത്തിൽ വാർത്ത കണ്ടു.
അടുത്ത ദിവസം വേറെയും.
“കലാ  സൃഷ്ടികൾ ...കവിതാ മത്സരം . കോളേജ് വിദ്യാര്തികൾക്കായി .
അയക്കേണ്ട വിലാസം (എൻറെ !)”
“...പഹയാ ..”
അറിഞ്ഞുപോലുമില്ല .
ചോദിച്ചു
"ഇതിനു സമ്മാനം എവിടെ നിന്ന് കൊടുക്കാൻ ?"
"അത് ഞാൻ കൊണ്ട് വരാം "
അടുത്ത ആഴ്ച കവിതകൾ എത്തി .
സെൻറ് തോമസ്സിലെ ടോണിയുടെ കവിത നന്നായി .
ഒന്നാം സ്ഥാനം .
രണ്ടാം സ്ഥാനം ഗുരുവായൂർ ലിറ്റിൽ ഫ്ലവറിലെ ഒരു പെണ്‍കുട്ടിക്കും .
നേതാവ് രണ്ടു പുസ്തകങ്ങൾ എന്നെ ഏൽപിച്ചു .
ഒന്ന് പുതിയത് . മറ്റേതിൽ പേരെഴുതിയത്  മാച്ചു കളഞ്ഞിരിക്കുന്നു . ബ്ലീച്ചിന്റെ മഞ്ഞ നിറം കാണാം .
"ഇത് നാണക്കേടല്ലേ ?" എന്റെ കൊച്ചു മനസ്സിലെ സംശയം നേതാവ് തലയാട്ടി മായ്ച്ചു കളഞ്ഞു .
ചുളുങ്ങിയ കടലാസ്സ് ഇസ്തിരിയിട്ട് മിനുക്കി . കരിയുമെന്നു മണം മുന്നറിയിപ്പ് നൽകിയപ്പോൾ നിർത്തി .
പിന്നെ പിറ്റേ ദിവസം സ്വന്തം കൈയ്യിലെ പൈസ ചിലവാക്കി ബുക്കുകൾ വിജയികൾക് നന്ദി പത്രത്തോടെ അയച്ചു കൊടുത്തു .
"പോയി ,മാരണം " മനസ്സിൽ സമാധാനിച്ചു .
മാസങ്ങൾ കഴിഞ്ഞു , വർഷങ്ങളായി .
സമരങ്ങളും കോലാഹലങ്ങളും എനിക്കന്യമായി .
യുനിവേര്സിടി പരീക്ഷകൾ കഴിഞ്ഞു .
സസ്യങ്ങളുടെ ചിത്രങ്ങൾ നിറഞ്ഞ ആർട് പേപ്പർ കട്ടി പുസ്തകമായി ഡിപ്പാർറ്റുമെന്റിലെ ചില്ലളമാരയിൽ  പരീക്ഷകരെ കാത്ത്  ഉറങ്ങി. മണപ്പുറത്തെ പച്ചപ്പുല്ലുകളും ഊട്ടിയിലെ അപൂർവ  സസ്യങ്ങളും തവിട്ടു നിറം കലർന്ന് അയല്പക്കക്കാരായി "ഹെര്ബെരിയ"ത്തിൽ പച്ചമണം തേടിയ കൊച്ച് എട്ടുകാലി കൾക് ഒളിത്താവളം ഒരുക്കി തുറന്ന ഷെൽഫിലും വിശ്രമം കൊണ്ടു .
പിന്നെ ദിവസങ്ങൾ എണ്ണി .
അവസാനം  ആ ദിനവും എന്നെ തേടി വന്നു .
പ്രായോഗിക പരീക്ഷ .
എവിടെ നിന്നോ കണ്ടെത്തിയ പൂവും കായയും കണ്ടു ജാതിയും കുടുംബ പ്പേരും കുറിക്കണം .
പിന്നെ തന്നിരിക്കുന്ന തണ്ടിനെ ഏറ്റവും കട്ടികുറഞ്ഞു ഉള്ളിയുടെ തൊലിപോലെ യാക്കി , പിന്നെ നിറം കൊടുത്തു കഥയെഴുതണം .
കയ്യ് വിറച്ചു സെക്ഷൻ കട്ടികൂടി .
പോനാൽ പോകട്ടും പോടാ . മനസ്സിൽ പാടി ഒരു വിധത്തിൽ മൈക്രോ സ്കോപ്പിൽ കോപ്പാക്കി .
നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് പോക്കറ്റിലെ തുണിക്കഷ്ണം കൊണ്ട് തുടച്ചു  എഴുന്നേറ്റു നിന്ന് .
അകലെ എന്നെത്തന്നെ ശ്രദ്ധിച്ച ലെക്‌ചെറെർ  അടുത്തു വന്നു
"ഇത്ര വേഗം കഴിഞ്ഞോ ? ഒന്നും കൂടി നോക്കിക്കോളൂ "
"വേണ്ട , പോട്ടെ ..."
"ശരി , ഇവിടേ തന്നെ കാണണം ; തൻറെ റെക്കോർഡ്‌ നോക്കിയ മേഡം കാണണം എന്ന് പറഞ്ഞു "
എന്താണ് വിചാരിക്കേണ്ടത് എന്നറിഞ്ഞില്ല .
ഒരു പക്ഷേ ഇതെല്ലാം ഞാൻ തന്നെ വരച്ചതാണോ എന്നറിയാനായിരിക്കും ,ഹെർബരിയത്തിൽ ചെടിയെല്ലാം പേജിൽ നിന്ന് മാറി അലങ്കൊലപ്പെട്ടോ ...?
പലവിധ ആശങ്കകള് മനസ്സിൽ തിരക്ക് കൂട്ടി .
വരാന്തയിലെ തൂണിന്റെ മറപറ്റി ലാബിലേക്ക് നോക്കി .
എന്റെ സീറ്റിലെ മൈക്രോസ്കോപ്പിൽ തലയിലെ തട്ടവും ഒരുകയ്യിൽ മാറ്റിപ്പിടിച്ചു കന്യാസ്ത്രീ . അടുത്ത് കൈയ്യിൽ ഫയലുമായി ഞങ്ങളുടെ ലെക്‌ ചെറെർ ... പെട്ടെന്നുയർന്ന പൊട്ടിച്ചിരി .
അടുത്ത സീറ്റിൽ ഉണ്ടായിരുന്ന സുഹൃത്ത് പുറത്തിറങ്ങിയിരിക്കുന്നു .
ചിരിച്ചുകൊണ്ട് ചോദിച്ചു ,"എങ്ങിനെയുണ്ടായിരുന്നു ? ആ ഫ്രൂട്ട് ഏതാ ?"
"അയ്യോ അതറിയില്ലേ ,ഞങ്ങളുടെ കടവിലേക്ക് പോകുന്ന വഴിയിൽ നിറയെ യുണ്ട് . റുബിയെസീ "
ഉണ്ടായിരുന്ന അവസാനത്തെ പ്രതീക്ഷയും നിലച്ചു . ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ആ 'എന്നത്തും കായ " കണ്ടത് . ഭാഗ്യത്തിന് ഉത്തരം പകുതി ശരിയായി .
പുറത്തേക്ക് നോക്കി . താഴെ കോളേജ് കാൻറീൻ , അടുത്ത് എന്നും ചോറ്റു പാത്രം കഴുകുന്ന പമ്പ് .
ഇനി ഈ കലാലയവും സമരങ്ങളും പ്രണയങ്ങളും യുവജനോത്സവങ്ങളും എനിക്ക് അന്യം . അഞ്ചു വർഷക്കാലം എത്ര പെട്ടെന്ന് പോയി ...
"തന്നോട് അകത്തേക്ക് വരാൻ പറഞ്ഞു " ലാബ്‌ അസിസ്റ്റന്റ് പ്രകാശേട്ടൻ .
കയ്യിലുണ്ടായിരുന്ന ഫയലും മറ്റും അരമതിലിൽ വച്ച് അകത്തു കടന്നു .
മേശ പ്പുറത്ത് നിവര്ത്തിവച്ച എൻറെ ഹെർബരിയം . അതിൽ പൂക്കളുടെ നിറം മാറിയില്ലാത്ത തൊട്ടാവാടി ചെടിയും .
"കൊള്ളാം; എങ്ങിനെ യുണ്ടായിരുന്നു തിയറി ?" കന്യാസ്ത്രീ മേഡം
"കുഴപ്പില്ലായിരുന്നു " ഞാൻ.
"റാങ്ക് കിട്ടോ ? ഞങ്ങടെ പ്രതീക്ഷയാ "  ലെക്ചെറെർ
"അതൊന്നൂല്യ ...നന്നായി എഴുതീട്ടുണ്ട്‌ " താഴോട്ടു നോക്കി പറഞ്ഞു .
"പിന്നെ തന്നെ കാണണം എന്ന് പറഞ്ഞത് ,തന്റെ റെക്കോർഡ്‌ ,ഹെർബരിയം ഞാൻ എടുക്കുകാ ...ഞങ്ങളുടെ ലാബിലേക്ക് . നന്നായിട്ടുണ്ട് "  കന്യാസ്ത്രീ മേഡം തുടർന്ന് പറഞ്ഞു ; "പിന്നെ പറ്റില്ല എന്ന് പറയേണ്ട , താൻ ചെയ്ത മോശം പണിക്ക് പിഴയിട്ട തായി കൂട്ടിക്കോളൂ ..."
കഥയറിയാതെ ഞാനടക്കം വായ പൊളിച്ചു നിന്ന വർക്ക് അവർ വിവരിച്ചു .

“ഞങ്ങളുടെ കോളേജിലെ ഒരു നന്നായി കവിതയെഴുതുന്ന കുട്ടിയെ ഞാൻ തന്നെ പറഞ്ഞു പ്രോത്സാഹിപ്പിച്ച്‌ ഇവരുടെ കലാ വിഭാഗത്തിലേക്ക് കവിതാ മത്സരത്തിൽ ചേർത്തു . അവസാനം സമ്മാനവും കിട്ടി . കവർ തുറന്നു നോക്കിയപ്പോൾ കണ്ടത് എവിടെയോ കിടന്ന ആരുടെയോ പുസ്തകത്തിന്റെ പേര് വെട്ടിക്കളഞ്ഞു അയച്ചു തന്നിരിക്കുന്നു …നാണമില്ലേ തനിക്കൊക്കെ ...തന്നെ എന്നെങ്കിലും കാണുമെന്ന് വിചാരിചിരിക്കയായിരുന്നു ...പൊക്കൊ ; വിഷമിക്കേണ്ട ; തനിക്കു ഫുൾ മാർക്കാ . ഗുഡ് ലക്ക് "
പിന്നെ മുറി നിറഞ്ഞ ചിരിയും .

അവസാനം പറഞ്ഞത് കേൾക്കാൻ മനസ്സിന് കഴിഞ്ഞില്ല.
ഉണങ്ങിയ ഒരു തൊട്ടാവാടി കൊമ്പു പോലെ ഉച്ച വെയിൽ കുളിപ്പിച്ച വരാന്തയിലെ പുസ്തകെട്ടുകൾ ലക്ഷ്യമായി എന്റെ മൃത മായ മനസ്സ് കാലുകളെ ചലിപ്പിച്ചു .
...........................................................................................................................................

No comments:

Post a Comment