ഇന്ന് ഞാൻ എഴുതി തുടങ്ങുകയാണ്
(അ)പരിചിതരുടെ കണക്കുപുസ്തകം.
ഇതിൽ പറയുന്നവർ ജീവിച്ചിരിക്കുന്നവരും ഒരുപക്ഷെ
മരിച്ചു പോയവരുമായിരിക്കും .
എന്നെ നേരിൽ കണ്ട്
തിരിച്ചറിയുന്നവരും പേരും വീട്ടുപേരും
കേൾക്കുമ്പോൾ ഓർക്കുന്നവരും ഇതിലുണ്ട് .
ക്ഷമിക്കുക,
ഇതിൽ ആൾ അറിയാതെ
നിങ്ങൾ പെട്ടുപോയെങ്കിൽ ...
1 . ശാസ്ത്രി
അത് അയാൾ അറിയാതെ
കിട്ടിയ ഇല്ലപ്പേരാണ്.
അതെനിക്കറിയില്ലായിരുന്നു
.
ആദ്യം ഞാൻ കണ്ടത്
മെലിഞ്ഞ ശരീരവും വട്ടമുഖവും താടിയും
സൗമ്യഭാവവും വിനയവും.
ഞാൻ ആറാം ക്ലാസ്സുകാരനും
എന്റെ അഛൻ അതേ
സ്കൂളിലെ ഹൈ സ്കൂൾ
അദ്ധ്യാപകനും.ബഹുമാനവും ഭയവും പകുതി-പകുതിയായി എന്റെ അഛനു
മുതിർന്ന ക്ലാസ്സുകളിലെ വിദ്യാർഥികൾ നല്കിയിരുന്നത് ഞാൻ
മനസ്സിലാക്കി .
കാലത്ത് കളിക്കാൻ വിടുന്ന സമയത്ത്
സ്കൂളിനു മുന്നിലെ ഒരേ ഒരു
കടയിലേക്ക് അദ്ധ്യാപകർ സിഗരെറ്റും വലിച്ചു
ചായ കുടിക്കാൻ പോകും
.
ചായക്കടക്കു
സമീപം ബീഡി കമ്പനിയിൽ
കത്രികകളുടെ ചിലമ്പലും ,പൊട്ടിപ്പൊളിഞ്ഞ വരാന്തയിലെ
തയ്യൽ മെഷീന്റെ ശബ്ദവും.
ആരോ ഒരാൾ നിവർത്തിയ
ദേശാഭിമാനി പത്രം ഉച്ചത്തിൽ
വായിക്കുന്നു.
ചായക്കടയിൽ അച്ഛനും സുഹൃത്തുക്കളും ഉണ്ടെന്ന്
കരിപിടിച്ച മരപ്പലകകൾക്ക് ഇടയിലൂടെ നോക്കി മനസ്സിലാക്കി
.
കൂട്ടിയിട്ട
തുണിക്കഷണങ്ങൾകും ബീഡിയിലകൾക്കും അടുത്തായി ഒരു ബോർഡ്
കണ്ടു .
വെളുത്ത കടലാസ്സിൽ ചുവന്ന പെയിന്റിൽ
അരിവാളും ചുറ്റികയും പിന്നെ ഇന്ഗ്ലീഷിൽ " Vote For KSF
"
സുഹൃത്തിനോട്
ചോദിച്ചു ... "ഇതെന്താ ?"
"ആ ...ഞങ്ങളൊക്കെ KSF നാ "
വരാനിരിക്കുന്ന
ഇലക്ഷൻ ദിനങ്ങളുടെ നാന്ദി
യായിരുന്നു എന്നറിഞ്ഞില്ല അന്ന്.
പിന്നെ പിറ്റേ ദിവസം രണ്ടാമത്തെ
ബോർഡ് പ്രത്യക്ഷപ്പെട്ടു .
എന്നും
സയ്കളിൽ സ്കൂളിലേക്ക് വന്ന പോസ്റ്റ്
മാസ്ടരുടെ മകൻ അതിൽ
പശ വച്ച് ഒട്ടിച്ചു
.
ആദ്യം മനസ്സിലാക്കാൻ പാടു പെട്ടു
.
അക്ഷരങ്ങളുടെ നിഴലുകൾ മാത്രം നീല
നിറത്തിൽ .
പിന്നെ വലിയച്ഛന്റെ മകൾ
പറഞ്ഞു, "ഞങ്ങളെല്ലാം KSU വിനാ വോട്ട്
ചെയ്യാ"
പിന്നെ രാധാകൃഷ്ണനും , പ്രസാദും വന്നു . പത്തു
പൈസക്ക് കൊടി വാങ്ങി
.
പറങ്കി മാവിൽ കയറി
കളിക്കുമ്പോൾ അയൽ പക്കത്തെ
കുട്ടികൾ ഉച്ചത്തിൽ വിളിച്ചു "KSF സിന്ദാബാദ്
",
ഞങ്ങൾ ഇങ്ങേ കൊമ്പിൽ
കയറി വിളിച്ചു ,"KSU സിന്ദാബാദ്
"
മാസങ്ങൾ കഴിഞ്ഞു .
പിന്നെ അതിർത്തിയിൽ ഇന്ത്യ- പാകിസ്താൻ
യുദ്ധം തുടങ്ങി .
ബംഗ്ലാദേശിൽ
നിന്ന് അഭയാർഥികൾ നാട്ടിലേക്ക്
എത്തി .
സ്കൂളിൽ രാജ്യത്തിൻറെ അഖണ്ടതയുടെ ജാഥാ
ദിനങ്ങളെത്തി .
ഒരേ ക്ലാസ്സിലെ
സുഹൃത്തുക്കൾ പാകിസ്ഥാൻ കാരും ഇന്ത്യക്കാരുമായി
വേഷം കെട്ടി ലോറികളിലെ
ഫ്ളോട്ട്കളായി . അതിന് പുറകെ
ഞങ്ങൾ NCC ക്കാരും സ്കൌട്ട് കാരും
അടിവച്ച് നീങ്ങി.
മാസങ്ങൾ കഴിഞ്ഞു . വർഷങ്ങളും .
തിരുവഞ്ചൂരും
സുധീരനും വന്നു പ്രസംഗിച്ചു
.
പിന്നെ ശാസ്ത്രിയും .
സ്ക്കൂൾ മണിയടിക്കാൻ സമയത്തേക്ക് വാക
മരത്തിൽ കെട്ടിയ ഉച്ച ഭാഷിണിയിലൂടെ
രാഷ്ട്രീയ പ്രസംഗങ്ങൾ എത്തി .
ഒഴിവുള്ള ദിവസത്തിൽ ബീച്ചിലേക്ക് പോയി
. പല സുഹൃത്തുക്കളുടെ വീടുകൾ
കണ്ടു .
പലരും പട്ടിണിക്കാരും ചെറ്റപ്പുരയിൽ ജീവിക്കുന്നവരുമാണെന്ന് മനസ്സിലാക്കി.
നിങ്ങളേപ്പോലുള്ളനേതാക്കളും
.
വർഷങ്ങൾ കടന്നു പോയി . നേതാക്കൾ
പലരും സ്കൂൾ വിട്ടുപോയി
.
സമരങ്ങളും പരീക്ഷകളും മഴക്കാലവും വേനൽ
ചൂടും യുവജനോത്സവങ്ങളും ശാസ്ത്ര
മേളകളും വന്നു .
ഒരു ദിവസം ...
മുദ്രാവാക്യങ്ങളും
ആർപ്പുവിളികളും കേട്ട് ക്ലാസ്സുമുറിയുടെ ജനലിലൂടെ
നോക്കി .
പുറത്തു KSF
ഉം KSU വും തമ്മിൽ
അടിപിടി .
ഓടുന്നതിനിടയിൽ
അരയിൽ നിന്ന് സൈക്കിൾ
ചെയിനും വലിച്ചെടുത്തു സഹപാഠിയുടെ തലയിൽ അടിക്കുന്നു
മറ്റൊരാൾ. പിന്നെ ഖദർ ഷർട്ട്
നനഞ്ഞു രക്തത്തിന്റെ പ്രവാഹം
. മോഹാലസ്യപ്പെടുന്ന ചില പെൺകുട്ടികൾ
.
ഓടുന്നവരെ തള്ളിമാറ്റുന്ന ചില അദ്ധ്യാപകർ
.
അന്ന് ഞാൻ കണ്ടു
ഖദറിൽ രക്തമിറ്റ് അവശനായി
നിങ്ങളെയും ...
ശാസ്ത്രി
...
പിന്നെ നിങ്ങളുടെ തീപ്പൊരി പ്രസംഗങ്ങള്ക്
കയ്യടിച്ച് ഞാനുമുണ്ടായിരുന്നു .
പിന്നെ അടിയന്തിരാവസ്ഥ വന്നു.
പലരും പോലീസ് പിടിയിലായി.
കൊണ്ഗ്രെസ്സ്
പാർട്ടി പിരിഞ്ഞു .
കമ്യൂണിസ്റ്റ്
പാർടി പിളർന്നു.
പിന്നെ ജനതാ പാർട്ടിയും
RSS ഉം വന്നു.
MSF ഉം ABVP
യും വന്നു .
നിങ്ങളുടെ സുഹൃത്തുക്കൾ തന്നെ നിങ്ങളുടെ
ശത്രുപക്ഷക്കാരായി.
പിന്നെ പലപ്പോഴും ഞാൻ നിങ്ങളെ
കണ്ടു ; കോളേജിൽ ഒരു പഴയ
സൈക്കിൾ തള്ളി നിങ്ങൾ
വരുമായിരുന്നു .
ചിലപ്പോൾ പത്തോളം പേരുടെ പ്രതിഷേധ
ജാഥയുമായി ,അല്ലെങ്കിൽ കുത്തിയിരിപ്പ് സത്യാഗ്രഹത്തെ
അഭി സംബോധനചെയ്തു അരണ്ട
വെളിച്ചത്തിൽ കവലകളിൽ .
പിന്നെ ആരോ പറഞ്ഞു
...മദ്യത്തിൽ നിങ്ങളുടെ ജീവിതം ഹോമിക്കപ്പെടുന്നു
എന്ന് . ഒരുപക്ഷെ നിങ്ങൾക്ക് എവിടെയോ
പിഴച്ചിരിക്കാം .
ഇന്നലെ ജവഹർ ലാൽ
യൂനിവെർസിറ്റിയിലെ തീപ്പൊരി പ്രസംഗം നടത്തുന്ന
ഒരു യുവാവിനെ കണ്ടപ്പോൾ
നിങ്ങളെ ഞാൻ ഓർത്തു
.
പിന്നെ തലയിൽ നിന്നും
ഒലിക്കുന്ന ചോര ഖദറിൽ
ഇറ്റു വീഴുന്ന കാഴ്ചയും
നിങ്ങളുടെ മുഖത്തിന് നേരെ വരുന്ന
സൈക്കിൾ ചെയിനും.
നിങ്ങൾക്ക് അറിയാമായിരിക്കും ഇന്ന്
, നിങ്ങളുടെ മാതാപിതാക്കൾ നൽകാത്ത പേര്
...
"ശാസ്ത്രി"
2. റാങ്ക്
മരണങ്ങൾ വരുന്നു.
പിരിവുകാരെയും ഭിക്ഷാടനക്കാരേയും പോലെ മനസ്സിൻ്റെ പടിവാതിലടച്ചും ദൃഡഗാത്ര ശ്വാന രൂപിയായും തടുക്കാൻ കഴിയാത്ത അലോസരങ്ങൾ.
ഓർമ്മകൾ വേനൽ മഴകളായി പെയ്തൊഴിയുന്നു. ചിലപ്പോൾ കുളിർകാറ്റും തെളിമയും, ചിലപ്പോൾ മിനിറ്റുകൾ നില നിൽക്കുന്ന ഊഷരമണ്ണിൻ ഈർപ്പങ്ങൾ.
എഴുപതുകളിലെ മാർച്ച് മാസം
ആണിച്ചാലിലെ വെള്ളം തെങ്ങിൻ്റെ തടത്തിലേക്കായി കൈക്കോട്ടുകൊണ്ട് കിളച്ചിട്ടു.
ചപ്പുചവറുകൾ അകലെ പൊല്ലമാന്തി(rake) കൊണ്ട് വലിയ കൂമ്പാരം കൂട്ടി അച്ഛനും നില്പുണ്ട്.
അപ്പോഴാണ് നിങ്ങൾ വന്നത്.
ചെറു പുഞ്ചിരിയോടെ മുന്നിലെ നീളൻ പല്ലുകൾ എനിക്ക് ഓർമയുണ്ട്. അത് അമ്മ വീട്ടുകാരുടെ മുഖച്ഛായ ആയിരുന്നു.
ഞാൻ നിങ്ങളെ ചേട്ടനെന്നു വിളിച്ചു.
SSLC പരീക്ഷ നിങ്ങളും ഞാനും ഒരേ സമയത്താണ് എഴുതിയത് എന്നറിഞ്ഞ് ഞാൻ അത്ഭുതപ്പെട്ടു.
ഞാനും ദയാലും അലിഷ്കറുമെല്ലാം എഴുതിയ അതേ പരീക്ഷ.
"നീ എപ്പൊ വന്നൂ?"
"ഇന്നലെ"
"പഠിപ്പൊക്കെ എവിടെയായീ?"
"SSLC എഴുതിയിരിക്കയാണ്"
"എങ്ങിനെയുണ്ടായിരുന്നൂ?"
"റാങ്ക് കിട്ടുമെന്നാണ് പ്രതീക്ഷ" മുഖത്ത് നോക്കാതെ എൻ്റെ കൈയിൽ നിന്നും കൈക്കോട്ട് വാങ്ങി തെങ്ങിൻ്റെ തടത്തിൽ അവശേഷിച്ച ചാരക്കൂനയിലേക്ക് വെള്ളം തിരിച്ചു വിടുന്നതിനിടയിൽ നിസ്സംശയം നിങ്ങൾ പറഞ്ഞു.
"കണ്ടോടാ, ഇങ്ങനെ വേണം പഠിക്കാൻ. അവന് റാങ്ക് കിട്ടും. അവനോട് ചോദിച്ചു പഠിച്ചോ"
ആ പറച്ചിലിൽ അച്ഛനും ഒരു നിരാശയുടെ നിഴലുണ്ടായിരുന്നു.
"ആ ബയോളജിയിൽ ക്രൈസാന്തിമവും ചെമ്പരത്തിയുമായി വ്യത്യാസങ്ങൾ വിവരീക്കാൻ ഒരു ചോദ്യമുണ്ടായില്ലേ..അത് എൻ്റെ ഉത്തരം ശരിയായില്ല എന്നാണ് അച്ഛൻ പറയുന്നത്. അതിൻ്റെ ഉത്തരം എന്താണ്?"
"ആ, എന്ത് ബയോളജി..എന്ത് ക്രൈസാന്തിമം..എല്ലാം ഒരു പൊഹ!"
"അപ്പോ ശരീ, മാമന്മാരുടെ വീട്ടിലൊക്കെപ്പോണം."
കൈക്കോട്ട് തിരിച്ചുതന്ന് നിങ്ങൾ പോയി.
എൻ്റെ സ്തബ്ധതയിൽ ജയവിജയങ്ങൾ തമാശയാക്കി.
വർഷങ്ങൾ കഴിഞ്ഞ് നിങ്ങൾ റെയിൽവേ ജോലിക്കാരനായി.
സിഗ്നലില്ലാതെ കടന്നുപോയ ഒരു വണ്ടി ശരീരത്തിൽ നിന്നും കാലുകൾ മുറിച്ചുമാറ്റി.
വർഷങ്ങൾക്കുശേഷം പൂരത്തിന് വീൽചെയർ തള്ളി വന്ന നിങ്ങളുടെ ചിത്രങ്ങൾ കണ്ടതല്ലാതെ നമ്മൾ ലോഹ്യം പറഞ്ഞില്ല.
അസമയത്ത് സ്ക്രീനിൽ അവശേഷിച്ച മിസ്സ് കോൾ...
അത് നിങ്ങളുടെ അന്ത്യ വാർത്തയായിരുന്നുവെന്ന് ഇന്നറിയുന്നു.
വിട