1986: വാർഡ് "സി'
അഴുക്കുപുരണ്ട ആ കോണിൽ അയാൾ തുരുമ്പു പിടിച്ച കട്ടിലിൽ ഇരുന്നു ഒരു കുഞ്ഞി ക്കൂനനെ പ്പോലെ .
അടുത്ത് പ്ലാസ്റ്റിക് ബാഗുകളിൽ കുത്തി നിറച്ച തുണികളും ഒരു കുടയും .
തൊട്ടടുത്ത കട്ടിലിലെ രോഗികൾക്ക് അയാൾ ഒരത്ഭുതജീവിയായി .
ഇടവിടാതെ കൊഞ്ഞപ്പുള്ള സ്വരത്തിന്റെ ഉയര്ച്ചയും താഴ്ചയും കേൾക്കാൻ ആളില്ലാഞ്ഞിട്ടും അവിടെ ഒരു ചന്ത പ്രസംഗം പോലെ വിലസി .
ഞങ്ങൾക്ക് വൈകീട്ടാണ് ആ ചൂടുള്ള വാർത്ത വീണു കിട്ടിയത് .
കേട്ട പാതി കേൾകാത്ത പാതി എല്ലാവരും വച്ചുപിടിച്ചു .
കാര്യമെന്താണെന്നു ആസമയത്ത് എനിക്കറിയില്ലായിരുന്നു .
"Rare Case " എന്നു മാത്രം കൂട്ടത്തിൽ ബുദ്ധിജീവികൾ പറഞ്ഞറിഞ്ഞു .
ചക്കയിൽ ഈച്ച പൊതിയുന്നത് കണക്കിന് വട്ടമിട്ടു നിന്നു . പിന്നെ ശരിയല്ല എന്ന്തോന്നി പുറത്തേക്ക് വലിഞ്ഞു .
അപ്പോഴാണ് അയാളുടെ ചിലമ്പിച്ച സ്വരം മുഴങ്ങിയത് "Patellar Reflux Absent "
എടാ ഇവൻ എന്ത് രോഗി ?
"കണ്ണ് പരിശോ ധിച്ചില്ലെങ്കിൽ തോറ്റതാ " ഒരു ചെറിയ ചിരിയോടെ അയാൾ കണ്ണട എടുത്തു മാറ്റി .
"Optic Atrophy " വീണ്ടും രോഗി .
"നട്ടെല്ലിനു scoliosis ഓർത്തോളൂ ; പിന്നെ pes cavus " അയാൾ തുടർന്നു .
ഞാൻ ഒരു പിടിയും കിട്ടാതെ അയാളെ സൂക്ഷിച്ചു നോക്കി .
ഒരു മുപ്പതു വയസ്സായിക്കാണും ,എങ്കിലും ക്ഷീണിച്ചു അകാലത്തിൽ വാർധക്യം ബാധിച്ച ശരീരം.
"എപ്പോഴാ നിങ്ങേടെ പരീക്ഷ ? എന്നെ വിളിക്കാൻ സക്കറിയ സാറിനോട് പറയണേ "
"ഓ ഞങ്ങളുടെ പരീക്ഷ ഇനി അടുത്ത വർഷമേയുള്ളൂ "
മറുപടി കേട്ട മാത്രയിൽ അയാളുടെ മുഖത്തെ പ്രസാദം മങ്ങി .
'സക്കറിയ സാറിനറിയാം ; സാറ് എനിക്ക് എപ്പോഴും മരുന്നും പൈസയും തരും " പിന്നെ കാലിലോട്ടു ചൂണ്ടി "ഈ pant സാറ് തന്നതാ ; എനിക്കൊരു ഷർട്ട് തരോ തിരുവന്തരം വരേ പോകണം അവിടേ അടുത്തയാഴ്ച പരീക്ഷ തോടങ്ങുവാ "
ഞങ്ങളിൽ കുറച്ചു പേർ പോക്കറ്റിൽ തപ്പി ഉണ്ടായ പൈസ എടുത്തു വർഗീസിന് നീട്ടി .
"നന്ദിയുണ്ട് സാറമ്മാരെ . മറക്കല്ലേ "Friedrich's Ataxia ...ഇനി ഒന്ന് കൂടി പഠിച്ചോളൂ ; വർഗീസ് ഇന്ന് കൂടി ഇവിടെ ക്കാണും" എന്നെ നോക്കി അയാൾ പറഞ്ഞു
ഇന്നും ആ സ്വരവും ആ രൂപവും അവിടെയുണ്ടാവും
വരാനിരിക്കുന്ന പരീക്ഷ കളെയുംകാത്ത്.
വേറൊരു വർഗീസോ ഗോപാലനോ ഇബ്രാഹിം കുട്ടിയോ ആയി
പേരില്ലാത്ത യുവാക്കളുടെ വെമ്പലിനു കാതോർത്ത് ...
No comments:
Post a Comment