Translate

Sunday, February 28, 2021

മുഖം നഷ്ടപ്പെട്ടവർ

  

 പെനാംഗ് ബിസ്ട്രോ  റെസ്റ്റോറന്റിൽ വൈകുന്നേരം ഭക്ഷണം കഴിച്ച്  പടികൾ ഇറങ്ങുമ്പോൾ ആണ് ശ്രദ്ധിച്ചത്.
പരിചിതമായ മുഖം.
നരകയറിയ ഗോട്ടീയും കട്ടിയുള്ള കറുത്ത ചതുരൻ ഫ്രേമിട്ട കണ്ണടയുടെ മുകളിലുള്ള തിളങ്ങുന്ന നെറ്റിയും.
മാത്തൻ?
അതെ മാത്യൂസിന്റെ ഛായയുണ്ട്.
ഒരു നിമിഷം ചിന്തിച്ചു, "ചോദിച്ചാലോ?"
സാധാരണ ആരേയും അങ്ങോട്ട്  കേറി പരിചയപ്പെടുത്താൻ മിനക്കെടാറില്ല.
ഭാര്യും മകളും പുറത്ത് ഏതോ കടയുടെ വിൻഡോ ഷോപ്പിങ് നടത്തുന്നു.
തിരിച്ചു പടികൾ കയറി,
" എക്സ്ക്യൂസ് മീ, ആർ യൂ മാത്യൂസ്?"
അയാളുടെ മുഖം ഒന്ന് പരിഭ്രമിച്ചു, പിന്നെ പുഞ്ചിരി വന്നു.
"ഡാ.. നീയിവിടെ?"
"അയ്യോ.. ഇതാരാ! ഡോക്ടറോ?"
"ഞാൻ ഒരു കോൺഫറൻസിനു വന്നതാണ്. രണ്ട് ദിവസം ഇവിടെയുണ്ട്. നീയിവിടെയാണെന്ന് അറിഞ്ഞില്ല. പിന്നെ എന്തൊക്കെ?"

മാത്തൻ  നോർത്ത് കരോലിനയിലെ  ഷാർലെറ്റിൽ ചേസ് ബാങ്കിൽ ജോലിയാണ്. ഞാൻ അവനെ കോളേജിൽ വച്ച് പരിചയമുണ്ടായിരുന്നു. പിന്നീട് ഒരിക്കൽ ഗൾഫിലും വീണ്ടും കണ്ടുമുട്ടി.
 അവന്റെ അനിയൻ ഗൾഫിൽ വച്ച് എനിക്ക് ഫ്ളാറ്റ് കണ്ടുപിടിക്കാൻ സഹായിച്ചിട്ടുണ്ട്. അന്ന് ഒറ്റാൻ തടിയായിരുന്നു.  ഫുജൈറയിൽ ഗ്രേ മക്കൻസിയിലുണ്ടായിരുന്നു. പിന്നീട് ഏതോ അമേരിക്കൻ കമ്പനി കുവൈറ്റിലെ അമേരിക്കൻ ഡിഫൻസിന്റെ ഫുഡ് സപ്ളൈ  ചെയ്യുന്ന കോൺട്രാക്റ്റ് അവനു കൊടുത്തു. ദുബായിൽ ഇന്റർകോണ്ടിനെന്റലിൽ നിന്നും വിളിച്ചു ഒരുദിവസം ഞാനുമായി കുറേനേരം സംസാരിച്ചു.
"അല്ലാ, അവനെവിടെയാണിപ്പോൾ?"
"ഇവിടെയുണ്ട്. ആ കാര്യത്തിനായിട്ടാണ് ഞാൻ വന്നത്. ആകെ പ്രശ്നങ്ങളാണ്. ഒരു പിടിയും കിട്ടുന്നില്ല. നിന്നെക്കണ്ടത് നന്നായി."
"എന്താണ് പ്രശ്നം?"
"കുറേ പറയാനുണ്ട്. ഇന്ന് ഫ്രീയാണോ?"
"ഫ്രീ ആക്കാം. നീ പറ"
മാത്തനെ ഭാര്യയ്ക്കും മകൾക്കും പരിചയപ്പെടുത്തി.
"ഇവിടെയാണോ ജോലി?"
"അല്ല, ഒരു ബിസിനസ് ടൂറാണ്"
ഞാൻ മാത്തനെ നോക്കി. അവൻ എന്താണ് മറച്ചു പിടിക്കുന്നത്?
മാത്തൻ ഭക്ഷണം കഴിച്ചിട്ടില്ല. അതു കഴിഞ്ഞ് ഹോട്ടലിൽ വന്നാൽ സംസാരിക്കാൻ പറ്റുമോ എന്ന് അയാൾ ചോദിച്ചു.
എനിക്ക് പ്രത്യേകിച്ച് പരിപാടികൾ ഒന്നുമില്ല. നാളെ രണ്ട് മണിക്ക് ഒരു പോസ്റ്റർ പ്രെസന്റേഷനുണ്ട്. അത് രണ്ട് മണിക്കൂർ. പിന്നെ ഫ്രീയാണ്. ഭാര്യയും മകളും അവരുടെ സ്വന്തം ഷോപ്പിങ്ങും ഭക്ഷണക്കാര്യങ്ങളും നടത്തും. എനിക്ക് അതിൽ തലയിടേണ്ട.
ഏഴരയായപ്പോൾ മാത്തനെത്തി.
അനിയനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കയാണ്.
ജാമ്യത്തിൽ ഇറക്കി. പക്ഷേ കൈയിൽ  പാസ്സ്പോർട്ടില്ല. ആകെ പ്രശ്നമാണ്.
അതിനിടെ ഒരു സിക്ക് ഡ്രൈവറെ തെറിവിളിച്ച് അയാളുടെ കാറിന്റെ ടയറിലെ കാറ്റഴിച്ച് വിട്ടു. 
അത് ഒതുക്കി ത്തീർത്തു.
നാളെ  അമേരിക്കൻ എമ്പസിയിൽ പോയി പല പരിപാടികളുമുണ്ട്. പേപ്പറെല്ലാം  കളഞ്ഞുപോയതുകൊണ്ട് അതെല്ലാം ശരിയാക്കണം.
പ്രശ്നമെന്താണെന്ന് വച്ചാൽ  മാത്തൻ  പറഞ്ഞിട്ട് അവൻ കേൾക്കുന്നില്ല.
നാളെ കാലത്ത് എന്നെ ഹോട്ടലിൽ പിക്ക് ചെയ്യാൻ വരാമെന്നും പറഞ്ഞു മാത്തൻ രാത്രിയിൽ ബൈ പറഞ്ഞു പോയി.
കാലത്ത്  എട്ടടരയ്ക്ക് ടാക്സിയുമായി വന്നു.
" പെന്ററർ സ്ടീറ്റ്.. അമേരിക്കൻ എമ്പസി"
ഡ്രൈവർ ഏതോ ഭാംഗ്ര മ്യൂസിക് വച്ച്, ഐ പാഡിൽ അഡ്രസ്സ് കുത്തി.
മാത്തന് അപ്പോൾ ഒരു കോൾ വന്നു.
ഞാൻ ചെറുതായി ശ്രദ്ധിച്ചു.
മലയാളികൾ ആരോ ആണ്. "ഹോസ്പിറ്റൽ", "സൈക്യാട്രിസ്റ്റ്"  എന്നൊക്കെ കേട്ടു. 
"അവനെങ്ങനെയുണ്ട്?"
മാത്തൻ എന്നെ നോക്കിക്കൊണ്ട് ചോദിച്ചു.
എന്തോ പ്രശ്നമുണ്ട്.
ടാക്സിക്കാരനോട് പറഞ്ഞു,
"സെവൻ ഓക്ക് സൈക്യാട്രി സെന്റർ അറിയാമോ, അങ്ങോട്ട് വിട്ടോളൂ"
"അപ്പോൾ പെന്റർ സ്ടീറ്റ്?"
"വേണ്ട, പരിപാടി മാറി"
അയാൾ എന്തോ മറയ്ക്കുന്നു.
"വാട്ട് ഹാപ്പെന്ഡ്? അപ്പോൾ എമ്പസിയിലേയ്ക്കല്ല?"
"അവൻ എമ്പസിയിൽ പ്രശ്നമുണ്ടാക്കി. എനിക്കറിയില്ല."
എനിക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ല.
അവന്റെ അനിയൻ ഒരു തവണ വിളിച്ചിട്ടുണ്ട്.
മാത്തന്റെ നമ്പറിനായി. 
അന്ന് അവനെന്തോ റിസർച്ച് ആണെന്നാണ് പറഞ്ഞത്. ഗവണ്മെന്റ് ജോലിയായിരുന്നു. കൂടുതൽ തിരക്കാൻ കഴിഞ്ഞില്ല. 
ഒരു ഫിലിപ്പിനോ പെണ്ണുമായി എന്തോ  അടുപ്പത്തിലായിരുന്നു. കല്യാണം കഴിച്ചോ എന്നറിയില്ല.
"അവന്റെ കല്യാണം കഴിഞ്ഞില്ലേ?"
"ഇല്ല. അവനെ നിർബന്ധിച്ചതാണ്. നാട്ടിൽ ഒരു നല്ല ബന്ധം എല്ലാം ഫിക്സായ സമയത്താണ് അവന്  വിസ കിട്ടി ഇങ്ങോട്ട് വന്നത്. പിന്നെ വലിയ കമ്മ്യൂണിക്കേഷൻ ഒന്നുമില്ലായിരുന്നു"
" നീ പറയൂ, പെട്ടെന്ന് ആർക്കെങ്കിലും സ്വഭാവത്തിൽ മാറ്റങ്ങൾ വരാൻ ബ്രെയിന്റെ എന്തെങ്കിലും  അസുഖം ആകുമോ?"
"വല്ല ഡ്രഗ്‌സ് എടുത്താലും സംഭവിക്കാം"
"ഏയ്‌, നിനക്കറിയില്ല, അവനത് ചെയ്യില്ല. പിന്നെ അങ്ങനെ ആണെങ്കിൽ അവൻ എമ്പസിയിൽ നിന്നും എനിക്ക് ഫോൺ ചെയ്യുമോ?"
"അറിയില്ല, പല തരത്തിലുള്ള ടെസ്റ്റുകൾ ചെയ്യാതെ പറയാൻ കഴിയില്ല. അവനെ സൈക്യാട്രി ഹോസ്പിറ്റലിൽ എന്തിനാണ് കൊണ്ടുപോയത്?"
"ആ, എനിക്കറിയില്ല."
മാത്തന്റെ കണ്ണുകളിൽ നനവ്.


(2)

സൈക്യാട്രി സെന്റർ എത്തി. ഞങ്ങളെ എൻട്രൻസിന് അടുത്ത് ഇറക്കി ടാക്സി പാർക്ക് ചെയ്തു. 

റിസപ്ഷനിൽ തിരക്കില്ല. ഒരു ചൈനക്കാരി പെണ്ണ് വിവരങ്ങൾ തിരക്കി. 

മാത്തൻ കൂടുതൽ വിവരങ്ങൾക്ക് ചോദിച്ചെങ്കിലും രക്ഷയില്ല. എല്ലാം പ്രൈവസിയാണ്. അവിടെയുള്ള ഒരു മലയാളി നഴ്സാണ് വിളിച്ചത്. ഇനി ഡ്യൂട്ടിയിലുള്ള ഒരു ശ്രീലങ്കൻ ഡോക്ടർ വന്നാൽ നേരിട്ട് സംസാരിക്കാം.

ഞങ്ങൾ പുറത്ത് വെയിറ്റ് ചെയ്തു.

"നമുക്ക് ടാക്സി വിട്ടാലോ? ഇപ്പോൾ തന്ന നല്ലൊരു എമൗണ്ട് ആയിക്കാണും" ഞാൻ പറഞ്ഞു.

"അത് പ്രശ്നമില്ല" മാത്തൻ പറഞ്ഞു. ഇവരുടെ സാമ്പത്തിക സ്ഥിതി അറിയില്ല.

പണ്ടും പൈസ പൊടിക്കാൻ യാതൊരു മടിയും കാട്ടാത്ത ടീമുകളാണ്.

"എന്തൊക്കെ ടെസ്റ്റാണ് ചെയ്യിപ്പിക്കേണ്ടത്?"

"അങ്ങനെ നമ്മുടെ നാട്ടിലെപ്പോലെ കേറിച്ചന്ന് ആ ടെസ്റ്റ്, ഈ ടെസ്റ്റ് എന്ന് പറയാനൊക്കില്ല. ഇത് കാനഡയാണ്. പിന്നെ ഇവിടെ കാര്യങ്ങൾ ഒക്കെ സാവകാശം പോലെയാണ്"

"അറിയാം.. MRI എടുത്താൽ അറിയാമോ?"

"MRI യിൽ കാണുന്ന കാര്യങ്ങളുണ്ട്, എന്നാലും ഇതുപോലത്തെ പെട്ടെന്ന് വരുന്ന പ്രശ്നങ്ങൾ കൂടുതൽ ഘട്ടം ഘട്ടമായി നോക്കണം. നമുക്ക് ആദ്യം ഇവിടെ എന്തൊക്കെ ചെയ്യുന്നു എന്നറിയണം."

കുറച്ചു കഴിഞ്ഞപ്പോൾ മാത്തനെ ചൈനക്കാരി വിളിച്ചു.

ഡോക്ടർ കാണാൻ തയ്യാറായിരിയ്ക്കുന്നു.

"നീയും വരു, എനിക്ക് മെഡിക്കൽ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ പറ്റുകയില്ല."

"അയാൾ ഇമ്മീഡിയേറ്റ് ഫാമിലിയോട് മാത്രമേ പറയൂ. ഞാൻ വന്നിട്ടും കാര്യമില്ല."

മാത്തൻ പോയി. അഞ്ച് മിനിറ്റ് കഴിഞ്ഞു എന്നേയും കൂട്ടി അകത്തേക്ക് പോയി.

ഡോക്ടർ വലിയ ജാഡക്കാരനൊന്നുമല്ല. ഇവിടെ ജനിച്ചതാണെന്ന് തോന്നുന്നു. ശ്രീലങ്കൻ ആക്സന്റ് ഒന്നുമില്ല.

"എന്താണ് നിങ്ങൾക്ക് അറിയേണ്ടത്?"

"അല്ലാ ഇൻഫെക്ഷൻ, ഡ്രഗ്സ് എന്നീ പ്രശ്നങ്ങൾ ഉണ്ടോ?"

"ഞങ്ങളുടെ പോളിസി പ്രകാരം പറയാൻ പ്രയാസമാണ്, എന്നാലും ഒന്നും കണ്ടിട്ടില്ല. എന്താണ് അങ്ങനെ ഒരു ചിന്ത വന്നത്?"

"അല്ല, അവന് അത്തരം ശീലങ്ങൾ ഒന്നുമില്ല."

"നേരത്തെ ഇതു പോലെ വയലന്റ് ആയി കണ്ടിട്ടുണ്ടോ?"

"പിന്നെ പുള്ളിയുടെ ഭാര്യ ഇന്ന് വന്ന് റിലീസ് ചെയ്യണം എന്ന് പറഞ്ഞിട്ടുണ്ട്."

"അയാളുടെ ഭാര്യയോ? അയാൾ കല്യാണം കഴിച്ചിട്ടില്ല."

"അതേയോ? പിന്നെ ആരാണ് അയാളെ ഇവിടെ അഡ്മിറ്റ് ചെയ്തത്? ഗേൾഫ്രന്റ്?"

"അറിയില്ല സാർ"

മാത്തനും ഞാനും മുഖത്തോടുമുഖം നോക്കി.

(3)

എനിക്ക് അവിടെ കൂടുതൽ നിന്നാൽ വാൻകൂവർ മീറ്റിങ് കുളമാവും. ഉച്ചയ്ക്ക് എങ്കിലും തിരികെ കൺവെൻഷൻ സെന്ററിൽ എത്തണം. മാത്തനും ഞാനും തിരിച്ച് കാറിൽ കയറി.
എന്താണ് ചോദിക്കുക, എവിടെത്തുടങ്ങണം ? 
ഒരെത്തും പിടിയുമില്ലാത്ത ഖനീഭവിച്ച മിനിറ്റുകൾ.
അവൻ തന്നെ തുടങ്ങി, "നിന്റെ നാട്ടിലെ വീട്ടിൽ ആരാണ് ഇപ്പോൾ?"
"അമ്മയുണ്ട്. ഇവിടെയുണ്ടായിരുന്നു, രണ്ട് വർഷം മുൻപ് വരെ. പിന്നെ യാത്ര ചെയ്യാൻ ഇപ്പോൾ എളുപ്പമല്ലല്ലോ?"
"ശരിയാണ്. ഞാൻ നാട്ടിൽ പോയിട്ട് കുറച്ചു കാലമായി"

"അവനെങ്ങനെയുണ്ട്?"
"എന്ത് പറയാൻ!"
"കണ്ടിട്ട് മാറ്റമൊന്നും കാണുന്നില്ല. എല്ലാം ആരോ അവനെ ചതിച്ചതാണെന്നാണ് പറയുന്നത്"
"അവൻ എമ്പസിയിൽ എന്താണ് പ്രശ്നം ഉണ്ടാക്കിയത്?"
"അറിയില്ല, അവർ അവനെ സഹായിക്കാൻ ചെറിയ ഒരു ഫാക്ട് ഫൈന്റിങ്ങിനായി അകത്തേക്ക് വിളിച്ചു. അയാളുടെ സഹായവും ഒന്നും വേണ്ട, അവൻ കുറ്റമൊന്നും ചെയ്തിട്ടില്ല എന്നും പറഞ്ഞു ഓഫീസറോട് തട്ടിക്കയറി. അവനെ സഹായിക്കാനാണല്ലോ അതെല്ലാം ചെയ്തത്?"
"എന്നിട്ട്?"
"എന്നിട്ടെന്താ, വേറേ ഡോക്യുമെന്റ്സ് എടുത്ത് വരാൻ പറഞ്ഞു"
"ഇവിടെ എങ്ങനെ എത്തി?"
മാത്തൻ എന്നെ നോക്കി,
 "അതെങ്ങനെ എന്ന് അവനറിയില്ല. അവിടെയാണ് പലകാര്യങ്ങളും കണക്ട് ചെയ്യാത്തത്"

"അവനെ ഇവിടെ എത്തിച്ചത് ആരാണെന്ന് അവൻ പറഞ്ഞോ?"

"അവനറിയില്ല. ഞാൻ ആണെന്നാണ് അവൻ കരുതുന്നത്"
മാത്തൻ അതു പറഞ്ഞു നിശ്ശബ്ദനായി.
"അതെങ്ങനെ? നീ അമേരിക്കയിലല്ലേ?"
എനിക്കറിയാം. 
അവനറിയാത്ത, ഒരുപക്ഷേ പറയാനാഗ്രഹിക്കാത്ത പലതുമുണ്ട്.
ഡോൺട് ആസ്ക് ഡോൺട് ടെൽ പോളിസി.

"അവനെവിടെയായിരുന്നു ജോലി?"

"ഗവണ്മെന്റ് ജോലിയായിരുന്നില്ല. ഏതോ പ്രൈവറ്റ് കമ്പനിയാണ്, ബ്ളാക്ക് വാട്ടർ  എന്നായിരുന്നു പേര്. അതിന്റെ പേര് എന്തോ മാറ്റി അക്കാദമി എന്നോ മറ്റോ ആണ്"

മാത്തൻ വീണ്ടും വിവരമറിയിക്കാമെന്ന് പറഞ്ഞു എന്നെ കൺവെൻഷൻ സെന്ററിൽ വിട്ടു. 
മഴ തുടങ്ങി.
"ടേക്ക് കെയർ. ഒന്നുമില്ലെങ്കിലും,  അവന്റെ കാര്യം നോക്കാൻ മുതിർന്ന ആളല്ലേ. ശരിയാകും"
"അതേ, ശരിയാക്കണം. നീ വന്നത് വലിയ ഉപകാരമായി"
"ഏയ്, പോടാ, ഇതിൽ എനിക്ക് ഒന്നും ചെയ്യാൻ കഴിയാത്ത വിഷമം മാത്രമേയുള്ളൂ. ഞാൻ നാളേയേ പോകൂ, നീ വിളിക്കണം. മെസ്സേജ് ഇടണം. ടേക്ക് കെയർ മാൻ"
ചവിട്ടു പടികളിൽ വഴുക്കാതെ ചാറ്റൽ മഴയിൽ ഞാൻ ഓടിക്കയറി.

തിരിച്ചു റൂമിൽ എത്തി കുടുംബവുമായി ഡിന്നറിന് പോയി.
മാത്തനെ ഓർത്തത് ഫ്ളൈറ്റിൽ കയറിയപ്പോൾ ആണ്.
വെറുതെ ഗൂഗിൾ സെർച്ച് ചെയ്തു,

" Black water academi"

"We go where others wont and do what others can't"
ഞെട്ടിപ്പോയി.

എവിടേയോ, എന്തോ അവൻ പറയാത്ത ഏതോ കഥയുണ്ട്.
(4)

ആരാണ് അവർ?

ഡാളസ്സിലേയ്ക്കുള്ള ഫ്ളൈറ്റ് ഒരു വിധം നിറഞ്ഞു. ഭാര്യയും മോളും എതിർവശത്ത്. ഞാൻ ഒരു ഒഴിഞ്ഞ സീറ്റിൽ അറ്റത്ത്.
എന്തായാലും വിസ്തരിച്ച് ഇരുന്നു. ഫോൺ ഓഫാക്കി സീറ്റിന്റെ പിന്നിലെ പ്ളഗ്ഗിൽ കുത്തി.

മണിക്കൂറുകൾ കഴിയണം. വീണ്ടും ഇമിഗ്രേഷൻ ചെക്കും മറ്റും. ഇനി തിരിച്ചു വീട്ടിൽ എത്തുമ്പോൾ  പാതിരാത്രി ആകും.
പതുക്കെ കണ്ണടച്ചു.
"എക്സ്ക്യൂസ് മീ", ഒരു പരുക്കൻ സ്വരവും മിലിട്ടറി ഇഷ്യൂ ബാക്ക് പാക്കും എന്റെ മുഖത്തോടുരുമ്മിയപ്പോൾ ഞെട്ടി.
കറുത്ത ടീഷർട്ടും ജീൻസുമിട്ട കട്ട ജിമ്മന് ഞാൻ വഴിയൊരുക്കി. അയാളാണ് നടുവിൽ.
ക്രൂ ബെവറേജ് ഓർഡേഴ്സ് എടുക്കുന്നു. 
ജിമ്മൻ  ബിയർ ഓർഡർ കൊടുത്തു.
ഞാൻ ജ്യൂസും.

ഞാൻ മാത്തന്റെ അനുജനെപ്പറ്റി ഓർത്തു.
അയാളും നല്ല ശരീരമാണ്.
എന്താണ്  അയാൾക്ക് സംഭവിച്ചത് എന്നറിയാൻ കൗതുകം തോന്നി.
അയാളുടെ ഭാര്യ ആരാണ്? 
ഫിലിപ്പിനോ അല്ല. പേര് കേട്ടപ്പോൾ ഏതോ വെള്ളക്കാരിയുടെ പേരാണ് പറഞ്ഞത്.
വീട്ടിൽ എത്തിയിട്ട് സ്കൈപ്പ് വച്ച് വിളിക്കണം. ഫോണിൽ അൺലിമിറ്റഡ് എടുക്കാൻ മടിച്ചിരിക്കയാണ്. 

ഭാര്യയും മോളും എന്തോ പറഞ്ഞു ചിരിക്കുന്നു.
ഞാൻ സീറ്റിൽ തിങ്ങി ഒതുങ്ങി ഇരിക്കേണ്ടി വന്നതുകൊണ്ടാണ്. അടുത്ത സീറ്റിലെ ജിമ്മനെക്കാണാൻ പിന്നിൽ നിന്നും വേറേ ജിമ്മൻ.
എന്തോ ഗെറ്റ് ടുഗെതർ, ഫുട്ബോൾ മുതലായ കാര്യങ്ങൾ. ഞാൻ കണ്ണടച്ച് മെഡിറ്റേഷൻ അഭിനയിച്ച് പിന്നോട്ട് ചാരിക്കിടന്നു.

ബിയറിന്റെ മണം മൂക്കിലടിച്ചു.
ജിമ്മനോട് ക്രൂ പെണ്ണ് ശൃംഗാരം.

അവനെന്തോ മാത്യൂ മക്കോണഹൂ ആയാലും എനിക്ക് പുല്ല്.

ഞാൻ ഓറഞ്ച് ജ്യുസ് കുടിക്കുന്ന സമയത്ത് എന്റെ ഷൂവിന്റെ മേൽ ജിമ്മൻ അട്ടി വച്ച കാമൂ ബാഗ് പതുക്കെ തള്ളാൻ നോക്കി.
അപ്പോളാണ് അതിന്റെ ടാഗ് ശ്രദ്ധിച്ചത്.
ആ എമ്പ്ളം എവിടേയോ കണ്ടിട്ടുണ്ട്.
എവിടേയാണ്?
ഓർമ്മ വരുന്നില്ല.
വയസ്സാവുമ്പോൾ ചില മാർബിളുകൾ നഷ്ടപ്പെടുന്നു.

ഇമിഗ്രേഷൻ ഒരു നശിച്ച ലൈനായിരുന്നു.
ലഗ്ഗേജ് എടുത്ത്  നമ്മൾ തന്നെ ഒരു കൗണ്ടറിൽ ഏൽപ്പിച്ച ശേഷമാണ് അടുത്ത ഫ്ളൈറ്റ് എടുക്കുന്നത്. രാജ്യം വിട്ടതിന്റെ പെനാൽറ്റി.

ചെറിയ മഴയുടെ മൂടലുണ്ട്. 
നവമ്പർ തുടങ്ങി. ഇനി ശൈത്യകാല ദിനങ്ങൾ.
നാളെ ജോലിക്ക് പോണം.

വീട്ടിൽ എത്തിയപ്പോൾ ഒരു കറുത്ത ഹമ്മർ മെയിൽ ബോക്സിനടുത്തായി റോഡിൽ പാർക്ക് ചെയ്തിരിക്കുന്നു. അതിന്റെ പിന്നിലെ ഗ്ളാസ്സിൽ
ആ എമ്പ്ളം.
ഫ്ളൈറ്റിൽ അടുത്തുണ്ടായിരുന്ന ആളിന്റെ ബാഗിലുണ്ടായിരുന്നത്.
"നീ കണ്ടോ ഏതോ ഇഡിയറ്റ് നമ്മുടെ വീടിന്റെ മുമ്പിൽ തന്നെ ഒരു ഹമ്മർ പാർക്ക് ചെയ്തത്?
"ആ അത് ആ കോർണർ വീട്ടിലെ പിള്ളേരായിരിക്കും, അവരും നമ്മുടെ ഓർത്തോപ്പീഡീഷ്യന്റെ മക്കളും കമ്പനിയാണ്"
"ഞാനിതുവരെ കണ്ടിട്ടില്ലല്ലോ?"
അതുപറഞ്ഞ് പെട്ടികൾ അകത്തേക്ക് വയ്ക്കുമ്പോൾ കേട്ടു, വലിയ ഇരപ്പോടെ ഒരു കാറ് സ്റ്റാർട്ടാക്കുന്നതും 
വീട്ടിലെ പവർ പോകുന്നതും.

ഒരു സെക്കന്റുകൊണ്ട് പവർ വന്നുവെന്ന് സെക്യൂരിറ്റി അലാമും സ്മോക്ക് അലാമും ബീപ് ചെയ്തു പറഞ്ഞു.

അപ്പോൾ ഓർമ്മ വന്നു
അതേ, മാത്തന്റെ അനിയന്റെ കമ്പനി

(5)
കാലത്ത് വണ്ടിയെടുത്ത് ഇറങ്ങിയപ്പോൾ പുറത്ത് തണുപ്പ്.
സബ് ഡിവിഷനിൽ നൂറോളം വീടുകളുണ്ട്. കുട്ടികൾ സ്കൂളിൽ പോയ സമയത്ത് ഇറങ്ങുകയാണ് പതിവ്.
അല്ലെങ്കിൽ സ്കൂൾ ബസ്സ് ഓരോ സ്റ്റോപ്പിലും നിർത്തി പിള്ളേരെ എടുക്കുന്നതു വരെ ഓവർടേക്ക് ചെയ്തു പോകാൻ കഴിയില്ല. പിന്നിൽ ആരും വരുന്നില്ല. 
സൂര്യൻ ഉദിച്ചതിന്റെ പ്രകാശം കണ്ണിലേക്ക് അടിക്കുമ്പോൾ ഉയരത്തിൽ തൂങ്ങുന്ന ട്രാഫിക്ക് ലൈറ്റിലേയ്ക്ക് നോക്കാൻ പ്രയാസം.
പിന്നിലെ വൈപ്പർ പ്രവർത്തിപ്പിച്ച് വിന്റ് സ്ക്രീൻ വൃത്തിയാക്കി.
രണ്ട് സെക്കന്റ് എടുത്തു ഫോണിൽ കാലാവസ്ഥാ ഡിസ്പ്ലേ നോക്കി.
പിന്നിലെ വിൻഡോ ക്ളീനാണ്.
ഞെട്ടിപ്പോയി.

എന്റെ വാഹനത്തിനെ മുട്ടാൻ തക്കത്തിന് ഹമ്മർ.

മനസ്സിൽ ഒരു ഭയം.
അടുത്ത ജങ്ഷനിൽ ഇടത്തോട്ടാണ് എനിക്ക് പോകേണ്ടത്.
മനപ്പൂർവ്വം സിഗ്നൽ കൊടുക്കാൻ വൈകിച്ചു. 
വലത്തോട്ട് സിഗ്നൽ ഇട്ടു. രണ്ട് മൈൽ ചുറ്റി റിങ് റോഡിൽ കയറാം. 
സ്ഥിരം പോകുന്ന വഴിയല്ല. 
പിന്നിലെ മിററിൽ കൂടി ശ്രദ്ധിച്ചു. 
ഹമ്മർ കാണുന്നില്ല. 
റോഡിൽ ഒരു മൈൽ വരെ കാണാവുന്ന സ്ട്രേറ്റ് റോഡാണ്. 
സ്കൂളിനടുത്ത് റൗണ്ട് എബൗട്ടിൽ മഞ്ഞ ലൈറ്റുകൾ കത്തുന്നു.
"നാശം, സ്കൂൾ സ്പീഡ് ലിമിറ്റ് 15 മൈൽ"

ഇനി കുന്നുകൾ, ഇറക്കവും കയറ്റവും.
വഴിയിൽ ആരുമില്ല.
അപ്പൊൾ കണ്ടു.
ഇരച്ചുകൊണ്ട് എനിക്ക് പിന്നിൽ വരുന്ന ഹമ്മർ.

ആ വാഹനത്തിന് ഞാൻ ഒതുങ്ങാതെ നിവൃത്തിയില്ല.
നാൽപ്പത് മൈൽ ലിമിറ്റുള്ള റോഡിൽ അത് അറുപത് മൈൽ സ്പീഡിൽ എന്നെക്കടന്നു പോയി.

തലേക്കല്ലന്മാർ. പോട്ട്.

അന്ന് ജോലിക്ക് വലിയ തിരക്കില്ലായിരുന്നു.

ഓഫീസിൽ എത്തിയ പാടേ സെക്രട്ടറി പറഞ്ഞു, "ആരോ ഇവിടെ ഓഫീസിൽ എത്തിയോ എന്ന് വിളിച്ചു ചോദിച്ചിരുന്നു. പേര് പറഞ്ഞില്ല, അറിയാവുന്ന ആളാണത്രേ"

"ഡ്രഗ് റെപ്പായിരിയ്ക്കും. വിളിച്ചാലും ഇല്ലെന്ന് പറഞ്ഞാൽ മതി"
"യെസ് സർ"

അത് ആരായിരിയ്ക്കും? 

വൈകുന്നേരം തിരിച്ചു പോകുന്ന വഴിയിൽ ബാങ്കിൽ ATM ൽ നിന്നും പണമെടുക്കാൻ കയറി.
ഡ്രൈവ് ത്രൂ വിൽ ആരുമില്ല.
അതുകഴിഞ്ഞ് തിരക്കു പിടിച്ച വാഹന നിരയിൽ കയറി.
വീടിന്നടുത്തുള്ള ഗാസ് സ്റ്റേഷനിൽ കയറി ഫുൾടാങ്ക് അടിച്ചു.
അതുകഴിഞ്ഞ് റൗണ്ട് എബൗട്ടിൽ വീണ്ടും കയറി. പുറകിൽ വാഹനങ്ങൾ. 
ഹമ്മർ വീണ്ടും.
എനിക്ക് പിന്നിലായി ആ വാഹനവും സബ്ഡിവിഷന്റെ പകുതി വരെ ഉണ്ടായിരുന്നു.
ഫോൺ അടിച്ചു.
"Unknown caller"
 എടുത്തു.
മിണ്ടിയില്ല.
അപ്പുറത്തും ഒരു ശബ്ദവുമില്ല.

അവസാനം പതിനഞ്ച് സെക്കണ്ടുകൾ.
നിശ്ശബ്ദത
ഫോൺ ഡിസ്കണക്ട് ചെയ്തു.

രാത്രിയിൽ എന്തോ ശബ്ദം കേട്ട് ഉണർന്നു.
റൂഫിലേയ്ക്ക് ആരോ പിടിച്ചു കയറുന്നതുപോലെയുള്ള ശബ്ദം. 
ഭാര്യയോട് പറഞ്ഞില്ല. 
മാർജ്ജാര പാദങ്ങളായി കാർപ്പറ്റിൽ സൂക്ഷിച്ചു നടന്നു. 
വലിയ ജനലിലൂടെ കർട്ടൻ വലിച്ചു മാറ്റാതെ നോക്കി. മരങ്ങളിൽ ഇല പൊഴിഞ്ഞു നിലാവെളിച്ചം എന്റെ മുഖത്തടിച്ചു. കാടിനും കൊച്ചു തോടിനും അപ്പുറത്ത് അടുത്ത സബ്ഡിവിഷന്റെ പരിധിയിൽ ഉള്ള വീടുകളിലെ മുറികൾ കാണാം.

ആരോ റൂഫിലെ ടൈലുകളിൽ ചവിട്ടിപ്പോകുന്നതിന്റേയും എന്തോ കയറിട്ട് വലിക്കുന്നതിന്റേയും ശബ്ദം.

ബെഡ് റൂമിന്റെ വാതിൽ വലിയ ശബ്ദമില്ലാതെ തുറന്ന് സ്വീകരണ മുറിയിൽ എത്തി.
മുൻവാതിലിലെ ചില്ലിലൂടെ റോഡ് കാണാം.

അവിടെ 
അതാ ആ ഹമ്മർ. അതിന്റെ കറുത്ത ഗ്ളാസ്സുകൾക്കകത്തേയ്ക്ക് കാണാൻ കഴിയില്ല.

പക്ഷേ തെർമൽ ഇമേജിങ്ങ് ഉപയോഗിച്ച് അവർക്ക് കാണാൻ കഴിയുമായിരിയ്ക്കും.

ഞാൻ പതുക്കെ അടുക്കളയിൽ പോയി ഫ്രിഡ്ജിൽ നിന്നും വെള്ളം കുടിക്കുന്നത് അഭിനയിച്ച് വീണ്ടും തിരിച്ച് ബെഡ് റൂമിലേക്ക് പോയി. 
റൂഫിലെ ശബ്ദം നിലച്ചു.

ഹമ്മർ അവിടെത്തന്നെ കിടന്നിരുന്നു.
ഭാര്യ എഴുന്നേറ്റു, " ഹോസ്പിറ്റലിൽ നിന്നും വിളിച്ചോ?"
"ഇല്ല, ഞാൻ റൂഫിലെ എന്താ ശബ്ദം കേട്ടു, നോക്കിയതാണ്"
"അത് ആ മരത്തിന്റെ ചില്ലകളാണ്. അത് ആരെങ്കിലും വിളിച്ച് വെട്ടിക്കളയാൻ എത്ര പ്രാവശ്യം പറഞ്ഞതാണ്"
"നീ തുടങ്ങല്ലേ.. പ്ളീസ് ഗോ ടു സ്ലീപ്"
പുതപ്പിനടിയിലേയ്ക്ക് നൂഴ്ന്നിറങ്ങുന്നതിനിടയിൽ പറഞ്ഞു.
പെർസിമോൺ മരമാണ്. അതിന്റെ ചില്ലകൾ ഉരയുന്ന ശബ്ദം കേട്ടാൽ അറിയാം.
കാറ്റ് വീശുന്നില്ല.
അതാവില്ല കാരണം.

(6)


ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് ഓഫീസിൽ പേപ്പർ വർക്ക് നടക്കുന്ന സമയത്ത്  ഹരീഷ് രാമചന്ദ്രൻ  വിളിച്ചു.
ആകെ എനിക്ക് നഗരത്തിൽ പരിചയമുള്ള ഒരേ ഒരു മലയാളിയാണ് ഹരീഷ്.
 വീട് മുളങ്കുന്നത്തുകാവ്, തൃശ്ശൂർ.

പണ്ട് കോളേജിൽ വച്ച് ബ്ളഡ് ഡോണേഴ്സ് കാമ്പയിൻ നടത്തിയ സമയത്ത്  ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടതാണ്. 
പിന്നീട് ഇരുപത്തി അഞ്ച് കൊല്ലം ആളെക്കണ്ടിട്ടില്ല.

ഒരുദിവസം ട്രാക്ടറിൽ പുല്ല് വെട്ടിയത് റോഡിലേക്ക് ചിതറിയത് ക്ളീൻ ചെയ്തുകൊണ്ടിരിക്കെ ഒരാൾ വിലകൂടിയ മോട്ടോർ ബൈക്കിൽ അടുത്ത് വന്ന് നിർത്തി.

ഹെൽമറ്റ് ഉയർത്തിയപ്പോൾ ഒരു മലയാളി ഛായ കണ്ടു.

ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള കണ്ടു മുട്ടൽ. ഓണാഘോഷം എന്റെ വീട്ടിൽ ആയിരുന്നു.
പുള്ളി കല്യാണവും കുടുംബവും ഒന്നും ആയിട്ടില്ല.
പണ്ട് മലേഷ്യയിൽ ആയിരുന്നു. 
നാട്ടിൽ മെഡിക്കൽ കോളേജിൽ പോകുന്ന വഴിയിൽ അവരുടെ ഒരു കുടുംബ വീടുണ്ടായിരുന്നു.  അത് എന്ട്രൻസ് കോച്ചിംഗ് സെന്റർ ആയി വാടകയ്ക്ക് കൊടുത്തിരിക്കയാണ്.

യൂണിവേഴ്സിറ്റിയിൽ റിസർച്ച് ചെയ്യുകയാണ് പുള്ളി. 
എന്തോ കൂടിയ DOD യുടെ റിസർച്ച് ആണ്. 
അതുകൊണ്ട് തന്നെ ഫണ്ടിങ്ങിന്റെ പ്രശ്നമൊന്നുമില്ല.
"ദീവാളി പരിപാടികൾ കണ്ടില്ലേ?"
"ഇല്ല, എനിക്ക് ആ പരിപാടികൾ ഇല്ല ഗഡീ, TV യിൽ കണ്ടു. താൻ പോയോ?"
"എനിക്ക്  ഒരു വാൻകൂവർ ട്രിപ്പുണ്ടായിരുന്നു. ഒഴിവുണ്ടായാലും പോകുമായിരുന്നോ എന്ന് തോന്നുന്നില്ല"
"പിന്നെ ഞാൻ വിളിച്ചത് ഒരു  പ്രത്യേക ആവശ്യത്തിനാണ്"
"എന്താണ്?"
"വലിയ കഥയാണ്, ആരോടും പറയരുത്"
"എന്താണ്?"
"ഒരു തമാശ പറയൂ, ഞാനൊന്ന് ചിരിക്കട്ടെ, ഇവിടെ പലരും എന്നെ നോക്കുന്നുണ്ട്, മാത്രമല്ല ഈ കുന്ത്രാണ്ടത്തിന്റെ ഉള്ളിൽ കൂടോത്രം കാണും, മനസ്സിലായോ ഹ ഹ.ഹ. ദാറ്റ് ഈസ് സോ ഫണ്ണി"

"നീ എന്ത് തേങ്ങേണിഷ്ടാ പറണേ?"
അവൻ എന്തോ കാര്യമായ പ്രശ്നമാണ് പറയാൻ തുടങ്ങുന്നത്. അവന്റെ ഫോൺ ബഗ് ചെയ്തിട്ടുണ്ടോ എന്നറിയില്ല. 
അതാണ് അവിടേയും ആവിടേയും തൊടാതെ പ്രാന്ത് പോലെ പറയുന്നത്.
 പിടികിട്ടി.
കഴിഞ്ഞ മാസം അവൻ എന്നെ പോസ്റ്റ് ഓഫീസിൽ വച്ച് കണ്ടപ്പോൾ പറഞ്ഞു

"ഞാൻ എന്റെ റിസർച്ച് ലാബിന്റെ ഡയറക്ടറുമായി തെറ്റി. ഒരു ടാക്ടിക്കൽ നാവിഗേഷന്റെ പാറ്റന്റ് ഞാൻ ഫയൽ ചെയ്തിട്ടുണ്ടായിരുന്നു. ഞാനറിയാതെ യൂണിവേഴ്സിറ്റി റിസർച്ച് ഡയറക്ടർ എന്റെ പാറ്റന്റിൽ അയാളുടെ പേര് തിരുകിക്കേറ്റി.
ഇനി കേസിൽ പോയാൽ യൂണിവേഴ്‌സിറ്റി ക്ക് ചീത്തപ്പേരും ഫെഡറൽ ഗവണ്മെന്റ് റിസർച്ച് ഫണ്ടിങ്ങും പോകും."
"നീ കളിക്കുന്നത് വലിയ പുള്ളികളോടാണ്. സൂക്ഷിക്കണം"
"എനിക്കറിയാം. ആ കളി നേരത്തെ ഞാൻ കണ്ടു. ഡി.സി.യിലെ ഒരു വലിയ ലോ ഫേം ആണ് എന്റെ പക്ഷത്ത്. ലോക്ക്ഹീഡ് മാർട്ടിന്റെ ചീഫ് റിസർച്ചറെ ഞാൻ കണ്ടിരുന്നു. ഞാനൊന്ന് യെസ് പറഞ്ഞാൽ അവരെന്നെ എടുക്കാൻ റെഡിയാണ്. കേസ് അവര് നടത്തും"
"സൂക്ഷിക്കണം. നമ്മൾ ലോക്കൽ അല്ല, കറിവേപ്പില പോലെ ആവശ്യം കഴിഞ്ഞാൽ എടുത്ത് വെളീൽ കളയും"
"നീ പേടിക്കണ്ട, ഇതിന്റെ അപ്പുറത്തുള്ള കളിയും എന്റെ കൈയിലുണ്ട്. യൂണിവേഴ്‌സിറ്റി അറിയാത്ത വേറെ പേറ്റന്റ്‌ ഞാൻ ഫയൽ ചെയ്യും"

അവന്റെ കളി ലേശം ഹൈലെവൽ ആണെന്ന് മനസ്സിലായി. 
ഇപ്പോൾ എന്തോ പറ്റിയിട്ടുണ്ട്. അതാണ് വിളിക്കുന്നത്.
"നമ്മുടെ പാണ്ടിയെ അറിയില്ലേ? നീ അവനെ കാണണം. അത്യാവശ്യമാണ്."
"നാഗരാജനോ? "
"ആ, പേര് പറയണ്ട, അവന്റെ കൈയ്യിൽ എന്റെ കുടിലിനെ തുറക്കാനുള്ള സൂത്രം കാണും. അത് വാങ്ങി കള്ളുഷാപ്പിൽ കയറുന്ന മാതിരി അകത്തേക്ക് പോവുക. അതുകഴിഞ്ഞ് ഉള്ളിൽ നിന്നും എന്നെ വാട്ട്സ്ആപ്പ് വീഡിയോ കോൾ വിളിക്കുക"
"മൂന്ന് മണിക്ക് മതിയോ?"
മതി. അവന്റെ വീട് മൂന്നാം നിലയിലാണ്. നമ്പർ പറയുന്നില്ല. ഗണപതിയുടെ പടം ഒട്ടിച്ചത് കാണാം.
അവനോടു ഞാൻ പറഞ്ഞത് നിന്റെ ഒരു ബുക്ക് എടുക്കാൻ വരുന്നതാണ് എന്ന്"

മനസ്സിലായി.
അവന്റെ വീട് നിരീക്ഷണത്തിൽ ആയിരിയ്ക്കും.
കൂടുതൽ ചോദിച്ചില്ല.

മൂന്നു മണിയായി.
ഹരീഷിന്റെ അഡ്രസ്സ് ഫോണിലുണ്ട്.
അപ്പാർട്ട്മെന്റ് നമ്പർ 214. 70 വാസ്സർ സ്ട്രീറ്റ്, കേംബ്രിഡ്ജ്. 
GPSൽ അത് വച്ചില്ല. ഇനി അതെങ്ങാനും ട്രേസ് ചെയ്താൽ കുഴപ്പമാകും.
റഷ് അവർ ട്രാഫിക്ക് തുടങ്ങിയിട്ടില്ല.
അതിനടുത്ത റെസ്റ്റോറന്റിന്റെ അഡ്രസ്സ് കൊടുത്തു. അതിനടുത്ത് പാർക്ക് ചെയ്തു നടന്നു. 
തണുപ്പാണ്. കഴുത്തിൽ മഫ്ളർ ചുറ്റി. 
തലയിൽ ബോസ്റ്റൺ റെഡ് സോക്സിന്റെ കാപ്പും വച്ചു കൂളായി നടന്നു.
അകത്തേക്ക് കയറുന്നതിനിടയിൽ മുൻവശത്ത് നിൽക്കുന്ന ഒരാളിനെ ശ്രദ്ധിച്ചു.
അവിടേയും ഇവിടേയും നോക്കാതെ ഫോണിൽ ഹരീഷിനെ വിളിച്ചു.
"പഹൂഞ്ചാ?"
"ഇല്ല, നടയിൽ"
"ഓക്കെ, അകത്തേക്ക് കയറിയിട്ട് വിളിക്കൂ, മൂന്ന് പൂജ്യം നാലേ ആറ്"
ഫോൺ കട്ടായി.
എലിവേറ്ററിന്റെ കോഡാണ് "3046"
അത് പ്രസ്സു ചെയ്തു.
അകത്തേക്ക് കയറി.
ഇനി നാഗരാജൻ താമസിക്കുന്ന സ്ഥലത്ത് എത്തണം.
മൂന്നാം നിലയിൽ കയറിയപ്പോൾ സാമ്പാറിൽ കടുക് വറുക്കുന്ന മണം അടിച്ചു. 
നാഗത്തിന്റെ മാളം ഇതു തന്നെ. തെറ്റിയില്ല. ഗണപതിയുടെ പടവും വാതിലിൽ.

ബെല്ലടിച്ചു.
നാഗരാജൻ വാതിൽ തുറന്നു, അകത്തേക്ക് വിളിച്ചു.
" നോ, ഡോണ്ട് വരി, ഹരീഷ് മൈറ്റ് ഹാവ് ടോൾഡ് യൂ"
"യാ യാ. നോ പ്രോബ്ലം, ഹിയർ ഇറ്റ് ഈസ്"
ഹരീഷിന്റെ അപ്പാർട്ട്മെന്റിന്റെ താക്കോൽ എനിക്ക് നീട്ടി.
"ഐ വിൽ ബി ബാക്ക് ഇൻ എ മോമന്റ്, സോറി ഫോർ ദ ട്രബിൾ"

"നോട്ട് അറ്റ് ആൾ, എനി ടൈം, വീ ആർ ഫ്രന്റ്സ്"
താഴേയ്ക്ക് കോണിപ്പടി വഴി ഇറങ്ങി. 
എലിവേറ്ററിൽ സിസി കാമറ കാണും.

ഹരീഷിന്റെ ഫ്ളാറ്റ് നമ്പർ അറിയാമെങ്കിലും അതിന്റെ അടുത്ത രണ്ട് ഫ്ളാറ്റുകൾ കൂടി മുന്നോട്ടു പോയി, തിരിച്ചു വന്ന് പെട്ടെന്ന് വാതിൽ തുറന്ന് അകത്തേക്ക് കയറി.
ഇടനാഴിയിൽ ആരുമില്ല.
വാട്ട്സപ്പിൽ വീഡിയോ കോൾ വിളിച്ചു.
ഹരീഷ് ഏതോ മരത്തിന്റെ ചുവട്ടിലാണ്.
ദൂരെ ഹാർബർ കാണാം.
"ഇനി എന്താണ്?"
"അടുക്കളയിൽ കയറുക."
"അടുക്കളയിൽ എത്തി"
"അതിന്റെ അടുത്ത് വാക്വം ക്ളീനർ വച്ചിട്ടുള്ള ഒരു ചെറിയ മുറിയുണ്ട്., അവിടെ  ആ ഷെൽഫിന്റെ രണ്ടാമത്തെ തട്ട് കാണിക്കൂ."

അതിൽ നിറയെ പഴയ പുസ്തകങ്ങൾ.

"അതിലെ മൂന്നാമത്തെ ബ്ളാക്ക് ആന്റ് വൈറ്റ് നോട്ട്ബുക്ക് എടുക്കൂ. ഒരു പഴയ ഷോപ്പിങ് ബാഗ് താഴെ മൂലയിലുണ്ട്, അത് ഇട്ട് കെട്ടി ആരും കാണാതെ പുറത്ത് കടക്കുക. പിന്നീട് ഞാൻ അത് വാങ്ങിക്കോളാം."

"ആരെങ്കിലും ഇതും തിരക്കി എന്നെക്കാണാൻ വരോ?"
"ഏയ് അതില്ല. പിന്നെ ഒരു കാര്യം. ആ വാതിലിൽ ഞാൻ ഒരു ചൂല് ചാരി വച്ചിരുന്നു. 
അത് മാറ്റിയാണോ വാതിൽ തുറന്നത്?"
"അതേ, അത് അതുപോലെ ചാരി വച്ചിട്ടുണ്ട്"
"അത് വേണ്ട. ആരെങ്കിലും അവിടെ തുറന്നിട്ടുണ്ടോ എന്ന് അറിയാൻ വേണ്ടിയാണ്"

"എന്നാൽ ശരി"
വന്നതുപോലെ തിരിച്ചു നാഗരാജനെ കണ്ടു. കീ കൊടുത്തു.
"വീ ആർ വിന്നിങ്ങ്" ക്രിക്കറ്റ് കാര്യമായിരിയ്ക്കും.
താൽപര്യമില്ലാത്ത വിഷയമാണ് എന്നാലും പറഞ്ഞു, 
"റിയലി, ദാറ്റ് ഈസ് ഗ്രേറ്റ്"

എലിവേറ്ററിന്റെ വാതിൽ കടന്ന് മുറ്റത്തേക്കിറങ്ങുമ്പോൾ രണ്ട് തല ക്ളീൻ ഷേവ് ചെയ്ത ടാറ്റൂ മാമന്മാർ തിരക്കിട്ട് അകത്തേക്ക് പോകുന്നത് കണ്ടു.
പാർക്കിങ് ലോട്ടിനെ ലക്ഷ്യമാക്കി തിരക്കിട്ടു നടന്നു.
എന്റെ ബാക്ക് പാക്കിൽ ആ വാൾമാർട്ട് ബാഗിനകത്തുള്ള ഹരീഷിന്റെ നോട്ട് ബുക്കിൽ എന്തായിരിയ്ക്കും?

ഒരു പക്ഷേ ലോക്ക്ഹീഡ് മാർട്ടിന്റെ ഏതോ രഹസ്യ മുറിയിലെ സ്ക്രീനിൽ തെളിയേണ്ട രേഖാ ചിത്രങ്ങൾ ആയിരിയ്ക്കും.
അല്ലെങ്കിൽ ഹീരോഗ്ളിഫിക്സ് പോലേയുള്ള സമവാക്യങ്ങൾ.

(7)

ഇന്നലെ രാത്രി വലിയ കാറ്റും ഹെയിൽ സ്റ്റോമുമായിരുന്നു.

അയൽക്കാരുടെ ഗാർബേജ് കാനുകൾ ഉരുണ്ടു മറിഞ്ഞ് റോഡിലെ മഴവെള്ളത്തിൽ ചിതറുന്ന കാർഡ് ബോർഡ് പെട്ടികളും മറ്റു പ്ളാസ്റ്റിക് ബാഗുകളും ഒഴുകി.

മുൻ വാതിലിലൂടെ അതെല്ലാം കണ്ടു നിൽക്കുന്ന സമയത്താണ് ഇടി മിന്നൽ കണ്ടത്.

ഒരു മിന്നൽ പിണർ അയൽവാസിയുടെ വീട്ടിലെ മരത്തിൽ തന്നെ വലിയ ശബ്ദത്തോടെ അടിച്ചപ്പോൾ വിഡിയോ എടുപ്പ് നിർത്തി ഉറങ്ങാൻ കിടന്നു.

ബേസ്മെന്റിൽ പുറത്തേക്ക് തുറക്കാവുന്ന രണ്ട് വലിയ കതകുകൾ കാറ്റിൽ ഉലയുന്നതിന്റെ ശബ്ദമുണ്ടാക്കി.
 കുറ്റിയിട്ടാലും കാറ്റ് ശക്തമായ നിലയിൽ അത് തുറന്നേക്കാം എന്നതുകൊണ്ട് കുറുകെ അകത്തുനിന്നും ഒരു മരത്തിന്റെ ബീം വച്ച് ഭദ്രമാക്കിയതാണ്.

താഴെപ്പോയി നോക്കി.

വല്ലപ്പോഴും ആരെങ്കിലും വരുന്ന സമയത്ത് മാത്രമേ താഴോട്ട് പോകാറുള്ളൂ. 

ഈയിടെയായി മോളുടെ കൂട്ടുകാർ രാത്രി പാർട്ടികൾ നടത്തുന്ന സ്ഥലം.

പുറത്തേയ്ക്ക് തുറക്കുന്ന വാതിൽ പരിശോധിച്ചു.

മരത്തിന്റെ ബീം തറയിൽ കിടക്കുന്നു.

വാതിൽ അകത്തുനിന്നും പൂട്ടിയ നിലയിലാണ്.

ഇത് ആരാണ് തുറന്നത്?

ശബ്ദമുണ്ടാക്കാതെ ബേസ്മെന്റിലെ എല്ലാ മുറികളിലും വാതിലുകൾ പതുക്കെത്തുറന്ന് പരിശോധന നടത്തി.

ആരും കയറിയിട്ടില്ല.

ഭാര്യ മുകളിൽ നിന്നും വിളിച്ചു.

"നിങ്ങൾ അവിടെ എന്താണ് നോക്കുന്നത്?"

"ഇവിടുത്തെ  മുറിയിൽ മരത്തിന്റെ ബീം മാറിയിരിക്കുന്നു. കാറ്റടിച്ച് മാറിയതല്ല.  ആരും മാറ്റാതെ ഇത് താഴെ വീഴാൻ സാധ്യതയില്ല"

" ഓ, അത് കഴിഞ്ഞ ആഴ്ച ഞാൻ മാറ്റി പുറത്ത് കരിയിലകൾ അടിച്ചു കളയാൻ തുറന്നിരുന്നു."

ആണോ, അറിയില്ല.

ബീം തിരിച്ചു വയ്ക്കുന്നതിനിടയിൽ ടീവിയുടെ മുൻപിലെ സോഫയിൽ തൂങ്ങിക്കിടക്കുന്ന വസ്ത്രങ്ങൾ ശ്രദ്ധിച്ചു.

അത് പ്രതീക്ഷിച്ചില്ല.

ഒരു കാമൂഫ്ളാഷ് പാന്റും ടീ ഷർട്ടും.

(8)
കാലത്ത് രണ്ട് കേസ് OR  ൽ ഉണ്ടായിരുന്നു. ഒരു ഷണ്ടും ഒരു ക്രേനിയും.
 ഉച്ചയ്ക്ക് കഫറ്റീരിയയിൽ പോയി സാലഡ് ബാറിൽ നിന്നും പ്ളാസ്റ്റിക് കൺടൈനറിൽ അവക്കാഡോയും മാങ്ങയും ലെറ്റ്യൂസിനോടൊപ്പം നിറയ്ക്കുമ്പോൾ തോളിൽ ഒരു തട്ട്.
പസ്ക്വാൽ. പ്രായംചെന്ന ന്യൂറോസർജ്ജനാണ്.
"ഇന്ന് ഒരു ന്യൂറോപേസ് ഉണ്ട്, കൂടുന്നോ?"
ഞാൻ സ്കൾബേസ് സർജറി ആണ് കൂടുതൽ ചെയ്യുന്നത്, എങ്കിലും വേറെ പണിയില്ലാത്ത സമയമായതുകൊണ്ട് വേണമെങ്കിൽ സഹായിക്കാം. റെസിഡന്റ്സ് തിരക്കിലായിരിയ്ക്കും, അവർക്ക് ബോർഡ് എക്സാമിന്റെ ദിനം.
പസ്ക്വാൽ സമയംകിട്ടുമ്പോൾ പർവതാരോഹണങ്ങൾ ചെയ്യുന്ന ആളാണ്. സർജറി നടത്തുമ്പോൾ പല അഡ്വെഞ്ചർ കഥകളും പറയും. കിളിമഞ്ചാറോ പലതവണ കയറിയ പാർട്ടിയാണ്.  അതല്ലെങ്കിൽ ഏതെങ്കിലും പെറുവിലോ മറ്റ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലോ പോയി മെഡിക്കൽ ക്യാമ്പ് നടത്തും. ഒരു മകനുള്ളത് സിർക്ക് ഡിസുലേ യിലെ ട്രപ്പീസ് കളിക്കാരനാണ്. നാട്ടിലെപ്പോലെ ഡോക്ടർ ഫാമിലിയല്ല.
"എത്ര മണിക്ക് ആണ് കേസ്?"
"ഞാൻ ഇപ്പോൾ ORൽ പോകും. വെണ്ടർ അവിടെ വെയിറ്റ് ചെയ്യുകയാണ്. ഞാൻ ഇൻസിഷൻ ഇടുമ്പോൾ എന്തായാലും രണ്ട് മണി ആകും, അപ്പോൾ വന്നാൽ മതി."
"ഷുവർ, ഐ വിൽ ജോയിൻ"
ലൈനിൽ റെസിഡന്റ്സ് വന്നപ്പോൾ അവരോട് മുന്നിൽ പൊക്കോളാൻ പറഞ്ഞ് മാറി നിന്നു.
 ID യിലെ ചിപ്പ് റീഡറിൽ സ്വൈപ്പ് ചെയ്തു മുന്നോട്ട് പോയി.
ആളില്ലാത്ത ഒരു മൂലയിൽ ചെന്നിരുന്നു. ചുമരിലെ TV യിൽ ഫോക്സ് ന്യൂസ്‌.
ലണ്ടനിൽ ഒരു തെരുവിൽ ബോംബ് സ്ഫോടനം.
പണ്ട് ഇംഗ്ളണ്ടിൽ താമസിക്കുന്ന സമയത്ത് അതൊരു സ്ഥിരം വാർത്തയായിരുന്നു. അൾസ്റ്ററിൽ അല്ലെങ്കിൽ ലണ്ടനിൽ. പിന്നെ ഷിൻഫെയിൻ പുറത്ത് വന്നു മാന്യന്മാർ ആയി.
ഇപ്പോൾ അവരല്ല. 
അത് മുപ്പത് വർഷം മുൻപ്‌.
ഇപ്പോൾ മധ്യ പൂർവ്വ ദേശത്തെ ഭീകരർ.
ന്യൂസ്‌ മാറി വിവരമില്ലാത്ത ആങ്കർമാറുടെ ജൽപ്പനങ്ങൾ.  താൽപര്യം ഒട്ടുമില്ലാത്ത വിഷയങ്ങൾ.
വെറുതെ ഫേസ്ബുക്ക് നോക്കി.
 കാര്യമായിട്ട് ഒന്നുമില്ല. 
പകുതി പേരും ജീവിതം ഗ്ളാമറെസ്സ് ആണെന്ന് ആരേയോ ബോധിപ്പിക്കാൻ പോസ്റ്റുകൾ. പിന്നെ ബർത്ത് ഡേ, വിവാഹം, ആനിവേഴ്സറി, വീണ്ടും ബർത്ത്ഡേ, നാശം.
കഴിഞ്ഞ ആഴ്ച വിഷ് ചെയ്തു. ഇത്രവേഗം അടുത്ത ബർത്ത്ഡേ വന്നോ?
 ലഞ്ച് കഴിഞ്ഞു പുറത്ത് കടന്നു.
പുറത്ത് വരാന്തയിൽ നോട്ടീസ് ബോർഡ്.
കാറുകൾ, ഫർണീച്ചർ, വീടുകൾ, മാത്ത് ട്യൂട്ടർ, പെറ്റ് സിറ്റിങ്ങ് പരസ്യങ്ങൾ. 
അതിനിടയിൽ കൗതുകം തോന്നി നോക്കി.
എനിമ.
ആർക്കാണ് എനിമ വേണ്ടത്?
അറിയില്ല.

റൂമിലേക്ക് നടന്നു. 
കുറച്ച് നോട്ടുകൾ ബാക്കിയുണ്ട്.
അത് ഡിക്റ്റേറ്റ് ചെയ്തു പിന്നെ ഔട്ട്ലുക്ക് തുറന്നു. 
കാര്യമായ ഒന്നുമില്ല.
അടച്ച് OR ലേയ്ക്ക് നടന്നു. 
വെന്റിങ്ങ് മെഷീനിൽ നിന്നും സ്ക്രബ് എടുത്തു.
വഴിയിൽ കണ്ട അനസ്തീസിയോളജിസ്റ്റ് ശവരിമുത്തുവിനോട് 'ഹലോ' പറഞ്ഞു. പുള്ളി അയൽവാസിയാണ്. 
പുള്ളിയുടെ പിള്ളേര് തലേക്കല്ലന്മാർ ആയതിനാൽ അങ്ങോട്ടുമിങ്ങോട്ടും വീട് സന്ദർശനമൊന്നുമില്ല. 
വെറുതെ ഭാര്യയുടെ BP.  കൂട്ടാതിരിയ്ക്കാനുള്ള വഴിയാണ്.
കോസ്റ്റ് കോയിൽ വച്ച് കണ്ട് പരിചയപ്പെടുത്തിയെങ്കിലും അവർക്ക് നമ്മളെങ്ങട് പിടിച്ചിട്ടില്ല. ഹിന്ദു ടെമ്പിൾ പരിപാടി യ്ക്ക് ഇല്ലാത്തതുകൊണ്ട് ഊരുവിലക്കായിരിയ്ക്കും.

ശവരിമുത്തുവിനോട് ചോദിക്കാം, "പസ്ക്വാൽ ചെയ്യുന്ന ഇംപ്ളാന്റ് കേസ് ഏതു റൂമിലാണ്?"
"ഓ, അതാണോ, അത് 14, ഞാനുമുണ്ട്"
സ്ക്രബ് ചെയ്തു അകത്തേക്ക് കയറി. അറിയാത്ത പലരും.
നഴ്സ് "താനാരാണെന്ന ലുക്കിൽ" നോക്കി.
പസ്ക്വാൽ തലയിൽ ലൈറ്റും കണ്ണടയുടെ മുകളിലെ വൈസറും എനിക്ക് നേരെ തിരിച്ചു, "കമോൺ, മേക്ക് സം സ്പേസ്, ലിൻഡാ, അറിയില്ലേ?, ഞാൻ ഒരു ഹെൽപ്പിന് വിളിച്ചതാണ്"
"അറിയാം, ഞാൻ കരുതി, പുള്ളിയുടെ കേസ് കാലത്ത് ആയിരുന്നല്ലോ, ഇവിടെ.."
സ്കൾ രാകി മുറിച്ചു.
ഇനി പ്ളാസ്റ്റിക് പോലെയുള്ള  ഡ്യൂറയും മുറിച്ചു.
പസ്ക്വാൽ യാത്രാവിവരണം തുടങ്ങി.
അതിന്റെ ഇടയിൽ ടെക്നീഷ്യൻ തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു.
രണ്ട് ഡീപ്പ് ഇലക്ട്രോഡും പിന്നെ ഒരു 24 പോയിന്റ്‌ ഗ്രിഡ്ഡും കയറ്റണം. 
പസ്ക്വാൽ സാവധാനം രക്കക്കുഴലുകൾ തട്ടാതെ ഫോഴ്സ് സെപ്പ്സ് കൊണ്ട് ഞാൻ എടുത്തു കൊടുത്ത ഗ്രിഡ് സ്കള്ളിനടിയിലേയ്ക്ക് തള്ളിക്കയറ്റി.
എവിടെ നിന്നാണ് വന്നതെന്ന് അറിയില്ല. 
കോളിഫ്ളവർ പോലിരുന്ന മടക്കുകളോടെയുള്ള മസ്തിഷ്ക ഭാഗങ്ങൾ രക്തം കൊണ്ട് നിറഞ്ഞു.
"ഓ, ഷിറ്റ്"
ഞാൻ പറഞ്ഞില്ല.
ആന്റീരിയർ സെറിബ്രൽ.
അതിൽ കോറിക്കാണും.
അതിനുമുകളിൽ സലൈൻ സ്പ്രേ ചെയ്തു. 
ഇല്ല, നിലക്കാത്ത പ്രവാഹം.  ജെൽ ഫോം കുറച്ചു തിരുകിക്കേറ്റി.
ഇല്ല, എല്ലാവരും ആകാംഷയോടെ ഞങ്ങളുടെ മുഖത്തേയ്ക്ക് നോക്കുന്നത് ഞാൻ നോക്കാതെ തന്നെ അറിഞ്ഞു.
വിയർത്തു.
വലിയ ബ്രാഞ്ച് ആകാതിരുന്നാൽ മതി.
ജെൽഗോസ് മാറ്റി. രക്തം നിലയ്ക്കാതെ തുടർന്നു.
ഹീമോസ്റ്റാറ്റ് വച്ചു നിർത്താം.
 പക്ഷെ പൊടിഞ്ഞു പോകുന്ന രക്തക്കുഴലുകൾ...
ഇനി?

(9)
രാവിലെ എഴുന്നേറ്റ് ബെഡിനരികിലെ നാലാക്കി മടക്കിയ പേജ് തുറന്ന് നോക്കി.
ഇന്നലത്തെ OR പോസ്റ്റ് ചെയ്ത കേസുകൾ.
പിന്നെ ചെയ്ത കേസ്.
ഇനി കോടതി കയറാനുള്ളത്.
അതിന്റെ താഴെയുള്ള ഫോൺ നമ്പർ റിസ്ക് മാനേജ്‌മെന്റ്. പിന്നെ രണ്ട് നമ്പറുകൾ. ഒന്ന് ഹോസ്പിറ്റൽ ലീഗൽ ഡിപ്പാർട്ട്‌മെന്റ്.
വിളിക്കാൻ പറഞ്ഞിട്ടുണ്ട്.
പേഷ്യന്റിന്റെ പേര് മറക്കാൻ കഴിയില്ല.
ഇനി നീളുന്ന കോടതി വ്യവഹാരങ്ങൾ വരുന്നു.
ഏത് നശിച്ച സമയത്താണ് ആ കേസിന് സഹായിക്കാൻ പോയത്?
ഇത്രയും റിസ്‌ക് ഉണ്ടായിരുന്നു വെന്ന്  ചിന്തിച്ചില്ല.
പസ്ക്വാൽ ഇന്ന് മുതൽ ലീവാണ്. മൂന്നാഴ്ച കഴിഞ്ഞു എത്താമെന്ന് പറഞ്ഞു അയാൾ പോയി.
കേസ് കഴിഞ്ഞ ശേഷം അയാളാണ് ബന്ധുക്കൾക്ക് അപ്ഡേറ്റ് കൊടുത്തത്. ഞാൻ ആ സമയത്ത് ക്ളോസ് ചെയ്യുകയായിരുന്നു.
കേസ് ഇന്നലെ ICU വിലേയ്ക്ക് മാറ്റി. മിക്കവാറും ഇന്ന് ബ്രെയിൻ ഡെത്ത് എക്സാം വേണ്ടിവരും. ഇന്ന് ബിങ്ങാമനാണ് ഡ്യൂട്ടി. ബാക്കി പുള്ളി നോക്കും.
ഇനി മോർബിഡിറ്റി മോർട്ടാലിറ്റി മീറ്റിങ്, പിന്നെ റൂട്ട് കോസ് അനാലിസിസ്, നഴ്‌സിംഗ് ഡയറക്ടർ വക പൊങ്കാല. 
പസ്ക്വാൽ ഇപ്പോൾ തന്നെ ഡിസ്റപ്ടീവ് ബിഹേവിയർ എന്നും പറഞ്ഞു അന്വേഷണം നേരിടുന്ന കക്ഷിയാണ്. ORൽ ട്രേ എടുത്ത് എറിഞ്ഞതിനും അനസ്തീസിയോളജിസ്റ്റിനെ "സിസി" എന്ന് വിളിച്ചതിനും. 
കൂട്ടത്തിൽ ഇപ്പോൾ ഞാനും. 
അടുത്ത ആഴ്ച രണ്ട് ദിവസം കേസുകൾ ഉണ്ട്. പിന്നെ റിസർച്ച് ടൈം. 
എന്നാലും മനസ്സിന് സ്വസ്ഥത ഇല്ല.
തിരിച്ചു പോകാൻ കഴിയാത്ത ദിവസം.
ഡയറക്ടർ പറഞ്ഞത് ഓർമ്മയുണ്ട്, "ഫുട്ബോൾ കളി അറിയുമോ? അതിൽ പരിക്ക്പറ്റുന്നത് ആർക്കാണ്?"
"അറിയില്ല, ഡിഫൻസ്?"
"കളിക്കുന്നവർക്കാണ് പരിക്ക്പറ്റുന്നത്. ബഞ്ചിൽ ഇരിക്കുന്നവർക്കല്ല. താൻ കളിക്കാരനാണ്. ബെഞ്ച് വാർമർ അല്ല, കപീഷ്"

അതെ, ഞാനും കളിക്കാരനാണ്.
പക്ഷേ പ്രശ്നം അതല്ല.
മരിച്ചത് എന്റെ സുഹൃത്താണ്.
മാത്യൂസിന്റെ അനിയൻ.
അവിടെയാണ് കളി തെറ്റുന്നത്.

(10)
കഴിഞ്ഞ ദിവസങ്ങളിൽ ശരിക്കും ഉറങ്ങിയിട്ടില്ല.
ഹെൽത്ത് സിസ്റ്റം ഓഫീസിൽ പോയി വിസിറ്റേഴ്സ് എന്ന് എഴുതിത്തിരിച്ച സ്ഥലത്ത് പാർക്ക് ചെയ്തു.
 അറിയാതെ പിന്നിലേക്ക് പോയാൽ കുത്തനെ ഇറക്കമാണ്. കുന്നിൻ ചരിവിൽ തട്ടുതട്ടായ പാർക്കിംഗ് സമുച്ചയവും ഹോസ്പിറ്റലിന്റെ പിൻവശവും കാണാം.
ഹോസ്പിറ്റലിൽ നിന്നും പറന്നുയരുന്ന ഹെലികോപ്റ്റർ തലയ്ക്ക് മീതേ പോയപ്പോൾ നോക്കി നിന്നു. 
പിന്നെ പതുക്കെ കോർപ്പറേറ്റ് ഓഫീസിന്റെ മുൻവശത്തേയ്ക്ക് നടന്നു. ഹോസ്പിറ്റൽ പണിതകാലത്ത് വലിയ പ്രൗഡിയിൽ ഇംഗ്ലീഷ് ശൈലിയിൽ ഉണ്ടാക്കിയ ബംഗ്ളാവ്.
ഇപ്പോൾ താഴെയുള്ള മുറികളിൽ കോൺഫറൻസ് ഹാളുകൾ. മേലെ CEO , ലീഗൽ, റിസ്ക് മാനേജ്മെന്റ് മുതലായവ.
ഓറിയന്റേഷൻ സമയത്ത് ഇവിടെ വന്നതാണ്.
ചെറിയ മേശയിൽ ഉണ്ടായിരുന്ന വിസിറ്റേഴ്സ് ബുക്കിൽ പേരും സമയവും ഡിപ്പാർട്ട്‌മെന്റ് പേരും എഴുതി.
അതിന്റെ മേലെ വന്നവരുടെ പേരുകൾ ശ്രദ്ധിച്ചു.
പേരിന് എതിരെ  DOJ(ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റീസ്)
കാർപ്പറ്റ് കവർ ചെയ്ത പടികൾ കയറി.
ഇനി ലീഗൽ. ഇടനാഴിയുടെ അകലെ ബോർഡ് കണ്ടു.
വലിയ താമസമുണ്ടായില്ല.
"ഞാൻ ടീന മാർജൊലേയ്സ്, ലീഗൽ കൗൺസൽ"
"നൈസ് മീറ്റിങ് യൂ"
"പിന്നെ എനിക്ക് കുറച്ച് കാര്യങ്ങൾ അറിയണം, വേഗം തീർക്കാൻ കഴിയും, അതുകഴിഞ്ഞ് നമുക്ക് DOJ ൽ നിന്നും വന്നവരോട് സംസാരിക്കാം"
"DOJ എന്തിന്?"
"പേഷ്യന്റ് വിറ്റ്നെസ് പ്രൊട്ടക്ഷൻ പ്രോഗ്രാമിൽ ആയിരുന്നു"
അത് പുതിയ അറിവായിരുന്നു.
എന്നെയും കാത്ത് അടുത്ത മുറിയിൽ ഇരിക്കുന്നവർക്ക് ഞാൻ എന്ന മനുഷ്യന്റെ  ഭൂമിയിലുള്ള ഫുട്പ്രിന്റ് തുടച്ചുമാറ്റാൻ കഴിയും.
പേരും, ബന്ധുക്കളും, വീടും സോഷ്യൽ സെക്യൂരിറ്റി നമ്പറും എല്ലാം.

അപ്പോൾ പസ്ക്വാൽ സംസാരിച്ചത് ആരോടായിരുന്നു?

"ഡോക്ടർ ഈ കേസ് ചെയ്യാനുണ്ടായ കാര്യമെന്താണ്?"
"എന്നെ സഹായത്തിന് വിളിച്ചതാണ്, പിന്നെ ഒരു അക്കാദമിക് ഇന്ററെസ്റ്റ്"
"നിങ്ങൾ രോഗിയുടെ നാട്ടുകാരനാണോ?"
"അതേ,പക്ഷേ എനിക്ക് രോഗി ആരാണെന്ന് അറിയില്ലായിരുന്നു."
"ടൈം ഔട്ട് ചെയ്തപ്പോൾ റിസ്റ്റ് ബാന്റ് നോക്കിയില്ലേ?"
"ഞാനല്ല, ടൈംഔട്ട് ചെയ്തത്, ഡോക്ടർ പസ്ക്വാൽ ആയിരുന്നു"
"ORൽ കണ്ടപ്പോൾ തിരിച്ചറിഞ്ഞില്ലേ?"
"ഞാൻ അകത്തേക്ക് കയറിയപ്പോൾ കേസ് തുടങ്ങിയിരുന്നു, പിന്നെ ശരീരം മുഴുവനും ഡ്രേപ്പിനടിയിലായിരുന്നു"
"അനസ്തെറ്റിസ്റ്റ് ആരായിരുന്നു?"
"ശവരിമുത്തു"
"പുള്ളി അറ്റെന്റിങ്ങ് ആണോ?"
"അല്ല, ഫെല്ലോ ആണ്‌. ഡോക്ടർ രമണിയാണ് അയാളുടെ അറ്റന്റിങ്ങ്"
"താങ്കൾ RNS മുൻപ് ചെയ്തിട്ടുണ്ടോ?"
"ഒരെണ്ണം അസിസ്റ്റ് ചെയ്തിട്ടുണ്ട്"
"രോഗിയുടെ ബ്ളഡിലെ ഡ്രഗ്സ് ഓപ്പറേഷൻ ചെയ്യുന്നതിനു മുൻപ് നോക്കാറുണ്ടോ?"
"ഇല്ല, എന്താണ് കാരണം?"
" കാർഫെന്റാനിൽ നിങ്ങൾ ORൽ കൊടുക്കുമോ?"
"എന്റെ അറിവിൽ ഇല്ല. എന്താണ്?"
"പിന്നീട് പറയാം, വരൂ"
അടുത്ത മുറിയിൽ സ്യൂട്ടിട്ട മൂന്ന് പേർ.
വലിയ ബാഗുകൾ, മേശമേൽ ലാപ്ടോപ്.
ഓരോരുത്തരും എഴുന്നേറ്റു നിന്നു പരിചയപ്പെടുത്തി.
"റെക്കോഡ് ആവശ്യത്തിന്, താങ്കളുടെ ഡെസിഗ്നേഷൻ"
"ഡയറക്ടർ ഓഫ് സ്കൾബേസ് സർജറി"
"താങ്കളുടെ രോഗിയായിരുന്നോ മരണപ്പെട്ട ആൾ?"
"അല്ല"
"പിന്നെ എന്തുകൊണ്ട് നിങ്ങൾ അന്ന് ORൽ വന്നു?"
"ഡോക്ടർ പസ്ക്വാൽ വിളിച്ചതുകൊണ്ട്"
"രോഗി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് അറിയാമോ?"
"എനിക്ക് തോന്നുന്നില്ല. അങ്ങനെ ഉള്ള ആളല്ല"
"നിങ്ങൾ അയാളുടെ ഡോക്ടർ അല്ലെങ്കിൽ എങ്ങനെ അതറിയാം?"
"എന്റെ സുഹൃത്തിന്റെ ബ്രദർ ആണ്"
"നിങ്ങൾ എന്നാണ് അയാളുമായി സംസാരിച്ചത്?"
"കഴിഞ്ഞ ഒക്ടോബറിൽ, വാൻകൂവറിൽ വച്ച്"
"നിങ്ങൾക്ക് DOD യുമായി ബന്ധമുള്ള പ്രോജക്ട് ഉണ്ടോ?"
"ഉണ്ട്, TBI,Track"
"നിങ്ങൾ ഈ കേസിന്റെ കാര്യം ഈ റൂമിന് പുറത്ത് ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ?"
"ഇല്ല"
"ഇത് പുറത്ത് പറയുന്നത് ഫെഡറൽ ഒഫൻസ് ആണ്. നിങ്ങൾ അന്ന് ആ കേസ് ചെയ്യാൻ പോയിട്ടില്ല"
"പക്ഷേ, അത് ശരിയല്ല, ഞാൻ ഉണ്ടായിരുന്നു."
"നിങ്ങളുടെ പേര് റെക്കോർഡിൽ വരില്ല. ഇനി ആ ചാർട്ട് ആക്സെസ് ചെയ്യുകയോ ഈ കേസ് ആരോടും ഡിസ്കസ് ചെയ്യുകയോ പാടില്ല."
"ഡോക്ടർ പസ്ക്വാൽ ചോദിച്ചാൽ?"
"ഡോക്ടർ പസ്ക്വാൽ എന്ന ആളില്ല"
എന്റെ മനസ്സിൽ ഒരു ഇടിവാൾ വെട്ടി.
ഡോക്ടർ പസ്ക്വാൽ!

അയാൾക്ക് എന്ത് സംഭവിക്കും?
ഒരു പക്ഷെ ഏതോ ആഫ്രിക്കൻ കാടുകളിൽ എങ്ങനെയോ അപകടം പറ്റി മരിച്ചിരിയ്ക്കും.
ഞാനോ?

(11)

ഡെൻവറിലേയ്ക്കുള്ള  ഫ്ളൈറ്റ് നിറഞ്ഞിരുന്നു. ഏഴാമത്തെ വരിയിൽ ആയിരുന്നെങ്കിലും രണ്ട് വയസ്സായ വെള്ളക്കാരുടെ നടുവിലാണ് സീറ്റ്. ഞാൻ മാസ്ക് വച്ചു. പുരുഷൻ ഐൽ സീറ്റിൽ എന്നെകണ്ടപാടെ മുഖം തിരിച്ചു. വിൻഡോ സീറ്റിൽ വയസ്സുചെന്ന സ്ത്രീ അവരുടെ വാക്കിങ് സ്റ്റിക്കും പൂക്കളുടെ ഡിസൈൻ ഉള്ള തുണിയുടെ വീർപ്പുമുട്ടിയിരിയ്ക്കുന്ന ബാഗ് കാലിനടിയിലും വച്ചിരിയ്ക്കുന്നു.
പുറത്ത് കാണാനൊന്നുമില്ല.
എനിക്ക് നേരത്തെ എഴുന്നേറ്റതിന്റെ ക്ഷീണം മാറാൻ ഉറങ്ങണം. 
ഉറക്കം വരുന്നില്ല. വിതരണം ചെയ്ത ഹെഡ്ഫോൺ വച്ച് ഒരു സിനിമ കാണാമെന്ന് വച്ചു.
അവസാനം ബ്ളാക്ക്ബെറി കാണാൻ തീരുമാനിച്ചു. 
ബെവറേജ് സർവീസ് തുടങ്ങി. ഞാൻ ഓറഞ്ച് ജ്യൂസ് പറഞ്ഞു. അമ്മൂമ്മ ആപ്പിൾ ജ്യൂസ്. അപ്പാപ്പൻ വെള്ളം.
ഞാൻ രണ്ട് മിനിറ്റിൽ കുടിച്ചു തീർത്ത് ചാരിക്കിടക്കാനുള്ള ശ്രമത്തിൽ ഇരിക്കുന്ന സമയത്ത് അമ്മൂമ്മയുടെ കൈതട്ടി ഗ്ളാസ്സിലെ ഐസും ആപ്പിൾ ജ്യൂസും ടേബിളിലൂടെ ഒഴുകി.
"ഡാം..വാട്ട് എ മെസ്സ്!" അമ്മൂമ്മ സ്വയം ശകാരിച്ചു.
ഞാൻ ഉടനെ എന്റെ കൈയിലെ ടിഷ്യൂവും കിട്ടാവുന്ന പേപ്പറുകളും ഇട്ട് വൃത്തികേടില്ലാതെ സംരക്ഷിച്ചു. വിമാനയാത്രയിൽ വെളുത്ത വസ്ത്രങ്ങൾ ധരിക്കാൻ പാടില്ല എന്ന എന്റെ നിയമം പാലിച്ചതിൽ ഞാൻ കൃതാർത്ഥനായി.

ഞാൻ ഫ്ളൈറ്റ് അറ്റൻഡന്റിനെ വിളിച്ച് ടവൽ വാങ്ങി സഹയാത്രക്കാരിയെ സഹായിച്ചു.
"നിങ്ങൾ യൂണിവേഴ്‌സിറ്റി യിൽ ആണോ ജോലി?"
എന്റെ മാസ്കിൽ യൂണിവേഴ്‌സിറ്റി യുടെ പേര് ഉണ്ടായിരുന്നതാവും അവർ ഊഹിച്ചത്.
"അതേ"
" IT സ്പെഷ്യലിസ്റ്റ് ആണോ?"
ശ്ശെടാ, ഇത് ഞാൻ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ പറയുന്നത് ഇപ്പോൾ അവർ ഇങ്ങോട്ട്!
"അല്ല, ഡോക്ടർ ആണ്"
തുടർന്ന് ഡെൻവർ എത്തുന്നത് വരെ അവർ സംസാരിച്ചു. ആകെ എണ്ണൂറോളം ആളുകൾ താമസിക്കുന്ന, ന്യൂയോർക്കിലെ ഒരു ഗ്രാമത്തിൽ ജീവിക്കുന്ന അവർ. 
അവരുടെ ചെറുമകന് ഏതോ അപൂർവ്വ രോഗത്തിന് ഞാൻ ജോലിചെയ്യുന്ന ഹോസ്പിറ്റലിൽ രണ്ട് വർഷത്തൊളം ചികിത്സയിലായിരുന്നുവത്രെ.
അവൻ ജീവിതത്തിലേയ്ക്ക് വീണ്ടും എത്തിയ സന്തോഷം അവർ പറഞ്ഞുകൊണ്ടേ ഇരുന്നു.
 "നിങ്ങളൊക്കെയാണ് അവനെ രക്ഷിച്ചത്"
"താങ്ക്സ്, പക്ഷേ ഞാൻ അന്ന് ഇല്ലായിരുന്നു"
"അതേ, ഞാൻ പറഞ്ഞത് നിങ്ങളെപ്പോലെ മിടുക്കുള്ളവർ"
"നിങ്ങളുടെ മകൻ എന്ത് ചെയ്യുന്നു?"
അവൻ ആർമിയിലായിരുന്നു, ഇപ്പോൾ കാര്യമായി ഒന്നും ചെയ്യുന്നില്ല. ഗൾഫിൽ ആയിരുന്നു. ഇപ്പോൾ മകന്റെ കാര്യവുമായി നടക്കുന്നു."
അവർ ഫോണിൽ ഉണ്ടായിരുന്ന ഫോട്ടോകൾ കാണിച്ചു.
അവരുടെ മകനെ കണ്ടു. ഒരു ഹമ്മറും ചാരി കാമൂഫ്ളാഷിൽ ക്യാപ്പ്, തിളങ്ങുന്ന സൺഗ്ലാസ്.
പോക്കറ്റിൽ എംബ്ളം.

അതേ.. എന്നെ പിൻതുടരുന്നത് നിമിത്തം.
ഇത് വീണ്ടും വാൻകൂവറിലേയ്ക്കുള്ള യാത്ര.
ഒരു പക്ഷേ വെറും അവിചാരിതമായി വന്നതാണ്.
ബിന്ദുക്കളെ കൂട്ടി മുട്ടിച്ച് പടം വരച്ചാൽ അത് ഒരു മോൺസ്റ്റർ ആകാം, അല്ലെങ്കിൽ ഒരു പൂവ് ആകാം.
എല്ലാം എന്റെ പാരനോയ.

(12)

ഇമ്മിഗ്രേഷൻ ലൈൻ എല്ലാം ഓട്ടോമേറ്റഡ് ആണ്. പാസ്പോർട്ട് എല്ലാം സ്കാൻ ചെയ്തു. പ്രിന്റ് ഔട്ട്‌ എടുത്തു വീണ്ടും വരിയിൽ. അറ്റത്തേയ്ക്ക് ചെല്ലുന്ന സ്ഥലത്ത് ഒരു സർദാർജി.
അയാൾ പാസ്പോർട്ട് കാര്യമായി പരിശോധിച്ചു.

അതനുശേഷം," എന്താണ് വരവിന്റെ ഉദ്ദേശ്യം, എവിടേയാണ് താമസിക്കുന്നത്?" എന്ന സ്ഥിരം ചോദ്യങ്ങൾ ചോദിച്ചശേഷം ,അകത്തേക്ക് പോയി അയാളുടെ സഹ ഓഫീസറുമായി വന്നു.
"നിങ്ങൾ നേരത്തെ വന്നിട്ടുണ്ടോ?"
"ഉണ്ട്, നാലുതവണ.. സോറി, ആറ് തവണ"
"ഞങ്ങളുടെ പരിശോധനയുടെ ഭാഗമായി നിങ്ങളുടെ ഫോൺ ചെക്ക് ചെയ്യണം"

"അതിനെന്താ.. ഇതാ."
അയാൾ ഫോൺ വാങ്ങി അതിനകത്തെ ഫോട്ടോകൾ നോക്കി.
"ഈ സ്ക്രീൻ ഷോട്ട് എന്തിന്റേതാണ്?"

"അത് ഒരു ഡിന്നർ മീറ്റിങ് ആണ്, ഡ്രഗ് കമ്പനി"
"അതിനാണോ ഇവിടെ വരുന്നത്?"
"അല്ല, കോൺഫറൻസിന് ആണ്"
"നിങ്ങൾ ഈ കമ്പനിയുമായി എന്താണ് ബന്ധം?"
"അവരുടെ ഒരു മരുന്ന് ഞങ്ങൾ ഉപയോഗിക്കുന്നുണ്ട്"
"ഈ ഫോട്ടോ നിങ്ങൾ എടുത്തതിന് എന്താണ് കാരണം?"
ഫോട്ടോ നോക്കി.
 കഴിഞ്ഞ വർഷം ടോറാന്റോ പോയപ്പോൾ അവിടെ കണ്ട ഖാലിസ്ഥാൻ കാരുടെ വിഘടനവാദി പതാകയും വഹിച്ചുപോയ ഒരു വാനിന്റെ പടമാണ്.
"കാരണമില്ലാതെ, ഒരു കൗതുകം തോന്നി"

"ഈ പടം, ഓട്ടവയിലെ പാർലമെന്റ് ബിൽഡിങ്ങിന്റെ മുന്നിലെ പ്രതിഷേധം ആണ്. ഇതുമായി നിങ്ങളുടെ ബന്ധം എന്താണ്?"
"അന്ന് അവിടെ പോയപ്പോൾ കണ്ട് കൗതുകം തോന്നി, അത്രേ ഉള്ളൂ"
"പോയ്ക്കൊളൂ, നന്ദി"

ഇത്തരം ഒരു ചോദ്യം ചെയ്യൽ ആദ്യമായി ആണ്. 
കാര്യങ്ങൾ ലേശം കർശനമാണ് ഇവിടെ.

 പുറത്ത് കടക്കാൻ ശ്രമിക്കുമ്പോൾ, ഒരേ സ്പെഷ്യാൽറ്റിയിലെ പലരുടെയും മുഖം കണ്ടു. വയസ്സാവും തോറും പരിചിത മുഖങ്ങൾ കുറയുന്നുവെങ്കിലും.

ഊബർ ഡ്രൈവർ ടൊയോട്ട കൊറൊളയുമായി വരാൻ രണ്ട് മിനിറ്റ് കാണിക്കുന്നു. 
പേര് കേട്ടിട്ട് ഒരു ചൈനീസ് അല്ലെങ്കിൽ വിയറ്റ്‌നാം കാരൻ. 'Fnu'.
കാർ എത്തിയപ്പോൾ മനസ്സിലായി.
 ബംഗ്ലാദേശ് കാരൻ. ഫ്നൂ എന്നതിന്റെ കാര്യം ഓർത്ത് ചിരിച്ചു.
പാൻ പസിഫിക് ഹോട്ടൽ അകലെ കാണാം. കുറച്ച് മാറി കാറ് നിർത്തി അയാൾ പറഞ്ഞു, "ഞങ്ങൾക്ക് അവിടെ പോകാൻ പാടില്ല. താങ്കൾക്ക് റോഡ് ക്രോസ് ചെയ്യാം, ഇവിടെ"

ഹോട്ടലിൽ തിരക്കില്ല.
പാസ്പോർട്ടും ക്രെഡിറ്റ് കാർഡും നീട്ടി.
റിസപ്ഷണിസ്റ്റ് ഉടനെ മാനേജറെ പോയി കണ്ടു.
രണ്ട് പേരും തിരിച്ചു വന്നു.
"നിങ്ങളുടെ മുറി ഒരു മണിക്കൂർ പിടിക്കും, റെഡിയാകാൻ. ഫോൺ നമ്പർ തരൂ, ഞാൻ വിളിക്കാം"
ലഗ്ഗേജുകൾ വച്ച് ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങി.
ഹോട്ടലിന്റെ മുൻവശത്ത് എനിക്ക് മുന്നിൽ ഒരു കറുത്ത ലിങ്കൺ നാവിഗേറ്റർ നിർത്തി മിലിട്ടറി വേഷത്തിൽ നാലുപേർ ചാടിയിറങ്ങി ഹോട്ടലിന്റെ പടികൾ തിരക്കിട്ട് കയറി.
അകലെ ഒരു ഹമ്മർ പാർക്ക് ചെയ്തത് എന്റെ നേരേ വന്നു ഇരമ്പി ച്ച് പോയി.

Sunday, December 13, 2020

തേപ്പുകാരികളുടെ തിരുശേഷിപ്പുകൾ

 

1.

ഇതിന് ജീവിച്ചിരിക്കുന്ന( നിങ്ങളുടെ )ആരുടേയോ സാദൃശ്യം തികച്ചും അപ്രതീക്ഷിതമായി ഉണ്ടായതാണ്. വിട്ട് കളയണം; പ്ളീസ്.


ഈ കഥയിലെ ആരോടും എനിക്ക് പകയോ വിരോധമോ ഇല്ല. വായിച്ചു രസിക്കാൻ മാത്രമല്ല,

"ആർക്കെങ്കിലും ഉപകാരാവട്ടേ" എന്ന് കൂടി മനസ്സിൽ കണ്ട് കൊണ്ടാണ് ഈ ചെയ്ത്ത്.


ഈ കഥ  മുൻപ് എഴുതിയിട്ടില്ല. പലരോടും(ഭാര്യ ഉൾപ്പെടെ) പറഞ്ഞിട്ടുണ്ട്.


പള്ളിപ്രം അംശം ദേശത്തെ, ഒരു തരക്കേടില്ലാത്ത പുരാതന തറവാട്ടിൽ ജനിക്കുകയും തദ്വാരാ വഴിയിൽ കാണുന്നവർക്ക് "ആ മാഷിന്റെ മോനല്ലേ, എവിടേയ്ക്കാ?" എന്ന് ചോദിക്കാൻ അറപ്പില്ലാത്ത പേഴ്സണാലിറ്റി ജോർജ്ജ് ഡർബാർ മെമ്മോറിയൽ എൽ പി ഒന്നാംക്ലാസ് മുതൽ മൂന്നാം വർഷം ബി എസ്സി വരെ കീപ്പ് ചെയ്ത വ്യക്തിയാണ് യുവേഴ്സ് ട്രൂലി.


'പ്രൊഫഷണൽ കോളേജിൽ എത്തുക' എന്ന പതിനെട്ടാം പടിയിൽ തേങ്ങയുടച്ച് മാളികപ്പുറം കോംപൗണ്ടിൽ ചെന്തെങ്ങും വച്ച ഒരു ജാതി 

കൾമിനേഷൻ അല്ലെങ്കിൽ "തനിപ്പിടി"ആയിരുന്നു അത്.

ഇനി ബക്കറ്റ് ലിസ്റ്റിൽ എക്സ്ട്രാ കരിക്കുലർ ജോക്കർ ചീട്ടുകൾ ആണ് എന്നറിഞ്ഞ് ഫുൾ ആർമാദിച്ച് ഒരുവിധം അടുത്ത അഞ്ച് വർഷവും പോയി.

പെണ്ണ് കാണൽ, വിവാഹം, ക്ടാവ്,ബിലാത്തി യാത്ര, ആറബിക്കഥകൾ, വീണ്ടും ക്ടാവ്, യുഎസ് കനവുകൾ എന്നീ നെറ്റ് ഫ്ളിക്സ് സീരീസ് കഴിഞ്ഞു, ബോറടിച്ചു.

എല്ലിന്റെ ഇടയിൽ വറ്റ് കുത്ത് അനുഭവപ്പെട്ടു.

ഭാര്യ നമ്പർ വൺ, എന്റെ ജാതകവശാൽ എനിക്ക് രണ്ട് തവണ വിവാഹം ചെയ്യാൻ ഒരു സ്കോപ്പ് പറഞ്ഞിട്ടുണ്ട് (എന്ന യുവേഴ്സ് ട്രൂലിയുടെ വാക്കുകൾ)എന്നതിൽ അതിയായി വിശ്വസിക്കുകയും ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും നന്നായി തേച്ച് ഉരസുകയും ഉണ്ടായി.


 വെട്ടൊന്നിന് തുണ്ടം രണ്ട് എന്ന രീതിയിൽ (ദ വാർ ഓഫ് ദ റോസസിലെപ്പോലെയുള്ള ക്ളൈമാക്സ് വന്നില്ല)

ചട്ടീം കലവും തട്ടീം മുട്ടീം പോയി.

ഇതിന് ഒരു പരിഹാരം ഉണ്ടാക്കുവാൻ ഞാൻ മുൻകൈയെടുത്ത് കോടതി കയറി.

ഇത്രയും മുഖവുരയ്ക്കൽ.


എന്നെ വീണ്ടും ഒറ്റയാൻ ആയി  പ്രഖ്യാപിച്ചു കോടതിയും, രക്തം ഊറ്റിക്കുടിക്കുന്ന വക്കീലമ്മാരും  ഏതാണ്ട്  അനുമതി തന്ന് ജഡ്ജിന്റെ ഒപ്പ് കിട്ടാൻ പോകുന്ന സമയത്താണ് ഇത് ഉണ്ടായത്.


"വീണ്ടും ആരേയെങ്കിലും കണ്ടുപിടിക്കണം സഹോ ജീവിത സഖാവായി" എന്ന ഉപദേശം എന്റെ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും ദൈനംദിനം ഫ്രീ ആയി നൽകിക്കൊണ്ടിരുന്നു.

എന്റെ ഡിപ്രഷൻ മാറ്റിയില്ലെങ്കിൽ ഞാനെങ്ങോ 

മിസ്റ്റർ ദേവദാസ് അല്ലെങ്കിൽ കൊട്ടത്തേങ്ങയോ മണക്കൂസാമൃതാനന്ദയോ ആകും എന്ന് മനതാരിൽ കണ്ട പലരും പല സെക്കന്റ് ഹാന്റ് വണ്ടികളേയും, എനിക്ക് ഫിക്സ് ചെയ്യാൻ ശ്രമിച്ചു.

ഞാനാണെങ്കിൽ "ഇത്തവണ ഒരു ഫോറിൻ വണ്ടി തന്നെയെടുക്കണം" എന്ന ഒരു മൂച്ചിൽ അമേരിക്കൻ ബാച്ചിലർമാർ സാധാരണ ചെയ്യുന്ന  സെറ്റപ്പ് നോക്കി, ബാറിൽ പോയി ബിയറും ഓർഡർചെയ്ത്, ക്ളബിൽ അറിയാത്ത ആൾക്കൂട്ടത്തിൽ ആർമാദിച്ച്. ശരിയായില്ല.


 "അത് നമുക്ക് പണിയുണ്ടാക്കും മോനേ" എന്ന്  നടുക്കത്തെ മുറിയിൽ കർക്കടക മാസത്തിൽ മുട്ടിപ്പലകയിൽ വന്നു ഇമാജിനറി ഫുഡ്ഡടിച്ചിരുന്ന ഒരു കാരണവർ പറഞ്ഞത് ഞാൻ ചെവിക്കൊണ്ടു.

ജോലി ഉണ്ടായിരുന്നു. വീട് വിറ്റു. ലോണില്ല.

വക്കീൽ ഫീസ്‌ ഒഴിച്ച് പിന്നെ ചിലവ് വളരെ തുച്ഛമായ കാലം. 

ഭക്ഷണം കുറച്ച്  ഇനി കല്യാണം കഴിക്കാൻ സമയത്ത് ലേശം സ്ലിമ്മാവുന്നത് നന്നായിരിക്കും എന്ന് അന്നത്തെ കിടുകിടാച്ചി സൈറ്റായ 'മാച്ച് ഡോട്ട് കോമിലെ' വനിതകളുടെ എക്സ്പെക്ടേഷൻ വായിച്ചു മനസ്സിലാക്കി.


ഒരു മുപ്പത് പൗണ്ട് ഞാൻ അറിയാതെ കുറഞ്ഞു.

അങ്ങനെ ലേശം റിലാക്സേഷനിൽ കഴിയുന്ന കാലത്താണ് 'ഭാരത് മാട്രിമോണി' എന്ന സൈറ്റിൽ മെമ്പർഷിപ്പ് എടുത്തത്. 


രണ്ടാം കല്ലാണം കഴിക്കുന്നത് ഒരിക്കൽ കഴിച്ചവർക്കാണ് എളുപ്പം, സ്വാഭാവികമായും.

 അവരാണെങ്കിൽ വിലയിടിവ് ബാധിച്ചവരും സ്വയം ഒരു ഓഡിറ്റ് നടത്തിയ ആളുകളുമായിരിയ്ക്കും.

 അതുകൊണ്ട് തന്നെ ചുള്ളന്മാരും സുന്ദരീമണികളും വേണ്ട, തലയിൽ ആൾത്താമസമുള്ള, നേരാംവണ്ണം ജോലിസ്ഥിരതയുള്ള ആളുകൾ ആയിരിയ്ക്കും ഫസ്റ്റ് പ്രിഫറൻസ്.

അങ്ങനെ ഞാൻ ഒരു ദിവസം ഒരു പ്രൊഫൈൽ കണ്ട് ഇഷ്ടപ്പെടുകയും, അങ്ങോട്ട് ഇൻട്രൊ അയക്കുന്നതിനു മുൻപ്, എനിക്ക് ഇങ്ങോട്ട് ഒന്ന് ഈ കക്ഷിയിൽ നിന്നും വരികയും ചെയ്തു.


"സെറിന്റിപ്പിറ്റി" എന്ന ചിക്ക് ഫ്ളിക്സ് ഞാൻ കണ്ടതിന്റെ പിറ്റേന്ന് ആയിരുന്നു ഈ സംഭവം.


"ദാ ഒരു കൺഫർമേഷൻ ബയാസ്" എന്ന എന്ത് തേങ്ങ നിങ്ങൾപറഞ്ഞാലും എനിക്ക് പ്രശ്നമില്ല. ആ സമയത്ത്, എനിക്ക് ഞാനറിയാതെ ഈ കക്ഷിയോട് ഏതോ മുജ്ജന്മത്തിൽ ഒരു കണക്ഷൻ ഉണ്ടായിരുന്നു എന്ന് ഒരു "വൈബ് വർക്കൗട്ടായി" എന്ന് പറയാം.


അതിനെത്തുടർന്ന്, രാത്രി ഒമ്പത് മണിക്ക് തുടങ്ങിയ ഫോൺ സംസാരം ഒന്നിന് പോകാൻ ബ്രേക്ക് എടുത്തത് ഒഴിച്ചാൽ രാവിലെ നാലുമണിവരെ തുടർന്നു. 


അന്നത്തെ അൺലിമിറ്റഡ് ടൈം ഒമ്പത് മണിക്ക് ആയിരുന്നു. ഇന്നത്തെ കണക്കല്ല.


പിന്നെ ഏതാണ്ട് ഒന്ന് രണ്ട് ആഴ്ച അങ്ങനെ പോയി. പരസ്പരം കണ്ടിട്ടില്ല. എങ്കിലും ഞങ്ങൾ ഒരുമിച്ച് കളിച്ച് വളർന്നപോലെ തോന്നി.


ജോലിസ്ഥലത്ത് ഞാൻ പതിവിലേറെ മൂളിപ്പാട്ടുകൾ മൂളുന്നതും ഇടക്കിടെ പുറത്ത് പാർക്ക് ചെയ്ത കാറിൽ പോയി ഇരിക്കുന്നതും കണ്ടുപിടിച്ച എന്റെ സ്റ്റാഫ് ദിവസവും ഈ ലവ് സ്റ്റാറിയുടെ സ്റ്റാറ്റസ് അപ്ഡേറ്റ് വേണമെന്ന് നിർബന്ധിച്ചു.

അവരുടെ കുത്തിത്തിരുപ്പ് മൂലം 

അവസാനം ഞങ്ങൾ തമ്മിൽ കാണാൻ തീരുമാനിച്ചു.

ഞാൻ പ്രതിശ്രുത ജീവിക്കുന്ന അമേരിക്കയിലെ ഒരു പ്രധാന നഗരത്തിൽ ഒരു ഹോട്ടലിൽ റൂം ബുക്ക് ചെയ്തു റിട്ടേൺ എയർ ടിക്കറ്റും എടുത്തു.

അങ്ങനെ മൂന്നു ദിവസം ലീവെടുത്ത് ഞാൻ യാത്ര പുറപ്പെട്ടു.




2.

"ഞാനാണെങ്കിൽ പ്ളെയിനിൽ ഇരുന്ന് പച്ചനിറമായേനേ" എന്നായിരുന്നു ഒരു സ്റ്റാഫ് എന്റെ ആ യാത്രയെപ്പറ്റിപ്പറഞ്ഞത്. 

അവൾക്ക് എന്നെ ഇഷ്ടമാകുമോ എന്നറിയില്ല.


 ഫോട്ടോ കാണുന്നതും യഥാർത്ഥ രൂപവും തമ്മിൽ വ്യത്യാസമുണ്ട്, എന്റെ ഗഡി പറയാറുള്ളതുപോലെ, "പിന്നീന്ന് നോക്ക്യാ ധർമ്മേന്ദ്ര, മുന്നീന്ന് നോക്ക്യാ ധർമ്മക്കാരൻ".


ഞാനന്ന് നഗരത്തിൽ ലാന്റ് ചെയ്ത ദിവസം ഏതോ ഒരു പ്രധാന ഫുട്‌ബോൾ കളി നടക്കുന്ന ദിവസമായിരുന്നു. 

ചില വഴികൾ അടച്ചിരുന്നത് ദേശി ടാക്സി ഡ്രൈവർക്ക് കൺഫ്യൂഷനായി. 


"ഈ മ്യൂസിക് ഇഷ്ടമായോ?" പാക്കിസ്ഥാൻ കാരനായ ടാക്സി ഡ്രൈവർ ചോദിച്ചപ്പോൾ ആണ് മനസ്സ് തിരിച്ചു വന്നത്.

"കൊള്ളാം"


"ഇവിടെ ജോലിയാണോ?"

"അല്ല, ഇന്റർവ്യൂ ആണ്"

"ഏത് കമ്പനിയിലാണ്?" ദേശിയുടെ ആകാംഷ.

"ഒരു കമ്പ്യൂട്ടർ കമ്പനിയിലാണ്". 

അപ്പോൾ അയാൾ പറഞ്ഞു, അയാൾ ഒരു സിവിൽ എഞ്ചിനീയറിംഗ് ബിരുദമെടുത്ത ആളാണെന്ന്. 

പലവിധ വഴികളിലൂടെ വന്നു അവസാനം ഹോട്ടലിലെത്തി.


 "ഇതാണ് ഹോട്ടൽ". ഡ്രൈവർ.


ബോർഡിലെ പേരും റോഡിന്റെ പേരും യോജിക്കുന്നില്ല.

 അവസാനം വാക്കു തർക്കങ്ങൾ കഴിഞ്ഞപ്പോൾ അയാൾ തോൽവി സമ്മതിച്ചു. 


എയർപോർട്ട് അടുത്തുള്ള ഹോട്ടലിൽ എത്താതെ സിറ്റി സെന്റർ അടുത്ത അതേപേരിലുള്ള ഹോട്ടലിൽ അയാൾ എത്തിച്ചു കളഞ്ഞു. നാലിരട്ടി ദൂരം ഓടി. ആവശ്യമില്ലാതെ.


ഉള്ള നല്ലൊരു മൂഡ്‌ കളഞ്ഞു.

ലഗ്ഗേജ് എടുക്കുന്നതിനിടയിൽ,


"ദാ, ഇത് പിടിച്ചോ" ഒരു പ്ളാസ്റ്റിക് സഞ്ചിയിൽ നിന്നും രണ്ട് കാസറ്റുകൾ അയാൾ നീട്ടി.

"ഇത് എന്താണ്?"

"പത്ത് ഢോളർ, ഞാൻ റെക്കോർഡ് ചെയ്ത കാസറ്റാണ്".


"വേണ്ട, താൽപര്യമില്ല," അയാളുടെ സംഗീത സ്വപ്നങ്ങളിൽ ചവിട്ടി മെതിച്ച് ഞാൻ ഹോട്ടൽ റിസപ്ഷനിലേയ്ക്കുള്ള പടികൾ കയറി.


"ഞാനിവിടെ എത്തി" 

പ്രതിശ്രുത യെ വിളിച്ചു പറഞ്ഞു.

" ദാ വരുന്നു, ഒരു നാൽപ്പത് മിനിറ്റ് എടുക്കും, വിഷമമില്ലല്ലോ"

ഞാൻ റെഡിയായി.

കാലത്ത് എഴുന്നേറ്റപ്പോൾ തേച്ച പല്ലുകൾ വീണ്ടും ധാരാളം പേസ്റ്റ് എടുത്ത് തേച്ചു.

കിസ് ചെയ്യാൻ നേരത്ത് പ്രശ്നമാവേണ്ട. 

ഇട്ടിരുന്ന ഷർട്ടെല്ലാം മാറി ഫ്രഷായി.

മുപ്പത്തിഅഞ്ച് മിനിറ്റ്.

ഫോൺ അടിച്ചു.

"ഞാൻ എത്താറായി. വഴി തെറ്റിയെന്ന് തോന്നി, പക്ഷേ ഹോട്ടൽ എനിക്ക് കാണാം".

"സാരമില്ല, ഞാൻ ഇവിടെ ത്തന്നെ കാണും". 

റൂം നമ്പർ പറഞ്ഞു കൊടുത്തു.


ജനലിനടുത്തുള്ള സോഫയിൽ ഇരുന്ന് കനം കുറഞ്ഞ വെളുത്ത കർട്ടനിടയിലൂടെ ഞാൻ താഴോട്ട് നോക്കി. ഞാൻ എട്ടാമത്തെ നിലയിലാണ്. ഹോട്ടലിന്റെ മുന്നിലെ പാർക്കിങ് ലോട്ട് കാണാം.

ചുറ്റുമുള്ള സ്ഥലമൊന്നും കാണാൻ കൊള്ളില്ല. അകലെ എയർപോർട്ട് ടവർ കാണാം. മറ്റു ഭാഗത്ത് അകലെ  ചില ഫാക്ടറികൾ. വളരെ ദൂരെ സിറ്റിയുടെ പടുകൂറ്റൻ ബിൽഡിങ്ങുകൾ ചാര നിറത്തിലുള്ള ചക്രവാളത്തിൽ കാണാം.


ഇത്രയുമാണ് എനിക്ക് അവളെപ്പറ്റി അറിയാവുന്നത്.

എന്നെപ്പോലെ ഡിവോഴ്സ് ഫയൽചെയ്ത് അവസാന ഭാഗത്തിലാണ് കക്ഷിയും. 

പൂർവ്വ ഭർത്താവ് ഡോക്ടർ ആണ്. ഇപ്പോൾ ഭർത്താവ് കുട്ടികളേയും കൊണ്ട് നാട്ടിൽ പോയിരിയ്ക്കുന്നു.

ഭർത്താവും കുട്ടികളും പഴയ വീട്ടിൽ.

 ജോലി ബാങ്കിൽ. ബിരുദധാരിണി.


 സ്വന്തമായി രണ്ട് ബെഡ്റൂം എക്സിക്യൂട്ടീവ് ഫ്ളാറ്റ് എടുത്ത് താമസിക്കുന്നു.

നാലു ഭാഷകൾ അറിയാം. ഹിന്ദി, തെലുങ്ക്, ബംഗാളി, ഇംഗ്ലീഷ്.


അപ്പോൾ ഞാൻ കണ്ടു.

ഒരു ക്രീം കളർ ലെക്സസ് പതുക്കെ ഗേറ്റിലൂടെ വരുന്നു. അകത്തുള്ള പാർക്കിങ്ങിൽ തിരിച്ചിടുന്നു.

എന്റെ ഫോൺ ശബ്ദിച്ചു.


എനിക്കറിയാം.

അത് അവളായിരിയ്ക്കും.


"ഞാനിവിടെ എത്തി"

"ഓ ക്കെ, നേരേ വന്നോളൂ"

ലെക്സസിന്റെ ഡ്രൈവർ സൈഡ് ഡോർ തുറന്ന് അവൾ പുറത്ത് വന്നു. ഞാനെന്റെ നിക്കോൺ ക്യാമറ യിൽ സൂം ചെയ്തു നോക്കി. മുഖം വ്യക്തമല്ല.


ഞാൻ അത് എന്തുകൊണ്ട് ചെയ്തു എന്നറിയില്ല. 

ഒരു ക്യൂരിയോസിറ്റി ആയിരിയ്ക്കും.

ഏതാനും നിമിഷങ്ങൾക്കുള്ളിൽ മുറിയുടെ വാതിൽ തുറന്ന്, എന്നെ ഹഗ് ചെയ്ത്, മിനിറ്റുകളോളം ചുണ്ടുകൾ കോർക്കാനിരിയ്ക്കുന്ന ആ മുഖം എങ്ങനെ യായിരിയ്ക്കും എന്ന് ഊഹിക്കാവുന്നതാണ്.

എന്നിട്ടും...


എന്റെ മനസ്സ് അവളുടെ ഓരോ കാൽചുവടുകളും കണക്ക് കൂട്ടുന്ന കൊറീയോഗ്രാഫറായി.


എനിക്കറിയാം. ഇപ്പോൾ അവൾ എലിവേറ്ററിന്റെ 'എട്ട്' എന്ന ബട്ടൻ അമർത്തിയിരിയ്ക്കും.


ഇരുപത് സെക്കണ്ടിൽ മുറിക്ക് പുറത്ത് വളകിലുക്കം.

എന്റെ ഹൃദയം പടപടാ മിടിച്ചു.

വിയർത്തു.


വാതിലിലെ ലെൻസിലൂടെ നോക്കി.

അതേ അവളാണ്.

കണ്ണാടിയിൽ എന്റെ മുഖം നോക്കി. മുടി ഒതുക്കി.

പതുക്കെ വാതിൽ തുറന്നു.


പുറത്ത് അപരിചിതമായ മുഖം.

സൂക്ഷിച്ചുനോക്കി.

ഒരുപക്ഷേ എന്നേക്കാളും പ്രായമുണ്ട്. ഫോട്ടോയിൽ കണ്ടതിനേക്കാളും പ്രായമുണ്ട്, ആൾ ഇതു തന്നെയാണ്.


"വരൂ, ഇരിക്കൂ"

എനിക്ക് കയറി ഹഗ് ചെയ്യാനോ കിസ് ചെയ്യാനോ മനസ്സിൽ തോന്നിയില്ല.

അവളുടെ മുഖത്ത് ലേശം കുസൃതിയും പുഞ്ചിരിയും ചേർന്ന ഗൗരവം.


മുറിയിൽ കാൽവിൻ ക്ളൈൻ എറ്റേണിറ്റിയുടെ സൗരഭ്യം.


അവൾ LV എന്ന ഡിസൈൻ ഉള്ള ബാഗ് മേശപ്പുറത്ത് വച്ചു.

 എനിക്ക് എതിരേയുള്ള കസേരയിൽ ഇരുന്നു.

മുടി ലേശം ചെമ്പിച്ച ഡൈ ചെയ്തിരിയ്ക്കുന്നു. 


വേഷം ജീൻസും ഫുൾസ്ളീവ് ഷർട്ടും. 

അതിന്റെ മൂന്നാമത്തെ ബട്ടൺ പൊട്ടുമോ എന്ന് ഞാൻ മുഖത്ത് നോക്കുന്നതിനിടയിൽ ശങ്കിച്ചു.


രാത്രി മുഴുവൻ ശിവരാത്രി ആക്കിയ ഞങ്ങളുടെ സംസാരങ്ങൾ എവിടെപ്പോയി എന്ന് ഞങ്ങൾ തന്നെ  അറിഞ്ഞില്ല.

അവൾ എന്നെത്തന്നെ നോക്കി.

ഞാൻ ചിരിച്ചു.


ഇതല്ല ഞാൻ പ്രതീക്ഷിച്ചത്.

പ്രായം, സൗന്ദര്യം, പിന്നെ എന്താണ്?


അറിയില്ല.

ഇവിടെ കെമിസ്ട്രി ഇല്ല.


എവിടേയോ എന്തൊ ശരിയല്ല.


"എന്താണ്? ആർ യൂ ഡിസപ്പോയിന്റഡ്?" അവൾ ചോദിച്ചു. 

അവളുടെ കഴുത്തിൽ ഒരു നേർത്ത ചെയിൻ.

കൈകളിൽ പലവിധത്തിൽ സ്വർണ്ണാഭരണങ്ങൾ. അമേരിക്കൻ ജീവിതത്തിൽ കാണാത്ത വിധത്തിൽ.


അപ്പോഴാണ് എന്റെ മുഖം മനസ്സിൽ വന്ന വിചാരങ്ങളുടെ കണ്ണാടിയായി തീർന്നിരിയ്ക്കാം എന്ന് എനിക്ക് ബോധോദയമുണ്ടായത്.


"വാട്ട് എബൗട്ട് യൂ?"


പിന്നെ സാവധാനം ഞാൻ അറിഞ്ഞു.

മനസ്സാണ് ഞങ്ങളെ ചേർക്കേണ്ടത് എന്ന്.


ഇനി രണ്ടു ദിവസം ഞാൻ ഇവിടെയാണ്.



3.

കുറച്ച് നേരം കഴിഞ്ഞു.

പിന്നെ ഇത്രനാളും ഇടമുറിയാതെ സംസാരിച്ചത് ഇവളോടായിരുന്നു. 

ഇനി അതിൽ മാറ്റമില്ല. ഇതൊരു ബ്ളൈൻഡ് ഡേറ്റ് ആണെന്ന് മുഴുവനും പറയാനാവില്ല.


രണ്ടു പേരും ജീവിതത്തിൽ മുറിവേറ്റവർ. കുടുംബങ്ങൾ. ഭാഷകൾ മാറിയാലും ജീവിതം ഇന്നാട്ടിലും പ്രവാസികൾക്ക് ഒരുപോലെ.


ഉച്ചകഴിഞ്ഞിരിയ്ക്കുന്നു.

"നമുക്ക് പുറത്ത് പോയി ലഞ്ച് കഴിച്ചാലോ?" ഞാൻ പറഞ്ഞു.


"വേണ്ട, നമുക്ക്‌ രാത്രിയിൽ നേവി പിയറിനടുത്ത് പോകാം. അവിടെ പലവിധ റെസ്റ്റോറൻറുകളുമുണ്ട്" അവൾ പറഞ്ഞു.


"എന്നാൽ നമുക്ക് താഴെയുള്ള റെസ്റ്റോറന്റിൽ പോകാം." എന്തെങ്കിലും ചെറുതായി കഴിക്കാം.


താഴെയുള്ള ബാർ തുറന്നിട്ടുണ്ട്. റെസ്റ്റോറന്റ് വൈകുന്നേരം മാത്രമേ ഉള്ളൂ.


ഒരു വട്ട മേശയും ചുറ്റും രണ്ട് ബാർ സ്റ്റൂളും. 

വൈൻ ഓർഡർ ചെയ്തു കുടിച്ചു.


വണ്ടി ഓടിക്കാൻ ഉള്ളത് കൊണ്ട് അധികം കുടിക്കേണ്ട എന്ന് തീരുമാനിച്ചു.


പിന്നീട് സിറ്റിയിൽ പോയി.

ഒടുക്കത്തെ ട്രാഫിക്.

കുറേ ചുറ്റിത്തിരിഞ്ഞ് അവസാനം ഒരിടത്ത് പാർക്കിങ് കിട്ടി.


എല്ലാ റെസ്റ്റോറന്റിലും റിസർവേഷൻ. ഞങ്ങൾ കാത്തിരുന്നു.


അകലെ ഹിബാച്ചി റെസ്റ്റോറന്റിൽ വലിയ തീജ്വാലകൾ ഉയർന്നു. ഉച്ചത്തിലുള്ള മ്യൂസിക്കും.


"വെജിറ്റേറിയൻ ആണോ?"

ഇല്ല, ഞാനെല്ലാം കഴിക്കും. അവൾ പറഞ്ഞു.


അവസാനം ഞങ്ങളുടെ ഊഴമെത്തി. എന്നോട് ഓർഡർ ചെയ്യാൻ പറഞ്ഞു. അവൾക്കും അതെല്ലാം ബോധിച്ചു. 

ഭക്ഷണം കുറേ ഉണ്ട്. 

വെയിറ്റർ വന്നു,

" എങ്ങനെ യുണ്ട്, ഡിസർട്ട് മെനു ഇതാണ്."

"കൊള്ളാം, പക്ഷേ എനിക്ക് ഫുള്ളായി."

"എനിക്കും" ഞാൻ പറഞ്ഞു.


അവൾ പറഞ്ഞു, "ഐ ഹാവ് ടു ഡു എ പൗഡർ ബ്രേയ്ക്ക്"

"ശരി"

ഞാനിരുന്നു. 

ആലോചിച്ചു നോക്കി. 

അവളെ തെറ്റ് പറയാൻ കാര്യമില്ല. പ്രൊഫൈൽ ചിത്രം കാണാൻ കൊള്ളാവുന്നതും ലേശം വർഷങ്ങൾക്ക് മുൻപുള്ളതും ആയി പോസ്റ്റ് ചെയ്യുന്നത് സ്വാഭാവികമായും സംഭവിക്കും.


അട്രാക്ഷൻ, അതാണല്ലോ എല്ലാം. എത്ര സുന്ദരി ആയിരുന്നാലും ഒന്നു രണ്ട് വർഷം കഴിഞ്ഞാൽ പ്രായം കാണിക്കും. 

അവളാണെങ്കിൽ അത്യധികം മേക്കപ്പും മറ്റും ചെയ്യാതെയാണ് വന്നത്.


മേക്കപ്പ് ചെയ്താൽ കിടുവാകും. 


വെയിറ്റർ ബില്ലുമായി വന്നു.

ഞാൻ ക്രെഡിറ്റ് കാർഡ് എടുത്തു കൊടുത്തു.


അവളെ കാണാനില്ല.

ഒരു പക്ഷേ സ്ത്രീകൾ ളുടെ റെസ്റ്റ്റൂമിൽ എന്നും കാണുന്നതുപോലെയുള്ള ലൈനായിരിയ്ക്കും. 

സാരമില്ല. 


പതിനഞ്ച് ഇരുപത് മിനിറ്റ് കഴിഞ്ഞു.


ആളിനെ കാണാനില്ല.

ഫോൺ ചെയ്താലോ?


ശ്ശെ, അതുവേണ്ട.

ഞാൻ ഇരിക്കപ്പൊറുതിയില്ലാത്ത ആളാണെന്ന് കരുതും.


അവസാനം അവൾ വന്നു.

അവൾ പേഴ്സ് എടുത്ത് ഒരു തിളങ്ങുന്ന അലൂമിനിയം ഫോയിൽ കാണിച്ചു, "ഇത് എന്താണ് എന്നു പറയൂ"


ഞാൻ നോക്കി. രണ്ട് ഗുളികകൾ.

"ഏതോ പ്രൊജസ്റ്റെറോൺ പോലുണ്ട്"

"ഇത് എന്തിനാണ് ഉപയോഗിക്കുന്നത്?"

"എനിക്കറിയില്ല. എന്താണ് ഇപ്പോൾ ഇത് കാണിക്കുന്നത്?"


"അല്ല, ഞാൻ എന്റെ ഭർത്താവിന്റെ പോക്കറ്റിൽ കണ്ടതാണ്. ഇത് ആഫ്ടർ പില്ലാണെന്നാണ് എനിക്ക് തോന്നുന്നത്" അവൾ അമർഷത്തോടെ പറഞ്ഞു.

"അതൊക്കെപ്പോട്ടെ, നമുക്ക് വേറെ എന്തെങ്കിലും സംസാരിക്കാം" ഞാൻ പറഞ്ഞു.


ശരിയാണ്, നമുക്ക് ഹോട്ടലിൽ തിരിച്ചു പോകാം.


ഞാൻ കരുതിയത് എന്നെ ഡ്രോപ്പ് ചെയ്ത് അവൾ തിരിച്ചു പോകുമെന്ന്.


അതുണ്ടായില്ല.

റൂമിലെത്തി.


ആഭരണങ്ങൾ അഴിച്ചു ബാഗിലാക്കി ബാത്ത് റൂമിൽ പോയി അവൾ തിരിച്ചു വന്നു. 


ഒരു കമ്മീസോളുമിട്ട് ഡ്യൂവെറ്റ് കവറിനടിയിലേയ്ക്ക് ഊർന്നിറങ്ങുന്നതിനിടയിൽ അവൾ പറഞ്ഞു,


 "എനിക്ക് നല്ല ഉറക്കം വരുന്നു, നാളെ സംസാരിക്കാം"


ഞാൻ ഓർത്തു.

പലവിധ ചോദ്യങ്ങൾ

എന്ത് കൊണ്ടാണ് ഭക്ഷണം കഴിച്ചശേഷം അവൾ അപ്രത്യക്ഷമായത്?

ഒരു പക്ഷേ അവൾ വെജിറ്റേറിയൻ ആയിരിക്കാം 

ഒരു വിധത്തിൽ എങ്ങനേയോ കഴിച്ച് ടോയ്‌ലറ്റിൽ ശർദ്ദിച്ചുകാണും.


ഇനി ബില്ലു കൊടുക്കാതെ രക്ഷപ്പെടാനുള്ള ശ്രമമായിരുന്നെങ്കിലോ?

ഇല്ല. രണ്ട് കൈയിലും പത്തോളം പവന്റെ ആഭരണങ്ങൾ അണിഞ്ഞ ലെക്സസ് ഓടിക്കുന്ന ഇവൾക്ക് അതിന്റെ ആവശ്യമില്ല.


ഭർത്താവ് ഏതോ സ്ത്രീയോട് ബന്ധം പുലർത്തുന്നുവെന്ന് കണ്ടുപിടിച്ച ഒരു സ്ത്രീയാണിത്. 

ഇതുവരേയും മാന്യമായി മാത്രമേ പെരുമാറിയിട്ടുള്ളൂ.


അല്ലെങ്കിൽ ബാത്ത് റൂമിൽ പോയി ലഹരി മരുന്നുകൾ ഉപയോഗിച്ചതാണോ? 

ഞാൻ പുതപ്പിനടിയിലെ അവളുടെ കൈത്തണ്ടയിൽ ഞരമ്പുകൾ തലോടി. ഇല്ല.


മഹാപാപം. 

ഞാൻ എത്ര ദോഷൈകദൃക്കായിരിയ്ക്കുന്നു.


ഇവൾ ഒരു കുല സ്ത്രീ.

നനുത്ത അടിവസ്ത്രം മാത്രം ധരിച്ച് ഇന്ന് ഈ പുതപ്പിനടിയിൽ എന്നോടൊപ്പം രാത്രി ചിലവിടുന്നു. 

ഒരു അന്യനായ പുരുഷന്റെ മാന്യമായ പെരുമാറ്റം പ്രതീക്ഷിച്ച് അവൾ ഒരു കുഞ്ഞിനേപ്പോലെ ഉറങ്ങുന്നു..


അവൾക്ക് സെക്‌സ് ആണ് ആവശ്യമെങ്കിൽ എന്നെ പ്രലോഭിപ്പിക്കാമായിരുന്നു.

ഇത് ഒരു മാതിരി ഗാന്ധിയുടെ  പരീക്ഷണമായിപ്പോയി.



4.

അതിരാവിലെ എന്തോ ശബ്ദം കേട്ട് ഉണർന്നു.

ഇന്നലെ കണ്ടത് സ്വപ്നമായിരുന്നു. വെറുതെ.

പിന്നെ മനസ്സിലായി.

ഇല്ല. പുതപ്പിന് അവളുടെ പെർഫ്യൂം മണക്കുന്നു. ഞാൻ ഹോട്ടൽ മുറിയിലാണ്. ഹാങ്ങറിൽ അവളുടെ ജീൻസ്. 


ഇത് സ്വപ്നമല്ല. 

അവൾ ബാത്ത് റൂമിൽ നിന്നും വന്നു.

"സോറി, ഞാൻ നിങ്ങളുടെ ടൂത്ത് ബ്രഷ് എടുത്തു, വിഷമമില്ലല്ലോ?"


ഇത് ആദ്യമായാണ്. നാൽപത് വർഷത്തിൽ ഞാൻ ആരുമായും ടൂത്ത് ബ്രഷ് പങ്ക് വച്ചിട്ടില്ല. ഇന്ന് അതും സംഭവിച്ചു. 

"എനിക്ക് ഇന്നലെ വളരെയധികം ക്ഷീണമായിരുന്നു. ആദ്യമായാണ് ഒരു കുട്ടിയെപ്പോലെ ഉറങ്ങിയത്" അവൾ ഒരു ഹഗ്ഗും കിസ്സും തന്നു.


"മ്മള് ക്ടാങ്ങളെപ്പോലെങ്ങിനെ കെടന്നൊറങ്ങ്യാൽ മത്യോ മോളേ?"


എന്ന് ചോദിക്കാൻ വന്നു.


ഏയ്‌, ആക്രാന്തം കാണിക്കണ്ട. എത്രയായാലും മ്മക്ക് കിട്ടാനുള്ളതല്ലേ. നിപ്പനടിക്കുന്നതിനേക്കാൾ സാവകാശം നല്ലൊരു ആംബിയൻസിൽ ആസ്വദിച്ചു ആസ്വദിച്ചു അങ്ങനെ...


പിന്നീട് കാപ്പിയുണ്ടാക്കിക്കുടിച്ചു.

"എനിക്ക് ഇന്ന് ബാങ്കിൽ പോകണം. അതുവഴി ഞാൻ വീടും കാണിക്കാം പിന്നെ നമുക്ക് ടൗണും മാളുമൊക്കെ കാണാം. വാട്ട് ഡു യൂ തിങ്ക്?"


"ഞാൻ റെഡി"


അവൾ എന്നേയും കൂട്ടി അവർ താമസിച്ചിരുന്ന പോഷ് നൈബർഹുഡിൽ പോയി. 

വീടിന്റെ ഡ്രൈവ് വേയുടെ അകലേയായി നിർത്തി.

എനിക്ക് മനസ്സിലായി. 

വീടിന്റെ പുറത്ത് cctv കാണും. ഭർത്താവ് നാട്ടിൽ നിന്നും വന്നാൽ കാറിന്റെ അകത്ത് ഇരിക്കുന്ന എന്നെക്കാണും.


ഇനി വേറേ ആരുടേയോ വീട് ആയിരിയ്കുമോ?


കാറും റെന്റിനെടുക്കാമല്ലോ?

ഞാൻ കാറിനകം ഒന്നുകൂടി നോക്കി. ഡാഷ് ബോർഡിൽ ഗണേശ്. റിയർവ്യൂ മിററിൽ തൂങ്ങിക്കിടക്കുന്ന രുദ്രാക്ഷം. ഡ്രൈവർ സീറ്റിനു പിന്നിൽ ഓടിന്റെ മൂടിപ്പാത്രം.


അവൾ തിരിച്ചു വന്നു.


"ഹസ്ബന്റ് നാട്ടിലാണ്. വീട്ടിൽ ആരും കയറി മോഷണമൊന്നും നടത്തിയിട്ടില്ല എന്ന് നോക്കാനാണ് പോയത്. ഇനി ഞാൻ താമസിക്കുന്ന അപ്പാർട്ട്‌മെന്റിൽ പോകാം"


"ഓ ക്കേ"

വഴിയിൽ വച്ച് അവൾ പറഞ്ഞു, പെട്ടെന്ന് ഫ്ളാറ്റ് കിട്ടാൻ ഉണ്ടായ പ്രയാസങ്ങൾ. ബാങ്കിൽ നിന്നും രണ്ടാഴ്ച വഴുതി വീണ് തണ്ടലു വെൽകം ഉണ്ടായതും.


പിന്നെ അവളുടെ സ്വപ്നങ്ങൾ. 

തിരിച്ചു ബോംബേയിലേയ്ക്ക് പോയി അടിച്ച് പൊളിക്കണം.


ഞാൻ അതെല്ലാം കേട്ടിരുന്നു. 

"എനിക്കും മക്കളുണ്ട്, ഹൗ ഡു യു ഫീൽ എബൗട്ട് ദാറ്റ്?"

"അതെല്ലാം അറിഞ്ഞതിനുശേഷമല്ലേ നമ്മൾ അടുത്തത്?" അവൾ പറഞ്ഞു.


ശരിയാണ്.


പിന്നെ ഞങ്ങൾ ബാങ്കിൽ പോയി. അവൾക്ക് പരിചയമുള്ള ആളുകൾ. കൗണ്ടറിൽ തിരക്കാണ്. ശനിയാഴ്ച.

" ഞാനൊരു കാര്യം പറഞ്ഞാൽ വിഷമിക്കുമോ? എന്റെ അപ്പാർട്ട്‌മെന്റിൽ റെന്റ് കൊടുക്കണം. ഭർത്താവ് നാട്ടിൽ ആയതുകൊണ്ട് പുള്ളി ട്രാൻസ്ഫർ ചെയ്യാൻ താമസിച്ചു. കാൻ യൂ ഹെൽപ് മീ?"

"എത്ര വേണം?"

"തൗസന്റ് മതി. ചെക്ക് തന്നാൽ ഞാൻ ഡെപ്പോസിറ്റ് ചെയ്യാം"


ഞാൻ എന്റെ കോട്ടിന്റെ പോക്കറ്റിൽ നിന്നും ചെക്ക് എഴുതി. അവളുടെ പേരിൽ. 

അടുത്ത ഊഴം അവളുടേതായിരുന്നു.


ബാങ്കിൽ നിന്നും അവളുടെ അപ്പാർട്ട്‌മെന്റിൽ പോയി.

പാർക്കിങ് അകലേയാണ്.

"കാറിൽ ഇരുന്നോളൂ, അയൽക്കാർ ഗോസിപ്പ് പറയാൻ ഇടവരേണ്ട. ഞാൻ പോയി ക്ളോത്ത് എല്ലാം മാറി വരാം"


ഞാൻ കാറിലിരുന്നു.

ഇളംനീല ചായമടിച്ച രണ്ട് നിലയുള്ള വൃത്തിയായി സൂക്ഷിക്കുന്ന അപ്പാർട്ട്‌മെന്റ് കോംപ്ളെക്സിൽ  വീക്കെന്റിൽ തിരക്ക് കാണുന്നില്ല.

പതിനഞ്ച് മിനിറ്റ് കഴിഞ്ഞു.


അവൾ തിരിച്ചു വന്നു.

അവൾ ഒരു ആൽബം കയ്യിൽ പിടിച്ചിരുന്നു. അതിൽ ആരുടേയോ വിവാഹ ഫോട്ടോകൾ. അതിൽ അവളുടെ കടുംബത്തിലെ എല്ലാവരേയും പരിചയപ്പെടുത്തി.

മകൾ, മകൻ, ഭർത്താവ്, ബോംബേയിലെ പ്രശസ്തർ. അന്നത്തെ ഹാർട്ട് ത്രോബ് ജാക്കി ഷ്രോഫ്.


ഇനി നമുക്ക് മാളിൽ പോകാം.

പിന്നീട് മാളിൽ കൈകോർത്ത് കറങ്ങി.

സിനിമ കണ്ടു.

അവളുടെ ചോയ്‌സ്.

ഉച്ചയ്ക്ക് ഒരു ഇന്ത്യൻ റെസ്റ്റോറന്റിൽ  ലഞ്ച്.

ഞാൻ തന്നെ ബില്ലടച്ചു.


അങ്ങനെ ആ ദിവസവും കഴിഞ്ഞു.


വാതിൽ തുറന്നപ്പോൾ ഉണ്ടായ ഞെട്ടൽ ഞങ്ങൾക്ക് മാറിയിരുന്നു.


തിരിച്ചു എയർപോർട്ടിൽ വിട്ട് അവൾ പോയി.


ലാന്റ് ചെയ്തപ്പോൾ അവളുടെ വോയ്‌സ് മെയിൽ. പ്രണയത്തിന്റെ മധുരം.


വീണ്ടും ജോലികൾ.

ഫോൺ വിളികൾ കുറഞ്ഞു.

പലപ്പോഴും തിരിച്ചു വിളികളും.


ഒരുപക്ഷേ അവൾക്ക് എന്നെ ഇഷ്ടപ്പെട്ടു കാണില്ല.


വല്ലപ്പോഴും വിളികൾ വന്നു.

ആയിടെയ്ക്കാണ് എനിക്ക് ഫെല്ലോഷിപ്പിന് ഇന്റർവ്യൂ വന്നത്.


അവൾ പറഞ്ഞു, "ഇതുവഴി വരുമെങ്കിൽ വിളിക്കണേ, നമുക്ക് കൂടാം".


ഇന്റർവ്യൂ വന്നപ്പോൾ കരുതിക്കൂട്ടി കാർ റെന്റിനെടുത്ത് തിരിച്ചു വരുന്നവഴിയിൽ വിളിച്ചു. വോയ്‌സ് മെയിൽ ഇട്ടു.

" ഞാൻ നാളെ അതുവഴി വരുന്നു, വിളിക്കുക"


പലതവണ വിളികളും വോയ്‌സ് മെയിലും. 


അവൾ എവിടേയാണ്?


രണ്ട് ദിവസം കഴിഞ്ഞ് ഞാൻ വീട്ടിൽ തിരിച്ചെത്തി.

അവളുടെ ഫോൺ" ഇതു വഴി വരുന്നുണ്ടോ?"


ഞാൻ പറഞ്ഞു, "വരുന്നുണ്ടായിരുന്നു. ഇപ്പോൾ തിരിച്ചു വന്നു"

"അയ്യോ, ഇനി വരുമ്പോൾ വിളിക്കണേ"


ഇതുവരേയും അവളുടെ ശബ്ദം ഞാൻ പിന്നെ കേട്ടിട്ടില്ല.


വാൽകഷണം:


അനോണികൾ അന്നും ഉണ്ടായിരുന്നു.

രണ്ട് മാസം കഴിഞ്ഞു ഞാൻ എന്റെ പ്രൊഫൈൽ ചിത്രം മാറ്റി ലേശം ഗോട്ടീയുള്ള ഒരെണ്ണം വച്ചു. സ്ഥലം ബെർലിൻ, ജർമ്മനി. ജന്മദേശം ബോംബെ. 


ഗസ് വാട്ട്


ഇട്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേയ്ക്കും ഒരു ഇൻട്രോ വന്നു.

(ഞാൻ പ്രതീക്ഷിച്ച മീൻ തന്നെ)


ഓർമ്മയുണ്ട് ആ മുഖം.


പതിനേഴ് വർഷമായി ഈ സംഭവം നടന്നിട്ട്.

ഈ തിരു ശേഷിപ്പുകൾ.

ഗൂഗിൾ ആരേയും ഒളിപ്പിക്കുന്നില്ല.


പ്ളാസ്റ്റിക് കവറിലെ ഉറുദു കാസറ്റുകൾ.

ഒരിക്കൽ കേട്ടു.

താൽപര്യമില്ല.

Saturday, August 22, 2020

കൊള്ളിമാവും കാവടിക്കാലവും

 ~കൊള്ളിമാവും കാവടിക്കാലവും ~

രണ്ടാം ഭാഗം


/ആദ്യഭാഗം എഴുതി പോസ്റ്റ് ചെയ്തു. അത് കഴിഞ്ഞു രണ്ട് പേജ് ഫോണിൽ ടൈപ്പ് ചെയ്തത് ഡ്രാഫ്റ്റാക്കി നിർത്തി. നോക്കിയപ്പോൾ തീറ്റ റപ്പായിയ്ക്ക് പത്തൻസിൽ ഇലയിൽ ചോറിട്ടപോലെ പോയ വഴിയില്ല./


വീണ്ടും തുടങ്ങട്ടെ.

അന്ന് വാഴക്കുളം അമ്പലത്തിൽ പ്രധാനമായും രണ്ട് കാവടി സംഘങ്ങൾ ആണ് ഉണ്ടായിരുന്നത്. ഒന്ന് ബീച്ചിൽ നിന്നും ഞങ്ങളുടെ, പിന്നെ വലപ്പാട് കുണ്ടായി ഫാർമസിയുടെ നേതൃത്വത്തിൽ മറ്റൊന്നും. ഞങ്ങൾ 'മാലാഖ' വളവ് എന്ന് വിശേഷിപ്പിച്ചിരുന്ന ബീച്ച് റോഡിലെ തൊണ്ണൂറ് ഡിഗ്രി ബെന്റായിരുന്നു അദൃശ്യമായ ലൈൻ ഓഫ്  കൺട്രോൾ.

അതിന്റെ വടക്കുകിഴക്കൻ പ്രദേശത്തെ കാവടിയാട്ടം കുണ്ടായി ഗ്രൂപ്പിന്റെ അവകാശമായിരുന്നു.

ജനിച്ച സമയത്ത് ചിറകുകൾ ഇല്ലാതെ തന്നെ മാലാഖകളെപ്പോലെയുണ്ടായിരുന്ന രണ്ട് ചേച്ചിമാരുടെ വീടും കടയും ആ ബെന്റിന്റെ 90 ഡിഗ്രി മാർക്ക് ചെയ്യുന്ന സ്ഥലത്തായതുകൊണ്ടാണ് ആ പേര് വന്നത്.

കാവടിക്കാലം വന്നപ്പോൾ ആദ്യത്തെ കമ്മിറ്റി മീറ്റിങ് എപ്പോഴത്തേയും പോലെ ഞങ്ങളുടെ വീട്ടിൽ. 

എന്തെങ്കിലും തർക്കങ്ങളും ഇറങ്ങിപ്പോക്കും പതിവാണ്. 

തകിൽ വാദ്യക്കാരൻ ഈ വർഷം എതിർഗ്രൂപ്പിന് കൊട്ടാൻ കരാർ എടുത്തു എന്ന വിവരം കിട്ടി. അയാളെപ്പറ്റി പണ്ടേ വലിയ മതിപ്പുണ്ടായിരുന്നില്ല, മാത്രമല്ല പുതിയ അടിപൊളി പാട്ടുകളും പുള്ളിയ്ക്ക് പിടിയില്ലായിരുന്നു. ആരോ പൊള്ളാച്ചിയിൽ പോയാൽ പൂയത്തിന് തകിലടിക്കുന്ന ചുള്ളൻ തമിഴ് അണ്ണാച്ചിമാരെ കിട്ടുമെന്ന് പറഞ്ഞു.

പിറ്റേന്ന് അച്ഛൻ ഒരു കറുത്ത ബാഗുമെടുത്ത് കൊല്ലങ്കോട് വഴി പൊള്ളാച്ചിയെത്തി അന്ന് അവിടെത്താമസിച്ചു.

 ഒരു ഉച്ച സമയത്ത് മുഷിഞ്ഞ ഷർട്ടും ഒരു പെരുങ്കായത്തിന്റെ സഞ്ചിയിൽ നിറച്ച് അരിമുറുക്കുമായി അച്ഛൻ പടികടന്നു വന്നു.

മുഖത്ത് അഭിമാനം.

ഓപ്പറേഷൻ സക്സസ്.

തകിൽ വിദ്വാൻ മിസ്റ്റർ അണ്ണാമലൈ ആണെങ്കിൽ കേരളത്തിൽ പോയി കൊട്ടാൻ ഒരു സന്ദർഭം കിട്ടിയത് സ്ലംഡോഗ് മില്യണെയർ പിടിക്കാൻ  ഹോളിവുഡ് പ്രൊഡക്ഷൻ ധാരാവിയിലെത്തിയപോലേയാണ് എടുത്തത്. വളരെയധികം കഷ്ടപ്പെട്ട് ജീവിതം തള്ളി, സ്വന്തമായി ഒരു ടീമിനെ ഉണ്ടാക്കി പേരെടുക്കാൻ സാധിക്കണേ ഒരിക്കൽ.. എന്ന് മുരുകനോട്  അണ്ണാമലൈ മനമുരുകി പ്രാർത്ഥിച്ചു

നിൽകുമ്പോഴാണ് "കടവുൾ മാതിരി മേഷ് " അയാളുടെ കുടിലിലേയ്ക്ക് കടന്ന് വന്നത് എന്ന് അടുത്ത തയ്യൽക്കട നടത്തുന്ന രാഘവേട്ടനെക്കൊണ്ട് മലയാളത്തിൽ എഴുതിയ ഇൻലന്റിൽ അയാൾ  പിന്നീട് നാലു ഖണ്ധികയിൽ എഴുതിയത്.

ആ വർഷത്തെ പൂയം ഗംഭീരമായിരുന്നു. 

പൊള്ളാച്ചി അണ്ണാച്ചിയുടെ തകിലടി സംഘം, രാത്രിയിൽ ഹിന്ദിയും തമിഴും അടിപൊളി പാട്ടുകൾ പെടയ്കുന്ന സെന്റ് സെബാസ്റ്റ്യൻ ബാന്റ് സംഘവും.

ഞങ്ങളുടെ പഞ്ചായത്തിലെ വർഷത്തിൽ മുന്നൂറ്റി അറുപത്തഞ്ചുദിവസവും പടക്കം വിൽക്കുന്ന കടയുടെ ഉടമസ്ഥരായിരുന്നു എതിർസംഘം. എന്നാൽ ഞങ്ങളുടെ പക്ഷത്തായിരുന്നു ചെറുവത്തൂർ അന്തോണീസ് ചേട്ടൻ. പുള്ളി വലപ്പാട് പള്ളിമുതൽ തൃപ്രയാർ ക്ഷേത്രത്തിൽ വരെ വെടിക്കെട്ട് നടത്തുന്ന ഞങ്ങളുടെ ലോക്കൽ ഗഡിയും എന്റെ അച്ഛന്റേയും പാപ്പൻമാരുടേയും ബാല്യകാല സുഹൃത്തുമായിരുന്നു. അന്ന് എന്റെ ഓർമ്മയിൽ നാലോ അഞ്ചോ ക്രിസ്ത്യൻ വീടുകളേ ഞങ്ങളുടെ വാർഡിൽ ഉള്ളൂ. പറയുമ്പോൾ അമ്പ് പെരുന്നാളിന് എന്നാലും കശപിശ ഉണ്ടാകും.

അന്തോണീസ് ചേട്ടന്റെ പേര് അന്തോണി എന്നാണെങ്കിലും പുള്ളി സ്വയം പുണ്യാളന്റെ പേരുതന്നെ എടുത്തു. ഫുൾഫിറ്റിൽ കാവടി പോകുന്നതിനടുത്ത് പലനിറത്തിൽ പുള്ളിയുടെ കൈയിൽ നിന്നും കത്തിയ്ക്കുന്ന മത്താപ്പിൽ       ഞങ്ങളുടെ കാവടിസംഘം പലവിധ LUTൽ തിളങ്ങും. 

പൂക്കാവടി ഉണ്ടാക്കുന്ന ദിവസങ്ങൾ ഉത്സാഹത്തിന്റെ ദിനങ്ങളാണ്.

വീടിന്റെ മുന്നിൽ ഞങ്ങളുടെ തെങ്ങുകയറുന്ന രാമു പുതിയ മടലുകൾ വെട്ടിയിടും പിന്നെ രണ്ട് പേർ ഈർക്കിൽ ആക്കിമാറ്റും. അതിന്റെ മണം ഇപ്പോഴും മൂക്കിലുണ്ട്. മാടത്തിങ്കൽ ബാലേട്ടൻ ആണ് പൂക്കാവടികളുടെ ഡിസൈൻ ഉണ്ടാക്കുന്നത്. പുള്ളിയുടെ സാധാരണ തൊഴിൽ ആധാരമെഴുത്ത്, കറസ്പോണ്ടൻസ് വഴി പഠിച്ച ഹോമിയോചികിത്സ എന്നിവയായിരുന്നു. ആദ്യമായി ഞങ്ങളുടെ നാട്ടിൽ ഡോക്ടർ എന്ന് ബോർഡ് വച്ച ആളും ബാലേട്ടനാണ്.

പുള്ളിയുടെ വീട്ടിൽ പോയി പലപ്പോഴും ഞാൻ അച്ഛൻ പറഞ്ഞ്  ഹോമിയോ മരുന്ന് വാങ്ങിയിട്ടുണ്ട്. പൈസ വാങ്ങിയിരുന്നോ എന്നറിയില്ല. 

ബാലേട്ടൻ തൃശ്ശൂർ പോയി പലതരത്തിലുള്ള കളർ പേപ്പറുകളും മറ്റും വാങ്ങി കൊണ്ടുവരും. അതിൽ പല ഷീറ്റുകൾ ചെറിയ ഗൗരവത്തോടെ മടക്കി വെട്ടി വൃത്താകൃതിയിൽ ആക്കി മാറ്റും. ഞാനടക്കമുള്ള ബാലസംഘം ഒരു പായിലിരുന്ന് ഓരോന്നായി അവയെല്ലാം അടർത്തി മാറ്റും. പലർക്കും പല പണിയാണ്. 

കൊള്ളിമാവ് ഒരു അലൂമിനിയം കലത്തിൽ ചൂടുവെള്ളമൊഴിച്ച് കുറുക്കും. അതിൽ തുരിശ് ചേർക്കുന്നതുകൊണ്ട് തിന്നാൻ പാടില്ല. പാറ്റ കാരാതെ പൂക്കൾ സൂക്ഷിക്കാനാണത്.

ഓരോ വട്ടക്കടലാസ്സിലും നടുക്ക് കൊള്ളിമാവിൽ കുറുക്കിയ പശ വിരലിന്റെ അറ്റം മുക്കി ഒട്ടിച്ച് തിരിയ്ക്കും, അങ്ങനെ യാണ് പൂക്കൾ ഉണ്ടാക്കുക. പിന്നീട് ഈർക്കിൽ അതിന്റെ നടുവിലൂടെ കയറ്റുന്ന ജോലി. അവസാനം പച്ചക്കടലാസുവെട്ടി ഡയഗണലായി സ്പീഡിൽ തിരിച്ചു ഓരോ പൂവിലും ഇലയുടെ ഡെക്കറേഷൻ നടത്തുന്നതോടെ  ഞങ്ങളുടെ വീട്ടിലെ പൂമുഖവും സ്വാമിമുറി എന്ന് വിളിച്ചിരുന്ന നാലാമത്തെ മുറിയും മുഴുവനായും മനോഹരമായ പൂക്കളോട് നിറയും. അവസാനമാണ് കാവടിയിയിൽ

പാണൻ ഗോപാലൻ പ്രത്യേകമായി നെയ്ത പനമ്പുകൊട്ടകളിൽ പത്രക്കടലാസ് ഒട്ടിച്ച് അതിൽ പൂക്കൾ ഒട്ടിക്കുന്ന സ്റ്റേജ്. അങ്ങനെ കൊട്ടക്കാവടി ഉണ്ടാക്കും.

പൂക്കളുണ്ടാക്കുന്നത് രാത്രിയിൽ ആണ്.  അത് രാത്രി ഏഴുമണിക്ക് തുടങ്ങി കാലത്ത് രണ്ട് മണിവരെ തുടരും.  കൊള്ളി പുഴുങ്ങിയതും കട്ടൻ ചായയും ആവശ്യാനുസരണം അടുക്കളയിൽ തയ്യാറായിരിയ്ക്കും. തമാശകൾ, പലരുടെയും മൂട്ടിൽ പശതേയ്ക്കുക, രാത്രിയിൽ വീടിന്റെ പിന്നിൽ ചാടിവീണ് പേടിപ്പിക്കുക എന്നീ കലാപരിപാടികൾ ഉണ്ടായിരുന്നു.

പൂയ്യത്തിന്റെ രണ്ട് ദിവസം മുൻപ് കാവടികളുമായി വീടുതോറും പിരിവിന് ഞങ്ങൾ രണ്ട് സംഘമായി പോകും. അങ്ങനെയാണ് മൂന്ന് വാർഡിലെ എല്ലാ വീടുകളും അതിലെ നാട്ടുകാരേയും എനിക്ക് പരിചയമായത്.

 തകിലും കാവടികളും ചേർന്ന് പലയിടത്തും ചുറ്റി തിരിച്ചു വരുമ്പോൾ ഉച്ചയ്ക്കും രാത്രിയിലും ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും ഭക്ഷണം തയ്യാറായിരിയ്ക്കും.

അതൊന്നും കണക്കിൽ വരാത്ത ചിലവുകൾ.

അച്ഛന്റെ ഹോബിയായിരുന്നു അത്. ഒരുദേശത്തിന്റെ അഹങ്കാരമായി ഞാൻ ഹൈസ്‌കൂൾ എത്തുന്നത് വരേയും അത് തുടർന്നു. വീടിന്റെ സ്വാമിമുറിയിൽ പീലിക്കാവടികളും ഉറങ്ങി.

അങ്ങനെ പൂയം കഴിഞ്ഞു രാത്രിയിൽ നിശ്ശബ്ദരായി, മെതികഴിഞ്ഞ പാടങ്ങളിലൂടെ തലയിൽ പിടിച്ച ഗാസ് ലൈറ്റ് വെളിച്ചത്തിൽ ഉറക്കച്ചടവോടെ ഞങ്ങളുടെ സംഘം വീട്ടിലെത്തും.

കല്യാണം കഴിഞ്ഞ വീടുപോലെ 

കാലത്ത് അണ്ണാച്ചിമാർ പൈസയും വാങ്ങി തകിലുകൾ കാവി നിറത്തിലുള്ള തുണികളിൽ കെട്ടി നടന്നുപോകും. വീട്ടിലെ മേശകളിൽ കർപ്പൂരത്തിന്റെ പാക്കറ്റുകളും  ചന്ദനത്തിരികളും പീലിത്തണ്ടുകളും, അന്തരീക്ഷത്തിൽ ഉണങ്ങിയ കൊള്ളിമാവിന്റെയും ഭസ്മത്തിന്റേയും മണവുമായി ആ ദിവസങ്ങളും തീരും.

 


(നേരത്തെ വായിക്കാത്തവർക്കായി ഒന്നാം ഭാഗം)


~കൊള്ളിമാവും കാവടിക്കാലവും ~


ഒന്നാം ഭാഗം.

ഇന്ന് ടാപ്പിയോക്ക പുഡ്ഡിങ്ങ് കഴിച്ചു വയറിന്റെ വിസ്താരം വർദ്ധിപ്പിച്ചു കൊണ്ടിരിക്കെയാണ് കാവടിക്കാലം മനസ്സിലെത്തിയത്.

അത് ഞങ്ങളുടെ ദേശത്തിന്റെ കഥയാണ്.


തൃപ്രയാർ പടിഞ്ഞാറുവശത്തുള്ള, വാഴക്കുളം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലായിരുന്നു ഞങ്ങളുടെ നാട്ടിലെ തൈപ്പൂയം. 

പൂയം വരുന്നത് മിക്കവാറും അമ്പലത്തിൽ പൂരം വരുന്നതിന് മുൻപായിരുന്നുവെന്ന് തോന്നുന്നു.

രണ്ട് കാര്യങ്ങൾ ആണ് അതെക്കുറിച്ച് ഓർക്കുമ്പോൾ ഓർമ്മ വരുന്നത്.

ഒന്ന്, രാത്രിയിൽ ഉറങ്ങാൻ തുടങ്ങുമ്പോൾ പേടിപ്പെടുത്തുന്ന ചിലമ്പുകളുടെ ശബ്ദഭേരിയിൽ പടവാളുമായി അലറിത്തുള്ളിവരുന്ന വെളിച്ചപ്പാട്.

ഒരുമാതിരി അപ്പർപ്രൈമറി വരേയുള്ള പിള്ളേരെല്ലാം അതുകണ്ടാൽ ട്രൗസറിൽ പെടുക്കും. എന്റെ ഒളിസ്ഥാനം നടപ്പുരയുടെ രണ്ട് വശത്തും ഉയർത്തി കെട്ടിയ കയ്യാലയുടെ ഒരുവശത്തുള്ള നടപിരിവ് കണക്കുകൾ സൂക്ഷിച്ചിരുന്ന ഒരു കോട്ടപ്പെട്ടിയുടെ പിന്നിലെ മൂലയിലാണ്. ആ സമയമാകുമ്പോഴേയ്കും സൂചികുത്താൻ അവിടെ പഴുതുണ്ടായിരുന്നില്ല. 

തൈപ്പൂയം രാത്രിയിൽ 'ഭസ്മക്കാവടി' എന്ന കാര്യത്തോടെ സമാപിക്കും. രാത്രിയിൽ ബാന്റുസെറ്റും ഗാസ്ലൈറ്റും വെടിക്കെട്ടും മത്താപ്പൂവുമായി രസമാണ്. അതിനു പോകാതെ വയ്യ, പക്ഷേ പെനാൽറ്റി വെളിച്ചപ്പാട് ഹൊറർ ഷോ ആണ്.

രാവിലെ തുടങ്ങി ഉച്ചയ്ക്ക് തിരിച്ചു പോകുന്ന കാവടിയാത്ര 'പാൽക്കാവടി' എന്നപേരിൽ അറിയപ്പെടുന്നു. അതിലാണ് ഞങ്ങളുടെയെല്ലാം കാവടി സാമർത്ഥ്യം അരങ്ങേറുന്നത്.


രണ്ടാമത്തെ കാര്യം കാവടികളും അതിന്റെ നിർമാണങ്ങളുമായിരുന്നു.

(മൂന്നാമത്തെ കാര്യം ഏങ്ങണ്ടിയൂരിൽ നിന്നും അച്ഛന്റെ കസിന്റെ മക്കളായ, കല്യാണങ്ങളിൽ മാത്രം കാണുന്ന ചേട്ടന്മാർ ചാരായം കുടിച്ച് അമ്പലത്തിൽ വന്ന് അലമ്പുണ്ടാക്കുന്നതും കിണറിനരികിൽ പൂഴിയിൽ വാളുവെച്ച് കിടക്കുന്നതുമായിരുന്നു.)

കാവടികൾ മൂന്ന് വിധത്തിലുണ്ട്. 

അതിലെ യമണ്ടൻ 'നിലക്കാവടികൾ' എന്നോ 'പീലിക്കാവടികൾ' എന്നോ പേരിൽ അറിയപ്പെടുന്ന, തമിഴ് നാട്ടിലെ ക്ഷേത്രങ്ങളും ചൈനീസ് ബുദ്ധക്ഷേത്രങ്ങളും മെർജ് ചെയ്ത,  പോലേയുള്ള, ഒട്ടും എയറോഡൈനാമിക്കോ എർഗണോമിക്കലോ അല്ലാത്ത ചെത്ത് ഡിസൈൻ ഉള്ളവയാണ്. 

അന്ന് ഞങ്ങളുടെ ഗ്രൂപ്പിന്റെ(പിന്നീട് പറയാം) സ്വന്തമായി നാലു നിലമുതൽ ഏഴോ ഒമ്പതോ നിലവരെ ഉയരം വരുന്ന പീലിക്കാവടികൾ ഉണ്ടായിരുന്നു. അതിൽ അഞ്ച് നിലവരെ ഈയുള്ളവൻ തലയിലോ തോളിലോ എടുത്തു ആടാൻ പരീക്ഷിച്ചിട്ടുണ്ട്. ഇപ്പോൾ സെർവൈക്കൽ ഡിസ്ക് അതോർക്കുമ്പോൾ പുളയുന്നു. സാധാരണ പീലിക്കാവടികൾ എടുത്ത് ആടുന്നത്, കണ്ടാൽ തമിഴ് സിനിമകളിൽ വില്ലൻ ചെട്ടിയാരുടെ സിൽബന്ധികളായി വരുന്ന ഖടോൽക്കജന്മാരെപ്പോലെയുള്ള കുഴിക്കൽ കടവിലെ ചുമട്ടു തൊഴിലാളികളായ ചേട്ടന്മാരായിരുന്നു. കാലത്ത് കുളിച്ചു കുട്ടപ്പന്മാരായി അവർ എത്തുന്നത് ചന്ദനത്തിരി യുടെ സുഗന്ധമായും പകുതി ആട്ടം കഴിയുമ്പോൽ സ്പിരിറ്റിന്റെ മണവുമായായിരുന്നു. അന്നൊക്കെ കാവടിസംഘം പ്രസിഡന്റ് ആയിരുന്ന അച്ഛന്റെ മകനെന്ന നിലയിൽ കാവടികൾ തമ്മിലടിച്ച് കേടുവരാതെ നോക്കുക എന്നത് എന്നിൽ നിക്ഷിപ്തമായ കാര്യമായി ഞാൻ എടുത്ത്, കുടിച്ച് പൂസായ ആട്ടക്കാർ ആരാണ് എന്ന് ക്ളാസ് മോണിറ്റർ പോലെ, കമ്മിറ്റി അംഗക്കാരെ സ്പോട്ടിൽ  അറിയിക്കുകയും ചെയ്തിരുന്നു.

രണ്ടാമത്തെ തരം കാവടികൾ കൊട്ടക്കാവടികൾ എന്നപേരിൽ അറിയപ്പെടുന്ന വളരെയധികം വിസ്താരമുള്ള, എന്നാൽ ആടാൻ എളുപ്പമുള്ള കോളിഫ്ലവർ ഷേപ്പിലുള്ള 'ഫീമേയിൽ വെർഷൻ' കാവടികളാണ്. 

മുന്നാമത്തെ തരം കാവടികളാണ് ഞങ്ങൾ പിള്ളേര് ആടി ചെത്തുന്നത്. അതാണ് പൂക്കാവടികൾ.

ഓരോ വർഷവും ഞങ്ങൾ സ്വന്തമായി ഉണ്ടാക്കുന്നവയാണത്.

അതിന്റെ നിർമ്മാണം അടുത്ത ഭാഗത്തിൽ വിശദമായി വരുന്നു.

 രണ്ടാഴ്ചയോളം നീളുന്ന ഉറക്കമില്ലാത്ത ആ നാളുകൾ കൊള്ളിമാവും വർണ്ണക്കടലാസും കൈയിലൊട്ടിയ, ആഘോഷങ്ങൾ നിറഞ്ഞ

കാലമായിരുന്നു.

(തുടരും)

Saturday, August 8, 2020

സന്തോഷം തരുന്ന ഇച്ഛാഭംഗങ്ങൾ~ 2

 


2. ബ്രൂട്ടൽ കട്ടകൾ


നാട്ടിക SNൽ പഠിക്കുമ്പോളാണ്, കാന്റീന്റെ അടുത്ത് മൂന്നിഞ്ചിന്റെ രണ്ട് G.I. പൈപ്പ് പച്ചക്കറി ക്കടകളിൽ ഓണത്തിന് നേന്ത്രക്കൊലകൾ തൂക്കിയിടാൻ പോലെ ഉയരുന്നത് കണ്ടത്.

ഒന്നും മനസ്സിലായില്ല. അതിനടുത്തായിരുന്നു ചോറ്റുപാത്രം കഴുകാൻ യുവതീയുവാക്കൾ ഉച്ച സമയത്ത് ചാമ്പ്പൈപ്പ് അടിച്ചിരുന്നത്. 

ഞാൻ അവിടെ അധികം സമയം ചിലവിട്ടിരുന്നില്ല. 

കാരണം അത് മലയാളം ഡിപ്പാർട്ട്‌മെന്റും , കോളേജിൽ PE ഡയറക്ടർ ആയ എന്റെ എളേശ്ശന്റേയും ആസ്ഥാന ഡയറക്ട് റാഡാർ ഡിസ്റ്റൻസിലായ സ്ഥലമായിരുന്നു. 

അന്നൊക്കെ "ലൈനടി" എന്ന ശ്രൃംഗാരത്തിന് ധാരാളം മാവിൻ ചുവടുകൾ കെമിസ്ട്രി ഡിപ്പാർട്ട്‌മെന്റിന്നടുത്തുണ്ടായിരുന്നു.


മേൽപ്പറഞ്ഞ ഇരുമ്പ് പൈപ്പ് ജലവിതരണം നടത്തുന്നതിനാണെന്ന് കരുതിയ എനിക്ക് തെറ്റി. 

പിറ്റേന്നു കോളേജിൽ നേരത്തെ എത്തിയ സമയത്ത് കാമ്പസ്സിൽ ഉണ്ടായിരുന്ന സസ്യജാലങ്ങളിൽ ഏതൊക്കെ കുടുംബപ്പേര് പറയാൻ(പഠിക്കുന്ന സബ്ജക്ട് മാറ്ററിൽ പെട്ടത്) കഴിയും എന്ന് പരീക്ഷിക്കുന്നതിനിടയിൽ ആ പൈപ്പുകളിൽ എന്റെ ക്ളാസ്സ് മേറ്റ് രണ്ട് കൈയും വച്ച് പൊത്തിപ്പിടിച്ചു കയറി. 

"ഡാ അത് വേണ്ട്രാ, സീൻ കോണ്ട്രാ" എന്ന് അന്നത്തെ ചുള്ളൻ ഭാഷയിൽ പറഞ്ഞ് പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും, ഒറ്റ ശ്വാസത്തിന് , "ഇത് ജിമ്മിനുള്ളതാസ്റ്റാ" 

എന്ന് പറഞ്ഞു അവൻ അതിൽ പിടിച്ച് ഉയർന്നു.

അന്നൊക്കെ നമ്മുടെ സമകാലീനർ എന്ത് ചെയ്താലും അത് നമ്മളും ചെയ്തിരിക്കണം എന്നുണ്ട്. നമുക്കും ചെയ്യാൻ പറ്റും എന്ന ഒരു ധൈര്യവും.

കയ്യിലുള്ള റൂബിയേഷിയിലും, യൂഫോർബിയേഷിയിലും പെട്ട സസ്യ ജാലങ്ങളെ താഴെ ഫ്രേമിൽ ചവിട്ടിക്കൂട്ടാതെ സൈഡാക്കി ഞാൻ രണ്ട് കൈകളും വെച്ച് "പൊത്തോ, നിന്നെ ഇപ്പം ശരിയാക്കാടാ" എന്നും പറഞ്ഞു പിടിച്ചതുമാത്രം ഓർമ്മയുണ്ട്; പുറത്ത് ഏതോ ആവശ്യമില്ലാത്ത ഒരു ലിഗമെന്റ് "നിങ്ങളെവിടെയ്ക്കിസ്റ്റാ ഒരു ബെല്ലും ബ്രേയ്ക്കുമില്ലാതെ" എന്നും പറഞ്ഞ് വെലക്കി.

പിന്നെ ആവശ്യമില്ലാത്ത  ആ പണിക്ക് പോയില്ല.


മേലാകെ എണ്ണപെരട്ടി, രണ്ട് ഭാഗത്തേയ്ക്കും ചെരിഞ്ഞ് വേണാട് എക്സ്പ്രസ്സിൽ ടോയ്‌ലറ്റിൽ ഇരിക്കുന്ന മുഖഭാവത്തോടെ, സ്റ്റേജിൽ ബ്രൗൺ കളറിലുള്ള ബ്രീഫുമിട്ട് പൊളപ്പിക്കുന്ന രണ്ട് പേര് അന്ന് കോളേജിലുണ്ടായിരുന്നു. അവരുടെ പേര് പറയാതെ ചെമ്മാപ്പിള്ളി കട്ട, പുളിഞ്ചോട് കട്ട എന്ന പേരുകൾ വിളിച്ച് ഞാൻ തൃപ്തിപ്പെട്ടു.

പിന്നെ വല്ലപ്പോഴും റേഷൻ കടയുടെ അടുത്ത് പോകുമ്പോൾ അവിടുത്തെ അഞ്ച് കിലോ കട്ടി ഒറ്റക്കൈയിൽ പോക്കി. "ദാ ഇത്രേയുള്ളൂ" എന്ന് പറയുന്നിടത്ത് എന്റെ ഭാരോദ്വഹനം അവസാനിച്ചു.

അന്നത്തെ ചിന്തയിൽ സ്റ്റേജിൽ ഷർട്ടിടാതെ കയറുക എന്നത് ലേശം "ശ്ശ്യേ" ആയിരുന്നു. 

മസിൽ വന്ന് കഴിഞ്ഞാൽ പിന്നെ കാണാൻ ഭംഗിയുണ്ട്. വെയിലത്ത് മസിൽ കാണുന്ന തട്ടത്തിന്റെ മെറ്റീരിയലോ പൊക്കാളി ചെമ്മീൻ പിടിക്കുന്ന നെറ്റോ കൊണ്ട് ഉണ്ടാക്കിയ ബനിയനോ ടീഷർട്ടോ ആവും കട്ടകളുടെ വേഷം.

അന്നത്തെ നടപ്പ് സ്റ്റൈൽ ആണെങ്കിൽ പട്ടിച്ചെവിയൻ മൂന്നിഞ്ച് വീതിയുള്ള കോളറുള്ള ഫ്ളവർ ഷർട്ടും, ഉപ്പൂറ്റിയുടെ ഭാഗത്ത് മാത്രം പകുതി അലൂമിനിയം പല്ലുള്ള സിപ്പ് വച്ചു തയ്ച്ച പാവാട ബെൽ ബോട്ടവും.

താഴെ അതിനകത്ത് കൊക്കാലയിലെ ടയർ റീട്രെഡ് ചെയ്യുന്നിടത്തുനിന്നും വാങ്ങിച്ച മൂന്നു നാലിഞ്ച് ഉയരം സോളിട്ട പ്ളാറ്റ്ഫോം ഷൂവും ആണ്. അതുകൊണ്ട് തന്നെയാണ് എന്റെ അറിവിൽ നാട്ടിലെ കട്ടകൾ ടെസ്റ്റോസറ്റീറോൺ വേണ്ടത്ര ഉത്പാദിപ്പിച്ചിട്ടും ഒരു ലൈനും കിട്ടാതെ പാർശവത്ക്കരിക്കപ്പെട്ടത്.

അന്ന് അവരെല്ലാം കോളേജിൽ വരുന്നത് പാപ്പന്മാരോ അളിയനോ ഗൾഫിൽ നിന്നും കൊണ്ടുവന്ന ബ്രൂട്ട് എന്ന സ്പ്രേയും അടിച്ചായിരുന്നു.

എനിക്കാണെങ്കിൽ (ബുദ്ധിക്ക് ശേഷം) എറ്റവും തലയിൽ വികസിച്ച ശേഷിയെന്ന് പറഞ്ഞാൽ സ്കോട്ട് ലാന്റ് യാഡിലെ അൽസേഷ്യനുപോലുമില്ലാത്ത ഘ്രാണ ശക്തിയാണ്. അത് പലപ്പോഴും എന്നെ പീഡിപ്പിച്ചിട്ടുമുണ്ട്. ഉദാഹരണത്തിന് സന്തോഷത്തോടെ വെളുത്ത ചെറുനാരങ്ങ അച്ചാർ കണ്ണടച്ച് വായിലിട്ടാൽ  അതിന്റെ ഫാക്ടറിയിൽ ഒരുപിടി കരിംജീരകം കൊണ്ടു വന്നിട്ടുണ്ട് എന്ന് എനിക്ക് പറയാൻ കഴിയും.

കട്ട+നെറ്റ്ബനിയൻ+ബ്രൂട്ട് എന്ന a+b+c ആൾ സ്കയർ ആണ് എന്റെ ഓർമ്മയുടെ ഫോർമുല.

കൊല്ലങ്ങൾ കഴിഞ്ഞു.

ന്യൂയോർക്ക് സിറ്റിയിൽ ഇന്റേൺഷിപ്പ്.

 അന്ന് റിട്രീറ്റ് എന്ന ഒരു പരിപാടിയുണ്ട്. ചരൽക്കുന്നിലെ ശിബിരം എന്നൊക്കെ പ്പറയുന്നതുപോലെ. പട്ടിപ്പണിയെടുത്ത് "ഫൂബാർ" ആയ മുപ്പതോളം വരുന്ന ഞങ്ങളുടെ ജോലിയിൽ നിന്നും മാറിയുള്ള റിലാക്സിങ്ങും "എന്ത്കൊണ്ട് നിന്നെപ്പോലെയുള്ളവർ ഈ ജോലിയിൽ വീണ്ടും അതീവ ശ്രദ്ധയോടെ തുടരണം" എന്ന് ഡിപ്പാർട്ട്‌മെന്റ് വ്യംഗ്യമായി പറയുന്ന, തുല്യ ദുഖിതർ മനസ്സ് തുറക്കാൻ ഉപയോഗിക്കുന്ന ദിവസമാണ് അത്. 

മൂന്ന് നാല് ആശുപത്രിയിൽ പഞ്ഞിക്കായ പൊട്ടിത്തെറിച്ചു പോലെ പോയതുകൊണ്ട് ഓറിയെന്റേഷൻ കഴിഞ്ഞ ശേഷം കാണാത്തവരെപ്പോലും അന്ന് കാണാൻ സാധിക്കും. എന്റെ കോളേജിൽ സമകാലീകയല്ലാതെ പഠിച്ച മറ്റൊരു ഇന്റേൺ ആയ ചെമ്പൂക്കാവിലെ ദെജീ ജോണിനെ ഞാൻ വീണ്ടും കണ്ടത് അന്നാണ്. 

നല്ലൊരു ദിവസമായിരുന്നു.

ഫോർട്ട് ഹാമ്മിൽട്ടൻ കമ്മ്യൂണിറ്റി ക്ളബ് എന്ന സിറ്റിയുടെ അറ്റത്തുള്ള ചെത്ത് സ്ഥലം.

അന്ന് ട്രെയിനിങ്ങിൽ വരുത്തേണ്ട മാറ്റങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഒരു കവറിലിട്ട് കൊടുക്കണം. അത് സംഘാടകർ പൊട്ടിച്ച് വായിച്ച് ബോർഡിൽ തൂക്കിയിട്ട വെള്ളപ്പേപ്പറിൽ എഴുതും. ഒരേ കാര്യം തന്നെ വന്നാൽ അത് എഴുതുകയില്ല.

ഞങ്ങളുടെ ബാച്ചിൽ "കട്ട" എന്ന് വിളിക്കുന്നതായി ഞാൻ ആരേയും ജോലിത്തിരക്കിൽ ശ്രദ്ധിച്ചിരുന്നില്ല.

കവർ പൊട്ടിച്ച് വന്ന ആദ്യത്തെ നിർദ്ദേശം, 

"നമുക്ക് സ്വന്തമായി റെസിഡൻ്റ്സിന് മാത്രമായി ജിം വേണം". 

അത് പറയാൻ കാരണമുണ്ട്.

 ബാലീ ടോട്ടൽ ഫിറ്റ്നസ് എന്നൊക്കെപ്പറഞ്ഞ് തുടങ്ങിയ  കിട്ടുന്ന നാമമാത്ര ശമ്പളത്തിൽ എല്ലാദിവസവും പോകാവുന്ന ജിമ്മുകൾ നഗരത്തിലുണ്ട്.

പെണ്ണും രണ്ട് പിള്ളാരുമുള്ള എനിക്ക് ഇനി ബോഡി ഫിറ്റ്നസ് ഒന്നും ആവശ്യമില്ലായിരുന്നു.  ജോലി തുടങ്ങിയപ്പോൾ ധരിച്ചിരുന്ന സക്രബ് മീഡിയമായിരുന്നു, അതിപ്പോൾ സ്മോൾ സൈസ് ആയി മാറി. 

റിട്രീറ്റിൽ എന്റെ കവർ പൊട്ടിച്ചു വായിച്ചപ്പോഴേയ്ക്കും പേപ്പറിൽ എഴുതാൻ സ്ഥലം തികയാത്ത സ്ഥിതിയായി. അതിലേറേ നിർദ്ദേശങ്ങളുടെ ഐവറുകളി.

അവസാനം നാലുമണിക്ക് ഹോൾ കാലിയാക്കാനുള്ള തിരക്കും. 

ഞാനത് മറന്നു.

ആ ആഴ്ചയിലെ പ്രോഗ്രാം ഡയറക്ടർ മീറ്റിങ്ങിൽ വിളമ്പരം വന്നു.

"നിങ്ങളുടെ ജിം എന്ന സുന്ദരമായ ആവശ്യത്തിനായി ഒരു ബിൽഡിങ്ങിന്റെ  താഴത്തെ നിലയിലുള്ള മുറികൾ ഞങ്ങൾ എടുത്തിരിക്കുന്നു. അതിന്റെ കീ ആവശ്യമുള്ളവർ സെക്രട്ടറിയെ കണ്ട് പേരെഴുതി വാങ്ങുക, നിങ്ങൾക്ക് 24 മണിക്കൂറും അതിനകത്ത് കയറാം".

ഇത് കേട്ടവശം മൂന്നാം നിലയിലേയ്ക്ക് രാഗത്തിന്റെ ഗേറ്റ് മാറ്റിനിക്ക് തുറക്കുന്ന സമയത്തെ ഓട്ടം പോലെ പുരുഷന്മാർ ഓടി.

നമുക്ക് പതുക്കെ മതിയെന്ന് വിചാരിച്ചു ഞാൻ ഇടിക്കാനൊന്നും പോയില്ല.  പിന്നെ വെറുതെ കിട്ടുന്നത് ആവണക്കെണ്ണയായാലും കുടിക്കാമല്ലോ എന്ന് കരുതി ഞാനും വാങ്ങി.

ഒരാഴ്ച കഴിഞ്ഞു.

എന്നും ജിം എന്ന് പറയുന്ന ആ സ്ഥലത്ത് പോകണമെന്ന് വിചാരിക്കും, പക്ഷേ വേറേ നല്ല ചിന്തകൾ മനസ്സിൽ വരുമ്പോൾ അതങ്ങനെ മാഞ്ഞുപോകും. 

അതുവഴി കുടുംബവുമായി ഒരു പോസ്റ്റ് കോൾ ദിവസം ഈവനിംഗ് വാക്കിനിറങ്ങിയപ്പോൾ ഭാര്യയെ സ്ഥലം കാണിച്ചു. "ഇതാണ് ഞങ്ങളുടെ പുതിയ ജിം."

"അയ്യോ ! അപ്പോൾ ചേട്ടന് ഫ്രീയായി പോകാമല്ലോ?" എന്ന് സഹധർമ്മിണി ഉവാച.

അങ്ങനെ ലഗ്നം ഒത്തു വന്ന ഒരു ബ്രാഹ്മ മുഹൂർത്തത്തിൽ കുളിച്ച്, ബ്രൂട്ടിനു പകരം അന്ന് ഉപയോഗിച്ചിരുന്ന Axe  എന്ന സ്പ്രേയും അടിച്ച്  അഡിഡാസിന്റെ ഒരു ടീഷർട്ടും ഒരു അയഞ്ഞ പാന്റുമിട്ട് ഹോസ്പിറ്റലിനു പിന്നിലെ രണ്ട് നിലക്കെട്ടിടത്തിന്റെ മുൻ വശത്തെ വാതിൽ തുറന്നു. 

ട്രെഡ്മിൽ, വെയിറ്റ്സ്, എലിപ്റ്റിക്കൽസ്, ബഞ്ച് പിന്നെ പേരറിയാത്ത കുറേ മെഷീനുകളും രണ്ട് മുറികളിലായി ഉണ്ട്. എയർ കണ്ടീഷണറിന്റെ ശബ്ദം മാത്രം, മ്യൂസിക്കായി.

അകത്ത് എന്റെ ബാച്ചിലെ കട്ടയെന്ന് വിളിക്കാവുന്ന ഈജിപ്ഷ്യൻ ആണെങ്കിലും മിസ്രി സ്വഭാവം കാണിക്കാത്ത സുഹൃത്ത്. 

പുള്ളിക്കാരൻ അപ്പർ ബോഡി ട്രെയിനിങ്ങ് നടത്തുന്നു.

അപ്പോഴാണ് അത് സംഭവിച്ചത്. എന്റെ മസ്തിഷ്‌കത്തിലെ ഘ്രാണ ശക്തി കിണറ്റിൽ ഇറങ്ങി ശുദ്ധവായു കിട്ടാതെ ബോധരഹിതനായി ത്തുടങ്ങിയ അന്യ സംസ്ഥാന ത്തൊഴിലാളിയെപ്പോലേ, "സേട്ടാ ബച്ചാവോ"

എന്ന അപകട സൈറൺ മുഴക്കിയത്.

പിന്നെ ഞാൻ വഴിതെറ്റി വന്നതാണെന്ന് കൈമുദ്രകൊണ്ടും  മുഖംകൊണ്ടും അഭിനയിച്ചുകാണിച്ച് പുറത്ത് കടന്നു. 

റോഡിലെ വാഹനങ്ങളുടെ പുക ഉള്ളിലേക്ക് കഞ്ചാവ് അടിക്കുന്നതുപോലെ ആഞ്ഞു വലിച്ചു.

പട്ടി ചന്തക്ക് പോയപോലെ ചേട്ടച്ചാര് ഫ്ളാറ്റിന്റെ വാതിൽ തുറക്കുന്നതുകേട്ട് ഭാര്യ എത്തി.

" എന്തേ ഇന്ന് തുറന്നിട്ടില്ലേ?"

"തുറന്നു, കയറിയതും ഞാനടച്ചു. ഭയങ്കര B.O."

" ഈ" എന്ന ഞങ്ങൾക്ക് മാത്രം അറിയാവുന്ന ആ ശബ്ദത്തിൽ എന്റെ "കട്ട"യാവുന്ന ബക്കറ്റ് സ്വപ്നങ്ങൾ സന്തോഷത്തോടെ ഒലിച്ചുപോയി.


Thursday, August 6, 2020

സന്തോഷം തരുന്ന ഇച്ഛാഭംഗങ്ങൾ~ 1

സന്തോഷം തരുന്ന ഇച്ഛാഭംഗങ്ങൾ

1. റോഡ് ടു പെർക്കഷൻ
പണ്ടൊക്കെ കോളേജിൽ പഠിക്കുന്ന സമയത്താണ് ഡിസ്കൊ വരുന്നത്.  അന്നാണ് എന്തെങ്കിലും പോപ്പ് മ്യൂസിക് കേൾക്കുന്നതും, ചില ടീമുകളുടെ പേരുകളും പാട്ടുകളും അറിയുന്നതും. അന്നത്തെ ചെത്ത് ടീമുകളായിരുന്നു ബോണീ എം, അബ്ബ, ബീജീസ് എന്നതൊക്കെ. എന്റെ ആലുവയിൽ ഉള്ള കസിൻസ് പറഞ്ഞു തന്ന വിവരം വെച്ചാണ് അതെല്ലാം തരാക്കിയത്. (ഈയിടെ ഞാൻ ജോലി സ്ഥലത്ത് അറിയാതെ എന്റെ ബാല്യകാല കൗതുകം വിളമ്പിയപ്പോൾ ആ വാർഡിലൊന്നും വാല്യക്കാരൊന്നും കേട്ടിട്ടേയില്ല എന്നത് എനിക്ക് അതിശയമായി.)
അതോടൊപ്പം സിനിമയിൽ ആണ് ഡ്രമ്മ്സ് എന്ന പെർക്കഷനും കാണുന്നത്.
തൃശ്ശൂർ എത്തി രണ്ടാം വർഷം ആയപ്പോൾ തോന്നി, എന്തെങ്കിലും സംഗീതോപകരണം പഠിക്കുന്നത് ചുള്ളത്തം ഇമ്പ്രൂവ് ചെയ്യാൻ പറ്റിയ ഒരു വഴിയാണെന്ന്. തബല കൊട്ടി നോക്കി. വിരലുകഴച്ചു. അതിനാണെങ്കിൽ  ഒരു പഴഞ്ചൻ ലുക്കും. ഒരു ഗുമ്മില്ല. അന്നാണ് എന്റെ സഹമുറിയൻ ശ്രീകുമാർ ഗിറ്റാറിൽ ഒരു കൈ നോക്കുവാനായി എറണാകുളത്തുനിന്നും ഹോസ്റ്റലിൽ ഒരു ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഒരു ഗിറ്റാറുമായി ലാന്റ് ചെയ്യുന്നത്. അന്ന് ഞങ്ങളുടെ ക്ളാസ്സിൽ രണ്ട് പേർക്ക് ഗിറ്റാർ വായിക്കാനറിയാം, ഒന്ന് ഇഗ്നി(Late Dr Ignatius), പിന്നെ ബാലചന്ദ്രൻ.
അതുകൊണ്ട് ഗിറ്റാറിൽ പണി ചെയ്താൽ കോംപെറ്റീഷനാണ്. സ്ട്രെസ്സ് വേണ്ട. അൾട്ടിമേറ്റ്ലി നാരായണ ഗുരു പറഞ്ഞതുപോലെ "അവനവനാത്മ സുഖത്തിനായി" എന്ത് ആചരിച്ചാലും അത് നമ്മുടെ സോഷ്യൽ ചുള്ളത്തരത്തിനുള്ള ഒരു അപ്ലിഫ്റ്റിങ്ങ് ആയി വരണം എന്നാണ്.
അതുകൊണ്ട് ലിസ്റ്റ് പരിശോധിച്ചപ്പോൾ ജാസ്, പെർക്കഷൻ എന്നീ പേരുകളിൽ മനസ്സ് തത്തിക്കളിച്ചു. 

ഡ്രംസ് രസമാണ്. പലതരം സെറ്റുകൾ, ചടുലമായ താളങ്ങൾ, എല്ലാവരും നോക്കി "അടി പൊളി സാനസ്റ്റാ" എന്ന് പറയും. 
ഒരു തബലയും മൃദംഗവും വായിക്കുന്ന സരിഗമ മഗരിസ ഊച്ചാളി ലുക്കുമില്ല.

എവിടെപ്പോയി പഠിക്കും? 
അപ്പോളാണ് തൃശ്ശൂർ കിഴക്കേകോട്ടയിലുള്ള സെമിനാരിപോലെ പള്ളീലച്ഛന്മാർ നടത്തുന്ന കലാഭവൻ   പോലെയുള്ള ഒരു സംഗീതസ്ഥാപനത്തിന്റെ കാര്യം ജോയ് തോപ്പിൽ പറയുന്നതും. അവൻ സെന്തോമസിൽ പഠിച്ചതുകൊണ്ട് വിവരം കറക്റ്റായിരുന്നു. 
ഞാൻ കണക്ക് കൂട്ടി. ഒരു മൂന്നു മാസംകൊണ്ട് കോളേജിൽ ചെത്തി ഒരു അരങ്ങേറ്റം. ആരോടും പറയാതെ. ഒരു ഇലഞ്ഞിത്തറമേളത്തിന്റേം സാമ്പിള് വെടിക്കെട്ടിന്റേം ഒരു ചെത്ത് കോംബിനേഷൻ പെട. 
കോളേജിലെ ഏക ഡ്രമ്മർ, അത് ഈയുള്ളവൻ. പെരുക്കി കയ്യീക്കൊടുക്കന്നെ.
ഞാനും ശ്രീകുവും അവിടെപ്പോയി. 
ആഴ്ചയിൽ ഒരു ദിവസം ക്ളാസ്സ്. വേറേ ആരും ആക്ളാസ്സിൽ ഇല്ല. സാറിനെ പരിചയപ്പെട്ടു.
പുള്ളിയുടെ ഡ്രമ്മ്സിലെ പെരുക്കം കണ്ടു. ആളുടെ മുഖത്ത് വലിയ ചിരിയും മറ്റുമില്ല.
പണ്ട് ഞാൻ റേഡിയോ എഞ്ചിനീയറിംഗ് പഠിക്കാൻ പോയിടത്തെ ആളുടെ പോലെ. ഞാൻ എവിടെ പോയാലും ഇതുപോലത്തെ ഗഡികളാണ് ഗുരുക്കന്മാർ.
 പുള്ളിയാണെങ്കിൽ "വേണമെങ്കിൽ പഠിച്ചോ" എന്ന തൃശ്ശൂർ ഹൈറോഡിൽ ഇരുമ്പുകച്ചവടം നടത്തുന്ന ചേട്ടന്മാരുടെ കടയിൽ വിജാഗിരി വാങ്ങാൻ ചെന്ന ലൈനിൽ. 
ഒരു മാസത്തെ ക്ളാസ്സിനുള്ള വരിസംഖ്യ അടച്ചു. ഇറുന്നൂറ് പേജിന്റെ വരയിട്ട പുസ്തകവും വാങ്ങി.
അടുത്ത ആഴ്ച പുള്ളിയ്ക്ക് ഒഴിവില്ല. അതുകൊണ്ട് രണ്ടാഴ്ച കഴിഞ്ഞു പോയി. പുസ്തകത്തിൽ കുത്തും കുറേ വരകളും ഇട്ട് ചില പേരുകളും പറഞ്ഞു. എന്നെക്കൊണ്ട് കാലും കയ്യും ഉപയോഗിച്ച് ഒരു മിനിറ്റ് കൊട്ടിച്ചു. കുറ്റം പറയരുതല്ലോ, ആരോ പഴയ ടാറ് വീപ്പ ചായ്പിന്റെ റൂഫാക്കാൻ ചുററിക വച്ച് അടിക്കുന്നതാണെന്ന് കരുതി. എന്താണ് ഇവിടെ കൺസ്ട്രക്ഷൻ എന്നറിയാൻ കുറേ അനാഥ പിള്ളേരും വന്നു എത്തി നോക്കി.
അതോടുകൂടി "ഇവന്റെ ജന്മസിദ്ധമായ കഴിവ് എഞ്ചിനീയറിംഗ് ആയിരിക്കും" എന്ന് കരുതി ഡ്രമ്മ്സ് മാഷ് അന്നത്തെ പ്രാക്ടീസ് ക്ളാസ്സ് നിർത്തി.
പിന്നെ രണ്ടാഴ്ച സെമിബ്രീവ് , റെസ്റ്റ് എന്നീ പേരുകളും പുസ്തകത്തിൽ വരയും പുള്ളിയും നോക്കി മനസ്സിൽ ഡ്രമ്മടിച്ചു നടന്നു.
 ഇനി രണ്ടു മാസമേയുള്ളൂ. ഹോസ്റ്റലിൽ ഒരു പഴയ തകരപ്പാട്ട പോലുമില്ല കൊട്ടിപ്പഠിക്കാൻ.

ഒരു ലെവലിൽ എത്താത്തുകൊണ്ട് ഡ്രമ്മ് സെറ്റിൽ ഇൻവെസ്റ്റ് ചെയ്യാനുള്ള സാമ്പത്തിക സ്ഥിതിയുമില്ല. 

അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞ ഒരു ദിവസം വീണ്ടും പോയി.
അന്നത്തെ ക്ളാസ്സ് കുഴപ്പമില്ലാതെ പോയി.
 പുള്ളി ഇറുന്നൂറ് പേജ് പുസ്തകവും, സെമിബ്രീവും, റെസ്റ്റും, മിനിമും, ഒരു മണ്ണാങ്കട്ടയും പറയുന്നില്ല. 
അര മണിക്കൂർ ക്ളാസ്സ് കഴിഞ്ഞ് പുള്ളി പറഞ്ഞു, 
"എനിക്കൊരു കാര്യം പറയാനുണ്ട്".
ഈശോയേ, ഇതാ വരുന്നു, ഇടിവെട്ട്.
രണ്ട് ദിവസം കൊണ്ട് എന്റെ സംഗീതഭാവിയുടെ ജാതകം കുറിച്ചിരിക്കുന്നു. 
അതായത് "യാതൊരു ഭാവിയുമില്ല, ഇച്ചിരി പൊതുജന സ്നേഹം ബാക്കി ഉണ്ടെങ്കിൽ, താങ്കൾ ഈ പണിക്ക് ഇറങ്ങരുത്."
അത് പറഞ്ഞാൽ ഇനി എനിക്ക് സാമ്പിൾ നോക്കാവുന്ന അവന്യൂ എന്തായിരിക്കും എന്ന് മനസ്സിൽ ഒരു ചിന്ത ഓടി നടന്നപ്പോൾ ഡ്രമ്മ്സ് മാഷ് പറഞ്ഞു,
" ഞാൻ വിദേശത്ത് പോകുന്നു, ഇനി ക്ളാസ്സ് ഉണ്ടാവില്ല."
ഒന്നോർക്കുമ്പോൾ ജനങ്ങൾക്ക് ഒരു കഴിവുറ്റ ഡ്രമ്മറിനെ (എന്റെ കാര്യമാണ്) നഷ്ടപ്പെട്ട ദുഖ വാർത്തയായിരുന്നെങ്കിലും, എനിക്ക് അന്നത്തോടെ "ഡ്രമ്മ്സൊന്നും  നമുക്ക് വലിയ ഇഷ്യൂവല്ല"എന്ന തിരിച്ചറിവോടെ ഞാൻ എന്റെ മാഷോട് " ഇനി എപ്പോഴെങ്കിലും കാണാം, ആൾ ദ ബെസ്റ്റ്" എന്നും പറഞ്ഞ് ആ പടിയിറങ്ങി.
പിന്നീട് കല്യാണം കഴിഞ്ഞു മാരുതിയിൽ കിഴക്കേക്കോട്ടയിലൂടെ  ഭാര്യയുമായി പോകുമ്പോൾ, 'ദാ ആ റോഡില്ലേ, അവിടേയാണ് ഞാൻ ഡ്രമ്മ്സ് പഠിച്ചിരുന്ന സ്ഥലം"  എന്ന് പറഞ്ഞു,"ചേട്ടനറിയാത്ത കാര്യമില്ല" എന്ന് മനസ്സിൽ വിചാരിച്ചു മന്ദഹസിക്കുന്ന ഭാര്യയെ നോക്കി, " ആ, അതൊരുകാലം!" എന്ന് നെടുവീർപ്പിട്ടു.