~കൊള്ളിമാവും കാവടിക്കാലവും ~
രണ്ടാം ഭാഗം
/ആദ്യഭാഗം എഴുതി പോസ്റ്റ് ചെയ്തു. അത് കഴിഞ്ഞു രണ്ട് പേജ് ഫോണിൽ ടൈപ്പ് ചെയ്തത് ഡ്രാഫ്റ്റാക്കി നിർത്തി. നോക്കിയപ്പോൾ തീറ്റ റപ്പായിയ്ക്ക് പത്തൻസിൽ ഇലയിൽ ചോറിട്ടപോലെ പോയ വഴിയില്ല./
വീണ്ടും തുടങ്ങട്ടെ.
അന്ന് വാഴക്കുളം അമ്പലത്തിൽ പ്രധാനമായും രണ്ട് കാവടി സംഘങ്ങൾ ആണ് ഉണ്ടായിരുന്നത്. ഒന്ന് ബീച്ചിൽ നിന്നും ഞങ്ങളുടെ, പിന്നെ വലപ്പാട് കുണ്ടായി ഫാർമസിയുടെ നേതൃത്വത്തിൽ മറ്റൊന്നും. ഞങ്ങൾ 'മാലാഖ' വളവ് എന്ന് വിശേഷിപ്പിച്ചിരുന്ന ബീച്ച് റോഡിലെ തൊണ്ണൂറ് ഡിഗ്രി ബെന്റായിരുന്നു അദൃശ്യമായ ലൈൻ ഓഫ് കൺട്രോൾ.
അതിന്റെ വടക്കുകിഴക്കൻ പ്രദേശത്തെ കാവടിയാട്ടം കുണ്ടായി ഗ്രൂപ്പിന്റെ അവകാശമായിരുന്നു.
ജനിച്ച സമയത്ത് ചിറകുകൾ ഇല്ലാതെ തന്നെ മാലാഖകളെപ്പോലെയുണ്ടായിരുന്ന രണ്ട് ചേച്ചിമാരുടെ വീടും കടയും ആ ബെന്റിന്റെ 90 ഡിഗ്രി മാർക്ക് ചെയ്യുന്ന സ്ഥലത്തായതുകൊണ്ടാണ് ആ പേര് വന്നത്.
കാവടിക്കാലം വന്നപ്പോൾ ആദ്യത്തെ കമ്മിറ്റി മീറ്റിങ് എപ്പോഴത്തേയും പോലെ ഞങ്ങളുടെ വീട്ടിൽ.
എന്തെങ്കിലും തർക്കങ്ങളും ഇറങ്ങിപ്പോക്കും പതിവാണ്.
തകിൽ വാദ്യക്കാരൻ ഈ വർഷം എതിർഗ്രൂപ്പിന് കൊട്ടാൻ കരാർ എടുത്തു എന്ന വിവരം കിട്ടി. അയാളെപ്പറ്റി പണ്ടേ വലിയ മതിപ്പുണ്ടായിരുന്നില്ല, മാത്രമല്ല പുതിയ അടിപൊളി പാട്ടുകളും പുള്ളിയ്ക്ക് പിടിയില്ലായിരുന്നു. ആരോ പൊള്ളാച്ചിയിൽ പോയാൽ പൂയത്തിന് തകിലടിക്കുന്ന ചുള്ളൻ തമിഴ് അണ്ണാച്ചിമാരെ കിട്ടുമെന്ന് പറഞ്ഞു.
പിറ്റേന്ന് അച്ഛൻ ഒരു കറുത്ത ബാഗുമെടുത്ത് കൊല്ലങ്കോട് വഴി പൊള്ളാച്ചിയെത്തി അന്ന് അവിടെത്താമസിച്ചു.
ഒരു ഉച്ച സമയത്ത് മുഷിഞ്ഞ ഷർട്ടും ഒരു പെരുങ്കായത്തിന്റെ സഞ്ചിയിൽ നിറച്ച് അരിമുറുക്കുമായി അച്ഛൻ പടികടന്നു വന്നു.
മുഖത്ത് അഭിമാനം.
ഓപ്പറേഷൻ സക്സസ്.
തകിൽ വിദ്വാൻ മിസ്റ്റർ അണ്ണാമലൈ ആണെങ്കിൽ കേരളത്തിൽ പോയി കൊട്ടാൻ ഒരു സന്ദർഭം കിട്ടിയത് സ്ലംഡോഗ് മില്യണെയർ പിടിക്കാൻ ഹോളിവുഡ് പ്രൊഡക്ഷൻ ധാരാവിയിലെത്തിയപോലേയാണ് എടുത്തത്. വളരെയധികം കഷ്ടപ്പെട്ട് ജീവിതം തള്ളി, സ്വന്തമായി ഒരു ടീമിനെ ഉണ്ടാക്കി പേരെടുക്കാൻ സാധിക്കണേ ഒരിക്കൽ.. എന്ന് മുരുകനോട് അണ്ണാമലൈ മനമുരുകി പ്രാർത്ഥിച്ചു
നിൽകുമ്പോഴാണ് "കടവുൾ മാതിരി മേഷ് " അയാളുടെ കുടിലിലേയ്ക്ക് കടന്ന് വന്നത് എന്ന് അടുത്ത തയ്യൽക്കട നടത്തുന്ന രാഘവേട്ടനെക്കൊണ്ട് മലയാളത്തിൽ എഴുതിയ ഇൻലന്റിൽ അയാൾ പിന്നീട് നാലു ഖണ്ധികയിൽ എഴുതിയത്.
ആ വർഷത്തെ പൂയം ഗംഭീരമായിരുന്നു.
പൊള്ളാച്ചി അണ്ണാച്ചിയുടെ തകിലടി സംഘം, രാത്രിയിൽ ഹിന്ദിയും തമിഴും അടിപൊളി പാട്ടുകൾ പെടയ്കുന്ന സെന്റ് സെബാസ്റ്റ്യൻ ബാന്റ് സംഘവും.
ഞങ്ങളുടെ പഞ്ചായത്തിലെ വർഷത്തിൽ മുന്നൂറ്റി അറുപത്തഞ്ചുദിവസവും പടക്കം വിൽക്കുന്ന കടയുടെ ഉടമസ്ഥരായിരുന്നു എതിർസംഘം. എന്നാൽ ഞങ്ങളുടെ പക്ഷത്തായിരുന്നു ചെറുവത്തൂർ അന്തോണീസ് ചേട്ടൻ. പുള്ളി വലപ്പാട് പള്ളിമുതൽ തൃപ്രയാർ ക്ഷേത്രത്തിൽ വരെ വെടിക്കെട്ട് നടത്തുന്ന ഞങ്ങളുടെ ലോക്കൽ ഗഡിയും എന്റെ അച്ഛന്റേയും പാപ്പൻമാരുടേയും ബാല്യകാല സുഹൃത്തുമായിരുന്നു. അന്ന് എന്റെ ഓർമ്മയിൽ നാലോ അഞ്ചോ ക്രിസ്ത്യൻ വീടുകളേ ഞങ്ങളുടെ വാർഡിൽ ഉള്ളൂ. പറയുമ്പോൾ അമ്പ് പെരുന്നാളിന് എന്നാലും കശപിശ ഉണ്ടാകും.
അന്തോണീസ് ചേട്ടന്റെ പേര് അന്തോണി എന്നാണെങ്കിലും പുള്ളി സ്വയം പുണ്യാളന്റെ പേരുതന്നെ എടുത്തു. ഫുൾഫിറ്റിൽ കാവടി പോകുന്നതിനടുത്ത് പലനിറത്തിൽ പുള്ളിയുടെ കൈയിൽ നിന്നും കത്തിയ്ക്കുന്ന മത്താപ്പിൽ ഞങ്ങളുടെ കാവടിസംഘം പലവിധ LUTൽ തിളങ്ങും.
പൂക്കാവടി ഉണ്ടാക്കുന്ന ദിവസങ്ങൾ ഉത്സാഹത്തിന്റെ ദിനങ്ങളാണ്.
വീടിന്റെ മുന്നിൽ ഞങ്ങളുടെ തെങ്ങുകയറുന്ന രാമു പുതിയ മടലുകൾ വെട്ടിയിടും പിന്നെ രണ്ട് പേർ ഈർക്കിൽ ആക്കിമാറ്റും. അതിന്റെ മണം ഇപ്പോഴും മൂക്കിലുണ്ട്. മാടത്തിങ്കൽ ബാലേട്ടൻ ആണ് പൂക്കാവടികളുടെ ഡിസൈൻ ഉണ്ടാക്കുന്നത്. പുള്ളിയുടെ സാധാരണ തൊഴിൽ ആധാരമെഴുത്ത്, കറസ്പോണ്ടൻസ് വഴി പഠിച്ച ഹോമിയോചികിത്സ എന്നിവയായിരുന്നു. ആദ്യമായി ഞങ്ങളുടെ നാട്ടിൽ ഡോക്ടർ എന്ന് ബോർഡ് വച്ച ആളും ബാലേട്ടനാണ്.
പുള്ളിയുടെ വീട്ടിൽ പോയി പലപ്പോഴും ഞാൻ അച്ഛൻ പറഞ്ഞ് ഹോമിയോ മരുന്ന് വാങ്ങിയിട്ടുണ്ട്. പൈസ വാങ്ങിയിരുന്നോ എന്നറിയില്ല.
ബാലേട്ടൻ തൃശ്ശൂർ പോയി പലതരത്തിലുള്ള കളർ പേപ്പറുകളും മറ്റും വാങ്ങി കൊണ്ടുവരും. അതിൽ പല ഷീറ്റുകൾ ചെറിയ ഗൗരവത്തോടെ മടക്കി വെട്ടി വൃത്താകൃതിയിൽ ആക്കി മാറ്റും. ഞാനടക്കമുള്ള ബാലസംഘം ഒരു പായിലിരുന്ന് ഓരോന്നായി അവയെല്ലാം അടർത്തി മാറ്റും. പലർക്കും പല പണിയാണ്.
കൊള്ളിമാവ് ഒരു അലൂമിനിയം കലത്തിൽ ചൂടുവെള്ളമൊഴിച്ച് കുറുക്കും. അതിൽ തുരിശ് ചേർക്കുന്നതുകൊണ്ട് തിന്നാൻ പാടില്ല. പാറ്റ കാരാതെ പൂക്കൾ സൂക്ഷിക്കാനാണത്.
ഓരോ വട്ടക്കടലാസ്സിലും നടുക്ക് കൊള്ളിമാവിൽ കുറുക്കിയ പശ വിരലിന്റെ അറ്റം മുക്കി ഒട്ടിച്ച് തിരിയ്ക്കും, അങ്ങനെ യാണ് പൂക്കൾ ഉണ്ടാക്കുക. പിന്നീട് ഈർക്കിൽ അതിന്റെ നടുവിലൂടെ കയറ്റുന്ന ജോലി. അവസാനം പച്ചക്കടലാസുവെട്ടി ഡയഗണലായി സ്പീഡിൽ തിരിച്ചു ഓരോ പൂവിലും ഇലയുടെ ഡെക്കറേഷൻ നടത്തുന്നതോടെ ഞങ്ങളുടെ വീട്ടിലെ പൂമുഖവും സ്വാമിമുറി എന്ന് വിളിച്ചിരുന്ന നാലാമത്തെ മുറിയും മുഴുവനായും മനോഹരമായ പൂക്കളോട് നിറയും. അവസാനമാണ് കാവടിയിയിൽ
പാണൻ ഗോപാലൻ പ്രത്യേകമായി നെയ്ത പനമ്പുകൊട്ടകളിൽ പത്രക്കടലാസ് ഒട്ടിച്ച് അതിൽ പൂക്കൾ ഒട്ടിക്കുന്ന സ്റ്റേജ്. അങ്ങനെ കൊട്ടക്കാവടി ഉണ്ടാക്കും.
പൂക്കളുണ്ടാക്കുന്നത് രാത്രിയിൽ ആണ്. അത് രാത്രി ഏഴുമണിക്ക് തുടങ്ങി കാലത്ത് രണ്ട് മണിവരെ തുടരും. കൊള്ളി പുഴുങ്ങിയതും കട്ടൻ ചായയും ആവശ്യാനുസരണം അടുക്കളയിൽ തയ്യാറായിരിയ്ക്കും. തമാശകൾ, പലരുടെയും മൂട്ടിൽ പശതേയ്ക്കുക, രാത്രിയിൽ വീടിന്റെ പിന്നിൽ ചാടിവീണ് പേടിപ്പിക്കുക എന്നീ കലാപരിപാടികൾ ഉണ്ടായിരുന്നു.
പൂയ്യത്തിന്റെ രണ്ട് ദിവസം മുൻപ് കാവടികളുമായി വീടുതോറും പിരിവിന് ഞങ്ങൾ രണ്ട് സംഘമായി പോകും. അങ്ങനെയാണ് മൂന്ന് വാർഡിലെ എല്ലാ വീടുകളും അതിലെ നാട്ടുകാരേയും എനിക്ക് പരിചയമായത്.
തകിലും കാവടികളും ചേർന്ന് പലയിടത്തും ചുറ്റി തിരിച്ചു വരുമ്പോൾ ഉച്ചയ്ക്കും രാത്രിയിലും ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും ഭക്ഷണം തയ്യാറായിരിയ്ക്കും.
അതൊന്നും കണക്കിൽ വരാത്ത ചിലവുകൾ.
അച്ഛന്റെ ഹോബിയായിരുന്നു അത്. ഒരുദേശത്തിന്റെ അഹങ്കാരമായി ഞാൻ ഹൈസ്‌കൂൾ എത്തുന്നത് വരേയും അത് തുടർന്നു. വീടിന്റെ സ്വാമിമുറിയിൽ പീലിക്കാവടികളും ഉറങ്ങി.
അങ്ങനെ പൂയം കഴിഞ്ഞു രാത്രിയിൽ നിശ്ശബ്ദരായി, മെതികഴിഞ്ഞ പാടങ്ങളിലൂടെ തലയിൽ പിടിച്ച ഗാസ് ലൈറ്റ് വെളിച്ചത്തിൽ ഉറക്കച്ചടവോടെ ഞങ്ങളുടെ സംഘം വീട്ടിലെത്തും.
കല്യാണം കഴിഞ്ഞ വീടുപോലെ
കാലത്ത് അണ്ണാച്ചിമാർ പൈസയും വാങ്ങി തകിലുകൾ കാവി നിറത്തിലുള്ള തുണികളിൽ കെട്ടി നടന്നുപോകും. വീട്ടിലെ മേശകളിൽ കർപ്പൂരത്തിന്റെ പാക്കറ്റുകളും ചന്ദനത്തിരികളും പീലിത്തണ്ടുകളും, അന്തരീക്ഷത്തിൽ ഉണങ്ങിയ കൊള്ളിമാവിന്റെയും ഭസ്മത്തിന്റേയും മണവുമായി ആ ദിവസങ്ങളും തീരും.
(നേരത്തെ വായിക്കാത്തവർക്കായി ഒന്നാം ഭാഗം)
~കൊള്ളിമാവും കാവടിക്കാലവും ~
ഒന്നാം ഭാഗം.
ഇന്ന് ടാപ്പിയോക്ക പുഡ്ഡിങ്ങ് കഴിച്ചു വയറിന്റെ വിസ്താരം വർദ്ധിപ്പിച്ചു കൊണ്ടിരിക്കെയാണ് കാവടിക്കാലം മനസ്സിലെത്തിയത്.
അത് ഞങ്ങളുടെ ദേശത്തിന്റെ കഥയാണ്.
തൃപ്രയാർ പടിഞ്ഞാറുവശത്തുള്ള, വാഴക്കുളം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലായിരുന്നു ഞങ്ങളുടെ നാട്ടിലെ തൈപ്പൂയം.
പൂയം വരുന്നത് മിക്കവാറും അമ്പലത്തിൽ പൂരം വരുന്നതിന് മുൻപായിരുന്നുവെന്ന് തോന്നുന്നു.
രണ്ട് കാര്യങ്ങൾ ആണ് അതെക്കുറിച്ച് ഓർക്കുമ്പോൾ ഓർമ്മ വരുന്നത്.
ഒന്ന്, രാത്രിയിൽ ഉറങ്ങാൻ തുടങ്ങുമ്പോൾ പേടിപ്പെടുത്തുന്ന ചിലമ്പുകളുടെ ശബ്ദഭേരിയിൽ പടവാളുമായി അലറിത്തുള്ളിവരുന്ന വെളിച്ചപ്പാട്.
ഒരുമാതിരി അപ്പർപ്രൈമറി വരേയുള്ള പിള്ളേരെല്ലാം അതുകണ്ടാൽ ട്രൗസറിൽ പെടുക്കും. എന്റെ ഒളിസ്ഥാനം നടപ്പുരയുടെ രണ്ട് വശത്തും ഉയർത്തി കെട്ടിയ കയ്യാലയുടെ ഒരുവശത്തുള്ള നടപിരിവ് കണക്കുകൾ സൂക്ഷിച്ചിരുന്ന ഒരു കോട്ടപ്പെട്ടിയുടെ പിന്നിലെ മൂലയിലാണ്. ആ സമയമാകുമ്പോഴേയ്കും സൂചികുത്താൻ അവിടെ പഴുതുണ്ടായിരുന്നില്ല.
തൈപ്പൂയം രാത്രിയിൽ 'ഭസ്മക്കാവടി' എന്ന കാര്യത്തോടെ സമാപിക്കും. രാത്രിയിൽ ബാന്റുസെറ്റും ഗാസ്ലൈറ്റും വെടിക്കെട്ടും മത്താപ്പൂവുമായി രസമാണ്. അതിനു പോകാതെ വയ്യ, പക്ഷേ പെനാൽറ്റി വെളിച്ചപ്പാട് ഹൊറർ ഷോ ആണ്.
രാവിലെ തുടങ്ങി ഉച്ചയ്ക്ക് തിരിച്ചു പോകുന്ന കാവടിയാത്ര 'പാൽക്കാവടി' എന്നപേരിൽ അറിയപ്പെടുന്നു. അതിലാണ് ഞങ്ങളുടെയെല്ലാം കാവടി സാമർത്ഥ്യം അരങ്ങേറുന്നത്.
രണ്ടാമത്തെ കാര്യം കാവടികളും അതിന്റെ നിർമാണങ്ങളുമായിരുന്നു.
(മൂന്നാമത്തെ കാര്യം ഏങ്ങണ്ടിയൂരിൽ നിന്നും അച്ഛന്റെ കസിന്റെ മക്കളായ, കല്യാണങ്ങളിൽ മാത്രം കാണുന്ന ചേട്ടന്മാർ ചാരായം കുടിച്ച് അമ്പലത്തിൽ വന്ന് അലമ്പുണ്ടാക്കുന്നതും കിണറിനരികിൽ പൂഴിയിൽ വാളുവെച്ച് കിടക്കുന്നതുമായിരുന്നു.)
കാവടികൾ മൂന്ന് വിധത്തിലുണ്ട്.
അതിലെ യമണ്ടൻ 'നിലക്കാവടികൾ' എന്നോ 'പീലിക്കാവടികൾ' എന്നോ പേരിൽ അറിയപ്പെടുന്ന, തമിഴ് നാട്ടിലെ ക്ഷേത്രങ്ങളും ചൈനീസ് ബുദ്ധക്ഷേത്രങ്ങളും മെർജ് ചെയ്ത, പോലേയുള്ള, ഒട്ടും എയറോഡൈനാമിക്കോ എർഗണോമിക്കലോ അല്ലാത്ത ചെത്ത് ഡിസൈൻ ഉള്ളവയാണ്.
അന്ന് ഞങ്ങളുടെ ഗ്രൂപ്പിന്റെ(പിന്നീട് പറയാം) സ്വന്തമായി നാലു നിലമുതൽ ഏഴോ ഒമ്പതോ നിലവരെ ഉയരം വരുന്ന പീലിക്കാവടികൾ ഉണ്ടായിരുന്നു. അതിൽ അഞ്ച് നിലവരെ ഈയുള്ളവൻ തലയിലോ തോളിലോ എടുത്തു ആടാൻ പരീക്ഷിച്ചിട്ടുണ്ട്. ഇപ്പോൾ സെർവൈക്കൽ ഡിസ്ക് അതോർക്കുമ്പോൾ പുളയുന്നു. സാധാരണ പീലിക്കാവടികൾ എടുത്ത് ആടുന്നത്, കണ്ടാൽ തമിഴ് സിനിമകളിൽ വില്ലൻ ചെട്ടിയാരുടെ സിൽബന്ധികളായി വരുന്ന ഖടോൽക്കജന്മാരെപ്പോലെയുള്ള കുഴിക്കൽ കടവിലെ ചുമട്ടു തൊഴിലാളികളായ ചേട്ടന്മാരായിരുന്നു. കാലത്ത് കുളിച്ചു കുട്ടപ്പന്മാരായി അവർ എത്തുന്നത് ചന്ദനത്തിരി യുടെ സുഗന്ധമായും പകുതി ആട്ടം കഴിയുമ്പോൽ സ്പിരിറ്റിന്റെ മണവുമായായിരുന്നു. അന്നൊക്കെ കാവടിസംഘം പ്രസിഡന്റ് ആയിരുന്ന അച്ഛന്റെ മകനെന്ന നിലയിൽ കാവടികൾ തമ്മിലടിച്ച് കേടുവരാതെ നോക്കുക എന്നത് എന്നിൽ നിക്ഷിപ്തമായ കാര്യമായി ഞാൻ എടുത്ത്, കുടിച്ച് പൂസായ ആട്ടക്കാർ ആരാണ് എന്ന് ക്ളാസ് മോണിറ്റർ പോലെ, കമ്മിറ്റി അംഗക്കാരെ സ്പോട്ടിൽ അറിയിക്കുകയും ചെയ്തിരുന്നു.
രണ്ടാമത്തെ തരം കാവടികൾ കൊട്ടക്കാവടികൾ എന്നപേരിൽ അറിയപ്പെടുന്ന വളരെയധികം വിസ്താരമുള്ള, എന്നാൽ ആടാൻ എളുപ്പമുള്ള കോളിഫ്ലവർ ഷേപ്പിലുള്ള 'ഫീമേയിൽ വെർഷൻ' കാവടികളാണ്.
മുന്നാമത്തെ തരം കാവടികളാണ് ഞങ്ങൾ പിള്ളേര് ആടി ചെത്തുന്നത്. അതാണ് പൂക്കാവടികൾ.
ഓരോ വർഷവും ഞങ്ങൾ സ്വന്തമായി ഉണ്ടാക്കുന്നവയാണത്.
അതിന്റെ നിർമ്മാണം അടുത്ത ഭാഗത്തിൽ വിശദമായി വരുന്നു.
രണ്ടാഴ്ചയോളം നീളുന്ന ഉറക്കമില്ലാത്ത ആ നാളുകൾ കൊള്ളിമാവും വർണ്ണക്കടലാസും കൈയിലൊട്ടിയ, ആഘോഷങ്ങൾ നിറഞ്ഞ
കാലമായിരുന്നു.
(തുടരും)
No comments:
Post a Comment