~അമേരിക്കൻ വീടുകൾ 03~
ഇതിന്റെ മുൻപ് എഴുതിയ ഭാഗങ്ങളുടെ തുടർച്ച
ലോൺ ക്ളോസിങ്ങ്
ഇത് മോർട്ട്ഗേജിന്റെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയായി വീടിന്റെ താക്കോൽ കിട്ടുന്ന ദിവസമാണ്.
ഒരു പക്ഷേ നമ്മുടെ ഓഫർ സ്വീകരിക്കുന്ന ദിവസം മുതൽ 30- 45 ദിവസം കഴിഞ്ഞായിരിയ്ക്കും ഇത് സംഭവിക്കുന്നത്. പല വിധ രേഖകൾ അന്വേഷിക്കുകയും അവസാന നിമിഷം നമ്മുടെ ക്രെഡിറ്റ് സ്കോർ വീണ്ടും പരിശോധിക്കുകയും ചെയ്യേണ്ടതുണ്ട്.
വീട് വാങ്ങുന്ന ആൾ വീടിന്റെ ഇൻഷൂറൻസ് എടുക്കണം.
ക്ളോസിങ്ങ് നടത്തുന്നത് ക്ളോസിങ്ങ് അറ്റോർണീസ് എന്ന വക്കീലന്മാരോ അവർ ഏർപ്പെടുത്തുന്ന ഏജന്റോ ആയിരിയ്ക്കും. മിക്കവാറും അത് നടക്കുന്നത് ഏതെങ്കിലും ക്ളോസിങ്ങ് ഏജന്റിന്റെ ഓഫീസിൽ വച്ചായിരിയ്ക്കും.
അവിടെ പറഞ്ഞു വച്ച സമയത്ത് ക്ളോസിങ്ങ് കോസ്റ്റ് എത്രയാണെന്ന് വച്ചാൽ അതിന്റെ ചെക്കും ഡ്രൈവിങ് ലൈസൻസ്, മുതലായ തിരിച്ചറിയൽ രേഖകളുമായി പോകണം.
താമസിക്കാനുള്ള വീടാണ് ഒരു വിവാഹം ചെയ്ത ദമ്പതികൾ വാങ്ങുന്നുവെങ്കിൽ ഭാര്യയും ഭർത്താവും പോകണം. ഒരാളുടെ പേരിൽ മാത്രം വീട് വാങ്ങാൻ കഴിയില്ല, പൈസ ഇടുന്നത് ഒരാളാണെങ്കിലും.
$300k. യുടെ വീടിന് 60$k. ആണ് നിങ്ങൾ ലോണിന്റെ ഡെപ്പോസിറ്റ് വയ്കാൻ തീരുമാനിച്ചതെങ്കിലും ക്ളോസിങ്ങ് കോസ്റ്റടക്കം ചിലപ്പോൾ $70 ആയേക്കാം. ഇത് അറിയാതെ കുഴപ്പത്തിൽ ചാടരുത്.
അതിന്റെ ചെക്കില്ലാതെ ചെന്നാൽ ഓഫർ ഡെപ്പോസിറ്റ് പോകും.
പല വിധ നികുതികളും ഫീസും ലോൺ ക്ളോസിങ്ങിന് ആവശ്യം വരും.
പലതും ബാങ്ക് നിങ്ങളോട് നേരത്തെ പറഞ്ഞുകാണും.
എങ്കിലും എസ്ക്രോ (escrow)എന്ന കരുതൽ ധനം എന്ന പരിപാടിയുണ്ട്.
മൂന്നു മുതൽ ആറുമാസത്തെ തദ്ദേശ നികുതികൾ, ഇൻഷുറൻസ്, പതിനഞ്ച് ദിവത്തെ പലിശ മുതലായവ അവർ നേരത്തെ ഈടാക്കും. അതായത് നിങ്ങൾ ലോൺ അടക്കാൻ വൈകിയാലും നികുതികൾ ബാങ്ക് അടക്കണമല്ലോ.
പല സിറ്റികളിലും വലിയ പ്രോപ്പർട്ടി ടാക്‌സ് ആണ്. ചില സ്ഥലങ്ങളിൽ സ്കൂൾ ടാക്‌സ് വീടിന്റെ നികുതിയുടെ മൂന്നിരട്ടിയാണ്.
ഇതിൽ വളരെയധികം വ്യത്യാസങ്ങളുണ്ടെന്ന് ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്.
ഉദാഹരമായി, കഴിഞ്ഞ തവണ പ്രോപ്പർട്ടി ടാക്‌സ് ആയി 3.5k കൊടുത്ത സ്ഥലത്ത് നിന്നും ഇവിടെ വന്നപ്പോൾ അതിനേക്കാൾ $100k വില കുറഞ്ഞ വീടിന് $20k ആണ് ടാക്‌സ് കൊടുക്കേണ്ടി വന്നത്.
സ്കൂളിൽ കുട്ടികൾ പഠിക്കുന്നുണ്ടോ എന്നൊന്നും വിഷയമല്ല.
ഇതുകൂടാതെ ബാങ്ക് പല വിധ ചാർജ്ജുകളും ഈടാക്കും. ക്ളോസിങ്ങ് നടക്കുന്നതിന്റെ ഇരുപത്തിനാലു മണിക്കൂർ മുൻപെങ്കിലും മൂന്ന് നാലു നെടുനീളൻ "truth in lending statement" എന്ന പേജുകൾ നിങ്ങളുടെ അറിവിലേക്കായി ഈമെയിൽ ആയി ക്ളോസിങ്ങ് ഏജന്റ് അയച്ചുതരും.
ക്ളോസിങ്ങ് അറ്റോർണി യുടെ ചുമതലയിൽ പലകാര്യങ്ങളും ഉണ്ട്.
വാങ്ങിക്കുന്ന പ്രോപ്പർട്ടി യുടെ മേൽ ഏതെങ്കിലും ലീൻ ഉണ്ടോ എന്ന് നോക്കണം. ആർക്കെങ്കിലും പണം കിട്ടാനോ, കേസോ മറ്റ് അവകാശം വാദങ്ങൾ ഉണ്ടോ എന്നുള്ളത് അവർ പരിശോധിക്കണം. ഇനി അവർ പരിശോധിച്ചതിൽ കണ്ടില്ല എന്നത് ഒരു ഒഴിവായി എടുക്കാൻ പറ്റില്ല. അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ തരണം ചെയ്യാനുള്ള ഇൻഷൂറൻസും എടുക്കേണ്ടിവരും.
ക്ളോസിങ്ങ് നടക്കുന്നതിന് മുൻപ്
Walk in inspection വാങ്ങിക്കുന്നവർക്ക് നടത്താം. അത് നേരത്തെ തീർച്ചപ്പെടുത്തിയ സമയത്തായിരിയ്ക്കും. ആ സമയത്ത് വീടിന്റെ സ്ഥിതിയിൽ പരാതിയുണ്ടെങ്കിൽ നിങ്ങൾ ള ഏജന്റിനോട് പറയും. അത് ശരിയാക്കാതെ ക്ളോസിങ്ങ് നടക്കുകയില്ല.
വാങ്ങുന്ന ആളും വിൽക്കുന്ന ആളും ഒരേ പേപ്പറിൽ ഒപ്പിടേണ്ടതാണെങ്കിലും കഴിഞ്ഞ ഇരുപത് വർഷത്തെ ആറ് വീടുകൾ വാങ്ങിയതിലും വിറ്റതിലും ഒരു തവണ മാത്രമാണ് ഞാൻ എതിർ പാർട്ടിയെ നേരിട്ട് കണ്ടത്. വാങ്ങുന്നവരുടേയും വിൽക്കുന്നവരുടേയും പ്രൈവസി ഏജന്റുമാർ കാത്തുസൂക്ഷിക്കും.
നിങ്ങൾ ക്ളോസിങ്ങ് ദിവസം പോകാൻ കഴിയാത്ത സാഹചര്യത്തിൽ പവർ ഓഫ് അറ്റോർണി ഏജന്റ് ഉൾപ്പെടെ മറ്റൊരാൾക്ക് കൊടുക്കാം.
പലവിധ പേപ്പറുകളിലും ഫോമുകളിലും ഏതാണ്ട് ഇരുപതോളം ഒപ്പുകൾ വയ്ക്കുന്നതോടെ നിങ്ങളുടെ സ്വന്തം വീട് എന്ന സ്വപ്നം നിങ്ങളുടെ കൈയിൽ ഒരു താക്കോലായി എത്തുന്നു.
അതിന്റെ ഒരാഴ്ച മുമ്പെങ്കിലും നിങ്ങൾ വാട്ടർ അതോറിറ്റി, ഗാസ് കമ്പനി, ഇലക്ട്രിക് കമ്പനി, ഫോൺ, ഇന്റർനെറ്റ് പ്രൊവൈഡർ, കേബിൾ കമ്പനി എന്നിവയെ വിളിച്ചു നിങ്ങളുടെ പേരിൽ ഇന്ന ദിവസം മുതൽ സർവീസ് തുടങ്ങാനുള്ള കാര്യങ്ങൾ ചെയ്തിരിക്കണം.
മുപ്പത് മുതൽ നാൽപത്തിഅഞ്ച് ദിവസം കഴിഞ്ഞാൽ നിങ്ങളുടെ ലോണിന്റെ ആദ്യ ഖഡു അടക്കണം.
ഇനി കയറിത്താമസിക്കാം.
നിങ്ങളുടെ വീടിന്റെ കരാർ ആധാരം (deed) ഒരു മാസത്തിനകം കിട്ടും.
വീട് വിൽക്കുന്ന കാര്യങ്ങൾ പിന്നീട് എഴുതാം.
No comments:
Post a Comment