Translate

Wednesday, December 24, 2014

കരോൾ പാട്ടുകാർ





ഇന്ന് ക്രിസ്മസ്
തണുത്ത പകലുകളിൽ ചന്നം പിന്നം പെയ്ത മഴയുടെ പരിഭവം മൂടൽ മഞ്ഞായി മാറിയിരിക്കുന്നു .
വർഷങ്ങൾക്കുമുൻപ് എവിടെയോ മറന്നിട്ട മൂന്നു മുഖങ്ങൾ കരോൾ പാട്ടു കാരായി മനസ്സിലെത്തി .
ആലപ്പുഴ മെഡിക്കൽ കോളേജ് ആസ്പത്രി
പീഡിയാട്രിക്സ്പരീക്ഷ . ഞാൻ പരീക്ഷക  സഹായി മാത്രം .
മഞ്ഞപിത്തം ബാധിച്ച വയറുവീർത്ത ആറുവയസ്സുകാരിയെ പരീക്ഷാർതിക്കു നല്കി മാറി നിന്നു .
ഒരുപക്ഷേ എനിക്കുമുന്പേ ഡോക്ടറാകാൻ പുറപ്പെട്ട് വഴിയിൽ വർഷങ്ങൾ കൈ വിട്ട ശരീരവും തളർന്ന മനസ്സും ...
എൻറെ ചെവിയിലോട്ടു ചരിഞ്ഞു നിന്ന് അയാള് വിറയ്ക്കുന്ന ശബ്ദത്തിൽ , "ലിവർ ഉണ്ടോ സാറേ ,ഒന്ന് പറയൂ പ്ലീസ്‌ ..."
നിസംഗതനായി ഞാൻ പറഞ്ഞു
"പരിശോധിക്കൂ ...അപ്പോളറിയാം "
ഞാൻ മുഖമുയർത്തി അടുത്ത രോഗിയുമായി നടന്നു .
.....................
നിങ്ങൾ ആരാണ് ? ക്ഷമിക്കുക , ഞാൻ നിങ്ങളുടെ കഞ്ഞി തേച്ചു ബലപ്പെടുത്തിയ വെളുത്ത കോട്ട് മാത്രമേ കണ്ടുള്ളൂ . അതിനപ്പുറത്തെ വർഷങ്ങളുടെ നൊമ്പരങ്ങൾ നിങ്ങൾക്ക് മാത്രം സ്വന്തം ...
..........................
NH 17   രണ്ടു ചുമട്ടു തൊഴിലാളികൾ റോഡിലേക്ക് കയറി കൈ കാണിച്ചു . കാറിലെ പിൻ സീറ്റിൽ കൊച്ചുമകൾ പെട്ടെന്നു നിരത്തിയ കുലുക്കത്തിൽ ഉണർന്ന് കരഞ്ഞു . "It is an accident ; look that man is injured " ഭാര്യ വഴിയോരത്ത് ആൾക്കൂട്ടത്തിന കത്തെ ചോരയൊലിച്ച മനുഷ്യ ശരീരത്തെ ചൂണ്ടി പറഞ്ഞു .
"സാറേ ,ഒന്ന് സഹായിക്കണം ഇയാളെ ഒന്ന് ആസ്പത്രിയിലെത്തിക്കണം ."
ഞാൻ ഭാര്യയെ നോക്കി ; പിന്നെ ദയനീയത മുറ്റുന്ന മുറിവേറ്റ ഇരുപതു കാരൻ മീൻ കച്ചവട ക്കാരനെയും .
ഭാര്യ പറഞ്ഞു "പാവം " പിന്നെ മകളെയും എടുത്തു മുൻ സീറ്റിൽ ഇരുന്നു .ആതുരനേയും സഹായിയെയും പിന്നിലിരുത്തി ഓവർ സ്പീഡിൽ പാഞ്ഞു .
മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെ ഹൌസ് സർജനെ ഏല്പിച്ചു  മടങ്ങുമ്പോൾ
നിങ്ങൾ എനിക്ക് നന്ദി പറഞ്ഞുവോ എന്ന് ഓർമയില്ല ; ഞാൻ ഒരു സമരിയ ക്കാരൻ മാത്രം ...
.......
അതിരാവിലെ കിഴക്കുനിന്നു വന്ന സൂര്യ രശ്മികളിൽ എന്റെ മുന്നിലെ ചില്ല് മഴവിൽ കാഴ്ചകൾ നല്കി .
മുണ്ടകൻ കഴിഞ്ഞ പാടങ്ങളിൽ ചളിക്കുണ്ടുകളും ആമ്പൽ പൂക്കളും , പിന്നെ മീൻ പിടിക്കുന്ന വെളുത്ത കൊക്കുകളും . അകലെ കണ്ടശാ ങ്കടവിൽനിന്നും അരിമ്പൂർ വരെ നോക്കെത്താത്ത കൃഷി യിടങ്ങൾ .
റോഡു വിജനം . കരിക്ക് , ഹെൽമെറ്റ്വിൽപനക്കാർ ഒന്നും അന്നില്ല . സാമൂഹിക വനങ്ങളുടെ മുന്കാട്ടിയായ മരുപ്പച്ച അക്കേഷ്യ ഒരു വശ ത്തെ കാഴ്ച്ചകൾ മറച്ചു .
എങ്കിലും നേരെവന്ന വെളുത്ത മാരുതി വശം ചേർന്ന് നില്കാതെ മരങ്ങൾക്കിടയിലൂടെ വയലിലെ ചളിക്കുണ്ടിലേക്കു സാവധാനം വഴുതി പ്പോകുന്നത് കാണാതെ പോയില്ല .
കാർ വശം ചേർത്ത് നിർത്തി . മാരുതിയുടെ ചില്ലിൽ റെഡ് ക്രോസ് ചിഹ്നം . ഒരാൾ മാത്രം .താഴോട്ടിറങ്ങി വാതിൽ തുറന്നു പുറത്തെടുത്തു പുരികത്തിലും ചുണ്ടിലും മുറിവ് .
പേരുപോലും പറയാനാവാതെ പരിഭ്രമിച്ച മുഖം .
നിർബന്ധിച്ചു കാറിൽ കയറ്റി . കുറച്ചകലെ കൂടെ പഠിച്ച സുഹൃത്ത് ജോലിചെയ്യുന്ന മിഷൻ ആസ്പത്രിയിലേക്ക് കാർ തിരിച്ചു വിട്ടു .
'എന്ത് പറ്റീ ? നിയന്ത്രണം വിട്ടതാണോ ?"
"അല്ല ; ഞാൻ ഇന്നലെ നൈറ്റ്ഡ്യൂട്ടി അയിരുന്നു "
ഇത് വർഷങ്ങൾക്കു മുൻപ് ...നിങ്ങളുടെ പേരും മുഖവും എനിക്ക് ഓർമയില്ല

നിങ്ങളുടെ ഓർമ്മകൾ കരോൾ പാട്ടുകാരായി വരാനുള്ള നിമിത്തവും എനിക്കറിയില്ല ...
ഒരു പക്ഷെ ലോകത്തിന്റെ ഏതോ കോണിൽ നിങ്ങൾ ഓർമ്മകൾ പൊടിതട്ടുന്നുണ്ടായിരിക്കും ...

അത് ഒരു ദിവാസ്വപ്നമായി ഇവിടെയെത്തി മഞ്ഞിൽ മരവിച്ച മരച്ചില്ലകളിൽ ഒരു ഊഷര നൊമ്പരമായി ..

No comments:

Post a Comment