Translate

Saturday, August 22, 2020

കൊള്ളിമാവും കാവടിക്കാലവും

 ~കൊള്ളിമാവും കാവടിക്കാലവും ~

രണ്ടാം ഭാഗം


/ആദ്യഭാഗം എഴുതി പോസ്റ്റ് ചെയ്തു. അത് കഴിഞ്ഞു രണ്ട് പേജ് ഫോണിൽ ടൈപ്പ് ചെയ്തത് ഡ്രാഫ്റ്റാക്കി നിർത്തി. നോക്കിയപ്പോൾ തീറ്റ റപ്പായിയ്ക്ക് പത്തൻസിൽ ഇലയിൽ ചോറിട്ടപോലെ പോയ വഴിയില്ല./


വീണ്ടും തുടങ്ങട്ടെ.

അന്ന് വാഴക്കുളം അമ്പലത്തിൽ പ്രധാനമായും രണ്ട് കാവടി സംഘങ്ങൾ ആണ് ഉണ്ടായിരുന്നത്. ഒന്ന് ബീച്ചിൽ നിന്നും ഞങ്ങളുടെ, പിന്നെ വലപ്പാട് കുണ്ടായി ഫാർമസിയുടെ നേതൃത്വത്തിൽ മറ്റൊന്നും. ഞങ്ങൾ 'മാലാഖ' വളവ് എന്ന് വിശേഷിപ്പിച്ചിരുന്ന ബീച്ച് റോഡിലെ തൊണ്ണൂറ് ഡിഗ്രി ബെന്റായിരുന്നു അദൃശ്യമായ ലൈൻ ഓഫ്  കൺട്രോൾ.

അതിന്റെ വടക്കുകിഴക്കൻ പ്രദേശത്തെ കാവടിയാട്ടം കുണ്ടായി ഗ്രൂപ്പിന്റെ അവകാശമായിരുന്നു.

ജനിച്ച സമയത്ത് ചിറകുകൾ ഇല്ലാതെ തന്നെ മാലാഖകളെപ്പോലെയുണ്ടായിരുന്ന രണ്ട് ചേച്ചിമാരുടെ വീടും കടയും ആ ബെന്റിന്റെ 90 ഡിഗ്രി മാർക്ക് ചെയ്യുന്ന സ്ഥലത്തായതുകൊണ്ടാണ് ആ പേര് വന്നത്.

കാവടിക്കാലം വന്നപ്പോൾ ആദ്യത്തെ കമ്മിറ്റി മീറ്റിങ് എപ്പോഴത്തേയും പോലെ ഞങ്ങളുടെ വീട്ടിൽ. 

എന്തെങ്കിലും തർക്കങ്ങളും ഇറങ്ങിപ്പോക്കും പതിവാണ്. 

തകിൽ വാദ്യക്കാരൻ ഈ വർഷം എതിർഗ്രൂപ്പിന് കൊട്ടാൻ കരാർ എടുത്തു എന്ന വിവരം കിട്ടി. അയാളെപ്പറ്റി പണ്ടേ വലിയ മതിപ്പുണ്ടായിരുന്നില്ല, മാത്രമല്ല പുതിയ അടിപൊളി പാട്ടുകളും പുള്ളിയ്ക്ക് പിടിയില്ലായിരുന്നു. ആരോ പൊള്ളാച്ചിയിൽ പോയാൽ പൂയത്തിന് തകിലടിക്കുന്ന ചുള്ളൻ തമിഴ് അണ്ണാച്ചിമാരെ കിട്ടുമെന്ന് പറഞ്ഞു.

പിറ്റേന്ന് അച്ഛൻ ഒരു കറുത്ത ബാഗുമെടുത്ത് കൊല്ലങ്കോട് വഴി പൊള്ളാച്ചിയെത്തി അന്ന് അവിടെത്താമസിച്ചു.

 ഒരു ഉച്ച സമയത്ത് മുഷിഞ്ഞ ഷർട്ടും ഒരു പെരുങ്കായത്തിന്റെ സഞ്ചിയിൽ നിറച്ച് അരിമുറുക്കുമായി അച്ഛൻ പടികടന്നു വന്നു.

മുഖത്ത് അഭിമാനം.

ഓപ്പറേഷൻ സക്സസ്.

തകിൽ വിദ്വാൻ മിസ്റ്റർ അണ്ണാമലൈ ആണെങ്കിൽ കേരളത്തിൽ പോയി കൊട്ടാൻ ഒരു സന്ദർഭം കിട്ടിയത് സ്ലംഡോഗ് മില്യണെയർ പിടിക്കാൻ  ഹോളിവുഡ് പ്രൊഡക്ഷൻ ധാരാവിയിലെത്തിയപോലേയാണ് എടുത്തത്. വളരെയധികം കഷ്ടപ്പെട്ട് ജീവിതം തള്ളി, സ്വന്തമായി ഒരു ടീമിനെ ഉണ്ടാക്കി പേരെടുക്കാൻ സാധിക്കണേ ഒരിക്കൽ.. എന്ന് മുരുകനോട്  അണ്ണാമലൈ മനമുരുകി പ്രാർത്ഥിച്ചു

നിൽകുമ്പോഴാണ് "കടവുൾ മാതിരി മേഷ് " അയാളുടെ കുടിലിലേയ്ക്ക് കടന്ന് വന്നത് എന്ന് അടുത്ത തയ്യൽക്കട നടത്തുന്ന രാഘവേട്ടനെക്കൊണ്ട് മലയാളത്തിൽ എഴുതിയ ഇൻലന്റിൽ അയാൾ  പിന്നീട് നാലു ഖണ്ധികയിൽ എഴുതിയത്.

ആ വർഷത്തെ പൂയം ഗംഭീരമായിരുന്നു. 

പൊള്ളാച്ചി അണ്ണാച്ചിയുടെ തകിലടി സംഘം, രാത്രിയിൽ ഹിന്ദിയും തമിഴും അടിപൊളി പാട്ടുകൾ പെടയ്കുന്ന സെന്റ് സെബാസ്റ്റ്യൻ ബാന്റ് സംഘവും.

ഞങ്ങളുടെ പഞ്ചായത്തിലെ വർഷത്തിൽ മുന്നൂറ്റി അറുപത്തഞ്ചുദിവസവും പടക്കം വിൽക്കുന്ന കടയുടെ ഉടമസ്ഥരായിരുന്നു എതിർസംഘം. എന്നാൽ ഞങ്ങളുടെ പക്ഷത്തായിരുന്നു ചെറുവത്തൂർ അന്തോണീസ് ചേട്ടൻ. പുള്ളി വലപ്പാട് പള്ളിമുതൽ തൃപ്രയാർ ക്ഷേത്രത്തിൽ വരെ വെടിക്കെട്ട് നടത്തുന്ന ഞങ്ങളുടെ ലോക്കൽ ഗഡിയും എന്റെ അച്ഛന്റേയും പാപ്പൻമാരുടേയും ബാല്യകാല സുഹൃത്തുമായിരുന്നു. അന്ന് എന്റെ ഓർമ്മയിൽ നാലോ അഞ്ചോ ക്രിസ്ത്യൻ വീടുകളേ ഞങ്ങളുടെ വാർഡിൽ ഉള്ളൂ. പറയുമ്പോൾ അമ്പ് പെരുന്നാളിന് എന്നാലും കശപിശ ഉണ്ടാകും.

അന്തോണീസ് ചേട്ടന്റെ പേര് അന്തോണി എന്നാണെങ്കിലും പുള്ളി സ്വയം പുണ്യാളന്റെ പേരുതന്നെ എടുത്തു. ഫുൾഫിറ്റിൽ കാവടി പോകുന്നതിനടുത്ത് പലനിറത്തിൽ പുള്ളിയുടെ കൈയിൽ നിന്നും കത്തിയ്ക്കുന്ന മത്താപ്പിൽ       ഞങ്ങളുടെ കാവടിസംഘം പലവിധ LUTൽ തിളങ്ങും. 

പൂക്കാവടി ഉണ്ടാക്കുന്ന ദിവസങ്ങൾ ഉത്സാഹത്തിന്റെ ദിനങ്ങളാണ്.

വീടിന്റെ മുന്നിൽ ഞങ്ങളുടെ തെങ്ങുകയറുന്ന രാമു പുതിയ മടലുകൾ വെട്ടിയിടും പിന്നെ രണ്ട് പേർ ഈർക്കിൽ ആക്കിമാറ്റും. അതിന്റെ മണം ഇപ്പോഴും മൂക്കിലുണ്ട്. മാടത്തിങ്കൽ ബാലേട്ടൻ ആണ് പൂക്കാവടികളുടെ ഡിസൈൻ ഉണ്ടാക്കുന്നത്. പുള്ളിയുടെ സാധാരണ തൊഴിൽ ആധാരമെഴുത്ത്, കറസ്പോണ്ടൻസ് വഴി പഠിച്ച ഹോമിയോചികിത്സ എന്നിവയായിരുന്നു. ആദ്യമായി ഞങ്ങളുടെ നാട്ടിൽ ഡോക്ടർ എന്ന് ബോർഡ് വച്ച ആളും ബാലേട്ടനാണ്.

പുള്ളിയുടെ വീട്ടിൽ പോയി പലപ്പോഴും ഞാൻ അച്ഛൻ പറഞ്ഞ്  ഹോമിയോ മരുന്ന് വാങ്ങിയിട്ടുണ്ട്. പൈസ വാങ്ങിയിരുന്നോ എന്നറിയില്ല. 

ബാലേട്ടൻ തൃശ്ശൂർ പോയി പലതരത്തിലുള്ള കളർ പേപ്പറുകളും മറ്റും വാങ്ങി കൊണ്ടുവരും. അതിൽ പല ഷീറ്റുകൾ ചെറിയ ഗൗരവത്തോടെ മടക്കി വെട്ടി വൃത്താകൃതിയിൽ ആക്കി മാറ്റും. ഞാനടക്കമുള്ള ബാലസംഘം ഒരു പായിലിരുന്ന് ഓരോന്നായി അവയെല്ലാം അടർത്തി മാറ്റും. പലർക്കും പല പണിയാണ്. 

കൊള്ളിമാവ് ഒരു അലൂമിനിയം കലത്തിൽ ചൂടുവെള്ളമൊഴിച്ച് കുറുക്കും. അതിൽ തുരിശ് ചേർക്കുന്നതുകൊണ്ട് തിന്നാൻ പാടില്ല. പാറ്റ കാരാതെ പൂക്കൾ സൂക്ഷിക്കാനാണത്.

ഓരോ വട്ടക്കടലാസ്സിലും നടുക്ക് കൊള്ളിമാവിൽ കുറുക്കിയ പശ വിരലിന്റെ അറ്റം മുക്കി ഒട്ടിച്ച് തിരിയ്ക്കും, അങ്ങനെ യാണ് പൂക്കൾ ഉണ്ടാക്കുക. പിന്നീട് ഈർക്കിൽ അതിന്റെ നടുവിലൂടെ കയറ്റുന്ന ജോലി. അവസാനം പച്ചക്കടലാസുവെട്ടി ഡയഗണലായി സ്പീഡിൽ തിരിച്ചു ഓരോ പൂവിലും ഇലയുടെ ഡെക്കറേഷൻ നടത്തുന്നതോടെ  ഞങ്ങളുടെ വീട്ടിലെ പൂമുഖവും സ്വാമിമുറി എന്ന് വിളിച്ചിരുന്ന നാലാമത്തെ മുറിയും മുഴുവനായും മനോഹരമായ പൂക്കളോട് നിറയും. അവസാനമാണ് കാവടിയിയിൽ

പാണൻ ഗോപാലൻ പ്രത്യേകമായി നെയ്ത പനമ്പുകൊട്ടകളിൽ പത്രക്കടലാസ് ഒട്ടിച്ച് അതിൽ പൂക്കൾ ഒട്ടിക്കുന്ന സ്റ്റേജ്. അങ്ങനെ കൊട്ടക്കാവടി ഉണ്ടാക്കും.

പൂക്കളുണ്ടാക്കുന്നത് രാത്രിയിൽ ആണ്.  അത് രാത്രി ഏഴുമണിക്ക് തുടങ്ങി കാലത്ത് രണ്ട് മണിവരെ തുടരും.  കൊള്ളി പുഴുങ്ങിയതും കട്ടൻ ചായയും ആവശ്യാനുസരണം അടുക്കളയിൽ തയ്യാറായിരിയ്ക്കും. തമാശകൾ, പലരുടെയും മൂട്ടിൽ പശതേയ്ക്കുക, രാത്രിയിൽ വീടിന്റെ പിന്നിൽ ചാടിവീണ് പേടിപ്പിക്കുക എന്നീ കലാപരിപാടികൾ ഉണ്ടായിരുന്നു.

പൂയ്യത്തിന്റെ രണ്ട് ദിവസം മുൻപ് കാവടികളുമായി വീടുതോറും പിരിവിന് ഞങ്ങൾ രണ്ട് സംഘമായി പോകും. അങ്ങനെയാണ് മൂന്ന് വാർഡിലെ എല്ലാ വീടുകളും അതിലെ നാട്ടുകാരേയും എനിക്ക് പരിചയമായത്.

 തകിലും കാവടികളും ചേർന്ന് പലയിടത്തും ചുറ്റി തിരിച്ചു വരുമ്പോൾ ഉച്ചയ്ക്കും രാത്രിയിലും ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും ഭക്ഷണം തയ്യാറായിരിയ്ക്കും.

അതൊന്നും കണക്കിൽ വരാത്ത ചിലവുകൾ.

അച്ഛന്റെ ഹോബിയായിരുന്നു അത്. ഒരുദേശത്തിന്റെ അഹങ്കാരമായി ഞാൻ ഹൈസ്‌കൂൾ എത്തുന്നത് വരേയും അത് തുടർന്നു. വീടിന്റെ സ്വാമിമുറിയിൽ പീലിക്കാവടികളും ഉറങ്ങി.

അങ്ങനെ പൂയം കഴിഞ്ഞു രാത്രിയിൽ നിശ്ശബ്ദരായി, മെതികഴിഞ്ഞ പാടങ്ങളിലൂടെ തലയിൽ പിടിച്ച ഗാസ് ലൈറ്റ് വെളിച്ചത്തിൽ ഉറക്കച്ചടവോടെ ഞങ്ങളുടെ സംഘം വീട്ടിലെത്തും.

കല്യാണം കഴിഞ്ഞ വീടുപോലെ 

കാലത്ത് അണ്ണാച്ചിമാർ പൈസയും വാങ്ങി തകിലുകൾ കാവി നിറത്തിലുള്ള തുണികളിൽ കെട്ടി നടന്നുപോകും. വീട്ടിലെ മേശകളിൽ കർപ്പൂരത്തിന്റെ പാക്കറ്റുകളും  ചന്ദനത്തിരികളും പീലിത്തണ്ടുകളും, അന്തരീക്ഷത്തിൽ ഉണങ്ങിയ കൊള്ളിമാവിന്റെയും ഭസ്മത്തിന്റേയും മണവുമായി ആ ദിവസങ്ങളും തീരും.

 


(നേരത്തെ വായിക്കാത്തവർക്കായി ഒന്നാം ഭാഗം)


~കൊള്ളിമാവും കാവടിക്കാലവും ~


ഒന്നാം ഭാഗം.

ഇന്ന് ടാപ്പിയോക്ക പുഡ്ഡിങ്ങ് കഴിച്ചു വയറിന്റെ വിസ്താരം വർദ്ധിപ്പിച്ചു കൊണ്ടിരിക്കെയാണ് കാവടിക്കാലം മനസ്സിലെത്തിയത്.

അത് ഞങ്ങളുടെ ദേശത്തിന്റെ കഥയാണ്.


തൃപ്രയാർ പടിഞ്ഞാറുവശത്തുള്ള, വാഴക്കുളം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലായിരുന്നു ഞങ്ങളുടെ നാട്ടിലെ തൈപ്പൂയം. 

പൂയം വരുന്നത് മിക്കവാറും അമ്പലത്തിൽ പൂരം വരുന്നതിന് മുൻപായിരുന്നുവെന്ന് തോന്നുന്നു.

രണ്ട് കാര്യങ്ങൾ ആണ് അതെക്കുറിച്ച് ഓർക്കുമ്പോൾ ഓർമ്മ വരുന്നത്.

ഒന്ന്, രാത്രിയിൽ ഉറങ്ങാൻ തുടങ്ങുമ്പോൾ പേടിപ്പെടുത്തുന്ന ചിലമ്പുകളുടെ ശബ്ദഭേരിയിൽ പടവാളുമായി അലറിത്തുള്ളിവരുന്ന വെളിച്ചപ്പാട്.

ഒരുമാതിരി അപ്പർപ്രൈമറി വരേയുള്ള പിള്ളേരെല്ലാം അതുകണ്ടാൽ ട്രൗസറിൽ പെടുക്കും. എന്റെ ഒളിസ്ഥാനം നടപ്പുരയുടെ രണ്ട് വശത്തും ഉയർത്തി കെട്ടിയ കയ്യാലയുടെ ഒരുവശത്തുള്ള നടപിരിവ് കണക്കുകൾ സൂക്ഷിച്ചിരുന്ന ഒരു കോട്ടപ്പെട്ടിയുടെ പിന്നിലെ മൂലയിലാണ്. ആ സമയമാകുമ്പോഴേയ്കും സൂചികുത്താൻ അവിടെ പഴുതുണ്ടായിരുന്നില്ല. 

തൈപ്പൂയം രാത്രിയിൽ 'ഭസ്മക്കാവടി' എന്ന കാര്യത്തോടെ സമാപിക്കും. രാത്രിയിൽ ബാന്റുസെറ്റും ഗാസ്ലൈറ്റും വെടിക്കെട്ടും മത്താപ്പൂവുമായി രസമാണ്. അതിനു പോകാതെ വയ്യ, പക്ഷേ പെനാൽറ്റി വെളിച്ചപ്പാട് ഹൊറർ ഷോ ആണ്.

രാവിലെ തുടങ്ങി ഉച്ചയ്ക്ക് തിരിച്ചു പോകുന്ന കാവടിയാത്ര 'പാൽക്കാവടി' എന്നപേരിൽ അറിയപ്പെടുന്നു. അതിലാണ് ഞങ്ങളുടെയെല്ലാം കാവടി സാമർത്ഥ്യം അരങ്ങേറുന്നത്.


രണ്ടാമത്തെ കാര്യം കാവടികളും അതിന്റെ നിർമാണങ്ങളുമായിരുന്നു.

(മൂന്നാമത്തെ കാര്യം ഏങ്ങണ്ടിയൂരിൽ നിന്നും അച്ഛന്റെ കസിന്റെ മക്കളായ, കല്യാണങ്ങളിൽ മാത്രം കാണുന്ന ചേട്ടന്മാർ ചാരായം കുടിച്ച് അമ്പലത്തിൽ വന്ന് അലമ്പുണ്ടാക്കുന്നതും കിണറിനരികിൽ പൂഴിയിൽ വാളുവെച്ച് കിടക്കുന്നതുമായിരുന്നു.)

കാവടികൾ മൂന്ന് വിധത്തിലുണ്ട്. 

അതിലെ യമണ്ടൻ 'നിലക്കാവടികൾ' എന്നോ 'പീലിക്കാവടികൾ' എന്നോ പേരിൽ അറിയപ്പെടുന്ന, തമിഴ് നാട്ടിലെ ക്ഷേത്രങ്ങളും ചൈനീസ് ബുദ്ധക്ഷേത്രങ്ങളും മെർജ് ചെയ്ത,  പോലേയുള്ള, ഒട്ടും എയറോഡൈനാമിക്കോ എർഗണോമിക്കലോ അല്ലാത്ത ചെത്ത് ഡിസൈൻ ഉള്ളവയാണ്. 

അന്ന് ഞങ്ങളുടെ ഗ്രൂപ്പിന്റെ(പിന്നീട് പറയാം) സ്വന്തമായി നാലു നിലമുതൽ ഏഴോ ഒമ്പതോ നിലവരെ ഉയരം വരുന്ന പീലിക്കാവടികൾ ഉണ്ടായിരുന്നു. അതിൽ അഞ്ച് നിലവരെ ഈയുള്ളവൻ തലയിലോ തോളിലോ എടുത്തു ആടാൻ പരീക്ഷിച്ചിട്ടുണ്ട്. ഇപ്പോൾ സെർവൈക്കൽ ഡിസ്ക് അതോർക്കുമ്പോൾ പുളയുന്നു. സാധാരണ പീലിക്കാവടികൾ എടുത്ത് ആടുന്നത്, കണ്ടാൽ തമിഴ് സിനിമകളിൽ വില്ലൻ ചെട്ടിയാരുടെ സിൽബന്ധികളായി വരുന്ന ഖടോൽക്കജന്മാരെപ്പോലെയുള്ള കുഴിക്കൽ കടവിലെ ചുമട്ടു തൊഴിലാളികളായ ചേട്ടന്മാരായിരുന്നു. കാലത്ത് കുളിച്ചു കുട്ടപ്പന്മാരായി അവർ എത്തുന്നത് ചന്ദനത്തിരി യുടെ സുഗന്ധമായും പകുതി ആട്ടം കഴിയുമ്പോൽ സ്പിരിറ്റിന്റെ മണവുമായായിരുന്നു. അന്നൊക്കെ കാവടിസംഘം പ്രസിഡന്റ് ആയിരുന്ന അച്ഛന്റെ മകനെന്ന നിലയിൽ കാവടികൾ തമ്മിലടിച്ച് കേടുവരാതെ നോക്കുക എന്നത് എന്നിൽ നിക്ഷിപ്തമായ കാര്യമായി ഞാൻ എടുത്ത്, കുടിച്ച് പൂസായ ആട്ടക്കാർ ആരാണ് എന്ന് ക്ളാസ് മോണിറ്റർ പോലെ, കമ്മിറ്റി അംഗക്കാരെ സ്പോട്ടിൽ  അറിയിക്കുകയും ചെയ്തിരുന്നു.

രണ്ടാമത്തെ തരം കാവടികൾ കൊട്ടക്കാവടികൾ എന്നപേരിൽ അറിയപ്പെടുന്ന വളരെയധികം വിസ്താരമുള്ള, എന്നാൽ ആടാൻ എളുപ്പമുള്ള കോളിഫ്ലവർ ഷേപ്പിലുള്ള 'ഫീമേയിൽ വെർഷൻ' കാവടികളാണ്. 

മുന്നാമത്തെ തരം കാവടികളാണ് ഞങ്ങൾ പിള്ളേര് ആടി ചെത്തുന്നത്. അതാണ് പൂക്കാവടികൾ.

ഓരോ വർഷവും ഞങ്ങൾ സ്വന്തമായി ഉണ്ടാക്കുന്നവയാണത്.

അതിന്റെ നിർമ്മാണം അടുത്ത ഭാഗത്തിൽ വിശദമായി വരുന്നു.

 രണ്ടാഴ്ചയോളം നീളുന്ന ഉറക്കമില്ലാത്ത ആ നാളുകൾ കൊള്ളിമാവും വർണ്ണക്കടലാസും കൈയിലൊട്ടിയ, ആഘോഷങ്ങൾ നിറഞ്ഞ

കാലമായിരുന്നു.

(തുടരും)

Saturday, August 8, 2020

സന്തോഷം തരുന്ന ഇച്ഛാഭംഗങ്ങൾ~ 2

 


2. ബ്രൂട്ടൽ കട്ടകൾ


നാട്ടിക SNൽ പഠിക്കുമ്പോളാണ്, കാന്റീന്റെ അടുത്ത് മൂന്നിഞ്ചിന്റെ രണ്ട് G.I. പൈപ്പ് പച്ചക്കറി ക്കടകളിൽ ഓണത്തിന് നേന്ത്രക്കൊലകൾ തൂക്കിയിടാൻ പോലെ ഉയരുന്നത് കണ്ടത്.

ഒന്നും മനസ്സിലായില്ല. അതിനടുത്തായിരുന്നു ചോറ്റുപാത്രം കഴുകാൻ യുവതീയുവാക്കൾ ഉച്ച സമയത്ത് ചാമ്പ്പൈപ്പ് അടിച്ചിരുന്നത്. 

ഞാൻ അവിടെ അധികം സമയം ചിലവിട്ടിരുന്നില്ല. 

കാരണം അത് മലയാളം ഡിപ്പാർട്ട്‌മെന്റും , കോളേജിൽ PE ഡയറക്ടർ ആയ എന്റെ എളേശ്ശന്റേയും ആസ്ഥാന ഡയറക്ട് റാഡാർ ഡിസ്റ്റൻസിലായ സ്ഥലമായിരുന്നു. 

അന്നൊക്കെ "ലൈനടി" എന്ന ശ്രൃംഗാരത്തിന് ധാരാളം മാവിൻ ചുവടുകൾ കെമിസ്ട്രി ഡിപ്പാർട്ട്‌മെന്റിന്നടുത്തുണ്ടായിരുന്നു.


മേൽപ്പറഞ്ഞ ഇരുമ്പ് പൈപ്പ് ജലവിതരണം നടത്തുന്നതിനാണെന്ന് കരുതിയ എനിക്ക് തെറ്റി. 

പിറ്റേന്നു കോളേജിൽ നേരത്തെ എത്തിയ സമയത്ത് കാമ്പസ്സിൽ ഉണ്ടായിരുന്ന സസ്യജാലങ്ങളിൽ ഏതൊക്കെ കുടുംബപ്പേര് പറയാൻ(പഠിക്കുന്ന സബ്ജക്ട് മാറ്ററിൽ പെട്ടത്) കഴിയും എന്ന് പരീക്ഷിക്കുന്നതിനിടയിൽ ആ പൈപ്പുകളിൽ എന്റെ ക്ളാസ്സ് മേറ്റ് രണ്ട് കൈയും വച്ച് പൊത്തിപ്പിടിച്ചു കയറി. 

"ഡാ അത് വേണ്ട്രാ, സീൻ കോണ്ട്രാ" എന്ന് അന്നത്തെ ചുള്ളൻ ഭാഷയിൽ പറഞ്ഞ് പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും, ഒറ്റ ശ്വാസത്തിന് , "ഇത് ജിമ്മിനുള്ളതാസ്റ്റാ" 

എന്ന് പറഞ്ഞു അവൻ അതിൽ പിടിച്ച് ഉയർന്നു.

അന്നൊക്കെ നമ്മുടെ സമകാലീനർ എന്ത് ചെയ്താലും അത് നമ്മളും ചെയ്തിരിക്കണം എന്നുണ്ട്. നമുക്കും ചെയ്യാൻ പറ്റും എന്ന ഒരു ധൈര്യവും.

കയ്യിലുള്ള റൂബിയേഷിയിലും, യൂഫോർബിയേഷിയിലും പെട്ട സസ്യ ജാലങ്ങളെ താഴെ ഫ്രേമിൽ ചവിട്ടിക്കൂട്ടാതെ സൈഡാക്കി ഞാൻ രണ്ട് കൈകളും വെച്ച് "പൊത്തോ, നിന്നെ ഇപ്പം ശരിയാക്കാടാ" എന്നും പറഞ്ഞു പിടിച്ചതുമാത്രം ഓർമ്മയുണ്ട്; പുറത്ത് ഏതോ ആവശ്യമില്ലാത്ത ഒരു ലിഗമെന്റ് "നിങ്ങളെവിടെയ്ക്കിസ്റ്റാ ഒരു ബെല്ലും ബ്രേയ്ക്കുമില്ലാതെ" എന്നും പറഞ്ഞ് വെലക്കി.

പിന്നെ ആവശ്യമില്ലാത്ത  ആ പണിക്ക് പോയില്ല.


മേലാകെ എണ്ണപെരട്ടി, രണ്ട് ഭാഗത്തേയ്ക്കും ചെരിഞ്ഞ് വേണാട് എക്സ്പ്രസ്സിൽ ടോയ്‌ലറ്റിൽ ഇരിക്കുന്ന മുഖഭാവത്തോടെ, സ്റ്റേജിൽ ബ്രൗൺ കളറിലുള്ള ബ്രീഫുമിട്ട് പൊളപ്പിക്കുന്ന രണ്ട് പേര് അന്ന് കോളേജിലുണ്ടായിരുന്നു. അവരുടെ പേര് പറയാതെ ചെമ്മാപ്പിള്ളി കട്ട, പുളിഞ്ചോട് കട്ട എന്ന പേരുകൾ വിളിച്ച് ഞാൻ തൃപ്തിപ്പെട്ടു.

പിന്നെ വല്ലപ്പോഴും റേഷൻ കടയുടെ അടുത്ത് പോകുമ്പോൾ അവിടുത്തെ അഞ്ച് കിലോ കട്ടി ഒറ്റക്കൈയിൽ പോക്കി. "ദാ ഇത്രേയുള്ളൂ" എന്ന് പറയുന്നിടത്ത് എന്റെ ഭാരോദ്വഹനം അവസാനിച്ചു.

അന്നത്തെ ചിന്തയിൽ സ്റ്റേജിൽ ഷർട്ടിടാതെ കയറുക എന്നത് ലേശം "ശ്ശ്യേ" ആയിരുന്നു. 

മസിൽ വന്ന് കഴിഞ്ഞാൽ പിന്നെ കാണാൻ ഭംഗിയുണ്ട്. വെയിലത്ത് മസിൽ കാണുന്ന തട്ടത്തിന്റെ മെറ്റീരിയലോ പൊക്കാളി ചെമ്മീൻ പിടിക്കുന്ന നെറ്റോ കൊണ്ട് ഉണ്ടാക്കിയ ബനിയനോ ടീഷർട്ടോ ആവും കട്ടകളുടെ വേഷം.

അന്നത്തെ നടപ്പ് സ്റ്റൈൽ ആണെങ്കിൽ പട്ടിച്ചെവിയൻ മൂന്നിഞ്ച് വീതിയുള്ള കോളറുള്ള ഫ്ളവർ ഷർട്ടും, ഉപ്പൂറ്റിയുടെ ഭാഗത്ത് മാത്രം പകുതി അലൂമിനിയം പല്ലുള്ള സിപ്പ് വച്ചു തയ്ച്ച പാവാട ബെൽ ബോട്ടവും.

താഴെ അതിനകത്ത് കൊക്കാലയിലെ ടയർ റീട്രെഡ് ചെയ്യുന്നിടത്തുനിന്നും വാങ്ങിച്ച മൂന്നു നാലിഞ്ച് ഉയരം സോളിട്ട പ്ളാറ്റ്ഫോം ഷൂവും ആണ്. അതുകൊണ്ട് തന്നെയാണ് എന്റെ അറിവിൽ നാട്ടിലെ കട്ടകൾ ടെസ്റ്റോസറ്റീറോൺ വേണ്ടത്ര ഉത്പാദിപ്പിച്ചിട്ടും ഒരു ലൈനും കിട്ടാതെ പാർശവത്ക്കരിക്കപ്പെട്ടത്.

അന്ന് അവരെല്ലാം കോളേജിൽ വരുന്നത് പാപ്പന്മാരോ അളിയനോ ഗൾഫിൽ നിന്നും കൊണ്ടുവന്ന ബ്രൂട്ട് എന്ന സ്പ്രേയും അടിച്ചായിരുന്നു.

എനിക്കാണെങ്കിൽ (ബുദ്ധിക്ക് ശേഷം) എറ്റവും തലയിൽ വികസിച്ച ശേഷിയെന്ന് പറഞ്ഞാൽ സ്കോട്ട് ലാന്റ് യാഡിലെ അൽസേഷ്യനുപോലുമില്ലാത്ത ഘ്രാണ ശക്തിയാണ്. അത് പലപ്പോഴും എന്നെ പീഡിപ്പിച്ചിട്ടുമുണ്ട്. ഉദാഹരണത്തിന് സന്തോഷത്തോടെ വെളുത്ത ചെറുനാരങ്ങ അച്ചാർ കണ്ണടച്ച് വായിലിട്ടാൽ  അതിന്റെ ഫാക്ടറിയിൽ ഒരുപിടി കരിംജീരകം കൊണ്ടു വന്നിട്ടുണ്ട് എന്ന് എനിക്ക് പറയാൻ കഴിയും.

കട്ട+നെറ്റ്ബനിയൻ+ബ്രൂട്ട് എന്ന a+b+c ആൾ സ്കയർ ആണ് എന്റെ ഓർമ്മയുടെ ഫോർമുല.

കൊല്ലങ്ങൾ കഴിഞ്ഞു.

ന്യൂയോർക്ക് സിറ്റിയിൽ ഇന്റേൺഷിപ്പ്.

 അന്ന് റിട്രീറ്റ് എന്ന ഒരു പരിപാടിയുണ്ട്. ചരൽക്കുന്നിലെ ശിബിരം എന്നൊക്കെ പ്പറയുന്നതുപോലെ. പട്ടിപ്പണിയെടുത്ത് "ഫൂബാർ" ആയ മുപ്പതോളം വരുന്ന ഞങ്ങളുടെ ജോലിയിൽ നിന്നും മാറിയുള്ള റിലാക്സിങ്ങും "എന്ത്കൊണ്ട് നിന്നെപ്പോലെയുള്ളവർ ഈ ജോലിയിൽ വീണ്ടും അതീവ ശ്രദ്ധയോടെ തുടരണം" എന്ന് ഡിപ്പാർട്ട്‌മെന്റ് വ്യംഗ്യമായി പറയുന്ന, തുല്യ ദുഖിതർ മനസ്സ് തുറക്കാൻ ഉപയോഗിക്കുന്ന ദിവസമാണ് അത്. 

മൂന്ന് നാല് ആശുപത്രിയിൽ പഞ്ഞിക്കായ പൊട്ടിത്തെറിച്ചു പോലെ പോയതുകൊണ്ട് ഓറിയെന്റേഷൻ കഴിഞ്ഞ ശേഷം കാണാത്തവരെപ്പോലും അന്ന് കാണാൻ സാധിക്കും. എന്റെ കോളേജിൽ സമകാലീകയല്ലാതെ പഠിച്ച മറ്റൊരു ഇന്റേൺ ആയ ചെമ്പൂക്കാവിലെ ദെജീ ജോണിനെ ഞാൻ വീണ്ടും കണ്ടത് അന്നാണ്. 

നല്ലൊരു ദിവസമായിരുന്നു.

ഫോർട്ട് ഹാമ്മിൽട്ടൻ കമ്മ്യൂണിറ്റി ക്ളബ് എന്ന സിറ്റിയുടെ അറ്റത്തുള്ള ചെത്ത് സ്ഥലം.

അന്ന് ട്രെയിനിങ്ങിൽ വരുത്തേണ്ട മാറ്റങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഒരു കവറിലിട്ട് കൊടുക്കണം. അത് സംഘാടകർ പൊട്ടിച്ച് വായിച്ച് ബോർഡിൽ തൂക്കിയിട്ട വെള്ളപ്പേപ്പറിൽ എഴുതും. ഒരേ കാര്യം തന്നെ വന്നാൽ അത് എഴുതുകയില്ല.

ഞങ്ങളുടെ ബാച്ചിൽ "കട്ട" എന്ന് വിളിക്കുന്നതായി ഞാൻ ആരേയും ജോലിത്തിരക്കിൽ ശ്രദ്ധിച്ചിരുന്നില്ല.

കവർ പൊട്ടിച്ച് വന്ന ആദ്യത്തെ നിർദ്ദേശം, 

"നമുക്ക് സ്വന്തമായി റെസിഡൻ്റ്സിന് മാത്രമായി ജിം വേണം". 

അത് പറയാൻ കാരണമുണ്ട്.

 ബാലീ ടോട്ടൽ ഫിറ്റ്നസ് എന്നൊക്കെപ്പറഞ്ഞ് തുടങ്ങിയ  കിട്ടുന്ന നാമമാത്ര ശമ്പളത്തിൽ എല്ലാദിവസവും പോകാവുന്ന ജിമ്മുകൾ നഗരത്തിലുണ്ട്.

പെണ്ണും രണ്ട് പിള്ളാരുമുള്ള എനിക്ക് ഇനി ബോഡി ഫിറ്റ്നസ് ഒന്നും ആവശ്യമില്ലായിരുന്നു.  ജോലി തുടങ്ങിയപ്പോൾ ധരിച്ചിരുന്ന സക്രബ് മീഡിയമായിരുന്നു, അതിപ്പോൾ സ്മോൾ സൈസ് ആയി മാറി. 

റിട്രീറ്റിൽ എന്റെ കവർ പൊട്ടിച്ചു വായിച്ചപ്പോഴേയ്ക്കും പേപ്പറിൽ എഴുതാൻ സ്ഥലം തികയാത്ത സ്ഥിതിയായി. അതിലേറേ നിർദ്ദേശങ്ങളുടെ ഐവറുകളി.

അവസാനം നാലുമണിക്ക് ഹോൾ കാലിയാക്കാനുള്ള തിരക്കും. 

ഞാനത് മറന്നു.

ആ ആഴ്ചയിലെ പ്രോഗ്രാം ഡയറക്ടർ മീറ്റിങ്ങിൽ വിളമ്പരം വന്നു.

"നിങ്ങളുടെ ജിം എന്ന സുന്ദരമായ ആവശ്യത്തിനായി ഒരു ബിൽഡിങ്ങിന്റെ  താഴത്തെ നിലയിലുള്ള മുറികൾ ഞങ്ങൾ എടുത്തിരിക്കുന്നു. അതിന്റെ കീ ആവശ്യമുള്ളവർ സെക്രട്ടറിയെ കണ്ട് പേരെഴുതി വാങ്ങുക, നിങ്ങൾക്ക് 24 മണിക്കൂറും അതിനകത്ത് കയറാം".

ഇത് കേട്ടവശം മൂന്നാം നിലയിലേയ്ക്ക് രാഗത്തിന്റെ ഗേറ്റ് മാറ്റിനിക്ക് തുറക്കുന്ന സമയത്തെ ഓട്ടം പോലെ പുരുഷന്മാർ ഓടി.

നമുക്ക് പതുക്കെ മതിയെന്ന് വിചാരിച്ചു ഞാൻ ഇടിക്കാനൊന്നും പോയില്ല.  പിന്നെ വെറുതെ കിട്ടുന്നത് ആവണക്കെണ്ണയായാലും കുടിക്കാമല്ലോ എന്ന് കരുതി ഞാനും വാങ്ങി.

ഒരാഴ്ച കഴിഞ്ഞു.

എന്നും ജിം എന്ന് പറയുന്ന ആ സ്ഥലത്ത് പോകണമെന്ന് വിചാരിക്കും, പക്ഷേ വേറേ നല്ല ചിന്തകൾ മനസ്സിൽ വരുമ്പോൾ അതങ്ങനെ മാഞ്ഞുപോകും. 

അതുവഴി കുടുംബവുമായി ഒരു പോസ്റ്റ് കോൾ ദിവസം ഈവനിംഗ് വാക്കിനിറങ്ങിയപ്പോൾ ഭാര്യയെ സ്ഥലം കാണിച്ചു. "ഇതാണ് ഞങ്ങളുടെ പുതിയ ജിം."

"അയ്യോ ! അപ്പോൾ ചേട്ടന് ഫ്രീയായി പോകാമല്ലോ?" എന്ന് സഹധർമ്മിണി ഉവാച.

അങ്ങനെ ലഗ്നം ഒത്തു വന്ന ഒരു ബ്രാഹ്മ മുഹൂർത്തത്തിൽ കുളിച്ച്, ബ്രൂട്ടിനു പകരം അന്ന് ഉപയോഗിച്ചിരുന്ന Axe  എന്ന സ്പ്രേയും അടിച്ച്  അഡിഡാസിന്റെ ഒരു ടീഷർട്ടും ഒരു അയഞ്ഞ പാന്റുമിട്ട് ഹോസ്പിറ്റലിനു പിന്നിലെ രണ്ട് നിലക്കെട്ടിടത്തിന്റെ മുൻ വശത്തെ വാതിൽ തുറന്നു. 

ട്രെഡ്മിൽ, വെയിറ്റ്സ്, എലിപ്റ്റിക്കൽസ്, ബഞ്ച് പിന്നെ പേരറിയാത്ത കുറേ മെഷീനുകളും രണ്ട് മുറികളിലായി ഉണ്ട്. എയർ കണ്ടീഷണറിന്റെ ശബ്ദം മാത്രം, മ്യൂസിക്കായി.

അകത്ത് എന്റെ ബാച്ചിലെ കട്ടയെന്ന് വിളിക്കാവുന്ന ഈജിപ്ഷ്യൻ ആണെങ്കിലും മിസ്രി സ്വഭാവം കാണിക്കാത്ത സുഹൃത്ത്. 

പുള്ളിക്കാരൻ അപ്പർ ബോഡി ട്രെയിനിങ്ങ് നടത്തുന്നു.

അപ്പോഴാണ് അത് സംഭവിച്ചത്. എന്റെ മസ്തിഷ്‌കത്തിലെ ഘ്രാണ ശക്തി കിണറ്റിൽ ഇറങ്ങി ശുദ്ധവായു കിട്ടാതെ ബോധരഹിതനായി ത്തുടങ്ങിയ അന്യ സംസ്ഥാന ത്തൊഴിലാളിയെപ്പോലേ, "സേട്ടാ ബച്ചാവോ"

എന്ന അപകട സൈറൺ മുഴക്കിയത്.

പിന്നെ ഞാൻ വഴിതെറ്റി വന്നതാണെന്ന് കൈമുദ്രകൊണ്ടും  മുഖംകൊണ്ടും അഭിനയിച്ചുകാണിച്ച് പുറത്ത് കടന്നു. 

റോഡിലെ വാഹനങ്ങളുടെ പുക ഉള്ളിലേക്ക് കഞ്ചാവ് അടിക്കുന്നതുപോലെ ആഞ്ഞു വലിച്ചു.

പട്ടി ചന്തക്ക് പോയപോലെ ചേട്ടച്ചാര് ഫ്ളാറ്റിന്റെ വാതിൽ തുറക്കുന്നതുകേട്ട് ഭാര്യ എത്തി.

" എന്തേ ഇന്ന് തുറന്നിട്ടില്ലേ?"

"തുറന്നു, കയറിയതും ഞാനടച്ചു. ഭയങ്കര B.O."

" ഈ" എന്ന ഞങ്ങൾക്ക് മാത്രം അറിയാവുന്ന ആ ശബ്ദത്തിൽ എന്റെ "കട്ട"യാവുന്ന ബക്കറ്റ് സ്വപ്നങ്ങൾ സന്തോഷത്തോടെ ഒലിച്ചുപോയി.


Thursday, August 6, 2020

സന്തോഷം തരുന്ന ഇച്ഛാഭംഗങ്ങൾ~ 1

സന്തോഷം തരുന്ന ഇച്ഛാഭംഗങ്ങൾ

1. റോഡ് ടു പെർക്കഷൻ
പണ്ടൊക്കെ കോളേജിൽ പഠിക്കുന്ന സമയത്താണ് ഡിസ്കൊ വരുന്നത്.  അന്നാണ് എന്തെങ്കിലും പോപ്പ് മ്യൂസിക് കേൾക്കുന്നതും, ചില ടീമുകളുടെ പേരുകളും പാട്ടുകളും അറിയുന്നതും. അന്നത്തെ ചെത്ത് ടീമുകളായിരുന്നു ബോണീ എം, അബ്ബ, ബീജീസ് എന്നതൊക്കെ. എന്റെ ആലുവയിൽ ഉള്ള കസിൻസ് പറഞ്ഞു തന്ന വിവരം വെച്ചാണ് അതെല്ലാം തരാക്കിയത്. (ഈയിടെ ഞാൻ ജോലി സ്ഥലത്ത് അറിയാതെ എന്റെ ബാല്യകാല കൗതുകം വിളമ്പിയപ്പോൾ ആ വാർഡിലൊന്നും വാല്യക്കാരൊന്നും കേട്ടിട്ടേയില്ല എന്നത് എനിക്ക് അതിശയമായി.)
അതോടൊപ്പം സിനിമയിൽ ആണ് ഡ്രമ്മ്സ് എന്ന പെർക്കഷനും കാണുന്നത്.
തൃശ്ശൂർ എത്തി രണ്ടാം വർഷം ആയപ്പോൾ തോന്നി, എന്തെങ്കിലും സംഗീതോപകരണം പഠിക്കുന്നത് ചുള്ളത്തം ഇമ്പ്രൂവ് ചെയ്യാൻ പറ്റിയ ഒരു വഴിയാണെന്ന്. തബല കൊട്ടി നോക്കി. വിരലുകഴച്ചു. അതിനാണെങ്കിൽ  ഒരു പഴഞ്ചൻ ലുക്കും. ഒരു ഗുമ്മില്ല. അന്നാണ് എന്റെ സഹമുറിയൻ ശ്രീകുമാർ ഗിറ്റാറിൽ ഒരു കൈ നോക്കുവാനായി എറണാകുളത്തുനിന്നും ഹോസ്റ്റലിൽ ഒരു ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഒരു ഗിറ്റാറുമായി ലാന്റ് ചെയ്യുന്നത്. അന്ന് ഞങ്ങളുടെ ക്ളാസ്സിൽ രണ്ട് പേർക്ക് ഗിറ്റാർ വായിക്കാനറിയാം, ഒന്ന് ഇഗ്നി(Late Dr Ignatius), പിന്നെ ബാലചന്ദ്രൻ.
അതുകൊണ്ട് ഗിറ്റാറിൽ പണി ചെയ്താൽ കോംപെറ്റീഷനാണ്. സ്ട്രെസ്സ് വേണ്ട. അൾട്ടിമേറ്റ്ലി നാരായണ ഗുരു പറഞ്ഞതുപോലെ "അവനവനാത്മ സുഖത്തിനായി" എന്ത് ആചരിച്ചാലും അത് നമ്മുടെ സോഷ്യൽ ചുള്ളത്തരത്തിനുള്ള ഒരു അപ്ലിഫ്റ്റിങ്ങ് ആയി വരണം എന്നാണ്.
അതുകൊണ്ട് ലിസ്റ്റ് പരിശോധിച്ചപ്പോൾ ജാസ്, പെർക്കഷൻ എന്നീ പേരുകളിൽ മനസ്സ് തത്തിക്കളിച്ചു. 

ഡ്രംസ് രസമാണ്. പലതരം സെറ്റുകൾ, ചടുലമായ താളങ്ങൾ, എല്ലാവരും നോക്കി "അടി പൊളി സാനസ്റ്റാ" എന്ന് പറയും. 
ഒരു തബലയും മൃദംഗവും വായിക്കുന്ന സരിഗമ മഗരിസ ഊച്ചാളി ലുക്കുമില്ല.

എവിടെപ്പോയി പഠിക്കും? 
അപ്പോളാണ് തൃശ്ശൂർ കിഴക്കേകോട്ടയിലുള്ള സെമിനാരിപോലെ പള്ളീലച്ഛന്മാർ നടത്തുന്ന കലാഭവൻ   പോലെയുള്ള ഒരു സംഗീതസ്ഥാപനത്തിന്റെ കാര്യം ജോയ് തോപ്പിൽ പറയുന്നതും. അവൻ സെന്തോമസിൽ പഠിച്ചതുകൊണ്ട് വിവരം കറക്റ്റായിരുന്നു. 
ഞാൻ കണക്ക് കൂട്ടി. ഒരു മൂന്നു മാസംകൊണ്ട് കോളേജിൽ ചെത്തി ഒരു അരങ്ങേറ്റം. ആരോടും പറയാതെ. ഒരു ഇലഞ്ഞിത്തറമേളത്തിന്റേം സാമ്പിള് വെടിക്കെട്ടിന്റേം ഒരു ചെത്ത് കോംബിനേഷൻ പെട. 
കോളേജിലെ ഏക ഡ്രമ്മർ, അത് ഈയുള്ളവൻ. പെരുക്കി കയ്യീക്കൊടുക്കന്നെ.
ഞാനും ശ്രീകുവും അവിടെപ്പോയി. 
ആഴ്ചയിൽ ഒരു ദിവസം ക്ളാസ്സ്. വേറേ ആരും ആക്ളാസ്സിൽ ഇല്ല. സാറിനെ പരിചയപ്പെട്ടു.
പുള്ളിയുടെ ഡ്രമ്മ്സിലെ പെരുക്കം കണ്ടു. ആളുടെ മുഖത്ത് വലിയ ചിരിയും മറ്റുമില്ല.
പണ്ട് ഞാൻ റേഡിയോ എഞ്ചിനീയറിംഗ് പഠിക്കാൻ പോയിടത്തെ ആളുടെ പോലെ. ഞാൻ എവിടെ പോയാലും ഇതുപോലത്തെ ഗഡികളാണ് ഗുരുക്കന്മാർ.
 പുള്ളിയാണെങ്കിൽ "വേണമെങ്കിൽ പഠിച്ചോ" എന്ന തൃശ്ശൂർ ഹൈറോഡിൽ ഇരുമ്പുകച്ചവടം നടത്തുന്ന ചേട്ടന്മാരുടെ കടയിൽ വിജാഗിരി വാങ്ങാൻ ചെന്ന ലൈനിൽ. 
ഒരു മാസത്തെ ക്ളാസ്സിനുള്ള വരിസംഖ്യ അടച്ചു. ഇറുന്നൂറ് പേജിന്റെ വരയിട്ട പുസ്തകവും വാങ്ങി.
അടുത്ത ആഴ്ച പുള്ളിയ്ക്ക് ഒഴിവില്ല. അതുകൊണ്ട് രണ്ടാഴ്ച കഴിഞ്ഞു പോയി. പുസ്തകത്തിൽ കുത്തും കുറേ വരകളും ഇട്ട് ചില പേരുകളും പറഞ്ഞു. എന്നെക്കൊണ്ട് കാലും കയ്യും ഉപയോഗിച്ച് ഒരു മിനിറ്റ് കൊട്ടിച്ചു. കുറ്റം പറയരുതല്ലോ, ആരോ പഴയ ടാറ് വീപ്പ ചായ്പിന്റെ റൂഫാക്കാൻ ചുററിക വച്ച് അടിക്കുന്നതാണെന്ന് കരുതി. എന്താണ് ഇവിടെ കൺസ്ട്രക്ഷൻ എന്നറിയാൻ കുറേ അനാഥ പിള്ളേരും വന്നു എത്തി നോക്കി.
അതോടുകൂടി "ഇവന്റെ ജന്മസിദ്ധമായ കഴിവ് എഞ്ചിനീയറിംഗ് ആയിരിക്കും" എന്ന് കരുതി ഡ്രമ്മ്സ് മാഷ് അന്നത്തെ പ്രാക്ടീസ് ക്ളാസ്സ് നിർത്തി.
പിന്നെ രണ്ടാഴ്ച സെമിബ്രീവ് , റെസ്റ്റ് എന്നീ പേരുകളും പുസ്തകത്തിൽ വരയും പുള്ളിയും നോക്കി മനസ്സിൽ ഡ്രമ്മടിച്ചു നടന്നു.
 ഇനി രണ്ടു മാസമേയുള്ളൂ. ഹോസ്റ്റലിൽ ഒരു പഴയ തകരപ്പാട്ട പോലുമില്ല കൊട്ടിപ്പഠിക്കാൻ.

ഒരു ലെവലിൽ എത്താത്തുകൊണ്ട് ഡ്രമ്മ് സെറ്റിൽ ഇൻവെസ്റ്റ് ചെയ്യാനുള്ള സാമ്പത്തിക സ്ഥിതിയുമില്ല. 

അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞ ഒരു ദിവസം വീണ്ടും പോയി.
അന്നത്തെ ക്ളാസ്സ് കുഴപ്പമില്ലാതെ പോയി.
 പുള്ളി ഇറുന്നൂറ് പേജ് പുസ്തകവും, സെമിബ്രീവും, റെസ്റ്റും, മിനിമും, ഒരു മണ്ണാങ്കട്ടയും പറയുന്നില്ല. 
അര മണിക്കൂർ ക്ളാസ്സ് കഴിഞ്ഞ് പുള്ളി പറഞ്ഞു, 
"എനിക്കൊരു കാര്യം പറയാനുണ്ട്".
ഈശോയേ, ഇതാ വരുന്നു, ഇടിവെട്ട്.
രണ്ട് ദിവസം കൊണ്ട് എന്റെ സംഗീതഭാവിയുടെ ജാതകം കുറിച്ചിരിക്കുന്നു. 
അതായത് "യാതൊരു ഭാവിയുമില്ല, ഇച്ചിരി പൊതുജന സ്നേഹം ബാക്കി ഉണ്ടെങ്കിൽ, താങ്കൾ ഈ പണിക്ക് ഇറങ്ങരുത്."
അത് പറഞ്ഞാൽ ഇനി എനിക്ക് സാമ്പിൾ നോക്കാവുന്ന അവന്യൂ എന്തായിരിക്കും എന്ന് മനസ്സിൽ ഒരു ചിന്ത ഓടി നടന്നപ്പോൾ ഡ്രമ്മ്സ് മാഷ് പറഞ്ഞു,
" ഞാൻ വിദേശത്ത് പോകുന്നു, ഇനി ക്ളാസ്സ് ഉണ്ടാവില്ല."
ഒന്നോർക്കുമ്പോൾ ജനങ്ങൾക്ക് ഒരു കഴിവുറ്റ ഡ്രമ്മറിനെ (എന്റെ കാര്യമാണ്) നഷ്ടപ്പെട്ട ദുഖ വാർത്തയായിരുന്നെങ്കിലും, എനിക്ക് അന്നത്തോടെ "ഡ്രമ്മ്സൊന്നും  നമുക്ക് വലിയ ഇഷ്യൂവല്ല"എന്ന തിരിച്ചറിവോടെ ഞാൻ എന്റെ മാഷോട് " ഇനി എപ്പോഴെങ്കിലും കാണാം, ആൾ ദ ബെസ്റ്റ്" എന്നും പറഞ്ഞ് ആ പടിയിറങ്ങി.
പിന്നീട് കല്യാണം കഴിഞ്ഞു മാരുതിയിൽ കിഴക്കേക്കോട്ടയിലൂടെ  ഭാര്യയുമായി പോകുമ്പോൾ, 'ദാ ആ റോഡില്ലേ, അവിടേയാണ് ഞാൻ ഡ്രമ്മ്സ് പഠിച്ചിരുന്ന സ്ഥലം"  എന്ന് പറഞ്ഞു,"ചേട്ടനറിയാത്ത കാര്യമില്ല" എന്ന് മനസ്സിൽ വിചാരിച്ചു മന്ദഹസിക്കുന്ന ഭാര്യയെ നോക്കി, " ആ, അതൊരുകാലം!" എന്ന് നെടുവീർപ്പിട്ടു.