Translate

Saturday, June 15, 2019

കട്ട വെയ്റ്റിങ്

~കട്ട വെയ്റ്റിങ്~
ഒരു ടോയ്‌ലറ്റ് കഥൈ.
സ്ഥലം: ഷിക്കാഗോ ഓഹേർ എയർപോർട്ട്.
ഞാൻ പാന്ഥൻ, ഇരിപ്പിടം മധ്യപ്രദേശ്.
പ്ളാനിങ്ങാണ് ഈയുള്ളവൻ്റെ ശക്തി.
പല രാജ്യങ്ങളിലും ജീവിച്ചും, ടോയ്‌ലറ്റിൽ സമയത്തിന് എത്തിപ്പെടാൻ കഴിയാതെ സാമൂഹിക മരണം വരെ കൈവരിച്ച ചരിത്രം സൃഷ്ടിച്ച മുറിപ്പാടുകൾ മനസ്സിൽ ഉള്ളതുകൊണ്ടും എപ്പോഴും എവിടെ ടോയ്‌ലറ്റ് കണ്ടാലും മൂത്രസഞ്ചി കാലിയാക്കി വയ്കും. തണുപ്പ് രാജ്യങ്ങളിൽ സഞ്ചയികയ്ക്  പ്രത്യേകിച്ച് ചാരിറ്റി കൂടുതലായി കാണുന്നത് വിയർപ്പ് ഇല്ലാത്ത സ്ഥിതി ആയതുകൊണ്ടാകും.
മഴക്കാലത്തും പ്രശ്നം തന്നെ.
 ഇപ്പോളത്തെ കാലത്ത് വിമാനത്തിൽ കയറിയാലും പറന്നു തുടങ്ങിയാലേ എപ്പോഴാണ് വേണ്ട സ്ഥലത്ത് എത്തുന്നത് എന്ന് ഊഹിക്കാൻ കഴിയൂ. അതിനിടെ ക്രൂ എത്തിയില്ല, തകരാറ്, കാലാവസ്ഥ, എയർ ട്രാഫിക് ജാം, എന്നീ വിധ ഒഴിവു കഴിവുകളും പറഞ്ഞു സമയം കുറേ പോകും.
 എലിപ്പെട്ടി പോലത്തെ ലവോട്ടറിയിലേക്ക് പോകാൻ ലോട്ടറിയാണ്.

അതുകൊണ്ട് തന്നെയാണ് പ്ളാനിങ്ങ്.

ബോർഡിങ്ങ് ഗേയ്റ്റിൻ്റെ അടുത്തുള്ള ടോയ്‌ലറ്റിൽ എത്ര തിരക്കുണ്ടെന്ന് നോക്കിവയ്കും. വളരെ തിരക്കാണെങ്കിൽ കുറച്ചു മാറിയ സ്ഥലം നോക്കി കമ്യൂട്ടിങ്ങ് ഡിസ്റ്റൻസും കണക്ക് കൂട്ടും. ഒരഞ്ചു മിനിറ്റ് അധികം. ബോർഡിങ്ങ് തുടങ്ങുകയാണ് എന്ന് ഗെയിറ്റിലെ ജോലിക്കാരുടെ മുഖഭാവം, ഇൻ്റർ കോം ഉപയോഗിക്കുന്നതിലുള്ള പ്രത്യേക രീതികൾ എന്നിവയിലൂടെ മനസ്സിലാക്കും.
അനൗൺസ്മെൻ്റിന് കാത്തു നിൽകില്ല.
ധാരാളം വീൽ ചെയറുകളും വൃദ്ധരായ യാത്രികരും, കുട്ടികളെ കൈയിലും തറയിലും അടക്കി ഒതുക്കിയ ദമ്പതികളും ഉണ്ടെങ്കിൽ ബോർഡിങ്ങ് വൈകും.
അന്ന് തിരക്കായിരുന്നു.
ലോസ് ആഞ്ചലസ് പോകുന്ന ഫ്ളൈറ്റാണ്. ധാരാളം യാത്രക്കാർ ഉണ്ട്.  എനിക്ക് നാലു ദിവസത്തെ പരിപാടിയാണ്‌. രണ്ടാമത്തെ ദിവസം ഒരു പോസ്റ്റർ പ്രദർശനം. അതാണ് മുഖ്യം. അതുകൊണ്ട് ലീവും ടിക്കറ്റും രെജിസ്ട്രേഷൻ ചാർജും താമസ ചിലവുകളും കമ്പനി വഹിക്കും.
 വലിപ്പമില്ലാത്ത കാരീയോൺ ബാഗും നാലടി നീളമുള്ള പോസ്റ്റർ ട്യൂബും.
അതാ ഗേറ്റ് സ്റ്റാഫിൽ നാലു പേരിൽ ഒരാൾ തിരക്കിട്ട് ഇൻ്റർ കോം എടുത്ത് പിടിച്ച് പിന്നിലേക്ക് നടുവ് വളച്ച് താഴേയുള്ള ചില്ല് ജനലിലൂടെ നോക്കുന്നു.
മുദ്ര..മുദ്ര ശ്രദ്ധിക്കണം മാഷേ.
ഈയുള്ളവൻ്റെ ടേക്ക് ഓഫ്.
ഒരു കൈയിൽ പോസ്റ്റർ, മറുകൈയിൽ കാരീഓൺ.
വളവിൽ സെൻ്റ്രിപെറ്റൽ ഫോഴ്സ്.
പന്ത്രണ്ടാം ക്ളാസ്സിൽ ഫിസിക്സ് സാർ ക്ളാസ്സെടുത്തപ്പോൾ കടലാസ് വിമാനം വിട്ട് കളിച്ചവർക്ക് പിടികിട്ടിയില്ല എന്നറിയാം. അത് വിശദീകരിച്ചു നിന്നാൽ ടോയ്‌ലറ്റ് യൂസ് ശേഷം ചിന്ത്യം.
നിര നിരയായി വാഷ് ബേസിനുകൾ. അതെല്ലാം കടന്ന് സ്റ്റെയിൻലെസ്സ് സ്റ്റീലിൽ പൊതിഞ്ഞ ചുവരുകൾ, മുറിവാതിലുകൾ.
ഒരെണ്ണം പതുക്കെ തുറന്ന് ഒരു യുവാവ് പുറത്ത് വന്നു.
പുറത്തേക്ക് വന്ന ഇൻഡോൾ, സ്കാറ്റോൾ, മെർകാപ്റ്റൻസ്, മേജർ, കേണൽ എല്ലാവരേയും ഒരു വശത്തേക്ക്  വകഞ്ഞു മാറ്റി അകത്തേക്ക് കയറി.
തറയിൽ നനവുണ്ട്. ശുദ്ധ ജലമാകാനുള്ള സാധ്യത തീരേയില്ല.
ഭാഗ്യത്തിന് ചുവരിൽ ഉയരത്തിൽ ഷെൽഫ് പോലെ ഒരു സ്ഥലം.
പോസ്റ്റർ ട്യൂബ് ഭദ്രമായി അവിടെ സ്ഥാപിച്ചു. വെള്ളം കെട്ടി നിൽക്കാത്ത സ്ഥലത്തേക്ക് ബാഗിനെ മാറ്റി.
മിഷൻ അക്കമ്പ്ളിഷ്ട്ടാ.
പുറത്ത് വൻ തിരക്ക്. ശബ്ദ കോലാഹലം.
ഏതോ വലിയ ഫ്ളൈറ്റ് ലാൻഡ് ചെയ്തു എന്ന് തോന്നുന്നു.
 പലരും അത്യാവശ്യക്കാരും ഔചിത്യം എന്ന വാക്ക് നിഘണ്ടുവിൽ പ്രിൻ്റ് ചെയ്യാത്തവരും ആണെന്ന് അരവാതിലിലെ തട്ടും മുട്ടും ലോക്കിലെ തിരിയ്ക്കലും കേട്ട് മനസ്സിലായി.
 ഒരു വിധത്തിൽ
ബ്സ്മില്ലാഹി/ഓംഹ്രീ സ്വാഹ/സ്തുതി,ആമേൻ/സാധു..സാധു ചൊല്ലി കാരീയോൺ എടുത്ത് വച്ചു പിടിച്ചു.
ഗ്രൂപ്പ് അഞ്ചാമനാണ്. എന്നും.
പോക്കറ്റിൽ വച്ച ബോർഡിങ്ങ് പാസ്സ് ഒന്നുകൂടി നോക്കി തൃപ്ത്തി ദേശായിയായി.
രണ്ടും മൂന്നും ജനങ്ങൾ കഴിഞ്ഞു തുടങ്ങി. ചിലർക്ക് വലിയ കാരീയോൺ. അതിൽ ചുവന്ന ടാഗുകൾ.
പ്ളാനിങ്ങ് ഡാ. ജെറ്റ്വേയിൽ അത് കിട്ടാൻ എനിക്ക് കാത്ത് നിൽക്കേണ്ട.
ട്രാവൽ ലൈറ്റ് മാൻ!
"എന്താണ് ചങ്കേ മറന്നത്?"എന്ന് ചുമലിൽ വേതാളം.
മനസ്സിൽ കുറിച്ചിട്ട ലിസ്റ്റിൽ ബ്രൗസ് ചെയ്തു.
~പോസ്റ്റർ ട്യൂബ്.
ഊപ്സ്..
ടോയ്‌ലറ്റ് ലക്ഷ്യം വച്ച് പാഞ്ഞു.
വഴിമാറെടാ മുണ്ടയ്ക്കൽ ശേഖരാ എന്നും പറഞ്ഞു പല മാരത്തോൺ ഓട്ടക്കാരും അതേ ദിശയിൽ ഓടുന്നുണ്ടായിരുന്നു.
അവസാനം ഞങ്ങൾ രണ്ടുപേരും ഒരേ സമയത്ത് ലക്ഷ്യം നേടി ഫിനിഷ് ചെയ്തു.
(51.06 sec ഒമേഗ)
പുള്ളിക്കാരൻ പറഞ്ഞു, "യൂ ഗോ ഫസ്റ്റ്"
"ശ്ശേ, എന്നെ തെറ്റിദ്ധരിച്ചു, ഞാൻ തൂറാൻ മുട്ടീട്ടല്ല,ചുമ്മാ നിങ്ങൾക്ക് ഒരു പ്രോത്സാഹനത്തിന് കുടെ ഓടിയതാണെന്ന്" കോംപ്ലക്‌സ് മുഖഭാവം വരുത്തി "നോ, ഇറ്റ്സ് ഓക്കേ, ഐയാം ഫൈൻ" എന്ന് പറഞ്ഞു, മേരാ ഭാരത് മഹാൻ,  മഹാത്മാ ഗാന്ധി സിന്താബാദ് വിളിച്ചു.
എല്ലാ സ്റ്റാളുകളും അടഞ്ഞു കിടക്കുന്നു.
എവിടെയാണ് എൻ്റെ ട്യൂബ്?
പതുക്കെ ചുമരിൽ പിടിച്ച് ഏന്തി വലിഞ്ഞു നോക്കി.
അടുത്ത വാഷ്ബേസിനിൽ കൈ കഴുകി മുഖം മിനുക്കുന്ന ടാറ്റൂമാമൻ സിമ്മർമാൻ കണ്ണാടിയിൽ നോക്കി "വാട്ടേ ക്രീപ്പ്" എന്ന് മനസ്സിൽ പറഞ്ഞത് കേട്ടിട്ടും കേൾക്കാത്ത ഭാവം നടിച്ചു. അരവാതിലിലെ താഴത്തെ ഒഴിവിലൂടെ രണ്ട് കാലുകളുടേയും ഒരു കാരീയോണിൻ്റേയും ബ്രൗണിയൻ മൂവ്മെന്റ് മനസ്സിലാക്കി അടുത്ത സ്റ്റാളിലെ ഒരാൾ വാതിൽ തുറന്നു.
ആ മുറിയിലല്ല. ചെക്ക്.
പിന്നിൽ ക്യൂ നിന്ന് കാത്തു നിന്ന ഒരാളെ പോകാൻ അനുവദിച്ചു.
"നോ, ഇറ്റ്സ് യുവർ ടേൺ"
"എന്നാ എനിക്ക് ഇപ്പോൾ പോണ്ട ! "എന്ന് ഇന്നസെന്റ് ആയി ഇംഗ്ലീഷ് പറഞ്ഞു.
വീണ്ടും പല വാതിലുകളും അടഞ്ഞു, തുറന്നു. ജാസ്, സോൾ ഫുഡ്, ലാ ബാംബ,ലാറ്റിനോ ഫുഡ്, റാപ്പ്, ആർ ഏൻ്റ്ബി, കെൻ്റക്കി ഫ്രൈഡ് ചിക്കൻ, നാദസ്വരം, സാമ്പാർ പുളിച്ചത്, ഇടയ്ക്ക, അവിയലും മത്തിയും, ചീഞ്ഞ സ്രാവ് ശുഢ്കി,വളിച്ച ഹലീം, ടാഗോർ മ്യൂസിക് എന്നിവ ചെവിയിലും മൂക്കിലും നിറഞ്ഞു കവിഞ്ഞു.
 അതിനിടെ കള്ളത്തരത്തിൽ ബിസിനസ് നടത്തുന്നവരും രണ്ട് സ്ത്രീകളെ ഒരേസമയത്ത് കടിഞ്ഞാണിൽ നിർത്തുന്നവരുടെയും ടെലിഫോൺ വിളികളും ശ്രദ്ധിച്ചു കേട്ടു.
ഗേറ്റ് അടയ്കും മുൻപേ എത്തണം.
എൻ്റെ പിന്നിലെ ലൈൻ ശൂന്യമായി.
എല്ലാ സ്റ്റാളുകളും ഒഴിഞ്ഞു.
ഭാര്യ വിളിക്കുന്നു ഫോണിൽ.
"ബോർഡിങ്ങ് കഴിഞ്ഞില്ലേ? എന്തെടുക്കുവാ?"
"കഴിയാറായി,ഞാൻ ടോയ്ലറ്റിലാണ് വെയ്റ്റിങ്"
"ട്യൂബ് കൈയ്യിൽ തന്നെ പിടിച്ചിട്ടില്ലേ, മറക്കണ്ട"
"മറന്നിട്ടില്ല."