Translate

Sunday, September 4, 2016

ചിത്ര മൂവീസ്



ഇത് പല അദ്ധ്യായങ്ങളിലായി എഴുതുന്ന ഓർമ്മക്കുറിപ്പുകളാണ് .
സമയവും മനസ്സിന്റെ തിക്കും തിരക്കും കെട്ടുപാടുകളും തളർത്തിയേക്കാവുന്ന ഒരു സംരംഭം.
എന്നെ അറിയുന്നവരും, അറിയാത്തവരും, ജീവിച്ചിരിക്കുന്നവരും, മരിച്ചുപോയവരും കഥാപാത്രങ്ങളാണ് ഇതിൽ.

തുടങ്ങട്ടെ ...



1 . തളിരിട്ട കിനാക്കൾ


അത് ഒരു മൂന്നാംകിട ചിത്രമായിരുന്നു .
അന്ന് കടം വാങ്ങിയ ഇരുപതിനായിരവുമായി എറണാകുളത്തു പുല്ലേപ്പടിയിലെ ഡിസ്ട്രിബ്യുട്ടറുടെ ഓഫിസിൽ ഒരു ദിവസം പോയി അച്ഛൻ ചിത്രാ മൂവീസ് ഉൽഘാടനം ചെയ്യാൻ, പോയി കൊണ്ടുവന്ന ചിത്രം.
അത് പ്രധാന നഗരങ്ങളിൽ പ്രദർശനം തുടങ്ങിക്കഴിഞ്ഞു, പതുക്കെ ചെറിയ പട്ടണ പ്രാന്തങ്ങളിലേക്ക് ഉൾവലിയാൻ നിൽക്കുന്ന സുകുമാരനും പിന്നെ ആരുമറിയാത്ത മറുനാടൻ നായികയും അഭിനയിച്ച വിജയിക്കാൻ സാധ്യത കുറവായ ഒരു ചിത്രം.
"അപ്പോ 'ലോറി' കിട്ടീല്ലേ?"
"ലോറി തരാമെന്നാ പറഞ്ഞത് ,പക്ഷേ അത് റിലീസ് ചെയ്തില്ല ;ചെയ്താലും നമുക്കൊന്നും തരാൻ പറ്റില്ലെന്നാ ...ഇത് തന്നെ നാഥന്റെ പരിചയക്കാരനാണ് മാനേജർ, അതുകൊണ്ടാ പുതിയ പടമായ ഇത് തന്നെ തന്നത് ".
നാഥൻ ആരാണെന്നു പിന്നെ പറയാം.
'ലോറി' എല്ലാവരും ആകാംഷയോടെ പ്രതീക്ഷിച്ച ഒരു ഭരതൻ സംവിധാനം ചെയ്ത പടമായിരുന്നു ; സിനിമാസ്കോപ്പിലെ ദൃശ്യ വിസ്മയങ്ങൾ വലിയ സ്ക്രീനിൽ സ്റ്റീരിയോ സൗണ്ടിൽ കാണിച്ചു ആദ്യത്തേ പടത്തിൽ നിന്നു തന്നേ ഞങ്ങളുടെ കൊച്ചു ഗ്രാമത്തിലെ ചിത്ര മൂവീസ് പേരെടുക്കും എന്ന് നാട്ടുകാരോടൊപ്പം ഞങ്ങളും സ്വപ്നം കണ്ടിരുന്നു.
"ഇപ്പൊ 'ലോറി' ക്ക് അഡ്വാൻസ് കൊടുത്തു ; 'ശ്രീരാമക്കും', 'ചിലങ്കക്കും ' കൊടുക്കുന്നതിന് മുൻപേ നമുക്ക് തരാൻ".
'ശ്രീരാമയും' 'ചിലങ്കയും' എൺപതുകളിലെ തൊട്ടടുത്ത ഗ്രാമങ്ങളിലെ നല്ല ലാഭം കൊയ്യുന്ന കൊച്ചു തീയേറ്ററുകളായിരുന്നു
"ഇതിനു പതിനയ്യായിരം മിനിമം ഗ്യാരണ്ടീയും എഴുതിക്കൊടുത്തു. അത് കിട്ടും ; ഇവിടെപ്പോ 'കൈലാസ് ' പൂട്ടിയതിൽ പിന്നെ നാല് കിലോമീറ്ററിൽ  വേറെയേതാ സിനിമാ തിയേറ്റർ ? നമുക്ക് ആളെക്കിട്ടും ".
അച്ഛൻ ആത്മവിശ്വാസത്തോടെ പറഞ്ഞു .

തിയേറ്റർ പണി കഴിയാറാകുമ്പോഴേത്തേക്കും കയ്യിലുണ്ടായിരുന്ന പൈസയെല്ലാം തീർന്നിരുന്നു .
പിന്നെ ഒരോ ഇൻസ്പെക്ഷനും കൊച്ചിയിലും തിരുവനന്തപുരത്തും യാത്രയും ഓഫീസുകളിലെ യേമാൻമാർക്ക്കൈക്കൂലിയും ദക്ഷിണയും കൊടുത്തു് മുടിഞ്ഞിരുന്നു .
ഉൽഘാടനത്തിന് രണ്ടു ദിവസം മുൻപായിരുന്നു പ്രോജെക്ടറും മറ്റും ഫിറ്റു ചെയ്തത്.

നാഥൻ , ഞങ്ങളെല്ലാവരും വിളിക്കുന്ന നാഥചേട്ടൻ,  എൻ്റെ വീടിൻ്റെ രണ്ടു പറമ്പു കിഴക്കേതിലെ ഗോപാലൻ മാഷുടെ ഒരു മകനായിരുന്നു, വല്ലപ്പോഴും വിശേഷങ്ങൾക്കു കലൂർ നിന്ന് നാട്ടിലേക്ക് എത്തും , പിന്നെ എൻ്റെ പാപ്പൻമാർ അടങ്ങുന്ന സമകാലീനരുമായി ചീട്ടുകളിയും വെള്ളമടിയുമായി കഴിഞ്ഞു തിരിച്ചുപോകും. ഒട്ടും മദ്യത്തിന്റെ മണവും ഇടറുന്ന ശബ്ദവുമില്ലാതെ ഞാൻ പുള്ളി ക്കാരനെ കണ്ടിട്ടേയില്ല , പലപ്പോഴും കാണുന്നത് രാത്രിയിൽ മാത്രം.
പിന്നെ അതൊന്നുമില്ലാതെ കണ്ടത് എറണാകുളത്തെ ഇൻഡസ്ട്രിയൽ ഡെവലപ്പ് മെൻറ് ഓഫീസിൽ ചെന്നപ്പോൾ. അന്ന്  മനസ്സിലായി പുള്ളിക്കാരന് ചലച്ചിത്ര വിതരണ ക്കാരുമായുള്ള അടുപ്പങ്ങൾ.
"പറഞ്ഞിട്ട് കാര്യമില്ല ,ശ്രീരാമയൊക്കെ അവരുടെ പഴയ ഇടപാടുകാരല്ലേ ...പൈസാ എറിയാതെ തരില്ല .പിന്നെ രണ്ടുമാസത്തേക്കു അവരുടെ പടങ്ങൾ തന്നേ കളിക്കാം എന്ന് പറഞ്ഞാണ് തളിരിട്ട കിനാക്കൾ തന്നെ ഞാൻ അച്ഛന് എടുത്തു കൊടുത്തത് "

"നമുക്ക് കുറച്ചു കഴിഞ്ഞു സെൻട്രൽ പിക്ച്ചേഴ്സിലും മറ്റും പോകാം, അല്ലെങ്കിൽ ഞാൻ വിളിച്ചു പറയാം , അവർക്കറിയാം ". 
അന്ന് ആദ്യമായി ചലച്ചിത്ര രംഗത്തെ താപ്പാനകളെ പറ്റി അറിഞ്ഞു .

"ഉൽഘാടനത്തിന് സിനിമാക്കാരെ തന്നെ വേണ്ടേ ?"
"അതിനു നമുക്ക് TG രവിയെ വിളിക്കാം ,അവൻ എൻറെ കൂടേ എഞ്ചിനീയറിംഗ് കോളേജിൽ പഠിച്ചതാ ," കേട്ടിരുന്ന വല്യച്ഛന്റെ മകൻ ബാബുച്ചേട്ടൻ പറഞ്ഞു .
" ..അത് കൊള്ളാം , ബാബു, നീ തന്നേ അത് ഏറ്റാൽ നല്ലത് ".


പിന്നെ പൈസ കടം വാങ്ങാൻ പോയി പുലർച്ചെ എപ്പോഴോ കിടന്നുറങ്ങിയപ്പോൾ നേരം വെളുത്തത് അറിഞ്ഞില്ല .

ഉൽഘാടനത്തിനു മുൻപ് കാറിൽ അന്നൗൺസ് മെൻറുമായി ഒരു സംഘം സുഹൃത്തുക്കൾ പോയി
പിന്നെ നാഥ ചേട്ടൻറെ ഇളയ സഹോദരൻ (അന്ന് പോലീസിൽ ചേർന്നിട്ടില്ലജ്യോതിയുമായി നാട്ടിലെ പ്രമുഖരെ വിളിക്കാൻ സ്കൂട്ടറിൽ ഇറങ്ങി .

വീട്ടിൽ ആകെ തിക്കും തിരക്കാണ്.

വീട്ടിനരികിലെ തിയേറ്ററിൽ ഒരു വശത്തു പണി നടക്കുന്നു . ഓഫീസിലൊന്നും തറയിൽ സിമന്റ് പോലും ഇട്ടില്ല .പുതിയ ഇഷ്ടികകളിൽ ചുവന്ന ചായം ഉണങ്ങിയില്ല .
  ഒരിടത്തു തോരണങ്ങൾ  തൂക്കുന്നവർ , ഒരിടത്തു സിക്സ് ഷീറ്റ് പോസ്റ്റർ ഒട്ടിക്കുന്നവർ
പിന്നെ സുഹൃത്തുക്കൾ ,വായ് നോക്കുന്ന നാട്ടുകാർ ,പിന്നെ ബന്ധുക്കൾ ...


തിയേറ്റർ തുടങ്ങിയത് അമ്മയുടെ ഉടമസ്ഥതയിൽ ആയിരുന്നു.
രണ്ടു  പേരുടെയും പേരിൻറെ ആദ്യാക്ഷരങ്ങൾ ചേർത്തു തീയേറ്ററിന് പേരിട്ടു.

എയർ ഫോഴ്സ് ജോലി കഴിഞ്ഞു സോമമാമൻ നാട്ടിൽ ഉണ്ടായിരുന്നു , പിന്നെ ചെറിയ ഷെയർ ചേർന്ന് മാനേജരും പുള്ളിക്കാരൻ തന്നെ ആയി.
രാത്രിയിൽ വടക്കെങ്ങോ പോയി അടക്കാമരങ്ങളും അങ്കമാലിയിൽ പോയി തേക്കിൻ കഴകളും മറ്റും വിലപേശി വാങ്ങാൻ സോമമാമൻ തന്നെ യായിരുന്നു പോയത്.
സംസാരിച്ചു ആളുകളെ സുഹൃത്തുക്കളാക്കാൻ അച്ഛനേക്കാൾ സോമമാമനായിരുന്നു കഴിവ് .
തിയേറ്ററിൽ ഫോട്ടോഫോൺ കമ്പനിയുടെ പ്രൊജക്റ്റർ വേണമെന്ന് എൻ്റെ വാശിയായിരുന്നു.
 തൃശ്ശൂർ രാഗം തിയറ്ററിൽ ആണ് അത് ആദ്യമായി കണ്ടത്.
അതിനു മാത്രം ഒരു ലക്ഷത്തിനു മേലെ വിലയുണ്ടായിരുന്നു.
 അവസാനം ഗോവയിൽ പോയി വാങ്ങി KTC യുടെ ലോറിയിൽ അത് നാട്ടിലെത്തിച്ചു .
ലോറിയിൽ തന്നെ കൂടെ യാത്രയിരുന്ന് സോമമാമനും.
അതിർത്തിയിൽ സേവനം ചെയ്തതിനാൽ പുള്ളിക്കാരന് ഇതൊന്നും വലിയ വിഷമമായില്ല അന്ന്.
കാഴ്ചകൾ കണ്ടു കൂടി നിൽക്കുന്ന നാട്ടു കാരുടെ അരികത്തു കൂടെ ലൗഡ് സ്പീക്കർ കെട്ടിയ ടാക്സി ഇരച്ചു വന്നു
"സുഹൃത്തുക്കളേ ,കലാസ്നേഹികളായ നാട്ടുകാരെ...ഇന്ന് മണപ്പുറത്തിന്റെ നവാത്ഭുതമായ ചിത്രാ മൂവീസിൻറെ ഫോട്ടോഫോൺ അഭ്ര പാളിയിൽ ടിജി രവി ഉൽഘാടനം ചെയ്യുന്നു ,മൂന്ന് മണിയുടെ മാറ്റിനിയോടെ തളിരിട്ട കിനാക്കൾ"
" അപ്പോ 'ലോറി' കിട്ടീലല്ലെ ?"
ആവർത്തിക്കുന്ന ചോദ്യങ്ങൾ ..
"ദാ , അവിടേ നോക്യേ ...ദാ ലോറി വരുന്നുണ്ട് റൊട്ടീക്കൂടി"
സോമ മാമൻ പറഞ്ഞു .









2. ഡബിൾ ഡി. സി. ആർ. 




പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ വന്നു ; പിന്നെ ബന്ധുക്കളും.
എനിക്ക് പുറത്തു പിടിപ്പത് ജോലിയുണ്ടായി , പിന്നെ ഉറക്കച്ചടവും ബഹളവും.
ഒരുകണക്കിന് കുളിച്ചു ഭക്ഷണം കഴിച്ചു സഹായിക്കാൻ നിന്നു.
 കൗണ്ടറിൽ ബഹളം , പ്രോജെക്ഷൻ റൂമിൽ ആള് വേണം , വാതിൽക്കൽ ഇടിയുണ്ടാക്കാൻ കരുതിവന്ന യുവാക്കളുടെ ബഹളം വേറെയും .

ഓരോ തവണ വാതിൽ തുറക്കുമ്പോഴേക്കും  കത്തുന്ന സൂര്യവെളിച്ചം ആളുകളെ അസ്വസ്ഥരാക്കി. കൂവലുകളും ബഞ്ചിലടികളും.

ടിക്കറ്റ് വാങ്ങിയവർക്ക് കൊടുക്കാൻ ചേഞ്ച് ഇല്ല .
പഞ്ചായത്തുകാർ എട്ടിന്റെ പണി തന്നു . ടിക്കറ്റു വിലയുടെ മീതേ ടാക്സ് ചേർത്ത് വിചിത്രമായ ടിക്കറ്റ് ചാർജ് ആക്കി.

വിചാരിച്ചതിലും കൂടുതൽ ആളുകൾ അകത്തു കയറിയപ്പോൾ സീറ്റില്ല . പിന്നെ വീട്ടിലെ ഡൈനിങ്ങ് ചെയർ കൊണ്ടുവന്നിട്ടു.

കുറേക്കഴിഞ്ഞു പരിചയമില്ലാത്ത ഒരാൾ പ്രോജെക്ഷൻ റൂമിൽ ഓപ്പറേറ്ററുമായി സൊള്ളിക്കൊണ്ടിരിക്കുന്നതു കണ്ടു.

ഫിലിം റീവൈൻഡ് ചെയ്തുകൊണ്ടിരുന്ന വർക്കി ചേട്ടനോട് ചോദിച്ചു ,"അതാരാ ?"
"അതാ റെപ്പ് ; അയാൾക്കു നമ്മള് താമസിക്കാൻ സ്ഥലം ശരിയാക്കിയില്ല എന്ന് പറഞ്ഞു ബഹളം ."
അത് പുതിയ അറിവായിരുന്നു ; സിനിമ വരുന്നതിനോട് കൂടി അതോടൊപ്പം കുളിച്ചു താമസിക്കാൻ ഒരാളെയും കമ്പനി അയക്കുമെന്ന് അറിയില്ലായിരുന്നു .

ഞാൻ പറഞ്ഞു"ഹലോ , റെപ്പാണോ ?"
"അതേ, നിങ്ങളാണോ മാനേജർ ?"
"അല്ല , ഓണർ ..."

മീശ മുഴുവനും മുളക്കാത്ത ഇവനാണോ എന്ന ഭാവത്തിൽ " ..മാഷ്ടെ മകനാ ?"
"അതെ"
"ഇതാണോ എനിക്ക് താമസിക്കാനുള്ള സ്ഥലം ?" തേക്കാത്ത ചുമരും ,നനഞ്ഞ മണ്ണിന്റെ തറയും പിന്നെ ഒരു മേശയും മാത്ര മായ ഓഫീസ് റൂം ചൂണ്ടി കാട്ടി അയാൾ ചോദിച്ചു .
"അത് പിന്നേ പണി കഴിഞ്ഞില്ല , തിരക്കിട്ട് തുടങ്ങി യത് കൊണ്ടാ ,ഞാൻ അച്ഛനോട് പറയാം ".

അപ്പോഴേക്കും അച്ഛൻ വന്നു .

"നീയാ അലമാരെന്നു കുറേക്കൂടി ടിക്കറ്റ് എടുത്തു വേഗം വായോ ,പിന്നെ റെപ്പിനു വീട്ടിൽ കൊണ്ടുപോയി ഭക്ഷണവും കൊടുക്കാൻ അമ്മയോട് പറയണം".

"മാഷേ നിങ്ങളുടെ ഫ്രീ പാസ്സ് എത്രയുണ്ട് ? ആകെ അമ്പതു ടിക്കറ്റ് വിറ്റ ഫസ്റ്റ് ക്ലാസ്സിൽ തന്നെ എൺപതു പേരെ ഞാൻ എണ്ണി ".

"അയ്യോ ആദ്യത്തെ വരിമുഴുവനും പഞ്ചായത്തു ജോലിക്കാരും അവരുടെ കുടുംബവും ,പിന്നെ ഞങ്ങടെ സ്റ്റാഫിന്റെ ഫാമിലി "

"അതൊന്നും പറ്റില്ല ; എൻ്റെ ജോലി പോകുന്ന പ്രശ്നമാ...നാല് ഫ്രീ ടിക്കറ്റിൽ കൂടുതൽ പാടില്ല ."

പിന്നെ എനിക്ക് കിടക്കാൻ കട്ടിലും ,പിന്നെ ബാത്റൂം ,പിന്നെ മുറിയിൽ ഫർണിച്ചറും വേണം .സെക്കൻഡ് ഷോ കഴിഞ്ഞു DCR ക്ലോസ് ചെയുമ്പോൾ മാനേജർ ഉണ്ടാവണം ".

 "പിന്നെ , അതൊക്കെ ശരിയാക്കാം , ഉൽഘാടനത്തിന്റെ തിരക്കൊന്നു കഴിഞ്ഞോട്ടെ " അച്ഛൻ പറഞ്ഞു .


സാധാരണ ഒരു പടം വെള്ളിയാഴ്ച്ച മുതൽ വ്യാഴാഴ്ച വരെ ഓടും
നല്ല സിനിമയല്ലെങ്കിൽ ആള് കയറുന്നത് തിങ്കളാഴ്ച്ച മുതൽ കുറയും

കിട്ടുന്ന കളക്ഷൻ മുനിസിപ്പൽ ടാക്സ് കഴിച്ചു ബാക്കി വരുന്നത് 70 മുതൽ 50 ശതമാനം വരെ ഫിലിം കമ്പനിക്ക് കിട്ടും

അപ്പോൾ ഒരു ദിവസം 300 രൂപയെങ്കിലും കിട്ടിയില്ലെങ്കിൽ അന്നത്തെ കാലത്തു പടം 'ഹോൾഡ് ഓവർ' ആകും
പിന്നെ കളിച്ചിട്ട് കാര്യമില്ല . അവിടെയാണ് ഗ്യാപ് പടങ്ങൾ വരുന്നത് . അതെല്ലാം കമ്പനി തന്നെ കൊടുത്തു വിടും ,അല്ലെങ്കിൽ ലോക്കൽ കമ്പനികളിൽ നിന്ന് തമിഴ് പടമോ മറ്റോ ദിവസ കൂലിക്ക് എടുക്കാം

പോസ്റ്ററിനൊക്കെ തിയേറ്റർ ഉടമ പൈസ കൊടുക്കണം . ഉപയോഗിക്കാത്ത പോസ്റ്റർ തിരിച്ചയക്കാം .

പടം വരുന്നത് ഞങ്ങൾക്ക്   അന്ന് തൃശൂർ റെയിൽവേ സ്റ്റേഷൻ വഴിയോ അല്ലെങ്കിൽ എറണാകുളം കോട്ടപ്പുറം ബോട്ട് വഴിയോ ആയിരുന്നു .

ബോട്ട് വഴി എത്തുന്ന തകരപ്പെട്ടി കോട്ടപ്പുറത്തുള്ള ഒരു പോർട്ടർ എടുത്ത് ബസ്സിൽ കയറ്റി ഞങ്ങളുടെ ഗ്രാമത്തിലെത്തും
പിന്നെ സൈക്കിൾ വഴി തീയേറ്ററിലും. ചിലപ്പോൾ വെള്ളിയാഴ്ച പടം തുടങ്ങുന്നതിനു അര മണിക്കൂർ മുൻപായിരിക്കും എത്തുക .

"പെട്ടി വന്നിട്ട് ടിക്കറ്റ് കൊടുത്താൽ മതി" ഞാൻ പറയും ,
  അപ്പോൾ കൗണ്ടറിനടുത്തു കൂടി നിൽക്കുന്നവർ വിളിക്കും "പെട്ടി വന്നോ മാഷേ ?"
"ഏയ് , ഇല്ലാ കോട്ടപ്പുറത്തു നിന്ന് പുറപ്പെട്ടിട്ടുണ്ട് , വരും
വഴിയിൽ കണ്ണ് നട്ടു എല്ലാവരും .
അപ്പോൾ വെള്ളവസ്ത്രം ധരിച്ച പോർട്ടർ ആൾക്കൂട്ടത്തിലൂടെ സൈക്കിളിൽ മണിയടിച്ചു കൊണ്ട് പെട്ടിയുമായി ഗേറ്റിലൂടെ വരുന്ന കാഴ്ച്ച കാണാം .
  പിന്നെ ഉയരുന്ന കയ്യടിക്കുപുറമെ ടിക്കറ്റ് കൊടുക്കാനുള്ള ബെല്ലും കേൾക്കാം .

പെട്ടി വന്നാലും അത് ഉടനെ ഓടിക്കാൻ കഴിയില്ല .
റീലുകൾ ഓരോന്നും പെട്ടിയിൽ നിന്ന് എടുത്തു ആദ്യവും അവസാനവും നോക്കണം
പെട്ടിയിൽ സ്പൂൾ ഉണ്ടാവില്ല . അതിനു ഒരുവശം തുറന്ന സ്പൂളിൽ കയറ്റി വലിയ പ്രൊജക്ഷൻ സ്പൂളിൽ തിരിച്ചു കയറ്റണം.
ഓരോ റീലും അറ്റം മുറിച്ചു, ഫിലിം സിമന്റ് എന്നു പേര് വിളിക്കുന്ന അസെറ്റോൺ ലായനി ഉപയോഗിച്ച് കൂട്ടിയൊട്ടിച്ചു വയ്ക്കണം

രണ്ടു പ്രൊജക്ടർ ഉണ്ടെങ്കിൽ ഓരോന്നിലും മാറിമാറി മുറതെറ്റാതെ സ്പൂൾ കയറ്റണം .ഒന്ന് തീരാറാവുമ്പോ മറ്റേതു സ്റ്റാർട്ട് ചെയ്തിരിക്കണം
അത് ഒരു കലതന്നെയാണ് .
  പഴയപടങ്ങൾ പലതും മുറിഞ്ഞതും വശങ്ങളിലെ ദ്വാരങ്ങൾ കേടു പറ്റിയതും ആയിരിക്കും .
പ്രോജെക്ടറിലെ പ്രധാന പൽച്ചക്രങ്ങൾസ്പ്രോക്കറ്റ്എന്ന പേരിൽ അറിയപ്പെടുന്നു . ഇവ യാണ് ഫിലിം സുഗമമായി വലിച്ചു നീക്കുന്നത്
പഴയ പടങ്ങൾ പൊട്ടിപ്പോകുന്നത് ഇത് വലിക്കുമ്പോഴാണ് . പടം പഴയതാണെങ്കിൽ ഓപ്പറേറ്റർ ശ്വാസം വലിക്കും .
എല്ലാവരുടെയും തെറി കേൾക്കുന്നത് അയാളായിരിക്കും .

ഇത് കുറേ അനുഭവിച്ചു കഴിയുമ്പോൾ അവർ തീരുമാനമെടുക്കും
റീവൈൻഡ് ചെയ്യുമ്പോൾ ഫിലിം വിരലുകൾക്ക് ഇടയിലൂടെ അവർ ഓടിച്ചിരിക്കും
എന്തെങ്കിലും കോറൽ അനുഭവപ്പെട്ടാൽ യാതൊരു ദാക്ഷിണ്യവും ഇല്ലാതെ മുറിച്ചു മാറ്റി വെട്ടിയൊട്ടിക്കൽ നടത്തും .
പിന്നെ  പടം തീരുന്ന ദിവസം വീണ്ടും റീലുകൾ മുറിച്ചു വലിച്ചു വൈൻഡ് ചെയ്തു പെട്ടിയിലാക്കലും അവരുടെ ജോലിയാണ് .
  അതുകൊണ്ടുതന്നെ വ്യാഴാഴ്ച സെക്കൻഡ് ഷോ കഴിഞ്ഞാൽ പണിയാണ് .
അത് നോക്കി പരിശോധിക്കുന്നത് റെപ്പിന്റെ ഉത്തരവാദിത്തവുമാണ്
അയാൾ അവിടെ സൊറ പറഞ്ഞു പറ്റി നിൽപ്പുണ്ടായിരിക്കും .

ഫിലിം കമ്പനി റെപ്പ് എന്നാൽ ഒരു ബഹുമുഖ പ്രതിഭയുള്ള യുവാവാണ് .
ഏതു കടുത്ത ജീവിത സാഹചര്യത്തിലും ജീവിച്ചു പോകാൻ തക്കവിധം നിരാശയുടെ നെല്ലിപ്പടിയും സമ്പത്തിന്റെ കണ്ണഞ്ചുന്ന തിളക്കവും അവർ കാണുന്നു
അവർ ഇടപഴകുന്നത് തരം താണ സാധാരണക്കാരുമായും  പിന്നെ താപ്പാന കളായ മുതലാളി കളുമായാണ് .
 അതുകൊണ്ടുതന്നെ കുതികാൽ വെട്ടും ഏഷണിയും ഭീഷണിയും ഇവർക്ക് പരിചിതം .
പടം നിർത്തുന്ന ദിവസം പെട്ടി റൂട്ടിംഗ് ആണോ എന്ന് തിരക്കും . റൂട്ടിംഗ് എന്ന് വച്ചാൽ ഫിലിം റെപ്പ് തന്നെ പടവുമായി വേറെ തീയേറ്ററിലേക്ക് പോകും . അയാൾ തന്നെ പൈസ ഓഫീസിൽ എത്തിക്കും.
പടം റൂട്ടിംഗ് അല്ലെങ്കിൽ അയാൾക്ക് ഓഫീസിൽ തിരിച്ചുപോകണം
പിന്നെ വേറെ എവിടെയെങ്കിലും പോകുന്നെങ്കിൽ മാനേജർ പറഞ്ഞേൽപ്പിക്കും.

അതുകൊണ്ടു തന്നെ ജോലിക്കു സ്ഥിരതയില്ല
കിട്ടുന്ന ബത്ത ഒരുമാസം കഷ്ടിച്ച് ജീവിക്കാനേ തികയൂ .
പിന്നെ കള്ളക്കണക്ക് എഴുതുകയും അതിനു കൂട്ട് നില്കുകയുമാണ് പലരുടെയും പണി
മിക്കവാറും താമസവും ഭക്ഷണവും തിയേറ്റർ ഉടമകൾ തന്നെ കൊടുക്കും . അത്യാവശ്യത്തിനു വെള്ളമടിക്കാനും കിട്ടും
കളക്ഷൻ മെച്ചമായാൽ എല്ലാവർക്കും സന്തോഷം , കൈ നിറയെ പണം .
അതുകൊണ്ടാണ് രണ്ടുദിവസം തളിരിട്ട കിനാക്കൾ കളിച്ച കണക്ക് എഴുതുന്നതിൽ റെപ്പിന് നിരാശ വന്നത് .

രണ്ടു മൂന്ന് ദിവസത്തെ കമ്പനിക്ക് കൊടുത്ത പൈസ വച്ച് കണക്കു കൂട്ടിയപ്പോൾ ആശ്വാസം തോന്നി .
  മിനിമം ഗ്യാരണ്ടി കൊടുക്കാൻ പറ്റും
പിന്നെ തിങ്കളാഴ്ച്ച മുതൽ കളക്ഷൻ പകുതിയായി കുറഞ്ഞു
എന്തായാലും രണ്ടാം വാരം തികക്കണം , മനസ്സിൽ പറഞ്ഞു

പക്ഷെ അത് നടന്നില്ല
മിനിമം ഗ്യാരണ്ടി തികഞ്ഞില്ല , ആദ്യത്തെ നഷ്ടം.
റെപ്പ് പറഞ്ഞു ," മാഷേ പടം ഹോൾഡ് ഓവർ ആയി, ഞാൻ ഒരു ജയൻറെ പടം ഗ്യാപ്പിനു ഇടാം ; അല്ലാതെ പറ്റില്ല ".
അത് ശരിയായിരുന്നു
പടം മാറാൻ നാട്ടുകാർ കാത്തിരിക്കുകയായിരുന്നു.
ആളുകൾ വീണ്ടും വന്നു .
അപ്പോഴേക്കും ഫിലിം റെപ്പ് ഞങ്ങളുടെ സുഹൃത്തായി .
"മാഷേ ,ഞാൻ പറയട്ടേ , നിങ്ങളെപ്പോലെ കേരളത്തിൽ ആരും കാണില്ല
നിങ്ങൾ ഞാൻ പറയുന്ന പോലെ ചെയ്യണം ; അതാണ് ഞങ്ങൾക്കും നിങ്ങൾക്കും ജീവിച്ചു പോകാനുള്ള വഴി ".
പിന്നെ അയാൾ പറഞ്ഞു ,
ഓരോ ദിവസത്തെയും കണക്കുകൾ കുറച്ചു കാട്ടുന്ന വഴികൾ , അയാൾ കുറച്ചെഴുതും അതിൽ ഞങ്ങൾ ഒപ്പിടും.


ഞങ്ങളുടെ DCR ഒന്നും, റെപ്പിന് വേറൊന്നും; 
 ഒരു സിംബയോസിസ് .






3. ആപേക്ഷികതാ വാദം


പത്തു മണിയായി. മാറ്റിനിക്ക് പഞ്ചായത്തിന്റെ സീലടിച്ച ടിക്കറ്റ് തികയില്ല. ലുങ്കിയുമുടുത്ത് പഞ്ചായത്ത് ഓഫീസിലേക്ക് വെച്ചുപിടിപ്പിച്ചു. കുറേ സമയം പുറത്ത് കാത്തു നിന്നു.
പഞ്ചായത്ത് സെക്രട്ടറി പുതിയ ആളാണ്. ഗൗരവത്തോടെ ഫയലുകൾ നോക്കുന്നു.
"നമ്മുടെ മാഷിന്റെ മോനാ, ടിക്കറ്റ് വാങ്ങാൻ വന്നതാ."
"കൊടുത്തോളൂ... പിന്നെ മാനേജരോട് പറഞ്ഞേക്കൂ, പുരുഷന്മാർ മാത്രമല്ല ഈ ഓഫീസിൽ ജോലി ചെയ്യുന്നതെന്ന്, വന്ന് കാണാൻ പറയൂ"
"ശരി, പറയാം,"
പുറത്തിറങ്ങി.
നാളെ കളക്റ്ററേറ്റിൽ പോകണം. മെഡിക്കൽ റാങ്ക് ലിസ്റ്റ് നോക്കണം. പിന്നെ റെയിൽവേ സ്റ്റേഷനിൽ പോയി ഫിലിംസ് ഡിവിഷന്റെ ന്യൂസ് റീൽ  വന്നത് എടുക്കണം. പ്രൊജക്റ്ററിന്റെ കാർബൺ തീരാറായി. ചെമ്പോട്ടിൽ ലൈനിലുള്ള കടയിൽ പോയി അതുവാങ്ങണം. പലതും...
എന്തൊ ആലോചിച്ചു സൈക്കിൾ സ്റ്റാണ്ടിൽ നിന്ന് ഇറക്കി. അപ്പോഴാണ് തോളിൽ ആരോ തട്ടിയത്.
പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസറുടെ മകൻ. കഴിഞ്ഞ ആഴ്ച കുടുംബ സമേതം ഫ്രീയായി സിനിമ ആദ്യ ദിവസം തന്നെ കാണാൻ എത്തിയിരുന്നു.
"അടുത്ത ആഴ്ച ഏതാ പടം?"
"തമിഴാണ് ഇളയരാജയുടെ"
"നിങ്ങൾക്ക് ജയന്റെ പടമൊന്നും കിട്ടത്തില്ലേ? ഭയങ്കര കളക്ഷൻ കിട്ടും".
"ആ, നോക്കണം, ഭയങ്കര കോമ്പറ്റീഷനാണ്, ജീവിച്ചു പോകുന്നുവെന്ന് മാത്രം.."
"ഇപ്പോ എന്ത് ചെയ്യുന്നു?"
"പരീക്ഷ കഴിഞ്ഞു, ഒന്നുമായില്ല."
"ഞാൻ എന്നാൽ ഒരു നല്ല പരിപാടി പറഞ്ഞുതരാം. തയ്യലു പഠിക്കാൻ നോക്കൂ, അതുകൊണ്ട് ഗൾഫിൽ പോയാ , പെട്ടെന്ന് ജോലി ഉറപ്പാ, ഞാൻ അതാണ് പത്താംക്ലാസ് തോറ്റുപോയപ്പം തീരുമാനിച്ചത്. പോട്ടെ, ശരി... മറക്കരുത്,. ജയന്റെ പടം. കലക്കും"
"മറക്കില്ല... പിന്നെക്കാണാം".

[തുടരും]