Bagel (ബേയ്ഗിൾ) ഞാൻ ആദ്യമായി തിന്നുന്നതു് സ്റ്റാറ്റൻ ഐലണ്ടിലെ സണ്ണിയുടെ വീട്ടിൽ വച്ചായിരുന്നു .
1995 , ഒരു ജോലിയന്വേഷണം അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഇക്കരെയെത്തി നിന്നപ്പോൾ എനിക്ക് താമസവും ഭക്ഷണവും യാത്രയും ഒരുക്കി, ഒരു മടിയും കാപട്യവും ഇല്ലാത്ത, സ്നേഹത്തിന്റെ ഊഷ്മളത മാത്രമായ ആ ബന്ധം എന്റെ ജീവിതത്തിന്റെ പിന്നിട്ട 20 വർഷങ്ങൾക്ക് നിമിത്തമായി.
നന്ദി , സൂസനോടും സണ്ണിയോടും ...
പിന്നെ നിങ്ങൾ മൂലം എന്റെ ജീവിതത്തെ സ്പർശി ച്ച പല നല്ല മനുഷ്യരോടും .
പതിനേഴാം നൂറ്റാണ്ടിലെ പോളണ്ടിൽ നിന്നും ഉടലെടുത്ത bagel അസ്കെനാസി ജൂതർക്കൊപ്പം ന്യൂയോർക്കിൽ എത്തിപ്പെട്ടു . വൃത്താ കൃതിയിൽ മാവ് കുഴച്ച് ആദ്യം വെള്ളത്തിൽ പുഴുങ്ങി പിന്നെ ബെയ്ക്ക് ചെയ്ത് ഉണ്ടാക്കിയ ഈ ബ്രെഡ് അതിന്റെ പേര് റിംഗ് എന്ന ആകൃതിയിൽ നിന്നും സ്വന്തമാക്കി .
ഒരുപക്ഷേ ,ഇത് കുടിയേറ്റക്കാരുടെ ഭക്ഷണമായി പോളണ്ടിലെ ജൂതരോടൊപ്പം അമേരിക്കയിൽ എത്തി .
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കുടിയേറിയ എനിക്കും പിന്നീട് വന്ന വർഷങ്ങളിൽ ഒരു നിത്യ ഭക്ഷണം ആകുമെന്ന് അന്ന് ഞാൻ ഓർത്തില്ല .
പിന്നെ പ്രാതലിന് ശേഷം അത് എന്റെ ഉച്ച ഭക്ഷണമായി എന്നും...
എല്ലാ ദിവസവും പ്ലാസ്റ്റിക് പാത്രത്തിൽ ക്ലിംഗ് ഫിലിം പൊതിഞ്ഞ് വച്ച ആ ബേയ്ഗിൾ എടുക്കുമ്പോൾ എൻറെ മനസ്സ് നന്ദി ചൊല്ലുകയാണ് ... സുഹൃത് ബന്ധങ്ങളുടെ പൊട്ടാത്ത കണ്ണികളോട് ,എനിക്കുവേണ്ടി നിങ്ങൾ നടന്ന ആ അതി ദൂരത്തെ നാട്ടുവഴികളിലെ വിയർപ്പ് തുള്ളികളോട് .