Translate

Tuesday, December 31, 2013

In The Game of Kings: രാജാക്കന്മാരുടെ കളിയിൽ




ഒന്നാം ഭാഗം :

ഇതു ഒരിക്കലും എഴുതാത്ത കഥ യാണ്
പലരോടും പറഞ്ഞുകാണും പക്ഷെ വിശ്വസിച്ചു കാണില്ല .
ഇത് രാജാക്കന്മാരുടെ കളിയിൽ ചേർന്ന് കളി പഠിച്ച കഥകൾ  മാത്രമല്ല ഇനി കളിക്കളങ്ങളിൽ കാല് ചെളിപുരണ്ടു പുറത്തു പോകാൻ ഒരിക്കലും കഴിഞ്ഞിട്ടില്ലാത്ത വായനക്കാർക്ക് വേണ്ടി ഒരു വഴി കാട്ടി യന്ത്രം കൂടി  .

കുതിരകളെ കണ്ടുകാണും .
 കെട്ടുകുതിരയൊ മഴകഴിഞ്ഞു പാടത്തു നിന്നും പറന്നെത്തുന്ന പച്ച ക്കുതിരയോ അല്ല ഞാൻ ഉദ്ദേശിച്ചത് .
വർഷങ്ങൾക്കു മുൻപ് മാറുന്ന ഹിന്ദി സിനിമകളിലെ കുതിരകളെയും തോക്ക് ധരിച്ച ചമ്പൽ കാട്ടിലെ കൊള്ളക്കാരെയും  മനസ്സിൽ പ്രതിഷ്ഠിച്ച ഒരു ബാല്യ കാലം എനിക്കുണ്ടായിരുന്നു .
ഞാൻ ജനിച്ച ആ മലബാറിലെ തീര ഭൂമിയിൽ ഒരു വീട്ടിലും കുതിരയുണ്ടായിരുന്നില്ല; അത് കൊണ്ടു തന്നെ ഞാനും കുതിരകളും ഒരു സങ്കൽപ ലോകത്തെ സുഹൃത്തുക്കൾ മാത്രമായി ജീവിച്ചു .
ഒരു കുതിരസവാരി ബക്കറ്റ്‌ ലിസ്റ്റിൽ കൊണ്ട് നടന്നു രണ്ടായിരമാണ്ട് വരെ .

ഒരു ദിവസം ടെന്നെസ്സി യിലെ സ്മോക്കി  മൌണ്ടൻ നാഷണൽ പാർക്കിലെ ഒരു ഒഴിഞ്ഞ കോണിലെ കൊച്ചു ബോർഡ് കണ്ടു അകത്തു ചെന്നു .
പിന്നെ രണ്ടും കൽപിച്ചു അര മണിക്കൂർ നേരത്തെ സവാരിക്ക് ഒരു ധൈര്യത്തിൽ പൈസ കൊടുത്തു കുതിരമേൽ കയറി .
കാട്ടിനിടയിലൂടെ മലകളുടെ ഇടിഞ്ഞു വീണ ഒറ്റയടിപ്പാതകളിൽ കുതിരകൾ ഒന്നിനുപിറകെ ഒന്നായി കയറി . ഇടക്ക് വഴിയിലെ പച്ചിലകൾ കണ്ടു വഴി മുടക്കിയ ആ കുതിരകൾക് ഇത് നിത്യേനെ യുള്ള യാന്ത്രിക ജീവിതം മാത്രമായിരുന്നു .നന്നായി ആസ്വദിച്ചു ആ സവാരി .
അവസാനം താഴെയിറങ്ങി , ഒരു തീരുമാനമെടുത്തു . ഒരു കുതിരയെ വാങ്ങണം .
ഭാര്യയോട് ഒന്ന് സൂചിപ്പിച്ചു ; ഒരു തമാശയായി മാത്രം .
"അതിന്റെ ചാണകം കോരാനും കുളിപ്പിക്കാനും പറ്റുമോ ?"
അത് വളരെ ശരിയായി തോന്നി .
 അല്ലെങ്കിലും സ്ത്രീകൾക് നമ്മളെക്കാൾ പ്രായോഗിക മായി ചിന്തിക്കാൻ ഉള്ള കഴിവ് ഒന്ന് വേറെയാണ് .
പിന്നെ നാല് വർഷം സ്വപ്നത്തെ കുഴി കുത്തി മറവു ചെയ്തു .

ഒരു ജോലി കഴിഞ്ഞ വൈകുന്നേരം .
ഒരു മരുന്നു കമ്പനി സ്പോൻസർ ചെയ്ത ലെക്ചർ മനസ്സില്ലാ മനസ്സോടെ പോയി .
ഒരു ഭക്ഷണ മേശക്കു ചുറ്റും ഇരുന്നു പരിചയപ്പെടുത്തൽ . രെപ് അധ്യക്ഷനെ തൊട്ട് പറഞ്ഞു "ഇദ്ദേഹത്തിന്റെ ഫുൾ ടൈം പരിപാടി ഇതല്ല ; പറയൂ എങ്ങിനെ യുണ്ട് നിങ്ങളുടെ കുതിരകൾ ?"
അത്ഭുതത്തോടെ ശ്രദ്ധിച്ചു കേട്ടു .
ത്വക്ക് രോഗ വിദഗ്ദൻ ഒരു ചെറു ചിരിയോടെ പറഞ്ഞു ,"ഏയ്‌ ,ഇത്തവണ ഞങ്ങളുടെ കുതിര ഓടുന്നില്ല ഒരു പക്ഷെ കീൻലാൻഡിൽ...പറയാനൊക്കില്ല "
keenland എന്നാൽ കെന്റക്കിയിലെ രണ്ടാമത്തെ അന്താരാഷ്ട്ര പ്രശസ്തി നേടിയ കുതിര പന്തയ കേന്ദ്ര മാണെന്ന് എനിക്കന്നു അറിയാമായിരുന്നില്ല .
പിന്നെ ഒരു അവസരം കിട്ടിയപ്പോൾ ചോദിച്ചു "എങ്ങിനെയാണ് കുതിരയെ നോക്കാൻ അറിയാത്ത ഒരാൾക്ക് കുതിരയെ വാങ്ങാൻ കഴിയുക ?"
ചോദിച്ച ശേഷം ചോദ്യം വൈക്ലബ്യ ത്തോടെ തിരിച്ചു എടുക്കാമെന്ന് കരുതി .പിന്നെ തമാശയായി ചോദിച്ചതാണെന്ന് പറഞ്ഞു തടിയൂരാൻ ശ്രമിച്ചു .
 പക്ഷെ മറുപടി പെട്ടെന്നായിരുന്നു "എന്താ താല്പര്യമുണ്ടോ ഷെയർ എടുത്തോളൂ രണ്ടു കുതിരകൾ ഞങ്ങൾ ഈ ആഴ്ച വാങ്ങുന്നു "
"അതിനു മാത്രം എന്റെ കയ്യിൽ ധാരാളം പണമൊന്നുമില്ല ..."; ഞാൻ ഒഴിവാകാൻ ശ്രമിച്ചു .
"അടുത്ത വീകെണ്ടിൽ ഫാമിലേക്ക് വരൂ ; ഞാൻ എല്ലാ കാര്യങ്ങളും കൊണ്ടുപോയി കാണിച്ചു തരാം ; പിന്നെ Keenland ൽ Race തുടങ്ങുന്ന ദിവസവും ആണ് " വിസിറ്റിംഗ് കാർഡ്‌ നീട്ടി Dermatologist തോളിൽ മൃദുവായി തലോടിക്കൊണ്ട് പറഞ്ഞു.
ആറു മാസത്തിനകം രണ്ടു പന്തയക്കുതിരകളുടെ പങ്കുടമയായി Keenland ൽ അഭിമാനത്തോടെ കയറിച്ചെന്ന (ടൈ ഇല്ലാത്തതു കൊണ്ട് ഓണർ'സ് ബോക്സിൽ കയറാൻ കഴിയാത്ത-) ആദിവസം വരുമെന്ന് അന്ന് സ്വപ്നത്തിൽ പോലും കണ്ടില്ല .


















ഭാഗം രണ്ട് : വെർസൈൽസ്

ഞാൻ ഒരു പുത്തൻ സ്വപ്നത്തിന്റെ പ്രഥമ രാത്രികൾ നുണഞ്ഞുകൊണ്ട് കുതിരയെ വാങ്ങുന്ന പരിപാടികൾ തുടങ്ങി ; അതോടൊപ്പം ബാർന്സ് ആൻഡ്‌ നോബ്ല്സ് പുസ്തക കടയിലെ ശേഖരത്തിലേക്ക് ഒന്ന് ഊളിയിട്ടു .
പുസ്തകം വായിച്ചു കുതിര സവാരി നടത്താമെന്ന വ്യാമോഹമൊന്നും എനിക്ക്‌ ഉണ്ടായിരുന്നില്ല .
പിന്നെ പത്ര പരസ്യം കണ്ടു ഇരുപതു മൈൽ അകലെ ഒരിടത്ത് പോയി . ഒരു മണിക്കൂർ തണുപ്പത്ത് മഴയിൽ വിറുങ്ങലിച്ചു നിന്നു . ഒരു മദ്ധ്യ വയസ്കയായ സ്ത്രീ . എന്റെ കയ്യിൽ നിന്നും രണ്ടു മണിക്കൂർ പഠനത്തിനുള്ള പൈസ വാങ്ങിയതിനുശേഷം പറഞ്ഞു "ഈ കാലാവസ്ഥയിൽ ഞാൻ കുതിരയെ പുറത്തിറക്കില്ല ; ഇതിനകത്തെ ടെന്റിൽ നോക്കാം " എന്നെ ഈ പ്രായത്തിൽ പഠിപ്പിക്കാനുള്ള താൽപര്യം കുറവാണെന്നു മനസ്സിലാക്കാൻ അധികം നേരമെടുത്തില്ല .
പിന്നെ എനിക്ക് ഒഴിവുള്ള ശനിയും ഞായറും അവർക്ക് പറ്റില്ലത്രേ ,വീട്ടിൽ ഒരു കൂട്ടം പണിയുണ്ട് .
ഡോക്ടറുടെ ഫാമിലേക്ക് അടുത്ത ആഴ്ച പോയി.

വെർസൈൽസ് എന്ന ആ വലിയ ഗ്രാമത്തിനു പ്രകൃതി മനോഹാരിതയിൽ ഒരു കുറവുമില്ല .
വൃത്തിയായി വെളുത്ത ചായം തേച്ച വേലിക്കെട്ടുകൾ അതിർ തിരിച്ച പച്ച നിറഞ്ഞ താഴ്വാരങ്ങളിൽ മേയുന്ന അറബി ക്കുതിരകൾ. പിന്നെ അതിദൂരെ ചക്രവാളത്തിൽ കുത്തി നിൽക്കുന്ന ഗോപുരങ്ങളിൽ കാറ്റാടി സൂചികകൾ . വെളുത്ത ഉരുണ്ട കല്ലുകൾ ചിതരിയിട്ട വളഞ്ഞു പോകുന്ന വഴിത്താരകളിൽ ദഫൊദിൽസ് ,ടുളിപ്സ് പൂക്കൾ കാറ്റിലാടി നിന്നു .

പിന്നെ കാർ ഒരു ഫാം ഹൗസിന്റെ അരികത്തു ഒതുക്കി പാർക്ക് ചെയ്തു .
വരിയായി പണിത ഔട്ട്‌ ഹൌസിൽ മിക്കതും മെക്സിക്കൻ തൊഴിലാളികൾ . അവരുടെ ഭാര്യമാർ കഴുകിയ തുണികൾ വീടുകളുടെ പുറകിലെ ക്ലോത്ത്‌ ലൈനിൽ തൂക്കിയിടുന്നു . മുൻ വരാന്തയിൽ ഉറങ്ങുന്ന ഒരു ഗോൾഡൻ റിട്രീവർ പട്ടി . ഒന്ന് തല പൊക്കി ,വീണ്ടും ഉറക്കത്തിലേക്കു മാറി .
അകലെ ഒരു സോക്കർ ബോൾ തട്ടിക്കളിക്കുന്ന അഞ്ചു വയസ്സ് തോന്നിക്കുന്ന രണ്ടു കുട്ടികളുടെ ശബ്ദമൊഴികെ വേറൊന്നും കേട്ടില്ല .

ഓഫീസ് എന്നെഴുതിവച്ച ഒരു വീടുപോലെയുള്ള കെട്ടിടത്തിന്റെ മുൻ വാതിൽ തുറന്നു അകത്തു കയറി .
അകത്തു പലവിധ ട്രോഫികളും ഗ്രൂപ്പ്‌ ഫോട്ടോകളും പിന്നെ കുതിര പന്തയത്തിന്റെ എണ്ണച്ചായ ചിത്രങ്ങളും കുതിരകളുടെ പിച്ചള യിലും തുകലിലും നിർമിച്ച ആടയാഭരണങ്ങളും നിറഞ്ഞു .

സ്വർണ തലമുടിക്കാരി സ്നേഹാദരവോടെ എഴുന്നേറ്റു അഭിവാദ്യം ചെയ്തു .
"ഞാൻ .."
"അറിയാം ; ഡോക്ടർ പറഞ്ഞു ; അവർ കാത്തിരിക്കുകയായിരുന്നു . ഇപ്പോ ഗെസ്റ്റ് ഹൌസിൽ കാണും ; കുടിക്കാനെന്തെങ്കിലും ?"
"ഏയ്‌ ; ഒന്നും വേണ്ടാ , ഞാൻ അവിടെ പോകാം "
പിന്നെ സെക്രട്ടറി ചൂണ്ടി ക്കാണിച്ച മനോഹരമായ ആ ലോഗ് ഹൌസിലേക്ക് നടന്നു .


(തുടരും )

Wednesday, December 25, 2013

പരീക്ഷ രോഗി



1986: വാർഡ്‌ "സി'

അഴുക്കുപുരണ്ട ആ കോണിൽ അയാൾ തുരുമ്പു പിടിച്ച കട്ടിലിൽ ഇരുന്നു ഒരു കുഞ്ഞി ക്കൂനനെ പ്പോലെ .
അടുത്ത് പ്ലാസ്റ്റിക്‌ ബാഗുകളിൽ കുത്തി നിറച്ച തുണികളും ഒരു കുടയും .
തൊട്ടടുത്ത കട്ടിലിലെ രോഗികൾക്ക് അയാൾ ഒരത്ഭുതജീവിയായി .
ഇടവിടാതെ കൊഞ്ഞപ്പുള്ള സ്വരത്തിന്റെ ഉയര്ച്ചയും താഴ്ചയും  കേൾക്കാൻ ആളില്ലാഞ്ഞിട്ടും അവിടെ ഒരു ചന്ത പ്രസംഗം പോലെ വിലസി .

ഞങ്ങൾക്ക് വൈകീട്ടാണ് ആ ചൂടുള്ള വാർത്ത വീണു കിട്ടിയത് .
കേട്ട പാതി കേൾകാത്ത പാതി എല്ലാവരും വച്ചുപിടിച്ചു .

കാര്യമെന്താണെന്നു ആസമയത്ത് എനിക്കറിയില്ലായിരുന്നു .
"Rare Case " എന്നു മാത്രം കൂട്ടത്തിൽ ബുദ്ധിജീവികൾ പറഞ്ഞറിഞ്ഞു .
ചക്കയിൽ ഈച്ച പൊതിയുന്നത് കണക്കിന് വട്ടമിട്ടു നിന്നു . പിന്നെ ശരിയല്ല എന്ന്തോന്നി പുറത്തേക്ക് വലിഞ്ഞു .
അപ്പോഴാണ് അയാളുടെ ചിലമ്പിച്ച സ്വരം മുഴങ്ങിയത് "Patellar Reflux Absent "
എടാ ഇവൻ എന്ത് രോഗി ?
"കണ്ണ് പരിശോ ധിച്ചില്ലെങ്കിൽ തോറ്റതാ " ഒരു ചെറിയ ചിരിയോടെ അയാൾ കണ്ണട എടുത്തു മാറ്റി .
"Optic Atrophy " വീണ്ടും രോഗി .
"നട്ടെല്ലിനു scoliosis  ഓർത്തോളൂ ; പിന്നെ pes cavus " അയാൾ തുടർന്നു .
ഞാൻ ഒരു പിടിയും കിട്ടാതെ അയാളെ സൂക്ഷിച്ചു നോക്കി .
ഒരു മുപ്പതു വയസ്സായിക്കാണും ,എങ്കിലും ക്ഷീണിച്ചു അകാലത്തിൽ വാർധക്യം ബാധിച്ച ശരീരം.

"എപ്പോഴാ നിങ്ങേടെ പരീക്ഷ ? എന്നെ വിളിക്കാൻ സക്കറിയ സാറിനോട് പറയണേ "
"ഓ ഞങ്ങളുടെ പരീക്ഷ ഇനി അടുത്ത വർഷമേയുള്ളൂ "
 മറുപടി കേട്ട മാത്രയിൽ അയാളുടെ മുഖത്തെ പ്രസാദം മങ്ങി .
'സക്കറിയ സാറിനറിയാം ; സാറ് എനിക്ക് എപ്പോഴും മരുന്നും പൈസയും തരും " പിന്നെ കാലിലോട്ടു ചൂണ്ടി "ഈ pant  സാറ് തന്നതാ ; എനിക്കൊരു ഷർട്ട്‌ തരോ തിരുവന്തരം വരേ പോകണം അവിടേ അടുത്തയാഴ്ച പരീക്ഷ തോടങ്ങുവാ "
ഞങ്ങളിൽ കുറച്ചു പേർ പോക്കറ്റിൽ തപ്പി ഉണ്ടായ പൈസ എടുത്തു വർഗീസിന് നീട്ടി .
"നന്ദിയുണ്ട് സാറമ്മാരെ . മറക്കല്ലേ "Friedrich's Ataxia ...ഇനി ഒന്ന് കൂടി പഠിച്ചോളൂ ; വർഗീസ്‌ ഇന്ന് കൂടി ഇവിടെ ക്കാണും" എന്നെ നോക്കി അയാൾ പറഞ്ഞു

ഇന്നും ആ സ്വരവും ആ രൂപവും അവിടെയുണ്ടാവും
വരാനിരിക്കുന്ന പരീക്ഷ കളെയുംകാത്ത്.
വേറൊരു വർഗീസോ ഗോപാലനോ ഇബ്രാഹിം കുട്ടിയോ ആയി
പേരില്ലാത്ത യുവാക്കളുടെ വെമ്പലിനു കാതോർത്ത് ...

Saturday, December 21, 2013

Accident



അബുദാബിയിൽ നിന്നും അൽ ആയിനിൽ ജോലിതേടി കറങ്ങി കൊണ്ടിരിക്കെ ഒരു ദിവസം .
കസിൻ വിളിച്ചു . "ഇനി കുറച്ചു ദിവസം ഇവിടെയുള്ള ഒഴിവുകൾ നോക്കിയാലോ ...വരൂ "
തിരിച്ചു ഇനി ദുബായ് പോയാൽ ഷാർജ യിലെ കസിൻ വന്നു കൂട്ടികൊണ്ട് പോരും .
പരിചയക്കാരനായ അജയൻ ടയർ കമ്പനിയിൽ മിക്കവാറും എല്ലാ എമിരേറ്റിലും പോക്കുവരവുണ്ടത്രെ .
എന്നാൽ ശരി ...വിട്ടു പിടിച്ചു .
കുറച്ചു നേരം കടയിൽ കാത്തു നിന്നപ്പോൾ കൂട്ട്കാരനും വന്നു .
"ആരാ ഇന്ന് ദുബായ് പോകുന്നത് ? ഇങ്ങേർക്ക് ഒരു ലിഫ്റ്റ്കൊടുക്കാമോ "
പരിചയമില്ലെങ്കിലും നാട്ടുകാരനാണ് ."ഞാൻ പോകുന്നുണ്ട് ;കമ്പനി കാറുണ്ട് " ബോംബെയിൽ നിന്നും MBA കഴിഞ്ഞ യുവാവ് .സെയിൽസ് ആയതുകൊണ്ട് ഫുൾ സൂട്ടിലും ചെത്തുന്ന സ്റ്റൈൽ .
"ബുദ്ധി മുട്ടാവില്ലല്ലോ അല്ലേ ?" ഞാൻ
"ഏയ്എനിക്കൊന്നു മിണ്ടീം പറഞ്ഞും പോകാമല്ലോ "സൌമ്യതയോടെ അയാൾ .
കമ്പനി കാർ എന്ന് പറഞ്ഞപ്പോൾ വലിയ ധാരണയായിരുന്നു
മുറ്റത്ത്കടക്ക് മുന്നിലെ ചെറിയ പെട്ടി പോലെയുള്ള യുഗോ ആയിരുന്നു അതെന്നു പിന്നെ മനസ്സിലായി
പട്ടാണിയുടെ അത്തറും വിയർപും നിറഞ്ഞ ക്രെസ്സിടയെക്കാൾ ഭേദമാണല്ലോ എന്ന് മനസ്സിൽ പറഞ്ഞു .
മരീചികകൾ നൃത്തം വയ്ക്കുന്ന ഊഷര മായ നോക്കെത്താ ദൂരത്തെ ഈന്തപ്പനകൾ പിന്നിട്ടു ഞങ്ങൾ ദുബായി ഹൈവേ യിൽ യാത്ര തുടർന്നു .
എതിരെ വല്ലപ്പോഴും വന്ന കണ്ട്യ്നെർ ട്രക്കുകൾ ,പിന്നെ ടാക്സികൾ . വല്ലപ്പോഴും വഴിതടഞ്ഞു കുറുകെ പോകുന്ന ഒട്ടക കൂട്ടങ്ങൾ മയക്കത്തിന് അർദ്ധ വിരാമങ്ങളിട്ടു .
വഴിയിൽ കാസർഗോഡ്ഇക്കാമാരുടെ "അൽ ശിഫാ സൂപ്പർ മാർക്കറ്റ്‌ "കണ്ടപ്പോൾ നിർത്തി .
ഒരു സുലൈമാനിയും കുബൂസിൽ തയ്യാറാക്കിയ ചിക്കൻ സാൻവിച്ചും അകത്താക്കി .
അഞ്ചു മിനിറ്റ് വിശ്രമിച്ചു .
 സൂര്യൻ പടിഞ്ഞാറ് മേഘ പാളികളിൽ ആഴ്ന്നിറങ്ങുന്നു .
ഒരു ബാങ്ക്വിളി മാത്രം അന്തരീക്ഷത്തിൽ കടന്നു പോകുന്ന വാഹനങ്ങളുടെ ശബ്ദത്തിനെ മറികടന്നെത്തി .
കന്തൂറയിട്ട ആള്കൂട്ടങ്ങൾ അപ്പോഴേക്കും ഒരു സിമൻറ് തറയിൽ വിരിച്ച പരവതാനിയിൽ കുനിഞ്ഞിരുന്നു .
"ഇനി നമുക്ക് വിടാം അല്ലേ ?"
ഞാൻ തല കുലുക്കി മുൻ സീറ്റിൽ കയറി സീറ്റ്ബെൽറ്റിട്ടു .
ചരലും മണലും പൊടിയുയർത്തി ടയറിനെ മുന്നിലാക്കി കാറ്റിൽ ഉയർന്നു പൊങ്ങി .
പിന്നേയും ഒരുമണിക്കൂർ കൂടി.
 സന്ധ്യയോടെ ദുബായ് തെരുവീഥി  കളിലൂടെ ഒഴുകി വന്ന വെള്ളിയാഴ്ച തിരക്കിൽ ചേർന്നു .
മൂന്ന് വരികളിൽ ഒഴിവുണ്ടായിരുന്നത് അതിവേഗ പാത മാത്രം .
കുറേ നേരം നിരത്തിയും പോയും മടുത്തപ്പോൾ സുഹൃത്ത്അടുത്ത വരിയിലേക്ക് കടന്നു.
ഇരുട്ട് പരന്ന നഗരാതിർത്തിയിൽ ഉടനെ തിരക്കു വർധിച്ചു .
മുന്നിലും പിന്നിലും വാഹനങ്ങളുടെ വെളിച്ചത്തിൽ ഞങ്ങൾ രണ്ടു പേരുടെയും തലകൾ ഞങ്ങൾക്ക് മുന്നിൽ നിഴൽ കൂത്ത് കളിച്ചു .
ഞങ്ങൾ ക്കുമുന്നിൽ പാഞ്ഞു പോകുന്ന ഒരു വെളുത്ത പുത്തൻ മെർസ്യ്ദീസ് ബെൻസ് . അതിന്റെ ഇടക്ക് തെളിയുന്ന ബ്രയ്ക്ക് ലൈറ്റ് . അണ്ടർ പാസ്സിലൂടെ അയാൾ പാഞ്ഞു പോയി പിന്നെ വീണ്ടും ട്രാഫിക് ചലന രഹിതം . നിമിഷ നേരത്തിൽ വീണ്ടും ചുവന്ന വെളിച്ചം .
വാഹനത്തിരക്ക് കൂടുന്നതേയുള്ളൂ .
അപ്പോഴാണ് വിരസതക്ക് വിരാമമിട്ടു മുന്നിലെ കാർ പെട്ടെന്ന് നിർത്തി .ആരോ മുന്നിൽ കൂട്ടിയിടിച്ചു കാണും . സുഹൃത്ത്ബ്രയ്കിൽ ആഞ്ഞു ചവിട്ടി .
ഒരു ചിതറിയ രോദനമായി ടയറുകൾ അരഞ്ഞു റോഡിൽ പുക പരത്തി.ഞങ്ങളുടെ കാർ അറബിയുടെ ബെൻസിനെ ചുംബിച്ചു നിന്നു .
ഉടനെ നിലക്കാത്ത ഹോണ്മുഴക്കങ്ങളും വിവിധ ഭാഷകളിലെ തെറികളും നിലച്ചുപോയ വാഹന ബ്ദാവലിക്കു പകരമായി കേട്ടു.
"ഇനി സുർത്ത വരണം "
സുഹൃത്ത്അത്മഗതമായി പറഞ്ഞു .
പിന്നെ ഡോർ തുറന്നു വണ്ടിക്കു ചുറ്റിനും നടന്നു നോക്കി . ഒന്നും പറ്റിയില്ല . ബെൻസിൽ ഒന്ന് ഉരച്ചു എന്നു മാത്രം. ഡോറിന്റെ വശത്തു കൈ മുട്ട് കുത്തി തല അകത്തേക്കിട്ടു അയാൾ പറഞ്ഞു .
മുന്നിൽ ആരോ പെട്ടെന്നു നിര്ത്തിയതായിരിക്കും .അകലത്തേക്ക് നോക്കി . ഒന്നും കാണാൻ കഴിഞ്ഞില്ല . ഞങ്ങളുടെ വരിയോഴികെ മറ്റെല്ലാം നീങ്ങുന്ന വാഹന നിരകൾ .
ഞങ്ങൾ അഞ്ചു വാഹനങ്ങൾ പോലീസിനെ കാത്തു .

 ആദ്യം ഒരു പോലീസ് . പിന്നെ ഒരു ആംബുലൻസ് . പിന്നെ വേറെ രണ്ടു പോലീസ് വാഹനങ്ങൾ കൂടിയെത്തി .
"ലൈസെൻസ് എടുത്തു . പാസ്പോർട്ടും പതാക (ലേബർ കാർഡ്‌ )യും ഇല്ല . കഴിഞ്ഞ ദിവസം ഹെഡ് ഓഫീസിൽ വാങ്ങി വച്ചതാണ് ."
"കുഴപ്പമില്ല" നിസ്സംഗതയോടെ അയാൾ പറഞ്ഞു.
" ഓഫീസിൽ ഇന്നിപ്പോ ആരെങ്കിലും കാണുമോ ?" എനിക്ക് പരിഭ്രമം .
പോലീസ് ഓഫീസർ വന്നു കാറിലേക്ക് സൂക്ഷിച്ചു നോക്കി . പിന്നെ മുന്നിലെ ബംബറിൽ ടോർച്ചടിച്ചു പരിശോധിച്ചു .
പിന്നെ മുന്നിലേക്ക്നടന്നു വാഹനനിരകളിൽ അപ്രത്യക്ഷനായി .
അഞ്ചു മിനുട്ട് കഴിഞ്ഞു കാണും .മുന്നിലെ വാഹനങ്ങൾ പതുക്കെ മുന്നോട്ടെടുത്തു പാഞ്ഞു പോയി .
അവിടെ ഞങ്ങൾക്കുമുന്നിൽ അകലേയായി നീലയും ചുവപ്പും മാറി മാറി കത്തുന്ന പോലീസ് വാഹനത്തിൽ നിന്നും ഓഫീസർ ഇറങ്ങി വന്നു്
"യള്ള ..യള്ള "
കൂടെ വരുവാനുള്ള ആന്ഗ്യം .
ഞാൻ സുഹൃത്തിന്റെ മുഖത്തേക്ക് ചോദ്യ രൂപേണ നോട്ടമയച്ചു .
"ഏയ്‌ ...അവര് സ്റ്റെഷനിലെക്കു ചെല്ലാൻ പറയുകാ ...ഒന്നു പോയി ഒപ്പിട്ടു പോകാം ."
"വൈകിയോ ? എപ്പോഴാ മണിയോട് വരാൻ പറഞ്ഞത് ?"
"എനിക്ക് സമയത്തിന്റെ തിരക്കൊന്നുമില്ല .എപോഴായാലും മതി .ചേട്ടനോട് ഞാൻ വിളിക്കാമെന്നാ പറഞ്ഞത് ." ഞാൻ പറഞ്ഞു .
പിന്നെ ഞങ്ങൾ ഇടുക്ക് വഴികളിലൂടെ പോലീസ് വാഹനത്തിന്റെ പുറകെ പൊടിക്കാറ്റിൽ വണ്ടിയോടിച്ചു .
"അപ്പോ നമ്മുടെ ബെൻസ് കാറുകാരനെവിടെപ്പോയി ?"
" ...അവൻ വത്തീനിയല്ലെ (local)? അവൻ പോലീസിന് VIP യാ ;അവൻ വീട്ടിലെത്തിക്കാണും " ഒരു ചിരിയിൽ സുഹൃത്ത്.
നിരയായി നിർത്തിയിട്ട കാറുകൾക് അരികിലായി അയാൾ പാർക്ക് ചെയ്തു .
സീറ്റ്ബെൽറ്റു വിടുവിച്ചു ഡോർ തുറന്ന് ഞാനും പുറത്തിറങ്ങി .
"എന്നാൽ ഞാൻ ഒന്ന് ചേട്ടനെ വിളിച്ചു പറയാം നമ്മൾ ഇവിടെയാണെന്ന് ."
ഞാൻ പറഞ്ഞു .
"ശരി ...ഞാൻ അകത്തു പോയി നോക്കട്ടെ .ചേട്ടൻ വന്നെങ്കിൽ പൊക്കോളൂ ."
"ഇല്ല ഞാൻ ഇവിടെ നിക്കാം ; ഇനി ഷാർജയിൽ നിന്നും വരുമ്പോളേക്കും അര മണിക്കൂരെങ്കിലും ആവും" ഞാൻ അയാളെ ആശ്വസിപ്പിച്ചു .

അടുത്ത റോഡിനരുകിൽ അരണ്ട വെളിച്ചത്തിൽ ഒരു ടെലിഫോണ്ബൂത്ത് കണ്ടു .
Etisalat കാർഡുപയോഗിച്ച് കസിന്റെ നമ്പരിലേക്ക് വിളിച്ചു . ആശാൻ വീട്ടിലുണ്ട് ."എന്ത് പറ്റി ? അൽ അയിനിൽ നിന്ന് രണ്ടു തവണ ദുബായിക്ക് വരാനുള്ള സമയം കഴിഞ്ഞല്ലോ ?"
"ഞങ്ങൾക്ക് വഴിയിൽ ഒരു ചെറിയ പ്രശ്നം ...ഒരു ചെറിയ ആക്സിടന്റ്റ് ...ഞങ്ങൾക്ക് ഒന്നും പറ്റിയില്ല . ഇപ്പൊ അജയന്റെ ഫ്രെണ്ട് പോലീസ് സ്റ്റെഷനിൽ പേപ്പർ ഒപ്പിടാൻ പോയിരിക്കാ . ഞാൻ പുറത്താണ് ."
"ഏതു പോലീസ് സ്റ്റേഷൻ ? ദൈര യിലോ അതോ ബർ ദുബായി യിലോ ?"
" എനിക്കറിയില്ല .ട്രേഡ് സെന്റര് കഴിഞ്ഞു അഞ്ചു മിനിട്ടിനകം ഒരു അണ്ടർ പാസ്സുണ്ട് പിന്നെ അഞ്ചു മിനിട്ട് പോയിക്കാണും ...""എൻറെ സ്ഥല പരിചയം അതിലവസ്സാനിച്ചു . ഒരു വലിയ പള്ളിയുടെ അടുത്താണ് . പിന്നെ എല്ലാം വില്ല കളാണ് ചുറ്റും ..."ഞാൻ നാലു പാടും കാണുന്ന കാഴ്ചകൾ വിവരിച്ചു ഒരു മനസ്സിലെ മാപ്പ് ഉണ്ടാക്കാൻ ശ്രമിച്ചു .
"ഞാൻ വരാം ...എങ്ങിനെയെങ്കിലും എത്താം . പോലീസ് സ്റ്റേഷൻ പരിസരത്ത് തന്നെ നിന്നോളൂ ."
"ശരി ."
ഫോണ്താഴെ വച്ച് സ്റ്റേഷൻ ലക്ഷ്യമായി നടന്നു .
മൂടൽ മഞ്ഞിൽ പതുക്കെ ചന്ദ്രനുദിച്ചു .
പണ്ടെങ്ങോ ഇംഗ്ലീഷ് ക്ലാസ്സിൽ പഠിച്ച കവിത മനസ്സിലോടിയെത്തി .
"The  wind was a torrent of darkness among the gusty trees,
    The moon was a ghostly galleon tossed upon cloudy seas"

കവിത രണ്ടു വരിയായി നിന്നു.
അകലെ തുറന്ന ജനാല യിൽ കൂടെ ഒരു കാഴ്ച

അഴികളിൽ പിടിച്ചു സെല്ലിൽ നിന്നും പുറത്തു നില്കുന്ന പോലീസുകാരനോട്ഉത്തരങ്ങൾ നൽകുന്ന എൻറെ സുഹൃത്ത് .
ധരിച്ചിരുന്ന സൂട്ടിനു പകരം ജയിൽ പുള്ളികളുടെ വരയൻ കുപ്പായം ...


മുന്നോട്ടു വച്ച കാൽ നിലത്തുറഞ്ഞു ഞാൻ വെറുമൊരു കൽപ്രതിമയായി അവിടെ നിന്നു .

Saturday, December 14, 2013

Surgery

ശസ്ത്രക്രിയ

തണുത്ത സ്റ്റീൽ മേശയിൽ ഉറക്കമുണരുമ്പോൾ തൊണ്ടയിലെ തോലിയടർന്ന നീറ്റലും പിന്നെ കഴുത്തിലെ വേദനയും മാത്രം . ഇത് പഴയ വേദനയല്ല . ഒരു പ്ലാസ്റ്റിക്കോളറിൽ ഭദ്ര മാക്കിയ കഴുത്തിലെ വേദന മുറിവിൽ നിന്നുമാത്രം . സഹിക്കാവുന്നതേ ഉള്ളൂ .
വേറെ ഇടുപ്പിലെ എല്ലിൽ കടുത്ത വേദന . അത് പുതിയതാണ് . അസ്ഥി വെട്ടിയെടുത്ത് നട്ടെല്ലിൻ ഇടയിൽ വച്ചു കാണും .
മറ്റാരുടെയും എല്ലിൻ കഷണങ്ങൾ എനിക്ക് വേണ്ട എന്ന് പറഞ്ഞത് അബദ്ധമായി എന്നിപ്പോ തോന്നി .
മൂത്ര സഞ്ചി പോട്ടുമെന്നുള്ള കണക്കിന് നിറഞ്ഞിരിക്കുന്ന വേദന .
അനസ്തേഷ്യ സുഹൃത്ത് അടുത്തു വന്നു . "Everything went very well ..Do you have any pain ?"
ഇല്ല എന്നു തലയാട്ടി ആങ്ങ്യം കാണിച്ചു .
"I need to pee " സുഹൃത്തിനോട് പറഞ്ഞു . ശബ്ദം പുറത്തു വന്നില്ല . ഒരു പക്ഷെ vocal cord ഉറഞായിരിക്കും ET tube താഴോട്ട് പോയത് .
നിവൃത്തിയില്ലാതെ താഴോട്ട് വിരൽ  ചൂണ്ടിക്കാണിച്ചു . വിവസ്ത്രനായി പ്ലാസ്റ്റിക്‌ urinal ഉപയോഗിച്ചു . പാത്രം നിറഞ്ഞ് കവിഞ്ഞു .
പിന്നെ ഒന്നും ഓർമയില്ല
ഉണർന്നപ്പോൾ വാർഡിലാണ്
രണ്ടു കൈയിലും IV Fluids ഒഴുകുന്നു .
നർസ് അടുത്തുവന്നു .
ഇതാണ് PCA . വേദനയുണ്ടെങ്ങിൽ ഇതു പുഷ് ചെയ്താൽ മതി .
പിന്നെ ഭാര്യയും കുറച്ചു അടുത്തുള്ള സുഹൃത്തുക്കളും വന്നു .
സംസാരിക്കാൻ പ്രയാസമുണ്ടെങ്കിലും ചിരിച്ചു .
പിന്നെ ഉറങ്ങി . ഭാര്യ വീണ്ടും വന്നു .
ഒന്ന് നടന്നു നോക്കാമെന്ന് കരുതി . ഭാര്യയെ പിടിച്ചു നടന്നു സാവധാനം ടോയലെറ്റ് സീറ്റിലെക്കു കാലു മടക്കി .കിട്ടിയില്ല ഭാര്യയും IV യും ഞാനും താഴേ വീണു .
ഇടുപ്പിലെ പേശികൾ ഉപയോഗിക്കാൻ കഴിയില്ല എന്ന വേദന ജനകമായ അറിവ് മനസ്സിലെത്തി .
കഴുത്തിലെ വേദന പോയിരിക്കുന്നു .
.....
ഉറങ്ങി പിന്നെയും.
PCA അമര്ത്തിയോ എന്നറിഞ്ഞില്ല .
വൈകീട്ട് റൌണ്ട്സ് .
എന്റെ ജൂനിയർ വന്നിരിക്കുന്നു . അവന്‌ Neurosurgery rotation ആണ് എന്നറിഞ്ഞില്ല . ഞാൻ പരിചയം കാണിച്ചു ചിരിച്ചു . എൻറെ ഫയൽ കയ്യിലെടുത്തു മുഖം നോക്കാതെ എന്തോ എഴുതി . പിന്നേ അടുത്ത ബെഡ് ലക്ഷ്യമാക്കി നടന്നു അയാൾ .
എന്നെ തിരിച്ചറിഞ്ഞില്ല . എന്റെ പേര് നീ കണ്ടില്ലേ ഭയങ്കരാ ?
കൈ ഉയർത്തി വിളിക്കാൻ ശ്രമിച്ചു . കണ്ടില്ല
.........
പിറ്റേ ദിവസം . Neurosurgery PA ഡിസ്ചാർജ് എഴുതി ഭാര്യയുടെ കൈയിൽ കൊടുത്തു .
"അപ്പോൾ Neurosurgeon ?"
" DrAnant ഒരു കോണ്ഫെരൻസ് കാരണം കാലിഫോർണിയ യിലാണ് ; നിങ്ങൾക്കു അടുത്ത ആഴ്ച ഓഫീസിൽ പോയി ക്കാണാം .'
ഒരു ഇച്ഹഭംഗം തോന്നി . നന്ദി പറയാൻ കഴിഞ്ഞില്ലല്ലോ .
പോട്ടെ .
.....
ഭാര്യ ചോദിച്ചു "ഇനി വീട്ടിലേക്ക്ആരാ കൊണ്ടു വിടുന്നത് ?"
"എവിടെയാ വീട് ?"
ഒരു ബ്ലോക്ക് അകലെയുള്ള റോഡിന്റെ പേരു പറഞ്ഞു .
"നടക്കാൻ ഉള്ള ദൂരമേയുള്ളൂ ; അത് ഇവിടെ അടുത്താണ്‌ "
"അത് നീ പറയാതെ തന്നെ ഞങ്ങള്ക്കറിയാം "
ഒന്നും മിണ്ടിയില്ല
"ഇവിടെ ആംബുലൻസ് ഇല്ലേ ?"
ഭാര്യയുടെ ചോദ്യം
"അതു വേണമെങ്കിൽ നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയിൽ ചോദിക്കണം "
"നടക്കാൻ പറ്റാത്ത രോഗികളെ എങ്ങിനാ താഴെ എത്തിക്കുന്നത് ?" ഭാര്യ വീണ്ടും .
നേഴ്സ് ഇടവും വലവും നോക്കി അടക്കം പറഞ്ഞു .
"വീൽ ചെയർ ഞാൻ തൽകാലം തരാം ;ഹൊസ്പിറ്റൽ പടി വരെ .പിന്നെ നിങ്ങളായി "
എന്തോ വലിയ ഉപകാരം ചെയ്തതിൽ കൃതാർത്ഥ തയോടെ നേഴ്സ് സുസ്മേര വദനയായി .
പിന്നെ ഒന്നും മാറ്റിയില്ല . പിടിച്ചു വീൽ ചെയറിൽ കയറ്റി താഴേക്ക് യാത്രയായി .
പുറത്തു റാമ്പിൽ നിന്ന് റോഡിലെക്കിറക്കിയപ്പോഴാണ് ഭാര്യക്ക്ബുദ്ധിമുട്ട് മനസ്സിലായത് .
താഴോട്ടുള്ള ഇറക്കത്തിൽ കുലുങ്ങി വേദനയുടെ ഓർമ്മകൾ ഓടിയെത്തി.
ഇനി യാണ് പ്രയാസം .
താമസിക്കുന്ന അപാർട്ട് മെൻറ് നാലു നിലയാണ് . എലിവേറ്റർ ഇല്ല .വളഞ്ഞു ഉയരത്തിൽ പോകുന്ന കോണിപ്പടികൾ കയറാൻ സാധ്യമല്ല .
ഇനി ആരെ വിളിക്കും സഹായത്തിനു ?
പിന്നെ ഒരു ബുദ്ധി തോന്നി . കോളേജിൽ ജൂനിയർ ആയിരുന്ന രാധാകൃഷ്ണൻ ഇവിടെ ക്കാണും ജൂനിയർ റെസി ടെന്റ് ആണ് . വിളിച്ചു നോക്കാം . വിളിച്ചു . ആളുണ്ട് ഉടനെ വരാംരാധാകൃഷ്ണൻ എത്തി . ഞാൻ പിടിക്കാം .
അമ്മ വാതിൽ തുറന്നു തന്നു . പിന്നെ രാധാകൃഷ്ണൻ ,അമ്മ, ഭാര്യ മൂന്നുപേരും എന്നെയെടുത്തു കോണിപ്പടികൾ കയറി .
ഞാൻ ഒരു പുതിയ ലോകത്തേക്കും ...ഒരിക്കലും അനുഭവിച്ചറിയാത്ത രോഗികളുടെ ജീവിതത്തിലേക്കും .


[നന്ദിയുണ്ട് എക്കാലവും ..അന്നത്തെ സേവനത്തിനു ...രാധാകൃഷ്ണൻ ]