1.
ഇതിന് ജീവിച്ചിരിക്കുന്ന( നിങ്ങളുടെ )ആരുടേയോ സാദൃശ്യം തികച്ചും അപ്രതീക്ഷിതമായി ഉണ്ടായതാണ്. വിട്ട് കളയണം; പ്ളീസ്.
ഈ കഥയിലെ ആരോടും എനിക്ക് പകയോ വിരോധമോ ഇല്ല. വായിച്ചു രസിക്കാൻ മാത്രമല്ല,
"ആർക്കെങ്കിലും ഉപകാരാവട്ടേ" എന്ന് കൂടി മനസ്സിൽ കണ്ട് കൊണ്ടാണ് ഈ ചെയ്ത്ത്.
ഈ കഥ മുൻപ് എഴുതിയിട്ടില്ല. പലരോടും(ഭാര്യ ഉൾപ്പെടെ) പറഞ്ഞിട്ടുണ്ട്.
പള്ളിപ്രം അംശം ദേശത്തെ, ഒരു തരക്കേടില്ലാത്ത പുരാതന തറവാട്ടിൽ ജനിക്കുകയും തദ്വാരാ വഴിയിൽ കാണുന്നവർക്ക് "ആ മാഷിന്റെ മോനല്ലേ, എവിടേയ്ക്കാ?" എന്ന് ചോദിക്കാൻ അറപ്പില്ലാത്ത പേഴ്സണാലിറ്റി ജോർജ്ജ് ഡർബാർ മെമ്മോറിയൽ എൽ പി ഒന്നാംക്ലാസ് മുതൽ മൂന്നാം വർഷം ബി എസ്സി വരെ കീപ്പ് ചെയ്ത വ്യക്തിയാണ് യുവേഴ്സ് ട്രൂലി.
'പ്രൊഫഷണൽ കോളേജിൽ എത്തുക' എന്ന പതിനെട്ടാം പടിയിൽ തേങ്ങയുടച്ച് മാളികപ്പുറം കോംപൗണ്ടിൽ ചെന്തെങ്ങും വച്ച ഒരു ജാതി
കൾമിനേഷൻ അല്ലെങ്കിൽ "തനിപ്പിടി"ആയിരുന്നു അത്.
ഇനി ബക്കറ്റ് ലിസ്റ്റിൽ എക്സ്ട്രാ കരിക്കുലർ ജോക്കർ ചീട്ടുകൾ ആണ് എന്നറിഞ്ഞ് ഫുൾ ആർമാദിച്ച് ഒരുവിധം അടുത്ത അഞ്ച് വർഷവും പോയി.
പെണ്ണ് കാണൽ, വിവാഹം, ക്ടാവ്,ബിലാത്തി യാത്ര, ആറബിക്കഥകൾ, വീണ്ടും ക്ടാവ്, യുഎസ് കനവുകൾ എന്നീ നെറ്റ് ഫ്ളിക്സ് സീരീസ് കഴിഞ്ഞു, ബോറടിച്ചു.
എല്ലിന്റെ ഇടയിൽ വറ്റ് കുത്ത് അനുഭവപ്പെട്ടു.
ഭാര്യ നമ്പർ വൺ, എന്റെ ജാതകവശാൽ എനിക്ക് രണ്ട് തവണ വിവാഹം ചെയ്യാൻ ഒരു സ്കോപ്പ് പറഞ്ഞിട്ടുണ്ട് (എന്ന യുവേഴ്സ് ട്രൂലിയുടെ വാക്കുകൾ)എന്നതിൽ അതിയായി വിശ്വസിക്കുകയും ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും നന്നായി തേച്ച് ഉരസുകയും ഉണ്ടായി.
വെട്ടൊന്നിന് തുണ്ടം രണ്ട് എന്ന രീതിയിൽ (ദ വാർ ഓഫ് ദ റോസസിലെപ്പോലെയുള്ള ക്ളൈമാക്സ് വന്നില്ല)
ചട്ടീം കലവും തട്ടീം മുട്ടീം പോയി.
ഇതിന് ഒരു പരിഹാരം ഉണ്ടാക്കുവാൻ ഞാൻ മുൻകൈയെടുത്ത് കോടതി കയറി.
ഇത്രയും മുഖവുരയ്ക്കൽ.
എന്നെ വീണ്ടും ഒറ്റയാൻ ആയി പ്രഖ്യാപിച്ചു കോടതിയും, രക്തം ഊറ്റിക്കുടിക്കുന്ന വക്കീലമ്മാരും ഏതാണ്ട് അനുമതി തന്ന് ജഡ്ജിന്റെ ഒപ്പ് കിട്ടാൻ പോകുന്ന സമയത്താണ് ഇത് ഉണ്ടായത്.
"വീണ്ടും ആരേയെങ്കിലും കണ്ടുപിടിക്കണം സഹോ ജീവിത സഖാവായി" എന്ന ഉപദേശം എന്റെ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും ദൈനംദിനം ഫ്രീ ആയി നൽകിക്കൊണ്ടിരുന്നു.
എന്റെ ഡിപ്രഷൻ മാറ്റിയില്ലെങ്കിൽ ഞാനെങ്ങോ
മിസ്റ്റർ ദേവദാസ് അല്ലെങ്കിൽ കൊട്ടത്തേങ്ങയോ മണക്കൂസാമൃതാനന്ദയോ ആകും എന്ന് മനതാരിൽ കണ്ട പലരും പല സെക്കന്റ് ഹാന്റ് വണ്ടികളേയും, എനിക്ക് ഫിക്സ് ചെയ്യാൻ ശ്രമിച്ചു.
ഞാനാണെങ്കിൽ "ഇത്തവണ ഒരു ഫോറിൻ വണ്ടി തന്നെയെടുക്കണം" എന്ന ഒരു മൂച്ചിൽ അമേരിക്കൻ ബാച്ചിലർമാർ സാധാരണ ചെയ്യുന്ന സെറ്റപ്പ് നോക്കി, ബാറിൽ പോയി ബിയറും ഓർഡർചെയ്ത്, ക്ളബിൽ അറിയാത്ത ആൾക്കൂട്ടത്തിൽ ആർമാദിച്ച്. ശരിയായില്ല.
"അത് നമുക്ക് പണിയുണ്ടാക്കും മോനേ" എന്ന് നടുക്കത്തെ മുറിയിൽ കർക്കടക മാസത്തിൽ മുട്ടിപ്പലകയിൽ വന്നു ഇമാജിനറി ഫുഡ്ഡടിച്ചിരുന്ന ഒരു കാരണവർ പറഞ്ഞത് ഞാൻ ചെവിക്കൊണ്ടു.
ജോലി ഉണ്ടായിരുന്നു. വീട് വിറ്റു. ലോണില്ല.
വക്കീൽ ഫീസ് ഒഴിച്ച് പിന്നെ ചിലവ് വളരെ തുച്ഛമായ കാലം.
ഭക്ഷണം കുറച്ച് ഇനി കല്യാണം കഴിക്കാൻ സമയത്ത് ലേശം സ്ലിമ്മാവുന്നത് നന്നായിരിക്കും എന്ന് അന്നത്തെ കിടുകിടാച്ചി സൈറ്റായ 'മാച്ച് ഡോട്ട് കോമിലെ' വനിതകളുടെ എക്സ്പെക്ടേഷൻ വായിച്ചു മനസ്സിലാക്കി.
ഒരു മുപ്പത് പൗണ്ട് ഞാൻ അറിയാതെ കുറഞ്ഞു.
അങ്ങനെ ലേശം റിലാക്സേഷനിൽ കഴിയുന്ന കാലത്താണ് 'ഭാരത് മാട്രിമോണി' എന്ന സൈറ്റിൽ മെമ്പർഷിപ്പ് എടുത്തത്.
രണ്ടാം കല്ലാണം കഴിക്കുന്നത് ഒരിക്കൽ കഴിച്ചവർക്കാണ് എളുപ്പം, സ്വാഭാവികമായും.
അവരാണെങ്കിൽ വിലയിടിവ് ബാധിച്ചവരും സ്വയം ഒരു ഓഡിറ്റ് നടത്തിയ ആളുകളുമായിരിയ്ക്കും.
അതുകൊണ്ട് തന്നെ ചുള്ളന്മാരും സുന്ദരീമണികളും വേണ്ട, തലയിൽ ആൾത്താമസമുള്ള, നേരാംവണ്ണം ജോലിസ്ഥിരതയുള്ള ആളുകൾ ആയിരിയ്ക്കും ഫസ്റ്റ് പ്രിഫറൻസ്.
അങ്ങനെ ഞാൻ ഒരു ദിവസം ഒരു പ്രൊഫൈൽ കണ്ട് ഇഷ്ടപ്പെടുകയും, അങ്ങോട്ട് ഇൻട്രൊ അയക്കുന്നതിനു മുൻപ്, എനിക്ക് ഇങ്ങോട്ട് ഒന്ന് ഈ കക്ഷിയിൽ നിന്നും വരികയും ചെയ്തു.
"സെറിന്റിപ്പിറ്റി" എന്ന ചിക്ക് ഫ്ളിക്സ് ഞാൻ കണ്ടതിന്റെ പിറ്റേന്ന് ആയിരുന്നു ഈ സംഭവം.
"ദാ ഒരു കൺഫർമേഷൻ ബയാസ്" എന്ന എന്ത് തേങ്ങ നിങ്ങൾപറഞ്ഞാലും എനിക്ക് പ്രശ്നമില്ല. ആ സമയത്ത്, എനിക്ക് ഞാനറിയാതെ ഈ കക്ഷിയോട് ഏതോ മുജ്ജന്മത്തിൽ ഒരു കണക്ഷൻ ഉണ്ടായിരുന്നു എന്ന് ഒരു "വൈബ് വർക്കൗട്ടായി" എന്ന് പറയാം.
അതിനെത്തുടർന്ന്, രാത്രി ഒമ്പത് മണിക്ക് തുടങ്ങിയ ഫോൺ സംസാരം ഒന്നിന് പോകാൻ ബ്രേക്ക് എടുത്തത് ഒഴിച്ചാൽ രാവിലെ നാലുമണിവരെ തുടർന്നു.
അന്നത്തെ അൺലിമിറ്റഡ് ടൈം ഒമ്പത് മണിക്ക് ആയിരുന്നു. ഇന്നത്തെ കണക്കല്ല.
പിന്നെ ഏതാണ്ട് ഒന്ന് രണ്ട് ആഴ്ച അങ്ങനെ പോയി. പരസ്പരം കണ്ടിട്ടില്ല. എങ്കിലും ഞങ്ങൾ ഒരുമിച്ച് കളിച്ച് വളർന്നപോലെ തോന്നി.
ജോലിസ്ഥലത്ത് ഞാൻ പതിവിലേറെ മൂളിപ്പാട്ടുകൾ മൂളുന്നതും ഇടക്കിടെ പുറത്ത് പാർക്ക് ചെയ്ത കാറിൽ പോയി ഇരിക്കുന്നതും കണ്ടുപിടിച്ച എന്റെ സ്റ്റാഫ് ദിവസവും ഈ ലവ് സ്റ്റാറിയുടെ സ്റ്റാറ്റസ് അപ്ഡേറ്റ് വേണമെന്ന് നിർബന്ധിച്ചു.
അവരുടെ കുത്തിത്തിരുപ്പ് മൂലം
അവസാനം ഞങ്ങൾ തമ്മിൽ കാണാൻ തീരുമാനിച്ചു.
ഞാൻ പ്രതിശ്രുത ജീവിക്കുന്ന അമേരിക്കയിലെ ഒരു പ്രധാന നഗരത്തിൽ ഒരു ഹോട്ടലിൽ റൂം ബുക്ക് ചെയ്തു റിട്ടേൺ എയർ ടിക്കറ്റും എടുത്തു.
അങ്ങനെ മൂന്നു ദിവസം ലീവെടുത്ത് ഞാൻ യാത്ര പുറപ്പെട്ടു.
2.
"ഞാനാണെങ്കിൽ പ്ളെയിനിൽ ഇരുന്ന് പച്ചനിറമായേനേ" എന്നായിരുന്നു ഒരു സ്റ്റാഫ് എന്റെ ആ യാത്രയെപ്പറ്റിപ്പറഞ്ഞത്.
അവൾക്ക് എന്നെ ഇഷ്ടമാകുമോ എന്നറിയില്ല.
ഫോട്ടോ കാണുന്നതും യഥാർത്ഥ രൂപവും തമ്മിൽ വ്യത്യാസമുണ്ട്, എന്റെ ഗഡി പറയാറുള്ളതുപോലെ, "പിന്നീന്ന് നോക്ക്യാ ധർമ്മേന്ദ്ര, മുന്നീന്ന് നോക്ക്യാ ധർമ്മക്കാരൻ".
ഞാനന്ന് നഗരത്തിൽ ലാന്റ് ചെയ്ത ദിവസം ഏതോ ഒരു പ്രധാന ഫുട്‌ബോൾ കളി നടക്കുന്ന ദിവസമായിരുന്നു.
ചില വഴികൾ അടച്ചിരുന്നത് ദേശി ടാക്സി ഡ്രൈവർക്ക് കൺഫ്യൂഷനായി.
"ഈ മ്യൂസിക് ഇഷ്ടമായോ?" പാക്കിസ്ഥാൻ കാരനായ ടാക്സി ഡ്രൈവർ ചോദിച്ചപ്പോൾ ആണ് മനസ്സ് തിരിച്ചു വന്നത്.
"കൊള്ളാം"
"ഇവിടെ ജോലിയാണോ?"
"അല്ല, ഇന്റർവ്യൂ ആണ്"
"ഏത് കമ്പനിയിലാണ്?" ദേശിയുടെ ആകാംഷ.
"ഒരു കമ്പ്യൂട്ടർ കമ്പനിയിലാണ്".
അപ്പോൾ അയാൾ പറഞ്ഞു, അയാൾ ഒരു സിവിൽ എഞ്ചിനീയറിംഗ് ബിരുദമെടുത്ത ആളാണെന്ന്.
പലവിധ വഴികളിലൂടെ വന്നു അവസാനം ഹോട്ടലിലെത്തി.
"ഇതാണ് ഹോട്ടൽ". ഡ്രൈവർ.
ബോർഡിലെ പേരും റോഡിന്റെ പേരും യോജിക്കുന്നില്ല.
അവസാനം വാക്കു തർക്കങ്ങൾ കഴിഞ്ഞപ്പോൾ അയാൾ തോൽവി സമ്മതിച്ചു.
എയർപോർട്ട് അടുത്തുള്ള ഹോട്ടലിൽ എത്താതെ സിറ്റി സെന്റർ അടുത്ത അതേപേരിലുള്ള ഹോട്ടലിൽ അയാൾ എത്തിച്ചു കളഞ്ഞു. നാലിരട്ടി ദൂരം ഓടി. ആവശ്യമില്ലാതെ.
ഉള്ള നല്ലൊരു മൂഡ് കളഞ്ഞു.
ലഗ്ഗേജ് എടുക്കുന്നതിനിടയിൽ,
"ദാ, ഇത് പിടിച്ചോ" ഒരു പ്ളാസ്റ്റിക് സഞ്ചിയിൽ നിന്നും രണ്ട് കാസറ്റുകൾ അയാൾ നീട്ടി.
"ഇത് എന്താണ്?"
"പത്ത് ഢോളർ, ഞാൻ റെക്കോർഡ് ചെയ്ത കാസറ്റാണ്".
"വേണ്ട, താൽപര്യമില്ല," അയാളുടെ സംഗീത സ്വപ്നങ്ങളിൽ ചവിട്ടി മെതിച്ച് ഞാൻ ഹോട്ടൽ റിസപ്ഷനിലേയ്ക്കുള്ള പടികൾ കയറി.
"ഞാനിവിടെ എത്തി"
പ്രതിശ്രുത യെ വിളിച്ചു പറഞ്ഞു.
" ദാ വരുന്നു, ഒരു നാൽപ്പത് മിനിറ്റ് എടുക്കും, വിഷമമില്ലല്ലോ"
ഞാൻ റെഡിയായി.
കാലത്ത് എഴുന്നേറ്റപ്പോൾ തേച്ച പല്ലുകൾ വീണ്ടും ധാരാളം പേസ്റ്റ് എടുത്ത് തേച്ചു.
കിസ് ചെയ്യാൻ നേരത്ത് പ്രശ്നമാവേണ്ട.
ഇട്ടിരുന്ന ഷർട്ടെല്ലാം മാറി ഫ്രഷായി.
മുപ്പത്തിഅഞ്ച് മിനിറ്റ്.
ഫോൺ അടിച്ചു.
"ഞാൻ എത്താറായി. വഴി തെറ്റിയെന്ന് തോന്നി, പക്ഷേ ഹോട്ടൽ എനിക്ക് കാണാം".
"സാരമില്ല, ഞാൻ ഇവിടെ ത്തന്നെ കാണും".
റൂം നമ്പർ പറഞ്ഞു കൊടുത്തു.
ജനലിനടുത്തുള്ള സോഫയിൽ ഇരുന്ന് കനം കുറഞ്ഞ വെളുത്ത കർട്ടനിടയിലൂടെ ഞാൻ താഴോട്ട് നോക്കി. ഞാൻ എട്ടാമത്തെ നിലയിലാണ്. ഹോട്ടലിന്റെ മുന്നിലെ പാർക്കിങ് ലോട്ട് കാണാം.
ചുറ്റുമുള്ള സ്ഥലമൊന്നും കാണാൻ കൊള്ളില്ല. അകലെ എയർപോർട്ട് ടവർ കാണാം. മറ്റു ഭാഗത്ത് അകലെ ചില ഫാക്ടറികൾ. വളരെ ദൂരെ സിറ്റിയുടെ പടുകൂറ്റൻ ബിൽഡിങ്ങുകൾ ചാര നിറത്തിലുള്ള ചക്രവാളത്തിൽ കാണാം.
ഇത്രയുമാണ് എനിക്ക് അവളെപ്പറ്റി അറിയാവുന്നത്.
എന്നെപ്പോലെ ഡിവോഴ്സ് ഫയൽചെയ്ത് അവസാന ഭാഗത്തിലാണ് കക്ഷിയും.
പൂർവ്വ ഭർത്താവ് ഡോക്ടർ ആണ്. ഇപ്പോൾ ഭർത്താവ് കുട്ടികളേയും കൊണ്ട് നാട്ടിൽ പോയിരിയ്ക്കുന്നു.
ഭർത്താവും കുട്ടികളും പഴയ വീട്ടിൽ.
ജോലി ബാങ്കിൽ. ബിരുദധാരിണി.
സ്വന്തമായി രണ്ട് ബെഡ്റൂം എക്സിക്യൂട്ടീവ് ഫ്ളാറ്റ് എടുത്ത് താമസിക്കുന്നു.
നാലു ഭാഷകൾ അറിയാം. ഹിന്ദി, തെലുങ്ക്, ബംഗാളി, ഇംഗ്ലീഷ്.
അപ്പോൾ ഞാൻ കണ്ടു.
ഒരു ക്രീം കളർ ലെക്സസ് പതുക്കെ ഗേറ്റിലൂടെ വരുന്നു. അകത്തുള്ള പാർക്കിങ്ങിൽ തിരിച്ചിടുന്നു.
എന്റെ ഫോൺ ശബ്ദിച്ചു.
എനിക്കറിയാം.
അത് അവളായിരിയ്ക്കും.
"ഞാനിവിടെ എത്തി"
"ഓ ക്കെ, നേരേ വന്നോളൂ"
ലെക്സസിന്റെ ഡ്രൈവർ സൈഡ് ഡോർ തുറന്ന് അവൾ പുറത്ത് വന്നു. ഞാനെന്റെ നിക്കോൺ ക്യാമറ യിൽ സൂം ചെയ്തു നോക്കി. മുഖം വ്യക്തമല്ല.
ഞാൻ അത് എന്തുകൊണ്ട് ചെയ്തു എന്നറിയില്ല.
ഒരു ക്യൂരിയോസിറ്റി ആയിരിയ്ക്കും.
ഏതാനും നിമിഷങ്ങൾക്കുള്ളിൽ മുറിയുടെ വാതിൽ തുറന്ന്, എന്നെ ഹഗ് ചെയ്ത്, മിനിറ്റുകളോളം ചുണ്ടുകൾ കോർക്കാനിരിയ്ക്കുന്ന ആ മുഖം എങ്ങനെ യായിരിയ്ക്കും എന്ന് ഊഹിക്കാവുന്നതാണ്.
എന്നിട്ടും...
എന്റെ മനസ്സ് അവളുടെ ഓരോ കാൽചുവടുകളും കണക്ക് കൂട്ടുന്ന കൊറീയോഗ്രാഫറായി.
എനിക്കറിയാം. ഇപ്പോൾ അവൾ എലിവേറ്ററിന്റെ 'എട്ട്' എന്ന ബട്ടൻ അമർത്തിയിരിയ്ക്കും.
ഇരുപത് സെക്കണ്ടിൽ മുറിക്ക് പുറത്ത് വളകിലുക്കം.
എന്റെ ഹൃദയം പടപടാ മിടിച്ചു.
വിയർത്തു.
വാതിലിലെ ലെൻസിലൂടെ നോക്കി.
അതേ അവളാണ്.
കണ്ണാടിയിൽ എന്റെ മുഖം നോക്കി. മുടി ഒതുക്കി.
പതുക്കെ വാതിൽ തുറന്നു.
പുറത്ത് അപരിചിതമായ മുഖം.
സൂക്ഷിച്ചുനോക്കി.
ഒരുപക്ഷേ എന്നേക്കാളും പ്രായമുണ്ട്. ഫോട്ടോയിൽ കണ്ടതിനേക്കാളും പ്രായമുണ്ട്, ആൾ ഇതു തന്നെയാണ്.
"വരൂ, ഇരിക്കൂ"
എനിക്ക് കയറി ഹഗ് ചെയ്യാനോ കിസ് ചെയ്യാനോ മനസ്സിൽ തോന്നിയില്ല.
അവളുടെ മുഖത്ത് ലേശം കുസൃതിയും പുഞ്ചിരിയും ചേർന്ന ഗൗരവം.
മുറിയിൽ കാൽവിൻ ക്ളൈൻ എറ്റേണിറ്റിയുടെ സൗരഭ്യം.
അവൾ LV എന്ന ഡിസൈൻ ഉള്ള ബാഗ് മേശപ്പുറത്ത് വച്ചു.
എനിക്ക് എതിരേയുള്ള കസേരയിൽ ഇരുന്നു.
മുടി ലേശം ചെമ്പിച്ച ഡൈ ചെയ്തിരിയ്ക്കുന്നു.
വേഷം ജീൻസും ഫുൾസ്ളീവ് ഷർട്ടും.
അതിന്റെ മൂന്നാമത്തെ ബട്ടൺ പൊട്ടുമോ എന്ന് ഞാൻ മുഖത്ത് നോക്കുന്നതിനിടയിൽ ശങ്കിച്ചു.
രാത്രി മുഴുവൻ ശിവരാത്രി ആക്കിയ ഞങ്ങളുടെ സംസാരങ്ങൾ എവിടെപ്പോയി എന്ന് ഞങ്ങൾ തന്നെ അറിഞ്ഞില്ല.
അവൾ എന്നെത്തന്നെ നോക്കി.
ഞാൻ ചിരിച്ചു.
ഇതല്ല ഞാൻ പ്രതീക്ഷിച്ചത്.
പ്രായം, സൗന്ദര്യം, പിന്നെ എന്താണ്?
അറിയില്ല.
ഇവിടെ കെമിസ്ട്രി ഇല്ല.
എവിടേയോ എന്തൊ ശരിയല്ല.
"എന്താണ്? ആർ യൂ ഡിസപ്പോയിന്റഡ്?" അവൾ ചോദിച്ചു.
അവളുടെ കഴുത്തിൽ ഒരു നേർത്ത ചെയിൻ.
കൈകളിൽ പലവിധത്തിൽ സ്വർണ്ണാഭരണങ്ങൾ. അമേരിക്കൻ ജീവിതത്തിൽ കാണാത്ത വിധത്തിൽ.
അപ്പോഴാണ് എന്റെ മുഖം മനസ്സിൽ വന്ന വിചാരങ്ങളുടെ കണ്ണാടിയായി തീർന്നിരിയ്ക്കാം എന്ന് എനിക്ക് ബോധോദയമുണ്ടായത്.
"വാട്ട് എബൗട്ട് യൂ?"
പിന്നെ സാവധാനം ഞാൻ അറിഞ്ഞു.
മനസ്സാണ് ഞങ്ങളെ ചേർക്കേണ്ടത് എന്ന്.
ഇനി രണ്ടു ദിവസം ഞാൻ ഇവിടെയാണ്.
3.
കുറച്ച് നേരം കഴിഞ്ഞു.
പിന്നെ ഇത്രനാളും ഇടമുറിയാതെ സംസാരിച്ചത് ഇവളോടായിരുന്നു.
ഇനി അതിൽ മാറ്റമില്ല. ഇതൊരു ബ്ളൈൻഡ് ഡേറ്റ് ആണെന്ന് മുഴുവനും പറയാനാവില്ല.
രണ്ടു പേരും ജീവിതത്തിൽ മുറിവേറ്റവർ. കുടുംബങ്ങൾ. ഭാഷകൾ മാറിയാലും ജീവിതം ഇന്നാട്ടിലും പ്രവാസികൾക്ക് ഒരുപോലെ.
ഉച്ചകഴിഞ്ഞിരിയ്ക്കുന്നു.
"നമുക്ക് പുറത്ത് പോയി ലഞ്ച് കഴിച്ചാലോ?" ഞാൻ പറഞ്ഞു.
"വേണ്ട, നമുക്ക് രാത്രിയിൽ നേവി പിയറിനടുത്ത് പോകാം. അവിടെ പലവിധ റെസ്റ്റോറൻറുകളുമുണ്ട്" അവൾ പറഞ്ഞു.
"എന്നാൽ നമുക്ക് താഴെയുള്ള റെസ്റ്റോറന്റിൽ പോകാം." എന്തെങ്കിലും ചെറുതായി കഴിക്കാം.
താഴെയുള്ള ബാർ തുറന്നിട്ടുണ്ട്. റെസ്റ്റോറന്റ് വൈകുന്നേരം മാത്രമേ ഉള്ളൂ.
ഒരു വട്ട മേശയും ചുറ്റും രണ്ട് ബാർ സ്റ്റൂളും.
വൈൻ ഓർഡർ ചെയ്തു കുടിച്ചു.
വണ്ടി ഓടിക്കാൻ ഉള്ളത് കൊണ്ട് അധികം കുടിക്കേണ്ട എന്ന് തീരുമാനിച്ചു.
പിന്നീട് സിറ്റിയിൽ പോയി.
ഒടുക്കത്തെ ട്രാഫിക്.
കുറേ ചുറ്റിത്തിരിഞ്ഞ് അവസാനം ഒരിടത്ത് പാർക്കിങ് കിട്ടി.
എല്ലാ റെസ്റ്റോറന്റിലും റിസർവേഷൻ. ഞങ്ങൾ കാത്തിരുന്നു.
അകലെ ഹിബാച്ചി റെസ്റ്റോറന്റിൽ വലിയ തീജ്വാലകൾ ഉയർന്നു. ഉച്ചത്തിലുള്ള മ്യൂസിക്കും.
"വെജിറ്റേറിയൻ ആണോ?"
ഇല്ല, ഞാനെല്ലാം കഴിക്കും. അവൾ പറഞ്ഞു.
അവസാനം ഞങ്ങളുടെ ഊഴമെത്തി. എന്നോട് ഓർഡർ ചെയ്യാൻ പറഞ്ഞു. അവൾക്കും അതെല്ലാം ബോധിച്ചു.
ഭക്ഷണം കുറേ ഉണ്ട്.
വെയിറ്റർ വന്നു,
" എങ്ങനെ യുണ്ട്, ഡിസർട്ട് മെനു ഇതാണ്."
"കൊള്ളാം, പക്ഷേ എനിക്ക് ഫുള്ളായി."
"എനിക്കും" ഞാൻ പറഞ്ഞു.
അവൾ പറഞ്ഞു, "ഐ ഹാവ് ടു ഡു എ പൗഡർ ബ്രേയ്ക്ക്"
"ശരി"
ഞാനിരുന്നു.
ആലോചിച്ചു നോക്കി.
അവളെ തെറ്റ് പറയാൻ കാര്യമില്ല. പ്രൊഫൈൽ ചിത്രം കാണാൻ കൊള്ളാവുന്നതും ലേശം വർഷങ്ങൾക്ക് മുൻപുള്ളതും ആയി പോസ്റ്റ് ചെയ്യുന്നത് സ്വാഭാവികമായും സംഭവിക്കും.
അട്രാക്ഷൻ, അതാണല്ലോ എല്ലാം. എത്ര സുന്ദരി ആയിരുന്നാലും ഒന്നു രണ്ട് വർഷം കഴിഞ്ഞാൽ പ്രായം കാണിക്കും.
അവളാണെങ്കിൽ അത്യധികം മേക്കപ്പും മറ്റും ചെയ്യാതെയാണ് വന്നത്.
മേക്കപ്പ് ചെയ്താൽ കിടുവാകും.
വെയിറ്റർ ബില്ലുമായി വന്നു.
ഞാൻ ക്രെഡിറ്റ് കാർഡ് എടുത്തു കൊടുത്തു.
അവളെ കാണാനില്ല.
ഒരു പക്ഷേ സ്ത്രീകൾ ളുടെ റെസ്റ്റ്റൂമിൽ എന്നും കാണുന്നതുപോലെയുള്ള ലൈനായിരിയ്ക്കും.
സാരമില്ല.
പതിനഞ്ച് ഇരുപത് മിനിറ്റ് കഴിഞ്ഞു.
ആളിനെ കാണാനില്ല.
ഫോൺ ചെയ്താലോ?
ശ്ശെ, അതുവേണ്ട.
ഞാൻ ഇരിക്കപ്പൊറുതിയില്ലാത്ത ആളാണെന്ന് കരുതും.
അവസാനം അവൾ വന്നു.
അവൾ പേഴ്സ് എടുത്ത് ഒരു തിളങ്ങുന്ന അലൂമിനിയം ഫോയിൽ കാണിച്ചു, "ഇത് എന്താണ് എന്നു പറയൂ"
ഞാൻ നോക്കി. രണ്ട് ഗുളികകൾ.
"ഏതോ പ്രൊജസ്റ്റെറോൺ പോലുണ്ട്"
"ഇത് എന്തിനാണ് ഉപയോഗിക്കുന്നത്?"
"എനിക്കറിയില്ല. എന്താണ് ഇപ്പോൾ ഇത് കാണിക്കുന്നത്?"
"അല്ല, ഞാൻ എന്റെ ഭർത്താവിന്റെ പോക്കറ്റിൽ കണ്ടതാണ്. ഇത് ആഫ്ടർ പില്ലാണെന്നാണ് എനിക്ക് തോന്നുന്നത്" അവൾ അമർഷത്തോടെ പറഞ്ഞു.
"അതൊക്കെപ്പോട്ടെ, നമുക്ക് വേറെ എന്തെങ്കിലും സംസാരിക്കാം" ഞാൻ പറഞ്ഞു.
ശരിയാണ്, നമുക്ക് ഹോട്ടലിൽ തിരിച്ചു പോകാം.
ഞാൻ കരുതിയത് എന്നെ ഡ്രോപ്പ് ചെയ്ത് അവൾ തിരിച്ചു പോകുമെന്ന്.
അതുണ്ടായില്ല.
റൂമിലെത്തി.
ആഭരണങ്ങൾ അഴിച്ചു ബാഗിലാക്കി ബാത്ത് റൂമിൽ പോയി അവൾ തിരിച്ചു വന്നു.
ഒരു കമ്മീസോളുമിട്ട് ഡ്യൂവെറ്റ് കവറിനടിയിലേയ്ക്ക് ഊർന്നിറങ്ങുന്നതിനിടയിൽ അവൾ പറഞ്ഞു,
"എനിക്ക് നല്ല ഉറക്കം വരുന്നു, നാളെ സംസാരിക്കാം"
ഞാൻ ഓർത്തു.
പലവിധ ചോദ്യങ്ങൾ
എന്ത് കൊണ്ടാണ് ഭക്ഷണം കഴിച്ചശേഷം അവൾ അപ്രത്യക്ഷമായത്?
ഒരു പക്ഷേ അവൾ വെജിറ്റേറിയൻ ആയിരിക്കാം
ഒരു വിധത്തിൽ എങ്ങനേയോ കഴിച്ച് ടോയ്‌ലറ്റിൽ ശർദ്ദിച്ചുകാണും.
ഇനി ബില്ലു കൊടുക്കാതെ രക്ഷപ്പെടാനുള്ള ശ്രമമായിരുന്നെങ്കിലോ?
ഇല്ല. രണ്ട് കൈയിലും പത്തോളം പവന്റെ ആഭരണങ്ങൾ അണിഞ്ഞ ലെക്സസ് ഓടിക്കുന്ന ഇവൾക്ക് അതിന്റെ ആവശ്യമില്ല.
ഭർത്താവ് ഏതോ സ്ത്രീയോട് ബന്ധം പുലർത്തുന്നുവെന്ന് കണ്ടുപിടിച്ച ഒരു സ്ത്രീയാണിത്.
ഇതുവരേയും മാന്യമായി മാത്രമേ പെരുമാറിയിട്ടുള്ളൂ.
അല്ലെങ്കിൽ ബാത്ത് റൂമിൽ പോയി ലഹരി മരുന്നുകൾ ഉപയോഗിച്ചതാണോ?
ഞാൻ പുതപ്പിനടിയിലെ അവളുടെ കൈത്തണ്ടയിൽ ഞരമ്പുകൾ തലോടി. ഇല്ല.
മഹാപാപം.
ഞാൻ എത്ര ദോഷൈകദൃക്കായിരിയ്ക്കുന്നു.
ഇവൾ ഒരു കുല സ്ത്രീ.
നനുത്ത അടിവസ്ത്രം മാത്രം ധരിച്ച് ഇന്ന് ഈ പുതപ്പിനടിയിൽ എന്നോടൊപ്പം രാത്രി ചിലവിടുന്നു.
ഒരു അന്യനായ പുരുഷന്റെ മാന്യമായ പെരുമാറ്റം പ്രതീക്ഷിച്ച് അവൾ ഒരു കുഞ്ഞിനേപ്പോലെ ഉറങ്ങുന്നു..
അവൾക്ക് സെക്‌സ് ആണ് ആവശ്യമെങ്കിൽ എന്നെ പ്രലോഭിപ്പിക്കാമായിരുന്നു.
ഇത് ഒരു മാതിരി ഗാന്ധിയുടെ പരീക്ഷണമായിപ്പോയി.
4.
അതിരാവിലെ എന്തോ ശബ്ദം കേട്ട് ഉണർന്നു.
ഇന്നലെ കണ്ടത് സ്വപ്നമായിരുന്നു. വെറുതെ.
പിന്നെ മനസ്സിലായി.
ഇല്ല. പുതപ്പിന് അവളുടെ പെർഫ്യൂം മണക്കുന്നു. ഞാൻ ഹോട്ടൽ മുറിയിലാണ്. ഹാങ്ങറിൽ അവളുടെ ജീൻസ്.
ഇത് സ്വപ്നമല്ല.
അവൾ ബാത്ത് റൂമിൽ നിന്നും വന്നു.
"സോറി, ഞാൻ നിങ്ങളുടെ ടൂത്ത് ബ്രഷ് എടുത്തു, വിഷമമില്ലല്ലോ?"
ഇത് ആദ്യമായാണ്. നാൽപത് വർഷത്തിൽ ഞാൻ ആരുമായും ടൂത്ത് ബ്രഷ് പങ്ക് വച്ചിട്ടില്ല. ഇന്ന് അതും സംഭവിച്ചു.
"എനിക്ക് ഇന്നലെ വളരെയധികം ക്ഷീണമായിരുന്നു. ആദ്യമായാണ് ഒരു കുട്ടിയെപ്പോലെ ഉറങ്ങിയത്" അവൾ ഒരു ഹഗ്ഗും കിസ്സും തന്നു.
"മ്മള് ക്ടാങ്ങളെപ്പോലെങ്ങിനെ കെടന്നൊറങ്ങ്യാൽ മത്യോ മോളേ?"
എന്ന് ചോദിക്കാൻ വന്നു.
ഏയ്, ആക്രാന്തം കാണിക്കണ്ട. എത്രയായാലും മ്മക്ക് കിട്ടാനുള്ളതല്ലേ. നിപ്പനടിക്കുന്നതിനേക്കാൾ സാവകാശം നല്ലൊരു ആംബിയൻസിൽ ആസ്വദിച്ചു ആസ്വദിച്ചു അങ്ങനെ...
പിന്നീട് കാപ്പിയുണ്ടാക്കിക്കുടിച്ചു.
"എനിക്ക് ഇന്ന് ബാങ്കിൽ പോകണം. അതുവഴി ഞാൻ വീടും കാണിക്കാം പിന്നെ നമുക്ക് ടൗണും മാളുമൊക്കെ കാണാം. വാട്ട് ഡു യൂ തിങ്ക്?"
"ഞാൻ റെഡി"
അവൾ എന്നേയും കൂട്ടി അവർ താമസിച്ചിരുന്ന പോഷ് നൈബർഹുഡിൽ പോയി.
വീടിന്റെ ഡ്രൈവ് വേയുടെ അകലേയായി നിർത്തി.
എനിക്ക് മനസ്സിലായി.
വീടിന്റെ പുറത്ത് cctv കാണും. ഭർത്താവ് നാട്ടിൽ നിന്നും വന്നാൽ കാറിന്റെ അകത്ത് ഇരിക്കുന്ന എന്നെക്കാണും.
ഇനി വേറേ ആരുടേയോ വീട് ആയിരിയ്കുമോ?
കാറും റെന്റിനെടുക്കാമല്ലോ?
ഞാൻ കാറിനകം ഒന്നുകൂടി നോക്കി. ഡാഷ് ബോർഡിൽ ഗണേശ്. റിയർവ്യൂ മിററിൽ തൂങ്ങിക്കിടക്കുന്ന രുദ്രാക്ഷം. ഡ്രൈവർ സീറ്റിനു പിന്നിൽ ഓടിന്റെ മൂടിപ്പാത്രം.
അവൾ തിരിച്ചു വന്നു.
"ഹസ്ബന്റ് നാട്ടിലാണ്. വീട്ടിൽ ആരും കയറി മോഷണമൊന്നും നടത്തിയിട്ടില്ല എന്ന് നോക്കാനാണ് പോയത്. ഇനി ഞാൻ താമസിക്കുന്ന അപ്പാർട്ട്‌മെന്റിൽ പോകാം"
"ഓ ക്കേ"
വഴിയിൽ വച്ച് അവൾ പറഞ്ഞു, പെട്ടെന്ന് ഫ്ളാറ്റ് കിട്ടാൻ ഉണ്ടായ പ്രയാസങ്ങൾ. ബാങ്കിൽ നിന്നും രണ്ടാഴ്ച വഴുതി വീണ് തണ്ടലു വെൽകം ഉണ്ടായതും.
പിന്നെ അവളുടെ സ്വപ്നങ്ങൾ.
തിരിച്ചു ബോംബേയിലേയ്ക്ക് പോയി അടിച്ച് പൊളിക്കണം.
ഞാൻ അതെല്ലാം കേട്ടിരുന്നു.
"എനിക്കും മക്കളുണ്ട്, ഹൗ ഡു യു ഫീൽ എബൗട്ട് ദാറ്റ്?"
"അതെല്ലാം അറിഞ്ഞതിനുശേഷമല്ലേ നമ്മൾ അടുത്തത്?" അവൾ പറഞ്ഞു.
ശരിയാണ്.
പിന്നെ ഞങ്ങൾ ബാങ്കിൽ പോയി. അവൾക്ക് പരിചയമുള്ള ആളുകൾ. കൗണ്ടറിൽ തിരക്കാണ്. ശനിയാഴ്ച.
" ഞാനൊരു കാര്യം പറഞ്ഞാൽ വിഷമിക്കുമോ? എന്റെ അപ്പാർട്ട്‌മെന്റിൽ റെന്റ് കൊടുക്കണം. ഭർത്താവ് നാട്ടിൽ ആയതുകൊണ്ട് പുള്ളി ട്രാൻസ്ഫർ ചെയ്യാൻ താമസിച്ചു. കാൻ യൂ ഹെൽപ് മീ?"
"എത്ര വേണം?"
"തൗസന്റ് മതി. ചെക്ക് തന്നാൽ ഞാൻ ഡെപ്പോസിറ്റ് ചെയ്യാം"
ഞാൻ എന്റെ കോട്ടിന്റെ പോക്കറ്റിൽ നിന്നും ചെക്ക് എഴുതി. അവളുടെ പേരിൽ.
അടുത്ത ഊഴം അവളുടേതായിരുന്നു.
ബാങ്കിൽ നിന്നും അവളുടെ അപ്പാർട്ട്‌മെന്റിൽ പോയി.
പാർക്കിങ് അകലേയാണ്.
"കാറിൽ ഇരുന്നോളൂ, അയൽക്കാർ ഗോസിപ്പ് പറയാൻ ഇടവരേണ്ട. ഞാൻ പോയി ക്ളോത്ത് എല്ലാം മാറി വരാം"
ഞാൻ കാറിലിരുന്നു.
ഇളംനീല ചായമടിച്ച രണ്ട് നിലയുള്ള വൃത്തിയായി സൂക്ഷിക്കുന്ന അപ്പാർട്ട്‌മെന്റ് കോംപ്ളെക്സിൽ വീക്കെന്റിൽ തിരക്ക് കാണുന്നില്ല.
പതിനഞ്ച് മിനിറ്റ് കഴിഞ്ഞു.
അവൾ തിരിച്ചു വന്നു.
അവൾ ഒരു ആൽബം കയ്യിൽ പിടിച്ചിരുന്നു. അതിൽ ആരുടേയോ വിവാഹ ഫോട്ടോകൾ. അതിൽ അവളുടെ കടുംബത്തിലെ എല്ലാവരേയും പരിചയപ്പെടുത്തി.
മകൾ, മകൻ, ഭർത്താവ്, ബോംബേയിലെ പ്രശസ്തർ. അന്നത്തെ ഹാർട്ട് ത്രോബ് ജാക്കി ഷ്രോഫ്.
ഇനി നമുക്ക് മാളിൽ പോകാം.
പിന്നീട് മാളിൽ കൈകോർത്ത് കറങ്ങി.
സിനിമ കണ്ടു.
അവളുടെ ചോയ്‌സ്.
ഉച്ചയ്ക്ക് ഒരു ഇന്ത്യൻ റെസ്റ്റോറന്റിൽ ലഞ്ച്.
ഞാൻ തന്നെ ബില്ലടച്ചു.
അങ്ങനെ ആ ദിവസവും കഴിഞ്ഞു.
വാതിൽ തുറന്നപ്പോൾ ഉണ്ടായ ഞെട്ടൽ ഞങ്ങൾക്ക് മാറിയിരുന്നു.
തിരിച്ചു എയർപോർട്ടിൽ വിട്ട് അവൾ പോയി.
ലാന്റ് ചെയ്തപ്പോൾ അവളുടെ വോയ്‌സ് മെയിൽ. പ്രണയത്തിന്റെ മധുരം.
വീണ്ടും ജോലികൾ.
ഫോൺ വിളികൾ കുറഞ്ഞു.
പലപ്പോഴും തിരിച്ചു വിളികളും.
ഒരുപക്ഷേ അവൾക്ക് എന്നെ ഇഷ്ടപ്പെട്ടു കാണില്ല.
വല്ലപ്പോഴും വിളികൾ വന്നു.
ആയിടെയ്ക്കാണ് എനിക്ക് ഫെല്ലോഷിപ്പിന് ഇന്റർവ്യൂ വന്നത്.
അവൾ പറഞ്ഞു, "ഇതുവഴി വരുമെങ്കിൽ വിളിക്കണേ, നമുക്ക് കൂടാം".
ഇന്റർവ്യൂ വന്നപ്പോൾ കരുതിക്കൂട്ടി കാർ റെന്റിനെടുത്ത് തിരിച്ചു വരുന്നവഴിയിൽ വിളിച്ചു. വോയ്‌സ് മെയിൽ ഇട്ടു.
" ഞാൻ നാളെ അതുവഴി വരുന്നു, വിളിക്കുക"
പലതവണ വിളികളും വോയ്‌സ് മെയിലും.
അവൾ എവിടേയാണ്?
രണ്ട് ദിവസം കഴിഞ്ഞ് ഞാൻ വീട്ടിൽ തിരിച്ചെത്തി.
അവളുടെ ഫോൺ" ഇതു വഴി വരുന്നുണ്ടോ?"
ഞാൻ പറഞ്ഞു, "വരുന്നുണ്ടായിരുന്നു. ഇപ്പോൾ തിരിച്ചു വന്നു"
"അയ്യോ, ഇനി വരുമ്പോൾ വിളിക്കണേ"
ഇതുവരേയും അവളുടെ ശബ്ദം ഞാൻ പിന്നെ കേട്ടിട്ടില്ല.
വാൽകഷണം:
അനോണികൾ അന്നും ഉണ്ടായിരുന്നു.
രണ്ട് മാസം കഴിഞ്ഞു ഞാൻ എന്റെ പ്രൊഫൈൽ ചിത്രം മാറ്റി ലേശം ഗോട്ടീയുള്ള ഒരെണ്ണം വച്ചു. സ്ഥലം ബെർലിൻ, ജർമ്മനി. ജന്മദേശം ബോംബെ.
ഗസ് വാട്ട്
ഇട്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേയ്ക്കും ഒരു ഇൻട്രോ വന്നു.
(ഞാൻ പ്രതീക്ഷിച്ച മീൻ തന്നെ)
ഓർമ്മയുണ്ട് ആ മുഖം.
പതിനേഴ് വർഷമായി ഈ സംഭവം നടന്നിട്ട്.
ഈ തിരു ശേഷിപ്പുകൾ.
ഗൂഗിൾ ആരേയും ഒളിപ്പിക്കുന്നില്ല.
പ്ളാസ്റ്റിക് കവറിലെ ഉറുദു കാസറ്റുകൾ.
ഒരിക്കൽ കേട്ടു.
താൽപര്യമില്ല.