Translate

Sunday, May 31, 2020

റേഡിയോ കാലങ്ങൾ


ഇന്നലെ പല വ്ളോഗേഴ്സിനേയും(താഴെ പറയാം RJ Maheen) യൂട്യൂബിൽ തലങ്ങും വിലങ്ങും കണ്ട് സമയങ്ങൾ കഴിച്ചു കൂട്ടിയപ്പോഴാണ് അവിചാരിതമായി ഒന്ന് മനസ്സിൽ ഉടക്കിയത്.
റേഡിയോ. എത്രയോ പുരോഗമിച്ചിരിക്കുന്നു, നാട്ടിൽ.
കേരളത്തിൽ താമസിക്കുന്നവർ കേൾക്കുന്ന റേഡിയോ സ്റ്റേഷനുകൾ ഏതൊക്കെ എന്ന് കൃത്യമായി അറിയില്ല. വീട്ടിൽ ഇപ്പോൾ റേഡിയോ ഇല്ല. എഴുപതുകളിൽ ഗൾഫിലേക്ക് പോയ അച്ഛന്റെ സുഹൃത്തും സഹ അദ്ധ്യാപകനും ആയിരുന്ന വ്യക്തി സമ്മാനിച്ച JVC Nivico എന്ന റേഡിയോ കം ടേപ്പ് റെക്കോർഡർ ആയിരുന്നു എനിക്ക് ഓർമ്മയുള്ള ദീർഘകാലത്തെ ട്രാൻസിസ്റ്റർ ബേസ്ഡ് ഗാഡ്ജറ്റ്.
 അതിനു മുൻപ് വീട്ടിലുണ്ടായിരുന്നത് കൊളമ്പോയിൽ(Srilanka)നിന്നും വസുമതി അമ്മായിയുടെ ഭർത്താവ് കൃഷ്ണമ്മാൻ കൊണ്ടു വന്ന പേരോർമ്മയില്ലാത്ത ഒരു വാൾവ് സെറ്റായിരുന്നു. 
വാൾവ് എന്നാൽ വളരേ ചൂടുള്ള, എന്നാൽ കത്തുമ്പോൾ വേനൽക്കാലത്ത് വീട്ടിലെ 220v യ്ക് പകരം 90v  വരുന്ന കാലത്തെ ഫിലമെന്റ് ബൾബുകൾ പോലെയുള്ള കൂളായ കുട്ടപ്പന്മാരായിരുന്നു. 
റേഡിയോ വിന്റെ പിന്നിലെ കാർബോഡ്(ഹാഡ്ബോഡ് എന്നാണ് പറയേണ്ടത് എന്ന് അച്ഛൻ എന്നും പറയുമായിരുന്നു) തുറക്കുക എന്നത് എന്റെ ഒരു ഹോബിയായിരുന്നു. അതിനകത്ത് നോക്കുമ്പോൾ വലിയ ഫാക്ടറി പോലെ യാണ്. പണ്ട് സ്കൂളിൽ നിന്നും ആലുവായിലും കളമശ്ശേരിയിലുമുള്ള ഫാക്ടറികളിൽ സ്കൂളിൽ നിന്നും സന്ദർശനം പതിവായിരുന്നു.(പിന്നെ വിശദമായി പറയാം)
പെരിഞ്ഞനത്ത് അച്ചാച്ഛന്റെ കൊപ്രക്കളത്തിനോട് ചേർന്ന വർക്ക്ഷോപ്പിലെ പഴയ എഞ്ചിൻ സ്പെയർ പാർട്ടുകൾ വച്ചിരുന്ന തട്ടുകളിൽ പല വിധത്തിലുമുള്ള വാൾവുകളുമുണ്ടായിരുന്നു. അക്കാലത്ത് മുതിർന്നവരാരും ഇതെങ്ങനെയാണ് റേഡിയോ സ്റ്റേഷനിൽ നിന്നും നമ്മുടെ വീട്ടിലേക്ക് പാട്ടുകളും ന്യൂസും എത്തിക്കുന്നത് എന്ന് കുട്ടികളോട് പറഞ്ഞുകൊടുക്കാറില്ലായിരുന്നു.
ട്യൂണിങ്ങ് നോബ് തിരിച്ചാൽ ഒരു മഞ്ഞവെളിച്ചത്തിൽ പ്രകാശിക്കുന്ന ഡയലിന് പിന്നിലെ സൂചി എങ്ങനെ സഞ്ചരിക്കും എന്ന് ഞാൻ മനസ്സിലാക്കി. പിന്നീട് ആ അറിവു വച്ച് സിഗരറ്റ് പാക്കറ്റും കോൾഗേറ്റിന്റെ അടപ്പുകളുമുപയോഗിച്ച് ആഴ്ചകളോളം റേഡിയോ ഉണ്ടാക്കി കളിക്കുകയും ചെയ്തിരുന്നു(അണ്ടിക്കളിയും പമ്പരംകൊത്തലും ബ്ളോഗ് നേരത്തേ എഴുതിയിരുന്നല്ലോ)
സ്വന്തമായി വർക്ക് ചെയ്യുന്ന റേഡിയോ ഉണ്ടാക്കാൻ കോളേജിൽ എത്തിയിട്ടാണ് സാധിച്ചത്. അന്ന് ആലുവായിൽ അമ്മായിയുടെ വീട്ടിൽ പോവുക എന്നത് എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമായിരുന്നു. കോട്ടപ്പുറം പാലം വന്നിട്ടില്ലാത്തതുകൊണ്ട് ചാലക്കുടി വഴിപോകുന്ന ഉച്ചതിരിഞ്ഞുള്ള ട്രാൻസ്‌പോർട്ട് ബസ്സോ അല്ലെങ്കിൽ കുര്യാപ്പിള്ളി വഴിയുള്ള ഫെറികടന്നുള്ള ദുരിതം പിടിച്ച യാത്രയോ ആയിരുന്നു അന്നൊക്കെ. ആലുവായിൽ ബാങ്ക് കവല അന്നൊക്കെ ഓടുമേഞ്ഞ ഒരുവരി കടകളായിരുന്നു. അന്ന് സമയംകിട്ടുമ്പോൾ കൃഷ്ണമ്മാനും സുഹൃത്തും നടത്തുന്ന വയർലെസ് സർവീസസ് എന്ന പേരിലുള്ള റേഡിയോ കടയിൽ പോകുമായിരുന്നു. അന്ന് ആ കടയിൽ പോയാൽ ഉപയോഗിച്ച് മാറ്റിയിട്ട ട്രാൻസിസ്റ്റർ, ഡയോഡ്, കപ്പാസിറ്റർ, ഇത്തിരിപ്പോളമുള്ള റെസിസ്റ്ററുകളും 

വർഗീസിനെ കാണുന്നത് പിന്നീടായിരുന്നു.
അതിനുമുൻപ് ഉണ്ടായിരുന്ന കാര്യം പറയാം.
 തൃപ്രയാർ ശ്രീരാമ തിയ്യേറ്ററിലേയ്ക് കടക്കുന്നതിനടുത്തായുണ്ടായിരുന്ന രണ്ട് നില കെട്ടിടത്തിന്റെ മേലേ ഫിറ്റ് വെൽ ടൈലേഴ്സ് എന്ന തിരക്കേറിയ ടൈലറിങ്ങ് ഷോപ്പ് കഴിഞ്ഞു ഒരു ഇരുണ്ട മുറിയിൽ എന്റെ ആദ്യത്തെ ഇലക്ട്രോണിക് അദ്ധ്യാപകനെ ഞാൻ കണ്ടുപിടിച്ചു. അന്നൊക്കെ ടൈലറിങ്ങ് പഠിക്കാൻ പോയാൽ ബട്ടൺ ഹോൾ തയ്കാൻ പഠിപ്പിക്കുന്ന പോലേയുള്ള പരിഗണനപോലും പുള്ളി എനിക്ക് തന്നില്ല. മൂന്നാലു ദിവസം കഴിഞ്ഞപ്പോളാണ് പുള്ളീ എന്റെ വീട് എവിടെയാണ് എന്ന് തിരക്കുന്നത്. അതും ഏന്റെ പേരെന്താണ് എന്ന ചോദ്യവും ഒഴിച്ചാൽ വേറെ കമ്മ്യൂണിക്കേഷൻ ഒന്നുമില്ലാത്ത എലിപ്പത്തായത്തിന്റെ സീൻ പോലെയായപ്പോളാണ് ഇത് ശരിയല്ല എന്നകാര്യം എനിക്ക് മനസ്സിലാകുന്നത്. പിന്നീട് സ്വന്തമായി പലതും ചെയ്തു പഠിക്കാൻ ശ്രമിച്ചു. അന്ന് കത്തിപ്പോയ കാളിങ്ങ് ബെല്ലിന്റെയും ഇസ്തിരിപ്പെട്ടിയുടേയും ഫാനിന്റേയും  ആന്തരായവങ്ങൾ, കുറേത്തരം വയറുകൾ, എന്നിവ നിറഞ്ഞു സ്വീകരണമുറി കം റീഡിംഗ് റൂം ആയ മുൻവശത്തെ മുറി എന്റെ വർക്ഷോപ്പായി മാറി. എന്റെ ഇലക്ട്രോണിക് ഇൻവെന്ററിയെ അച്ഛൻ "അവന്റെ കിഷ്കണാന്തങ്ങൾ" എന്ന ഡെറോഗേറ്ററി ടേമിലാണ് പറഞ്ഞിരുന്നത്. പുള്ളിയുടെ ചാരുകസേരയിൽ ഉള്ള ഉറക്കത്തേയോ സ്കൂൾ ജോലികളേയോ ഭംഗം വരുത്തിയില്ലെങ്കിൽ അതിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. പിന്നീട് ഹൈസ്‌കൂൾ ഫിസിക്സിൽ പഠിച്ച ഇലക്ട്രോണിക് വിവരം വച്ചു ട്രാൻസ്ഫോർമർ മുതലായവ ഉണ്ടാക്കി വീട്ടിലെ ഫ്യൂസ് അടിച്ച് പോവുക, ഷോക്ക് കിട്ടുക എന്നീ സംഭവങ്ങൾ ഉണ്ടായിരുന്നു.
അന്ന് തൃശ്ശൂർ പോയി ഒറ്റ ഡയോഡും RF കോയിലും ഇയർഫോണും ചേർത്ത് സ്വന്തമായി റേഡിയോ ഉണ്ടാക്കി മുറ്റത്തെ നെല്ലിമരത്തിലേയ്ക്ക് ആന്റെന കെട്ടി.
ആ കിരുകിരുക്കം മാറി തൃശ്ശൂർ നിലയത്തിലെ മൃദംഗക്കച്ചേരി കേട്ടത് എന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു.
വർഗീസിനെപ്പറ്റി പറഞ്ഞല്ലോ.
വർഗീസ് കുഴിക്കൽകടവിനടുത്ത് ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. ഞങ്ങൾ തീയേറ്റർ തുടങ്ങിയപ്പോൾ (ചിത്രാമൂവീസ് ബ്ളോഗ്)ആംപ്ളിഫയർ/സൗണ്ട് സിസ്റ്റത്തിൽ പ്രശ്നമുണ്ടായാൽ എറണാകുളം ചിറ്റൂർ റോഡിലെ ഫോട്ടോഫോൺ കമ്പനിയിൽ വിവരമറിയിച്ച് അവിടേനിന്നും സൗണ്ട് എഞ്ചിനീയർ വന്നു നോക്കിയാലേ ശരിയാക്കാൻ പറ്റുമായിരുന്നുള്ളൂ. അതുകൊണ്ട് പിന്നീട് ഇതിനൊരു പോംവഴിയായി ഓപ്പറേറ്റർ വർഗീസേട്ടൻ പറഞ്ഞിട്ടാണ്  വീട്ടിൽ പോയി റേഡിയോ ജീനിയസ്സായ വർഗീസിനെ നേരിട്ട് കണ്ട് ഞാനുമായി പരിചയപ്പെടുന്നത്. വർഗീസ് തന്റെ കൊച്ചു വീട്ടിലെ എല്ലായിടത്തും പുതിയതും പഴയതുമായ മ്യൂസിക് സിസ്റ്റങ്ങൾ മുതൽ ഇലക്ട്രിക് മോട്ടോറുകൾ നഴ്സറിപോലെ നിറച്ച് പഠനത്തേക്കാൾ ഇലക്ട്രോണിക് റിപ്പയറിങ്ങിന് പ്രാധാന്യം കൊടുത്ത വ്യക്തിയിയിരുന്നു. MIT യിലോ മറ്റൊ എത്തിപ്പെടേണ്ട ജീനിയസ്സായിരുന്നു പുള്ളി. എന്റെ എലിപ്പത്തായം ഗുരുവിനേക്കാൾ പലതും പറഞ്ഞുതന്നത് വർഗീസ് ആയിരുന്നു.
അങ്ങനെ സമപ്രായക്കാരായ ഞങ്ങൾ വളരെയധികം സമയം അയാളുടെ വീട്ടിൽ കഴിച്ചുകൂട്ടി. ആ ബന്ധം പിന്നീട് ഞാൻ കോളേജിൽ പോകുന്നതുവരെ നിലനിന്നു.

തൃശ്ശൂർ നിലയത്തിലെ ടവർ രാമവർമ്മ പുരത്തുകൂടി പോവുമ്പോൾ കാണാമായിരുന്നു.
കാലത്ത് സ്കൂളിൽ പോകാൻ തയ്യാറെടുക്കുമ്പോളുള്ള ലളിതസംഗീത പാഠങ്ങളും സംസ്കൃത വാർത്തകളും എന്റെ മനസ്സിൽ പതിഞ്ഞിരിക്കുന്നത് കാലത്തെ ബ്രേക്ക് ഫാസ്റ്റ് വിഭവങ്ങളുടെ രുചിയുടെ അടുത്ത തട്ടുകളിലാണ്. അതുപോലെ ഉച്ചക്കുള്ള വാർത്ത തുടങ്ങുന്നതിന് മുൻപ് സ്റ്റേഷൻ ലിങ്ക് ചെയ്യുന്നതിനു മുൻപുള്ള ഒരുതരം മ്യൂസിക് മനസ്സിൽ ഭീതിയും ജനിപ്പിച്ചിരുന്നു. അതിനൊരു കാര്യമുണ്ട്. ആറാംക്ളാസ്സ് മുതൽ സ്കൂളിലെ പുതിയ കെട്ടിട നിർമാണം തുടങ്ങിയപ്പോൾ ക്ളാസ് നടത്താൻ സ്ഥലമില്ലാതായി. അഞ്ച് മുതൽ എട്ടുവരെ ഞങ്ങൾക്ക് ക്ളാസ് ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ്‌ ആയി മാറി. ഉച്ചയ്ക്ക് റേഡിയോ പ്രക്ഷേപണം കേട്ടു തുടങ്ങിയാൽ സ്കൂളിൽ പോകാൻ വൈകി എന്നാണ് അർത്ഥം. അതുകൊണ്ട് തന്നെ അമിഗ്ഡലയിൽ ഇന്നും ഭീതിയാണ്. തൃശ്ശൂർ നിലയത്തിൽ കാലുകുത്തുന്നത് എന്റെ സഹമുറിയനും ഗഡിയുമായ മോഹൻ ഒരു കവിത ചൊല്ലാനൊ മറ്റോ ധൈര്യത്തിന് കൂട്ടിനുവിളിച്ച് ചെല്ലുമ്പോൾ ആണ്.
പിന്നീട് ഒരു റേഡിയോ സ്റ്റേഷനിൽ പോകുന്നത് അമേരിക്കയിൽ വച്ചാണ്. ഒരു FM സ്റ്റേഷനിൽ കാലത്ത് പല ആളുകളും പല വിഷയങ്ങളേയും പറ്റി അഞ്ച് മിനിറ്റിൽ ഇന്റർവ്യൂ പോലേയുള്ള ഒന്ന്. അത് വലിയ പ്രശ്നം ഉണ്ടാക്കിയില്ല. ലൈവ് ആയതുകൊണ്ട് ചെറിയ സ്റ്റാർട്ടിങ്ങ് ട്രബിൾ ഉണ്ടായിരുന്നുവെന്നൊഴിച്ചാൽ.
ആദ്യം പറഞ്ഞുവന്ന വ്ളോഗേഴ്സിനെപ്പറ്റി പറഞ്ഞത് പറയാം.
തിരുവനന്തപുരം മാതൃഭൂമി ഓഫീസിൽ പോകുന്നത് ഹൗസ് സർജൻസ് സമരത്തെപ്പറ്റി(ശമ്പളം കിട്ടാത്തതിനാൽ) ന്യൂസ് കൊടുക്കാനായിരുന്നു. 1988ൽ ആയിരുന്നു. അന്ന് അതൊരു പലവിധ കൊച്ചുകൊച്ചു വീടുകളായിരുന്നു.
ഇന്നത് വലിയ കെട്ടിടവും Club FM ന്റെ ആസ്ഥാനവുമാണ്.
RJ Maheen നല്ലൊരു അടിപൊളി കക്ഷിയാണ്.
പുളളിയുടെ machanz vlog ഉം തരക്കേടില്ലാത്ത ഒന്നാണ്.
നാട്ടിലെ ടിവി ആയാലും റേഡിയോ ആയാലും പരസ്യം നിറഞ്ഞ അവിയലാണ്. കേട്ടിരിക്കാൻ ക്ഷമയില്ല.
ഞാനിവിടെ സ്ഥിരം കേൾക്കുന്നത് NPR ആണ്. അമേരിക്കയിൽ സത്യസന്ധമായി പരസ്യങ്ങളുടെ ശല്യമില്ലാതെ കേൾക്കാൻ പറ്റുന്ന ഒരേ ഒരു സ്റ്റേഷൻ.
എന്റെ ബക്കറ്റ് ലിസ്റ്റിൽ എന്നോ ഉണ്ടായിരുന്ന വെട്ടിക്കളഞ്ഞ ഒന്ന്,
റേഡിയോ.

Sunday, May 24, 2020

പഠാണിക്കഥകൾ

പഠാണിക്കഥകൾ
1. ബച്ചോം കാ ദക്തർ

രാവിലെ ഹംദാൻ സ്ട്രീറ്റിൽ തിരക്കില്ലാത്ത സമയം. മെഡിക്കൽ അസിസ്റ്റന്റ്," ഒരു പഠാൻ ഭായ് വന്നിട്ടുണ്ട്. ചിൽഡ്രൻസ് ഡോക്ടറെ കാണണം എന്ന് പറഞ്ഞു ചീട്ടെടുത്തിട്ടുണ്ട്. കുട്ടിയെ കൊണ്ടുവന്നിട്ടില്ല."
"സാരമില്ല, വന്നോളാൻ പറയൂ"
മെഡിക്കൽ അസിസ്റ്റന്റ് മുറി ഹിന്ദിയിലും ഉറുദുവിലും ചോദിച്ച് മലയാളത്തിലേയ്ക്ക് വിവർത്തനം
"എന്താണ് കുട്ടിക്ക്?"
"കുട്ടി യില്ല"
"അത് സാരമില്ല, പറഞ്ഞോളൂ കുട്ടിയ്ക്ക് എന്താണ് കുഴപ്പം?"
"കുട്ടിയില്ല, അതാണ്"
"ങേ...എന്താണ് ഈ ഗഡി പറയുന്നത്?"
"സാർ കുട്ടികളുടെ സ്പെഷ്യലിസ്റ്റല്ലേ, അതാണ് ബോർഡിൽ കണ്ടത്‌, മ്മടെ കൂട്ടത്തിലുള്ളവർ പറഞ്ഞു, ഇവിടെ കാണിച്ചാൽ മതി ശരിയാക്കുമെന്ന്"
"അതേ, നിങ്ങൾ നിങ്ങളുടെ കുട്ടിയുടെ രോഗ വിവരം പറയൂ"
"എനിക്ക് കുട്ടികളില്ല"
"ആരുടെ കുട്ടികളുടെ കാര്യമാണ് പറയാൻ വന്നത്?"
"നമ്മുടെ കാര്യം"
പറഞ്ഞു വന്നപ്പോൾ പഠാൺ ഭായ് നാട്ടിൽ പോയിട്ട് രണ്ട് വർഷമായി. കുട്ടികളില്ല.
പ്രതീക്ഷയോടെ ചിൽഡ്രൻസ് സ്പെഷലിസ്റ്റിനെ കാണാൻ വന്നതാണ്.
ഞങ്ങൾ പ്ളിങ്ങസ്യ



2. താക്കത്ത് കാ ദവാ

ഇരുട്ടിയനേരം.
ഇന്ന് അത്യാഹിത ഡ്യൂട്ടിയാണ്.
ക്ളിനിക്കിലെ ജോലി കഴിഞ്ഞു. സപ്പർ കഴിക്കണം.
ഫ്ളാറ്റിനടുത്ത സജീവേട്ടന്റെ റെസ്റ്റോറന്റ് തിരക്കിലാണ്. പുറത്ത് ഷവർമ്മ അരിയുന്ന പയ്യനോട് സംസാരിച്ചു നിൽക്കുന്ന പുരുഷാരം. ഇമ്മിഗ്രേഷൻ വണ്ടി വന്ന് നാട്ടുകാരെ പലരേയും പിടിച്ചു കൊണ്ടുപോയത്രേ.
ഫുട്പാത്തിലെ മലയാളം പത്രവും വാരികകളും വിൽക്കുന്ന വലപ്പാട് സ്വദേശി അതുകൊണ്ട് ഇന്ന് ഒളിവിലാണ്.
ഇന്നത്തെ സ്പെഷ്യൽ(എന്നത്തേയും) പൊറോട്ടയും ചിക്കനും കഴിച്ച നേരത്താണ് ക്ളിനിക്കിലേക്ക് ചെല്ലാൻ വിളിവന്നത്.
അഹല്യ അന്ന് വലിയ ആശുപത്രിയായിട്ടില്ല. ന്യൂ മെഡിക്കൽ സെന്ററിന്റെ വലുപ്പവും പേരുമില്ല. ഫാർമസിയുടെ പിന്നിലെ ലിഫ്റ്റ് കയറി.
ക്ളിനിക്ക് നിറയെ പഠാണികൾ.
ചതിച്ചോ ഭഗവാനേ!
വല്ല ഹാർട്ട്‌ അറ്റാക്കുമാണോ?
കഴിഞ്ഞ ആഴ്ച സുഹൃത്തായ ഫിസിഷ്യന്റെ ചീട്ടെടുത്തിട്ട് പുറത്ത് കാത്തിരിക്കേ ഒരാൾ വടിയായി. അവസാനം പോലീസും മറ്റും വന്നു. അറബാബ് തന്റെ പിടി ഉപയോഗിച്ച് പുള്ളിക്കാരനെ ജാമ്യത്തിൽ ഇറക്കിക്കൊണ്ടുവന്നു എന്ന് മാത്രം. പല പത്താക്ക(ലേബർ കാർഡ്) ഇല്ലാത്ത ആളുകളും മഫ്റക്ക് ഹോസ്പിറ്റലിൽ പോകാൻ മടിക്കും. ചത്തുപോയാലും അഴി എണ്ണണ്ടല്ലോ എന്ന് കരുതി.
അതുകൊണ്ട് തന്നെയാണ് ഇതുപോലുള്ള പോളിക്ളിനിക്കുകളും പിടിച്ച് നിൽക്കുന്നത്‌.
തിങ്ങി നിറഞ്ഞ റിസപ്ഷനിൽ മുഷിഞ്ഞ വേഷങ്ങൾക്ക് ഇടയിലൂടെ പണ്ട് കുളത്തിൽ കുളിക്കുമ്പോൾ ചണ്ടികളുടെ ഉള്ളിലൂടെ മുങ്ങാം കുഴിയിട്ട് നൂർന്ന് മോട്ടോറിന്റെ ഫുട്ട് വാൾവിനടുത്ത് ഉയരുന്നതുപോലെ ഇടുങ്ങിയ കാഷ്വാലിറ്റി എന്ന് ഇംഗ്ലീഷ്, അറബിക് ലിപികളിൽ ബോർഡ് വച്ച 4×8 മീറ്റർ മുറിയിലെ കറങ്ങാത്ത കസേരയിൽ എന്നെ പ്രതിഷ്ഠിച്ചു.
മേശയ്ക്കത്തുനിന്നും സ്റ്റെതസ്കോപ്പും
ജാഢയും കഴുത്തിൽ ഇട്ടു മുന്നോട്ടു നോക്കി.
നേരെയുള്ള മുഖം
ഒരു വടിയിൽ രണ്ടു കൈകളും ഊന്നി ദുർവാസാവും അമരീഷ് പുരിയും ബിൻലാദനും മോർഫുചെയ്ത രൂപം. എന്നെത്തന്നെ തുറിച്ചു നോക്കുകയായിരുന്നു.
ബാക്കിയുള്ള പതിനാലോളം യുവാക്കളും തടിമാടൻ മധ്യവയസ്കരും ചുറ്റിലും. ടാക്സി കളിൽ ഡാഷ് ബോർഡിൽ അലങ്കരിച്ച കുടുംബചിത്രങ്ങളിൽ കാണുന്ന AK47 മാത്രമില്ല.
ഹാവൂ.
"സലാമലേയ്ക്കും"
"ക്യാ തക്ലീഫ്?"
കഴിഞ്ഞു, ഇനി പറയാൻ പോക്കറ്റിൽ വാക്കുകൾ ഒന്നുമില്ല എന്ന് ഭീകരനെ അറിയിക്കേണ്ട.
മെഡിക്കൽ അസിസ്റ്റന്റിന് നേരേ നോക്കി, "എന്തൂട്ടാ ഇയാക്ക്?"
" പനിയാണെന്നാണ് ചീട്ടെഴുതിച്ചപ്പൊ പറഞ്ഞത്"
"എപ്പോൾ തുടങ്ങി"
"ഭായിജാൻ, കബ് ശുരൂ ഹുവാ?"
പിന്നെ പുള്ളിയും മെഡിക്കൽ അസിസ്റ്റന്റ് പുള്ളി എന്നീതോതിൽ കുറച്ചു നേരം.
അവസാനം
"താക്കത് കാ ദവാ ഹേ ആപ്പ് കേ പാസ്?"
"ത് എന്തൂട്ടാ ഉണ്ണികൃഷ്ണാ?"
"അത് ഗ്ളൂക്കോസിൽ ബി കോംപ്ലക്‌സ് ഇട്ട് ഡ്രിപ്പ് കേറ്റണംന്നാണ് പറയുന്നത്"
"അത് നിനക്കെങ്ങനെ മനസ്സിലായി, ഞാൻ തീരുമാനിക്കാം."
ദുർ-അമരീഷ്-ലാദന് മലയാളമറിയില്ലെങ്കിലും തൃശ്ശൂർ ഭാഷ മനസ്സിലായി.
പുള്ളിയുടെ പേശികളൊക്കെ വലിഞ്ഞു മുറുകി, കമണ്ധലുവിൽ പിടിച്ച കൈമുഷ്ടിയായി ചുരുളുന്നതും ഞാൻ കണ്ടു.
" ഇയാളോട് ടേബിളിൽ കയറിക്കെടുക്കാൻ പറയൂ"
"ലൈഡ് ജാവോ ഭായ്"
പുള്ളി പൊടിക്ക് സമ്മതമല്ല.
"മരീജ് കോ ചെക്ക് കർനാ സരൂരത്ത് ഹേ"
എവിടെയോ കേട്ട വാചകം അടിച്ച് പൊളിച്ചു.
അന്നേരം,
"ഇഥർ ആവോ, " പെട്ടെന്ന് ക്ളിനിക്കിലെ തറയിൽ 22 ഗേജ് കാനുല വീണാൽ കേൾക്കാൻ പാകം നിശ്ശബ്ദത.
അപ്പോൾ തിരക്കിലൂടെ ഗലീലി കടലിലൂടെ ജീസസ് വരുന്നതുപോലെ ആ ശുഷ്കശരീരനും അഗാതശ്മശ്രുവും ആയ രൂപം പതുക്കെ തലയുയർത്താതെ പൂരത്തിന് റൗണ്ടിൽ നിന്ന് ഇന്ത്യൻ കോഫീഹൗസിലേയ്ക് കയറുന്നതുപോലെ അകത്തേക്ക് വന്നു.
കക്ഷിക്ക്‌ പനിയാണ്.
പാരാസറ്റാമോൾ കൊടുക്കാം.
"ടീക്കാ ദേനാ. മലേരീയാ ഹേ"
അന്നാണെങ്കിൽ തിരുവനന്തപുരത്ത് സെറിബ്രൽ മലേരിയ ഉണ്ടായീരുന്ന ഒരു പേഷ്യന്റ് മാത്രമേ എന്റെ അനുഭവത്തിൽ ചികിത്സിച്ച പരിചയമുള്ളൂ.
"ഡോക്ടറേ എസ്പീജിക് ഇൻജക്ഷനുണ്ട് അതെടുക്കട്ടേ.." ചിക്കൻ സിക്സ്റ്റി ഫൈവ് രണ്ട് പ്ളേറ്റ് എടുക്കട്ടേ എന്ന ടോണിൽ ഉണ്ണികൃഷ്ണൻ.
അപ്പോഴേയ്ക്കും സ്റ്റീലിന്റെ സ്റ്റാന്റിൽ പൂരത്തിന്റെ കൊടിക്കൂറ പോലെ 'താക്കത്ത് കാ ദവാ' യും ഡ്രിപ്പ് സെറ്റും ഉയരുന്നതു കണ്ട് ജനങ്ങൾ ഒരാശ്വാസ നിശ്വാസം വിട്ടു.
രണ്ടു മിനിറ്റിനകം സെക്കന്റ് ഷോകഴിഞ്ഞ തീയ്യേറ്ററിന്റെ തെക്ക വശംപോലെ ആളൊഴിഞ്ഞ് നിശ്ശബ്ദമായ ഹാൾ.
"ഡോക്ടറേ പഠാണികൾ വളരേ സന്തോഷത്തോടെ യാണ് പോയത്. ഒരുസെക്കണ്ടുകൊണ്ട് രോഗം മനസ്സിലായി താക്കത്ത് കാ ദവാ കൊടുത്തില്ലേ"
അതേ കൊടും ഭീകരനാണു ഞാൻ.
ഞാൻ ഗബ്ബാർ സിങ്ങിന്റെ ചിരി ചിരിച്ചു.



3. ഖാംസീ ക്കാ നിപ്പൻ

പണ്ട് തന്നെ പത്താംക്ലാസ് കഴിഞ്ഞപ്പോൾ ഹിന്ദി പഠനം നിർത്തി. സിനിമയും ദൂരദർശനും കണ്ട് അത്യാവശ്യം മനസ്സിലാകുമെന്നല്ലാതെ അസുഖവിവരം ചോദിച്ചു മനസ്സിലാക്കാനുള്ള വകതിരിവ് ഇല്ലാത്ത കാലത്താണ് അബുദാബിയിലെത്തുന്നത്.
അഹല്യയിലെ മൾട്ടിപർപ്പസ് ജോലിയെടുക്കുന്ന നാട്ടിലെ പത്താംക്ളാസ്സും ഗുസ്തിയും കഴിഞ്ഞു വന്ന നാട്ടുകാരായ പിള്ളേര് പഠാണികളോട് സംസാരിക്കുന്നതുകേട്ട് അന്തം വിട്ടു നിന്നു. പിന്നീട് താക്കത്ത്, ദവാ, തക്രീബൻ, ഇലാജ്, ഗോലീ പീനാ, ബീമാരീ, പരീശാൻ മുതലായവ പല പെർമ്യൂട്ടേഷനിലും  കോംബിനേഷനിലും ഇടക്കിടെ ഉപയോഗിക്കാനുള്ള ചങ്കൂറ്റം ഉണ്ടായി വന്നു. അന്നും ഇന്നും ഹിന്ദി അവസാനിക്കുന്നത് എവിടെ, ഉർദു തുടങ്ങുന്നത് എവിടെ എന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. പഠാണികൾ സംസാരിക്കുന്നത് ഉർദു അല്ല എന്നറിഞ്ഞതും വളരെക്കാലം കഴിഞ്ഞാണ്.
അൽ അയിനിൽ നിന്നും അബുദാബി യിൽ നിന്നും ദുബായ് വരെ പലപ്പോഴും പഠാണികളുടെ ടാക്സിയിൽ തള്ളിപ്പിടിച്ച് പോകുമ്പോഴും അഞ്ചാറു വാചകങ്ങൾ മാത്രം ഹിന്ദിയിൽ പറഞ്ഞു രക്ഷപ്പെട്ടു.
ഒരുദിവസം രണ്ട് പഠാണികൾ കയറിവന്നു, ചുമയാണ് പ്രശ്നം. ടിക്കറ്റ് എടുത്ത് എന്തായാലും പൈസ കളഞ്ഞ പുള്ളിക്കാരന് സാംപിളെന്തെങ്കിലും കൊടുക്കാമെന്ന് കരുതി തപ്പിയപ്പോൾ കോറിസിഡിൻ കാപ്സ്യൂൾ ഇരിപ്പുള്ളത് കൊടുത്തു.
"യേ ഖാംസി ക്കാ ?"
"യെസ് യെസ് ഖാംസിക്കാ"
"അച്ചാ ഹേ?"
"ബഹൂത്ത് അച്ചാ ദവാ"
പഠാണി ബായ് എന്നെ നോക്കി "താനെവിടുത്തുകാരനാടോ" എന്ന നോട്ടം.
പിന്നെ മിണ്ടാതെ അതും വാങ്ങി പോക്കറ്റിലിട്ട് പുറത്ത് റിസപ്ഷനിൽ പോയി.
നിമിഷങ്ങൾ കഴിഞ്ഞു മെഡിക്കൽ അസിസ്റ്റന്റ്
" പഠാണികൾക്ക് കാപ്സ്യൂൾ വേണ്ടെന്ന്, ദവാ വേണം. കിട്ടാതെ പോവില്ല"
"അതിന്?"
"പുറത്ത് നിന്ന് വാങ്ങാൻ പ്രശ്നമില്ല, കഫ് സിറപ്പെഴുതി ക്കൊടുത്താൽ മതി"
മനസ്സിൽ തോന്നിയതെന്തോ എഴുതി.
"റോബിട്ടസിൻ സീഎഫ്"
" ദാ ഇത് ഒരു ടീസ്പൂൺ മൂന്നു നേരം"
അതും വാങ്ങി ഗഡികൾ ഇറങ്ങിപ്പോയി.
താഴേയാണ് ഫാർമസി. പതിനൊന്ന് മണിയായി. കാലത്ത് കാര്യമായ തിരക്കില്ല. മെഡിക്കൽ കോളേജിൽ നിന്നും ലീവെടുത്തു വന്ന മാഡത്തിന്  കുറച്ച് രോഗികളുണ്ട്.
ഞാൻ ഹാളിലെ പുറകുവശത്തെ ബ്ളൈൻടഡ്സ് ഉയർത്തി പുറത്ത് കാഴ്ചകൾ കാണാൻ തരത്തിൽ സെറ്റ് ചെയ്തു വച്ചു.
ഉച്ചവരെ സമയം കളയണം.
തിരക്ക് നാലു മുതൽ  ഒമ്പതുവരേയാണ്.
താഴെ ഫാർമസിയിൽ നിന്നും രണ്ടു പഠാണികൾ പുറത്ത് വന്നു. പൈജാമയുടെ പോക്കറ്റിൽ നിന്നും ഫാർമസിയുടെ വെളുത്ത കവറെടുത്ത് അതിലെ കുപ്പി ഒറ്റത്തിരിക്ക് മൂടിതുറന്ന് ഒരു കൈയ്യിൽ.
പിന്നീട് അത് വായിലേക്ക് ഗൾ..ഗൾ ഒഴിച്ച് രണ്ട് ഗഡികളും കൂളായി നടന്നു പോയി.


4. ക്വാബ്സ് കാ 'പുട്ട്'

അറബാബിന്റെ ബിസിനസ് മൈന്റ് എന്ന് പറയുന്നത് കോഴിക്കോട് മെഡിക്കൽ കോളേജിൽ പുള്ളി പഠിച്ചുണ്ടാക്കിയതല്ല. പൂർവ്വികർ നൽകിയ ജീനുമല്ല. കാരണം, പുള്ളിയുടെ അബുദാബിയിലെ ആദ്യ സംരംഭം എല്ലാവരും ചെയ്യുന്നപോലെ ആരുടേയെങ്കിലും ക്ളിനിക്കിൽ തുടങ്ങി, പതുക്കെ പ്രാക്ടീസ് വലുതായി വരുമ്പോൾ, ഒരു കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിൽ സ്വന്തമായി തുടങ്ങി പിന്നീട് തിരക്കാവുമ്പോൾ വിപുലീകരിക്കുക എന്നതായിരുന്നു.
അന്നും നാട്ടുകാരും ഇതേ ഫീൽഡിൽ 'ബിസിനസ്' .നടത്തുന്നവരും പാരവെയ്കാനും ചീത്തപ്പേര് ഉണ്ടാക്കി ഒതുക്കാനും ശ്രമിച്ചിരുന്നു.
അതിനെയെല്ലാം പുള്ളി അതിജീവിച്ചു. നാട്ടിൽ നല്ല നിലയിൽ ജോലിയുള്ളവരും തേരാപ്പാര നടക്കുന്ന ബന്ധുക്കളേയും നാട്ടുകാരേയും ഒരുപോലെ ഗൾഫിലേക്ക് കുടിയിരുത്തി.
 ഗൾഫ് യുദ്ധം വന്നപ്പോൾ ലേശമൊന്ന് കുറഞ്ഞെങ്കിലും, പലവിധത്തിലുള്ള വികസനങ്ങളും അബുദാബിയിൽ വന്നു.
ദുബായ് പോലെ സ്ഥലത്തിന് ക്ഷാമമില്ലാത്ത നഗരം.
 പണ്ട് ഹംദാൻ, ഇലെക്ട്രാ, കോർണിഷ്, എയർപോർട്ട് റോഡ് മുതലായവ പ്രധാന റോഡുകളായിരുന്നു.
അതിനെല്ലാം മാറ്റങ്ങൾ വന്നു. അറബാബിന്റെ ബിസിനസ് ഫാർമസികൾ, പല പോളീക്ളിനിക്കുകൾ,ഒപ്റ്റിക്കൽ, ജ്വല്ലറി, മണി എക്സ്ചേഞ്ച് എന്നിവയിലേയ്ക് ഡൈവേഴ്സിഫൈഡ് ആയി.
അന്നൊക്കെ "മുസഫ" എന്ന് പറഞ്ഞു ബോർഡ് കാണാറുണ്ട് ദുബായ് നിന്നും വരുമ്പോൾ.
അവിടെ പല വില്ലകളും ഒറ്റയൊറ്റയായി കണ്ടിരുന്നുവെങ്കിലും ബിസിനസ് ആവശ്യങ്ങൾക്കായി പല കൺസ്ട്രക്ഷൻ കമ്പനികളും ജോലിക്ക് ആളുകളെ താമസിപ്പിച്ചിരുന്ന ലേബർ കാമ്പുകളായിരുന്നു മുഴുവനും. പൊടിക്കാറ്റും മണൽ കുന്നുകളും നിറഞ്ഞ ഒരു ഗതിപിടിക്കാത്ത സ്ഥലം.
അതെല്ലാം പെട്ടെന്ന് മാറി.
പക്ഷേ മെഡിക്കൽ ആവശ്യങ്ങൾക്കും മറ്റും അബുദാബിയിലേക്ക് വരുവാൻ തൊഴിലാളികൾക്ക് പ്രയാസമായിരുന്നു.
മുസഫ്ഫ ഉയർന്നു വരുന്ന സ്ഥലമാണ് എന്ന് മനസ്സിലാക്കി അറബാബ് അവിടേയും ബ്രാഞ്ച് സ്ഥാപിക്കുന്നത് ഞാൻ  ഫുജൈറയിൽ ജോലി ചെയ്യുന്ന സമയത്തായിരുന്നു.
മുസഫയിൽ പോകാൻ എനിക്ക് പ്ളാനില്ലായിരുന്നു.
ജോലിക്ക് ചേർന്നപ്പോൾ കിട്ടുന്ന ശമ്പളത്തിൽ നിന്നും മൂന്നിലൊന്ന് പിടിച്ച് എനിക്ക് ഒരു രണ്ടു മുറിയുടെ ഫ്ളാറ്റ് ശരിയാക്കിയിരുന്നു. ഏന്റെ പ്ളാനൊന്നും ശരിയായില്ല. ഫുജൈറയിൽ സൂപ്പർ മാർക്കറ്റിൽ മാനേജർ ആയിരുന്ന ഏങ്ങണ്ടിയൂർ സ്വദേശിയും എന്റെ സീനിയർ ആയി കോളേജിൽ ഡിഗ്രിക്ക് പഠിച്ച ആളുമായ നല്ലൊരു സുഹൃത്ത് സതീശന്റെ വീട്ടിൽ ആയിരുന്നു എന്റെ മോളുടെ കൊച്ചു സൈക്കിൾ മുതൽ ജംഗമസാധനങ്ങൾ വിസ കാൻസലാക്കിപ്പോകേണ്ടി വന്നപ്പോൾ വച്ചിരുന്നത്.
അപ്പോൾ ഫുജൈറയിൽ വന്നു താമസിച്ച് ആറുമാസത്തിനകം തിരിച്ചു പോകേണ്ടിവന്ന ഭാര്യ പരിപാടി മാറ്റി വരാൻ മടികാണിച്ച് ഇംഗളണ്ടിൽ തന്നെ താമസിച്ചു. 
അങ്ങനെയാണ് ചേളാരിയിലെ ഭാസ്കരൻ ഡോക്ടറെ നാട്ടിൽ പോയ സമയത്ത് റിലീവ് ചെയ്യാൻ എന്നെ മുസഫ്ഫ യിലേക്ക് അറബാബ് തട്ടുന്നത്.
ആദ്യം കാലത്ത് വാനിൽ പോവുകയും രാത്രി തിരിച്ചു വരലുമായി. പിന്നീട് ബാഗും കിടക്കയുമായി ഒരു ദിനം മുസഫ്ഫയിലെ പോപ്പുലേഷൻ നാണിക്കുന്ന  അത്രഎണ്ണം മൂട്ടകൾ നിറഞ്ഞ കട്ടിൽ എന്റെ ബാച്ചിലർ ആസ്ഥാനമാക്കി മാറ്റുന്നത്.

ഉച്ചയ്ക്ക്, ഭക്ഷണം അവീടെ മെസ്സിൽ.
കെട്ടിടത്തിന്റെ മുകളിൽ താമസം. ക്ളിനിക്ക്, ഫാർമസി എന്നിവ  താഴെയുള്ള മുറികളിൽ. ഇറാനി നടത്തുന്ന സൂപ്പർ മാർക്കറ്റും അതിനടുത്ത് പഠാണികളുടെ  തണ്ടൂർ ഷോപ്പും. ഒരാൾക്ക് ഒന്നുവച്ച് ഖലീജ് ടൈംസിൽ പൊതിഞ്ഞ പന്ത്രണ്ട് ഇഞ്ച് വലിപ്പമുള്ള ചൂടുള്ള എണ്ണയില്ലാത്ത തണ്ടുരി നാൻ റൊട്ടി. കറിയായി ബംഗാളിപ്പയ്യനുണ്ടാക്കുന്ന ചിക്കൻ കറി.
വെള്ളിയാഴ്ച ചോറും കറികളും.
ആ രീതിയിൽ ബാച്ചിലർ ജീവിതം തുടങ്ങി. എനിക്കാണെങ്കിൽ, കാലത്ത് ടോയ്‌ലറ്റിൽ പോകുന്ന സമയത്ത് നല്ലൊരു നോവലെഴുതാൻ എം ടി യോ മറ്റോ എടുക്കുന്ന ഏകാഗ്രതയും അടൂർ ഗോപാലകൃഷ്ണൻ ചിത്രങ്ങളിലെ bg യും വേണം. അല്ലെങ്കിൽ കേന്ദ്രം കേരളത്തിനനുവദിച്ച അരി പോലെ താഴോട്ട് വരുന്ന കമ്പാർട്ട്‌മെന്റുകൾ മേലേ സേലം ജംഗ്ഷനിൽ പെട്ടുകിടക്കും.
അന്നേരമാണ് ഞങ്ങൾ ബാച്ചിലേഴ്‌സ് ആറുപേരും കൂടാതെ മൂന്ന് പേരുള്ള ഒരു കുടുംബവും ഒരേയൊരു ബാത്ത് റൂം ഉപയോഗിക്കുന്നത്. ഹോസ്റ്റലിൽ താമസിക്കുന്ന കാലത്ത്  അതൊരു പ്രശ്നമില്ലായിരുന്നു.
ഫൈബറില്ലാത്ത ഭക്ഷണം പതുക്കെ പുതിയ ട്രാഫിക് പാറ്റേൺ GITയിൽ മുന്നറിയിപ്പ് ഇല്ലാതെ കൊണ്ടുവന്ന്  പാലിയേക്കര ടോളാക്കി.
നിൽക്കാനും കിടക്കാനും പ്രയാസം.
ഉച്ചയുറക്കം അതുകൊണ്ട് തന്നെ മാവോയിസ്റ്റ് മൂട്ടകളെ കണ്ടുപിടിച്ചു എൻകൗണ്ടറിൽ കൊല്ലാനായി മാറ്റി വച്ചു.
 എല്ലാവരും ഉറങ്ങാൻ കിടക്കുന്ന സമയത്തേക്ക് നമ്മുടെ ഇറക്കുമതി വീണ്ടും വീണ്ടും പരീക്ഷിച്ചു.
രക്ഷയില്ല.
അന്നാണ് ഭക്ഷണത്തിൽ ഫൈബറില്ലാത്ത പ്രശ്നം പരിഹരിക്കാൻ മെഡിക്കൽ തീരുമാനമെടുക്കുന്നത്. അതും വൈകീട്ട് വന്ന പഠാണി തുരങ്കം വച്ചു.
അപ്പോഴേയ്ക്കും, മരുഭൂമിയിൽ ഒരു ജീ. പ്പി. യായി അഭ്യാസം പൊടിപിടിച്ചു ചെത്തി ഞാൻ തരക്കേടില്ലാത്ത ഫിലൂസ് ഉണ്ടാക്കിവന്നിരുന്നു. അത്യാവശ്യം ചെറിയതോതിൽ എടുത്താൽ പൊങ്ങുന്ന എമർജൻസി കേസും വന്നുതുടങ്ങി.
പുറത്ത് സമയം കിട്ടിയാലും നടക്കാൻ പറ്റാത്ത പൊടിക്കാറ്റാണ്..ചൂടും.
പിന്നെ അബുദാബിയിലെ ഫ്ളാറ്റിലെ ബെഡ്റൂം ഒരു മലയാളി ഉദ്യോഗസ്ഥന് സബ് ലെറ്റ് ചെയ്തു.
 അതുകൊണ്ട് തന്നെ അവിടെ പോകാനും മടി.
പോയിട്ടും കാര്യമില്ല.
വയറുവേദന എന്നും പറഞ്ഞു ഒരു പഠാണി കയറി വന്നു.
കിടത്തി പരിശോധിച്ച് നോക്കി. വയറ്റിൽ പലയിടത്തും സ്മൂത്തായ മുഴകൾ പോലെ. എന്തരോ എന്തോ.
അടുത്ത ഗവണ്മെന്റ് ആശുപത്രി മഫ്റക്കിലാണ്. അവിടെ വിടാൻ സമ്മതമില്ല. അപ്പെന്റിസൈറ്റിസ് മുതലായ ഗൗരവമുള്ള പ്രശ്നമായി തോന്നുന്നുമില്ല.
എന്തായാലും "താക്കത്ത് കാ ദവയും" പിന്നെ ഒരു സിമറ്റിഡീനും കൊടുത്തു.
അത് കഴിഞ്ഞു പുറത്ത് റിസപ്ഷനിൽ പോയി കത്തിവച്ചപ്പോഴാണ് ഉൽട്ടാ പുൽട്ടാ.
"ഉൽട്ടീ ആയാ"
എനിക്ക് അറിയാവുന്ന മറ്റൊരു ഉപകാരപ്രദമായ വാചകം.
"അയാൾക്ക് ഒരു റെഗ്ളാൻ കൊടുത്തേ"
വാളുവെച്ച് മുറിയിൽ പ്രശ്നം ഉണ്ടാവേണ്ട എന്നതായിരുന്നു പ്ളാൻ.
പിന്നെ തൊണ്ണൂറു ശതമാനം ബുദ്ധിപരമായി ഞാനെടുത്ത എല്ലാ മുൻ പ്ളാനുകളും പോലെ ഇതും ചീറ്റി.
 ആ കൊച്ചു മുറിയിലെ ടേബിളിൽ വിയർത്തുകൊണ്ടിരിക്കുന്ന പഠാണി.
 പുട്ടു കുറ്റിയിൽ നിന്നും റവപ്പുട്ടു വരുന്നതു പോലെ  പൂരപ്പൊടിയിൽ കണ്ണൻ പഴംകുഴച്ച കൺസിസ്റ്റൻസിയിൽ കയ്യിൽ പിടിച്ച ആകാശ നീല ബക്കറ്റിൽ ഗഡി എന്തോ ഉണ്ടാക്കിവച്ചിരിക്കുന്നു.
അതെന്താണെന്ന് ഒരുപിടിയും കിട്ടിയില്ല.
വയറ്റിലെ മുഴകൾ അപ്രത്ക്ഷമായിരിക്കുന്നു.
രോഗി സന്തോഷവാൻ.
മുഖത്ത് ഖുദാഫസ്
"വെൽ ഡൺ മൈ ബോയ്"  എന്ന് ജോസ്പ്രകാശ്.
അവസാനം,"ആരവിടെ,ഉർദു അറിയാവുന്ന ഒരുത്തനും ഈ കൊട്ടാരത്തിൽ ഇല്ലേ?"
എന്ന് ചോദിച്ചപ്പോൾ അന്നത്തെ കളക്ഷൻ പുസ്തകത്തിൽ എഴുതിക്കൊണ്ടിരുന്ന ക്ളിനിക്കിലെ റിസപ്ഷനിസ്റ്റ്  ഓടിവന്നു.
പിന്നീട് എനിക്ക് മനസ്സിലാകാത്ത എന്തൊക്കെ യോ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു,
"കാബ്സ് കാ ദവാ (psyllium husk) നെയ്യിൽ ചേർത്ത് സമം കഴിച്ചതാണ്."

'ദാ പുട്ട്' അന്ന് ദിലീപ് അവിടെയുണ്ടായിരുന്നെങ്കിൽ തുടങ്ങില്ലായിരുന്നു.